യാ റസൂല്‍/ / ശറഫുദ്ദീന്‍ തെക്കെയില്‍
മുത്തുനബിയുടെ ഹൃദയസ്പന്ദനങ്ങള്‍ നോക്കിയാണ് ലോകം ഖുര്‍ആന്‍ ഓതി ഗ്രഹിച്ചത്. ഇന്നും വേദപ്പൊരുള്‍ ആര്‍ക്കും ഗ്രഹിക്കാവുന്ന ആ ജീവിതത്തിന്റെ പകലിരവുകളില്‍ നിന്നു തന്നെയാണ് മുസ്ലിംകള്‍ വായിച്ചെടുക്കുന്നത്.
പ്രവാചകത്വത്തിന് മുമ്പോ ശേഷമോ ഉള്ള യാതൊരുവിധ വ്യവസ്ഥകളെയും പോലെ വിലയിരുത്താനാവില്ല മുഹമ്മദ് നബി(സ)വരുത്തിയ മാറ്റങ്ങളെ. സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കാനായി അറേബ്യ മുഴുവന്‍ ഇസ്ലാമിലേക്കു വരുന്നതും കാത്തു നിന്നില്ല തിരുദൂതര്‍ (സ്വ). ജനങ്ങളെ ഉപദേശിച്ചുകൊണ്ട് കാലം കഴിക്കാനും മുതിര്‍ന്നില്ല. ജനങ്ങളില്‍ നല്ലൊരു ഭാഗവും എക്കാലവും നിഷ്ക്രിയരായിരിക്കുമെന്ന ചരിത്ര സത്യം അവിടുത്തേക്കന്യമായിരുന്നില്ല. അവിടുന്ന് ജനഹൃദയങ്ങളിലേക്കിറങ്ങി. തിരുവചനത്തിലെയും ജീവിതത്തിന്റെ തന്നെയും സുതാര്യത ഉമര്‍(റ) പോലുള്ളവരെ മാറിച്ചിന്തിപ്പിച്ചു. അബൂദര്‍റുല്‍ ഗിഫാരി(റ)യെ വിപ്ളവകാരിയാക്കി. കഅ്ബുബ്നു മാലിക്(റ)നെ സാത്വികനാക്കി. ഫാത്വിമ ബിന്‍ത് അസദിനെയും ലുബൈനയെയും സുമയ്യയെയും വീരാംഗനകളാക്കി. മാഇസ്ബ്നു മാലികി(റ)നെ പശ്ചാത്താപത്തിന്റെ പ്രതീകമാക്കി. നജ്ജാശിയുടെ കൊട്ടാരത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ജഅ്ഫറി(റ)ന് ധൈര്യം നല്‍കി.
മദ്യം നിരോധിച്ചതോടെ ചുണ്ടുകളിലേക്ക് പോയ മദ്യക്കോപ്പകള്‍ ദൂരെക്കെറിയപ്പെട്ടു. സ്ത്രീത്വം സ്വയം സംരക്ഷിക്കാന്‍ തുടങ്ങി. മര്‍ദ്ദിതരുടെ മോചനം ചോദിച്ച് മര്‍ദ്ദകരെ നേരില്‍ കാണേണ്ടത് ധാര്‍മിക ബാധ്യതയാണെന്നറിഞ്ഞപ്പോള്‍ പോരാട്ടഭൂമികളില്‍ കുട്ടികള്‍ പോലും തിക്കിത്തിരക്കി. ഉയരക്കുറവ് കാരണം സമരക്കളങ്ങളില്‍ നിന്ന് തങ്ങള്‍ തഴയപ്പെടാതിരിക്കാനായി കാല്‍വിരലില്‍ കുത്തി നിന്ന് നീളമറിയിച്ചു. ധനം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാന്‍ അറിയിപ്പുണ്ടായപ്പോള്‍ ഭാരമുള്ള ചരക്കുകള്‍ പുറത്തേറ്റി ഒരുപാട് ഒട്ടകങ്ങള്‍ ഉസ്മാനുബ്നു അഫാന്‍(റ)ന്റെ വകയായി നിരനിരയായിവന്നു. സിദ്ദീഖ് (റ) സമ്പാദ്യം മുഴുവന്‍ സമര്‍പ്പിച്ചു. ദിവസക്കൂലിയായി കിട്ടിയ കാരക്കയും കൊണ്ടായിരുന്നു തൊഴിലാളികള്‍ ബാധ്യത നിര്‍വഹിക്കാനായി ഓടിക്കിതച്ചുവന്നത്.
