മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ ജോലികളിലും 10 ശതമാനം സംവരണം ഉറപ്പുവരുത്തുന്ന വിധികളെ ശരിവച്ച് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ബെല ത്രുവേദി, ജെ ബി പര്‍ദിവാല എന്നീ മൂന്ന് പേരും ഭരണഘടനയുടെ 103-ാം ഭേദഗതിയെ അനുകൂലിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യുയു ലളിതും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
അതേസമയം, സാമ്പത്തിക നിലവാരത്തെ മാനദണ്ഡമായി എടുത്തുകൊണ്ട് സംവരണം ഏര്‍പ്പെടുത്തുന്ന രീതി ഭരണഘടനാ തത്വങ്ങളെ ലംഘിക്കുന്നതല്ലെന്ന് വിയോജിച്ചു കൊണ്ടുള്ള തങ്ങളുടെ വിധിന്യായത്തിനിടയില്‍ ജസ്റ്റിസ് ഭട്ടും ജസ്റ്റിസ് ലളിതും വ്യക്തമാക്കി. ഭരണഘടനയുടെ 15-ാം അനുച്ഛേദമനുസരിച്ച് വിദ്യാഭ്യാസ മേഖലയില്‍ സംവരണം നടപ്പാക്കുന്നതിന് സാമ്പത്തികം മാനദണ്ഡമാക്കാമെങ്കിലും 16-ാം അനുച്ഛേദം പ്രകാരം തൊഴിലുമായ ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന സംവരണത്തില്‍ വ്യക്തിയുടെ സാമ്പത്തികനിലയെ മാനദണ്ഡമാക്കരുതെന്നായിരുന്നു ജസ്റ്റിസ് ഭട്ടിന്റെ വിലയിരുത്തല്‍.
“”…സാമുദായിക പ്രാതിനിധ്യത്തിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കാനായി പൊതു വിഭവങ്ങളിന്മേല്‍ അവകാശം ലഭിക്കുന്നതിന് “സാമ്പത്തികം’ മാനദണ്ഡമാക്കുന്നത് 15-ാം അനുച്ഛേദം പ്രകാരം അനുവദനീയമാണെങ്കിലും 16-ാം അനുച്ഛേദം ഇതിനുള്ള അനുമതി നല്കിയിട്ടില്ല” – ജസ്റ്റിസ് ഭട്ടിന്റെ വിധി വ്യക്തമാക്കുന്നു.
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച പ്രതികൂല അഭിപ്രായങ്ങളെ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
1. “തുല്യ അവസരം’ എന്ന ആശയത്തിന്റെ അന്തസത്തയോട് വൈരുദ്ധ്യം പുലര്‍ത്തുന്നതാണ് 103-ാം ഭേദഗതിയിലെ വര്‍ഗീകരണങ്ങള്‍.
ബഞ്ചിലെ ഭൂരിപക്ഷ അംഗങ്ങളും പുറപ്പെടുവിച്ച വീക്ഷണങ്ങളോടുള്ള തന്റെ വിസമ്മതം പ്രകടിപ്പിച്ചു കൊണ്ട് തുടക്കത്തില്‍ത്തന്നെ ജസ്റ്റിസ് ഭട്ട് പറഞ്ഞുവച്ചത് ഇപ്രകാരമാണ്:
“”ജനാധിപത്യത്തിന്റെ കഴിഞ്ഞ 70 വര്‍ഷക്കാലയളവിനിടയില്‍ ഇതാദ്യമായി വിവേചനപരവും ബഹിഷ്‌ക്കരണ സ്വഭാവമുള്ളതുമായ ഒരു വിധി ഈ കോടതി പുറപ്പെടുവിച്ചിരിക്കുകയാണ്. നമ്മുടെ ഭരണഘടനയുടെ ഭാഷ ഒന്നിനെയും ഒഴിവാക്കുന്നതല്ല. എന്റെ അഭിപ്രായത്തില്‍, ഈ ഭേദഗതി വിവേചന സ്വഭാവമുള്ളതും നീതിയുടെ തത്വങ്ങളെ ലംഘിക്കുന്നതും അതുവഴി അടിസ്ഥാന ഘടനയ്ക്ക് തന്നെ ഇളക്കം തട്ടിക്കുന്നതുമാണ്.”
