രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ തരംഗമുണ്ട്; പക്ഷേ

രാഹുല്‍ ഗാന്ധിയെക്കുറിച്ചാണ്. ആമുഖമായി അല്‍പം ചരിത്രം പറയാം. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയമായി നടത്തിയ ആദ്യത്തെ ആത്മഹത്യയാണ് ഗാന്ധിവധം. നാല്‍പതുകളിലെ ഇന്ത്യന്‍ അന്തരീക്ഷം ഹിന്ദുത്വയ്ക്ക് സാധ്യതകള്‍ ഏറെയുള്ളതായിരുന്നു. സ്വാതന്ത്ര്യസമരം തീവ്രമായി തുടരുന്നുണ്ട്. ഗാന്ധി അതിന്റെ അതിശക്തനായ നേതാവാണ്. സമരം ഗ്രാമങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് സഞ്ചരിച്ചു കഴിഞ്ഞു. നാല്‍പതുകള്‍ മുതലുള്ള ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം പല നിലകളില്‍ ചിതറിയാണ് രേഖപ്പെട്ടിട്ടുള്ളത്. അക്കാലത്തെ സാമൂഹിക ബലങ്ങളുടെ ചിത്രം പല അനുഭവാഖ്യാനങ്ങളില്‍ നിന്നായി കണ്ടെടുക്കാന്‍ മാത്രമേ സാധിക്കൂ. കാരണം ഭൂരിപക്ഷവും ഗാന്ധിയില്‍ ചുറ്റിക്കറങ്ങി കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ വാഴ്ത്തുകളും ഇന്ത്യ ഒന്നടങ്കം കോണ്‍ഗ്രസിന് പിന്നില്‍ ആര്‍ത്തലച്ച് അണിനിരന്നിരുന്നു എന്നുമുള്ള വിവരണങ്ങളാണ്. മറുവശത്താകട്ടെ ഗാന്ധിയെ അപ്രസക്തനാക്കും വിധമുള്ള രചനകളും. അതില്‍ ഭൂരിപക്ഷവും അന്നത്തെ ഹിന്ദു നേതാക്കളുടെ കഥനങ്ങളാണ്. ഇതിനിടയിലെ വസ്തുതകള്‍ കണ്ടെടുക്കുക അധ്വാനമുള്ള പണിയാണ്; പക്ഷേ, അസാധ്യമല്ല. വിഭജനത്തിലേക്ക് നയിച്ച വിള്ളലുകള്‍ ഇന്ത്യന്‍ അന്തരീക്ഷത്തെ കലുഷിതമാക്കിയിരുന്നു. അക്കാല മധ്യവര്‍ഗത്തില്‍ ഹിന്ദുത്വയ്ക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ വിഭജനവാദത്തിനും ജിന്നയ്ക്കും കഴിഞ്ഞിരുന്നു. ജിന്നയോടുള്ള ഗാന്ധിയുടെ മൃദു സമീപനവും ഗാന്ധി ജിന്നയ്ക്ക് നല്‍കിയ അനര്‍ഹമായ പദവികളും ഒരു ഹിന്ദു ധ്രുവീകരണത്തിന്റെ സാഹചര്യം ഒരുക്കിയിരുന്നു. അക്കാല കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതികളില്‍ ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് വമ്പിച്ച സ്വാധീനവും ഉണ്ടായിരുന്നു. ഗാന്ധിക്കെതിരായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പ്രചാരണങ്ങള്‍ നടന്നു. അവസരം പാര്‍ത്തിരുന്ന ജാതി ഹിന്ദുക്കള്‍ രംഗത്തുവന്നു. ഗാന്ധിക്ക് വലിയ ഒരു വിഭാഗം ജനതയ്ക്കിടയില്‍ അനഭിമതത്വം വന്നു. വിഭജനം സംബന്ധിച്ച് മുന്‍പ് നടത്തിയ പ്രസ്താവനയില്‍ നിന്ന് ഗാന്ധി പിന്നോട്ടു പോയി. ജീവനുണ്ടെങ്കില്‍ വിഭജനം അനുവദിക്കില്ല എന്നായിരുന്നു അത്. പക്ഷേ, ഗാന്ധി മാറി. ഇക്കാര്യങ്ങളെല്ലാം കാതുകളില്‍ നിന്ന് കാതുകളിലേക്ക് പടര്‍ന്നു. ഗാന്ധി വിരുദ്ധത പ്രബലമായി.

