നാസ്തിക ദർശനങ്ങൾ ഫാഷിസത്തിന്റെ ഊർജ സംഭരണികളായി മാറിയതിന് ചരിത്രത്തിൽ നിരവധി ഉദാഹരണങ്ങളുണ്ട്. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ച വലിയ നിഷേധ ചിന്തകനായിരുന്നു ഫ്രെഡറിക് നീഷേ. അദ്ദേഹം സാങ്കല്പികമായി വിഭാവനം ചെയ്ത കവിയും പ്രവാചകനുമായ അതീത മനുഷ്യൻ(Superman) ആയിരുന്നു “സരതുസ്ത്ര’. സരതുസ്ത്ര പറഞ്ഞു: “മനുഷ്യൻ മനുഷ്യനെ അതിക്രമിച്ചു വളരണം.’ ഈ ആശയമായിരുന്നു ഹിറ്റ്്ലറുടെ ഫാഷിസ്റ്റ് വാഴ്ചയ്ക്ക് ആശയപരിസരമൊരുക്കിയത്. മെച്ചപ്പെട്ടതും ഉന്നതവുമായ ഒരു ജീവിത ക്രമത്തെപ്പറ്റിയും ഉന്നത സംസ്കാരത്തെപ്പറ്റിയും പ്രവചിച്ച നീഷേയുടെ ആശയഗതികളിൽ ഫാഷിസത്തിന്റെ ബീജം അടങ്ങിയിരുന്നു. യുക്തിയുടെയോ ചരിത്രത്തിന്റെയോ പിൻബലമില്ലാതെ കാല്പനികവും കാവ്യാത്മകവുമായി നീഷേ നടത്തിയ മൊഴികൾ ഹിറ്റ്്ലർ സമർത്ഥമായി പ്രയോജനപ്പെടുത്തുകയായിരുന്നു.
നീഷേയുടെ ദർശനങ്ങളെ സ്വാംശീകരിച്ച മറ്റൊരു നാസ്തിക ചിന്തകനായിരുന്നു ഹെഡ്ഗർ. അദ്ദേഹം ജനാധിപത്യ വ്യവസ്ഥക്ക് തന്നെ എതിരായിരുന്നു. “പലരുടെ ഭരണം നല്ലതല്ല. ഒരാൾ ഭരിക്കട്ടെ. യൂറോപ്പ് ജനാധിപത്യം കൊണ്ട് നശിപ്പിക്കപ്പെടരുത്’ എന്ന് പറഞ്ഞയാളാണ് ഹെഡ്ഗർ. ഹിറ്റ്്ലറുടെ വംശീയ നടപടികളെ ശ്ലാഘിച്ചുകൊണ്ട് ഹെഡ്ഗർ എഴുതി: “നമ്മുടെ ജനങ്ങളുടെ ചരിത്രത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു.’ ഹിറ്റ്്ലറുടെ അനുസരണയുള്ള അനുയായി മാറി നാസ്തികനായ ഹെഡ്ഗർ.
നാസ്തികരുടെ കൺകണ്ട “ദൈവ’മാണല്ലോ ചാൾസ് ഡാർവിൻ. പരിണാമവാദം അവർക്ക് “വേദ’വാക്യങ്ങളാണ്. എന്നാൽ പരിണാമ വാദികളുടെ “അർഹതയുള്ളവരുടെ അതിജീവനം’ എന്ന ആശയം ഫാഷിസ്റ്റുകൾ തങ്ങളുടെ സൈദ്ധാന്തിക പിൻബലമായി സ്വീകരിച്ചു. ആര്യവംശത്തിനാണ് അതിജീവന ശേഷിയുള്ളത്. അവരാണ് ശ്രേഷ്ഠ വംശം. മറ്റു വംശങ്ങൾ അവർക്ക് കീഴ്പ്പെടണം. ശ്രേഷ്ടവംശത്തിന്റെ ജന്മദേശം ജർമനിയാണ്. ജർമനിയാണ് ലോകം ഭരിക്കേണ്ടത്. ഇതായിരുന്നു ഹിറ്റ്്ലറുടെ ജല്പനങ്ങൾ. അർഹതയുള്ളതിനേ അതിജീവിക്കാൻ കഴിയൂ എന്ന ആശയത്തെ രാഷ്ട്രീയമായി വിവർത്തനം ചെയ്ത് ഹിറ്റ്്ലർ ആര്യവംശ മേൽക്കോയ്മാ സിദ്ധാന്തത്തിന് അടിത്തറയിട്ടു. ദരിദ്രരെയും നിരാശ്രയരെയും സൗജന്യങ്ങൾ നൽകി നിലനിർത്തേണ്ടതില്ലെന്നും അത് പ്രകൃതി നിയമങ്ങൾക്ക് എതിരാണെന്നും അർഹതയുള്ളത് താനേ വളർന്നുകൊള്ളുമെന്നും ഫാഷിസ്റ്റുകൾ വാദിച്ചു. ഡാർവിനിസത്തിന് തങ്ങൾ നൽകിയ വ്യാഖ്യാനങ്ങൾ അവർ “സോഷ്യൽ ഡാർവിനിസം’ എന്ന് വിളിച്ചു.
