എഡിറ്റര്‍ മിസ്സിംഗ് റൂബന്‍ ബാനര്‍ജിയുടെ പുസ്തകമാണ്. റൂബന്‍ ബാനര്‍ജിയെ മറക്കരുത്. ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന സിദ്ധാര്‍ഥ് വരദരാജനെയും ദ വയര്‍ പോര്‍ട്ടലിനെയും മറക്കരുത് എന്നതുപോലെ റൂബന്‍ ബാനര്‍ജി എന്ന ഔട്ട്‌ലുക്കിന്റെ പഴയ എഡിറ്ററെയും നാം ഓര്‍ക്കേണ്ടതുണ്ട്. മറ്റൊരു കാലത്തായിരുന്നെങ്കില്‍, നമ്മുടെ ഇന്ത്യ ഇന്നുള്ളതുപോലെ ഭരണകൂട ഭയത്തിന്റെ ഇരുള്‍ദിനങ്ങളില്‍ അല്ലായിരുന്നെങ്കില്‍ റൂബന്‍ ബാനര്‍ജിയുടെ എഡിറ്റര്‍ മിസ്സിംഗ് ഒരു അസാധാരണ പുസ്തകമായേനെ. പക്ഷേ, ഇന്നത്തെ നമ്മുടെ രാജ്യത്ത് അതൊരു സാധാരണ വര്‍ത്തമാന പുസ്തകം മാത്രമാണ്. കൊവിഡ് കാലത്ത്, ഒരു രാഷ്ട്രം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം, ദരിദ്രരില്‍ ദരിദ്രരായവരാല്‍ സമരം ചെയ്ത് സൃഷ്ടിക്കപ്പെട്ട രാഷ്ട്രം അതിന്റെ പ്രജകളോട് കാട്ടിയ നിസ്സംഗതയോട് തന്റെ മാധ്യമത്തിന്റെ മുഖചിത്രത്തിലൂടെ പ്രതികരിച്ചു റൂബന്‍ ബാനര്‍ജി. മിസ്സിംഗ് എന്ന തലക്കെട്ടില്‍ പ്രകമ്പനം കൊള്ളിക്കുന്ന ഒരു കവര്‍. ഫലം റൂബന്‍ തൊഴില്‍രഹിതനായി. ഭരണകൂടത്തോട് സന്ധിചെയ്യാന്‍ വിസമ്മതിക്കുന്ന പത്രാധിപന്‍മാരുടെ വംശാവലിയിലേക്ക് തന്റെ പേര് ചേര്‍ത്ത് വെച്ച് അയാള്‍ പുസ്തകങ്ങള്‍ എഴുതാന്‍ തുടങ്ങി. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പുസ്തകമാണ് എഡിറ്റര്‍ മിസ്സിംഗ്. സമകാലിക ഇന്ത്യന്‍ മാധ്യമ ലോകത്തിന്റെ ആത്മകഥയ്ക്കിടാവുന്ന സങ്കടകരമായ തലക്കെട്ട്. ഈ കുറിപ്പ് റൂബന്‍ ബാനര്‍ജിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പുതിയ സെന്‍സേഷണല്‍ പുസ്തകത്തെക്കുറിച്ചോ അല്ല. പക്ഷേ, ഈ കുറിപ്പ് അവസാനിക്കും വരെ ആ തലക്കെട്ട് നാം ഓര്‍ത്തുവെക്കും.
മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ ദീര്‍ഘചരിത്രത്തിലെ ഏറ്റവും അപമാനിതമായ ദിവസങ്ങളാണ് കടന്നുപോകുന്നത്. മാധ്യമ കേരളത്തിന്റെ മരണം പ്രഖ്യാപിച്ച നാളുകള്‍. ഈ വരികള്‍ എഴുതുമ്പോഴും ആ ദിവസത്തിലെ ആ അലര്‍ച്ച ഉണര്‍ത്തിയ കൊടും നടുക്കം ഈ ലേഖകനെ വിട്ടുപോയിട്ടില്ല. രണ്ടേകാല്‍ പതിറ്റാണ്ടാവുന്ന മാധ്യമ ജീവിതത്തില്‍ ഇത്രമേല്‍ അപമാനിതമായ മറ്റൊരു സന്ദര്‍ഭം ഓര്‍മയിലില്ല. വാര്‍ത്തകള്‍ ഭക്ഷിച്ചും വാര്‍ത്തകള്‍ സൃഷ്ടിച്ചും വാര്‍ത്തയായി മാറിയും ജീവിക്കുന്ന ഒരു സമൂഹം കൂടിയാണ് കേരളം. എത്ര തള്ളിപ്പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ കേരളീയ ജീവിതത്തിന്റെ ദൈനംദിന സാന്നിധ്യമാണ്. വാര്‍ത്തകളുടെ മൂല്യങ്ങള്‍, മാധ്യമ പ്രവര്‍ത്തകരുടെ അന്തസ്സ് എല്ലാം കുറഞ്ഞിട്ടുണ്ടാകാം. പക്ഷേ, മലയാളിക്ക് വാര്‍ത്തകള്‍ ജീവിതത്തിന്റെ ഭാഗമാണ്. വാര്‍ത്തകള്‍ അറിയുന്ന വഴികള്‍ മാറിയിട്ടുണ്ടാകാം. പക്ഷേ, വാര്‍ത്ത അവിടുണ്ട്. വിമാനാപകടം മുതല്‍ കമ്പോള നിലവാരം വരെ മലയാളി നിത്യം ഭക്ഷിക്കുന്ന സകല വാര്‍ത്തകള്‍ക്കും പിന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍, ഈ ലേഖകന്റെ സഹജീവികളുണ്ട്. ഞങ്ങളില്‍ ചിലര്‍ ഈ തൊഴിലിന്റെ അന്തസത്തയെ തച്ചുടച്ചിട്ടുണ്ടാവാം. പരസ്യങ്ങളുടെയും വിപണിയുടെയും തിട്ടൂരങ്ങളോട് ചെറുക്കാനാകാതെ ഞങ്ങളില്‍ ചിലര്‍ കീഴടങ്ങിയിട്ടുണ്ടാകാം. പൈങ്കിളി സീരിയലുകളുടെ സമയത്തോട് മത്സരിക്കുന്ന ഞങ്ങളുടെ വാര്‍ത്താ ചര്‍ച്ചകള്‍ ആ സീരിയലുകളെക്കാള്‍ താണുപോയിട്ടുണ്ടാകാം. ഒരു വലിയ സമൂഹമാണല്ലോ ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ പ്രവര്‍ത്തകേതര സമൂഹത്തില്‍ കാണുന്ന മുഴുവന്‍ പുഴുക്കുത്തുകളും ഏറിയും കുറഞ്ഞും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകാം. പക്ഷേ, നിങ്ങള്‍ മറന്നുപോകരുത്. നിങ്ങള്‍ ഭക്ഷിച്ചതും ഭക്ഷിക്കുന്നതുമായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഞങ്ങളില്‍ ഒരാളുണ്ട്. തൊഴിലാളികളുമാണ്. അന്നം തേടുന്ന തൊഴിലാളികള്‍. അങ്ങനെയുള്ള ഞങ്ങള്‍ തൊഴിലെടുക്കാനാണ് കേരള ഗവര്‍ണറുടെ മുന്നില്‍ ചെല്ലുന്നത്. രാവിലെ മുതല്‍ നിങ്ങള്‍ തുറന്നുവെക്കുന്ന വാര്‍ത്താലോകത്തില്‍ ഓരോ നിമിഷവും സംഭവിക്കുന്നത് നിങ്ങള്‍ക്ക് വേണമല്ലോ? അതില്‍ നിങ്ങള്‍ക്ക് ഹിതമായത് കൊള്ളാം അഹിതമായത് അയ്യേ എന്നാണ് എന്ന് ഞങ്ങള്‍ ഈ തൊഴിലാളികള്‍ക്ക് അറിയാഞ്ഞല്ല. പക്ഷേ, തൊഴിലാണ്. ചെയ്യണം. ഞങ്ങളുടെ സഹജീവികള്‍ നിങ്ങള്‍ പരസ്യമായി പരിഹസിക്കുകയും രഹസ്യമായി കാമിക്കുകയും ചെയ്യുന്ന ആ കോലും ക്യാമറയുമായാണ് അദ്ദേഹത്തിന് മുന്നിലെത്തിയത്. പുതുകാല രാജ്ഭവന് മുന്‍കൂര്‍ അനുവാദം എന്ന പുതുനടപ്പുണ്ട്. അതില്‍ വാഴുന്നവരുടെ ഇഷ്ടമാണല്ലോ അത്. നടക്കട്ടെ. അതെല്ലാം തൊഴില്‍ നടക്കാന്‍ ഞങ്ങള്‍ പുലര്‍ത്തി. അദ്ദേഹത്തിന്റെ മുന്നിലെത്തി.
