കലാപകാരികളില്‍ നിന്ന് തന്നെ കലാപത്തില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ ഈടാക്കാന്‍ അതാതു സര്‍ക്കാരിനെ അനുവദിക്കുന്ന നിയമം ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെയുണ്ട്. സമാനമായ നിയമം 2022ൽ മധ്യപ്രദേശിലും നിലവിൽ വന്നു. അതിന്റെ ബലത്തിൽ സംസ്ഥാനത്തെ പടിഞ്ഞാറന്‍ പട്ടണമായ ഖാര്‍ഗോണില്‍ കലാപം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 270 പേരെ ഇതിനകം ട്രൈബ്യൂണല്‍ വിചാരണ ചെയ്യുവാന്‍ ആരംഭിച്ചിരിക്കുന്നു; 177 മുസ്‌ലിം മതവിശ്വാസികളും 93 ഹിന്ദു മതവിശ്വാസികളും ഇങ്ങനെ ട്രൈബ്യൂണലിന് മുന്നിൽ വിചാരണ ചെയ്യപ്പെടുന്നു. ഇക്കൂട്ടത്തിൽ 12 വയസ്സുള്ള ഒരു മുസ്‌ലിം ബാലന്‍ കൂടി ഉള്‍പ്പെടുന്നു. ഈ നിയമപ്രകാരം, ക്രിമിനല്‍ അന്വേഷണമില്ലാതെ തന്നെ ക്രിമിനല്‍ കുറ്റങ്ങളെക്കുറിച്ച് സിവില്‍ വിചാരണ നടത്തി ട്രൈബ്യൂണലിന് അതിന്റേതായ ചില നിയമനടപടികൾ എടുക്കാന്‍ സാധിക്കുന്നതാണ്.
ഖാര്‍ഗോണ്‍ (മധ്യപ്രദേശ്): 2022 ഓഗസ്റ്റ് 25. തെക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഖാര്‍ഗോണിലെ 34 കാരനായ ഡ്രൈവര്‍ കാലുഖാന്റെ ഒറ്റമുറി അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ വരുന്നു. നാല് നോട്ടീസ് നൽകുന്നു.
“എനിക്കും മകനുമെതിരെ എന്റെ അയല്‍ക്കാര്‍ ക്ലെയിം പെറ്റീഷനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് ആ പൊലീസുകാരന്‍ അറിയിച്ചതെന്ന് തടിച്ച ശരീരപ്രകൃതിയും ഒത്ത ഉയരവുമുള്ള ഖാന്‍ പറഞ്ഞു.
ഇന്‍ഡോറില്‍ നിന്ന് തെക്ക് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് ഖാര്‍ഗോൺ. അവിടെ 61% ഹിന്ദുമതവിശ്വാസികളും 37% മുസ്‌ലിം മതവിശ്വാസികളുമാണ് താമസക്കാരായി ഉള്ളത് .
“ഞങ്ങൾ രണ്ടുപേരും ഒരു ട്രൈബ്യൂണലിന് മുന്നിൽ ഹാജരാവേണ്ടിവരുമെന്നും കേസ് നടത്തി പോരാടേണ്ടിവരുമെന്നും’ പൊലീസ് അറിയിച്ചതായി ഖാന്‍ ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോട് പറഞ്ഞു. ഖാന്റെ മകന്‍, 12 വയസ്സുള്ള ആരിഫ് (പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് മാറ്റിയാണ് നല്‍കുന്നത്), എന്ന ബാലനും 270 മുതിര്‍ന്നവര്‍ക്കൊപ്പം വിചാരണ ചെയ്യപ്പെടുന്നു. അതുമാത്രമല്ല, വിചാരണ നേരിടുന്നവരില്‍ 65% പേരും മുസ്‌ലിംകളാണ് എന്നതുകൂടി ഇവിടെ എടുത്തുപറയണം.
2022 ഓഗസ്റ്റ് മുതല്‍ നടക്കുന്ന ഈ വിചാരണക്കേസ് “മധ്യപ്രദേശ് പ്രിവന്‍ഷന്‍ ആന്‍ഡ് റിക്കവറി ഓഫ് ഡാമേജസ് ടു പബ്ലിക്, പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആക്റ്റ് (മധ്യപ്രദേശ് ലോക് ഏവം നിജി സമ്പാതി കോ നുക്‌സാന്‍ കാ നിവാരന്‍ ഏവം നുക്‌സാനി കി വസൂലി അധീനിയം) 2022 പ്രകാരമാണ്. പ്രസ്തുത നിയമം നിലവില്‍ വന്നത് 2022 ജനുവരിയിലാണ്. ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കും ശേഷം ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഈ മൂന്നു സംസ്ഥാനങ്ങളും ഇന്ന് ഭരിക്കുന്നത് ഭാരതീയ ജനതാ പാര്‍ട്ടിയാണ് (ബിജെപി).
