ഒരു സംഭാഷണം പകര്‍ത്താം. കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിടാന്‍ കാരണമായ ഭിന്നവിധിയാണ് പശ്ചാത്തലം. അതിനാല്‍ വിധികളെക്കുറിച്ച് വിശദീകരിച്ചിട്ട് സംഭാഷണത്തിലേക്ക് വരാം.
സ്വാഭാവികമായും ഇന്ത്യന്‍ മുസ്‌ലിമിന്റെ മത-മതേതര ജീവിതത്തെ സംബന്ധിച്ച് പ്രത്യേകിച്ചും ഇന്ത്യന്‍ മതേതര-ബഹുസ്വരതയെ സംബന്ധിച്ച് പൊതുവിലും ഏറെ പ്രധാനപ്പെട്ടതായിരുന്നു സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങളും രണ്ടംഗബെഞ്ചിന്റെ ഭിന്നവിധിയും. ഒരാള്‍, ഹേമന്ദ് ഗുപ്ത, മതേതരത്വം എന്ന ഇന്ത്യന്‍ ആശയത്തെ സ്വന്തം ധാരണയാല്‍ പ്രചോദിതമായി വ്യാഖ്യാനിച്ചു. വ്യക്തി, മതം എന്നീ പ്രമേയങ്ങളെ സ്വന്തം യുക്തിയിലേക്കും നിലവിലെ നിയമത്തിലേക്കും വ്യാഖ്യാന സഹിതം ചേര്‍ത്തുകെട്ടി. യൂണിഫോം എന്ന സ്‌കൂള്‍ കാമ്പസ് നടപടിയെ സ്വന്തം അഭിരുചിയാല്‍ വീക്ഷിച്ചു. മതവും വ്യക്തിയും രണ്ട് ഭിന്ന സ്വത്വങ്ങളാണ് എന്ന ലിബറല്‍ ബോധ്യങ്ങളുടെ ചിറകില്‍ സഞ്ചരിച്ചു. മതസ്വാതന്ത്ര്യം എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആത്മസത്തകളില്‍ ഒന്നിനെ, മൗലികാവകാശങ്ങളില്‍ അതിപ്രധാനമായ ഒന്നിനെ ഉപാധിസഹിതമെന്ന് വ്യാഖ്യാനിച്ചു. “argument that the wearing of a headscarf provides dignity to the girl students is also not tenable’ തലയില്‍ തുണിചൂടുന്നത് പെണ്‍കുട്ടികള്‍ക്ക് ആത്മാന്തസ് നല്‍കുമെന്ന വാദത്തെ ന്യായമല്ല എന്ന് കണ്ടു. തട്ടം നിരോധിക്കുക എന്നാല്‍, തട്ടമിട്ട പെണ്‍കുട്ടിയെ പുറത്താക്കുക എന്നാല്‍ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിക്കലാണെന്ന വാദത്തെ “it would… not amount to denial of right to education if a student, by choice, does not attend the school.’ സ്വന്തം ഇഷ്ടപ്രകാരം പഠിത്തം വേണ്ടെന്ന് വെക്കുന്നത് അവസര നിഷേധമല്ല എന്ന് സമര്‍ഥിച്ചു. “The State has not denied admission to the students from attending classes. If they choose not to attend classes due to the uniform that has been prescribed, it is a voluntary act of such students,’ എന്ന് സ്‌റ്റേറ്റ് അവസരം നല്‍കിയിട്ടും, പ്രവേശനം നല്‍കിയിട്ടും, നിര്‍ദിഷ്ട യൂണിഫോമിന്റെ പേരില്‍ പഠിക്കാന്‍ വരുന്നില്ല എങ്കില്‍ അത് വിദ്യാര്‍ഥികളുടെ സ്വമേധയാ ഉള്ള പ്രവര്‍ത്തിയാണെന്ന് വിധിച്ചു. പോരാഞ്ഞ് “a student, thus, cannot claim the right to wear a headscarf to a secular school as a matter of right.’ ഒരു മതേതര സ്‌കൂളില്‍, സെക്യുലര്‍ സ്‌കൂളില്‍ തട്ടമിടുന്നത് അവകാശമായി അവകാശപ്പെടാന്‍ വിദ്യാര്‍ഥിക്ക് അവകാശമില്ലെന്ന് കൂട്ടിച്ചേര്‍ത്തു. “the students are attending an all-girls’ college’ and ‘are at liberty to carry their religious symbols outside the schools but in pre-university college, the students should look alike, feel alike, think alike and study together in a cohesive cordial atmosphere. That is the objective behind a uniform, so as to bring about uniformity in appearances’ -പ്രീ യൂണിവേഴ്‌സിറ്റി പഠിപ്പിടങ്ങളില്‍, അതായത് സ്‌കൂളുകളില്‍ ഒരുപോലെ ചിന്തിക്കുന്ന, ഒരുപോലെ വിചാരിക്കുന്ന, ഒരു പോലെ പഠിക്കുന്ന ഒരന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. യൂണിഫോമിന്റെ പിന്നിലെ ലക്ഷ്യം കാഴ്ചയിലെ ചേര്‍ച്ചയാണ് -എന്നും പറഞ്ഞുവെച്ചു. മാത്രവുമല്ല, മൗലികാവകാശം എന്ന ആശയവും തട്ടമിടാനുള്ള അവകാശവും ഗുപ്ത പരിശോധിക്കുന്നുണ്ട്. ഒരു മൗലികാവകാശവും കേവലമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാല്‍ ബന്ധിതമാണെന്നും നിരീക്ഷിക്കുന്നുണ്ട് ഗുപ്ത. ഹിജാബ് നിരോധനം സാഹോദര്യത്തിലേല്‍പ്പിക്കുന്ന ആഴമുള്ള മുറിവുകളെക്കുറിച്ച് എതിര്‍ഭാഗം സൂചന വിശദീകരിച്ചിരുന്നു. ഗുപ്ത അതിനും മറുപടി നല്‍കുന്നുണ്ട് വിധിയില്‍: “the abstract idea of fraternity…has to be applied to the ground realities wherein some students wearing headscarf in a secular school run by the State Government would stand out and overtly appear differently… The Constitutional goal of fraternity would be defeated if the students are permitted to carry their apparent religious symbols with them to the classroom’ (സാഹോദര്യം എന്നതിന്റെ മൂര്‍ത്തമായ അര്‍ഥം നാം പരിശോധിക്കണം. സര്‍ക്കാര്‍ നടത്തുന്ന മതേതര പള്ളിക്കൂടങ്ങളില്‍ തട്ടമിട്ടവര്‍ സവിശേഷമായി അഥവാ വേറിട്ട് കാണപ്പെടും. മത ചിഹ്നങ്ങള്‍ അനുവദിച്ചാല്‍ സാഹോദര്യം എന്നതിന്റെ ഭരണഘടനാ ലക്ഷ്യം പരാജയപ്പെടും). യൂണിഫോം എന്ന സങ്കല്‍പം സംബന്ധിച്ച തന്റെ ബോധ്യം ആവര്‍ത്തിക്കുന്നുണ്ട് ജസ്റ്റിസ് ഗുപ്ത: ” right under Article 19(1)(a)does not extend to the wearing of headscarf. Once the uniform is prescribed, all students are bound to follow it. The uniform is to assimilate the students without any distinction of rich or poor, irrespective of caste, creed or faith and for the harmonious development of the mental and physical faculties of the students and to cultivate a secular outlook.’ ആര്‍ട്ടിക്കിള്‍ 19(1)(എ) തട്ടമണിയാനുള്ള അവകാശത്തിലേക്ക് വ്യാപിക്കുന്നില്ല എന്നാണ്. All citizens shall have the right to freedom of speech and expression ആണ് 19(1)(എ). ഒരിക്കല്‍ ഒരു യൂണിഫോം നിഷ്‌കര്‍ഷിക്കപ്പെട്ടാല്‍ എല്ലാ വിദ്യാര്‍ഥികളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. സമ്പന്ന-ദരിദ്ര ഭേദമില്ലാതെ, ജാതി ഭേദമില്ലാതെ, വംശ-വിശ്വാസ ഭേദമില്ലാതെ, വിദ്യാര്‍ഥികളെ ഒരു മതേതര കാഴ്ചപ്പാടില്‍ വളരാന്‍ പ്രാപ്തമാക്കുന്ന സൗഹാര്‍ദപൂര്‍ണമായ ഒരു മാനസികാന്തരീക്ഷത്തെ വികസിപ്പിക്കുന്ന ഒന്നാണ് യൂണിഫോം.
അപ്പോള്‍ രുദ്രാക്ഷവും കുരിശും കൊന്തയും പോലുള്ള മത ചിഹ്നങ്ങളോ എന്ന ചോദ്യത്തെ ഇങ്ങനെ നേരിടുന്നു ജസ്റ്റിസ് ഗുപ്ത: “necessarily excludes all religious symbols visible to naked eye. The argument that the students wear Rudraksha or a Cross is mentioned only to deal with an argument so raised. Anything worn by the students under his/her shirt cannot be said to be objectionable” കുപ്പായത്തിനടിയിലുള്ള കാര്യങ്ങളെ തട്ടവുമായി കൂട്ടിക്കെട്ടുന്നത് വെറും വാദമല്ലേ എന്ന്.
സ്വാഭാവികമായും കര്‍ണാടക ൈഹക്കോടതി ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്കിനെ റദ്ദാക്കാന്‍ ഗുപ്ത തയാറായില്ല. കുടുതല്‍ വിശാലമായ ബെഞ്ച് കേസ് കേള്‍ക്കുന്നതിന് സമ്മതിച്ചു.
പൊതുവില്‍ നമ്മുടെ പുരോഗമന ഹാന്‍ഡിലുകള്‍ ഗുപ്തയുടെ വിധിന്യായത്തോടും അതിലെ മേല്‍ വിശദീകരിച്ച നിരീക്ഷണങ്ങളോടും വിയോജിച്ചതായാണ് കണ്ടത്. നാസ്തികത എന്നാല്‍ ഇസ്‌ലാമിനെ നാല് പുലഭ്യം പറയല്‍ മാത്രമാണെന്ന് കരുതിപ്പോരുന്ന, ശാസ്ത്രമാത്രാവാദമെന്ന പേരില്‍ ആറാം ക്ലാസ് സയന്‍സ് പാഠപുസ്തകത്തിലെ വിവരങ്ങള്‍ പോലും ഇതാ ഞങ്ങളുടെ കണ്ടെത്തല്‍ എന്ന മട്ടില്‍ ആശയ സംവാദത്തെ ഗുസ്തിയായിക്കാണുന്ന വിഡ്ഢിക്കൂട്ടങ്ങള്‍ ആഹ്ലാദിക്കുന്നതും കണ്ടു.
പൂര്‍ണമായും വിയോജിച്ചു സഹ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവകാശമെന്ന പോയന്റിലാണ് ധൂലിയ ഊന്നിയത്. അതിലേക്കെത്തും മുമ്പ് കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച സ്‌റ്റേറ്റിന്റെ ബാധ്യതകള്‍ പരാമര്‍ശിച്ചു അദ്ദേഹം. “Our schools, in particular our Pre-University colleges are the perfect institutions where our children… just waking up to the rich diversity of this nation, need to be counselled and guided, so that they imbibe our constitutional values of tolerance and accommodation, towards those who may speak a different language, eat different food, or even wear different clothes or apparels!…ഈ രാഷ്ട്രത്തിന്റെ മഹാവൈവിധ്യത്തിലേക്കുള്ള പിച്ചവെക്കലുകളാണ് പള്ളിക്കൂടങ്ങളില്‍ നടക്കുന്നത്. അവര്‍ ശരിയായി നയിക്കപ്പെടണം. ഉള്‍ക്കൊള്ളലും സഹിഷ്ണുതയും പോലുള്ള മഹത്തായ നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ അവര്‍ സ്വായത്തമാക്കണം. ഭക്ഷണ-ഭാഷണ-ഭൂഷാ വൈവിധ്യങ്ങള്‍ മനസ്സിലാക്കേണ്ടത് പള്ളിക്കൂടങ്ങളില്‍ നിന്നാണ്. “This is the time when they should learn not to be alarmed by our diversity but to rejoice and celebrate this diversity. This is the time when they must realise that in diversity is our strength,’ നമ്മുടെ നാനാത്വത്തില്‍ ചകിതരാവുകയോ വിമുഖരാവുകയോ അല്ല, അതാണ് നമ്മുടെ രാജ്യത്തിന്റെ ശക്തിയെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇനിയാണ് ആ വരികള്‍: “under our Constitutional scheme, wearing a hijab should be simply a matter of Choice.’ നമ്മുടെ ഭരണഘടന പ്രകാരം ഹിജാബ് ഒരു തിരഞ്ഞെടുപ്പാണ്. സ്‌കൂളുകള്‍ ജയിലുകളല്ല. സ്‌കൂളുകളിലെ അച്ചടക്കം സ്വാതന്ത്ര്യത്തിന്റെയും വ്യക്ത്യാന്തസിന്റെയും ചെലവില്‍ അല്ല നടപ്പാക്കേണ്ടത്. “Asking a pre university schoolgirl to take off her hijab at her school gate, is an invasion on her privacy and dignity. It is clearly violative of the Fundamental Right given to her under Article 19(1)(a) and 21 of the Constitution of India. This right to her dignity and her privacy she carries in her person, even inside her school gate or when she is in her classroom. It is still her Fundamental Right, not a ‘derivative right’ as has been described by the High Court.’ (സ്‌കൂളിന്റെ ഗെയ്റ്റ് വരെ ഹിജാബ് ഇട്ടുവരുന്ന പെണ്‍കുട്ടിയില്‍നിന്നു അതഴിച്ചുമാറ്റുക എന്നു പറഞ്ഞാല്‍ അത് അവളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്, അന്തസ്സിനുമേലുള്ള ആക്രമണമാണ്, ആത്യന്തികമായി അവള്‍ക്കു പൊതുവിദ്യാഭ്യാസം നിഷേധിക്കലാണ്. അതുകൊണ്ടുതന്നെ അത് സമത്വം, ആവിഷ്‌കാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പുകള്‍ക്ക് എതിരാണ്). ധൂലിയയുടെ മറ്റൊരു ചോദ്യം ഇതാണ്: “the School Administration and the State must answer…as to what is more important to them: Education of a girl child or Enforcement of a Dress Code!’ ഏതാണ് പ്രധാനമെന്ന്. ഡ്രസ്‌കോഡ് ആണോ പെണ്‍കുട്ടികളുടെ വിദ്യഭ്യാസമാണോ എന്ന്. ഇനിയുള്ള വരികള്‍ സൂക്ഷിച്ച് വായിക്കണം. “One of the best sights in India today is of a girl child leaving for her school in the morning, with her school bag on her back. She is our hope, our future. But it is also a fact that it is much more difficult for a girl child to get education, as compared to her brother. In villages and semi urban areas in India, it is commonplace for a girl child to help her mother in her daily chores of cleaning and washing, before she can grab her school bag… This case therefore has also to be seen in the perspective of the challenges already faced by a girl child in reaching her school.’ ഇന്നത്തെ ഇന്ത്യയിലെ മനോഹര കാഴ്ചകളില്‍ ഒന്നാണ് പിന്നില്‍ സ്‌കൂള്‍ ബാഗും തൂക്കി ഒരു പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നത്. അവള്‍ നമ്മുടെ പ്രതീക്ഷയും ഭാവിയുമാണ്. പക്ഷേ, ഇന്നും ഒരു പെണ്‍കുട്ടിക്ക് സ്‌കൂള്‍ വിദ്യഭ്യാസം സാധ്യമാവുക എന്നാല്‍ അവളുടെ സഹോദരന് അത് സാധ്യമാകുന്നതിനേക്കാള്‍ ദുര്‍ഘടമാണ്. ഗ്രാമങ്ങളിലും അര്‍ധനഗരങ്ങളിലും സ്‌കൂള്‍ ബാഗിനേക്കാള്‍ മുന്നേ അവളില്‍ തൂങ്ങുക അവളുടെ അമ്മ തുടരുന്ന അലക്കലും തുടക്കലും പോലുള്ള പ്രരാബ്ധങ്ങളാണ് എന്ന് പരിഭാഷപ്പെടുത്താം. അങ്ങേയറ്റം മാനുഷികതയും സാമൂഹികതയും ജ്വലിക്കുന്ന നിരീക്ഷണം.
ഇതുകൂടി പറഞ്ഞു ധൂലിയ. “may or may not be a matter of essential religious practice, but it still is, a matter of conscience, belief, and expression. If she wants to wear hijab, even inside her classroom, she cannot be stopped, if it is worn as a matter of her choice, as it may be the only way her conservative family will permit her to go to school, and in those cases, her hijab is her ticket to education.’ ഹിജാബ് അടിസ്ഥാന മതാനുഷ്ഠാനമാണോ അല്ലയോ എന്നതല്ല, അത് ഇപ്പോഴും വിശ്വാസത്തിന്റെ ആവിഷ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ക്ലാസ് മുറിക്കകത്ത് അവള്‍ക്ക് ഹിജാബ് ധരിക്കണമെന്നുണ്ടെങ്കില്‍ അത് തടയാന്‍ കഴിയില്ല. ചിലപ്പോള്‍ അത് അവള്‍ സ്വന്തം താല്‍പര്യത്താലോ അല്ലെങ്കില്‍ സ്‌കൂളില്‍ പോകാന്‍ യാഥാസ്ഥിതിക കുടുംബത്തിന്റെ സമ്മതം കിട്ടാനോ ധരിച്ചതാവാം. രണ്ടാമത്തെ കാര്യത്തില്‍ വിദ്യാഭ്യാസം നേടാനുള്ള അവളുടെ ടിക്കറ്റാണ് ഹിജാബ്.
കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് നിരോധന വിധി റദ്ദാക്കാനാണ് ധൂലിയ വിധിച്ചത്. ഭിന്ന വിധി ആയതിനാല്‍ ഇനി പന്ത് ചീഫ് ജസ്റ്റിസിന്റെ കോര്‍ട്ടിലാണ്. സ്വാഭാവികമായും പുരോഗമന മതേതര ഹാന്‍ഡിലുകള്‍ കയ്യടിച്ചു. ലിബറലുകളും. അതിനിടെയാണ് തുടക്കത്തില്‍ സൂചിപ്പിച്ച സംഭാഷണം നടന്നത്. സഹപ്രവര്‍ത്തകയും എഴുത്തുകാരിയുമായ വിശ്വാസി മുസ്‌ലിമിനോട് ഭിന്നവിധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
“ധൂലിയ ഗംഭീരമായി അല്ലേ?’ എന്ന എന്റെ ചോദ്യത്തോട് നിസംഗമായാണ് അവര്‍ പ്രതികരിച്ചത്.
“ഞാനതിന് ആ കാര്യങ്ങളെ ഒരു ക്രിക്കറ്റ് കളി ആയല്ല കാണുന്നത്. എനിക്ക് രണ്ട് വിധിയിലും പ്രശ്‌നങ്ങളുണ്ട്. എനിക്കെന്ന് പറഞ്ഞാല്‍ മനസ്സിലാവുമല്ലോ? ഞങ്ങള്‍ക്ക് എന്നാണ് ഉദ്ദേശിച്ചത്.’
“മനസ്സിലായി. പക്ഷേ, ധൂലിയയുടെ വിധി വളരെ ഉത്തരവാദിത്തമുള്ള ഒന്നല്ലേ? മുസ്‌ലിം മനുഷ്യര്‍ക്ക് സപ്പോര്‍ട്ടിംഗായ ഒന്ന്.’
“അതെ. സപ്പോര്‍ട്ടിംഗായ ഒന്ന്. സപ്പോര്‍ട്ടിംഗ് എന്നാണ് നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞത്. സപ്പോര്‍ട്ടിംഗ് എന്നതിന് നീതി എന്ന് അര്‍ഥമില്ല.’
“അതല്ല. ഹിജാബ് നിരോധനത്തെ ധൂലിയ എതിര്‍ത്തു എന്നാണ് ഉദ്ദേശിച്ചത്.’
“അത് നേരെയുള്ള ന്യായമല്ലേ? നിങ്ങളുടെ പഴ്‌സ് മോഷ്ടിച്ചിട്ട് അത് തിരിച്ചുകിട്ടുമ്പോലെ ഉള്ള ഒന്ന്. ഞങ്ങളുടെ അവകാശമാണ്, സ്വാഭാവികതയാണ് ഞങ്ങളുടെ വസ്ത്രം. പക്ഷേ, അത് ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള പാസ്‌പോര്‍ട്ടാണ് അതുകൊണ്ട് നിരോധിക്കരുത് എന്നെല്ലാം പറയുമ്പോള്‍ കുറച്ച് പൊള്ളും. അതല്ല. അങ്ങനെയല്ല അത് പറയേണ്ടത്. കട്ടെടുത്ത മുതല്‍ തിരിച്ച് തരാന്‍ എന്തിനാ അധികം സംസാരിക്കുന്നത്?’
വരാനിരിക്കുന്ന അനേകം കോടതി മുറികളുടെ, വിധിന്യായങ്ങളുടെ ഓര്‍മകളുള്ള പോലെ അവരുടെ ശബ്ദം കടുത്തു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. നമ്മുടെ രാജ്യത്തിന് എന്നതുപോലെ.
കെ കെ ജോഷി
You must be logged in to post a comment Login