ഒരിക്കല്‍ ഒരു രാജാവ് തന്റെ ഉപദേഷ്ടാവിനോട് ചോദിച്ചു: “എന്റെ അച്ഛന്‍ കാളവണ്ടിയിലാണ് സഞ്ചരിച്ചത്. ഞാനിപ്പോള്‍ കാറിലും എന്റെ മക്കള്‍ ആഡംബര കാറുകളിലുമാണ് സഞ്ചരിക്കുന്നത്. ഇനി എന്റെ കൊച്ചുമക്കള്‍ ഏതു വാഹനത്തില്‍ ആയിരിക്കും സഞ്ചരിക്കുക?’ ഉപദേഷ്ടാവ് മറുപടി നല്‍കി: ‘സംശയമെന്ത്, കാളവണ്ടിയില്‍ തന്നെ’ ഇന്ന് നാം കാണുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കഥ വിരല്‍ചൂണ്ടുന്നത്. ഉന്നത തറവാട്ടില്‍ ജനിക്കുകയും സമ്പന്ന കുടുംബത്തില്‍ വളരുകയും വലിയ വിദ്യാഭ്യാസവും യോഗ്യതകളും നേടിയെടുക്കുകയും ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുമെന്ന് വിചാരിക്കുകയും ചെയ്തവര്‍ പലരും പിന്നീട് ഒന്നിനും കൊള്ളാത്തവരായി മാറുന്ന ദയനീയമായ കാഴ്ച ഇന്ന് അപൂര്‍വ്വമല്ല. പുതിയ തലമുറയില്‍ ജീവിക്കുന്നവര്‍ക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചാണ് അഭിവന്ദ്യരായ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ വിട പറഞ്ഞത്.
ചെറുപ്പകാലം മുതല്‍ നിലനിന്നിരുന്ന ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായുള്ള ഗുരുശിഷ്യബന്ധം “ഞാനും മെയ്‌ല്യാരും’ എന്നാണ് ഉസ്താദ് വിശേഷിപ്പിക്കാറുള്ളത്. 67 വര്‍ഷം മുമ്പ് തളിരിട്ട ആ ബന്ധം മരണംവരെ നിലനിന്നു. പരമ ദരിദ്രമായ ഒരു കുടുംബത്തില്‍ ആയിരുന്നു ചെറിയ എപി ഉസ്താദിന്റെ ജനനം. മൂന്ന് വയസ്സ് ആകുമ്പോഴേക്കും ഉപ്പ ഇഹലോകവാസം വെടിഞ്ഞു. അനാഥത്വത്തിന്റെ രുചി അനുഭവിച്ചു. ചെറുപ്രായക്കാരിയായിരുന്ന ഉമ്മ വേറെ വിവാഹം കഴിച്ചു. ഈ സാഹചര്യത്തില്‍ നിന്നാണ് എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്ന പണ്ഡിത പ്രതിഭയുടെ വളര്‍ച്ച.
ഈ ശ്രേഷ്ഠമായ പദവിയിലേക്ക് ഉസ്താദിനെ എത്തിച്ചേരാന്‍ പ്രാപ്തമാക്കിയ ഘടകങ്ങള്‍ പലതാണ്. “അക്കരപ്പച്ച’ ഉസ്താദിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല. സൗകര്യമോ ശമ്പളമോ അല്പം കൂടുതല്‍ ലഭിക്കുമെന്ന് കരുതി നിലവിലുള്ള സൗകര്യത്തെയും സംവിധാനങ്ങളെയും വിട്ടേച്ച് പോകുന്ന ഒരു പതിവ് പലര്‍ക്കുമുണ്ട്. പതിനാലാം വയസ്സിലാണ് സുല്‍ത്താനുല്‍ ഉലമ എ പി ഉസ്താദുമായുള്ള ചെറിയ എ പി ഉസ്താദിന്റെ ബന്ധം ആരംഭിക്കുന്നത്. അന്ന് ഫത്ഹുല്‍ മുഈനിലെ കിതാബു റഹ്ന്‍ ഓതിയായിരുന്നു തുടക്കം. ഈ ബന്ധം ഏഴു പതിറ്റാണ്ടോളം അഭേദ്യമായി തുടര്‍ന്നു. അടക്കങ്ങളിലും അനക്കങ്ങളിലുമെല്ലാം ഗുരുവര്യരായ സുല്‍ത്താനുല്‍ ഉലമയെ പിന്തുടര്‍ന്നു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ പഠിക്കുന്ന രണ്ടു വര്‍ഷമൊഴികെ ബാക്കി എല്ലാ സമയങ്ങളിലും ചെറിയ എ പി ഉസ്താദ് സുല്‍ത്താനുൽ ഉലമയെ വിടാതെ പിന്തുടര്‍ന്നു.
