ഇന്ത്യയുടെ പരിച്ഛേദം

ഇന്ത്യയുടെ പരിച്ഛേദം

“മുകളിൽ മഴ ചൊരിയുകയാണ്. വണ്ടികളുടെ കിതപ്പിനും ആളുകളുടെ ബഹളത്തിനും മുകളിൽ മഴയുടെ ഇരമ്പൽ. നനഞ്ഞ പ്ലാറ്റ്ഫോമിലൂടെ ഇടകലർന്നൊഴുകുന്ന യാത്രക്കാരെ അരവിന്ദൻ നോക്കിനിന്നു. യാത്രക്കാരുടെ ഇടയിൽ രാജസ്ഥാനിലെ വരണ്ട മണൽ ചുമക്കുന്നവരുണ്ട്. പനങ്കള്ളു കുടിച്ചു ബോധംകെട്ടു നടക്കുന്ന ബീഹാറികളുണ്ട്. അരയിൽ കത്തിയണിഞ്ഞ പത്താന്മാരുണ്ട്. കൽക്കത്തയിൽ നിന്നുവരുന്ന ബുദ്ധിജീവികളുണ്ട്…’
(ദൽഹി, നോവൽ- എം മുകുന്ദൻ).

ഇന്ത്യയുടെ പരിച്ഛേദമാണ് ഡൽഹി. രാജ്യത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നുമുള്ള മനുഷ്യരെ ഇവിടെ കാണാം. വിവിധ ഭാഷകൾ സംസാരിക്കുന്നവർ, വ്യത്യസ്ത വേഷങ്ങൾ ധരിച്ചവർ, കുടിലുകളിൽ പാർക്കുന്നവർ, കൊട്ടാരങ്ങളിൽ വാഴുന്നവർ. തെരുവിൽ അലയുന്നവർ, ലക്ഷ്വറികാറുകളിൽ പായുന്നവർ. ഒരു വീഡിയോ ദൃശ്യത്തിലെന്ന പോലെ നഗരജീവിതവും ചേരിജീവിതവും മുന്നിൽ തെളിയും. നാടോടികൾ മുതൽ നാട്ടുരാജാക്കന്മാരെ വരെ ഇവിടെ കണ്ടുമുട്ടാം. സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള അന്തരം നമുക്ക് തൊട്ടറിയാനാകും. കണ്ണെത്താദൂരത്തോളമുള്ള കാഴ്ചകളൊരുക്കി ഡൽഹി നമ്മെ വിസ്മയിപ്പിക്കും. തെരുവിൽ അരവയറന്നത്തിനു വേണ്ടി ജീവിതത്തോടു മല്ലിടുന്ന മനുഷ്യരെ കാണിച്ച് ഡൽഹി നമ്മെ കരയിക്കും. നഗരവും “നരക’വും ഒരു ചുമരിന്റെ ഇരുവശങ്ങളെന്ന പോലെ മുട്ടിയുരുമ്മിനിൽക്കുന്നുണ്ടിവിടെ. ഡൽഹി മെട്രോ സിറ്റിയിൽ മാത്രം 32,066,000 ആണ് ജനസംഖ്യ. ഒരു കാലത്ത് പതിനഞ്ചുലക്ഷത്തിലധികം മലയാളികൾ ഡൽഹിയിൽ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. മുമ്പുകാലത്ത് “അരവിന്ദന്മാർ’ തൊഴിലും ജീവിതവും തേടി എത്തിപ്പെട്ടിരുന്ന രണ്ടു മഹാനഗരങ്ങളിലൊന്ന് ഡൽഹി ആയിരുന്നു. മറ്റേത് ബോംബെ. ഗൾഫിലേക്ക് ആകാശപ്പറവകൾ ചിറകു വിടർത്തി പറന്നുതുടങ്ങിയിട്ടില്ലാത്ത കാലത്ത് നാടുവിടാൻ മലയാളിചെറുപ്പക്കാർ തിരഞ്ഞെടുത്തത് ഈ രണ്ടു നഗരങ്ങളെ ആയിരുന്നു. അവരെ പിന്തുടർന്നു വേറെയും അനേകംപേർ നഗരത്തിൽ ചുവടുറപ്പിച്ചു. ചിലർ അവിടെ പച്ചപിടിച്ചു. കടകളിലെ സഹായികളായി കയറിയവർ പിൽക്കാലം കടയുടമകളായി, സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി. കാരുണ്യം തേടിയെത്തിയവരെ മുഴുവൻ കടാക്ഷിച്ചില്ല ഡൽഹി. ചിലർ നഗരത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ടു. അവർ ചേരികളിലെയും കടത്തിണ്ണകളിലെയും കുടികിടപ്പുകാരായി. പല ഘട്ടങ്ങളിലായി ഡൽഹിയിലേക്കും തിരിച്ചിങ്ങോട്ടും മലയാളികൾ യാത്ര ചെയ്തു. കോവിഡിന് മുമ്പുവരെ എട്ടുലക്ഷത്തിനും പത്തുലക്ഷത്തിനുമിടയിൽ മലയാളികൾ ഡൽഹിയിൽ ഉണ്ടായിരുന്നു എന്നാണ് കണക്ക്. മഹാമാരിക്ക് പിറകെ പലരും നാട്ടിലേക്ക് മടങ്ങി. എങ്കിലും എട്ടുലക്ഷം പേരെങ്കിലും ഇപ്പോഴും രാജ്യതലസ്ഥാനത്ത് മലയാളികളായി ഉണ്ടെന്നുവേണം അനുമാനിക്കാൻ. അവർക്കിടയിൽ മുസ്‌ലിംകൾ രണ്ടായിരത്തോളമേ വരൂ എന്നാണ് സുപ്രീം കോടതിയിലെ അഭിഭാഷകനായ കണ്ണൂർ വള്ളിത്തോട് സ്വദേശി മുഹമ്മദ് സിദ്ദീഖ് പറഞ്ഞത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ നഗരത്തിലുണ്ട്. അദ്ദേഹം കൂടി അംഗമായുള്ള കേരള മുസ്‌ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന നബിദിനാഘോഷത്തിൽ പങ്കുചേരുന്നതിനാണ് ഡൽഹിയിൽ എത്തിയത്. ഇതിനുമുമ്പ് ഇവിടെ വന്നത് പ്രമുഖ ഗാന്ധിയൻ സുബ്ബറാവുവിന്റെ നേതൃത്വത്തിൽ നടന്ന പത്തുദിവസത്തെ യുവജന ക്യാമ്പിൽ പങ്കെടുക്കുന്നതിനായിരുന്നു. രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും അംഗങ്ങൾ ക്യാമ്പിലുണ്ടായിരുന്നു. കേരളത്തിൽ നിന്നുമാത്രം അമ്പതിലേറെ പേർ ക്യാമ്പിനെത്തിയിരുന്നു. വസന്ത് വിഹാറിലെ ഒരു സ്വകാര്യസ്കൂളിലായിരുന്നു ക്യാമ്പ്. ശിവ്‌ഖേര ഉൾപ്പടെ അന്താരാഷ്ട്ര പ്രശസ്തരുടെ സാന്നിധ്യം ആ ക്യാമ്പിലുണ്ടായിരുന്നു. അത് വളരെ വർഷങ്ങൾക്ക് മുമ്പാണ്. അതുകഴിഞ്ഞ് ഇപ്പോഴാണ് വീണ്ടും ഡൽഹിയിൽ വരുന്നത്.
പാതിരാത്രി പിന്നിട്ടനേരത്ത് ചെന്നിറങ്ങുമ്പോഴും ഡൽഹി ഉറങ്ങിയിട്ടില്ല. വഴിയോരങ്ങളിൽ അന്നേരത്തും മനുഷ്യരെ കണ്ടു. തിരിതാഴ്ത്തിയിട്ടില്ലാത്ത വഴിവാണിഭങ്ങൾ കണ്ടു. അല്പം മുമ്പ് മഴ പെയ്തു തോർന്നതേയുള്ളൂ എന്നോർമിപ്പിക്കുന്നു റോഡുകൾ. ഇലകളിൽ മഞ്ഞുതുള്ളിയെന്ന പോലെ തെരുവുവിളക്കുകളിൽ മഴത്തുള്ളികൾ. അവ ഭൂമിയെ ചുംബിക്കാനായ് സമയവും കാത്തുനിൽക്കുന്നു.. “മഴയ്ക്കുമുണ്ടാകില്ലേ കൊതി/ വീടായി കുടുംബമായി കഴിയാൻ’ എന്ന് കൽപറ്റ നാരായണന്റെ ഒരു കവിതയിൽ വായിച്ചതോർത്തു. ഭൂമിയല്ലാതെ മറ്റൊരു വീടുണ്ടാകുമോ മഴത്തുള്ളികൾക്ക്?
