ഏഷ്യാനെറ്റില്‍ തെളിഞ്ഞത് ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

ഏഷ്യാനെറ്റില്‍ തെളിഞ്ഞത്  ഭൂതത്തിന്റെ വാല്‍: മറുപടി ബദല്‍ മാധ്യമങ്ങളാണ്

രിസാല അപ്‌ഡേറ്റിനുവേണ്ടി രാജീവ് ശങ്കരന്‍ ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം കാണുകയായിരുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംഭാഷണത്തിന്റെ ഒടുവിലെ ചോദ്യം മാധ്യമപ്രവര്‍ത്തനത്തില്‍ വന്നുചേര്‍ന്ന ദയനീയതകളെക്കുറിച്ചാണ്. ബ്രിട്ടാസ് പറയുന്നു: “”മൂന്നരപ്പതിറ്റാണ്ട് കാലത്തെ എന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് നമ്മുടെ മാധ്യമ മേഖല കടന്നുപോകുന്നത്. കനത്ത ഹൃദയഭാരത്തോടെയാണ് ഞാനിത് പറയുന്നത്. നമ്മുടെ മുന്നില്‍ മാധ്യമങ്ങള്‍ ചിതല്‍പ്പുറ്റ് പൊടിയുന്നത് പോലെ പൊടിയുകയാണ്. ആരാണ് നമ്മുടെ പത്രാധിപന്മാര്‍? ആര്‍ക്കും അറിയില്ല, പ്രസക്തിയില്ല.”

രാജീവ് ശങ്കരന്റെ ചോദ്യവും ബ്രിട്ടാസിന്റെ ഉത്തരവും ദേശീയ പശ്ചാത്തലത്തിലുള്ളതാണ്. ഡല്‍ഹിയിലെ മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ കുഴലൂത്തുകാരായി അധഃപതിച്ചതിനെക്കുറിച്ചാണ്. സര്‍ക്കാരിനെതിരെ രണ്ടുവരി പോലും എഴുതപ്പെടാത്തതിനെക്കുറിച്ചാണ്. ബ്രിട്ടാസ് ഓര്‍ത്തെടുക്കുന്നത് ഓരോ ദിവസവും സര്‍ക്കാരിനെ, എക്‌സിക്യൂട്ടീവിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന, ഓരോ പ്രഭാതങ്ങളും പുതിയ വിവരങ്ങളുമായി, പുതിയ കുംഭകോണങ്ങളുടെ മാറാപ്പുപൊട്ടിച്ച് വാര്‍ത്തകള്‍ വന്നിരുന്ന പോയകാലത്തെക്കുറിച്ചാണ്. മഹാരഥന്മാരായ പത്രാധിപന്മാര്‍ നീലപ്പെന്‍സില്‍ കൊണ്ട് നിലംചുറ്റിയടിച്ചിരുന്ന കാലത്തെക്കുറിച്ചാണ്. സംവാദോന്മുഖമായ, അന്തസ്സാര്‍ന്ന ഒരുസംഭാഷണം സഞ്ചരിക്കേണ്ടതും അങ്ങനെയാണ്. അതൊരുപക്ഷേ, രിസാല അപ്‌ഡേറ്റിന്റെ നയപ്രഖ്യാപനം കൂടിയാകാം. അത്തരം ജേണലിസം അപരിചിതമായ കേരളത്തിലാണല്ലോ അവര്‍ യാത്രതുടങ്ങുന്നത്. അത്തരം ജേണലിസം അവസാനിക്കില്ല എന്ന പ്രഖ്യാപനം പോലും ആശ്വാസമാണ്.

ബ്രിട്ടാസിലേക്ക് വരാം. ദേശീയമാധ്യമങ്ങളിലെ കുഴലൂത്ത് സംസ്‌കാരം അഥവാ സര്‍ക്കാരിന്റെ പി ആര്‍ പണി പരിപാടിയെ മുന്‍നിര്‍ത്തിയാണ് ബ്രിട്ടാസ് ചിതലുകളുടെ ഉപമ പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ ബ്രിട്ടാസ് ആ ഉപമയില്‍ നിന്ന് ഭംഗിയായി ഒഴിവാക്കുന്നുണ്ട്. അതൊരു മര്യാദയുടെ പ്രശ്‌നം കൂടിയാണല്ലോ? ഈ കുറിപ്പ് എഴുതുമ്പോഴും ബ്രിട്ടാസ് കൈരളി ചാനലിന്റെ മേധാവിയാണല്ലോ?
