കാരുണ്യക്കടല്‍

കാരുണ്യക്കടല്‍

മുഹമ്മദ്(സ്വ) സര്‍വലോക കാരുണ്യമാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. മുസ്‌ലിംകള്‍ക്കെന്നോ മനുഷ്യര്‍ക്ക് എന്നോ ഉള്ള ഒരു വേര്‍തിരിവുമില്ല. ഖൈബര്‍ യുദ്ധവേളയില്‍ പതാക വാഹകനായിരുന്ന അലി(റ) തിരുനബിയോട് ചോദിക്കുന്നുണ്ട്: എന്തടിസ്ഥാനത്തിലാണ് നമ്മള്‍ യുദ്ധം ചെയ്യേണ്ടത്? നബി പറഞ്ഞു: ആദ്യം നിങ്ങളോട് എതിരിടാന്‍ വരുന്നവരോട് പറയേണ്ടത്; ഈ ലോകം പടച്ചുപോറ്റുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കാനും അവന്റെ അന്ത്യപ്രവാചകനായ മുഹമ്മദിനെ അംഗീകരിക്കാനുമാണ്. അതവര്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ പിന്നെയുള്ളത് നമ്മുടെ ഭരണത്തിനു കീഴില്‍ അവരുടെ സ്വത്തിനും അഭിമാനത്തിനും സമ്പൂര്‍ണ സംരക്ഷണം തരുമെന്ന ഉറപ്പുനല്‍കലാണ്. മുസ്‌ലിംകള്‍ക്ക് ലഭിക്കുന്ന അതേ സംരക്ഷണമാണിത്. ഇതിനുപകരം അവര്‍ നികുതി കൊടുക്കേണ്ടിവരുമെന്നും അറിയിക്കുക. ഒരു വിശ്വാസി രണ്ടര ശതമാനം സ്വത്ത് സകാത് വിഹിതമായി സ്റ്റേറ്റിന് നല്‍കേണ്ടതുണ്ടല്ലോ. അതുപോലെത്തന്നെയാണ് ഈ നികുതിയും. അതിനും തയാറില്ലെങ്കില്‍ അവരുടെ കൂട്ടത്തില്‍ ഇഷ്ടമുള്ളവര്‍ക്ക് നമ്മുടെ കൂടെ ചേരാനുള്ള സ്വാതന്ത്ര്യം വകവെച്ചുകൊടുക്കണം. അതിനും തയാറില്ലെങ്കിലാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മ സമരം ചെയ്യേണ്ടത്. ഈ ധര്‍മസമരവും കാരുണ്യത്തിന്റെ ഭാഗം തന്നെയാണ്. അനിവാര്യമായും ചെയ്യേണ്ട ചില ശസ്ത്രക്രിയകള്‍ പോലെയാണത്. കൈയില്‍ ബാധിച്ച അര്‍ബുദം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുമെന്ന ഘട്ടത്തില്‍ കൈ മുറിച്ചുകളയുന്നത് ക്രൂരതയല്ല, കാരുണ്യമാണ്. മനുഷ്യജീവിതത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണി ഉണ്ടായപ്പോള്‍ ചരിത്രത്തിലെമ്പാടും ഇത്തരം ചികിത്സകള്‍ വേണ്ടിവന്നിട്ടുണ്ട്.

ഒരിക്കല്‍ നജ്‌റാന്‍ നിവാസികളായ ക്രിസ്ത്യന്‍ മതനേതൃത്വം സന്ധി സംഭാഷണത്തിന് വേണ്ടി അവരുടെ പ്രതിനിധികളെ മദീനയിലേക്കയച്ചു. ആദ്യം അവര്‍ മദീനയിലെ യഹൂദികളുമായാണ് ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ച അലസിപ്പിരിഞ്ഞു. രണ്ടാമത്തെ ചര്‍ച്ച നബിയുമായാണ്. ചര്‍ച്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ വേദങ്ങള്‍ സുവിശേഷം നല്‍കിയ അന്ത്യപ്രവാചകന്‍ ഞാനാണ് എന്ന് അംഗീകരിച്ച് ഇസ്‌ലാം സ്വീകരിക്കാന്‍ നിങ്ങള്‍ തയാറാണോ എന്ന് നബി അവരോട് ചോദിച്ചു. അവര്‍ അംഗീകരിക്കാന്‍ തയാറായില്ല. വിസമ്മതം പ്രകടിപ്പിച്ചു. എന്നാല്‍പിന്നെ സംരക്ഷണ നികുതി നല്‍കി ഈ ഭരണകൂടത്തിന് കീഴെ എല്ലാ മനുഷ്യാവകാശങ്ങളും അനുഭവിച്ച് ജീവിക്കാനാകുമോ എന്ന് ചോദിച്ചു. അതവര്‍ക്ക് സമ്മതമായി. ചര്‍ച്ച ഏറെനേരം നീണ്ടു. അതിനിടയില്‍ അവര്‍ക്ക് പ്രാര്‍ഥനാ സമയമായി. ചര്‍ച്ച നിര്‍ത്തിവെച്ചു. മദീന പള്ളിയുടെ ഒരുഭാഗത്ത് അവര്‍ക്ക് പ്രാര്‍ഥിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തു. അതോടെ അവര്‍ ആ രാജ്യത്ത് സമ്പൂര്‍ണാവകാശങ്ങളുള്ള പൗരസമൂഹമായി. മാത്രമല്ല, ആ രാജ്യത്ത് അവരുടെ ആശയപ്രചരണങ്ങള്‍ക്കും ആരാധനകള്‍ക്കും അനുമതി നല്‍കുകയും ചെയ്തു.