പക്ഷേ, എല്ലാം ആ വൈകുന്നേരം മാറിമറിഞ്ഞു. ഗാന്ധി കൊല്ലപ്പെട്ടു. ഗാന്ധിയുടെ രക്തസാക്ഷിത്വം വലിയതോതില്‍ ആഘാതമായി. എങ്കിലും ആ വൃദ്ധശരീരം വീഴ്ത്തിയതെന്തിന് എന്ന വിലാപം ദിഗന്തങ്ങള്‍ മുഴങ്ങി. ആറ് പതിറ്റാണ്ട് ഈ രാജ്യം വാഴാന്‍ ആ രക്തം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മൂലധനമായി. ഹിന്ദുത്വയുടെ അധികാരാര്‍ജനം ഗാന്ധിയുടെ രക്തത്തില്‍ വഴുതി തലയടിച്ചു വീണു.
ജീര്‍ണതയിലേക്ക് പടരാന്‍ ജന്മത്വരയുള്ള വേരുകളാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേത്. അതിന്റെ രൂപീകരണം ഒരു മധ്യവര്‍ഗ നേരമ്പോക്കായിരുന്നു എന്നത് മറക്കരുത്. തികച്ചും ലക്ഷണമൊത്ത ഒരു ഞായറാഴ്ച ക്ലബ്. ഉപരിവര്‍ഗത്തിന് മാത്രം പ്രാമുഖ്യമുള്ള ഒന്ന്. പില്‍ക്കാലം ആ ഉപരിവര്‍ഗത്തിന്റെ പിടിയില്‍ നിന്ന് കുതറി ഒന്നാംതരം ദേശീയ മുന്നേറ്റമായി കോണ്‍ഗ്രസ് മാറുന്നുണ്ട്. അതിന് വിവിധ കാരണങ്ങളുണ്ട്. അതില്‍ പ്രധാനം അതിന്റെ നേതൃത്വങ്ങളുടെ സവിശേഷതയാണ്. അപ്പോഴും കീഴാള പ്രാതിനിധ്യങ്ങള്‍ കോണ്‍ഗ്രസിനില്ലായിരുന്നു. അംബേദ്കറോട് തുടങ്ങിയ വിയോജിപ്പിന്റെ അനുരണനങ്ങള്‍ പില്‍ക്കാലത്തും തുടര്‍ന്നു എന്ന് സാരം. എങ്കിലും കോണ്‍ഗ്രസ് മുന്നോട്ടു പോയി. അതിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇന്ധനമായി ഗാന്ധിയും ദേശീയ പ്രസ്ഥാനത്തിന്റെ ഓര്‍മകളും തുടര്‍ന്നു. ആ ഓര്‍മകളെ, അതിന്റെ ഊര്‍ജത്തെ വഹിക്കാന്‍ അന്തരാ പ്രാപ്തനായിരുന്നു എല്ലാ അര്‍ഥത്തിലും ജവഹര്‍ലാല്‍ നെഹ്‌റു. ഗാന്ധിയില്‍ നിന്ന് വ്യത്യസ്തമായി നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വത്തില്‍ അക്കാല ഹിന്ദുത്വയ്ക്ക് അപരബോധം തോന്നേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. ജാതി ഹിന്ദുവിന്റെ അധീശമനോനിലയെ വലിയതോതില്‍ തൃപ്തിപ്പെടുത്തുന്ന ശരീരമായിരുന്നു കോണ്‍ഗ്രസിന്റേത്. അത് ജാതി ഇന്ത്യയുടെ സ്തൂലശരീരത്തെ സംഘടനാതലത്തില്‍ വഹിച്ചു. ഗാന്ധിക്കെതിരായിരുന്ന ഉപരി മധ്യവര്‍ഗ ഹിന്ദുക്കള്‍ക്കും അവരെ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്ന ബ്രാഹ്മണ വര്‍ഗത്തിനും കോണ്‍ഗ്രസ് ചെന്നുകയറാന്‍ കഴിയുന്ന ഒരിടമായിരുന്നു. ഹിന്ദുത്വയുടെ ജാതിയഭിലാഷങ്ങളെ കോണ്‍ഗ്രസ് ഹനിച്ചില്ല. കോണ്‍ഗ്രസ് അംബേദ്കറെ ഓര്‍മിക്കാതിരിക്കാന്‍ ശ്രമിച്ചു. മൗലാന അബുള്‍ കലാം ആസാദിന് പിന്‍മുറ ഇല്ലാതിരിക്കാനും ശ്രദ്ധിച്ചു. എതിരാളികളില്ലാത്ത