പക്ഷേ, ചിതലുകളുടെ ഉപമയില്‍ നിന്ന് കേരളത്തിലെ വാര്‍ത്താചാനലുകള്‍ ഒഴിവാകുന്നുണ്ടോ? അവരൊരിക്കലും സംസ്ഥാന ഭരണകൂടത്തെ ഭയന്ന്, ചോദ്യങ്ങളില്‍ നിന്ന് ഒളിച്ച് കേരള സര്‍ക്കാരിന്റെ കുഴല്‍വിളിക്കാരായി മാറിയിട്ടില്ല എന്നതുകൊണ്ട് ആ ഉപമ അവരെ വിട്ടൊഴിയുമോ? ഇതേ, പംക്തിയില്‍ നാം പലവട്ടം സംസാരിച്ച വിഷയമാണത്. ഒരര്‍ഥത്തില്‍ ചര്‍വിത ചര്‍വണം. പക്ഷേ, നമുക്കത് വീണ്ടും ചവച്ചേ മതിയാവൂ. എന്തെന്നാല്‍ കേരളം കൂടുതല്‍ മെച്ചപ്പെട്ട ഒരു മാധ്യമ സംസ്‌കാരം അര്‍ഹിക്കുന്നുണ്ട്. അര്‍ണാബിയന്‍ ജീര്‍ണതകള്‍ക്ക് കീഴൊപ്പിട്ട് പിളര്‍ന്നൊടുങ്ങുന്ന ഒരു ജനതയാവാന്‍ തല്‍ക്കാലം കേരളത്തിന് മനസ്സില്ല. പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളാണ് നമ്മുടെ ദേശത്തെ, ഈ കേരളത്തെ ഇമ്മട്ടില്‍ വാസയോഗ്യമായ, അന്തസ്സാര്‍ന്ന ഒരിടമാക്കി മാറ്റിയത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങില്‍ കുറച്ചുനാള്‍ ജീവിക്കുകയോ അതുവഴികളില്‍ സഞ്ചരിക്കുകയോ ചെയ്തിട്ടുള്ള മലയാളിക്ക് ഈ നാടിന്റെ വേറിട്ടു നില്‍പ് ബോധ്യമാകാവുന്നതേയുള്ളൂ. ആ നില്‍പിനെ തകര്‍ക്കാന്‍ നടക്കുന്ന ഒരു ശ്രമവും അംഗീകരിക്കപ്പെട്ടുകൂടാ. അതിനാല്‍ നമുക്ക് പേര്‍ത്തും പറയേണ്ടിവരുന്നു.

നിങ്ങള്‍ ഊഹിച്ചതുപോലെ എഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ ഉയര്‍ത്തിവിട്ട പുകപടലങ്ങളാണ് വിഷയം. തികച്ചും ലളിതമായ ഒരു തിരുത്തലില്‍ അവസാനിക്കുമായിരുന്ന ഒന്നിനെ ഏഷ്യാനെറ്റ് ഒറ്റയ്ക്ക് വഷളാക്കുകയായിരുന്നു. രണ്ടാമൂഴത്തില്‍ പലതരം പ്രശ്‌നങ്ങളും വീഴ്ചകളും പതിവായ ഇടതുപക്ഷം, വിശേഷിച്ച് അതിന്റെ നേതൃത്വം കൈയാളുന്ന സി പി എം ഇതുതന്നെ പറ്റിയ സന്ദര്‍ഭം എന്ന ബാലരമ മനോനിലയെ അനുസ്മരിപ്പിക്കും വിധം ഈ സാഹചര്യത്തെ മുതലെടുത്ത് ആ വാര്‍ത്താചാനലേ വേണ്ട എന്ന പ്രചാരണം തുടങ്ങുകയും ചെയ്തു. ഇത് രണ്ടും സമം ചേരുമ്പോള്‍ ഫലം നാമാദ്യം പറഞ്ഞ നമ്മുടെ ദേശത്തിന്റെ അന്തസ്സാര്‍ന്ന നില അപഹരിക്കപ്പെടുകയാണ്. ബ്രിട്ടാസ് അപ്‌ഡേറ്റ് അഭിമുഖത്തില്‍ നല്‍കിയ ചിതല്‍പ്പുറ്റിന്റെ ഉപമ നമ്മെ മൂടുകയാണ്.