ഗുരുത്വവും പൊരുത്തവും എങ്ങനെയാണ് നേടിയെടുക്കേണ്ടത് എന്നത് ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ചെറിയ എ പി ഉസ്താദ് ചെയ്തത്. ബാഖിയാത്തില്‍ ആയിരിക്കുന്ന സമയത്തു പോലും കത്തുകളിലൂടെയും മറ്റും ഉസ്താദുമായി ആശയവിനിമയം നടത്തി അഭിപ്രായം ആരാഞ്ഞാണ് ചെറിയ എ പി ഉസ്താദ് ഗുരുവുമായുള്ള ബന്ധം സുദൃഢമാക്കിയത്.
താജുദ്ദീന്‍ അബുല്‍ ഫള് ൽ ഇബ്‌നു അതാഇല്ലാഹി സിക്കന്തരി(റ) എഴുതിയ വിശ്വവിഖ്യാതമായ ഗ്രന്ഥമാണ് ഹികം. ഈ ഗ്രന്ഥത്തിന് വ്യാഖ്യാനമായി അഹ്‌മദ് ബിന്‍ മുഹമ്മദ് ബിന്‍ അജീബ എന്നവര്‍ “ഈഖാളുല്‍ ഹിമം’ എന്ന ഒരു ഗ്രന്ഥവും തുടര്‍ന്ന് “ഇബ്ആദുല്‍ ഗുമം’ എന്ന പേരില്‍ ടിപ്പണിയും എഴുതി. ഇരുപത്തിയഞ്ച് അധ്യായങ്ങളുള്ള ഈ ഗ്രന്ഥത്തിലെ രണ്ടാം അധ്യായത്തില്‍ ഇബ്‌നു അത്വാഇല്ലാഹി സിക്കന്തരി(റ) പറയുന്നത് കാണാം. “ഏതൊരു മനുഷ്യനുമുള്ള ഒരു മാർഗം അല്ലാഹു ദുനിയാവില്‍ നിശ്ചയിച്ചു കൊടുക്കും. അതിനുള്ള സാഹചര്യങ്ങളും അനുകൂലമാക്കി നല്‍കും. ആ നിശ്ചയത്തിനെ മറികടക്കുമ്പോള്‍ അത് ഗുണത്തിലുപരി ദോഷം ചെയ്യും.’ അല്ലാഹുവും റസൂലും കല്‍പ്പിച്ച രൂപത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുക, കച്ചവടക്കാര്‍ക്ക് അവരുടെ മൂലധനത്തിന് തന്നെ നാശം സംഭവിക്കുന്ന അവസ്ഥ വരിക, തന്റെ കുടുംബത്തിന് ജീവിക്കാന്‍ പറ്റാത്ത നില സംജാതമാവുക എന്നീ കാരണങ്ങള്‍ക്ക് വേണ്ടിയല്ലാതെ നിലവിലുള്ള ഉദ്യോഗത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറുന്നത് ഭൂഷണമല്ല എന്ന് ജ്ഞാനികൾ പഠിപ്പിച്ചിട്ടുണ്ട്. നാട്, ജോലി, ഭാര്യ എന്നിങ്ങനെ ഒരു വ്യക്തിക്ക് അല്ലാഹു നിശ്ചയിച്ചു നല്‍കിയവ ഭൗതികലാഭത്തിനു വേണ്ടി ഉപേക്ഷിക്കുന്നത് അത്യാഗ്രഹവും വ്യാമോഹവുമാണ്. അല്ലാഹു നിശ്ചയിച്ച ഉദ്യോഗത്തില്‍ നിന്ന് ഭൗതിക താല്‍പര്യങ്ങള്‍ക്കും സമ്പത്തിനും വ്യാമോഹങ്ങള്‍ക്കും വേണ്ടി മാറി നില്‍ക്കുന്നവന്‍ പരമ വിഡ്ഢിയാണെന്ന് ഇബ്‌നു അത്വാഇല്ലാഹി സിക്കന്തരി(റ) ഉണര്‍ത്തുന്നുണ്ട്.