സമൂഹത്തില്‍ തന്റെ അനുചര•ാര്‍ക്കുള്ള പദവി മാത്രമേ നബി(സ)യും ആഗ്രഹിച്ചുള്ളൂ. അവരെക്കാള്‍ സവിശേഷമായി ഒന്നും അവിടുത്തേക്കു വേണ്ട. പലപ്പോഴും അതും കൂടി ത്യജിച്ചു. യാത്രയിലും യുദ്ധഭൂമിയിലും എന്നു വേണ്ട എല്ലാ രംഗത്തും അനുയായികള്‍ക്കൊപ്പം വിയര്‍പ്പൊഴുക്കി. തന്നില്‍ നിന്ന് ആര്‍ക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനു പകരം ചോദിക്കാന്‍ അവസരം നല്‍കി റസൂല്‍(സ). ആത്മീയ വിശപ്പാറ്റുമ്പോള്‍ തന്നെ ഭൌതികമായ പട്ടിണിക്കു കൂടി അവിടുന്ന് നിവൃത്തികണ്ടു. അല്ലാഹുവേ, ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്കു നീ ന• ചെയ്യേണമേ – പ്രവാചകന്റെ ഒരു പ്രാര്‍ത്ഥന ഇതായിരുന്നു.
ആ ശബ്ദമാണ് കാലത്തിന്റെ ജീവന്‍. അതിനാല്‍ അതു മുഴങ്ങാതെ ലോകത്തെവിടെയും നേരം പുലരുന്നില്ല. അതാരും കേള്‍ക്കാതെ പോവുമ്പോഴാണ്, ആ വിളിക്ക് ആരും എത്താതെ വരുമ്പോഴാണ് ലോകത്ത് നാശം വരുന്നത്. കാലം ഇത്രമേല്‍ കൊണ്ടുനടന്ന യുഗപുരുഷന്‍ വേറെയാരുണ്ട്?
ബുദ്ധിജീവികള്‍ക്ക് എക്കാലത്തും പ്രവാചക ജീവിതം അത്ഭുതമായിരുന്നു. തോമസ് കാര്‍ലൈന്‍, ലെയ്ന്‍പൂര്‍, ലാമാര്‍ട്ടിന്‍, ബര്‍ണാഡ്ഷാ, ജോണ്‍സണ്‍, മൈക്കിള്‍ എച്ച് ഹാര്‍ട്ട്, ഇങ്ങേ തലക്കല്‍ കരന്‍ ആംസ്ട്രോംഗ് വരെ.
വിശ്വാസികളുടെ വ്യക്തിസത്തയെ രൂപപ്പെടുത്തുന്ന വ്യവഹാര മാതൃകകളുടെ സഞ്ചിതനിധിയാണ് നബിചര്യ. അവരുടെ ധിഷണയെയും മനോമണ്ഡലത്തെയും അതി സാധാരണമായ ശരീര ചേഷ്ടകളെയും നിര്‍ണയിക്കുന്നതില്‍ ഹദീസിന് അനല്‍പമായ പങ്കുണ്ട്. നിശ്ചിത കാലപരിധിയെയോ പരിമിത മേഖലകളെയോ അല്ല അതുള്‍കൊള്ളുന്നത്. പ്രവാചക വചനങ്ങളും തിരുസാന്നിധ്യത്തില്‍ സഹാബികള്‍ പ്രവര്‍ത്തിച്ചതുമെല്ലാം അതിന്റെ പരിധിയിലുണ്ട്. ഏറ്റവും നിര്‍ണായകമായ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ ക്രിയാത്മകമായി ജീവിച്ച ഒരു സമൂഹത്തിന്റെ ജീവസ്പന്ദനങ്ങളെയാണ് സത്യത്തില്‍ ഹദീസ് എന്ന സംജ്ഞ അടയാളപ്പെടുത്തുന്നത്. വ്യക്തിയും കുടുംബവും സമൂഹവും ഒരുപോലെ അതില്‍ സമൂര്‍ത്ത പങ്കാളികളാകുന്നു.
തിരുസന്നിധിയില്‍ കുടിപാര്‍ത്തും സന്നിഹിതരാകാന്‍ കഴിയാത്തവര്‍ക്ക് പഠിപ്പിച്ചുകൊടുത്തും സ്വഹാബികള്‍ വെളിച്ചം കൈമാറി. അവര്‍ക്കത് എളുപ്പമായിരുന്നു. ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ അധിക സമയവും വലിയ സംഘങ്ങളായി തന്നെ നബിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതായിരുന്നില്ല അടുത്ത തലമുറയുടെ കഥ. മുന്‍ഗാമികളായ സ്വഹാബികളെപ്പോലെ തിരുചര്യ അനുഭവിക്കാന്‍ കഴിഞ്ഞവരല്ല അവര്‍. അതിനാല്‍ അവര്‍ക്കത് പഠിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിന്റെ അടിത്തറ തന്നെ സുന്നത്തിലാണ് നിലകൊള്ളുന്നത് എന്നിരിക്കെ എങ്ങനെ അതവര്‍ക്ക് അവഗണിക്കാനാവും. തിരുസുന്നത്തിന്റെ വാഹകരായിരുന്ന സ്വഹാബികളാകട്ടെ പ്രബോധകരായി രാജ്യാതിര്‍ത്തികള്‍ മുറിച്ചു കടന്നു പ്രവഹിച്ചു തുടങ്ങിയിരുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് താബിഈ പണ്ഡിതര്‍ ഹദീസ് ശേഖരണത്തില്‍ മുഴുകിയത്. അനിവാര്യതയാണവരെ കളത്തിലിറക്കിയത്. തലമുറകള്‍ പിന്നിട്ടപ്പോള്‍ ഹദീസ് ഒരു വിപുലമായ വിജ്ഞാന ശാഖയായി രൂപാന്തരപ്പെട്ടു. രാജ്യത്തിന്റെ വ്യാപ്തിയും രാഷ്ട്രീയ കാലുഷ്യവും സംശയാസ്പദമായ ഹദീസുകളുടെ ഉദയത്തിന് കാരണമായി. ലക്ഷോപലക്ഷം വരുന്ന ഹദീസുകളുടെ കണിശത ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ഹദീസ് ശാസ്ത്ര ശാഖകളും ശാഖോപശാഖകളുമായി പൊട്ടിവിടര്‍ന്നു. ഹദീസിലെ പ്രമേയങ്ങളുടെ സ്വീകാര്യത മാത്രമല്ല, അത് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ ജീവിതവും കൂടി കര്‍ക്കശ പരിശോധനക്ക് വിധേയമാക്കപ്പെട്ടു. ഹദീസുകള്‍ എന്ന പേരിലുള്ള റിപ്പോര്‍ട്ടുകളുടെ പ്രവാഹത്തില്‍ സാമാന്യജനം വശംകെട്ടു പോകാതിരിക്കാന്‍ ധിഷണാ ശാലികളായ ഇമാമുകളായ, ഇമാം ശാഫിഈ, ഇമാം അബൂഹനീഫ പോലുള്ളര്‍ സ്പഷ്ടമായ ഹദീസുകളെ അവലംബിച്ച് കര്‍മ്മ ശാസ്ത്ര സരണിക്ക് രൂപം നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധാരണ ജനങ്ങള്‍ക്ക് സൌകര്യമെന്നോണം വിവിധ ഫിഖ്ഹീ മദ്ഹബുകള്‍ നിലകൊണ്ടു. ഹദീസുകള്‍ മഹാജ്ഞാനികളുടെ ഗവേഷണ വിഷയമായി. അവര്‍ നമുക്ക് സമാഹരിച്ചു തന്ന എണ്ണമറ്റ ഹദീസുകളാണ് ഇസ്ലാമിന്റെ അധ്യാത്മിക ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കിയത്. ആ ഹദീസുകളാണ് ഇന്നും മുസ്ലിം സ്വഭാവ സംസ്കരണത്തിന്റെ മാര്‍ഗ ദര്‍ശനമായി നിലകൊള്ളുന്നത്.
പ്രവാചകനെ പോലെ മറ്റൊരു മനുഷ്യനും ഇത്ര സമഗ്രമായി പഠിക്കപ്പെട്ടിട്ടില്ല. നിരീക്ഷിക്കപ്പെട്ടിട്ടില്ല. പകര്‍ത്തപ്പെട്ടിട്ടില്ല. അനുകരിക്കപ്പെട്ടിട്ടില്ല. ഭൂമിക്ക് ഉപരിതലത്തിലൂടെ നടക്കുന്ന ഒരസാധാരണ മനുഷ്യനായും ആത്മീയ ലോകവുമായി സംവദിക്കുന്ന ഒരസാധാരണ വ്യക്തിത്വമായും അവിടുന്ന് വിലയിരുത്തപ്പെട്ടു. ആത്മീയതയെയും ഭൌതികതയെയും സമന്വയിപ്പിച്ച പ്രവാചകരാണവിടുന്ന്. ആ സമന്വയത്തിലൂടെ ഐഹിക ജീവിതത്തിന്റെ സൌഖ്യവും സംതൃപ്തിയും അനുഭവവേദ്യമാക്കിക്കൊടുക്കാന്‍ നബി(സ)ക്കു കഴിഞ്ഞു. മനുഷ്യനെ മാനുഷിക തലത്തില്‍ നിര്‍ത്തി ആത്മീയതയുടെ സായൂജ്യം നുകരുന്ന അനിര്‍വചനീയമായ അവസ്ഥയിലേക്കുയര്‍ത്തിയ അത്യത്ഭുതകരമാണ് നബി(സ) കാണിച്ചത്. അതിന് മാതൃക സ്വന്തം ജീവിതം തന്നെയായിരുന്നു.
‘നബി(സ്വ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’ എന്ന പത്നി ആയിശ(റ)യുടെ വാക്കുകള്‍ ഇതിനു സാക്ഷിയാണ്. ആ ജീവിതത്തിന്റെ സമഗ്രതയാണ് ഹദീസ്. ജീവിതത്തിലെ ഓരോ കര്‍മത്തോടും ബന്ധത്തോടും വ്യവഹാരത്തോടും ചിന്തയോടും വൈകാരിക ചോദനകളോടും ഒട്ടിനിന്നുവേണം മോക്ഷത്തിന്റെ കവാടത്തില്‍ മുട്ടാന്‍ എന്നാണ് തിരുചര്യ പഠിപ്പിക്കുന്നത്.
സാമൂഹിക ശാസ്ത്രവിഭാഗം ഉടലെടുക്കുന്നതിന് പതിമൂന്നു നൂറ്റാണ്ട് മുമ്പാണ് അത്യന്തം ശാസ്ത്രീയമായൊരു സാമൂഹിക വ്യവസ്ഥ തിരുനബി(സ) പ്രയോഗത്തില്‍ കാണിച്ചു തന്നതെന്ന കാര്യമോര്‍ക്കണം. അതില്‍ സാഹോദര്യമുണ്ട്. രാഷ്ട്രമുണ്ട്. മറ്റെല്ലാമുണ്ട്.
ജീവിതത്തില്‍ സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍, കഷ്ടപ്പാടുകളും ദുരിതങ്ങളും ഇല്ലാതാക്കാന്‍, സുഭിക്ഷതയും ഐശ്വര്യവും കളിയാടാന്‍, സ്നേഹവും സൌഹൃദവും നിലനില്‍ക്കാന്‍ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് കേവല ഭൌതിക നേട്ടങ്ങള്‍ മാത്രമല്ല, ശാശ്വതമായ പാരത്രിക മോക്ഷവും അവിടുന്ന് വാഗ്ദാനം ചെയ്തു. ഭൌതികാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളുടെ പരിമിതിയും പരാജയവും ഈ ആത്മീയതയുടെ അഭാവമാണെന്ന കാര്യം സാന്ദര്‍ഭികമായോര്‍ക്കണം. സാമൂഹികമായ സുസ്ഥിരതക്കു വേണ്ടി ചെയ്യുന്ന ഓരോ കര്‍മ്മത്തിനുമുള്ള ഇരട്ട പ്രതിഫലം. ആത്മസംതൃപ്തിയെക്കുറിച്ച വാഗ്ദാനം തുടങ്ങിയവ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ വമ്പിച്ച വിജയം തന്നെയുണ്ടാക്കി. മഹത്തായ പരിവര്‍ത്തനം സൃഷ്ടിച്ച ഹദീസുകളിലെ ഏതാനും ഉദാഹരണങ്ങളുദ്ധരിച്ച് ഇക്കാര്യം വിശകലനം ചെയ്യാം.