എന്താണ് ഏഷ്യാനെറ്റില്‍ സംഭവിച്ചത്? സംഗതി ലളിതമാണ്. ചാനല്‍ ജേണലിസത്തില്‍ ചിലപ്പോഴൊക്കെയുള്ള കൈക്രിയ. ചാനലിന്റെ കണ്ണൂര്‍ ബ്യൂറോയാണ് കേന്ദ്രം. അവിടത്തെ ഒരു റിപ്പോര്‍ട്ടറാണ് സാനിയോ മനോമി. ഇടതുപക്ഷ അനുഭാവം മറച്ചുവെക്കാത്ത ഒരു മികച്ച ജേണലിസ്റ്റ്. സന്ദര്‍ഭവശാല്‍ അവരുടെ പങ്കാളിയുടെ പിതാവ് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. അത് പറയുന്നതില്‍ ലജ്ജയുണ്ട്. പക്ഷേ, മുഴുവന്‍ സംഭവവികാസങ്ങള്‍ പറയണമല്ലോ? മറ്റൊരു റിപ്പോര്‍ട്ടറും കണ്ണൂരിലുണ്ട്. പേര് നൗഫല്‍ ബിന്‍ യൂസഫ്. മിടുക്കനാണ്. കഴിഞ്ഞ കുറേ കാലമായി റോവിംഗ് റിപ്പോര്‍ട്ടര്‍ എന്ന വാര്‍ത്താപരമ്പര നൗഫല്‍ തയാറാക്കുന്നുണ്ട്. പലവട്ടം സംഗതി കണ്ടിട്ടുണ്ട്. കേരളത്തിലെ മയക്കുമരുന്ന് മാഫിയകളെക്കുറിച്ചും മയക്കുമരുന്നിന്റെ പലതട്ടിലുള്ള ഇരകളെക്കുറിച്ചുമാണ് പരമ്പര. പൊതുവേ ക്രൈം പരമ്പരകള്‍ക്ക് സഹജമായ ബി ജി എമ്മും ദൃശ്യങ്ങള്‍ സൃഷ്ടിക്കലും അതിലുണ്ട്. പ്രത്യേകിച്ച് എഴുതിക്കാണിച്ചില്ലെങ്കിലും അത് കാഴ്ചക്കാര്‍ക്ക് നല്ല രീതിയില്‍ തിരിയും.
രാഷ്ട്രീയ സംഘര്‍ഷങ്ങളോ കെ സുധാകരനോ സജീവമല്ലെങ്കില്‍ പൊതുവേ വാര്‍ത്താക്ഷാമമുള്ള ബ്യൂറോ ആണ് കണ്ണൂര്‍. കാര്യം മുഖ്യമന്ത്രി മുതലുള്ള മന്ത്രിപ്പടയുടെയും സി പി എമ്മിന്റെയും ഈറ്റില്ലമാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യപാര്‍ട്ടികളുടെ ചുക്കാന്‍ പിടിക്കുന്നവര്‍ കണ്ണൂരുകാരാണ്. എന്നിരിക്കിലും അങ്ങനെ ഒരു ന്യൂസ് സ്‌റ്റേഷനല്ല കണ്ണൂര്‍. കാരണം ബൈറ്റുകളാണല്ലോ ഇപ്പോഴത്തെ ടെലിവിഷന്‍ വാര്‍ത്തകള്‍. വാര്‍ത്തകൾക്കുവേണ്ടി ബൈറ്റ് എടുക്കുകയല്ല, ബൈറ്റുകള്‍ തന്നെ വാര്‍ത്തയാക്കുക. ഏതെങ്കിലും ഒരാളുടെ വാക്കുകളിലേക്ക് മൈക്ക് വെച്ച് അത് അടര്‍ത്തി വാര്‍ത്തയാക്കുക. അപ്പരിപാടിക്ക് സ്‌കോപ്പില്ല കണ്ണൂരില്‍. പിന്നെ കണ്ണൂരില്‍ വാര്‍ത്ത വേണമെങ്കില്‍ കാല് വെന്തും കണ്ണ് നീറിയും നടക്കണം. ആര് നടക്കാന്‍? അങ്ങനെ വാര്‍ത്താക്ഷാമമുള്ള കണ്ണൂരില്‍ നിന്ന് സാനിയോ ഒരു വാര്‍ത്ത ചെയ്യുന്നു. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി മയക്കുമരുന്നിന് അടിമയാണ്. അവള്‍ ലൈംഗികമായി സഹപാഠിയാല്‍ ഉപയോഗിക്കപ്പെട്ടു. സഹപാഠി ആ കുട്ടിയെ മര്‍ദിച്ചു. വലിയ വാര്‍ത്തയാണല്ലോ. അതേ, വലിയ വാര്‍ത്തയാണ്. മുന്നും പിന്നും നോക്കാതെ സാനിയോ അത് പ്രക്ഷേപിച്ചു. ഐഡന്റിറ്റി വെളിപ്പെടാത്ത വിധം ശബ്ദം സാങ്കേതിക വിദ്യ ഉപയോഗിച്ചാവണം ആണ്‍ശബ്ദമാക്കി മാറ്റി. കുട്ടിയുടെ മുഖം കാണിച്ചില്ല. മുന്നും പിന്നും നോക്കാതെ എന്ന വാചകം ശ്രദ്ധിച്ച് വായിക്കണം. ആഗസ്തിലായിരുന്നു അതിന്റെ പ്രക്ഷേപണം. ഒറ്റ ദിവസത്തെ വാര്‍ത്ത. വാസ്തവത്തില്‍ കേരളം ഇളകി മറിയേണ്ട ഒന്നായിരുന്നു ആ വാര്‍ത്ത. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തില്‍ എന്ന പോലെ, അല്ലെങ്കില്‍ സൂര്യനെല്ലി എന്നതുപോലെയൊക്കെ വന്‍ പ്രാധാന്യം ഉണ്ടാവേണ്ട ഒന്ന്. ഒന്നുമുണ്ടായില്ല. നോക്കൂ, ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത വാര്‍ത്തയാണ്. അവളുടെ വയറ്റില്‍ ചവിട്ടിയ വാര്‍ത്തയാണ്, പക്ഷേ, ഒരു ചലനവും സൃഷ്ടിച്ചില്ല. നമ്മുടെ ചാനല്‍ വാര്‍ത്തകള്‍, തൊള്ളവാര്‍ത്തകള്‍ അഥവാ ബൈറ്റ് ന്യൂസുകള്‍ക്ക് അപ്പുറത്തുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ വീക്ഷിക്കുന്നത് എങ്ങനെ എന്നതിന്റെ പവന്‍മാറ്റ് തെളിവാണ് ആ വലിയ വാര്‍ത്ത ജലരേഖ പോലെ മാഞ്ഞുപോയത്. വിശ്വാസ്യത, ബ്രിട്ടാസ് പറഞ്ഞതുപോലെ ചിതല്‍പുറ്റ് പോലെ പൊടിയുന്നു.

അതുപോട്ടെ, സ്വാഭാവികമായ ഒന്നാണത്. റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരക്കാരനായ നൗഫല്‍ ബിന്‍ യൂസഫ് സമാനമായ ഒരു സ്‌റ്റോറി ചെയ്യുന്നു. നമ്മുടെ സ്‌കൂള്‍ കോളജ് കാമ്പസുകളില്‍ ലഹരി മാഫിയ കടന്നുകയറിയിട്ടുണ്ട് എന്നത് ചാനലുകളിലെ ഗീര്‍വാണം പോലെ അത്ര വ്യാപകമല്ലെങ്കിലും ഉണ്ട്. നൗഫല്‍ അത് പിടിച്ചു. സാനിയോ ചെയ്ത, ഒരാളും ശ്രദ്ധിക്കാതിരുന്ന സ്‌റ്റോറി പുനഃസൃഷ്ടിച്ചു. മറ്റൊരു പെണ്‍കുട്ടിയെ വെച്ച് ആ അഭിമുഖം തെല്ല് മാറ്റത്തോടെയാണ് പുനഃസൃഷ്ടിച്ചത്. കേസും വിവാദവും വന്നിട്ടും ഏഷ്യാനെറ്റ് മേധാവികള്‍ ഒരു വിശദീകരണവും നല്‍കിയിട്ടില്ലാത്തിനാല്‍ ഈ കുറിപ്പില്‍ ചിലത് ഊഹാപോഹമോ വസ്തുതാവിരുദ്ധമോ ആവാം. വസ്തുതയല്ല നമ്മുടെ വിഷയമെന്നതിനാല്‍ ക്ഷമിക്കുക. സാനിയോ എന്ന റിപ്പോര്‍ട്ടറോട് ആ പെണ്‍കുട്ടി പറഞ്ഞ വാക്കുകള്‍ അല്‍പം മാറ്റിയാണ് നൗഫലിന്റെ അഭിമുഖത്തില്‍ ഉള്ളത്. റോവിംഗ് റിപ്പോര്‍ട്ടറില്‍ അത് വന്നു.