ഒരു കോമിക് നാടകത്തിലെ അപ്രവചനീയ വില്ലന്റെ മുഖഭാവം പൊടുന്നനെ അദ്ദേഹം എടുത്തണിഞ്ഞു. മുഖമാകെ വലിച്ചുകെട്ടി. ചിരിയടക്കാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ പെട്ട പെടാപ്പാട് എനിക്ക് മനസിലാവും. ഞങ്ങളാരും ഗവര്‍ണറെ, അതിലും മുന്തിയവരെ ആദ്യമായി കാണുകയല്ലല്ലോ? അദ്ദേഹം ആക്രോശിക്കാന്‍ തുടങ്ങി. ഞാനത് ടി വിയില്‍ തത്സമയം കാണുകയായിരുന്നു. എനിക്കപ്പോള്‍ എന്തോ പ്രവീണ്‍ തൊഗാഡിയ എന്ന പഴയൊരു നേതാവിന്റെ ഗോഷ്ടികള്‍ ഓര്‍മ വന്നു. മുസ്‌ലിം എന്ന് ഉച്ചരിക്കുമ്പോള്‍, കമ്യൂണിസ്റ്റ് എന്ന് പറയുമ്പോള്‍ അയാളുടെ മുഖത്ത് ഓക്കാനത്തെ ഓര്‍മിപ്പിക്കുന്ന ഗോഷ്ടികള്‍ പതിയുമായിരുന്നു. അതേ ഗോഷ്ടികളുടെ വൃദ്ധാനുകരണം ഞാന്‍ ഗവര്‍ണറില്‍ കണ്ടു.
ഗെറ്റൗട്ട് ഒരലര്‍ച്ച ആയിരുന്നു. മാനാഭിമാനമുള്ള ഒരു മനുഷ്യന്റെ തൊലിയുരിക്കാന്‍ ഏറ്റവും പ്രാപ്തമായ ശകാരം. നാടകങ്ങളിലെ കൊടും ക്രൂരരായ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുന്ന സംസ്‌കാരരഹിതവും നാഗരികതാ വിരുദ്ധവുമായ അധികാര പദം. തൊഴിലാളിക്കുമേല്‍ മുതലാളി, അടിമയ്ക്ക് മേല്‍ അധീശന്‍ നിരന്തരം പുലമ്പുന്ന അശ്ലീലമായ പുലഭ്യമാണ് ഗെറ്റൗട്ട്. എന്റെ രണ്ട് സഹജീവികളെ, മീഡിയ വണ്ണിലെയും കൈരളി ടി വിയിലെയും സഹപ്രവര്‍ത്തകരെ കൈചൂണ്ടി, രൗദ്രതയോടെ പല്ലിറുമ്മി ഗവര്‍ണര്‍ ഗെറ്റൗട്ട് പറഞ്ഞു. നോക്കൂ, എന്റെ സംസ്ഥാനത്ത്, എന്റെ നികുതിപ്പണത്താല്‍ പ്രവര്‍ത്തിക്കുന്ന ഒരിടത്ത് തൊഴിലെടുക്കാന്‍ ചെന്ന എന്റെ സഹജീവികളെ ഒരാള്‍ ഗെറ്റൗട്ട് എന്ന് അലറി പുറത്താക്കുകയാണ്. നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ ആ രണ്ട് ജേണലിസ്റ്റുകളുടെ, ആ രണ്ട് തൊഴിലാളികളുടെ അന്നേരത്തെ മനോനിലയും അപമാനഭാരവും. ഒരുമിച്ചു പോയ ഒരിടത്ത് നിന്ന് രണ്ടുപേരെ തിരഞ്ഞ് വിളിച്ച്, മത-രാഷ്ട്രീയ മുന്‍വിധിയോടെ പുറത്താക്കുകയാണ്. ഒപ്പം വന്ന രണ്ടുപേര്‍ പുറത്താക്കപ്പെട്ടോ, അവര്‍ പുറത്തുപോയോ എന്ന് ഉറപ്പിക്കാന്‍ ബാക്കിനില്‍ക്കുന്ന മനുഷ്യരോട് ആജ്ഞാപിക്കുകയാണ്.
