ഐപിസി 153 എ വകുപ്പ് പ്രകാരമെടുക്കേണ്ട കേസ് എങ്ങനെയാണ്
ഐപിസി പന്ത്രണ്ടാം വകുപ്പായി നീട്ടി വലിക്കപ്പെടുന്നത്? ഇന്ത്യന്‍ മുസ്ലിം
ഐപിസി പന്ത്രണ്ടു വച്ച് ഒതുക്കപ്പെടേണ്ട ഇനമാണോ?
ശാഹിദ്
‘ഇന്ത്യയിലെ ഇരുപത്തഞ്ചു കോടി മുസ്ലിംകള്‍ക്ക് പോലീസ് പതിനഞ്ചു മിനുട്ട് നല്‍കുകയാണെങ്കില്‍ അവര്‍ക്ക് നൂറ് കോടി ഹിന്ദുക്കളെ കൊല്ലാന്‍ സാധിക്കും.’ – ഹൈദരാബാദിലെ മജ്ലിസെ ഇത്തിഹാദിന്‍ മുസ്ലിമീന്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി ആദിലാബാദിലും നിര്‍മലിലും ചെയ്ത പ്രസംഗത്തില്‍ ഈ അര്‍ത്ഥത്തിലുള്ള ഒരു പരാമര്‍ശം ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ അറസ്റ് ചെയ്തു തുറുങ്കിലടക്കേണ്ടതുണ്ടോ? ഹിന്ദുത്വ നേതാക്കളായ പ്രവീണ്‍ തൊഗാഡിയ, സാധ്വിഋതംബര, നരേന്ദ്രമോഡി, ബാല്‍താക്കറെ, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ ഇതിലും പ്രകോപനപരമായി എത്രയോ തവണ മുമ്പു പ്രസംഗിച്ചിട്ട് നിയമം അവരെ പിടികൂടിയിട്ടുണ്ടോ? ഹിന്ദുത്വ നേതാക്കള്‍ക്ക് വായില്‍ തോന്നിയത് വിളിച്ചുകൂവാമെങ്കില്‍ എന്തുകൊണ്ട് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് അതുപാടില്ല? വാഴ മുരിക്കി•ല്‍ വീണാലും മുരിക്ക് വാഴമേല്‍ ചെരിഞ്ഞാലും പരിക്ക് വാഴക്കാണെന്നിരിക്കെ എന്തുകൊണ്ട് മുസ്ലിം നേതാക്കള്‍ക്ക് സൂക്ഷ്മതയും സംയമനവും കാണിച്ചുകൂടാ? കഴിഞ്ഞയാഴ്ച അക്ബറുദ്ദീന്‍ ഉവൈസി അറസ്റിലായതോടെ വിവിധ തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ സാമ്പിളുകളാണിതൊക്കെ.