ഇനിയാണ് ട്വിസ്റ്റ്. വിഷയത്തില്‍ പി വി അന്‍വര്‍ എം എല്‍ എ ഇടപെടുന്നു. നൗഫലിന്റെ സ്‌റ്റോറിയിലെ അഭിമുഖം വ്യാജമെന്ന് വരുന്നു. സാനിയോ ചെയ്ത അഭിമുഖത്തിലെ കുട്ടി പോക്സോ ഇരയാണെന്ന് വരുന്നു. ആ കുട്ടിയുടെ പിതാവിനെതിരെ മഹാരാഷ്ട്രയില്‍ മകളെ, അതായത് അഭിമുഖം നല്‍കിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കേസുണ്ട് എന്ന് വരുന്നു. ആകെയൊരു തട്ടിപ്പുമണം പടരുന്നു. പോക്സോ കേസിലെ ഇരയെ ഉപയോഗിച്ച് ചെയ്ത സ്‌റ്റോറിയില്‍ കേസ് വരുന്നു. എഫ് ഐ ആര്‍ ഇടുന്നു. എസ് എഫ് ഐ വ്യാജവാര്‍ത്തക്കെതിരെ കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. ഓഫീസില്‍ അതിക്രമിച്ച് കയറി എഷ്യാനെറ്റ് സാംസ്‌കാരിക കേരളത്തിന് അപമാനം എന്ന ബാനര്‍ പതിക്കുന്നു. ചാനലിന്റെ കോഴിക്കോട് ഓഫീസില്‍ പൊലീസ് എത്തി പരിശോധിക്കുന്നു. ദേശീയതലത്തില്‍ പ്രതിഷേധമുയരുന്നു. ബി ബി സി ഓഫീസില്‍ നടന്ന റെയ്ഡുമായി താരതമ്യങ്ങള്‍ വരുന്നു. രാജ്ദീപ് സര്‍ദേശായിയെപ്പോലുള്ള മുതിര്‍ന്ന ജേണലിസ്റ്റുകള്‍ റെയ്ഡ് നടപടിയില്‍ പ്രതിഷേധിക്കുന്നു.

സര്‍ക്കാരിന്റെയും സി പി എമ്മിന്റെയും പ്രതിപക്ഷത്ത് ഇറങ്ങിക്കളിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയ ചാനലാണല്ലോ ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയുടെ സംഘപരിവാര്‍ ബന്ധം വെച്ച് അത് ബോധപൂര്‍വമായ ഗൂഡാലോചനയാണ് എന്ന് സി പി എം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും സി പി എം നാടുനീളെ ഏഷ്യാനെറ്റിനെ വിചാരണ ചെയ്യുന്നു. വിവാദത്തിന്റെ പ്രഭവകേന്ദ്രമായ നൗഫലിന്റെ മതസ്വത്വവും പേരും ഉപയോഗിച്ച് സി പി എം ജില്ലാ സെക്രട്ടറി അദ്ദേഹത്തെ ബിന്‍ലാദനോട് സമീകരിക്കുന്നു. ആകെ ബഹളമയം.

വാസ്തവം ഇത്രയേ ഉള്ളൂ. നൗഫല്‍ ചെയ്ത പരമ്പരയില്‍ ആ അഭിമുഖത്തിന്റെ പുനരാഖ്യാനം നല്‍കിയപ്പോള്‍ അത് സൃഷ്ടിച്ചതാണെന്ന് എഴുതിക്കാട്ടിയില്ല. ബി ബി സി ഉള്‍പ്പടെ നിലവാരമുള്ള, ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ പിന്തുടരുന്ന ആ അന്തസ്സും മര്യാദയും കാട്ടിയില്ല. ചൂണ്ടിക്കാട്ടപ്പെട്ടപ്പോള്‍ ആ പിഴവ് തിരുത്താന്‍ ഏഷ്യാനെറ്റിനെ അവരുടെ ഈഗോയോ മറ്റ് വല്ലതുമാണെങ്കില്‍ അതോ അനുവദിച്ചില്ല. ചെയ്ത തെറ്റിനെ മറയ്ക്കാന്‍ നൗഫലും ഏഷ്യാനെറ്റും പിന്നെയും കുഴികള്‍ കുഴിച്ചു. നൗഫലിനെതിരെ സാനിയോയുടെ തന്ത്രം എന്ന നിലയില്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ പ്രചാരണം നടത്തി. ചക്കളത്തി പോരാട്ടം സര്‍വസീമകളും ലംഘിച്ച് ചെളിയഭിഷേകമായി. സി പി എമ്മിനെ പിന്തുണക്കുന്നവര്‍ എന്ന് ആണയിടുന്ന വഷളന്‍ പ്രൊഫൈലുകള്‍ സിന്ധുസൂര്യകുമാര്‍ എന്ന മുതിര്‍ന്ന ജേണലിസ്റ്റിനെതിരെ അപവാദങ്ങളും തെറിയും പരത്തി. സംഘപരിവാര്‍ കൂട്ടങ്ങള്‍ സാനിയോക്കെതിരെ രംഗത്തുവന്നു.