പൊടുന്നനെ സംഭവിക്കാന്‍ പോകുന്നതോര്‍ത്ത് ഞാന്‍ ത്രസിക്കാന്‍ തുടങ്ങി. കേസരി തൊട്ടിങ്ങോട്ട് മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ അന്തസുയര്‍ത്തിയ മഹത്തായ പേരുകള്‍ ഒരു വെള്ളച്ചാട്ടം കണക്കേ ഞാനോര്‍ത്തു. ദേശാഭിമാനി എന്ന സി പി എം മുഖപത്രത്തിന്റെ ജേണലിസ്റ്റിനെ വിലക്കിയതിന്റെ പേരില്‍ നയപ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്യാതെ വക്കം പുരുഷോത്തമന്‍ എന്ന സ്പീക്കര്‍ക്ക് മൂക്കുകയറിട്ട ധീര കേസരികളായ മുന്‍ഗാമികളെ ഓര്‍ത്തു. ഇപ്പോള്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. “മിസ്റ്റര്‍, ഞങ്ങള്‍ താങ്കളുടെ കല്യാണം കൂടാന്‍ വന്നതല്ല. ഞങ്ങളുടെ സ്‌റ്റേറ്റിന്റെ ഗവര്‍ണര്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണ്. ഞങ്ങളില്‍ രണ്ടുപേരെ പുറത്താക്കാന്‍, അവരോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. നിങ്ങള്‍ കേരളത്തിന്റെ പത്രപ്രവര്‍ത്തന ചരിത്രം അറിയാതെ ഈ നാടിനെ അപമാനിക്കരുത്. തെറ്റ് തിരുത്തണം. അവര്‍ കൂടി ഇല്ലാതെ ഈ പത്രസമ്മേളനം നടക്കില്ല. ഞങ്ങള്‍ താങ്കളെ റിപ്പോര്‍ട്ട് ചെയ്യില്ല.’ ഇടിമുഴങ്ങുന്ന ഒച്ചയില്‍ ഞാനെഴുതിയ ഈ വാചകങ്ങളെക്കാള്‍ പതിന്‍മടങ്ങ് മൂര്‍ച്ചയില്‍ ഇങ്ങനൊരു വാചകം തൊട്ടടുത്ത സെക്കൻഡില്‍ പ്രതീക്ഷിച്ചു. ഗവര്‍ണറെ ബഹിഷ്‌കരിച്ചിറങ്ങുന്ന സഹജീവികള്‍ക്കായി ചുരുട്ടാന്‍ എന്റെ മുഷ്ടി ഒരുങ്ങി.