നാസ്തികരുടെ ആചാര്യന്മാരായ ക്രിസ്റ്റഫർ ഹിച്ചൻസ്, റിച്ചാർഡ് ഡോക്കിൻസ്, ഡാനിയൽ ഡെനറ്റ് തുടങ്ങിയവരുടെ നിരീശ്വര- നിർമത വാദങ്ങൾ ഫാഷിസത്തിന് വളക്കൂറാവും എന്നതുകൊണ്ടാവണം, പല ബുദ്ധിജീവികളും ശാസ്ത്രജ്ഞരും അതിൽനിന്ന് അകന്നുനിൽക്കുന്നത്. ശാസ്ത്ര പ്രതിഭകളിൽ പലരും മതങ്ങളിലേക്കും ദൈവത്തിലേക്കും പിൻമടങ്ങുന്നതും നാം കാണുന്നു. നിരീശ്വരവാദികൾ ആഘോഷിക്കുന്ന ഡാർവിനിസം തന്നെ “സൃഷ്ടിവാദ’ത്തെയാണ് സാധൂകരിക്കുന്നതെന്ന് ശാസ്ത്രലോകം സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. കെന്നത്ത് മില്ലറിന്റെ “Finding Darvin’s God’ എന്ന പുസ്തകം ഒരു ഉദാഹരണമാണ്. റൊണാൾഡ് ഫിഷർ, ഹാൽഡേൽ തുടങ്ങിയ നിരവധി ശാസ്ത്രജ്ഞർ, ഡാർവിനിസത്തെ “വിദഗ്ധാസൂത്രണ’ത്തിന്റെ തെളിവായിട്ടാണ് വിലയിരുത്തുന്നത്.
നാസ്തിക ചരിത്രത്തിന്റെ ഈ ആഗോള പശ്ചാതലത്തിൽ വേണം കേരളത്തിലെ നാസ്തികരുടെ വർത്തമാനകാല ആശയഗതികളെ വിലയിരുത്താൻ. ഇവിടെ നാസ്തികവാദം നിർലജ്ജമായ വംശീയതയായി പരിണമിക്കുന്നത് നാം കാണുന്നു. നാസ്തികരിൽ ചിലരുടെ സംഘ്പരിവാർ ദാസ്യം അവർക്കിടയിൽ പിളർപ്പിന് തന്നെ കാരണമായിട്ടുണ്ട്. ഡാർവിനും നീഷേയും ഫാഷിസ്റ്റുകളായിരുന്നില്ല. അവരുടെ ആശയങ്ങൾ ഫാഷിസത്തെ സഹായിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ “സ്വതന്ത്രചിന്തകർ’ എന്ന് അവകാശപ്പെടുന്ന ചിലർ ഫാഷിസ്റ്റ് അടുക്കളയിലെ അരിവയ്പ്പുകാരായി തരംതാഴ്ന്നിരിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നയാളാണ് സി രവിചന്ദ്രൻ. താൻ എന്തോ വലിയ സംഭവമാണെന്നും താൻ പറയുന്നതിനപ്പുറം മറ്റൊരു സത്യമില്ലെന്നും ഇയാൾ ഭാവിക്കുന്നു. ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ നിരവധി അസംബന്ധങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. അവയ്ക്കൊന്നും ചരിത്രത്തിന്റെയോ സമകാലിക രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളുടെയോ പിൻബലമില്ല.
മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളും ജനതയും ആതിഥ്യമര്യാദയില്ലാത്തവരാണ് എന്ന് രവിചന്ദ്രൻ പറയുന്നു. മുസ്‌ലിം രാഷ്ട്രങ്ങൾക്ക് അതിഥികളോടും വിദേശികളോടും മാന്യമായി പെരുമാറാൻ അറിയില്ലത്രെ! എന്തൊരു വിചിത്രമായ വാദം. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തിനിടയിൽ കേരളം ആർജിച്ച സാമ്പത്തിക വളർച്ചയും ജീവിത നിലവാര സൂചികയിലെ പുരോഗതിയും ലോകത്തിന് വിസ്മയമാണ്. തറയും ചുമരുകളുമില്ലാതെ വായുവിൽ പൊങ്ങിനിൽക്കുന്ന മേൽക്കൂരയോടാണ് സാമ്പത്തിക വിദഗ്ധർ കേരളത്തെ ഉപമിക്കാറുള്ളത്. വ്യാവസായിക മുന്നേറ്റമോ കാർഷിക വളർച്ചയോ ഇല്ലാത്ത കേരളത്തിൽ ഇന്ന് കാണുന്ന പുരോഗതിക്ക് നാം കടപ്പെട്ടിരിക്കുന്നത് പ്രധാനമായും അറേബ്യൻ ഗൾഫ് രാജ്യങ്ങളോടാണ്. അവിടുത്തെ സമൂഹം പ്രവാസികളോട് ക്രൂരവും നിന്ദ്യവുമായി പെരുമാറിയിരുന്നെങ്കിൽ പട്ടിണികിടന്ന് മരിക്കാനാവുമായിരുന്നു നമ്മുടെ വിധി. അനുഗൃഹീത എഴുത്തുകാരനും പ്രവാസിയുമായിരുന്ന ബാബുഭരദ്വാജിന്റെ “പ്രവാസിയുടെ കുറിപ്പുകൾ’ മനസ്സിരുത്തി വായിച്ചിരുന്നുവെങ്കിൽ രവിചന്ദ്രന് ഇത്തരത്തിൽ ഒരബദ്ധം എഴുന്നള്ളിക്കാൻ കഴിയുമായിരുന്നില്ല. ലോകരാജ്യങ്ങളിലെ ജീവിതാനുഭവങ്ങൾ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്കരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയടെ “യാത്ര’ വീഡിയോകൾ രവിചന്ദ്രൻ ശ്രദ്ധിച്ചിട്ടുണ്ടോ? ലോകത്തിൽ അങ്ങേയറ്റം ആതിഥ്യമര്യാദയുള്ളവരും പ്രവാസികളോട് അനുഭാവം കാണിക്കുന്നവരും അറേബ്യൻ ജനതയാണെന്ന് ലോകപരിചയമുള്ളവർക്കറിയാം.
രവിചന്ദ്രന്റെ സംഘ്പരിവാർ സേവ സകല പരിധികളും ലംഘിച്ചിരിക്കുന്നു. സംഘ് ആശയ പ്രചാരകർക്കുപോലും വാദിച്ചുറപ്പിക്കാൻ കഴിയാത്ത ആശയങ്ങളാണ് “മലയാളി നാസ്തിക ദൈവം’ തട്ടിവിടുന്നത്. ഗോഡ്സെ ഒരു മതതീവ്രവാദിയോ ക്രിമിനലോ ആയിരുന്നില്ലെന്നും ഗാന്ധിജിയെ ആദരിക്കുന്ന ആളായിരുന്നു എന്നും പറഞ്ഞ് ഗാന്ധി ഘാതകന് ഗുഡ്സർട്ടിഫിക്കറ്റ് നൽകാൻ രവിചന്ദ്രന് ഒരു മടിയുമില്ല. ഗാന്ധിജിയുടെ മാറിലേക്കുതിർന്ന ആ വെടിയുണ്ടകൾ മാനവികതയെ തന്നെയായിരുന്നു പിളർത്തിക്കളഞ്ഞത്. മനുഷ്യരാശി കണ്ട വലിയ പ്രാപഞ്ചിക ദുഃഖങ്ങളിലൊന്നിന് കാരണക്കാരനായ ഒരു വർഗീയവാദിയെ നാസ്തികനായ ഒരാൾ ന്യായീകരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും! സവർക്കർ ധീരനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തൽ. സംഘരാഷ്ട്രീയക്കാരല്ലാതെ, മറ്റാരും സവർക്കറെ ഒരു സ്വാതന്ത്ര്യ പോരാളിയായി അംഗീകരിക്കുന്നില്ല എന്നോർക്കണം.