ഉറക്കിനും ഉണർവിനുമിടയിലെ ആലസ്യത്തിലേക്ക് നഗരം വഴുതിയിരിക്കുന്നു. കാര്യമായ ഒച്ചകളില്ല. വാഹനങ്ങളുടെ വീർപ്പുമുട്ടലില്ല. റിക്ഷകൾ പരക്കം പായുന്നില്ല. ഡൽഹി നിസാമുദ്ദീൻ വെസ്റ്റിലേക്കാണ് ഞങ്ങൾക്ക് പോകേണ്ടത്. നഗരം പിറകിലേക്കോടുന്നു, വെളിച്ചം അകന്നകന്നു പോകുന്നു. സഹയാത്രികർ ഡൽഹിയിൽ കുറെ കാലങ്ങളായി ഉള്ളവരാണ്. അവർക്ക് നഗരം പരിചിതമാണ്. ഞാൻ രാത്രിക്കാഴ്ചകളിലേക്ക് ഊളിയിടുമ്പോഴും അവർ തമ്മിൽ കുശലം പറയുന്നു. ഏറെ അകലെയല്ലാതെ ഒരു നിർമിതി കാണാമിപ്പോൾ. മുഗൾ കാലത്തേതെന്ന് ഒറ്റനോട്ടത്തിൽ തന്നെ തോന്നിപ്പിക്കുന്ന ഒന്ന്. അന്വേഷിച്ചപ്പോൾ ഹുമയൂൺ ടോംബ് ആണെന്ന് ഉത്തരം കിട്ടി. പോകെപ്പോകെ ആ നിർമിതി കാഴ്ചവട്ടത്തിലേക്ക് കൂടുതൽ അടുത്തുവന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസും എസ് എസ് എഫ് ദേശീയ കമ്മിറ്റി ഓഫീസും നിസാമുദ്ദീൻ വെസ്റ്റിലാണ്. രണ്ടു ഓഫീസുകൾക്കുമിടയിൽ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ ഡൽഹി ത്വയ്‌ബ ഹെറിറ്റേജിന്റെ ഹെഡ്ഓഫീസ്. അവിടെയാണ് താമസസൗകര്യം. ഇവിടെ നിന്ന് 500 മീറ്റർ ദൂരമേയുള്ളൂ നിസാമുദ്ദീൻ ഔലിയയുടെ ദർഗയിലേക്ക്. ദർഗയിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ എതിർവശത്തേക്ക് നടന്നാൽ ഹുമയൂൺ ടോംബിലെത്താം.
നിസാമുദ്ദീൻ ഔലിയ ഡൽഹിയിൽ എത്തുന്നത് പതിനാറാം വയസ്സിലാണ്. പഠനമായിരുന്നു ലക്ഷ്യം. പട്ടിണിയായിരുന്നു കൂട്ട്. പല ദിവസങ്ങളിലും വീട്ടിൽ തീപുകഞ്ഞില്ല. “നമ്മൾ ഇന്നും അല്ലാഹുവിന്റെ വിരുന്നുകാരാണ്’ എന്ന് പറഞ്ഞുകൊണ്ട് ഉമ്മ ആ നാളുകളിൽ മകനെ സാന്ത്വനപ്പെടുത്തി. മൗലാനാ ശംസുദ്ദീന്‍ ഖവാറസ്മി അടക്കം വിഖ്യാത പണ്ഡിതരുടെ ശിഷ്യനാകാൻ അദ്ദേഹത്തിന് ഈ കാലത്ത് അവസരമുണ്ടായി. സൂഫിവര്യനായിരുന്ന ബാബാ ഫരീദുദ്ദീന്‍ ഗഞ്ചേ ശക്‌റിന്റെ മുരീദ് ആകുന്നതിനുവേണ്ടി നിസാമുദ്ദീൻ ഔലിയ പഞ്ചാബിലേക്ക് പോയെങ്കിലും പിൽക്കാലം ഡൽഹിയിലേക്ക് തന്നെ തിരിച്ചെത്തി. ഫരീദുദ്ദീൻ ഔലിയയുടെ നിർദേശപ്രകാരമായിരുന്നു ആ തിരിച്ചുവരവ്. പലയിടങ്ങളിൽ താമസിച്ചു, ഒടുവിൽ ഗിയാസ്പൂരിൽ സ്ഥിരമാക്കി. അവിടെ ഖാൻഗാഹ്‌ സ്ഥാപിച്ചു.