വിധം പ്രബലമായ കോണ്‍ഗ്രസിനപ്പുറം ഇന്ത്യന്‍ ഹിന്ദുത്വയ്ക്ക് അഭയമില്ലെന്നായി. ഹിന്ദുത്വയുടെ സാമ്പത്തികാഭയമാകേണ്ട വന്‍കിട മൂലധന വര്‍ഗം ഒന്നടങ്കം കോണ്‍ഗ്രസിന്റെ താവളത്തിലും ചങ്ങാത്തത്തിലുമായിരുന്നു. ജവഹര്‍ലാലിനു ശേഷം ഇന്ദിരായുഗത്തിന്റെ പിറവിയായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധി രക്തസാക്ഷിത്വത്തിന്റെ പ്രഭാവം മങ്ങാന്‍ തുടങ്ങി. നവ ഗാന്ധിയായി ഇന്ദിര സ്വയം രേഖപ്പെടാന്‍ തുടങ്ങി. മഹാത്മാഗാന്ധിയില്‍ നിന്ന് ഇന്ദിരാഗാന്ധിയിലേക്കുള്ള ഈ മാറ്റം സവിശേഷമായിരുന്നു. ഗാന്ധിയുടെ രക്തം ഉണങ്ങി. മാഞ്ഞു. കോണ്‍ഗ്രസില്‍ ഘടനാപരമായി വിള്ളലുണ്ടാക്കിയായിരുന്നു ഇന്ദിരയുടെ വാഴ്ച. കോണ്‍ഗ്രസ് പാളയത്തില്‍ പട കനത്തു. ഇന്ദിരാ വിരുദ്ധത പ്രാദേശികമായി പടര്‍ന്നു. അത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വമ്പന്‍ പിറവികള്‍ക്ക് സാക്ഷ്യം വഹിച്ചു.

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അതിനിര്‍ണായക സന്ദര്‍ഭങ്ങളാണത്. പ്രാദേശിക രാഷ്ട്രീയം കോണ്‍ഗ്രസിനെ കവിഞ്ഞ് വളര്‍ന്നു. കേരളമൊഴികെ മിക്കയിടത്തും ആ വളര്‍ച്ചകള്‍ക്ക് ജാതിയുമായി, ഗോത്രവുമായി ബന്ധമുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ ജാതീയമായ ജാതിവിരുദ്ധതയായി രണ്ട് വമ്പന്‍ പാര്‍ട്ടികള്‍ തിടംവെച്ചത് ഓര്‍ക്കുക. ഇന്ത്യയിലെമ്പാടും അതേ പ്രവണത തുടര്‍ന്നു. ജാതി ഹിന്ദുത്വയ്ക്ക് പുതിയ വഴി തുറന്നുകിട്ടി. കോണ്‍ഗ്രസിന് ബദല്‍ ഉണ്ടായി. ആ ബദല്‍ പിളര്‍ക്കാന്‍ എളുപ്പമുള്ള ഒന്നായിരുന്നു. ഇതിനിടെ ഖലിസ്ഥാന്‍ വന്നു. ഇന്ത്യ അരക്ഷിതമാകുന്നു എന്ന് വന്നു. ഖലിസ്ഥാന്‍, നിങ്ങളോര്‍ക്കണം. അതൊരു വിഘടനവാദമായിരുന്നു. വിഘടനവാദങ്ങള്‍ ആഭ്യന്തര ഉള്‍ബലമുള്ളവയാണ്. ഇന്ദിര കൊല്ലപ്പെട്ടു. പില്‍ക്കാലം രാജീവ് യുഗമായി. കുടുംബവാഴ്ച എന്ന പേരുദോഷത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. അതിപ്രഗത്ഭരായ നേതാക്കളെയാണല്ലോ രാജീവ് ഗാന്ധി മറികടന്നത്. രാജ്യതന്ത്രജ്ഞത ബാല്യം മുതല്‍ പകര്‍ന്നാണ് നെഹ്‌റു മകളെ വളര്‍ത്തിയത്. ഇന്ത്യന്‍ രാഷ്ട്രീയം ഇതുവരെ വേണ്ടത്ര ശ്രദ്ധിക്കാത്ത ഫിറോസ് ഗാന്ധി എന്ന അസാധാരണ രാഷ്ട്രീയ ബുദ്ധിജീവിയായിരുന്നു ചുരുങ്ങിയകാലമെങ്കില്‍ ചുരുങ്ങിയ കാലം ഇന്ദിരയുടെ സഹജീവി. രാജീവ് തികച്ചും വ്യത്യസ്തനായിരുന്നു. രാഷ്ട്രീയത്തിലേക്ക് കണ്ട് ഇന്ദിര വളര്‍ത്തിയത് സഞ്ജയ് ഗാന്ധിയെ ആയിരുന്നു.