വാസ്തവത്തില്‍ ഇത് രണ്ടുതരം പിഴവാണ്. ഒന്ന് കിട്ടുന്നതെല്ലാം എയര്‍ ചെയ്യുക എന്ന ചാനല്‍ രീതി. ഒരുവിധ പരിശോധനയും തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ട്. മത്സരം മുറുകിയതിന്റെ സമ്മര്‍ദമാണത്. ആരോടാണ് മത്സരിക്കുന്നത്. വാര്‍ത്തയെ കഥാപ്രസംഗവും ആറാട്ടും അശ്ലീലവുമാക്കാന്‍ മത്സരിക്കുന്ന, തൊണ്ട കാറിയുള്ള അലര്‍ച്ചയാണ് വാര്‍ത്തയെന്ന് വിശ്വസിക്കുന്ന, വാര്‍ത്തയും കോമഡി സ്റ്റാറും തമ്മില്‍ തെറ്റിപ്പോകുന്ന കൂട്ടരോട്. വന്നു വന്ന് പന്നികള്‍ തമ്മിലെ മല്‍പിടുത്തമായി മാറി ചാനലുകളുടെ മത്സരം. സാനിയോ എന്ന യുവ റിപ്പോര്‍ട്ടര്‍ വീണ കുഴി അതാണ്. തനിക്ക് അഭിമുഖം തരാന്‍ എത്തിയ (സാനിയോ സ്വയം തീരുമാനിച്ച വാര്‍ത്തയാണ് അതെങ്കില്‍ മാത്രം സാനിയോ എന്ന് വായിക്കാം; അല്ലെങ്കില്‍ ഏഷ്യാനെറ്റ് എന്ന് വായിക്കുക) കുട്ടിയുടെയും പിതാവിന്റെയും കേസ് സൂക്ഷ്മമായി പഠിക്കുന്നതില്‍ സംഭവിച്ച വീഴ്ച, അല്ലെങ്കില്‍ തിടുക്കം. മാതൃഭൂമിയുടെ കണ്ണൂര്‍ റിപ്പോര്‍ട്ടറും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാധാകൃഷ്ണന്‍ പട്ടാന്നൂര്‍ എഴുതുന്നു: “”മയക്കുമരുന്ന് നല്‍കി തന്റെ മകളെ സഹപാഠി പീഡിപ്പിച്ചുവെന്നും അതുപോലെ ഇതേ സ്‌കൂളിലെ 11 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്നും ഒരാള്‍ അവകാശവാദം ഉന്നയിക്കുകയും അക്കാര്യം പെണ്‍കുട്ടിയെക്കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയിക്കുകയും അതിനുമേല്‍ നിറം പിടിപ്പിച്ച വ്യാജവാര്‍ത്തകള്‍ പടക്കുകയും ചെയ്ത സംഭവം കേരളത്തില്‍ ചൂടു പിടിച്ച വാര്‍ത്തയായിരിക്കുന്നു. ഇങ്ങനെ ഒരു വാര്‍ത്ത മെനഞ്ഞ “ഏഷ്യാനെറ്റ്’ അധികൃതര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.

ഈ കേസിന്റെ നിയമ -നൈതിക -ധാര്‍മിക പ്രശ്‌നങ്ങള്‍ ഇവിടെ സൂചിപ്പിക്കുന്നില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെ.

എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ കയറേണ്ടിവന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലക്ക് ചില കാര്യങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം (2022)ജൂലൈയിലാണ് കേസ് ഉടലെടുത്തത്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകളെ ഇതേ സ്‌കൂളിലെ (കണ്ണൂര്‍ നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍) സഹപാഠി പീഡിപ്പിച്ചു എന്നും മറ്റ് 11 വിദ്യാര്‍ഥിനികളും ഇതുപോലെ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് കുട്ടിയുടെ വാപ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യം പൊലീസില്‍ പറഞ്ഞതുമില്ല.
എന്നാല്‍ ഇതേ വാപ്പ സ്വന്തം മകളെ(ഇതേ കുട്ടിയെ) പീഡിപ്പിച്ചുവെന്ന് ഇയാളുടെ ഭാര്യ രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ഖര്‍കര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ഇയാള്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.
കണ്ണൂര്‍ നഗരത്തില്‍ താമസക്കാരനായ ഇയാള്‍ കുറേക്കാലം മുംബൈയില്‍ ആയിരുന്നു. അവിടുത്തുകാരിയാണ് ഭാര്യ എന്ന് കരുതുന്നു. അവര്‍ സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയും കലര്‍ത്തിയാണ്.