ഒരു സിവില്‍ കോടതിയുടെ അധികാരമുള്ള അർധ ജുഡീഷ്യല്‍ ബോഡിയാണ് ഈ നിയമം വഴി നിയമിക്കപ്പെടുന്ന ട്രൈബ്യൂണല്‍. കലാപങ്ങളിലും മറ്റ് അക്രമങ്ങളിലും പൊതു-സ്വകാര്യ സ്വത്ത് നശിപ്പിച്ചതിന് കുറ്റക്കാരായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയാണ് ഈ ട്രിബ്യൂണലിന്റെ ലക്ഷ്യം. 2022ലെ നിയമംമൂലം ട്രൈബ്യൂണലിന് ഇതിനുള്ള അധികാരമുണ്ട്.
എന്നാല്‍ “അക്രമം നടന്ന രാത്രി ഞങ്ങള്‍ രണ്ടുപേരും വീട്ടിലുണ്ടായിരുന്നുവെന്നാണ്’ എന്നതാണ് അയല്‍വാസികളാൽ മൂന്ന് തവണ നോട്ടീസ് നല്‍കപ്പെട്ട ഖാന്‍ പറഞ്ഞത്. അതുമാത്രമല്ല, ഇന്ത്യന്‍ നിയമമനുസരിച്ച്, ഒരു ഇന്ത്യന്‍ കോടതിയിലും ഒരു ക്രിമിനല്‍ നടപടിയിലും 12 വയസ്സുകാരനെ അതായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിചാരണ ചെയ്യാന്‍ സാധിക്കുകയില്ല. നിയമപ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മാത്രമേ പ്രായപൂര്‍ത്തിയാകാത്തവരെ വിചാരണ ചെയ്യാന്‍ അവകാശമുള്ളൂ.
2022 ഏപ്രില്‍ 10 ന് വര്‍ഗീയ കലാപത്തിനിടെ പട്ടണത്തിലെ ആനന്ദ് നഗര്‍ മൊഹല്ലയിലുള്ള തങ്ങളുടെ വീട് ഖാനും മകനും ചേർന്ന് കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഖാന്റെ ഹിന്ദു അയല്‍വാസികള്‍ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ ഖാനിൽനിന്ന് 480,000 രൂപയും 12 വയസ്സുള്ള മകനില്‍ നിന്ന് 290,000 രൂപയും അവർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കലാപം ഖാർഗോണിൽ നടന്ന രാമനവമി ഘോഷയാത്രയെ തുടർന്നാണ് പൊട്ടിപ്പുറപ്പെട്ടത്. അതിൽ 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.
പുതിയ നിയമവും നിയമത്തിലെ പഴുതും
പന്ത്രണ്ടുകാരനായ ആരിഫിന്റെ വിചാരണ സംസ്ഥാനത്തിന്റെ പുതിയ നാശനഷ്ടം വീണ്ടെടുക്കല്‍ നിയമത്തിന്റെ പ്രത്യേക വശങ്ങളെയും പഴുതുകളെയും ചൂണ്ടിക്കാട്ടുന്നുണ്ട്.
കലാപത്തിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടി വരുന്നില്ല എങ്കിലും, സ്വത്ത് നശിപ്പിക്കല്‍, കൊള്ളയടിക്കല്‍ തുടങ്ങിയ സിവില്‍ കുറ്റകൃത്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവരെകൂടി വിചാരണ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ നിയമത്തിലെ പാളിച്ചകളാണ് ഈ വിചാരണ തുറന്നുകാട്ടുന്നത്.