കഅ്ബയുടെ താക്കോല്‍
മക്ക മുസ്‌ലിംകൾ മോചിപ്പിച്ചപ്പോൾ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ നബിയുടെ കഠിന പ്രതിയോഗിയായിരുന്ന ഉസ്മാനുബ്‌നു ത്വല്‍ഹയായിരുന്നു. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പ് വലിയൊരു പദവിയാണ്. അത് പരമ്പരാഗതമായാണ് ഉസ്മാന്റെ കൈയില്‍ വരുന്നത്. തറവാടിന്റെ അഭിമാന ചിഹ്നമാണത്. മക്കാവിജയ വേളയില്‍ കഅ്ബ വൃത്തിയാക്കണം. നിസ്‌കരിക്കണം. അതിന് ഉസ്മാന്റെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങണം. തിരുനബി അലിയെയാണ്(റ) താക്കോല്‍ വാങ്ങാന്‍ നിയോഗിച്ചത്. അതുപ്രകാരം അലി ഉസ്മാനെ സമീപിച്ചു. സൗമ്യമായി കാര്യം അറിയിച്ചു. പക്ഷേ, ഉസ്മാന്‍ താക്കോല്‍ നല്‍കിയില്ല. താക്കോല്‍ കൈവിട്ടുപോയാല്‍ ഇനിയത് തിരിച്ചുകിട്ടില്ല എന്ന ഭയമാണ് കാരണം. അങ്ങനെ വന്നപ്പോള്‍ അലി ബലപ്രയോഗത്തിലൂടെ താക്കോല്‍ പിടിച്ചുവാങ്ങി. ഈ ബലപ്രയോഗത്തിന് നബിയുടെ നിര്‍ദേശമില്ല. ഏതായാലും എല്ലാവരും ചേര്‍ന്ന് കഅ്ബ തുറന്നു വൃത്തിയാക്കി, നിസ്‌കരിച്ചു. പുറത്തിറങ്ങിയപ്പോഴാണ് സൂക്ഷിപ്പുസ്വത്തുകള്‍ അതിന്റെ ആളുകള്‍ക്കുതന്നെ തിരിച്ചേല്‍പ്പിക്കണമെന്ന ആശയം വരുന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത്. അതോടെ നബി അലിയോട് ഉസ്മാനെ ചെന്നുകണ്ട് ക്ഷമ ചോദിക്കാന്‍ നിര്‍ദേശിച്ചു. ബലപ്രയോഗത്തിലൂടെയാണല്ലോ താക്കോല്‍ കൈ പറ്റിയത്. താക്കോല്‍ തിരിച്ചേല്‍പ്പിക്കാനും പറഞ്ഞു. അലി(റ) താക്കോല്‍ ഉസ്മാനെ ഏല്‍പിച്ചു. കൈവിട്ടുപോയെന്ന് കരുതിയ താക്കോല്‍ തിരിച്ചുകിട്ടിയ ഉസ്മാന്‍ അലിയോട് ഇത്ര മൃദുവായ സമീപനത്തിന്റെ കാരണം തിരക്കി. ദൈവകല്‍പനയാണ് ഹേതുവെന്ന് അലി വിശദീകരിച്ചു. കാര്യം മനസിലാക്കിയ ഉസ്മാന്‍ ഇസ്‌ലാം സ്വീകരിച്ചു.