ഈ ഭേദഗതിയിലെ വര്‍ഗീകരണ സിദ്ധാന്തത്തിന്റെ പ്രയോഗം, സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ – ഒരു വശത്ത് മുന്നാക്ക സമുദായങ്ങളില്‍ നിന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറു വശത്ത് ജാതിവ്യവസ്ഥ കാരണമുള്ള അധിക പ്രതിസന്ധികളെക്കൂടി അനുഭവിക്കേണ്ടിവരുന്ന തീര്‍ത്തും ദുര്‍ബലരും ദരിദ്രരുമായ മറ്റൊരു വിഭാഗവും – വേര്‍തിരിവ് ഉണ്ടാക്കുന്നതാണെന്ന് തന്റെ അഭിപ്രായത്തെ വിശദമാക്കിക്കൊണ്ട് ജസ്റ്റിസ് ഭട്ട് പറയുന്നു. ജാതീയമായ കാരണങ്ങള്‍ കൊണ്ട് കൂടി സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളെ ഈ പുതിയ സംവരണത്തിന് പുറത്ത് നിര്‍ത്തുകയാണ് 103-ാം ഭരണഘടനാ ഭേദഗതി ചെയ്യുന്നത്. അതിലൂടെ പ്രസ്തുത പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മനുഷ്യര്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാരെക്കാള്‍ ഭേദപ്പെട്ട ജീവിതാവസ്ഥയിലുള്ളവര്‍ ആണെന്ന തെറ്റായ ബോധ്യം കൂടി നമ്മളില്‍ ഉണ്ടാക്കാന്‍ പുതിയ ഭേദഗതി കാരണമാവുന്നു. “തുല്യ അവസരം’ എന്ന ആശയത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഈ വർഗീകരണം എന്ന് ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെടുന്നു:
“”ഭരണഘടനയിലെ 15(1), 15(2), 15(4), 16(1), 16(2), 16(4) എന്നീ അനുച്ഛേദങ്ങള്‍ അനിഷേധ്യമായവയാണ്. അതില്‍ത്തന്നെ 16(1), 16(4) എന്നീ അനുച്ഛേദങ്ങള്‍ തുല്യതാ സിദ്ധാന്തങ്ങളുടെ മുഖമായി കണക്കാക്കേണ്ടവയാണെന്ന് ഈ കോടതി തന്നെ പല തവണ ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. അനുച്ഛേദം 15(4), 16(4) എന്നിവയില്‍ ഉള്‍പ്പെട്ട സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക്, പുതിയ സംവരണ മാനദണ്ഡങ്ങളായ 15(6), 16(6) പ്രകാരം ഇരട്ടി ആനുകൂല്യം ലഭിക്കും എന്ന വാദം ശരിയല്ല.”