ഇവിടെ ട്രൈബ്യൂണല്‍ ആരെയെങ്കിലും നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദികളാക്കിയാല്‍, അത്തരമൊരു കുറ്റം ആരോപിക്കപ്പെടുന്നവര്‍, കലാപം, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റത്തിന് കീഴിൽ വരുന്ന കുറ്റം തെളിയിക്കപ്പെടാതെതന്നെ, അവര്‍ വരുത്തിയെന്ന് പറയപ്പെടുന്ന നാശനഷ്ടത്തിന്റെ ഇരട്ടി തുക നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരാക്കപ്പെടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
കലാപം നടന്ന സമയത്ത് ആരിഫിന് 11 വയസ്സും 10 മാസവുമായിരുന്നു പ്രായം, വിചാരണയ്ക്ക് ഹാജരാകാന്‍ നോട്ടീസ് ലഭിക്കുന്നതിന് ഒരു മാസം മുമ്പ് മാത്രമാണ് ആരിഫിന് 12 വയസ്സ് തികഞ്ഞത്.
1870 ലെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് ഈ ബാലന്‍. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആരിഫിന്റെ ആധാര്‍ കാര്‍ഡിന്റെയും സ്‌കൂള്‍ മാര്‍ക്ക് ഷീറ്റിന്റെയും പകര്‍പ്പുകള്‍ പരിശോധിക്കുകയും പ്രായം ഉറപ്പുവരുത്തുകയും ചെയ്യുകയുണ്ടായി. രണ്ട് രേഖകളും അദ്ദേഹത്തിന്റെ പ്രായം മുകളില്‍ പറഞ്ഞതാണെന്ന് സ്ഥിരീകരിക്കുന്നതാണ്.
മറ്റൊരു വിരോധാഭാസം, അക്രമത്തിന് ശേഷം അയല്‍വാസികളുടെ മൊഴിപ്രകാരം തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ് ഐ ആര്‍) ആരിഫിന്റെ പേരില്ലായിരുന്നു എന്നതാണ്.
ട്രൈബ്യൂണലിന്റെ അന്വേഷണ പ്രക്രിയ ‘അടിസ്ഥാനമില്ലാത്തതും’ “അവ്യക്തവുമാണെന്ന്’ നിയമ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ട്രൈബ്യൂണല്‍ രൂപീകരിച്ച് 18 ദിവസത്തിന് ശേഷം വിജ്ഞാപനം ചെയ്ത ട്രൈബ്യൂണല്‍ നിയമങ്ങള്‍, എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്ന തീരുമാനം ട്രിബ്യൂണല്‍ അംഗങ്ങള്‍ക്ക് തന്നെ വിട്ടുകൊണ്ടുള്ള നടപടി വളരെ വിചിത്രമായിപ്പോയി. വിരമിച്ച ജില്ലാ ജഡ്ജി ഡോ. ശിവകുമാര്‍ മിശ്ര, റിട്ട. സംസ്ഥാന സെക്രട്ടറി പ്രഭാത് പരാശര്‍ എന്നിവരടങ്ങുന്നതാണ് ഈ കേസിലെ ട്രിബ്യൂണല്‍.
“ട്രൈബ്യൂണലിന്റെ വാദം കേള്‍ക്കല്‍ പ്രക്രിയ ട്രിബ്യൂണല്‍ തന്നെ നിര്‍ണ്ണയിക്കക്കും’ എന്നാണ് ഈ നിയമം പറയുന്നത്.
ഒരു ക്രിമിനല്‍ വിചാരണയില്‍ ലഭ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ട്രൈബ്യൂണല്‍ നടപടികള്‍ നടപ്പില്‍ വരുത്താന്‍, നിര്‍ദ്ദിഷ്ട നിയമങ്ങള്‍ കാരണമാകും എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പൗരന്മാര്‍ക്കെതിരെ പൗരന്മാര്‍
കലാപ നാശനഷ്ടങ്ങള്‍ വീണ്ടെടുക്കാനായുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം, സംസ്ഥാനം റിട്ടയേര്‍ഡ് ജഡ്ജിയെയും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും അതിനായുള്ള ട്രൈബ്യൂണലിലേക്ക് നിയമിക്കണം. ഇത്തരം ട്രൈബ്യുണലിനു അക്രമം നടന്ന പ്രദേശത്തിന്റെ അധികാര പരിധിക്കുള്ളിൽ ഒരു സിവില്‍ കോടതിയുടെ അധികാരവും ഉണ്ടായിരിക്കും. തുടര്‍ന്ന് സര്‍ക്കാര്‍ മൂന്ന് സംസ്ഥാന ഉദ്യോഗസ്ഥരുടെ പാനലിനെ ഈ ട്രൈബ്യൂണലിലേക്ക് അയക്കുന്നു. തുടര്‍ന്ന് ട്രൈബ്യൂണലിന് ഇതില്‍ നിന്നൊരാളെ അതിന്റെ “ക്ലെയിം കമ്മീഷണറായി’ തിരഞ്ഞെടുക്കാം. നിയമപ്രകാരം കലാപ ബാധിത പ്രദേശത്തെ ഏതൊരു പൗരനും നാശനഷ്ടങ്ങള്‍ക്കായി ഒരു ക്ലെയിം ഫയല്‍ ചെയ്യാം. എന്നാല്‍ ഇതു പ്രകാരം ഒരു ക്രിമിനല്‍ അന്വേഷണവുമില്ലാതെത്തന്നെ, സ്വത്ത് നാശത്തിന്, ക്രിമിനല്‍ കുറ്റത്തിന്, അങ്ങനെ ആരോപിക്കപ്പെടുന്ന ഒരു വ്യക്തിയെ ഫലത്തില്‍ ബാധ്യസ്ഥനാക്കുമ്പോൾ ഏതൊക്കെ ക്ലെയിമുകളാണ് പരിഗണിക്കേണ്ടതെന്ന് ഈ കമ്മീഷണര്‍ തീരുമാനിക്കുന്നു.