ഹൈദരാബാദ് രാഷ്ട്രീയത്തില്‍ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങളുടെ പരിണതിയാണ് അക്ബറുദ്ദീന്‍ ഉവൈസിയുടെ വാക്കുകളും അദ്ദേഹത്തെ അറസ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന പ്രതികാര നടപടിയും എന്ന് വേണ്ടതു പോലെ വിശദീകരിക്കപ്പെട്ടു കാണുന്നില്ല. അതിനപ്പുറം പുതിയ സംഭവവികാസങ്ങള്‍ക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ നിറം ചാര്‍ത്തുകയാണിപ്പോള്‍ ചെയ്യുന്നത്. ഇത് ബുദ്ധിശൂന്യതയും തീക്കളിയുമാണ്. മജ്ലിസെ ഇത്തിഹാദില്‍ മുസ്ലിമീനും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസും അടുത്ത കാലം വരെ ചങ്ങാത്തത്തിലായിരുന്നു. ചാര്‍മിനാറിന്റെ ഓരത്ത് ഒരു ഹിന്ദുക്ഷേത്രം ഉയര്‍ന്നുവന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലാണത്രെ ഇരു പാര്‍ട്ടികളും തമ്മിലകലുകയും എംഐഎം മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തത്. അതിനു ശേഷം മജ്ലിസ് നേതാക്കള്‍ അവരുടെ സ്വാധീനമുള്ള പ്രദേശങ്ങളില്‍ പദയാത്രയും റാലികളും നടത്തി പാര്‍ട്ടിയുടെ അടിത്തറ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന നാന്‍ദദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മജ്ലിസിന് പത്തിലേറെ അംഗങ്ങളെ ജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു. ഹൈദരാബാദ് നഗരത്തിനു പുറത്ത് സ്വാധീനം വിപുലപ്പെടുത്താനുള്ള മജ്ലിസിന്റെ നീക്കങ്ങളെ ബിജെപി മാത്രമല്ല സെക്കുലര്‍ പാര്‍ട്ടികളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ആയിടക്കാണ് ആദിലാബാദ്, നിര്‍മല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ അങ്ങേയറ്റം പ്രകോപനപരവും വിഷലിപ്തവുമായ പ്രസംഗം നടത്തിയതായി അക്ബറുദ്ദീന്‍ ഉവൈസിക്കെതിരെ ആരോപണമുയര്‍ന്നത്. ഹിന്ദു ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിന് വര്‍ഗീയ അജണ്ടക്കായി നോമ്പ് നോറ്റിരിക്കുകയായിരുന്ന ബിജെപി വിഷയം കോടതിയിലെത്തിച്ചു. കോണ്‍ഗ്രസാവട്ടെ കിട്ടിയ അവസരം മുതലെടുത്ത് മജ്ലിസിനെയും അതിന്റെ നേതാക്കളെയും താറടിക്കാന്‍ ഭരണകൂട മെഷിനറി ദുര്‍വിനിയോഗം ചെയ്യുകയുമുണ്ടായി. അങ്ങനെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകള്‍ ഉവൈസിക്കുമേല്‍ ചുമത്തപ്പെടുന്നത്. ലണ്ടനില്‍ ചികിത്സയിലായിരുന്ന അക്ബറുദ്ദീനെ അറസ്റു ചെയ്യുന്നതിനു വേണ്ടിവന്നാല്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നു വരെ ആന്ധ്ര പോലീസ് തലവന്‍ ഭീഷണി മുഴക്കിയത്രെ.