വ്യക്തി സംസ്കരണത്തിലൂടെ ഉത്തമ സമൂഹ സൃഷ്ടി എന്നതാണ് ഹദീസുകളുടെ പ്രമേയം. സമൂഹത്തിലെ ഓരോ വ്യക്തിക്കും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും സമൂഹത്തില്‍ വ്യക്തിയുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ആ ചര്യകള്‍. തന്റെ മുമ്പിലിരിക്കുന്ന വ്യക്തിയോടാണ് തിരുനബി സംസാരിക്കുന്നതെങ്കിലും സമൂഹത്തിലെ ഓരോ വ്യക്തിയും ഇവിടെ അഭിസംബോധിതനാണ്.
മണ്ണിലാണ് മനുഷ്യന്‍ ജീവിക്കുന്നത്. ഇവിടെയുള്ള വിഭവങ്ങളെ അനുഭവിച്ചുകൊണ്ടാണവന്‍ ജീവിക്കേണ്ടത്. പാരത്രിക ജീവിതത്തിലെ സൌഖ്യം മോഹിച്ച് ഐഹിക ജീവിതം ക്ളേശപൂര്‍ണമാക്കുന്നതിനെ റസൂല്‍(സ) അനുകൂലിച്ചിരുന്നില്ല. ഒരു സംഭവത്തിനുള്ള പത്രികരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നത് കാണുക:
മൂന്ന് സ്വഹാബികള്‍ പ്രവാചകന്റെ ജീവിത ചര്യയെക്കുറിച്ച് ഭാര്യമാരോട് അന്വേഷിച്ചു. പാപങ്ങള്‍ തീരെ ചെയ്യാത്ത നബി(സ) ഇത്രയും ആരാധനകള്‍ നിര്‍വഹിക്കുന്നുവെങ്കില്‍ നാമെത്ര ചെയ്യണം! അവര്‍ പരസ്പരം തങ്ങളുടെ പോരായ്മകള്‍ പങ്കുവച്ചു. അവരില്‍ ഒരാള്‍ പ്രതിജ്ഞയെടുത്തു: ‘ഞാനിനി രാത്രി മുഴുവന്‍ നിസ്കരിക്കും.’ മറ്റൊരാള്‍: ‘ഞാന്‍ എല്ലാ ദിവസവും നോമ്പനുഷ്ഠിക്കും. നോമ്പ് മുറിക്കുകയില്ല.’ മൂന്നാമന്‍: ‘ഞാനൊരിക്കലും വിവാഹം കഴിക്കുകയില്ല’. ഇതറിഞ്ഞ റസൂലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അറിയുക, അല്ലാഹുവാണ് സത്യം. ഞാനാണ് നിങ്ങളില്‍ ഏറ്റവും ഭക്തന്‍. പക്ഷേ, ഞാന്‍ വ്രതമനുഷ്ഠിക്കുകയും മുറിക്കുകയും ചെയ്യുന്നു. നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യയതാണ്. ഈ ചര്യ ഉപേക്ഷിക്കുന്നവന്‍ എന്റെ അനുയായിയല്ല.’ആരാധനാ കര്‍മ്മങ്ങളാണെങ്കിലും താങ്ങാന്‍ വയ്യാത്ത ഭാരം മനുഷ്യന്‍ പേറേണ്ടതില്ല. ജീവിതത്തിന്റെ അസ്വാദ്യതകളില്‍ അനുവദനീയമായത് ആസ്വദിച്ചു കൊണ്ടു തന്നെയായിരിക്കണം മുമ്പോട്ടുള്ള യാത്ര. അതിനു പറ്റിയ സാഹചര്യം സൃഷ്ടിക്കണം. ആ സാഹചര്യ സൃഷ്ടിയാണ് ഹദീസുകളിലൂടെ തെളിഞ്ഞു കാണുന്നത്.
ഹദീസുകളിലെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തിപരമായതും സാമൂഹികമായതുമുണ്ട്. പ്രത്യക്ഷവും പരോക്ഷവുമുണ്ട്. ഏതായിരുന്നാലും ഉത്തമ സമൂഹ സൃഷ്ടിയാണ് ആത്യന്തിക ലക്ഷ്യമെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. ജീവിതത്തിന്റെ ഓരോ മേഖലയെയും അതു വ്യക്തമായി പരാമര്‍ശിക്കുന്നു.
“ഇഹലോകം മധുരതരവും അലങ്കാരസമൃദ്ധവുമാണ്. അതില്‍ നിങ്ങളെ അല്ലാഹു പ്രതിനിധികളാക്കി നിശ്ചയിച്ചിരിക്കുന്നു. നിങ്ങളെന്തു ചെയ്യുന്നുവെന്ന് അവര്‍ വീക്ഷിക്കുന്നുണ്ട്.” (മുസ്ലിം)
ഐഹിക വിഭവങ്ങളായ സന്താനം, സമ്പത്ത്, ആരോഗ്യമുള്ള ശരീരം തുടങ്ങിയവ അവഗണിക്കാനാവില്ല. അവയിലൂടെ സ്വര്‍ഗം നേടാനാണ് ശ്രമിക്കേണ്ടതെന്ന് വ്യക്തം. ആരോഗ്യകരമായ സാമൂഹ്യജീവിതത്തിന് അനിവാര്യമാണ് ശുദ്ധമായ മനസ്സ്. ശുദ്ധം മാത്രമല്ല വിശാലവുമായിരിക്കണമത്. അതോടൊപ്പം മറ്റുള്ളവരെ ആകര്‍ഷിക്കുന്ന പെരുമാറ്റവും ഉണ്ടാവണം. സംഘട്ടനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഭിന്നതകള്‍ക്കും കാരണമാവുന്ന അസൂയ, അഹങ്കാരം, പോര്, ദുഷ്ടത തുടങ്ങിയ വികാരങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നാല്‍ സ്വയം ചെയ്യുന്ന കര്‍മങ്ങള്‍പോലും നിഷ്ഫലമാവുമെന്ന് ഹദീസുകള്‍ കാണിച്ചു തരുന്നു.
തന്നെ ഉപദേശിക്കണമെന്ന് നബി(സ)യോട് ഒരാള്‍ ആവശ്യപ്പെട്ടു. അയാള്‍ക്ക് നബി(സ)യുടെ ഉപദേശം ‘ദേഷ്യപ്പെടരുത്’ എന്നായിരുന്നു. അയാള്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അതേ മറുപടി തന്നെയാണ് അവിടുന്ന് ആവര്‍ത്തിച്ചത്.
“നിങ്ങള്‍ക്ക് അല്ലാഹുവിന്റെ തിരുദൂതരില്‍ ഉത്തമ മാതൃകയുണ്ട്.” (ഖുര്‍ആന്‍). അല്ലാഹുവിന്റെ ദൂതരെയാണ് ഖുര്‍ആന്‍ മാതൃകയായി അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഹദീസ് പണ്ഡിത•ാര്‍ നബി(സ)യോട് ബന്ധപ്പെട്ടതെല്ലാം ചര്‍ച്ചാ വിഷയമാക്കി; ചര്യകളും ശീലങ്ങളും വാക്കുകളും പ്രവൃത്തികളും നല്ല സമീപനങ്ങളുമെല്ലാം. നബി(സ)യുടെ ജീവിതത്തില്‍ ഹദീസിന് വിഷയമാകാതെ ഒന്നും പുറത്തുനില്‍ക്കുന്നില്ല. വിധി വിലക്കുകളോട് ബന്ധപ്പെട്ടതും അല്ലാത്തതും ഹദീസില്‍ ഒരുപോലെ ചര്‍ച്ചാ വിഷയമാണ്. ഹദീസിന് പ്രത്യേക വിഷയങ്ങളില്ല. നബി(സ)യുടെ ജീവിതമാണ് ഹദീസിന്റെ ഹൃദയം. അതൊരു പരന്ന ലോകമാണ്.