ഞാന്‍ നാണം കെട്ടു. രണ്ടേകാല്‍ പതിറ്റാണ്ട് ഈ തൊഴിലില്‍ തുടര്‍ന്ന ഓര്‍മകള്‍ എന്നെ കൊത്തിവലിച്ച് അപമാനിക്കാന്‍ തുടങ്ങി. ഏഷ്യാനെറ്റ് എന്ന ഒന്നാമന്‍, പതിറ്റാണ്ടുകള്‍ ഇപ്പണി എടുത്ത ശ്രീകണ്ഠന്‍ നായരുടെ 24 ന്യൂസ്, മഹാപാരമ്പര്യമുള്ള മനോരമ, നൂറ്റാണ്ടിന്റെ ശോഭയില്‍ നില്‍ക്കുന്ന മാതൃഭൂമി എല്ലാവരും നിര്‍ലജ്ജം ആ പന്തിയില്‍ സഹപ്രവര്‍ത്തകരായ രണ്ടാളുകളുടെ മുഖത്ത് ചവിട്ടി അതേ നില്‍പ് തുടര്‍ന്നു. സംഘപരിവാര്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ ചുട്ടെടുത്ത പരദൂഷണപ്പുട്ട് തൊണ്ട തൊടാതെ വിഴുങ്ങി. അനന്തരം മടങ്ങി. ദൈവമേ, ദൈവമേ എന്റെ ലോകത്തെ ഇരുട്ട് വിഴുങ്ങുന്നുവല്ലോ എന്ന എന്റെ വിലാപം ബാക്കിയായി.
എന്റെ മാധ്യമ ലോകം ഈ കൊടും അവകാശലംഘനത്തെ, അപമാനിക്കലിനെ എങ്ങനെ നേരിടുന്നു, എങ്ങനെ അവര്‍ വാര്‍ത്തകള്‍ കൊടുക്കുന്നു എന്നറിയാന്‍ വെമ്പി. ഏഷ്യാനെറ്റ് ഗവര്‍ണറുടെ വാക്കുകളെ ആഘോഷിക്കുകയാണ്. മാതൃഭൂമിയിലും മനോരമയിലും 24-ലും എന്റെ ടി വിയില്‍ സേവന ദാതാവ് ചൊരിയുന്ന മറ്റെല്ലാ വാര്‍ത്താ ചാനലിലും ഗവര്‍ണര്‍. അദ്ദേഹത്തിന്റെ വാക്കുകള്‍. വഴിവാണിഭത്തിന്റെ ആഘോഷം പോലെ.
ഫോണില്‍ ഒരു സന്ദേശം. റിപ്പോര്‍ട്ടര്‍ കാണൂ. പഴയ സഹപ്രവര്‍ത്തകനാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ സാധാരണ നിലയില്‍ കിട്ടാറില്ല. പണമില്ലാത്ത ഒരു പാവം ചാനലാണല്ലോ? യൂട്യൂബിന്റെ സഹായത്താല്‍ റിപ്പോര്‍ട്ടര്‍ കിട്ടി. ലൈവ്.
ഇരുളില്‍ അപ്പോള്‍ ഉദിക്കുന്നു നിന്‍മുഖം കരുണതന്‍ ജനനാന്തര സാന്ത്വനം എന്ന് എഴുതിയത് ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്. ഇരുട്ടു കീറുന്ന വജ്രസൂചിപോല്‍ എന്ന് എഴുതിയത് കുമാരനാശാനും. ഇരുളാണ്ട് കെട്ടുപോയല്ലോ എന്റെ തൊഴില്‍ എന്ന് സങ്കടം പൂണ്ട എന്റെ മുന്നിലേക്ക് അയാള്‍ നിറഞ്ഞു. പാകമാകാത്ത കോട്ടും, ഇഴയുന്ന സാങ്കേതികതയാല്‍ നിറം മങ്ങിയ സ്‌ക്രീനും. പക്ഷേ, ഉജ്വലമായിരുന്നു അയാളുടെ ശബ്ദം. രണ്ട് പതിറ്റാണ്ടായി കേരളം കേള്‍ക്കുന്ന ആ ശബ്ദത്തില്‍ അയാളുടെ ഉറച്ച വാക്കുകള്‍. മാധ്യമങ്ങളെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അധികാര പ്രമത്തതയുമാണ്. അതിനാല്‍ ഞങ്ങള്‍ ആ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നു. അത് എം വി നികേഷ്‌കുമാറായിരുന്നു. പലപ്പോഴുമെന്നപോലെ ഞാന്‍ ആ ഒറ്റയാന് കയ്യടിച്ചു.