എത്ര പ്രകോപനപരവും വിഷലിപ്തവുമാണെങ്കിലും ഒരു പ്രസംഗം വരുത്തിവെക്കുന്ന പരമാവധി വിപത്ത് മനുഷ്യനെ തമ്മിലടിപ്പിക്കുകയോ സമുദായങ്ങള്‍ക്കോ വിഭാഗങ്ങള്‍ക്കോ ഇടയില്‍ സ്പര്‍ധയും വൈരവും വളര്‍ത്തുകയോ ചെയ്യുക എന്നതാവും. അത്തരം കുറ്റം ചെയ്യുന്നവരെ പിടികൂടാനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 153 എ വകുപ്പ്. മതത്തിന്റെയോ വംശത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ക്രമസമാധാനം തകരാറിലാക്കും വിധം വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നത് ഗൌരവമുള്ള കുറ്റമായി രാജ്യം കാണുന്നു. മജ്ലിസ് നേതാവിനെതിരെ ആ വകുപ്പനുസരിച്ച് കേസെടുക്കുന്നത് ന്യായമാണ്. എന്നാല്‍ വിവാദ പ്രസംഗത്തിലൂടെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ ആണ് ഉവൈസി എന്നു വരുത്തി ത്തീര്‍ത്ത് ഐപിസി പന്ത്രണ്ടാം വകുപ്പാണ് അദ്ദേഹത്തിനുമേല്‍ ചുമത്തിയിരിക്കുന്നത്. ഒരു പ്രസംഗം എങ്ങനെ രാജ്യത്തിനെതിരായ യുദ്ധമായി വ്യാഖ്യാനിക്കപ്പെടും എന്ന ചോദ്യം ഭരണകൂട മെഷിനറിയുടെ പക്ഷപാതപരമായ സമീപനത്തിനെതിരെ ചൂണ്ടിക്കാട്ടപ്പെടാം. ഇതിനു മുമ്പ് ഇതിനെക്കാള്‍ വിപല്‍കരമായ ശൈലിയില്‍ പ്രസംഗിച്ച ആര്‍ക്കെങ്കിലുമെതിരെ ഈ വകുപ്പ് പ്രയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യനവസ്ഥയില്‍ ഉത്തരമുണ്ടാവില്ല. കാരണം, ഇവിടെ നിയമം വ്യാഖ്യാനിക്കുന്നതും വലിച്ചുനീട്ടുന്നതും അധികാരി വര്‍ഗത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചാണ്. തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന സംശയത്തിന്റെ പേരില്‍ അബ്ദുന്നാസര്‍ മഅ്ദനിയെപ്പോലെ ഒട്ടേറെപ്പേര്‍ കുറ്റപത്രം പോലും നല്‍കപ്പെടാതെ വര്‍ഷങ്ങളായി തുറങ്കിലടക്കപ്പെട്ട് പീഡനങ്ങള്‍ വാങ്ങിവെക്കുമ്പോള്‍ ഒന്നുമുരിയാതിരിക്കുന്ന ഒരു വ്യവസ്ഥയില്‍, നിയമ പാലകരുടെയോ ജുഡീഷ്യറിയുടെയോ ഭാഗത്തുനിന്നുണ്ടാവുന്ന നെറികേടുകള്‍ക്കെതിരെ ചെറുവിരല്‍ അനങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
ഇവിടെയാണ് അവധാനതയുടെയും സംയമനത്തിന്റെയും അനിവാര്യത ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യമാവേണ്ടത്. ഉവൈസിയടക്കമുള്ളവര്‍ ഹൈദരാബാദില്‍ പയറ്റുന്ന രാഷ്ട്രീയം കുലീനമോ ക്രിയാത്മകമോ അല്ല എന്നു മാത്രമല്ല മുസ്ലിം ജനവിഭാഗത്തിന്റെ ഉയിര്‍പ്പും ഉണര്‍വും തല്ലിക്കെടുത്തുന്നതുമാണ്. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഉവൈസിയുടെ രാഷ്ട്രീയ പാരമ്പര്യം അനന്തരമെടുത്ത് നൈസാമിന്റെ പഴയ തട്ടകത്തില്‍ സാമുദായിക രാഷ്ട്രീയത്തിന്റെ നിറംകെട്ട കോലങ്ങള്‍ കെട്ടിയാടുന്ന ഇന്നത്തെ മജ്ലിസ് നേതൃത്വം ജനാധിപത്യത്തിന്റെയോ മതേതരത്വത്തിന്റെയോ വഴിക്കല്ല പോവുന്നത്. എംഐഎം ഉവൈസിയടക്കമുള്ളവരുടെ കുടുംബ സ്വത്താണ്. ബാരിസ്റര്‍ അസദുദ്ദീന്‍ ഉവൈസി പാര്‍ലമെന്റിലേക്കും അനുജന്‍ അക്ബറുദ്ദീന്‍ നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ആകാശം ഇടിഞ്ഞു പൊളിഞ്ഞു വീഴുമെന്ന് വിശ്വസിക്കുന്ന ഹൈദരാബാദ് മുസ്ലിംകള്‍ക്ക് ഇതുവരെ ഋതുപ്പകര്‍ച്ചയുടെ സ്വഛന്ദവായു ശ്വസിക്കാന്‍ സൌഭാഗ്യമുണ്ടായിട്ടില്ല. എന്നും സാമുദായിക സംഘര്‍ഷത്തിന്റെ കനലെരിയുന്ന അന്തരീക്ഷമാണ് ഹൈദരാബാദിന്റേത്. ചാര്‍മിനാറിന് അരികില്‍ ഹിന്ദുക്ഷേത്രം പണിയാനുള്ള ശ്രമത്തിനെതിരെ ചരിത്രകാര•ാരെയും മതനിരപേക്ഷ ശക്തികളെയും മുന്നില്‍നിര്‍ത്തി ഫലപ്രദമായ പ്രതിരോധം തീര്‍ക്കുന്നതിനു പകരം വര്‍ഗീയ ശൈലി സ്വീകരിച്ചത് അപമാനവും അപകടവുമുളവാക്കുന്നതായി. ചാര്‍മിനാറിന്റെ ഓരത്ത് അറുപതുകളില്‍ പോലും ക്ഷേത്രമോ അവശിഷ്ടമോ ഉണ്ടായിരുന്നില്ല എന്ന് സമര്‍ത്ഥിക്കാന്‍ ‘ഹിന്ദു’ പോലുള്ള പത്രങ്ങള്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സത്യാവസ്ഥ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതാണ്. എന്നാല്‍, മജ്ലിസ് വിഷയത്തെ സമീപിച്ചതും പ്രചരിപ്പിച്ചതും തീര്‍ത്തും സാമുദായികമോ വര്‍ഗീയമോ ആയ രീതിയിലാണ്. അതിനപ്പുറമൊരു രീതി ലണ്ടനില്‍ നിന്ന് ബാരിസ്റര്‍ ബിരുദമെടുത്ത അസദുദ്ദീന്‍ ഉവൈസിക്കു പോലും സാധ്യമല്ല. കാരണം, അദ്ദേഹം അനന്തരമെടുത്തത് സങ്കുചിത വിഭാഗീയതയുടെ രാഷ്ട്രീയമാണ്. നൈസാമിന്റെ സുവര്‍ണ കാലഘട്ടത്തെക്കുറിച്ചുള്ള ക്ളാവ് പിടിച്ച ഓര്‍മകളെ തലോടി ജീവിക്കുന്ന ഹൈദരാബാദികള്‍ക്ക് പുതിയ നൂറ്റാണ്ടിനെക്കുറിച്ച് സ്വപ്നം പോലും കാണാന്‍ കെല്‍പ്പില്ലാതെ പോയത് മസ്തിഷ്കം വരിയുടക്കപ്പെട്ടതുകൊണ്ടാവാം. നഷ്ടപ്രതാപത്തിന്റെ ഓര്‍മകളെ തലോടി, സായാഹ്നങ്ങളെ പകല്‍ക്കിനാക്കളില്‍ വ്യഥാവിലാക്കാനും ബിരിയാണിയുടെയും കബാബിന്റെയും മത്ത് പിടിപ്പിക്കുന്ന ഗന്ധത്തില്‍ അഭിരമിക്കാനും ശീലിച്ച ഒരു തലമുറയുടെ കരവലയത്തില്‍ നിന്ന് ഭൂരിഭാഗത്തിനും ഇതുവരെ രക്ഷപ്പെടാനായിട്ടില്ല. ഹൈദരാബാദ് പഴയ നഗരം ഒരു വികാരത്തിനപ്പുറം തടവറ കൂടിയാണെന്ന് തിരിച്ചറിയപ്പെടാതെ പോവുന്നു. മജ്ലിസ് ആസ്ഥാനമായ ദാറുസ്സലാം പാര്‍ട്ടി ആസ്ഥാനത്തിനപ്പുറത്ത് വലിയൊരു ഉപജാപക കേന്ദ്രമാണ്. സമുദായത്തിന്റെയോ നാടിന്റെയോ സമൂഹത്തിന്റെയോ ജീവല്‍പ്രശ്നങ്ങളെ കുറിച്ചല്ല അവിടെ ആലോചനകള്‍ നടക്കുന്നത്; മറിച്ച് ഉവൈസി കുടുംബത്തിന്റെ റിയല്‍ എസ്റേറ്റ് ബിസിനസ് താല്‍പര്യങ്ങളെയും ശത്രുനിഗ്രഹ പദ്ധതികളെയും കുറിച്ചാണ്.