സാമൂഹികമായി അവഗണന നേരിടുന്ന വിഭാഗങ്ങള്‍ക്ക് മുഖ്യധാരയിലേക്ക് എത്താനായി തുല്യമായ അവസരങ്ങളല്ല നിലവിലുള്ളതെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായി ഭരണഘടനയില്‍ ഉറപ്പു വരുത്തിയിരിക്കുന്ന സവിശേഷ ആനുകൂല്യങ്ങളെ ഒരു “ഫ്രീ പാസ്’ ആയി കണക്കിലെടുക്കാനാവില്ലെന്നും വിധിയെ പ്രതികൂലിച്ചുള്ള വീക്ഷണങ്ങള്‍ വ്യക്തമാക്കി. പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് കൂടി അവസരങ്ങളില്‍ സന്തുലനം ഉറപ്പുവരുത്താനും അവര്‍ അനുഭവിക്കുന്ന നഷ്ടങ്ങളെ പരിഹരിക്കാനുള്ള ഒരു ശ്രമവുമെന്നോണമാണ് ഈ സവിശേഷ ആനുകൂല്യങ്ങളെ മനസ്സിലാക്കേണ്ടതെന്നും ബെഞ്ചിലെ പ്രതികൂല വാദം പങ്കുവച്ച ജസ്റ്റിസുമാര്‍ വ്യക്തമാക്കി. 15(6), 6(6) അനുച്ഛേദങ്ങളുടെ പരിധിയില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കുന്നതിലൂടെ ഭരണഘടനയിലെ വിവേചനരഹിത സ്വഭാവമുള്ള തുല്യതാ പ്രമാണങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നെന്നും തന്റെ വിസമ്മതം അറിയിച്ചുകൊണ്ടുള്ള വിധി വായിക്കുന്നതിനിടെ ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെത്തന്നെ വ്യതിചലിപ്പിക്കുന്ന നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
2. ദരിദ്രര്‍ക്ക് ആനുകൂല്യം നല്‍കുന്നത് അനുവദനീയം, പിന്നാക്ക വിഭാഗക്കാരെ ഒഴിവാക്കുന്നത് അനുവദിച്ചുകൂടാത്തത്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൊടിയ ദരിദ്ര്യം അനുഭവിക്കുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ അനുവദനീയമല്ലാത്തതായി ഒന്നുമില്ലെന്ന് വിധിയോട് വിയോജിച്ചുള്ള നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവരെ ഈ ആനുകൂല്യങ്ങള്‍ക്ക് പുറത്ത് നിര്‍ത്തുന്നത് അനുവദിക്കാനാവില്ലെന്നും അവ കൂട്ടിച്ചേര്‍ക്കുന്നു. ജസ്റ്റിസ് ഭട്ട് പറയുന്നു:
“”നിലവില്‍ തര്‍ക്കവിധേയമായിരിക്കുന്ന ഭേദഗതിയുടെ പശ്ചാത്തലം ദാരിദ്ര്യവും സാമ്പത്തികശേഷി ഇല്ലായ്മയും അടിസ്ഥാനമാക്കിയുള്ള വ്യക്തമായ വർഗീകരണമാണല്ലോ. ഈ അടിസ്ഥാനത്തില്‍ നിന്ന് നോക്കുമ്പോള്‍ ഭരണഘടനാ ഭേദഗതി അനിഷേധ്യവുമാണ്. എന്നാല്‍ നിയമപരമായിത്തന്നെ അംഗീകരിക്കപ്പെട്ട സാമൂഹിക ഒഴിച്ചുനിര്‍ത്തലിന്റെ ഉപോല്പന്നമായ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന, അതിന്റെ ഫലമായി രൂപപ്പെട്ട ദാരിദ്ര്യവും സാമ്പത്തിക കഷ്ടതയും മേൽപറഞ്ഞ അതേ തോതില്‍ അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനതയെ പുതിയ സംവരണ തത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഭരണഘടനയാല്‍ നിരോധിതമായ വിവേചനമാണ് ഭേദഗതിയിലൂടെ നടപ്പിലാക്കപ്പെടുന്നത്. വിവേചനം അഥവാ വേര്‍തിരിവ് ഉണ്ടാവാന്‍ പാടില്ലെന്ന പരമ പ്രമാണത്തെ അടിസ്ഥാനപ്പെടുത്തിയാണ് 15(1), 16(1), 15(2), 16(2) എന്നീ അനുച്ഛേദങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്. തുല്യതാ പ്രമാണത്തിന്റെ സത്തയ്ക്ക്, പ്രത്യേകിച്ച് അതിന്റെ വിവേചന വിരുദ്ധ മുഖത്തിന് നല്കുന്ന അടിയാണ് അത്തരം ഭേദഗതികള്‍.”