പിന്നീട് ഇയാള്‍ മകളെയും കൂട്ടി നാട്ടില്‍ വന്ന് കണ്ണൂരിലെ വീട്ടില്‍ താമസമാക്കി.
കേസിന്റെ വിചാരണയാവുമ്പോഴേക്കും കുട്ടിയെ മാനസാന്തരപ്പെടുത്തി മൊഴിമാറ്റി കേസില്‍ നിന്ന് തലയൂരാനാണ് കണ്ണൂരിലേക്ക് കുട്ടിയെ കൊണ്ടുവന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് വേറെ ആളാണെന്ന് സ്ഥാപിക്കുകയും വേണം.
ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ സ്‌കൂളുകളിലും രക്ഷിതാക്കളിലും പരിഭ്രാന്തി പടര്‍ത്തി.
ഈ വിവരങ്ങള്‍ പ്രാദേശിക ചാനലുകളില്‍ കണ്ടപ്പോള്‍ അവരില്‍ നിന്ന് ഇയാളുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. ഞാന്‍ പേര് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി.
അപ്പോള്‍ അയാള്‍ പറഞ്ഞത്, “ഞാനും മകളും ഒരു ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണെന്നും ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം തിരിച്ചുവിളിക്കാം എന്നുമായിരുന്നു.
അദ്ദേഹത്തോട് അഭ്യർഥന രൂപത്തില്‍ ഞാന്‍ പറഞ്ഞു, “ഒരിക്കലും മകളെ ചാനലിന് മുന്നില്‍ കൊണ്ടുപോകരുത്. അത് നിയമപരമായും തെറ്റാണെന്ന്’. അപ്പോള്‍ അയാളുടെ മറുപടി ഇങ്ങിനെ:
“എന്റെ മകള്‍ക്ക് സംഭവിച്ചത് വേറൊരു കുട്ടിക്കും സംഭവിക്കാതിരിക്കട്ട. ലോകം ഇതറിയട്ടെ’.
അപ്പോഴേ തോന്നി ഇതില്‍ ചില ദുരൂഹതയുണ്ടെന്ന്.
ഒരച്ഛനും പീഡനത്തിന് ഇരയായ സ്വന്തം മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കില്ല.
ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവന്നപ്പോള്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി. ജില്ലാ പഞ്ചായത്ത് അധികൃതരും സ്‌കൂള്‍ അധികാരികളും. തുടര്‍ന്ന് ബാലാവകാശ കമ്മീഷനും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഈ അന്വേഷണങ്ങളില്‍ കുട്ടിയും ബാപ്പയും വെളിപ്പെടുത്തിയത് വസ്തുതയല്ലെന്ന് വ്യക്തമായി.
കുട്ടി പറയുന്നത് ആരോ പറഞ്ഞുപഠിപ്പിച്ച നിലയിലും.
എന്നാല്‍,ആ കുട്ടിക്ക് ഒരു വിദ്യാർഥിയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അത് പരസ്പരം ഇഷ്ടത്തോടെയാണെന്നും വ്യക്തമായി. ഇവര്‍ രണ്ടുപേരും പ്രായ പൂര്‍ത്തിയെത്താത്തതിനാല്‍ പോക്സോ കേസും നിലവിലുണ്ട്. ഈ ആണ്‍കുട്ടി ഈ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു.
ഈ ആണ്‍കുട്ടിയെ അയാള്‍ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ ഇയാളുടെ ജീവിതത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് മുകളില്‍ പറഞ്ഞ കാര്യം വെളിപ്പെട്ടത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2022ആഗസ്ത് 12ന് “മാതൃഭൂമി’യില്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്ത നല്‍കി. വാര്‍ത്ത വന്ന ദിവസം അയാള്‍ എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ വാര്‍ത്ത എന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കേസ് കൊടുക്കും എന്നുമായിരുന്നു ഭീഷണി. വാര്‍ത്തയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ആ വാര്‍ത്തയില്‍ പറയുന്ന കാര്യം സത്യമാണെന്നും മറുപടി നല്‍കി.
തുടര്‍ന്ന്, എനിക്കും കണ്ണൂര്‍ ടൗണ്‍ സി ഐ ബിനു മോഹനും എതിരെ ഇയാള്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഒരു ദിവസം എ സി പി എന്നെ വിളിച്ച് മൊഴിയെടുത്തു.
വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഒരു വരി പോലും തിരുത്തുന്നില്ലെന്നും ഞാന്‍ വ്യക്തമാക്കി.
തന്നെ ഭീഷണിപ്പെടുത്തി എന്നായിരുന്നു സി ഐക്കെതിരായ പരാതി.