സ്വാതന്ത്യ്രാനന്തരം ഇന്നാട്ടില്‍ ബാക്കിയായ ഏതാനും മുസ്ലിം രാഷ്ട്രീയ കൂട്ടായ്മകളില്‍ ഒന്നാണ് മജ്ലിസ്. കശ്മീരില്‍ (മുസ്ലിം) നാഷണല്‍ കോണ്‍ഫ്രന്‍സും കേരളത്തില്‍ മുസ്ലിംലീഗും സ്വീകരിച്ചുപോരുന്ന മതനിരപേക്ഷതയോട് അടുത്തുനില്‍ക്കുന്ന സമീപനമല്ല ഉവൈസിമാരുടേത്. അതേ സമയം കശ്മീരിനെപ്പോലെ സംഘര്‍ഷഭരിതമായ ഒരു ചരിത്രപശ്ചാത്തലത്തിന്റെ ഭാണ്ഡം പേറിയാണ് ആന്ധ്രയിലെ ന്യൂനപക്ഷ രാഷ്ട്രീയം ഇഴയുന്നത്. ഹിന്ദു-മുസ്ലിം വിഭാഗീയതയുടെ – ഒരു വേള അതിന്റെ ഭീബല്‍സമുഖം പൂര്‍ണമായും അനാവരണം ചെയ്തത് കാലത്തിന് മായ്ക്കാനാവാത്ത അടയാളങ്ങളായി എല്ലാ വിഭാഗം ജനങ്ങളുടെയും മനോമുകുരങ്ങളില്‍ പച്ചയായി കിടപ്പുണ്ട്. ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ ‘സ്വാതന്ത്യ്രത്തിനു ശേഷം മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് ഇരയായത് എവിടെ’ എന്നതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. നരേന്ദ്രമോഡിയുടെ ഗുജറാത്തിലോ സിഖ്വിശ്വാസികള്‍ കൂട്ടക്കൊലക്ക് ഇരയായ ഡല്‍ഹിയിലോ അല്ല മറിച്ച് നെഹ്റുവിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഹൈദരാബാദിലാണെന്ന് സമര്‍ത്ഥിക്കാനായിരുന്നു ലേഖകന്‍ സ്വാമിനാഥന്‍ അയ്യര്‍ (കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ സഹോദരനാണിദ്ദേഹം) ശ്രമിച്ചത്. വസ്തുതാപരമായി അദ്ദേഹത്തിന്റെ വാദങ്ങള്‍ ശരിയായിരുന്നു. ഇന്ത്യ-പാക് വിഭജനകാലത്ത് ഹൈദരാബാദിലെ നൈസാം ഇന്ത്യയില്‍ ലയിക്കുന്നതിനോട് അനുകൂലമായിരുന്നില്ല. സ്വതന്ത്രമായി നിലനില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. (പാക്കിസ്ഥാനോട് ലയിക്കാന്‍ ചില ശ്രമങ്ങള്‍ അണിയറയില്‍ നടന്നതായി ഭൂരിപക്ഷ വര്‍ഗീയവാദികള്‍ അന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.) ഇരു രാജ്യങ്ങളും യാഥാര്‍ത്ഥ്യമായതോടെ 1948ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ അനുഗ്രഹാശിസ്സുകളോടെ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സൈന്യത്തെ അയച്ച് ഹൈദരാബാദിനെ ഇന്ത്യയോട് ബലമായി കൂട്ടിയോജിപ്പിക്കാന്‍ ‘ആക്ഷന്‍ പ്ളാന്‍’ ആവിഷ്കരിച്ചു. രക്തപങ്കിലമായ അധ്യായമായിരുന്നു