2001ലെ സെന്‍സസും 2004-2005 വര്‍ഷങ്ങളിലെ സ്ഥിതിവിവര കണക്കുകളും അടിസ്ഥാനമാക്കി 2010ല്‍ പ്രസിദ്ധീകരിച്ച സിനോ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കണക്കുകളും പ്രതികൂല വാദം ഉന്നയിച്ച ജസ്റ്റിസുമാര്‍ പരാമര്‍ശിച്ചു. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആകെ 31.7 കോടി ജനങ്ങളില്‍ പട്ടികജാതി വിഭാക്കാര്‍ 7.74 കോടിയും (രാജ്യത്തെ ആകെ പട്ടികജാതി വിഭാഗക്കാരില്‍ 38% പേര്‍) പട്ടികവർഗ വിഭാഗക്കാര്‍ 4.25 കോടിയും (രാജ്യത്തെ ആകെ പട്ടികവർഗ വിഭാഗത്തിന്റെ 48%) മറ്റു പിന്നാക്ക ജാതികളില്‍പ്പെട്ടവര്‍ 13.86 കോടിയും (രാജ്യത്തെ ആകെ ഒബിസി വിഭാഗത്തിന്റെ 33.1%) ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 5.5 കോടിയും (രാജ്യത്തെ ആകെ ജനറല്‍ വിഭാഗക്കാരുടെ 18.2%) ആണെന്ന് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
“”രാജ്യത്തെ ആകെ ജനങ്ങളില്‍ നിന്ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വലിയൊരു പങ്കും 15(4), 16(4) അനുച്ഛേദങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങളാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.” ജസ്റ്റിസ് ഭട്ട് പറയുന്നു.
3. സ്വകാര്യ, അണ്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണം ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാം.
സ്വകാര്യ, അണ്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടോ എന്ന ചോദ്യത്തിനോടുള്ള ജസ്റ്റിസ് ഭട്ടിന്റെയും ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെയും മറുപടി സാമ്പത്തിക സംവരണത്തോട് അനുകൂല നിലപാട് സ്വീകരിച്ച മറ്റ് ജസ്റ്റിസുമാരുടേതിന് സാമ്യമായിരുന്നു.
“”പ്രമതി & സൊസൈറ്റി ഫോര്‍ അണ്‍ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകളുടെ കേസില്‍ നിരീക്ഷിച്ചത് പോലെ സ്വകാര്യ സ്ഥാപനങ്ങളിലെ സംവരണം അതിനാല്‍ത്തന്നെ അടിസ്ഥാനഘടനയുടെ ലംഘനമല്ല. ആയതിനാല്‍ സംവരണമെന്ന ആശയത്തെ പൂര്‍ണമായി ഒഴിവാക്കാനുമാവില്ല. സ്വകാര്യ, അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കേണ്ട ഉപകരണങ്ങളാവണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലായിരിക്കാം. എന്നാല്‍ സമൂഹത്തിന്റെ പൊതുവായ ഭൗതിക വിഭവങ്ങളായും കണക്കാക്കുന്നവയാണ് ഈ സ്ഥപനങ്ങളെന്നതും ഈ വിഭവങ്ങളില്‍ സര്‍ക്കാരിന് കൃത്യമായ താല്പര്യങ്ങളുണ്ടെന്നതും ഇവിടെ പ്രസക്തമാവുന്നു. സ്ഥാപകരെപ്പോലെ കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ളവരുടെ മാത്രം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് രൂപീകരിക്കപ്പെട്ടവയല്ല ഈ സ്ഥാപനങ്ങള്‍. ആയതിനാല്‍ രണ്ടാമത്തെ ചോദ്യവുമായി ബന്ധപ്പെട്ട് ഈ ഭേദഗതിക്ക് സാധുതയുണ്ട്. എന്നാല്‍ മൂന്നാമത്തെ ചോദ്യത്തിന് ഉത്തരം നല്കുമ്പോള്‍ ഈ ഭേദഗതിയെ അസാധുവായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു.”
4. 50% എന്ന മേല്‍പ്പരിധിയുടെ ലംഘനം വിഘടനത്തിന് കാരണമായേക്കാം; സംവരണം താല്ക്കാലികമായതും ഒഴിവാക്കാനാവാത്തതുമാണ്.
50% എന്ന സംവരണ മേല്പരിധി ലംഘിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി. 1994ലെ 76-ാം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനവും 50% എന്ന സംവരണ മേല്പരിധി ലംഘിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. ആ ഭേദഗതിയെ ചോദ്യംചെയ്തുകൊണ്ട് നിരവധി പരാതികളാണ് സുപ്രീംകോടതിക്ക് മുന്‍പിലെത്തിയത്.