1976ൽ ഉയര്‍ന്ന റാങ്കോടെ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ നാട്ടില്‍ വന്നു. ആ വര്‍ഷം തന്നെ കോഴിക്കോട് കാരപ്പറമ്പില്‍ ഖത്വീബായി സേവനം ആരംഭിച്ചു. 50 വര്‍ഷത്തോളം അവിടെത്തന്നെ തുടര്‍ന്നു. ഹോസ്പിറ്റലിൽ ആകാനിടവന്ന തളർച്ച ഉണ്ടായ ആ വെള്ളിയാഴ്ച വരെ ചെറിയ എ പി ഉസ്താദ് അവിടെയാണ് ഖുതുബ നിര്‍വഹിച്ചത്.
സൗമ്യതയും ഗാംഭീര്യവും നിറഞ്ഞ, പുഞ്ചിരിയോടെയുള്ള പ്രസംഗങ്ങള്‍ ആയിരുന്നു ചെറിയ എ പി ഉസ്താദിന്റെത്. ആര്‍ക്കെങ്കിലും അരോചകമാകുന്നതോ പ്രയാസപ്പെടുത്തുന്നതോ മാന്യമല്ലാത്തതോ ആയ ഒരു വാക്ക് പോലും അവിടുത്തെ പ്രസംഗത്തില്‍ കാണാനാവില്ല. ഉസ്താദിന്റെ ജനാസ മയ്യിത്ത് നിസ്‌കാരത്തിനു വേണ്ടി മർകസിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞങ്ങളെ മഹല്ലിലേക്ക് തന്നെ ഉസ്താദവര്‍കളെ കൊണ്ടുവരണമെന്നും ഉസ്താദുമായി അര നൂറ്റാണ്ടിന്റെ ബന്ധം ഞങ്ങള്‍ക്കുണ്ട് എന്നും കാരപ്പറമ്പ് നിവാസികള്‍ ഒന്നടങ്കം പറഞ്ഞിരുന്നു. സ്വന്തം നാട്ടില്‍ സര്‍വ സമ്മതനായിരുന്നു ചെറിയ എ പി ഉസ്താദ്. പ്രശ്‌നങ്ങളില്‍ അവിടുത്തെ വാക്കുകള്‍ക്ക് മറുവാക്കില്ലായിരുന്നു. ഉസ്താദ് നൽകുന്ന ഒത്തുതീര്‍പ്പുകള്‍ എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. നാട്ടില്‍ പൗരത്വ സമരത്തിന്റെ വേളയില്‍ ഇരു സമസ്തകളും സംയുക്തമായി സമ്മേളനം നടത്തുമ്പോള്‍ ചെറിയ എ പി ഉസ്താദ് അധ്യക്ഷനായിരിക്കണമെന്ന് എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള നിര്‍ബന്ധമായിരുന്നു.