അക്കാലമാകുമ്പോഴേക്കും കോണ്‍ഗ്രസിനെ മൂടാന്‍തുടങ്ങിയ അധികാരഗര്‍വും അഹന്തയും അഴിമതിയും അര്‍ബുദം പോലെ അയാളില്‍ പടര്‍ന്നു. ഒടുവില്‍ സഞ്ജയ് മരിച്ചു. രാജീവിനെ ഗൃഹസ്ഥനും സ്വസ്ഥനുമാക്കാനായിരുന്നു ഇന്ദിരയുടെ ആഗ്രഹം. അതുണ്ടായില്ല. രാജ്യതന്ത്രജ്ഞതയുടെ അഭാവം രാജീവിന്റെ ജീവനുമെടുത്തു. ഒരു കുടുംബം, വലിയ വേരോട്ടമുള്ള ചരിത്രഭാരമുള്ള ഒരു കുടുംബം അസ്തമിച്ചു. പ്രാദേശിക കക്ഷികള്‍, നാമാദ്യം പറഞ്ഞ ജാതി അടിവേരായ കക്ഷികള്‍ പടര്‍ന്നു. തക്കം പാര്‍ത്തിരുന്ന ഹിന്ദുത്വ പലരൂപത്തില്‍ പിടിമുറുക്കി. ഗാന്ധി അസ്തമിച്ച ഒരിടത്ത് മാത്രമേ ഹിന്ദുത്വയ്ക്ക് ഉദിക്കാനാവൂ. ഉദിച്ചു. ചരിത്രത്തിന് ഇങ്ങനെയും ചില ധാരകളുണ്ട് എന്നോര്‍മിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്.

ഇന്ത്യന്‍ ഹിന്ദുത്വയുടെ രണ്ടാമത്തെ രാഷ്ട്രീയ ആത്മഹത്യക്കാണോ നാമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് എന്ന ചര്‍ച്ച സജീവമാണ്. അതിശയോക്തി എന്ന് തോന്നാമെങ്കിലും അതില്‍ കാമ്പില്ലാതില്ല. വിശദീകരിക്കാം.
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ രാഹുല്‍ കൗമാരം കടക്കുന്നതേയുള്ളൂ. നെഹ്‌റുവിയന്‍ നിഴലുകളേശാതുള്ള ജീവിതമായിരുന്നു രാഹുലിന്റേത്. അതിവേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ പറപ്പിക്കുന്ന ഒരു രാഹുലിനെ ഡല്‍ഹിയിലെ അക്കാല മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നുണ്ട്. തരി പോലും കോണ്‍ഗ്രസല്ലാത്ത ഒരു യുവാവായിരുന്നു അയാള്‍. പെണ്‍സുഹൃത്തുമൊത്ത് പരസ്യമായി ഉല്ലസിക്കാന്‍ മടിയില്ലാത്ത ഒരാള്‍. ആ രാഹുല്‍ സമീപകാലം വരെ മാറ്റമില്ലാതെ തുടര്‍ന്നു. അതിനിടെ ഹിന്ദുത്വ അധികാരത്തില്‍ വന്നു. സോണിയ ദുര്‍ബലയായി. കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ അപ്രസക്തരായി. നിശബ്ദരായി. രാജ്യമെമ്പാടും കോണ്‍ഗ്രസ് തകര്‍ന്നു. കത്തുന്ന പുരയില്‍ നിന്ന് കഴുക്കോലൂരാന്‍ തക്കം പാര്‍ക്കുന്ന ചിലര്‍ മാത്രം അവശേഷിച്ചു. അനാരോഗ്യം സോണിയയെ വേട്ടയാടി. വിവാഹം പ്രിയങ്കയെ ദുര്‍ബലയാക്കി. മനസ്സില്ലാ മനസ്സ് നിരന്തരം വെളിപ്പെടുത്തി രാഹുല്‍ നേതാവായി. എഞ്ചുവടി അറിയാത്ത ബിരുദ വിദ്യാര്‍ഥിയെപ്പോലെ രാഹുല്‍ രാഷ്ട്രീയത്തില്‍ തത്തിക്കളിച്ചു. മുതിര്‍ന്ന നേതാക്കളെ അയാള്‍ക്ക് മനസ്സിലായില്ല. ഹിന്ദുത്വ വാതില്‍ക്കല്‍ ഭീമാകാരം പൂണ്ട് എത്തിയതും മനസ്സിലായില്ല. താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ സുദീര്‍ഘപാരമ്പര്യം മനസ്സിലായില്ല. തന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പദം ഉള്‍വഹിക്കുന്ന സമുദ്രശക്തിയെ അയാള്‍ തിരിച്ചറിഞ്ഞില്ല. തിരിച്ചറിവില്ലാത്ത കുട്ടിയെപ്പോലെ അയാള്‍ രാഷ്ട്രീയ ഭൂമികയില്‍ മണ്ടിനടന്നു. ഇടറിവീണു. അയാളിലെ ഇടര്‍ച്ചകളെ ഹിന്ദുത്വ പെരുപ്പിച്ചു. നോക്കൂ, ഒരു മണ്ടന്‍ എന്ന് വിളിച്ചാര്‍ത്തു. കൗമാരത്തില്‍ പിതാവിന്റെ ചിതറിയ ശരീരം കണ്ട് തകര്‍ന്ന ഒരാളുടെ വിഹ്വലതകളാണോ എന്ന് സംശയിക്കും വിധം പരസ്പര ബന്ധമില്ലാതെ അയാള്‍ സംസാരിച്ചു. ഹിന്ദുത്വയും ഇടതുപക്ഷവും അയാളെ മനുഷ്യവിരുദ്ധമായി പരിഹസിച്ചു. മറുവശത്ത് അതിനൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ ഇപ്പോഴും അജ്ഞാതമായ കാരണങ്ങളാല്‍ രാഹുല്‍ഗാന്ധി ഉഴപ്പി. എതിരാളികളില്ലാതെ ഹിന്ദുത്വ പടര്‍ന്നു. ഇതിനിടെ സ്വന്തം സംഘടനയെ തച്ചുതകര്‍ക്കുന്ന നീക്കങ്ങള്‍ പോലും രാഹുല്‍ നടത്തി. വകയ്ക്ക് കൊള്ളാത്ത ബ്രിഗേഡുകള്‍ പിറന്നു. കൊള്ളാവുന്ന നേതാക്കളെ അപമാനിച്ച് അയച്ചു. കൈവെള്ളയിലിരുന്ന സംസ്ഥാനങ്ങള്‍ ഒലിച്ചുപോയി. ഇന്ത്യാചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ രാഷ്ട്രീയ നേതാവിന്റെ പദവിയിലേക്ക് ഒരുവേള രാഹുല്‍ നിലംപൊത്തി.

ഇതിനിടെ രാജ്യം അക്ഷരാര്‍ഥത്തില്‍ ഹിന്ദുത്വയുടെ വരുതിയിലായി. സംസ്ഥാനങ്ങള്‍ അവര്‍ കീഴടക്കി.
പക്ഷേ, ലോകത്തെ മുഴുവന്‍ സമഗ്രാധിപത്യങ്ങളെയും, തീവ്രവലതുകളെയും കാത്തിരുന്ന ആ കെണി ഹിന്ദുത്വയ്ക്ക് മുന്നിലുമെത്തി. എല്ലാ സമഗ്രാധിപത്യങ്ങളിലും എന്നപോലെ, എല്ലാ ഫാഷിസത്തിലുമെന്നപോലെ രാജ്യത്തിന്റെ സാമ്പത്തിക ജീവിതം താറുമാറായി. ചങ്ങാത്ത മുതലാളിത്തം ഏറ്റവുമേറെ തഴച്ചുവളരുക സമഗ്രാധിപത്യത്തിലും തീവ്രവലതിലുമാണ്. കാര്‍ഷിക വിലത്തകര്‍ച്ച രൂക്ഷമായി. കര്‍ഷകരെ ഊറ്റി വന്‍കിടക്കാര്‍ വളര്‍ന്നു. അദാനി സാമ്രാജ്യം ഇന്ത്യന്‍ ഹിന്ദുത്വയുടെ മാനസപുത്രനായി തഴച്ചു. സര്‍ക്കാരിന്റെ ബിനാമി.