“ട്രൈബ്യൂണല്‍ എങ്ങനെയാണ് അന്വേഷണം നടത്തുന്നത് എന്ന് അറിയാൻ സാധിക്കില്ല. ട്രൈബ്യൂണലുകള്‍ സിവില്‍ പ്രൊസീജ്യര്‍ കോഡിന് (സിപിസി) വിധേയമല്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഒപ്പം അവര്‍ക്കിഷ്ടമുള്ളപ്പോള്‍ സിപിസിയെ വിളിക്കുവാനും സാധിക്കും.’ സുപ്രീം കോടതിയിലെ അഭിഭാഷകനായ തല്‍ഹ അബ്ദുറഹ്മാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇവിടെ “ട്രിബ്യൂണലുകള്‍ പിന്തുടരേണ്ട ചില നടപടിക്രമങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്.’ എന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യം.
ഉദാഹരണത്തിന്, “തന്റെ അറിവില്‍ പ്രചോദിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ദോഷകരമായ പ്രവൃത്തി ചെയ്യുകയോ ചെയ്ത വ്യക്തികളുടെ പേര് നല്‍കാന്‍ നിയമം ആരെയും അനുവദിക്കുന്നു. ഈ വ്യക്തിക്ക് “ഒരിക്കല്‍ നാശനഷ്ടവുമായുള്ള ബന്ധം സ്ഥാപിച്ചുകഴിഞ്ഞാല്‍’ ഉത്തരവാദിത്വം വഹിക്കാന്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ ബാധ്യസ്ഥനുമാണ്.
ഡല്‍ഹി ആസ്ഥാനമായുള്ള അഭിഭാഷകയായ മേഘാ ബാല്‍ ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോട് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ഇവിടെ “നെക്‌സസ്’ നിലവാരം അവ്യക്തവും സുതാര്യമല്ലാത്തതുമാണ്, കൂടാതെ സ്ഥാപിത തെളിവുകളുടെ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ ജഡ്ജിക്ക് ഇടം നല്‍കുന്നുമുണ്ട് ഈ നിയമം. ഒപ്പം “കേവലം ഒരു അവിഹിത ബന്ധം സ്ഥാപിക്കുന്നത് ഗുരുതരമാണ്’ എന്നത് കൂട്ടിച്ചേര്‍ത്തത് തൽഹ അബ്ദുറഹ്മാന്‍ ആണ്. “സിവില്‍ പ്രൂഫ് എന്നാല്‍ സാധ്യതകളുടെ സന്തുലിതാവസ്ഥ എന്നാണ് അർഥമാക്കുന്നത്- ഏതെങ്കിലും സിവില്‍ ബാധ്യതയുമായി ഘടിപ്പിക്കുന്നതിനുള്ള അവിഹിതബന്ധം വളരെ വികൃതമാണ്.’
ചില നിയമങ്ങൾ നടപ്പാക്കുന്നു
ആ വ്യക്തി കുറ്റക്കാരനാണോ എന്ന് ട്രിബ്യൂണല്‍ തീരുമാനിക്കുന്നതിന് മുമ്പ് ഒരു പ്രതിക്കെതിരെ ഏത് തലത്തിലുള്ള തെളിവുകളാണ് സ്വീകാര്യമെന്ന് തെളിയിക്കപ്പെടാനുള്ള പുതിയ നിയമമോ ചട്ടങ്ങളോ ഈ നിയമം വിശദീകരിക്കുന്നില്ല.