“”15(4), 16(4) അനുച്ഛേദങ്ങളാല്‍ അനുവദനീയമായ സംവരണത്തിന്റെ പരമാവധി പരിധിയായ 50% ത്തിനൊപ്പമോ അതിനതീതമോ ആയ സംവരണാര്‍ഹരെ സൃഷ്ടിക്കാനും 10% മുന്നാക്ക സംവരണം സ്വീകരിക്കുന്ന പുതിയൊരു വര്‍ഗത്തെ രൂപീകരിക്കാനും ഈ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങളുടെ വീക്ഷണങ്ങള്‍ ഇടയാക്കുമെന്നതിനാല്‍ തന്നെ ഈ വിധിയെ ചോദ്യംചെയ്തുകൊണ്ട് ഉണ്ടാവുന്ന പുതിയ പരാതികളും അവ ഉയര്‍ത്തുന്ന വെല്ലുവിളികളും കൂടി മുന്നില്‍ക്കാണണം എന്നാണ് എന്റെ അഭിപ്രായം.”
ആയതിനാല്‍ സംവരണത്തിന്റെ മേല്പരിധിയായ 50% ലംഘിക്കാന്‍ അനുവദിക്കുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും എന്നും തത്ഫലമായി വിഭാഗീകരണം ഉണ്ടായേക്കും എന്നും ജസ്റ്റിസ് ഭട്ട് അഭിപ്രായപ്പെട്ടു.
“”തുല്യത ഉറപ്പുവരുത്താനുള്ള നിയമത്തിന്റെ ശ്രമങ്ങള്‍ ക്രമേണ സംവരണത്തിനുള്ള അവകാശം എന്ന തലത്തില്‍ മാത്രമായി നിജപ്പെടുത്താന്‍ ഇടയുണ്ട്. അത് ചെമ്പകം ദൊരൈരാജന്റെ കേസിലേക്ക് നമ്മെ തിരികെ കൊണ്ടുപോവും. ഈയവസരത്തില്‍ സംവരണത്തെ താല്ക്കാലികവും സവിശേഷവുമായ സംഗതിയായി മനസ്സിലാക്കണമെന്നും അല്ലാത്ത പക്ഷം തുല്യതയുടെ പ്രമാണങ്ങളെ അപ്പാടെ വിഴുങ്ങാന്‍ പോലും അതിന് സാധിച്ചേക്കുമെന്ന അംബേദ്ക്കറിന്റെ വിലയിരുത്തല്‍ കൂടി പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.”
5. ഇന്ത്യയുടെ സാംസ്‌കാരികതയിലും ധാർമികതയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന സാഹോദര്യം.
രാജ്യത്തിന്റെ സാംസ്‌കാരികതയിലും ധാർമികതയിലും ആഴത്തില്‍ പതിഞ്ഞിരിക്കുന്ന മൂല്യമാണ് സാഹോദര്യമെന്ന് തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭട്ട് പറഞ്ഞു.
“”തുല്യതയുടെ പ്രമാണങ്ങളായി കണക്കാക്കപ്പെടുന്ന വ്യവസ്ഥകള്‍ സാഹോദര്യവുമായി അഭേദ്യമായി ഇഴചേര്‍ന്നിരിക്കുന്നവയാണ്. ആത്യന്തികമായി എല്ലാ വ്യക്തികളും മനുഷ്യരാണെന്നും എല്ലാവരും ഒരേ ശാരീരിക പരിമിതികള്‍ക്ക് വിധേയരായി ഒരേ പ്രകൃതിദത്ത പ്രക്രിയികളിലൂടെ കടന്നുപോവുന്നവരാണെന്നും ഒരുപോലെ ലോകം വിട്ടുപോവുന്നവരാണെന്നും പറഞ്ഞുവയ്ക്കാന്‍ സാഹോദര്യത്തിനല്ലാതെ മറ്റൊരു ആശയത്തിനും സാധിക്കില്ല. പുതുതായി രൂപംകൊള്ളുന്ന സ്ഥാപനങ്ങളും നാം വികസിപ്പിക്കുന്ന ആശയങ്ങളും നാം ലക്ഷ്യംവയ്ക്കുന്ന പുരോഗതിയുമെല്ലാം സാധ്യമാവണമെങ്കില്‍ സഹകരണവും യോജിപ്പും ഉണ്ടായേ മതിയാവൂ എന്ന ബോധ്യം സമൂഹത്തിലെ ഓരോ അംഗത്തിലും ഉണ്ടാക്കാന്‍ സാഹോദര്യത്തിലൂടെ സാധിക്കുന്നു.”