സാമ്പത്തിക ശാസ്ത്രത്തിന് ഒരു നീതിശാസ്ത്രം കൂടിയുണ്ട്. അത് അസാധാരണവും അനുചിതവും ചൂഷണാത്മകവുമായ വളര്‍ച്ചകളെ അകമേനിന്ന് തകര്‍ക്കും. മുതലാളിത്തം അതിന്റെ ആഭ്യന്തര വൈരുധ്യങ്ങളാല്‍ തകരുമെന്നത് മാര്‍ക്‌സിസ്റ്റ് വീണ്‍വാക്കല്ല, സത്യമാണ്. മോഡി സര്‍ക്കാരിന്റെ രണ്ടാമൂഴത്തോടെ അത് സംഭവിച്ചു. അദാനി സാമ്രാജ്യത്തിന്റെ മുഖംമൂടി അഴിഞ്ഞു. ഈ രാജ്യം അപകടത്തിലേക്കെന്ന സൂചന പരന്നു. മനുഷ്യര്‍ ജീവിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മതവും വംശീയതയും അപരവിദ്വേഷവും വെറിയും പ്രചരിപ്പിച്ച് പിടിച്ചു നില്‍ക്കുന്ന ഭരണകൂടത്തോടുള്ള മടുപ്പ് പടര്‍ന്നു.

മറ്റൊരു വഴിയുമില്ലായിരുന്നു രാഹുല്‍ഗാന്ധിയുടെ മുന്നില്‍. അയാളുടെ പേരിനൊപ്പമുള്ള ആ പദം അയാളെ പ്രലോഭിപ്പിച്ചിരിക്കാം. ചിതറിവീണ പിതാവിന്റെ ഓര്‍മകള്‍ വന്നുമൂടിയിരിക്കാം. ചരിത്രം തന്നിലേല്‍പിക്കുന്ന ഉത്തരവാദിത്വത്തെ രാഹുല്‍ തിരിച്ചറിഞ്ഞതായി വേണം മനസ്സിലാക്കാന്‍. ആ തിരിച്ചറിവായിരുന്നു ഭാരത് ജോഡോ യാത്ര. വാസ്തവത്തില്‍ ജോഡോ യാത്രയിലൂടെ രാഹുല്‍ നടന്നത് ഇന്ത്യയുടെ വടക്കേ അറ്റത്തേക്കല്ല. രാഹുല്‍ നടന്നത് രാഹുലില്‍ നിന്ന് ഗാന്ധിയിലേക്കാണ്. അയാള്‍ ഗാന്ധിയെ തിരിച്ചറിഞ്ഞു. ആ യാത്ര ഈ രാജ്യം രാഹുല്‍ ഗാന്ധിയിലും, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലും അര്‍പ്പിക്കുന്ന വിശ്വാസത്തെ അയാള്‍ക്ക് ബോധ്യപ്പെടുത്തിയിരിക്കണം. ജോഡോ യാത്രയിലുടനീളം രാഹുലിന്റെ ശ്മശ്രുക്കള്‍ പോലെ പരിവേഷവും വളര്‍ന്നു. ഐതിഹാസികമായ രൂപാന്തരണം. ജോഡോയാത്രയില്‍ നിന്ന് രാഹുല്‍ പോയത് സര്‍വകലാശാലയിലേക്കാണ്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച ആശങ്കകള്‍ അദ്ദേഹം പ്രൗഢമായി അവതരിപ്പിച്ചു. രാഹുല്‍ വളരുന്നു. സ്വാഭാവികമായും കേന്ദ്രം വാഴുന്ന ഹിന്ദുത്വ പരിഭ്രാന്തിയിലായി.