ഞങ്ങള്‍ കെട്ടുപോയിട്ടില്ല എന്നതിന്റെ അവശേഷിക്കുന്ന തെളിവാണ് നികേഷ്. കറന്റ് കാശടക്കാന്‍ നിവൃത്തിയില്ലാത്ത ചാനല്‍ മേധാവി. വന്‍ പുലികളെ ജേണലിസ്റ്റുകളായി നിയമിക്കാന്‍ പാങ്ങില്ലാതെ പണി പഠിക്കാന്‍ വരുന്നവരെക്കൊണ്ട് പണിയെടുപ്പിക്കുന്ന മേധാവി. തിരഞ്ഞെടുപ്പ് പോലെ ഒറ്റക്ക് മേയ്ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ അയാളെ തിരഞ്ഞുവരും, ഞാനിരിക്കാം എന്ന് പറഞ്ഞ് വരും പഴയ സുഹൃത്തുക്കള്‍. ഇങ്ങനൊരാള്‍ അയാള്‍ മാത്രമാണ്.
മലയാള മാധ്യമ ചരിത്രത്തില്‍ ആ ഒറ്റ മനുഷ്യന്‍ എങ്ങനെ ആവും രേഖപ്പെടുക എന്ന് ആലോചിച്ചിട്ടുണ്ട്. നിശ്ചയമായും അത് മലയാളത്തിലെ ആദ്യ മുഴുനീള വാര്‍ത്താ ചാനലിന്റെ പ്രാരംഭകന്‍ എന്ന പേരിലാവും. ഇന്ത്യാവിഷനാണ് മലയാളത്തില്‍ മൂലധനത്തെ മറികടന്ന ആദ്യ വാര്‍ത്താ ചാനല്‍. നികേഷ് എഡിറ്ററായിരിക്കേ, അതേ എഡിറ്റര്‍ റൂബന്‍ ബാനര്‍ജിയെ മറക്കരുത്, എം കെ മുനീര്‍ എന്ന ലീഗ് നേതാവായിരുന്നു അതിന്റെ മുതലാളി. മുനീറിന്റെ താല്‍പര്യങ്ങളെ നമുക്ക് വിടാം. മുനീറിനെ മറികടക്കാന്‍ ത്രാണി ഉണ്ടായിരുന്നു നികേഷ് എന്ന പത്രപ്രവര്‍ത്തകന്. മുനീറിന്റെ രാഷ്ട്രീയ ഭാവി വകവെക്കാതെയാണ് അന്നത്തെ രാഷ്ട്രീയ വമ്പന്‍ പി കെ കുഞ്ഞാലിക്കുട്ടിയോട് ഇന്ത്യാവിഷന്‍ കൊമ്പുകോര്‍ത്തത്. നികേഷ് ഒറ്റയ്ക്കായിരുന്നില്ല. പിന്നീട് ഉദരനിമിത്തം, തീര്‍ച്ചയായും അതൊരു തെറ്റല്ല, പല ചാനലുകളില്‍/ മാധ്യമങ്ങളില്‍ ചേക്കേറിയ പ്രതിഭാശാലികളുടെ വന്‍ നിര ഒപ്പമുണ്ടായിരുന്നു. നായകന്‍ പക്ഷേ, നികേഷായിരുന്നു. വമ്പനെ ചൂണ്ടയില്‍ കോര്‍ത്തെങ്കിലും വമ്പനാനുകൂലികളുടെ ജന്മാന്തര പക തുടര്‍ന്നു. ഇന്ത്യാവിഷന് നില്‍ക്കക്കള്ളിയില്ലാതായി. ഉടുതുണിക്ക് മറുതുണിയില്ലാതെ ആ ചാനലുമായി നികേഷ് ഒറ്റയ്ക്ക് നീന്തിയത് കേരളത്തിന്റെ മാധ്യമചരിത്രത്തിലെ ഉജ്വലമായ ഏടാണ്. അക്കാല പട്ടിണികള്‍ അയാള്‍ മാതൃഭൂമി അഭിമുഖത്തില്‍ ഓര്‍ത്തെടുത്തത് ഓര്‍ക്കുന്നു. സൈന്യം ഒന്നൊന്നായി കൂടൊഴിഞ്ഞു. അയാള്‍ അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്കായി. അപ്പോഴും മുന്‍ പിന്‍ നോക്കാതെ അയാള്‍ വിചാരണകള്‍ തുടര്‍ന്നു. രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്ന ആ ഉഗ്ര വിചാരണകളുടെ രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ഈച്ച കോപ്പികളെയാണ് ഇപ്പോള്‍ മലയാള ചാനലുകളിലെ അവതാരകരായി നാം കാണുന്നത്.