ഇസ്‌ലാം നിന്ദയുടെ പേരിൽ എന്തും വിളിച്ചുപറയാൻ ലൈസൻസെടുത്തതുപോലെയാണ് വർത്തമാനങ്ങൾ. കിരാതനായ മംഗോളിയൻ ആക്രമണകാരിയായ ചെങ്കിസ്ഖാന്റെ പേരിനകത്ത് “ഖാൻ’ ഉള്ളതുകൊണ്ട് അയാളെ ക്രൂരനായ മുസ്‌ലിം ഭരണാധികാരിയായി വിശേഷിപ്പിക്കാൻ വരെ രവിചന്ദ്രൻ തയാറായി. വിവരമില്ലായ്മ ഒരു അലങ്കാരമാണ് ഈ നാസ്തിക ദൈവത്തിന്. ആഗോളതലത്തിൽ മുസ്‌ലിംകൾക്ക് രാഷ്ട്രീയവും സാംസ്കാരികവുമായി കനത്ത നഷ്ടം വരുത്തിവെച്ച അതിക്രൂരനായ അക്രമണകാരിയായിരുന്നു ചെങ്കിസ്ഖാൻ. മംഗോൾ അക്രമണത്തിൽ തകർന്നുപോയ ഇസ്‌ലാമിക സമൂഹത്തിന് തിരിച്ചുവരവ് അസാധ്യമാണെന്ന് വരെ അക്കാലത്തെ ചരിത്രകാരന്മാർ വിലയിരുത്തുകയുണ്ടായി. മുസ്‌ലിം സമൂഹത്തിന് സഹജമായ ആന്തരിക ചൈതന്യം കൊണ്ടാണ് ഈ വലിയ ദുരന്തത്തെ അവർക്ക് അതിജീവിക്കാനായത്.
വെള്ളം കലങ്ങിയിരുന്നില്ലെങ്കിൽ ചെന്നായ ആട്ടിൻകുട്ടിയെ കൊല്ലുമായിരുന്നില്ല എന്ന് പറയുന്നതുപോലെ, ന്യൂനപക്ഷങ്ങൾ മര്യാദരാമന്മാരായി ജീവിക്കാത്തതുകൊണ്ടാണ് അവർ അക്രമിക്കപ്പെടുന്നത് എന്ന് തട്ടിവിടാൻ പോലും നവനാസ്തികർക്ക് ഒരു സങ്കോചവുമില്ല. ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി കാണുന്ന സംഘ്പരിവാർ നിലപാടും ഇതും തമ്മിൽ എന്തു വ്യത്യാസം? നിഷ്പക്ഷ മനോഭാവമുള്ള മാധ്യമങ്ങളും സാമൂഹ്യചിന്തകരും ന്യൂനപക്ഷങ്ങൾ അപരവത്കരിക്കപ്പെട്ടതിനെക്കുറിച്ചും വംശീയവിച്ഛേദനം നേരിടുന്നതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്. എന്നാൽ അക്കാര്യത്തിൽ രവിചന്ദ്രന് സംശയമാണ്. ഇനി അങ്ങനെ സംഭവിക്കുന്നുണ്ടെങ്കിൽ തന്നെ അത് മുസ്‌ലിംകൾ സാംസ്കാരിക പലായനത്തിന് തായറാവാത്തതുകൊണ്ടാണുപോലും! ഇരകളെ നിരന്തരം കുറ്റപ്പെടുത്തുകയും പൈശാചികവത്കരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് തന്ത്രം തന്നെയാണിത്. പൗരത്വ നിയമഭേദഗതിക്കെതിരെ ഇന്ത്യൻ തെരുവുകളിലുണ്ടായ ചെറുത്തുനില്പുകൾ നാം മറന്നിട്ടില്ല. ഇന്ത്യയിലെ മതേതര വിശ്വാസികൾ ഒന്നടങ്കം അതിനോടൊപ്പമുണ്ടായിരുന്നു. പക്ഷേ, ഈ സന്ദർഭത്തിൽ വിതണ്ഡവാദങ്ങൾ ഉന്നയിച്ചുകൊണ്ട് പൗരത്വ നിയമത്തെ അനുകൂലിക്കുകയായിരുന്നു രവിചന്ദ്രൻ. അതേപോലെ, ഐതിഹാസികമായ കർഷക പ്രക്ഷോഭ വേളയിലും ഫാഷിസ്റ്റു ഭരണകൂടത്തിന് കുഴലൂതുകയായിരുന്നു ഇയാൾ.
നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട അവശവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയാണ് രാഷ്ട്ര ശില്പികൾ ഭരണഘടനയിലൂടെ “സംവരണം’ കൊണ്ടുവരുന്നത്. “സംവരണം’ ഉപരിവർഗത്തിന്റെ ഔദാര്യമല്ല, അധഃസ്ഥിതന്റെ അവകാശമാണ് എന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു. സംവരണാനുകൂല്യങ്ങൾ പിന്നാക്ക ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. ആർ എസ് എസ് എക്കാലത്തും സംവരണത്തെ എതിർക്കുന്നു. സംവരണാനുകൂല്യങ്ങളെ അട്ടിമറിക്കാൻ അവർ ഗൂഢമായി കരുക്കൾ നീക്കാറുണ്ട്. “സാമ്പത്തിക സംവരണം’ എന്ന ആശയം അതിന്റെ ഭാഗമാണ്. ഈ വിഷയത്തിലും നവ നാസ്തികർ ആർ എസ് എസ് നയത്തോട് ചേർന്നുനിൽക്കുന്നു. സംവരണത്തിലൂടെ ഉദ്യോഗത്തിലെത്തുന്നവർ രാജ്യത്തിന്റെ കാര്യക്ഷമതയെ തകർക്കും എന്നാണ് വാദം.
ലോകത്തെവിടെയും, ഇന്ത്യയിൽ പ്രത്യേകിച്ചും പടർന്നുപിടിക്കുന്ന ഇസ്‌ലാമോഫോബിയയെയും നിസ്സാരവത്കരിക്കുകയാണ് സംഘ്പരിവാർ അനുകൂലികളായ നാസ്തികർ. ഇസ്‌ലാമോഫോബിയ ഒരു യാഥാർത്ഥ്യമാണെന്നും സാമ്രാജ്യത്വശക്തികളാണ് അതിനു പിന്നിലെന്നും രാഷ്ട്രതന്ത്രജ്ഞരും സാമൂഹികചിന്തകരും അംഗീകരിച്ച കാര്യമാണ്. രവിചന്ദ്രന് പക്ഷേ ഇക്കാര്യത്തിലും സന്ദേഹമാണ്. ഒരു സമൂഹത്തിന് നേരെയുള്ള ഭയം സൃഷ്ടിക്കാൻ കഴിയില്ലെന്നും ഇസ്‌ലാമോഫോബിയ അകാരണമല്ലെന്നും ഇസ്‌ലാം ഭയപ്പെടേണ്ട ആശയസംഹിതയാണെന്നും പറഞ്ഞ് മുസ്‌ലിംകൾക്ക് നേരെയുള്ള വിദ്വേഷത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
രാഷ്ട്രീയം മനസ്സുകളെ കീഴടക്കുന്ന യുദ്ധമാണ് എന്ന് പറയാം. ജനതയുടെ അനുഭാവം ഏത് വിധേനയും നേടുക എന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വമാണ്. ഓരോ സന്ദർഭവും സംഭവവും രാഷ്ട്രീയമായ അനുഭാവ രൂപീകരണത്തിനായി ഉപയോഗിക്കുന്നതിനെയാണ് രാഷ്ട്രീയ പ്രയോഗം എന്ന് പറയുന്നത്. കേരളത്തിൽ സമീപകാലം വരെ പൊതുജനത്തിന്റെ അനുഭാവവും സമ്മതിയും നേടാൻ സംഘ്പരിവാറിന് കഴിഞ്ഞിരുന്നില്ല. എന്നാൽ വർത്തമാന കേരളത്തിൽ പതുക്കെയാണെങ്കിലും സംഘ്പരിവാർ രാഷ്ട്രീയത്തിന് പൊതുസമ്മതി ലഭിക്കുന്നു. ഈ സമ്മതി രൂപീകരണത്തിൽ നാസ്തികരും അവരുടേതായ പങ്കുവഹിക്കുന്നുവെന്നത് ഖേദകരമാണ്. പ്രസിദ്ധ നാടകകൃത്ത് അയനസ്കോയുടെ ഒരു നാടകമുണ്ട്. ബേറിങ് ഷേ എന്ന ആളും അയാളുടെ കാമുകി ഡേസിയും ഒരു റസ്റ്റോറന്റിനകത്ത് ഇരിക്കുമ്പോൾ പുറത്ത് ഒരു കണ്ടാമൃഗത്തെ കാണുന്നു. നോക്കിയിരിക്കേ, പുറത്ത് ഒരുപാട് കണ്ടാമൃഗങ്ങൾ. മനുഷ്യരെല്ലാം കണ്ടാമൃഗങ്ങളായി മാറുന്നു. അവസാനം ഡേസിക്കും കണ്ടാമൃഗമായാൽ കൊള്ളാമെന്ന് തോന്നുന്നു. ഫാഷിസം എങ്ങനെയാണ് പൊതുബോധത്തെ മാറ്റുന്നതെന്ന് ഈ നാടകം കാണിച്ചുതരുന്നു.
നമ്മുടെ ദേശീയ പാരമ്പര്യത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ജനാധിപത്യധാരകളെ പൂർണമായും ഉപേക്ഷിച്ച് ഇന്ത്യയിൽ സമഗ്രാധിപത്യ വാഴ്ച അരങ്ങേറുമ്പോൾ നവനാസ്തികർക്ക് അതിൽ ഒട്ടും വേവലാതിയില്ലെന്നത് അതിശയകരമാണ്. മാത്രമല്ല, തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് ഒത്താശ ചെയ്യാനും ഇവർക്ക് മനഃസാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല. ഇന്ത്യൻ ഫാഷിസം ജർമനിയിലും ഇറ്റലിയിലും നിലനിന്ന ഫാഷിസ്റ്റ് രൂപങ്ങളുടെ സവിശേഷതകളത്രയും സ്വാംശീകരിച്ചതാണ്. അതോടൊപ്പം ഇന്ത്യൻ ഫാഷിസത്തിന് ഭരണകൂട പിന്തുണയില്ലാതെയും നിലനിൽക്കാനാവും. യൂറോപ്യൻ ഫാഷിസം ഭറണകൂടത്തെ ആശ്രയിച്ചാണ് നിലനിന്നതെങ്കിൽ ഇന്ത്യയിലെ ഫാഷിസം ദേശീയതയെയും വർഗീയതയെയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ട്, ശക്തമായ ആശയ പ്രചാരണങ്ങളിലൂടെ മാത്രമേ അതിനെ ചെറുത്ത് തോല്പിക്കാൻ കഴിയൂ. ഇതൊന്നും ആലോചിക്കാതെയാണ് കേരളത്തിലെ നാസ്തികർ ഫാഷിസത്തിന്റെ ഫാൻസുകാരായി മാറുന്നത്.