മുസ്‌ലിം ഭരണത്തിന്റെ പ്രതാപകാലമായിരുന്നു അത്. അലാവുദ്ദീൻ ഖിൽജി ആയിരുന്നു ഡൽഹി ഭരിച്ചിരുന്നത്. ആഗ്രഹിച്ചിരുന്നെങ്കിൽ രാജ്യത്തെ ഏത് ഉന്നതപദവിയും ശൈഖ് നിസാമുദ്ദീനു(റ) പ്രാപ്യമായിരുന്നു. അദ്ദേഹം ആഗ്രഹിച്ചില്ലെന്നു മാത്രമല്ല കൊട്ടാരവുമായും ഭരണാധികാരിയുമായും ബന്ധം സ്ഥാപിക്കണമെന്നു പോലും ചിന്തിച്ചില്ല. അധികാരത്തിൽ നിന്ന് അകന്നുനിൽക്കാനായിരുന്നു തീരുമാനം. ഒരിക്കൽപോലും ഖിൽജിയെ കൊട്ടാരത്തിൽ ചെന്ന് മുഖം കാണിച്ചില്ല. ഔലിയയുടെ ഖാൻഗാഹിൽ സർപ്രൈസ് സന്ദർശനത്തിന് ചക്രവർത്തി വന്നപ്പോഴാകട്ടെ അത് മുൻകൂട്ടിയറിഞ്ഞ് മാറിക്കളഞ്ഞു ഔലിയ. ചെങ്കിസ്ഖാന്റെ പടയോട്ടനാളുകളിൽ ജനം അഭയമായി കണ്ടത് നിസാമുദ്ദീൻ ഔലിയയുടെ ഖാൻഗാഹ്‌ ആയിരുന്നു. നാടിന്റെ നാനാദിക്കുകളിൽ നിന്നുള്ള പുരുഷാരം ഓരോ ദിവസവും അദ്ദേഹത്തെ തേടിയെത്തി. അതിൽ പാവപ്പെട്ടവരും പണക്കാരുമുണ്ടാകും. പണ്ഡിതരും പാമരരുമുണ്ടാകും, ഗ്രാമവാസികളും നഗരവാസികളുമുണ്ടാകും. ചിലർ ഔലിയയുടെ ശിഷ്യത്വം തേടിവന്നു, വേറെ ചിലർ ആകുലതകൾക്ക് പരിഹാരംതേടിവന്നു. കൊട്ടാരം കവിയായിരുന്ന അമീർ ഖുസ്രു ഉൾപ്പടെ എത്രയോ പ്രമുഖർ അദ്ദേഹത്തിന്റെ സദസ്സിലെ നിത്യസാന്നിധ്യമായിരുന്നു. 1325 ഏപ്രിൽ മൂന്നിനാണ് നിസാമുദ്ദീൻ ഔലിയ ദിവംഗതനാകുന്നത്. മരണത്തിന്റെ ആറരപ്പതിറ്റാണ്ടിപ്പുറത്തും ലോകത്തിന്റെ നാനാദേശങ്ങളിൽ നിന്ന് പരശ്ശതം മനുഷ്യർ ഇന്നും ഔലിയയെ തേടിയെത്തുന്നു. നിലയ്ക്കാത്ത മനുഷ്യമഹാപ്രവാഹം.