ഫലസ്തീന്‍ മോചിപ്പിക്കുമ്പോൾ
നബിക്കുശേഷം വന്ന ഭരണാധികാരികളും ഈ പാത തന്നെയാണ് പിന്തുടര്‍ന്നത്. ഖലീഫ ഉമറുല്‍ഫാറൂഖിന്റെ(റ) ഭരണകാലത്താണല്ലോ ഫലസ്തീന്‍ കീഴടക്കപ്പെടുന്നത്. തീര്‍ത്തും ഒരു രക്തരഹിത വിപ്ലവമായിരുന്നു അത്. ബൈതുല്‍ മുഖദ്ദസില്‍ ഒരു പോരാട്ടവും അപ്പേരില്‍ നടന്നിട്ടില്ല. ബൈതുല്‍ മുഖദ്ദസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്നത് അവിടുത്തെ പ്രധാന കര്‍ദിനാളായിരുന്നു. അംറുബ്‌നു ആസിന്റെ സൈന്യം ബൈതുല്‍ മുഖദ്ദസില്‍ വന്നപ്പോള്‍ ക്രൈസ്തവ നേതാക്കള്‍ പറഞ്ഞു: ഞങ്ങള്‍ക്കറിയാം, ബൈതുല്‍മുഖദ്ദസ് നിങ്ങളുടെ കീഴില്‍ കാലക്രമേണ വരുമെന്ന്. പക്ഷേ, ഞങ്ങള്‍ ഇതിന്റെ താക്കോല്‍ നിങ്ങളുടെ കൈയില്‍ തരില്ല. നിങ്ങളുടെ ഖലീഫ നേരില്‍വരണം. അദ്ദേഹത്തിന്റെ കൈയില്‍ ഞങ്ങളിത് കൊടുക്കാം. ഈ വിവരം സൈന്യം ഉടനെ മദീനയിലേക്ക് കൈമാറി. ഖലീഫ ഉമര്‍ ഭൃത്യനെയും കൂട്ടി ഫലസ്തീനിലേക്ക് പുറപ്പെട്ടു. ഒരു ഒട്ടകം മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. മദീനയില്‍നിന്ന് ഫലസ്തീനിലേക്കുള്ള ദൂരം നിര്‍ണയിച്ച് അവര്‍ ഇരുവരും ഊഴമിട്ട് ഒട്ടകപ്പുറത്ത് കയറിയിരുന്നും ഒട്ടകത്തിന്റെ കയര്‍ പിടിച്ചും സഞ്ചരിച്ചു. ഫലസ്തീനിലെത്തുമ്പോള്‍ ഭൃത്യന്‍ ഒട്ടകപ്പുറത്തിരിക്കേണ്ട ഊഴമാണ്. അതുപ്രകാരം ഭൃത്യന്‍ ഒട്ടകപ്പുറത്തും ഖലീഫ കയര്‍ പിടിച്ച് നടത്തത്തിലുമായിരുന്നു. തുന്നിക്കൂട്ടിയ വസ്ത്രമായിരുന്നു ഖലീഫ ധരിച്ചിരുന്നത്. ഇതു കണ്ടപ്പോള്‍ തന്നെ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് ഇത് ഞങ്ങളുടെ വേദത്തില്‍ പറയപ്പെട്ട ഖലീഫയാണെന്ന് മനസിലായി. അതോടെ അവര്‍ നേരിട്ട് താക്കോല്‍ ഖലീഫക്ക് കൈമാറി. പിന്നീട് ഇവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു. ചര്‍ച്ചക്കിടയില്‍ ഖലീഫക്ക് പ്രാർഥനാ സമയമായി. നിസ്‌കാരം കഴിഞ്ഞ ശേഷം ചര്‍ച്ച തുടരാമെന്നായി. ക്രൈസ്തവര്‍ അവരുടെ പള്ളിയില്‍ ഖലീഫക്ക് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തെങ്കിലും ഖലീഫ അവിടെ നിസ്‌കരിക്കാന്‍ തയാറായില്ല. പള്ളിയില്‍നിന്ന് നോക്കിയാല്‍ കാണുന്ന മറ്റൊരിടത്ത് നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞശേഷം ഖലീഫ ക്രൈസ്തവ പ്രതിനിധികളെ കണ്ട് നന്ദി അറിയിച്ചു. താനവിടെ വെച്ച് നിസ്‌കരിക്കാത്തതിന്റെ കാരണം ഖലീഫ വ്യക്തമാക്കി. ഞാനിവിടെ കയറി നിസ്‌കരിച്ചാല്‍ ഒരപകടം വരാനിടയുണ്ട്. പില്‍ക്കാലത്ത് വരുന്ന മുസ്‌ലിംകള്‍ ഉമര്‍ നിസ്‌കരിച്ച പള്ളി എന്ന പേരില്‍ അവകാശവാദം ഉന്നയിച്ചേക്കാം. അതിനു നമ്മള്‍ ഇടവെക്കേണ്ട. അതുകൊണ്ടാണ് ഞാനിപ്രകാരം ചെയ്തത്. ഉമര്‍(റ) വ്യക്തമാക്കി. കാലങ്ങള്‍ക്കുശേഷം ഒരു ന്യൂനപക്ഷത്തിന്റെ അവകാശം ഹനിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് മുന്നേ കണ്ടായിരുന്നു ഖലീഫ നിലപാടെടുത്തത്. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കു ശേഷം ഖലീഫ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് തൃപ്തിയാണെങ്കില്‍ സംരക്ഷണ നികുതി നല്‍കി ഇവിടെ തുടരാം. ഇനിയതല്ല, നിങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോകുകയാണെങ്കില്‍ അങ്ങനെയും ചെയ്യാം(വിദേശികളായിരുന്നു അവര്‍). എല്ലാ സംരക്ഷണവും നല്‍കാം. നിങ്ങള്‍ക്ക് സൗകര്യപ്പെടുന്നത്രയും സമ്പത്തും കൈയില്‍ കരുതാം. പക്ഷേ യുദ്ധായുധങ്ങള്‍ കൊണ്ടുപോകരുത്.
പിന്നീട് ബൈത്തുല്‍ മുഖദ്ദസ് പ്രവിശ്യയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടത് അംറുബ്‌നു ആസ്വ്(റ) ആയിരുന്നു. മതന്യൂനപക്ഷമായ ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അക്രമിക്കപ്പെടാന്‍ പാടില്ല, അവരുടെ യാതൊരുവിധ ചിഹ്നങ്ങളെയും തകര്‍ക്കരുത്, അനാദരിക്കരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവന്നു. മുസ്‌ലിംകള്‍ വാക്കു പാലിക്കുമോ എന്നറിയാനായി അവരൊരു പണി ചെയ്തു; ക്രിസ്ത്യാനികളിലെ ചിലര്‍ തന്നെ അവരുടെ പ്രധാന പള്ളിയുടെ മുമ്പിലുണ്ടായിരുന്ന കന്യാമറിയത്തിന്റെ പ്രതിഷ്ഠയുടെ മടിയിലിരുന്ന ഉണ്ണിയേശുവിന്റെ മൂക്കിന്റെ ഒരു ചെറുഭാഗം രാത്രിയുടെ മറവില്‍ പൊട്ടിച്ചു. പിറ്റേന്നുതന്നെ ഗവര്‍ണറുടെ അടുത്ത് കേസെത്തി. അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ വീട് വീടാന്തരം കയറി പ്രതികള്‍ക്കുവേണ്ടി തിരഞ്ഞു. മൂന്ന് ദിവസമായിട്ടും പ്രതികളെ പിടികൂടാനാകാതെ വന്നപ്പോള്‍ അംറ് പരാതിക്കാരെയും ക്രൈസ്തവ നേതാക്കളെയും വിളിച്ചുകൂട്ടി. എന്നിട്ടു പറഞ്ഞു: കുറ്റം ഞങ്ങളുടേതാണ്. ഇതിന്റെ സംരക്ഷണച്ചുമതല ഞങ്ങള്‍ക്കാണല്ലോ. നിങ്ങളുടെ ഉണ്ണിയേശു പ്രതിമക്ക് പരിക്കുപറ്റിയതില്‍ ഖേദമുണ്ട്. പരമാവധി പ്രതികള്‍ക്കായി അന്വേഷിച്ചു. തുമ്പായില്ല. അതിനാല്‍ ഞാനിതാ എന്റെ വാള്‍ നിങ്ങള്‍ക്ക് കൈമാറുന്നു. അതിനുപകരം എന്റെ മൂക്ക് ചെത്തിക്കോളൂ. ഇതുകേട്ട പുരോഹിതന്മാര്‍ പറഞ്ഞു: പ്രശ്‌നമില്ല, നിങ്ങള്‍ ഞങ്ങള്‍ക്കു തന്ന സംരക്ഷണ വാഗ്ദാനം വെറും പറച്ചിലാണോ ആത്മാര്‍ഥമായിട്ടുതന്നെയാണോ എന്ന് പരിശോധിച്ചതാണ് ഞങ്ങള്‍. ഞങ്ങള്‍ അങ്ങയുടെ നടപടിയില്‍ സംതൃപ്തരായിരിക്കുന്നു.