മധ്യപ്രദേശ് ട്രൈബ്യൂണലിന്റെ തലവനായ വിരമിച്ച ജഡ്ജി മിശ്ര, ട്രിബ്യൂണല്‍ അതിന്റേതായ ചില നിയമങ്ങള്‍ സ്ഥാപിക്കുകയാണെന്ന് സമ്മതിച്ചതാണ്.
“ഞങ്ങള്‍ സിവില്‍ പ്രൊസീജ്യര്‍ കോഡ് പിന്തുടരുന്നു, പക്ഷേ ഞങ്ങള്‍ അത് കര്‍ശനമായി പാലിക്കുന്നില്ല;’ മിശ്ര ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിനോട് പറഞ്ഞു.
ഒരു സാധാരണ ക്രിമിനല്‍ കേസില്‍, പൊലീസ്, എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, തെളിവുകള്‍ ശേഖരിക്കുന്നതും സാക്ഷി മൊഴികളും പ്രതികളെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള അന്വേഷണം ആരംഭിക്കുന്നു. തുടർന്ന് പൊലീസ് പിന്നീട് ഒരു ജില്ലാ മജിസ്‌ട്രേറ്റിന് മുമ്പാകെ ഒരു കുറ്റപത്രം സമര്‍പ്പിക്കുന്നു, തുടര്‍ന്ന് കുറ്റാരോപണങ്ങളെക്കുറിച്ച് കോടതിയില്‍ വാദങ്ങള്‍ നടത്തി കുറ്റം ചുമത്തിക്കഴിഞ്ഞാല്‍, കോടതിയില്‍ വിചാരണ ആരംഭിക്കും.
ക്ലെയിം ട്രൈബ്യൂണലിന്റെ സംഗ്രഹ ട്രയലുകളില്‍ ഈ അന്വേഷണ മാനദണ്ഡങ്ങള്‍ ബാധകമല്ല, എന്നുമാത്രമല്ല, ഇതുവരെ കുറ്റക്കാരെന്ന് പ്രഖ്യാപിക്കാത്തവര്‍ക്ക് പിഴ ചുമത്താം എന്നതുകൂടിയാണ് ഈ നിയമത്തിന്റെ വിചിത്രമായ മറ്റൊരു മുഖം.
ട്രൈബ്യൂണലിന്റെ തീരുമാനം സ്വത്ത് നശിപ്പിച്ചതായി ആരോപിക്കപ്പെടുന്നവര്‍ക്കെതിരായ സമാന്തര ക്രിമിനല്‍ നടപടികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ട്രൈബ്യൂണൽ ചെയർമാൻ പറയുന്നത് ക്രിമിനല്‍ നടപടികളെ ട്രൈബ്യൂണലിന്റെ തീരുമാനം ബാധിക്കില്ലെന്നാണ്.
ഇത്തരത്തിലുള്ള സംശയങ്ങളും നിയമത്തിന്റെ പഴുതുകളും പ്രശ്‌ന വശങ്ങളും വ്യക്തമാക്കി, മധ്യപ്രദേശ് സര്‍ക്കാര്‍ തങ്ങളുടെ സൗഹൃദ വലയത്തിലുള്ള മാധ്യമങ്ങള്‍ക്ക് അജ്ഞാത അഭിമുഖങ്ങള്‍ നല്‍കിയെങ്കിലും ഔദ്യോഗിക പ്രസ്താവനകളിലോ നിയമത്തിലോ ഭേദഗതികൾ വരുത്തിയതായി ഇതുവരെ അറിയിച്ചിട്ടില്ല.
കോടതി വിധിച്ചിട്ടും സർക്കാർ മുന്നോട്ട്
പുതിയ നിയമം പ്രാബല്യത്തില്‍ വന്ന സന്ദര്‍ഭം അടയാളപ്പെടുത്തുക എന്നത് എളുപ്പമാണ് . 2019 ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശിലുടനീളം വ്യാപിച്ചതിന് ശേഷം, പ്രതിഷേധത്തിനിടെ പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭകരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിയനാഥ് പ്രഖ്യാപിച്ചു. 2020 മാര്‍ച്ചില്‍, സംസ്ഥാന സര്‍ക്കാര്‍ “ലഹളക്കാര്‍’ എന്ന് കരുതുന്ന പൗരന്മാരുടെ ഫോട്ടോകളും വ്യക്തിഗത വിവരങ്ങളും അടങ്ങിയ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചു.