ദർഗയിലേക്കുള്ള റോഡിന്റെ ഇരുവശത്തും കച്ചവടം പൊടിക്കുന്നു. തൊപ്പി, അറാക്, തസ്ബീഹ്‌മാല, മുസ്വല്ല മുതലായവ വിൽക്കുന്ന ഒട്ടേറെ കടകൾ കണ്ടു. തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനം “ഡൽഹി മർകസ്’ ഈ വഴിയിലാണ്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിന്ന സ്ഥാപനം. തബ്‌ലീഗ് കൊറോണ എന്ന ആരോപണത്തിന് നിമിത്തമായ സമ്മേളനം നടന്നത് ഇവിടെയാണ്. ഏറെക്കാലം അടഞ്ഞുകിടന്നു, ഇപ്പോൾ വീണ്ടും പ്രവർത്തനനിരതമാണ്. അല്പം കൂടി മുന്നോട്ടുനടന്നാൽ ഇടതുഭാഗത്ത് ചുറ്റുമതിലിനുള്ളിൽ മിർസ ഗാലിബിന്റെ ഖബർ കാണാം. പകൽനേരങ്ങളിൽ സന്ദർശകർക്ക് പ്രവേശിക്കാം. ഇന്ത്യൻ ഗസലിന്റെ പിതാവ് എന്നറിയപ്പെടുന്ന വിശ്രുതകവിയാണ് മിർസ ഗാലിബ്. ശരിയായ പേര് മിർസ അസദുല്ല ബൈഗ് ഖാൻ. ജീവിതകാലം: 1797 – 1869. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിന്റെ കൊട്ടാരത്തിലെ ആസ്ഥാനകവിയായിരുന്നു. വ്യവസ്ഥിതിയോട് കലഹിച്ചാണ് ജീവിച്ചത്. കവിതയിൽ സൂഫിസത്തോടു താദാത്മ്യപ്പെടുന്ന വരികൾ കാണാമെങ്കിലും ജീവിതം അങ്ങനെ ആയിരുന്നില്ലെന്നാണ് ചരിത്രം.
മുന്നോട്ടുനടക്കും തോറും ഹോട്ടലുകൾക്ക് മുമ്പിൽ ടോക്കണുമായി ജീവനക്കാർ നിൽക്കുന്നതുകണ്ടു. 20 രൂപയുടെയും നാല്പത് രൂപയുടെയുമൊക്കെ ടോക്കണുകളുണ്ട്. നമ്മൾ പണം കൊടുത്താൽ അവർ ടോക്കൺ മാറ്റിവെക്കും. ആ തുകയ്ക്കുള്ള ഭക്ഷണം ഫഖീറുമാർക്ക് നൽകും. അർഹതപ്പെട്ടവർക്ക് ഹോട്ടലുകാർ ഫുഡ് കൊടുക്കില്ലെന്ന് സംശയിക്കുന്നതിനാലാകണം അധികമാരും ടോക്കൺ സ്വീകരിക്കുന്നില്ല എന്ന് മനസിലായി. യാചകന്മാർ പിറകെവന്നു തോണ്ടുന്നു. ഒന്നല്ല, ഒരുപാടു പേരുണ്ട് ഭിക്ഷാടകർ. ആർക്കെങ്കിലും ഒരാൾക്ക് പണം കൊടുക്കുന്നതോടെ എല്ലാവരും കൂടി പൊതിയും. തോണ്ടൽ അവഗണിച്ചു മുന്നോട്ട് നടന്നു. ഇടുങ്ങിയ വഴിയാണ്. വാഹനങ്ങൾക്ക് പ്രരരവേശിക്കാനാകില്ല. ദർഗയോട് അടുക്കുംതോറും റോസാപ്പൂക്കൾ വിൽക്കുന്ന കടകളുടെ എണ്ണം പെരുകിവന്നു. പത്തുരൂപക്കും ഇരുപതിനും നൂറിനുമൊക്കെ റോസാപ്പൂക്കൾ കിട്ടും. കേരളക്കാരൊഴികെ ഏതാണ്ടെല്ലാ നാട്ടുകാരും കൈയിൽ റോസാപ്പൂവുമായാണ് ദർഗയിലേക്ക് പ്രവേശിക്കുന്നത്. ഔലിയയുടെ ഖബറിന് മുകളിൽ വിതറാനുള്ളതാണ് ഈ പൂവുകൾ. ദർഗ നിലകൊള്ളുന്ന കോമ്പൗണ്ടിലേക്ക് ചെരുപ്പിട്ട് പ്രവേശിക്കാനാകില്ല. ദർഗയുടെ അമ്പത് മീറ്റർ അകലെ നിന്നുതന്നെ കടക്കാർ “ചെരുപ്പ് ഇവിടെ വെച്ചുപോകൂ’ എന്നാർത്തു തുടങ്ങും. പല ശബ്ദങ്ങളൊന്നായിത്തീർന്ന് എന്താണ് പറയുന്നതെന്ന് മനസിലാകില്ല. അത്ര ഉച്ചത്തിലാണ് ഓരോ കടക്കാരും ക്ഷണിക്കുന്നത്. ഒരാളുടെ ചെരുപ്പ് സൂക്ഷിച്ചാൽ അഞ്ചുരൂപയാണ് സൂക്ഷിപ്പുകൂലി. അതിനാണ് ഒച്ചയിട്ടുള്ള ഈ ക്ഷണം.

ദര്‍ഗ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്നിടത്ത് ഒട്ടേറെ ഖബറുകള്‍ കാണാം, നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യന്മാരുടേതോ മറ്റോ ആയിരിക്കണം. ആ ഖബ്റുകള്‍ക്കിടയിലൂടെ നടന്നെത്തുന്നത് അമീര്‍ ഖുസ്രുവിന്റെ മസാറിലേക്കാണ്. ഔലിയയുടെ ശിഷ്യരില്‍ പ്രമുഖനായിരുന്നു ഖുസ്രു. അലാവുദ്ദീന്‍ ഖില്‍ജി മുതല്‍ ഗിയാസുദ്ദീന്‍ തുഗ്ലക് വരെയുള്ള സുല്‍ത്താന്മാരുടെ രാജസദസ്സിലെ ആസ്ഥാനകവി. ഇന്ത്യന്‍ ഖവാലിയുടെ തുടക്കം അമീര്‍ ഖുസ്രുവില്‍ നിന്നാണെന്ന് ചില ജീവചരിത്രങ്ങളില്‍ കാണാം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ജനപ്രിയ രൂപമായ “ഖയാല്‍’ അമീര്‍ ഖുസ്രുവിന്റെ സംഭാവനയാണ്. ധ്രുപദ് എന്ന സംഗീത രൂപത്തിന് പേര്‍ഷ്യനിലെ ഈണവും താളവും ചേര്‍ത്താണ് അമീര്‍ ഖുസ്രു ഖയാലിന് ജന്മം നല്‍കുന്നത്. സൂഫിസംഗീതത്തിന്റെ സുവര്‍ണകാലമായിരുന്നു അത്.
അധികാരത്തിന്റെ അംഗീകാരങ്ങള്‍ ഖുസ്രുവിനെ ഭ്രമിപ്പിച്ചില്ല. രാജസഭയിലെ ഉന്നതസ്ഥാനീയനായിരിക്കുമ്പോഴും ഖുസ്രു കൂടുതല്‍ സമയവും ചെലവിടാന്‍ ആഗ്രഹിച്ചത് നിസാമുദ്ദീന്‍ ഔലിയയുടെ സവിധത്തിലാണ്. ഔലിയയുടെ ദിവ്യമായ പരിലാളനയില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി. അവിടത്തെ അധരങ്ങളില്‍ നിന്നുതിര്‍ന്ന ആത്മീയവചനങ്ങള്‍ ഖുസ്രു രേഖപ്പെടുത്തിവെച്ചു. നിസാമുദ്ദീന്‍ ഔലിയയെ സന്ധിച്ച ദിവസത്തിന്റെ സന്തോഷം ഖുസ്രു ഉമ്മയുമായി പങ്കുവെക്കുന്നത് ആജ് രംഗ് ഹേ എന്നുപേരിട്ട ഒരു ഖവാലിയിലൂടെയാണ്. അതില്‍ നിന്നുള്ള ചില വരികളിങ്ങനെ:

“നാട്ടിലും പുറംനാട്ടിലും
ഞാനലഞ്ഞുതേടിയ-
തവനെയായിരുന്നു,
നിന്നെത്തേടി
ഞാനലയാത്ത നാടില്ല.