ദുര്‍ബലര്‍ക്ക് പെന്‍ഷന്‍
മറ്റൊരിക്കല്‍ ഉമര്‍(റ) ഫലസ്തീനും സിറിയയും സന്ദര്‍ശിക്കാന്‍ വരികയാണ്. ഒരു പാവം ക്രിസ്ത്യന്‍ വയോധികന്‍ തെരുവില്‍ യാചിക്കുന്നു. ഇതുകണ്ട് ഉമര്‍ ഒട്ടകപ്പുറത്തുനിന്ന് താഴെയിറങ്ങി ഇദ്ദേഹത്തോട് വിവരങ്ങള്‍ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ഞാന്‍ ഒരു കര്‍ഷകനായിരുന്നു. പ്രായാധിക്യത്താല്‍ ഇപ്പോള്‍ കൃഷി ചെയ്യാനാകുന്നില്ല. കൃഷി ചെയ്തിരുന്ന കാലത്ത് നികുതി കൃത്യമായി കൊടുത്തിരുന്നു. ഇപ്പോള്‍ സാധിക്കില്ല. എന്നെ ഇപ്പോഴും ആ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഞാനെന്തുചെയ്യും. ഉപജീവനത്തിനും നികുതിയടക്കാനും യാചിക്കുകതന്നെ. ഇതുകേട്ട് ഖലീഫ ഉമര്‍ കരഞ്ഞു. അയാളെ കൂട്ടി ഖലീഫ ഗവര്‍ണറെ കണ്ടു. ഖലീഫ ഗവര്‍ണറോട് പറഞ്ഞു: ഇദ്ദേഹത്തെപ്പോലെ അനേകം പേരുണ്ടാകാം നികുതി അടക്കാന്‍ കഴിയാത്തവര്‍. ഇദ്ദേഹത്തെ നികുതിയില്‍നിന്ന് ഒഴിവാക്കണം. പെന്‍ഷന്‍ നല്‍കണം. രാജ്യത്തെ മുഴുവന്‍ ക്രിസ്ത്യന്‍ കര്‍ഷകരുടെയും കണക്കെടുക്കാന്‍ ഉത്തരവിട്ടു. അതില്‍ പ്രായാധിക്യം ഉള്ളവര്‍ക്കും ജോലി ചെയ്യാന്‍ കഴിവില്ലാത്തവര്‍ക്കും മാസാന്തം നിശ്ചിത പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. തൊഴിലില്ലാത്തവരുടെ നികുതി എടുത്തുകളയാനും ഉത്തരവായി. മുസ്‌ലിംകള്‍ക്ക് നേരത്തെ ഈ അവകാശം നിലവിലുണ്ടായിരുന്നു.

ചോരക്കളം
പിന്നീട് നൂറ്റാണ്ടുകള്‍ക്കുശേഷം മുസ്‌ലിംകള്‍ക്ക് ബൈതുല്‍മുഖദ്ദസ് നഷ്ടപ്പെടുകയുണ്ടായി. ഫ്രഞ്ചുകാരായ ക്രിസ്ത്യാനികള്‍ ആയിരുന്നു അന്ന് ബൈതുല്‍മുഖദ്ദസ് കീഴടക്കിയത്. ചോരയില്‍ കുളിച്ച യുദ്ധം തന്നെ നടന്നു. പള്ളിയുടെ പവിത്രതയെങ്കിലും സംരക്ഷിക്കപ്പെടും എന്ന നിലക്ക് നിരവധി ആളുകള്‍ പള്ളിക്കകത്ത് അഭയം തേടി. എല്ലാ മതക്കാര്‍ക്കും ആരാധനാലയങ്ങള്‍ പവിത്രമാണല്ലോ. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റി. ക്രൈസ്തവ സൈന്യം പള്ളിക്കകത്തുകയറി അവിടെ കൂടിയവരെ മുഴുവന്‍ അരുംകൊല ചെയ്തു. നിരപരാധികളുടെ ചോര പള്ളിക്കകത്ത് തളംകെട്ടി. പടക്കുതിരകളുടെ വയറ്റില്‍ തട്ടാന്‍ പാകത്തില്‍ പള്ളിക്കകത്ത് മനുഷ്യച്ചോര തളംകെട്ടി നിന്നുവെന്നത് ദുരന്തശോകമായ ചരിത്രമായി.

സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍
പിന്നീട് ബൈതുല്‍മുഖദ്ദസ് തിരിച്ചുപിടിക്കുന്നത് സ്വലാഹുദ്ദീന്‍ അയ്യൂബിയാണ്. എല്ലാ ക്രൂരതകളും കാണിച്ച മക്കാ നിവാസികളോട് മക്കാ വിജയ ദിവസം പ്രവാചകര്‍ കാണിച്ച കാരുണ്യമായിരുന്നു അന്ന് സ്വലാഹുദ്ദീന്‍ അയ്യൂബി ക്രൈസ്തവരോട് കാണിച്ചത്. നിങ്ങള്‍ ചെയ്ത എല്ലാ അതിക്രമങ്ങള്‍ക്കും ഇന്നേദിവസം മാപ്പ്, നിങ്ങള്‍ സ്വതന്ത്രരാണ് എന്ന് സ്വലാഹുദ്ദീന്‍ അയ്യൂബി പ്രഖ്യാപിച്ചു. ഫ്രാന്‍സിലേക്ക് മടങ്ങേണ്ടവര്‍ക്ക് മടങ്ങാനും കൂടെ കഴിയുന്നത്ര സമ്പത്തുകള്‍ കൊണ്ടുപോകാനും അനുവദിച്ചു. നാട്ടിലേക്ക് പോകാത്തവര്‍ക്ക് സംരക്ഷണ നികുതി കൊടുത്ത് ഇവിടെ തന്നെ തുടരാനും അനുമതി നല്‍കി. നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും തിരുനബി(സ്വ) ഈ സമൂഹത്തില്‍ വിട്ടേച്ചുപോയ മാതൃകകള്‍ വലിയ തിളക്കത്തോടെ നിലനില്‍ക്കുന്നു എന്നതാണ് എടുത്തുപറയേണ്ടത്.