ബാഖിയാത്തില്‍ പോകുന്ന ദിവസം പോലും പകലും രാത്രിയുമായി സുല്‍ത്താനുല്‍ ഉലമ എ പി ഉസ്താദിന്റെ വീട്ടിലെത്തി കിതാബ് ഓതിയതായി അവിടുത്തെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. അപ്പോഴാണ് ആ ആത്മബന്ധത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാനാവുക. പിന്നീട് കാന്തപുരത്ത് സുല്‍ത്താനുല്‍ ഉലമയുടെ ദര്‍സില്‍ തന്നെ മുദരിസായി സേവനം ചെയ്തു. ഉസ്താദ് പിന്നീട് മർകസിലേക്ക് മുദരിസായി ചെറിയ എ പി ഉസ്താദിനെ ക്ഷണിച്ചപ്പോള്‍ സയ്യിദ് അബ്ദുൽഖാദിർ അഹ്ദല്‍ തങ്ങളോട് കാര്യം പറഞ്ഞു സമ്മതം ചോദിച്ചു. സയ്യിദവര്‍കള്‍ മറുപടി നല്‍കി: “എന്റെ ജനാസ ഖബറില്‍ വെച്ചിട്ടല്ലാതെ അങ്ങ് ഇവിടെ നിന്ന് പോകരുത്’ മർകസില്‍ എത്തിയാല്‍ ലഭിക്കുന്ന സൗകര്യങ്ങളോ പേരോ പ്രസക്തിയോ ഒന്നും ആലോചിക്കാതെ ഉസ്താദ് അവിടെത്തന്നെ തുടര്‍ന്നു.
സയ്യിദവര്‍കളുടെ വിയോഗത്തിനു ശേഷം സുല്‍ത്താനുല്‍ ഉലമയുടെ ക്ഷണം സ്വീകരിച്ച് പൂർണമായും മർകസില്‍ മുദരിസായി സേവനം ചെയ്തു. നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു ക്ലാസ് പോലും ഒഴിവാക്കാതെ, അനിര്‍വചനീയമായ ഉത്തരവാദിത്വബോധത്തോടെ ഉസ്താദ് ദര്‍സ് നടത്തി.
തികഞ്ഞ പ്രകൃതിസ്‌നേഹി കൂടിയായിരുന്നു ഉസ്താദ്. വീട്ടുവളപ്പില്‍ നിരവധി കൃഷികള്‍ ചെയ്തു. അനാവശ്യമായി ചെടികള്‍ വെട്ടിക്കളയാന്‍ ഉപ്പ സമ്മതിക്കാറുണ്ടായിരുന്നില്ല എന്ന് അവിടുത്തെ മകന്‍ അന്‍വര്‍ സഖാഫി എന്നോട് പറഞ്ഞിട്ടുണ്ട്. ഭൂമിയുടെ പച്ചപ്പ് സൂക്ഷിക്കുക എന്നത് പുണ്യമായി കാണുന്ന ശൈലിയായിരുന്നു ഉസ്താദിന്റെത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥ വ്യതിയാനം കാരണം കഠിനമായ വരള്‍ച്ചയും മറ്റു ചിലയിടങ്ങളില്‍ അതിഭീകരമായ പ്രളയവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അമിതമായ പ്രകൃതി ചൂഷണത്തിന്റെ ഫലമാണിത്. പ്രകൃതിയെ പരിപാലിക്കുന്നതും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതും ആരാധനയാണെന്ന് ഉസ്താദ് കണ്ടു. യഥാർഥ പണ്ഡിതന്റെ ലോകവീക്ഷണം ഉസ്താദിന്റെ ജീവിതത്തിൽ നമുക്ക് കാണാനായി. ആ മാതൃക നമുക്കൊരു വെളിച്ചമായി കൂടെയുണ്ടാകട്ടേ. അല്ലാഹു ഉസ്താദിൽ ഉയർന്ന സ്വർഗീയ പദവികൾ ഉസ്താദിന് നൽകട്ടെ.
സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി
You must be logged in to post a comment Login