1893ല്‍ ചിക്കാഗോയില്‍ വെച്ച് സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രംഗത്തിലെ ഒരു ഭാഗവും അദ്ദേഹം പറഞ്ഞു.
“”ഈ തെളിവുകളുടെ പശ്ചാത്തലത്തില്‍, സ്വന്തം മതത്തിന്റെ മാത്രം നിലനിൽപ്പും മറ്റുള്ളവയുടെ നാശവും ആരെങ്കിലും സ്വപ്നം കാണുന്നുണ്ടെങ്കില്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അവനോട് സഹതപിക്കുന്നു. എത്ര തടയാന്‍ ശ്രമിച്ചാലും എല്ലാ മതങ്ങളുടെയും അടിസ്ഥാന ആശയങ്ങള്‍ അധികം വൈകാതെ എഴുതപ്പെടുമെന്നും ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു. പരസ്പരം പൊരുതാതെ അന്യോന്യം സഹായിക്കൂ, തകര്‍ക്കാതെ സ്വാംശീകരിക്കൂ, ഭിന്നത ഒവിവാക്കി ഐക്യവും സമാധാനവും പുലരാന്‍ ശ്രമിക്കൂ.”
എതിര്‍വാദത്തിന്റെ സംക്ഷിപ്തം
1. സാമ്പത്തികം മാത്രം മാനദണ്ഡമായി എടുത്ത് സംവരണം ഏര്‍പ്പെടുത്തുന്നതിനായി 103-ാം ഭരണഘടന ഭേദഗതി നടപ്പിലാക്കുന്നത് അടിസ്ഥാന ഘടനയുടെ ലംഘനമാണോ?
സാമ്പത്തിക മാനദണ്ഡത്തെ അടിസ്ഥാനമാക്കി പ്രത്യേക വ്യവസ്ഥകള്‍ മുഖേന ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ നിര്‍ദേശിച്ചിരിക്കുന്ന വ്യവസ്ഥകള്‍ നിറവേറ്റാനുള്ള സ്റ്റേറ്റിന്റെ നിര്‍ബന്ധിത താല്പര്യത്തെ സാധൂകരിക്കുന്ന വിധത്തിലുള്ളതാണ് ഈ ചോദ്യം.
“”സാമ്പത്തികത്തെ മാനദണ്ഡമാക്കാനായി കൊണ്ടുവന്ന പ്രത്യേക വ്യവസ്ഥകള്‍ തത്വത്തില്‍ നിയമലംഘനമല്ല. തുല്യ അവസരങ്ങളും സാധ്യതകളും തുറന്നുകൊടുക്കാന്‍ വ്യക്തിയെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള ശക്തമായൊരു ആയുധമായാണ് സംവരണത്തെ രൂപകല്പന ചെയ്തിരിക്കുന്നത്. സാമ്പത്തിക നിലവാരത്തെ സംവരണത്തിനുള്ള പുതിയൊരു മാനദണ്ഡമായി കൊണ്ടുവരുന്നത് അനുവദനീയമാണ്.”
