സമ്പത്ത് കൊണ്ട് അല്ലാഹു അനുഗ്രഹിച്ച ഒരു വ്യക്തി, ധൂര്‍ത്തടിച്ചു തകര്‍ന്നു. ഇപ്പോള്‍ അവന്‍ പ്രാര്‍ഥിക്കുന്നു: “നാഥാ, എനിക്ക് ഉപജീവനം തരേണമേ’. അല്ലാഹുവിന്റെ മറുപടി: “ഞാന്‍ നിങ്ങള്‍ക്ക് ധാരാളം സമ്പത്ത് നല്‍കി. അത് നിങ്ങള്‍ നിര്‍ദേശപ്രകാരം കൈകാര്യം ചെയ്തില്ല. എന്തിനാണ് നിങ്ങള്‍ അതിരുകടന്നത്?’
എന്തു മറുപടി നല്‍കും? അല്ലാഹു എല്ലാ സൃഷ്ടികളെയും സമൃദ്ധമായ സമ്പത്ത് കൊണ്ട് അനുഗ്രഹിച്ചിട്ടുണ്ട്. ശേഷിയില്ലാത്തവരെ സംരക്ഷിക്കാന്‍ മറ്റുള്ളവര്‍ക്ക് ബാധ്യതയില്ലേ?
സാധാരണ കുടുംബത്തില്‍ പെട്ട ഒരാള്‍ക്ക് എങ്ങനെയാകും കടം കയറുക. ഉദാഹരണം പറയാം: കൈയില്‍ ഉള്ള സമ്പാദ്യത്തിനപ്പുറം ഒരു വലിയ വീട് എന്നൊരു ആഗ്രഹം വരുമ്പോള്‍ ഒരു ലോണ്‍ എടുക്കും. ആ ലോണ്‍ ഒരു പകുതി ആവുമ്പോള്‍ വീട്ടില്‍ ഒരു വിവാഹം. അതൊരു മകളുടെതാണെങ്കില്‍ വരുമാനം എത്ര ഉണ്ട് എന്നതിനപ്പുറം മറ്റുള്ളവരുടെ മുന്നില്‍ കുറഞ്ഞു പോകാതിരിക്കാന്‍ ലോണ്‍ എടുത്തു തന്നെ വിവാഹം നടത്തും. അത് കഴിഞ്ഞു പ്രസവം! കുഞ്ഞിന്റെ ചടങ്ങ്! ഇതൊക്കെ ചെറിയ രീതിയില്‍ നടത്തിയാല്‍ മറ്റുള്ളവര്‍ ചെറുതായിക്കാണുമോ എന്നായി ആധി. വീണ്ടും കടം വാങ്ങുന്നു. അവസാനം സ്വസ്ഥത പോയി റബ്ബിനോട് പരാതി പറയുന്നു; നാഥാ എന്റെ കടങ്ങളും ദുരിതങ്ങളും മാറ്റി തരേണമേ എന്ന്. കുറച്ചു കഴിഞ്ഞു പരാതി മാറി പരിഭവം ആവുന്നു. അല്ലാഹു ഉള്ളവന് മാത്രം കൊടുക്കുന്നു. ഇല്ലാത്തവന് എന്നും കഷ്ടപ്പാടും ദുരിതവും ആണെന്ന്. ലോണ്‍ എടുത്തു വിവാഹം നടത്തുക വീട് വെയ്ക്കുക ഇതൊന്നും ഇസ്‌ലാമിന്റെ താത്പര്യമല്ല. 5000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് 50,000 രൂപ ശമ്പളം വാങ്ങുന്നയാള്‍ ചിലവഴിക്കുമ്പോലെ പറ്റില്ല. അവന്റെ പരിധിക്കുള്ളില്‍ നിന്ന് കാര്യങ്ങള്‍ നടത്താന്‍ കഴിയണം. ചിലര്‍ ഭാര്യവീട്ടുകാരെ സമ്മര്‍ദത്തിലാക്കുന്നു. കാര്യങ്ങള്‍ ഭാര്യയുടെ അഭിമാന പ്രശ്‌നമാക്കി വ്യാഖ്യാനിക്കുന്നു. അതോടെ അവള്‍ സ്വന്തം വീട്ടില്‍ സമ്മര്‍ദം ഉപയോഗിക്കുന്നു. ഒരാള്‍ വിവാഹം കഴിക്കുന്നത് പെണ്ണിന്റെ സ്വര്‍ണം കണ്ടിട്ടാണോ പെണ്‍വീട്ടുകാരുടെ ധനം കൊണ്ട് ജീവിക്കാമെന്ന് വെച്ചാണോ? കഷ്ടം, ഇതും ഇസ്‌ലാമിന്റെ താത്പര്യമല്ല.
എന്താണ് ഇസ്‌ലാമിലെ ഇസ്റാഫ്?
അതിരുകടന്നതെന്തും ഇസ്റാഫ് ആണ്. നിങ്ങളുടെ ആവശ്യത്തെക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നത് സാമ്പത്തികമായി പരിധികടക്കലാണ്. ആവശ്യമാണ്.
ഇസ്റാഫ് പണവുമായോ ചെലവുമായോ മാത്രം ബന്ധപ്പെട്ടതല്ല. വുളൂഅ് ചെയ്യുമ്പോള്‍ വെള്ളത്തിന്റെ ദുരുപയോഗം, വിശപ്പ് മാറി പിന്നെയും ഭക്ഷണം കഴിക്കുന്നത് ഇതെല്ലാം ഇസ്റാഫിന്റെ ഉള്ളടക്കത്തില്‍ പെടും.