ഇന്ത്യ ഭരിച്ച ബി ജെ പിയിതര സർക്കാരുകൾ അനുവർത്തിച്ച മതേതര-ജനാധിപത്യ നിലപാടുകൾ എല്ലാ രംഗങ്ങളിലും ലംഘിക്കപ്പെടുന്നു. ഭരണത്തിന്റ കെടുതികൾ അനുഭവിക്കുന്നത് ഏതെങ്കിലും മതവിഭാഗങ്ങൾ മാത്രമല്ല, രാജ്യത്തെ സർവ മനുഷ്യരുമാണ്. ഊഹക്കച്ചവടത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള കോർപറേറ്റ് മുതലാളിത്തം എല്ലാ മേഖലകളിലും സർവാധിപത്യം നേടുന്നു. നോട്ട് നിരോധനത്തെത്തുടർന്ന് ഗ്രാമീണ കാർഷിക മേഖലകൾ പാടെ തകർന്നു. ചെറുകിട കച്ചവടക്കാരും കുടിൽവ്യവസായ രംഗവും നിലംപരിശായി. ജി എസ് ടി വന്നതോടെ സംസ്ഥാനങ്ങളുടെ നടുവൊടിഞ്ഞു. സംസ്ഥാനങ്ങൾ ഭരിക്കുന്ന ബി ജെ പി അല്ലാത്ത സർക്കാരുകളെ സാമ്പത്തികമായി ഞെരുക്കുന്നു. വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക രംഗത്തും വർഗീയ അജണ്ടകൾ ദ്രുതഗതിയിൽ നടപ്പാക്കപ്പെടുന്നു. ചരിത്രവും യുക്തിബോധവും ഇന്ന് ആർക്കും വേണ്ട. പുരാണവും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളുമൊക്കെ ചരിത്രസത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നു. പൗരത്വമെന്നത് ഹിന്ദുത്വമായി ചുരുങ്ങുന്നു. ദളിതുകളും ന്യൂനപക്ഷങ്ങളും ഭരണകൂട ഭീകരതയ്ക്ക് നിരന്തരം ഇരയാവുന്നു. തീവ്ര വലതുപക്ഷത്തിന്റെ ആശയങ്ങൾ വളരെ സ്വാഭാവികമെന്ന രീതിയിൽ നടപ്പാക്കപ്പെടുന്നു. അപരവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കുനേരെ ആക്രോശങ്ങളുമായി ഇറങ്ങിപ്പുറപ്പെടുന്ന ആൾക്കൂട്ടങ്ങൾ ഇന്ത്യയുടെ ഏത് ഭാഗത്തും രൂപപ്പെടുന്നു. അങ്ങനെ വിദ്വേഷത്തിന്റെയും ഉന്മൂലനത്തിന്റെയും പേടികൂടിയ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഈ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഇരകൾക്കൊപ്പം നിന്നില്ലെങ്കിലും വേട്ടക്കാർക്കൊപ്പം ഒളിയമ്പുകളുമായി ഇറങ്ങിപ്പുറപ്പെടാതിരിക്കാനുള്ള വിവേകമെങ്കിലും നാസ്തികർ കാണിക്കണം. സ്വതന്ത്ര ചിന്ത വിദ്വേഷ പ്രചാരണമല്ല. സംഘപരിവാരത്തിനനുകൂലമായ ജനസമ്മതി നിർമിക്കുന്ന പണി സ്വതന്ത്ര ചിന്തകരുടേതല്ല. നാസ്തികരുടെ വീക്ഷണത്തിൽ എല്ലാ മതങ്ങളും ഒരേ പോലെ എതിർക്കപ്പെടേണ്ടതാണ്. കാരണം അവരുടെ ചിന്തയിൽ ഭൗതികജീവിതം മാത്രമാണ് ആത്യന്തിക സത്യം. മനുഷ്യന്റെ ആത്മീയ ജീവിതത്തെയും അലൗകികാനുഭവങ്ങളെയും കൂടി അഭിമുഖീകരിക്കുന്ന മതങ്ങൾ എല്ലാം നാസ്തികർക്ക് അന്ധവിശ്വാസമാണ്. എന്നാൽ കേരളത്തിലെ നവനാസ്തികരിൽ ചിലർക്ക് ഇസ്‌ലാമിനോട് മാത്രമാണ് ശത്രുത. അതുകൊണ്ടാണ് ഇവരുടെ പ്രയാണം ഫാഷിസ്റ്റ് കൂടാരത്തിലേക്കാണ് എന്ന് പറയേണ്ടിവരുന്നത്.
ടി കെ മൊയ്തു വേളം
You must be logged in to post a comment Login