അതേ മാസം, അലഹബാദ് ഹൈക്കോടതി, സംസ്ഥാനത്തിന്റെ നടപടി “ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനവും’ “ആളുകളുടെ സ്വകാര്യതയില്‍ അനാവശ്യമായ ഇടപെടലുകളുമാണ്’ എന്ന് വ്യക്തമാക്കിയിരുന്നു .
ഈ കീഴ്്വഴക്കമുണ്ടായിട്ടുപോലും, ഒരു വര്‍ഷത്തിനു ശേഷം, മധ്യപ്രദേശ് സര്‍ക്കാര്‍ അതിന്റെ വിചിത്രമായ സ്വത്ത് നാശനഷ്ടം വീണ്ടെടുക്കല്‍ നിയമം കൊണ്ടുവന്നു, നോട്ടീസ് ലഭിച്ച ആളുകളുടെ പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ ക്ലെയിം കമ്മീഷണറെ വ്യക്തമായി അനുവദിച്ചുകൊണ്ട് ഒരു ക്ലോസ് നല്‍കി.
ഈ പോസ്റ്റര്‍, നിയമമനുസരിച്ച്, വ്യക്തിയുടെ ഫോട്ടോ നോട്ടീസില്‍ ഉള്‍ക്കൊള്ളിക്കുകയും “ബന്ധപ്പെട്ട ജില്ലയിലെ വിവിധ പൊതു സ്ഥലങ്ങളില്‍’ പ്രദര്‍ശനത്തിനായി സ്ഥാപിക്കുകയും ചെയ്യും. ഇവിടെ ഖാര്‍ഗോണിലെ കലാപം സര്‍ക്കാരിന് അതിന്റെ പുതിയ നിയമം ഉപയോഗിക്കാനുള്ള ആദ്യ അവസരം നല്‍കി.
ആരിഫിനെതിരെയുള്ള കേസ്
ഫയല്‍ ചെയ്ത എഫ്‌ഐആറില്‍, രാകേഷ് ഗാംഗിള്‍, 32, രാത്രി 9 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍, തന്റെ മൊഹല്ലയിലും അയല്‍പക്കത്തുമുള്ള അമ്പത്- അറുപതോളം വരുന്ന മുസ്‌ലിം ജനക്കൂട്ടം വാളുകളും വടികളും കല്ലുകളും ഗ്ലാസ് കുപ്പികളുമായി ആയുധങ്ങളുമായി വരുന്നത് കണ്ടു. ജനക്കൂട്ടം വീടുകള്‍ക്ക് നേരെ കല്ലും പെട്രോള്‍ ബോംബും എറിയുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മൂന്ന് കലാപകാരികള്‍ അദ്ദേഹത്തിന്റെ വീടിന് തീയിട്ടു, മറ്റുള്ളവര്‍ തന്റെ അയല്‍വാസിയുടെ വീട് നശിപ്പിച്ചു; ഗാംഗിള്‍ പറഞ്ഞു.
അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ക്ലെയിം ട്രൈബ്യൂണല്‍ രൂപീകരിച്ചു. നാശനഷ്ടങ്ങള്‍ വീണ്ടെടുക്കല്‍ നിയമം അനുസരിച്ച്, ട്രൈബ്യൂണല്‍ രൂപീകരിച്ചിരിക്കുന്നത് പ്രാഥമികമായി, “ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും അതിന് നഷ്ടപരിഹാരം നല്‍കുന്നതിനും’ വേണ്ടിയാണ്.
അക്രമം നടന്ന് മൂന്ന് ദിവസത്തിന് ശേഷം രാകേഷും ബന്ധുക്കളും അയല്‍വാസികളും സംഭവം പോലീസില്‍ അറിയിച്ചു. എഫ്‌ഐആറില്‍ 36 മുസ്‌ലിംകളെ കലാപകാരികളായി പറയുന്നുണ്ട്.
“ഒരു കലാപത്തിനിടെ 36 പേരെ തിരിച്ചറിയാനും എഫ്‌ഐആറില്‍ അവരുടെ പിതാവിന്റെ പേരുകള്‍ക്കൊപ്പം കുഞ്ഞുങ്ങളുടെ പേരുനല്‍കാനും അവര്‍ക്ക് എങ്ങനെ കഴിയും,’ പ്രതികളില്‍ ചിലരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ സാജിദ് പത്താന്‍ ചോദിച്ചു.