അത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു നാട്ടുരാജ്യത്തിന്റെ ആഗ്രഹാഭിലാഷങ്ങളെ ചവിട്ടിമെതിച്ച് പട്ടേലിന്റെ പട ഹൈദരാബാദിനെ കീഴടക്കി. സ്വദേശത്തിന്റെ കാവലാളുകളായ ‘റാസ്കാര്‍’ എന്ന മുസ്ലിം മിലിഷ്യ പ്രതികാരം തീര്‍ത്തത് നിരപരാധികളായ ഹിന്ദുക്കളോടായിരുന്നു. അതോടെ പട്ടാളത്തിന്റെ മൌനാനുവാദത്തോടെ മുസ്ലിംകളെ കൂട്ടക്കൊല ചെയ്യാനും കൂട്ടബലാല്‍സംഗങ്ങള്‍ക്ക് ഇരയാക്കാനും അവസരം ഒരുങ്ങി. ചുരുങ്ങിയത് 50000 മുസ്ലിംകള്‍ ആക്ഷന്‍ കാലത്ത് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ചരിത്രകാര•ാര്‍ പറയുന്നത്. രണ്ടുലക്ഷം പേര്‍ അരുംകൊല ചെയ്യപ്പെട്ടു എന്ന ഭാഷ്യവും ഉണ്ട്. പട്ടേല്‍ പുറത്തെടുത്ത മുസ്ലിം വിരുദ്ധത കണ്ട് ലോകമെമ്പാടും നടുങ്ങിയത്രെ. ഡല്‍ഹിയിലും നടുക്കുന്ന വര്‍ത്തമാനങ്ങളാണ് പരന്നത്. ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് നൈസാമിന്റെ നാട്ടില്‍ അരങ്ങേറിയത് എന്നു മനസ്സിലാക്കിയ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അബുല്‍കലാം ആസാദ് സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണത്രെ സുന്ദര്‍ലാല്‍ കമ്മീഷനെ നെഹ്റു നിയോഗിച്ചത്. ‘ദി മിഡില്‍ ഈസ്റേണ്‍’ ജേര്‍ണലില്‍ ചരിത്രകാരനായ പ്രൊഫ. സി സ്മിത്ത് 1950ല്‍ ഈ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതിനെപ്പറ്റി തുറന്നെഴുതിയിട്ടുണ്ട്. അത്യന്തം ഗുരുതരമായ സംഭവവികാസങ്ങളാണ് അന്നവിടെ അരങ്ങേറിയത് എന്ന് വ്യക്തമായും ബോധമുള്ളതു കൊണ്ടാണ് ആ റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവിടാതിരിക്കുന്നത്.
ഈ ചരിത്രത്തിനപ്പുറത്ത് വിഷലിപ്തമായ ഐതിഹ്യങ്ങളും കെട്ടുകഥകളും ഹൈദരാബാദികള്‍ തലമുറകളിലൂടെ കൈമാറിക്കൊണ്ടിരിക്കുമ്പോള്‍ അവിശ്വാസത്തിന്റെയും വൈരത്തിന്റെയും ഒരു പൊതുബോധമാണ് വ്യാപകമായി സൃഷ്ടിക്കപ്പെടുന്നത്. അതിനിടയിലാണ് അക്ബറുദ്ദീന്‍ ഉവൈസിമാരുടെ വില കുറഞ്ഞ വാക്കുകള്‍ കൂടി കടന്നുവരുന്നത്. അതോടെ, സാമൂഹികാസ്വാസ്ഥ്യം സംഘര്‍ഷാവസ്ഥയിലേക്ക് വഴുതിവീഴുക എത്ര എളുപ്പം? വായാടികള്‍ നേതാക്കളായപ്പോഴെല്ലാം അനുയായികള്‍ അനുഭവിച്ചിട്ടുണ്ട്.
You must be logged in to post a comment Login