ഈജിപ്തിലെ ന്യൂനപക്ഷം
ഖലീഫ ഉമര്‍ ഫാറൂഖിന്റെ(റ) കാലത്താണ് അംറ് ബിന്‍ ആസ്വിന്റെ(റ) നേതൃത്വത്തില്‍ ഈജിപ്ത് കീഴടക്കപ്പെടുന്നത്. അവിടെ പൂര്‍വകാലം മുതല്‍ ഫറോവമാരുടെ ഒരു ക്ഷേത്രമുണ്ടായിരുന്നു. ആയിരം ഏക്കറിലേറെ വിശാലമായിക്കിടക്കുന്ന ആ ക്ഷേത്രസമുച്ചയത്തില്‍ വിവിധങ്ങളായ വിഗ്രഹങ്ങള്‍ നിറഞ്ഞുകിടക്കുന്നുണ്ട്. ഈ കാലം വരെ ഒരു മുസ്‌ലിം ഭരണാധികാരിയും ആ ക്ഷേത്രസമുച്ചയത്തിനോ വിഗ്രഹത്തിനോ ഒരു പോറലും ഏല്പിച്ചിട്ടില്ല. അവ പുണ്യവസ്തുക്കളാണെന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിം ഭരണാധികാരിയും ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു കാലഘട്ടത്തിന്റെ ചരിത്രം എന്ന നിലയില്‍ അത് നിലനില്‍ക്കട്ടെ എന്നാണ് മുസ്‌ലിം ഭരണാധികാരികള്‍ താല്പര്യപ്പെട്ടത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു ഘട്ടത്തിലും അവിടെ ക്രൈസ്തവര്‍ ന്യൂനപക്ഷമല്ലാതിരുന്നിട്ടില്ല എന്നതുകൂടി സ്മരണീയമാണ്. എന്നാല്‍ ഇപ്പോള്‍ രംഗപ്രവേശനം ചെയ്ത ഇഖ്‌വാന്റേതടക്കമുള്ള ചില തീവ്രവാദികളാണ് ഇത് തകര്‍ക്കാന്‍ നടക്കുന്നത്. ആയിരത്തോളം ഈജിപ്ഷ്യന്‍ പട്ടാളക്കാര്‍ ഇന്ന് ഇതിന് കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ്. യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണം നടക്കുന്നിടത്ത് ന്യൂനപക്ഷങ്ങള്‍ നൂറുശതമാനം സുരക്ഷിതരായിരിക്കും.

ഇറാനും അഫ്ഗാനും
സഅ്ദ് ബിന്‍ അബീവഖാസിന്റെ നേതൃത്വത്തിലാണ് ഉമറിന്റെ കാലത്ത് പേര്‍ഷ്യ മോചിപ്പിടക്കപ്പെടുന്നത്. അന്നുമുതല്‍ നൂറ്റാണ്ടുകളോളം മുസ്‌ലിം ഖലീഫമാരുടെ തലസ്ഥാനം ആയിരുന്നു ഇവിടം. ഇന്നും ആ ഭൂപ്രദേശത്തെ അടിസ്ഥാന ജനവിഭാഗമായ അഗ്‌നിയാരാധകര്‍ അവരുടെ ആരാധനകളുമായി കഴിഞ്ഞുകൂടുന്നു. മുസ്‌ലിംകള്‍ അവരെ ബലാല്‍ക്കാരമായി നാടുകടത്താനോ ജീവഹാനി വരുത്താനോ തീരുമാനിച്ചിരുന്നുവെങ്കില്‍ ഒരാള്‍ പോലും അവിടെ ബാക്കിയാകില്ലായിരുന്നു.ഉമവി ഖിലാഫത്തിന്റെ ആദ്യഘട്ടത്തിലാണ് അഫ്ഗാന്‍ കീഴടക്കപ്പെടുന്നത്. ഹജ്ജാജ്ബ്‌നു യൂസുഫിന്റെ പിതൃവ്യപുത്രനായ മുഹമ്മദ് ഖാസിമിന്റെ നേതൃത്വത്തിലായിരുന്നു അത്. അഫ്ഗാനിസ്ഥാന്‍ അക്കാലത്തുതന്നെ മുസ്‌ലിം രാഷ്ട്രമാവുകയും എല്ലാവരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും അവിടെ ബാമിയാനിലെ പ്രതിമകള്‍ നിലനിന്നുപോന്നു. ഈയടുത്ത കാലത്താണ് സലഫീ ധാരയിലുള്ള താലിബാന്‍ അവയെ അനാദരിക്കുന്നത്. ലോകത്തിലെതന്നെ വലിയ വിഗ്രഹങ്ങളായിരുന്നു അവിടെ നിലനിന്നിരുന്നത്. ഒരു മുസ്‌ലിം ഭരണാധികാരിയും ആ പ്രതിമകളെ അനാദരപൂര്‍വം ലക്ഷ്യം വെച്ചില്ല. പൂര്‍വിക സംസ്‌കാരങ്ങളെയും അടയാളങ്ങളെയും എങ്ങനെ ഇസ്‌ലാം ബഹുമാനിച്ചു എന്നതിന് ഇതിലപ്പുറം വേറെ സാക്ഷ്യം വേണ്ട. യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണം നിലനിന്നിടങ്ങളിലെ കോടതിയും പൊലീസും പട്ടാളവും എല്ലാം അവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടുവെന്നത് ചരിത്രത്തിലെ ഉജ്വലാധ്യായങ്ങള്‍ തന്നെയാണ്.