സംഭവം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷം, ആഗസ്റ്റ് 25 ന്, എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ രാകേഷിന്റെ അയല്‍വാസിയായ 65 കാരിയായ സുരുജ്ബായി ഗാംഗിള്‍ ട്രൈബ്യൂണലില്‍ ക്ലെയിം ചെയ്ത അതേ ഫയൽ തന്നെ ഇവിടെയും ഉന്നയിച്ചു.
ദ കളക്ടീവ് അവലോകനം ചെയ്ത പ്രസ്തുത വ്യക്തിയുടെ നോട്ടീസ്, ആരിഫിനെ അവരുടെ സ്വത്ത് നശിപ്പിച്ചവരില്‍ ഒരാളായി പറയുന്നു എന്ന് തിരിച്ചറിഞ്ഞു.
കലാപകാരികള്‍ തന്റെ ആഭരണങ്ങളും ഒരു ലക്ഷം രൂപയും അപഹരിച്ചതായി അവര്‍ ആരോപിച്ചു. ഹര്‍ജിയിലെ “ക്ലെയിം തീര്‍പ്പാക്കാന്‍ സഹായിച്ചേക്കാവുന്ന അധിക വിവരങ്ങള്‍’ എന്ന കോളത്തിന് കീഴില്‍, രാകേഷ് ഫയല്‍ ചെയ്ത എഫ്‌ഐആറിനെകൂടി അവര്‍ പരാമര്‍ശിക്കുന്നു.
സാധാരണ ക്രിമിനല്‍ നടപടികള്‍ക്ക് കീഴില്‍, പൊലീസിന് ലഭിച്ച പ്രാഥമിക പരാതി മാത്രമായ എഫ് ഐ ആര്‍ അന്വേഷണത്തിന്റെ തുടക്കമാണ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ ട്രൈബ്യൂണല്‍ നിയമപ്രകാരം, ഒരു എഫ് ഐ ആര്‍ ഇപ്പോള്‍ സംഗ്രഹ വിചാരണയെ സഹായിക്കുന്ന ഒരു സഹായ രേഖയായി മാറുകയാണ് ചെയ്യുന്നത്.
‘എഫ് ഐ ആര്‍ ആധികാരിക സത്യമാണെന്ന് കരുതുന്നത് തെറ്റാണ്; അഭിഭാഷകനായ തൽഹ റഹ്മാന്‍ പറഞ്ഞു.’ട്രൈബ്യൂണല്‍ ഒരു അന്വേഷണ റോളാണ് ചെയ്യുന്നതെങ്കില്‍, എഫ് ഐ ആര്‍ അതിന്റെ പ്രാരംഭ ചലനമായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ.’
രാകേഷിന്റെ എഫ് ഐ ആറില്‍ ആരിഫിന്റെ പേര് പോലും ഇല്ല എന്നതുകൂടി നാം കാണണം. സുരുജ്ബായിയുടെ ക്ലെയിം ഹര്‍ജിയുമായി ബന്ധപ്പെടുത്തി ഖാര്‍ഗോണിന്റെ ക്ലെയിം കമ്മീഷണര്‍ ആരിഫിനെ വിചാരണയ്ക്ക് വിട്ടിരിക്കുകയാണ് ഇപ്പോള്‍.
343 ക്ലെയിം ഹര്‍ജികള്‍ ട്രൈബ്യൂണല്‍ തീര്‍പ്പാക്കും. ഇതില്‍ 34 കേസുകള്‍ നിലവില്‍ സജീവമാണ്. മറ്റുള്ളവ ഒന്നുകില്‍ ക്ലെയിം കമ്മീഷണര്‍ നിരസിക്കുകയോ പിന്‍വലിക്കുകയോ ചെയ്തു. 34 അവകാശവാദങ്ങളില്‍ 12 എണ്ണം മുസ്‌ലിംകളില്‍ നിന്നും 22 എണ്ണം ഹിന്ദുക്കളില്‍ നിന്നുമാണ്.
ഇതിനകം ട്രൈബ്യൂണല്‍ ആറ് ക്ലെയിമുകള്‍ അന്തിമമായി തീര്‍പ്പാക്കി. നാലെണ്ണം ഹിന്ദുക്കളുടെയും രണ്ടെണ്ണം മുസ്‌ലിംകളുടെയും. ഒക്ടോബര്‍ 14-ന് തീർപ്പാക്കിയ ഇവയിൽ 50 പേര്‍ക്ക് ആകെ 737,000 രൂപ പിഴ ചുമത്തി. 270 പേര്‍ക്കെതിരെയായിരുന്നു ഈ കുറ്റംചുമത്തൽ. ഇതിൽ 177 പേര്‍ മുസ്‌ലിംകളും 93 ഹിന്ദുക്കളുമാണ്.