എന്റെ ഉള്ളിനെ
വലിച്ചടുപ്പിച്ചത്
നിന്റെ വര്‍ണമല്ലോ
നിസാമുദ്ദീന്‍.
എന്നെ തീര്‍ത്തും
വശപ്പെടുത്തിയത്
നിന്റെ വെളിച്ചമല്ലോ
നിസാമുദ്ദീന്‍.
മറ്റെല്ലാം മറന്നുപോയി
ഞാനുമ്മാ…
അത്രമേല്‍
തേജസാര്‍ന്നതൊന്നും
മുമ്പൊരിക്കലും
കണ്ടതില്ലല്ലോ ഞാന്‍.
അവന്‍ ഈശന്റെ
പ്രിയതോഴന്‍,
ഇന്നീ ദിവസത്തി-
നെന്തൊരു നിറപ്പകിട്ടാണ്!’
(വിവര്‍ത്തനം: എം നൗഷാദ്)

നിസാമുദ്ദീന്‍ ഔലിയയുമായുള്ള സമാഗമം ഖുസ്രുവിന്റെ ജീവിതത്തിലെ വഴിത്തിരിവായി. സമ്പര്‍ക്കം ആത്മീയജ്ഞാനത്തിലേക്കും സൂഫിധാരയിലേക്കും ഖുസ്രുവിനു വഴികാണിച്ചു. പിന്നീടങ്ങോട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം നിസാമുദ്ദീന്‍ ഔലിയയോടൊപ്പമായി. മരണത്തിലും തന്റെ ഗുരുവിനെ പിന്തുടരാന്‍ അദ്ദേഹത്തിന് ഭാഗ്യം സിദ്ധിച്ചു. ഔലിയയുടെ വഫാത് സംഭവിച്ച് ഏറെക്കഴിയും മുമ്പ് ഖുസ്രുവും അല്ലാഹുവിലേക്ക് മടങ്ങി. നിസാമുദ്ദീന്‍ ഔലിയയുടെ മസാറിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ നമ്മളാദ്യം കാണുന്നത് ഖുസ്രുവിനെയാണ്. അങ്ങനെ മരണത്തിനുശേഷവും തന്റെ സ്‌നേഹഭാജനത്തോട് ചേര്‍ന്നുകിടക്കാന്‍ ആ കവിശ്രേഷ്ഠന് സാധിച്ചു. ഖുസ്രുവിന്റെ ഖബറിനരികില്‍ ആളുകള്‍ പ്രാര്‍ഥനാനിരതരായിരിക്കുന്നു. കയ്യിലെ റോസാപ്പൂക്കള്‍ അവിടെയും സമര്‍പ്പിക്കുന്നു. ഖുസ്രുവിന്റെ മസാറിലെ ഖാദിമുമാര്‍ അദ്ദേഹത്തെക്കുറിച്ച് ആഗതരോട് സംസാരിക്കുന്നു. അല്‍പനേരം അവിടെ ചെലവഴിച്ചാണ് സന്ദര്‍ശകര്‍ നിസാമുദ്ദീന്‍ ഔലിയയുടെ ചാരത്തണയുന്നത്. നിസാമുദ്ദീന്‍ ഔലിയയിലേക്കുള്ള വഴിയായി ചരിത്രത്തിലും വര്‍ത്തമാനത്തിലും നമ്മള്‍ അമീര്‍ ഖുസ്രുവിനെ അനുഭവിക്കുന്നു, അദ്ദേഹത്തിന്റെ ഖബറിനരികില്‍ നില്‍ക്കുമ്പോള്‍.

മുഹമ്മദലി കിനാലൂർ

(തുടരും)

You must be logged in to post a comment Login