ഖുര്‍ആനിലും പാരമ്പര്യങ്ങളിലും വലിയ പാപമായി പരാമര്‍ശിച്ചതാണ് ഇസ്റാഫ് അല്ലെങ്കില്‍ പാഴ്ചെലവ്. ഈ പാപത്തിന്റെ വിവിധ വശങ്ങളിലേക്ക് നമുക്ക് ശ്രദ്ധിക്കാം.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “തിന്നുക, കുടിക്കുക, അമിതമാരുത്; അവന്‍ അതിരുകടന്നവരെ ഇഷ്ടപ്പെടുന്നേയില്ല’ (സൂറ അല്‍-അഅ്റാഫ് 7:31).
ചില വ്യാഖ്യാതാക്കളുടെ വീക്ഷണം അനുസരിച്ച്, അല്ലാഹു സ്‌നേഹിക്കാത്തവന്‍ നാശത്തിന് വിധിക്കപ്പെട്ടവനാണ്.
ലൗകികമായ ഇത്തരം ആവശ്യങ്ങള്‍ ഒരാളുടെ മതപരമായ പ്രതിബദ്ധത നശിപ്പിച്ചേക്കാം. അതുമൂലമാണ് അല്ലാഹു ഇതിനോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുള്ളത്.
ലൗകികമായ ആഗ്രഹങ്ങള്‍ മൂത്ത് പരലോകം കൈവിടുന്നയാള്‍ പരാജിതനാണ്. ഈ ലോകം കളി മാത്രമാണ്. അതില്‍ നിലനില്‍ക്കുന്നതോ പൂര്‍ണമോ ആയ ഒന്നും തന്നെയില്ല. പരലോകം ഉത്തമവും ശാശ്വതവുമാണ്. അല്ലാഹു ഈ ലോകത്തെ ഉപമിച്ചിരിക്കുന്നത് തഴച്ചുവളരുന്ന ചെടികളോടാണ്. പിന്നീട് അവ കാറ്റില്‍ ചിതറിക്കിടക്കുന്ന വൈക്കോലായി മാറുന്നു. ഈ ലോകത്ത് മനുഷ്യന് ശാശ്വതമായി ഒന്നുമില്ല, അതിനാല്‍ പരലോകമാണ് ഒരാള്‍ തന്റെ ലക്ഷ്യമാക്കേണ്ടത്.
അല്ലാഹു പറയുന്നു: “ഇഹലോകജീവിതം കളിയും വിനോദവും ആര്‍ഭാടവും നിങ്ങള്‍ക്കിടയിലുള്ള പരസ്പര പൊങ്ങച്ചവും സമ്പത്തിന്റെയും സന്താനങ്ങളുടെയും കാര്യത്തിലുള്ള മത്സരവും മാത്രമാണെന്ന് അറിയുക. (അത്) മഴയ്ക്ക് ശേഷമുള്ള സസ്യജാലങ്ങളുടെ സാദൃശ്യം പോലെ, അതിന്റെ വളര്‍ച്ച കൃഷിക്കാരന് ഇമ്പമുള്ളതാണ്; പിന്നീട് അത് ഉണങ്ങുകയും മഞ്ഞനിറമാകുകയും ചെയ്യുന്നു. പിന്നീട് അത് വൈക്കോലായി മാറുന്നു. എന്നാല്‍ പരലോകത്ത് (സത്യനിഷേധികള്‍ക്ക് ദുഷ്പ്രവൃത്തിക്കാര്‍ക്ക്) കഠിനമായ ശിക്ഷയുണ്ട്, വിശ്വാസികള്‍ക്ക് സദ്പ്രവര്‍ത്തികള്‍ക്ക് പാപമോചനവും സന്തോഷവും ഉണ്ട്. ഇഹലോക ജീവിതം വഞ്ചന നിറഞ്ഞ ഒരു സുഖം മാത്രമാണ്’
“താങ്കള്‍ ഇഹലോകജീവിതത്തിന്റെ ഉദാഹരണം അവര്‍ക്കു മുമ്പില്‍ വയ്ക്കുക: അത് നാം ആകാശത്ത് നിന്ന് ചൊരിയുന്ന വെള്ളം (മഴ) പോലെയാണ്. ഭൂമിയിലെ സസ്യങ്ങള്‍ അതില്‍ കൂടിച്ചേര്‍ന്ന് ശുദ്ധവും പച്ചയും ആയിത്തീരുന്നു. എന്നാല്‍ (പിന്നീട്) അത് വരണ്ടതും ചിതറിയതുമായ കഷണങ്ങളായി മാറുന്നു. അല്ലാഹു എല്ലാം ചെയ്യാന്‍ കഴിവുള്ളവനാണ്.
ഐഹിക ജീവിതത്തിന്റെ അലങ്കാരമാണ് സമ്പത്തും സന്താനങ്ങളും. എന്നാല്‍ നീണ്ടുനില്‍ക്കുന്ന സല്‍കര്‍മങ്ങള്‍ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലവും പ്രതീക്ഷയുടെ കാര്യത്തില്‍ ഉത്തമവുമാണ്
ഡോ. ഫാദില
You must be logged in to post a comment Login