ഒരു 12 വയസ്സുകാരന് കലാപകാരിയാകാന്‍ കഴിയുമോ?
“അവന്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് ഞങ്ങള്‍ ട്രൈബ്യൂണലില്‍ പരാതിപ്പെട്ടു.’ ഗാംഗിളിന്റെ അവകാശവാദത്തില്‍ പേരുള്ള ചില പ്രതികളെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ പത്താന്‍ പറഞ്ഞു.
“ഒരു പന്ത്രണ്ടു വയസ്സുകാരന് കലാപകാരിയാകാതിരിക്കാന്‍ കഴിയുമോ?’ എന്നാണ് ഉദ്യോഗസ്ഥര്‍ ഞങ്ങളോട് തിരിച്ചുചോദിച്ചത്.’ പത്താന്‍ പറഞ്ഞു.
“എന്നാല്‍ ഇവിടെ ചോദ്യം ഇതാണ്, ഒരു കുട്ടിയെ എങ്ങനെ വിചാരണയ്ക്ക് വിധേയമാക്കാം?’ ആരിഫിന് നോട്ടീസ് നല്‍കിയതിനെ ചോദ്യംചെയ്ത അഭിഭാഷകന്‍ സയ്യിദ് അഷര്‍ വാര്‍സി മധ്യപ്രദേശ് ഹൈക്കോടതിയില്‍ ചോദിച്ചു.
2022 സെപ്തംബര്‍ 12 ന് ഹൈക്കോടതി, ട്രൈബ്യൂണലില്‍ എതിര്‍പ്പുകള്‍ ഫയല്‍ ചെയ്യണമെന്ന് പറഞ്ഞ് ഹര്‍ജി തള്ളി.
എതിര്‍പ്പ് ഫയല്‍ ചെയ്താല്‍, അത് നിയമാനുസൃതമായി ട്രൈബ്യൂണല്‍ പരിഗണിക്കുകയും തീരുമാനിക്കുകയും ചെയ്യും; ജസ്റ്റിസ് വിജയ് കുമാര്‍ ശുക്ലയുടെ ഉത്തരവില്‍ പറയുന്നു.
ഇതുപ്രകാരം ആരിഫിന് നോട്ടീസ് നല്‍കിയത് തെറ്റായതും നിയമവിരുദ്ധവുമാണെന്ന് വാദിച്ച് വാര്‍സി 2022 സെപ്റ്റംബര്‍ 13 ന് ട്രൈബ്യൂണലിന് മുമ്പാകെ ഒരു അപേക്ഷ സമര്‍പ്പിച്ചു.
“ഞങ്ങള്‍ക്ക് ഇതുവരെ ട്രൈബ്യൂണലില്‍ നിന്ന് രേഖാമൂലമുള്ള ഉത്തരവൊന്നും ലഭിച്ചിട്ടില്ല;’ വാര്‍സി പറഞ്ഞു, “എന്നാല്‍ ഞങ്ങളുടെ എതിര്‍പ്പ് നിരസിച്ചതായി അവർ ഞങ്ങളോട് പറഞ്ഞു.’
“പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍, അവരുടെ സിവില്‍ ബാധ്യത മാത്രമേ ഞങ്ങള്‍ തീരുമാനിക്കുകയുള്ളൂ,’ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ മിശ്ര പറഞ്ഞു, “അതിനാല്‍, അവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രത്യേകം വിചാരണ ചെയ്യേണ്ടതില്ല.’
“മോട്ടോര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ അമിതവേഗതയ്‌ക്കെതിരെ പുറപ്പെടുവിക്കുന്ന ചലാന്‍ പോലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലേക്ക് കൊണ്ടുപോകുന്നു,’ ജുവനൈല്‍ നിയമത്തിൽ വൈദഗ്ധ്യമുള്ള പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത ഒരാൾ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവരെ ശിക്ഷിക്കുകയല്ല, പരിഷ്‌ക്കരിക്കുക എന്നതാണ് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ആത്മാവ് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു .
(ലേഖകൻ ഒന്നിലധികം ഭാഷകളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിലെ അംഗമാണ്).
ശ്രീഗിരീഷ് ജാലിഹാൾ
You must be logged in to post a comment Login