ജിഹാദ്
ഇസ്‌ലാമിലെ ജിഹാദ് ധര്‍മസമരമാണ്. അതിന് മൂന്നു മുഖങ്ങളുണ്ട്. ജനങ്ങള്‍ക്ക് സത്യം മനസിലാക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടിയാണ് ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ ജിഹാദ് പ്രഖ്യാപിച്ചത്. ഓരോ പൗരനും തനിക്ക് സത്യമെന്ന് ബോധ്യപ്പെട്ടത് ഭയമില്ലാതെ സ്വീകരിക്കാനുള്ള സദ്സ്ഥിതി വരണം. ഇതാണ് ഇസ്‌ലാമിലെ ജിഹാദിന്റെ ലക്ഷ്യം. അവനവന്റെ ആശയം വിശ്വസിക്കാനും അതു മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുള്ള ഇടങ്ങളില്‍ ജിഹാദ് പേനയിലും നാക്കിലും ഒതുങ്ങി നില്‍ക്കും. തുഹ്ഫ അടക്കമുള്ള മതമീമാംസ ഗ്രന്ഥങ്ങള്‍ പറയുന്നത് ജനങ്ങള്‍ക്ക് സത്യം മനസിലാക്കി കൊടുക്കലാണ് ജിഹാദിന്റെ ലക്ഷ്യം എന്നാണ്. അതിന് ഏറ്റവും ആദ്യം വേണ്ടത് നാം നന്നായി ജീവിക്കുകയാണ്. ഒരു പ്രഭാഷണവും നടത്താതെ, ഒരു പുറം പോലും എഴുതാതെ ഒരു ആയുധവും എടുക്കാതെ ദര്‍വേശുകളൊക്കെ മതപ്രചാരണം നടത്തി. അവരുടെ ജീവിതമാണ് ജിഹാദ്. ഇതാണ് വലിയ ജിഹാദിന്റെ വഴി. മാലിക് ബിന്‍ ദീനാറും മറ്റു പതിനൊന്ന് ആളുകളും മലബാറില്‍ വന്ന് നടത്തിയ ജിഹാദ് ഇതായിരുന്നു. ഒരു ദിര്‍ഹമോ പിച്ചാത്തിയോ അവരുടെ കൈയിലില്ലായിരുന്നു. ജാതിവര്‍ഗ മതഭേദമന്യേ എല്ലാവര്‍ക്കും അവര്‍ അഭയമായി മാറി.

ഇനി ജിഹാദിന്റെ രണ്ടാമത്തെ വഴി. അത് നന്മ ഉണര്‍ത്തലും തിന്മ നിരുത്സാഹപ്പെടുത്തലുമാണ്. അതു വാക്കിലും പ്രവൃത്തിയിലും ഉണ്ട്. ഫറോവയുടെ കൊട്ടാരത്തിലേക്ക് പ്രബോധന ദൗത്യത്തിന് മൂസാ നബിയെയും ഹാറൂന്‍ നബിയെയും നിയോഗിക്കുമ്പോള്‍ അല്ലാഹു പറയുന്നുണ്ട്, അദ്ദേഹത്തോട് സൗമ്യമായി സംസാരിക്കണമെന്ന്. ഒരു രോഗിയെ വൈദ്യന്‍ എങ്ങനെ പരിചരിക്കുന്നുവോ അത്ര കാരുണ്യത്തോടെയാണ് മറ്റൊരു ആദര്‍ശവിശ്വാസിയെ, നീചവൃത്തിയിലേര്‍പെട്ടവരെ മതപ്രചാരകര്‍ സമീപിക്കേണ്ടത്. വൈദ്യന്‍ തുടച്ചു നീക്കുന്നത് രോഗത്തെയാണ്, രോഗിയെ അല്ല.
ബദ്ർ യുദ്ധം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ നബി(സ്വ) ഒരവസാന സന്ധിക്ക് കൂടി മുതിര്‍ന്നു. നബി ഉമര്‍ ഫാറൂഖിനെ(റ) വിളിച്ച് പറഞ്ഞു: “ഉമറേ, തമ്മില്‍തമ്മില്‍ രക്തബന്ധമുള്ള ആളുകളുമായി യുദ്ധം ചെയ്യേണ്ട അവസ്ഥകള്‍ പരമാവധി ഇല്ലാതാക്കണം. ഇക്കാര്യം നിര്‍വഹിക്കാന്‍ നിങ്ങള്‍ക്കു മാത്രമേ കഴിയൂ’. പ്രതിയോഗികളുടെ സേനാധിപനായ അബൂജഹല്‍ ഉമറുല്‍ ഫാറൂഖിന്റെ അമ്മാവനായിരുന്നു എന്നതാണ് അദ്ദേഹത്തെ സന്ധി സംഭാഷണത്തിന് നിയോഗിക്കാന്‍ കാരണം. മറ്റാര്‍ക്കും നല്‍കാത്ത പരിഗണന അബൂജഹ്ൽ ഉമറിന് നല്‍കിയിരുന്നു. നബി ഉമറിനോട് തുടര്‍ന്നു പറഞ്ഞു: ആദ്യം നിങ്ങള്‍ ഉത്ബതിനെ സമീപിക്കണം. അയാള്‍ ബുദ്ധിമാനായാണ്. എങ്ങനെ യുദ്ധമില്ലാതാക്കാം എന്ന് അദ്ദേഹവുമായി കൂടിയാലോചിക്കണം. അതു പ്രകാരം ഉമറുല്‍ ഫാറൂഖ് ഉത്ബയെ കാണാന്‍ ചെന്നു. സംഘട്ടനം ഒഴിവാക്കാനുള്ള സാധ്യതകള്‍ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “എനിക്ക് സമ്മതമാണ്. പക്ഷേ അബൂജഹ്‌ലിനെ കൂടി സമ്മതിപ്പിക്കണം. അതു കാരണം എനിക്ക് വരുന്ന എല്ലാ അപമാനവും സഹിക്കാന്‍ ഞാന്‍ തയാറാണ്.’ ചര്‍ച്ചയുടെ ഒടുക്കം സംഘട്ടനത്തിന്റെ സന്ദര്‍ഭം ഒഴിവായി എന്ന് വന്നപ്പോള്‍, അബൂജഹ്ൽ തന്നെയാണ് യുദ്ധത്തിലേക്കെത്തിക്കും വിധം പ്രശ്‌നങ്ങള്‍ വീണ്ടും കലുഷമാക്കിയത്. യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ നില്‍ക്കുന്ന ഘട്ടത്തില്‍ പോലും അതില്ലാതാക്കാനുള്ള ചര്‍ച്ചകളാണ് നബി നടത്തിയത്.
ഒന്നും രണ്ടും ജിഹാദുകള്‍ സാധ്യമാകാത്ത ഒരു ഘട്ടത്തിലാണ് മൂന്നാമത്തെ ഒരു വഴി വിശ്വാസി തേടേണ്ടത്. അഭിപ്രായ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനും രാജ്യരക്ഷക്കും വേണ്ടി നടത്തുന്ന പോരാട്ടമാണത്. അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇല്ലാത്തിടത്ത് മൃത്യുവാണ് നല്ലതെന്ന ഘട്ടം വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