ഈ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളും വിഷയം കൈവിട്ടു. അവര്‍ക്കെല്ലാം കാര്യം ബോധ്യമായി.
പിന്നെ, മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിഷയത്തിന് ഇങ്ങിനെയൊരു പുനര്‍ജന്മം ലഭിക്കുന്നത്.
ചില സംഭവങ്ങള്‍ തുടക്കത്തില്‍ അറിഞ്ഞതായിരിക്കില്ല സത്യം. ചിലപ്പോള്‍ അത്തരം വാര്‍ത്ത കൈകാര്യം ചെയ്യുമ്പോള്‍ അബദ്ധം പറ്റും. എനിക്കും പറ്റിയിട്ടുണ്ട്. എന്നാല്‍ തുടര്‍ന്ന് ഈ സംഭവത്തെ ആ ചാനല്‍ ഉപയോഗപ്പെടുത്തിയ രീതിയാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വിഷയമായിരിക്കുന്നത്.”
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. ഏഷ്യാനെറ്റിന് ഇപ്പോള്‍ സംഭവിച്ചതായി വെളിപ്പെടുന്നത് ഭൂതത്തിന്റെ വാലാണ്. ആ ഭൂതമാകട്ടെ കേരളത്തിന്റെ മാധ്യമമേഖലയെ ആകെ വിഴുങ്ങിയ ഭൂതമാണ്. പരമ്പരാഗത്വം, പാരമ്പര്യം, സംഘടന, മത ധാര്‍മികത തുടങ്ങിയ ബാധ്യതകള്‍ വലിയ ഭാരമായി മുതുകത്തുള്ളതിനാല്‍ ദിനപത്രങ്ങള്‍ പൂര്‍ണമായി വിഴുങ്ങപ്പെട്ടിട്ടില്ല എന്ന് കരുതാം. നവമാധ്യമങ്ങള്‍, യൂടൂബ് അടിസ്ഥാന സംരംഭങ്ങള്‍ എന്നെല്ലാം പറഞ്ഞ് രംഗത്തുവരുന്നവ പലതരം വിഷവാതകങ്ങളുടെ ഒളിയിടമായ ബ്രഹ്മപുരങ്ങളാണ്. ചാനലുകള്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ എടുത്തുചാടുന്നതും അവിടേക്ക് തന്നെ.
ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംഭവിച്ച ദുരന്തത്തെ നാം എങ്ങനെയാണ് മനസ്സിലാക്കേണ്ടത്. നിശ്ചയമായും അത് സി പി എം മനസ്സിലാക്കുന്നതുപോലെ പ്രതികാരത്തിനുള്ള സന്ദര്‍ഭമായി ആയിരിക്കരുത്. തങ്ങളെ വിമര്‍ശിക്കുന്നവരെ നിഗ്രഹിക്കാനുള്ള സുവര്‍ണാവസരമായി മാറ്റാനുമാകരുത്. വിമര്‍ശനാതീതമല്ല സി പി എമ്മും ആരും. സര്‍ക്കാരിന്റെ പോക്കും സുവര്‍ണ പാതയിലല്ല.
പിന്നെ എങ്ങനെയാവണം. നാളെ വിഷപ്പുകയായിപ്പടര്‍ന്ന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന മാലിന്യകേന്ദ്രങ്ങളായി അവ തുടരാന്‍ അനുവദിക്കരുത്. മെച്ചപ്പെട്ട മാധ്യമ സംസ്‌കാരം അവരെ ബോധ്യപ്പെടുത്തണം. അതിനായുള്ള ധാര്‍മികതയിലൂന്നിയ സംരംഭങ്ങള്‍ ഉയര്‍ന്നുവരണം. ഇതാ നോക്കൂ, ഇതാണ് ജേണലിസമെന്ന് അവരെ പഠിപ്പിക്കണം. അവരെ ജാഗ്രതയോടെ പിന്തുടരണം. അവരുടെ വീഴ്ചകളെ നിരന്തരം തുറന്നുകാട്ടുന്ന സാമൂഹിക വിളക്കുമാടങ്ങളായി നാം മാറണം. ഓരോ വീഴ്ചകളും ജനകീയ വാര്‍ത്തകളായി പടര്‍ത്തണം. ഞങ്ങള്‍ക്കിത് വേണ്ട എന്ന് ജനം പറയുന്ന ഘട്ടം വരണം.
വരും, എണ്‍പതുകളില്‍ പരിധിവിട്ട് പൈങ്കിളി പടര്‍ത്തിയ വാരികകളെ കെട്ടുകെട്ടിച്ച നാടുമാണ് കേരളം.

You must be logged in to post a comment Login