ഇപ്പറഞ്ഞതിനര്‍ഥം മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ മഹാമാതൃകയാണ് നികേഷ്‌കുമാര്‍ എന്നല്ല. നിശ്ചയമായും അല്ല. സമകാലിക മലയാള മാധ്യമ ലോകത്ത് അങ്ങനെയൊരു മാതൃകാരൂപത്തെ കണ്ടെത്തുകയും പ്രയാസമാണ്. മൂലധനവും താല്‍പര്യങ്ങളും പ്രതിഭാദാരിദ്ര്യവും മൂല്യനഷ്ടവും വിരാജിക്കുന്ന മേഖലയില്‍ അത് അങ്ങനെയേ വരൂ. മാത്രവുമല്ല മലയാള മാധ്യമ ലോകത്ത് നാം ഇന്ന് കാണുന്ന വാചാടോപങ്ങളുടെയും കണ്ണുംപൂട്ടിയുള്ള ബ്രേക്കിംഗുകളുടെയും പ്രഭവസ്ഥാനം പോലും നികേഷാണ്. ചര്‍ച്ചയില്‍ അതിഥിയായി വരുന്ന പൊതുപ്രവര്‍ത്തകരോട് ഇന്ന് ചാനല്‍ അവതാരകര്‍ ചര്‍ച്ച കൊഴുപ്പിക്കാന്‍ പരസ്യമായി നടത്തുന്ന അനാദരവുകളുടെ തുടക്കവും നികേഷില്‍ നിന്നാണ്. പക്ഷേ, ഒരു വ്യത്യാസം അന്നേ ഉണ്ട്. പരസ്യമായുള്ള ആ വിമര്‍ശനം നികേഷിന്റെ നിലപാട് ആയിരുന്നു. വാസ്തവത്തില്‍ ഇന്ത്യാവിഷന്റെ തകര്‍ച്ച മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.
മൂലധനവും ആ മൂലധനത്തെ നിയന്ത്രിക്കാന്‍ പാങ്ങുള്ള ശക്തികളും ചേര്‍ന്ന് ശ്വാസം മുട്ടിച്ചാല്‍ പത്രപ്രവര്‍ത്തകരുടെ ധീരതയോ പത്രാധിപരുടെ കരുത്തോ കൊണ്ട് ഒരു മാധ്യമസ്ഥാപനത്തിന് മുന്നോട്ടു പോകാനാവില്ല എന്നതിന്റെ ഉദാഹരണമായിരുന്നു അത്. ഇന്ത്യാവിഷനില്‍ നിന്ന് മറ്റ് ചാനലുകളില്‍ ചേക്കേറിയ “നികേഷിന്റെ പടയാളികള്‍’ ചെന്നുപെട്ടിടത്തെ മൂലധനത്തോടും താല്‍പര്യങ്ങളോടും സന്ധിചെയ്തു. അവരെ കണ്ടു വളര്‍ന്ന, അവരോടൊപ്പം പണി പഠിച്ച പുതിയ ചാനല്‍ തലമുറ, തങ്ങള്‍ ചെയ്യുന്നതാണ് ധീരമായ ജേണലിസം എന്ന് തെറ്റിദ്ധരിച്ചു.