രാജ്യദ്രോഹത്തിന്റെ ഫലം
മദീനയില്‍ പലായനം ചെയ്‌തെത്തിയ നബി(സ) അവിടെ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ടു. അവിടുത്തെ പ്രബല ഗോത്രങ്ങളുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടു. അവര്‍ക്ക് അവരുടെ മതം വിശ്വസിക്കാനും ആചരിക്കാനും ആരാധിക്കാനും പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു. രാജ്യം സംരക്ഷിക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കും മദീനയിലെ ബഹുദൈവാരാധകര്‍ക്കും യഹൂദ ഗോത്രങ്ങള്‍ക്കുമൊക്കെയുണ്ട്. കരാറുകള്‍ എഴുതപ്പെട്ടു. മദീനയെ ആര് ആക്രമിക്കാന്‍ വന്നാലും അത് ഒരു മുസ്‌ലിം രാജ്യമാണെങ്കില്‍ പോലും മദീനക്കാര്‍ ഒറ്റക്കെട്ടായിരിക്കും എന്നത് കരാറിലെ എടുത്തുപറയേണ്ട ഭാഗമാണ്. ഇതിന് ആര് വിപരീതം ചെയ്താലും അവര്‍ രാജ്യദ്രോഹികളായിരിക്കും. അവര്‍ക്കു വരുന്ന ആപത്തുകള്‍ക്ക് അവര്‍ തന്നെയായിരിക്കും ഉത്തരവാദികള്‍. ഈ കരാറിന് ശേഷം ബനൂഖൈനുഖാഅ് ഗോത്രം ആദ്യം കരാര്‍ ലംഘിച്ചു. നബിയെ അവര്‍ കൊല്ലാന്‍ ശ്രമിച്ചു. നബി സംരക്ഷണം നല്‍കിയ രണ്ടാളുകളെ ഒരു സ്വഹാബി അബദ്ധവശാല്‍ കൊന്നു. എഴുതപ്പെട്ട കരാര്‍ അനുസരിച്ച് ഇതിന് നഷ്ടപരിഹാരമായി 200 ഒട്ടകങ്ങള്‍ കൊടുക്കണം. ഈ വിഷയം സംസാരിക്കാനായി നബിയെ അവര്‍ അവരുടെ കോട്ടയിലേക്ക് ക്ഷണിച്ചു. അപ്പേരില്‍ തന്ത്രത്തില്‍ നബിയെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. കോട്ടയില്‍ എത്തിയ സമയത്ത് മുകളില്‍ നിന്ന് ഒരു പാറക്കഷണം താഴേക്കിട്ട് കൊല്ലാനായിരുന്നു പദ്ധതി. പ്രവാചകര്‍ക്ക് അല്ലാഹുവിന്റെ അരുളപ്പാട് ലഭിച്ചതിനാല്‍ ഒന്നും സംഭവിച്ചില്ല. എന്നിട്ടും അവരെ നാടുകടത്താനാണ് നബി(സ) ഉത്തരവിട്ടത്. അവര്‍ക്കെതിരെ മറ്റൊരു ശിക്ഷാ നടപടിയും സ്വീകരിച്ചില്ല. കൂടെ കൊണ്ടുപോകാന്‍ കഴിയുന്ന സമ്പത്ത് കൊണ്ടുപോകാനും അവര്‍ക്ക് അനുവാദം നല്‍കി. രാജ്യദ്രോഹക്കുറ്റത്തിന് വിധേയമായവരോടാണ് പ്രവാചകര്‍ ഈയൊരു നടപടി സ്വീകരിച്ചത്. ആധുനിക ദേശരാഷ്ട്രത്ത് രാജ്യദ്രോഹക്കുറ്റവാളികളോട് എങ്ങനെ പെരുമാറുന്നുവെന്ന് ഇതോട് ചേര്‍ത്തു വായിക്കുക. ബനൂഖൈനുഖാഅ് നാടുവിട്ടശേഷം ബനൂനളീര്‍ ഗോത്രവും കരാര്‍ പിച്ചിച്ചീന്തി. അവര്‍ ഒരു സ്ത്രീയെ വസ്ത്രാക്ഷേപം നടത്തി പരസ്യമായി അവഹേളിച്ചു. കരാര്‍ ലംഘിച്ചു. അവര്‍ക്കെതിരെയും മറ്റു നടപടികളൊന്നും സ്വീകരിക്കാതെ നാടുകടത്താനാണ് നബി(സ്വ) ഉത്തരവിട്ടത്. എന്നാല്‍ ബനൂഖുറൈള ഗോത്രം കുറേക്കാലം കരാര്‍ ലംഘനത്തിലേര്‍പ്പെടാതെ ജീവിച്ചു.