അതിര്‍ വരമ്പുകളില്ലാതെ ഒരു മനുഷ്യന്റെ ജീവിതം സാകല്യാവസ്ഥയില്‍ ചര്‍ച്ച ചെയ്യുന്ന സുഹൃത്തായ വിജ്ഞാനശാഖയാണ് ഹദീസ്. നബിയുടെ ജീവിതം പഠന വിധേയമാക്കിയ മഹാ•ാരായ അനുചര•ാര്‍ വിവിധ വിജ്ഞാന ശാഖകള്‍ തിരുജീവിതത്തില്‍ നിന്നു വികസിപ്പിച്ചെടുത്തു. അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)യുടെ വീടിനു മുമ്പില്‍ കണ്ട നീണ്ട നിരകള്‍ തിരുജീവിതത്തില്‍ നിന്നും ലഭിക്കുന്ന വിവിധ വിജ്ഞാന ശാഖകളില്‍ സംശയനിവാരണം നടത്താന്‍ കാത്തു നില്‍ക്കുന്നവരുടേതായിരുന്നു.
മുഹമ്മദ്നബി(സ) ഇവിടെ വേറിട്ടു നില്‍ക്കുന്നു. പ്രവാചക ജീവിതത്തിന്റെ ഉള്ളും പുറവും ആകമാനം ചര്‍ച്ചാ വിഷയമാണ്. ഒന്നും ഒളിച്ചു വെക്കാന്‍ കഴിയാത്തവിധം ആ പുസ്തകം തുറന്നു കിടക്കുന്നു; അതാണ് ഹദീസ്. ഒരു മനുഷ്യജീവിതം എങ്ങനെ ഒരു വിജ്ഞാന ശാഖയാകും? (വിജ്ഞാന ശാഖ എന്ന പദപ്രയോഗം ന്യൂനമാണ്. സര്‍വിജ്ഞാനങ്ങളുടെയും സ്രോതസ്സ് എന്നോ വിജ്ഞാന മൂലകം എന്നോ പറയണം.) ഒരു മനുഷ്യ ജീവിതത്തില്‍ എന്തെല്ലാം അടങ്ങിയിരിക്കും? അതെല്ലാം കൂടിയ വിജ്ഞാന ശാഖയുണ്ടെങ്കില്‍ അത് അടച്ചുറപ്പും കൃത്യതയും ഇല്ലാത്ത ഒന്നായിരിക്കില്ലേ?
നബി(സ)യുടെ ജീവിതമാണ് ഈ ചോദ്യത്തിന് മറുപടി. ജീവിതം ജീവിച്ചു തീര്‍ക്കുകയായിരുന്നില്ല പ്രവാചകന്‍. മറിച്ച് മനുഷ്യരാശി കാണും വിധം നിറഞ്ഞു ജീവിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പ്രമാണങ്ങളല്ല, ജീവിതമാണ് തിരുദൂതര്‍ നല്‍കിയത്. ആ ജീവിതമാണ് ഇസ്ലാമിന്റെ പ്രമാണം. അതാണ് നബി(സ)യുടെ ജീവിതം. നബി(സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നുവെന്ന് ആയിശ(റ) പറയുന്നതിന്റെ പൊരുള്‍ ഇതാണ്. ഖുര്‍ആന്റെ വിശദീകരണമായിരുന്നു ആ ജീവിതം. അതു നോക്കിയാണ് ലോകം ഖുര്‍ആന്‍ ഓതിഗ്രഹിച്ചത്. ഖുര്‍ആന്‍ വ്യാഖ്യാനമായ പ്രവാചക ജീവിതത്തിന് ശ്രദ്ധാപൂര്‍വം രചിക്കപ്പെട്ട ഒരു മഹദ്ഗ്രന്ഥത്തിന്റെ കൃത്യതയും സമഗ്രതയും ആഴവും നമുക്ക് കാണാന്‍ കഴിയും.
You must be logged in to post a comment Login