ഇന്താവിഷന്‍ അനന്തര നികേഷ് പില്‍ക്കാലത്തുടനീളം ഒരു മാതൃക നിര്‍മിക്കുന്നതായി കാണാം. സി പി എമ്മിന്റെ നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ച, സി പി എമ്മുമായി സന്ധിയിലായ നികേഷ് പക്ഷേ, ജേണലിസം എന്ന തൊഴിലില്‍, പത്രാധിപത്യം എന്ന പദവിയില്‍ ആ സന്ധി പുലര്‍ത്തിയില്ല. സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയില്‍ പോലും അയാള്‍ മൂലധനത്തോട് വാര്‍ത്താപരമായി സന്ധി ചെയ്തതിന് തെളിവുകളില്ല. മലയാള സിനിമ അടക്കി വാണ ദിലീപ് എന്ന കൊടും കോടീശ്വരനോട് തെല്ലൊന്ന് കണ്ണടച്ചാല്‍ കേരളത്തിലെ മറ്റേത് ചാനലിനെക്കാള്‍ സമ്പന്നമാവുമായിരുന്നു നികേഷിന്റെ വാര്‍ത്താമുറി. അയാള്‍ ചെയ്തില്ല. മറിച്ച് അക്രമിക്കപ്പെട്ട സ്ത്രീക്ക് വേണ്ടി നിലകൊണ്ടു. ദിലീപിനും അയാളുടെ സന്നാഹങ്ങള്‍ക്കും മുന്നില്‍ നികേഷ് തലയുയര്‍ത്തി നിന്നത് അയാളിലെ മിസ്സാകാന്‍ വിസമ്മതിക്കുന്ന എഡിറ്ററുടെ ബലത്താലാണ്. മൂലധനത്തിനും അതിന്റെ ചങ്ങാതികള്‍ക്കും പാദസേവ ചെയ്യുന്ന വാര്‍ത്താപ്പണി അഥവാ ക്രോണി ജേണലിസത്തിന് താനില്ല എന്ന് നികേഷ് പ്രഖ്യാപിക്കുന്നതും എഡിറ്റര്‍ഷിപ്പ് എന്ന മഹത്തായ നിലയെ മനസ്സിലാക്കിയതിനാലാണ്. അതിനാലാണ് ആരിഫ് ഖാന്‍ സഹജീവികളെ അപമാനിച്ച നിമിഷം നികേഷ് തീരുമാനമെടുത്തത്. മറ്റുള്ളവര്‍ തീരുമാനമെടുക്കാന്‍ കഴിയാതെ അവരവര്‍ക്കും തൊഴിലിനും അപമാനമായത്.
റൂബന്‍ ബാനര്‍ജിയിലാണ് തുടങ്ങിയത്. സന്ധികളില്‍ നിന്ന് സന്ധികളിലേക്ക് വഴുക്കന്‍ പ്രതലത്തിലൂടെ നടത്തുന്ന കസര്‍ത്താണ് സമകാലിക മാധ്യമപ്രവര്‍ത്തനം. മാധ്യമപ്രവര്‍ത്തകരായ മനുഷ്യരെ അവരുടെ വീഴ്ചകളില്‍ തെറ്റുപറയാനാവില്ല. ചങ്ങാത്ത ജേണലിസം പിടിമുറുക്കിക്കഴിഞ്ഞു. ഒന്നുകില്‍ മൂലധനത്തിന് വഴങ്ങി ഈ അറപ്പാര്‍ന്ന വഴുക്കന്‍ പ്രതലത്തില്‍ ട്രപ്പീസിനിറങ്ങുക, അല്ലെങ്കില്‍ നരച്ച ന്യൂസ്‌റൂമില്‍ ഒറ്റയ്ക്ക് വാര്‍ത്തക്ക് കാവലിരിക്കുന്ന ദരിദ്രനായ എഡിറ്ററാവുക. നികേഷിന്റെ വഴി നാം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. അഭിവാദ്യങ്ങള്‍ ആദരണീയനായ എഡിറ്റര്‍.\
ബിനോജ് സുകുമാരന്‍
You must be logged in to post a comment Login