അവര്‍ നബിയുമായി(സ്വ) വളരെ സൗഹാര്‍ദത്തില്‍, മദീനയുടെ എല്ലാ രാഷ്ട്രീയ കാര്യങ്ങളിലും സഹകരിച്ച് ഒരു കുടുംബം പോലെ പെരുമാറി. എന്നാല്‍ ഖന്‍ദഖ് യുദ്ധ വേളയില്‍ ബനൂഖൈനുഖാഇന്റെ നേതാവ്, ബനൂഖുറൈളയുടെ നേതാവിനോട് പറഞ്ഞു: ഇത് നമുക്ക് കിട്ടുന്ന അവസാനത്തെ അവസരമാണ്. നമുക്ക് 10,000 ത്തോളം പട്ടാളക്കാര്‍ പുറത്തുണ്ട്. മുസ്‌ലിംകള്‍ക്ക് വെറും മൂവായിരം പേരെ ഉള്ളൂ. ഇത് മുഹമ്മദിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള അവസരമാണ്. താങ്കള്‍ ഞങ്ങളുടെ കൂടെക്കൂടണം. ഉടനെ അദ്ദേഹം മറുപടി നല്‍കി: “ഇക്കാര്യം നിങ്ങളെന്നോട് പറയരുത്. ഇത്രയും വര്‍ഷങ്ങളോളം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചത് വലിയ സൗഹാര്‍ദ്ദത്തോടെയാണ്. കരാര്‍ പൂര്‍ണമായും മുഹമ്മദ് ഇങ്ങോട്ടും ഞങ്ങളങ്ങോട്ടും പാലിക്കുന്നുണ്ട്. അതുകൊണ്ട് ഞങ്ങള്‍ സന്തോഷത്തിലാണ്. ഞങ്ങളെ ഈ വിഷയത്തില്‍ ഇടപെടുത്തരുത്.’ പക്ഷേ, ബനൂ ഖൈനുഖാഅ് ഗോത്രത്തലവന്‍ വിടാന്‍ ഭാവമില്ലായിരുന്നു.

“നിങ്ങള്‍ 700 പേരില്ലേ, നിങ്ങള്‍ ഞങ്ങളെ ഉള്ളില്‍നിന്ന് സഹായിച്ചാല്‍ മതി. എന്തു സംഭവിച്ചാലും മരിക്കുവോളം ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടാകും’ എന്ന് അദ്ദേഹം വാക്കു നല്‍കി. അങ്ങനെ ബനൂഖുറൈളക്കാരും കരാര്‍ ലംഘിച്ചു. ഖന്‍ദഖ് യുദ്ധവേളയില്‍ നബി(സ്വ) സ്ത്രീകളെയും കുട്ടികളെയും ഒരു കോട്ടയിലായിരുന്നു സംരക്ഷിച്ചിരുന്നത്. അവിടെ രോഗിയായി കിടക്കുന്ന ഹസ്സാനുബ്‌നു സാബിത്(റ) മാത്രമേ പുരുഷനായി ഉണ്ടായിരുന്നുള്ളൂ. ബനുഖുറൈളക്കാരില്‍ പെട്ട രണ്ടു പേര്‍ ഇവരെ ആക്രമിക്കാന്‍ അവസരം നോക്കി കോട്ടക്ക് പുറത്ത് നിരീക്ഷണത്തിന് വന്നു. അതിലൊരാള്‍ മെല്ലെ കോട്ടക്കകത്ത് കടന്നു. ആ സമയത്താണ് നബിയുടെ(സ്വ) അമ്മായി സ്വഫിയ്യ ബീവി ഇവരെ കാണുന്നത്. ശത്രു കോട്ടക്കകത്ത് കടന്ന വിവരം ബീവി ഹസ്സാനുബ്‌നു സാബിതിനോട്(റ) പറഞ്ഞു. വളരെ അവശനായിരുന്ന അദ്ദേഹം നിസ്സഹായത തുറന്നുപറഞ്ഞു. അങ്ങനെ ബീവി ഒരു കമ്പിളിയെടുത്ത് അര നന്നായി മുറുക്കി കെട്ടി. ഒരു ഇരുമ്പിന്‍ കുറ്റിയുമായി പതുങ്ങി ചെന്നു. കോട്ടയുടെ ഉള്‍ഭാഗം നിരീക്ഷിച്ചു കൊണ്ടിരുന്ന ശത്രുവിനെ പിന്നില്‍ നിന്ന് ആഞ്ഞടിച്ചു. അയാളുടെ “കഥ’ കഴിഞ്ഞുവെന്ന സന്ദേശം പുറത്തു നില്‍ക്കുന്ന ആള്‍ക്ക് നല്‍കുകയും ചെയ്തു.
ഏകപക്ഷീയമായി കരാര്‍ ലംഘിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിച്ച കോട്ട ആക്രമിക്കാന്‍ വന്ന, ബനൂഖുറൈളക്കാര്‍ ഏറ്റവും വലിയ രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്. അവര്‍ പുറത്തു നിന്നുള്ള ശത്രുക്കള്‍ക്കു വേണ്ടി അകത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് അല്ലാഹുവിന്റെ കല്പനപ്രകാരം നബിയും സംഘവും ഖുറൈളക്കാരുടെ കോട്ട വളഞ്ഞു. രണ്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നു. അവര്‍ കൂടി സമ്മതിച്ച രണ്ടാമത്തെ മധ്യസ്ഥ തീരുമാനങ്ങളെ തുടര്‍ന്ന് അവരിലെ യോദ്ധാക്കളെ ഇല്ലാതാക്കാന്‍ വിധിയായി. ഈ വിധിയെക്കുറിച്ച് നബി പറഞ്ഞത് “ഇത് രാജവിധിയാണ്’ എന്നാണ്. നബിയല്ല ഈ വിധി പുറപ്പെടുവിച്ചത്. നബിയായിരുന്നെങ്കില്‍ മറ്റുരണ്ട് ഗോത്രങ്ങളെപ്പോലെ നാട് വിടാനുള്ള വിധിയേ ഉണ്ടാകുമായിരുന്നുള്ളൂ. ഇത് രാജ്യദ്രോഹത്തിന് രാജാക്കന്മാര്‍ വിധിക്കുന്ന വിധിയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് നബി(സ്വ) ആ വിധി നടപ്പാക്കിയത്.

കേട്ടെഴുത്ത്: ടി കെ അലി അശ്്റഫ്

You must be logged in to post a comment Login