2. EWS ക്വോട്ടയില്‍ നിന്നും SC/ST/OBC വിഭാഗങ്ങളിലെ ദരിദ്രരെ ഒഴിവാക്കുക വഴി ഈ ഭേദഗതി അടിസ്ഥാന ഘടനയുടെ ലംഘനമാകുന്നുണ്ടോ?
ഈ വിയോജിപ്പ് അനുസരിച്ച്, പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് അടിസ്ഥാന ഘടനയുടെ ലംഘനമാണ്. ഈ വിഷയത്തില്‍ ജസ്റ്റിസ് ഭട്ട് പറഞ്ഞത്:
“”SC, ST, OBC എന്നിവരുള്‍പ്പടെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ, നിലവിലുള്ള ആനുകൂല്യങ്ങള്‍ ആസ്വദിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ തഴഞ്ഞ് മാറ്റിനിര്‍ത്തുന്നത് ജാതി പരാധീനതയില്‍ അടിസ്ഥാനപ്പെടുത്തിയ പുതിയ അനീതി കൊയ്യലാകും. ഈ ഒഴിവാക്കല്‍ വ്യവസ്ഥ തികച്ചും ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാമതായി അത് സാമൂഹ്യമായി ചോദ്യംചെയ്യപ്പെടേണ്ടതും നിയമവിരുദ്ധവുമായ സമ്പ്രദായങ്ങള്‍ക്ക് വിധേയരായവരെ മാറ്റിനിര്‍ത്തുന്നു. രണ്ടാമതായി, പുതിയ സംവരണരീതിയുടെ ഭാഗമായി, സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ അവരവരുടെ സംവരണ ക്വോട്ടക്ക് അകത്തേക്ക് മാത്രം ചുരുക്കുന്നു. മൂന്നാമതായി, ജാതി വിവേചനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംവരണ ക്വാട്ടകളില്‍ നിന്നും സാമ്പത്തികം മാനദണ്ഡമാക്കി രൂപീകരിക്കപ്പെട്ട സംവരണ ക്വാട്ടകളിലേക്കുള്ള മാറ്റത്തിനുള്ള അവകാശം ഇത് നിഷേധിക്കുന്നു. ഓര്‍വെലിയന്‍ തത്വത്തിലധിഷ്ഠിതമായ ഈ സംവിധാനത്തിലൂടെ എല്ലാവരെയും അവരുടെ ജാതിയുടെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തില്‍ അല്ലാതെ പരിഗണിക്കാന്‍ നിർബന്ധിക്കപ്പെടുകയും അതേസമയം മറ്റ് ജാതിയിലോ വര്‍ഗത്തിലോ ഉള്ളവര്‍ മാത്രം പരിഗണിക്കപ്പെടുകയും സാമൂഹിക പിന്നാക്കാവസ്ഥ നേരിടുന്നവര്‍ കൃത്യമായും പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
ഭരണഘടനാപരമായി തിരിച്ചറിഞ്ഞ പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തുന്നത് തീര്‍ത്തും വിവേചനപരമാണെന്ന് മാത്രമല്ല, സമത്വത്തിന്റെ പ്രമാണത്തെ, പ്രത്യേകിച്ച് വിവേചനരാഹിത്യത്തെ, പൂര്‍ണമായും അപ്രസക്തമാക്കുകയും തകര്‍ത്തുകളയുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്നും അഭിപ്രായപ്പെടുന്നു. ആയതിനാല്‍ ഈ ഭരണഘടനാ ഭേദഗതി ഏകപക്ഷീയവും സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കാവസ്ഥ നേരിടുന്നവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ളതുമാണ്.
“”സാമുദായിക പ്രാതിനിധ്യത്തിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തെ സാധൂകരിക്കാനായി പൊതു വിഭവങ്ങളിന്മേല്‍ അവകാശം ലഭിക്കുന്നതിന് “സാമ്പത്തികം’ മാനദണ്ഡമാക്കുന്നത് 15-ാം അനുച്ഛേദം പ്രകാരം അനുവദനീയമാണെങ്കിലും 16-ാം അനുച്ഛേദം ഇതിനുള്ള അനുമതി നല്കിയിട്ടില്ല.” – വിധി വ്യക്തമാക്കുന്നു.
പത്മാക്ഷി ശർമ
കടപ്പാട്: ലൈവ് ലോ.ഇൻ
You must be logged in to post a comment Login