തീര്‍ന്നില്ല, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കോണ്‍ഗ്രസ് ചോദിക്കാതിരുന്ന ചോദ്യങ്ങള്‍ രാഹുല്‍ നേര്‍ക്കുനേര്‍ ചോദിച്ചു: ആരാണ് അദാനി? പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേർക്കുനേര്‍ ചോദ്യം ചെയ്തു. സാമ്പത്തിക അഴിമതിയുടെ, അധികാര ദുര്‍വിനിയോഗത്തിന്റെ ഭൂതകാലഭാരങ്ങളില്ലാത്ത ആ ചോദ്യം പ്രകമ്പനം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. സൃഷ്ടിച്ചു. അതോടെയാണ് അഞ്ചു വര്‍ഷം മുന്‍പുള്ള അപകീര്‍ത്തിക്കേസ്, പരാതിക്കാരന്‍ സ്‌റ്റേവാങ്ങി പരണത്ത് വെച്ച കേസ് പൊടിതട്ടിയെടുത്തതും വാഴവെട്ടിയതിന് വധശിക്ഷ എന്ന മട്ടില്‍ രാഹുലിനെ ശിക്ഷിച്ചതും അന്നേക്കന്ന് പാര്‍ലമെന്റില്‍ നിന്ന് ഇറക്കിവിട്ടതും പിറ്റേന്ന് വീടൊഴിപ്പിച്ചതും.

ഇറക്കിവിടപ്പെട്ടവരാണ് തിരിച്ചു വന്ന് വെന്നിക്കൊടി നാട്ടുക. ഗാന്ധി അങ്ങനെ വന്നയാളാണ്. രാഹുല്‍ തന്റെ സംഭാഷണങ്ങളില്‍ ഗാന്ധിയെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങി. താന്‍ ഗാന്ധിയാണെന്ന് ഓര്‍മിപ്പിച്ചു. വലിയ ചരിത്രമുള്ള, സാഗരശക്തിയുള്ള ഓര്‍മയാണല്ലോ അത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഹിന്ദുത്വയുടെ രണ്ടാമത്തെ രാഷ്ട്രീയ ആത്മഹത്യ എന്ന് പറഞ്ഞത്.

അഭൂതപൂര്‍വമായ ഒരു ഐക്യദാർഢ്യം ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ പൊതിയുന്നുണ്ട്. ചരിത്രത്തില്‍ അന്യായമായ പുറത്താക്കലുകള്‍ അതിശക്തമായി തിരിച്ചുവന്നിട്ടുള്ളപോലെ ഒരു ശക്തി ഇപ്പോള്‍ രാഹുലിന്റെ ചലനങ്ങളില്‍ വായിക്കാം. പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ പാര്‍ലമെന്ററി ഓഫീസില്‍ നിന്ന് തലയുയര്‍ത്തി വരുന്ന ചിത്രം ദേശീയമാധ്യമങ്ങളില്‍ ഒന്നാംപേജ് ചിത്രമായി. പോയവാരം ഏറ്റവും കൂടുതല്‍ എഴുതപ്പെട്ട പേരുകളിലൊന്ന് രാഹുല്‍ ഗാന്ധി എന്നാണ്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പോലും ചലനം സൃഷ്ടിക്കാവുന്ന വിധം രാഹുലിന്റെ പരിവേഷം വളരുന്നു. രൂക്ഷമായ വാക്കുകള്‍ക്ക് കൈയടികള്‍ ഉയരുന്നു.
കഴിഞ്ഞ ഒന്‍പതാണ്ടിനിടെ ഇന്ത്യന്‍ പ്രതിപക്ഷത്തുണ്ടായ ഏകവും അതിശക്തവുമായ ഉണര്‍വിനാണ് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംഭാഷണങ്ങള്‍ വരുന്നു. ഇന്ത്യ രാഹുലിന്റെ വീടാണ് എന്ന മട്ടില്‍ വൈകാരികമായ, തീ പിടിപ്പിക്കുന്ന പ്രചാരണങ്ങള്‍ വരുന്നു. ഈ അസാധാരണവും ഉജ്വലവുമായ രാഷ്ട്രീയ സന്ദര്‍ഭത്തെ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് എങ്ങനെ അഭിമുഖീകരിക്കും എന്നതുമാത്രമാണ് ഇനിയുള്ള ചോദ്യം.
ഈ ഉണര്‍ച്ച രാഹുല്‍ തരംഗമായോ, ഗാന്ധി കുടുംബത്തോടുള്ള ആരാധനയായോ, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയ താല്‍പര്യമായോ ആയാണ് കോണ്‍ഗ്രസിനാല്‍ വ്യാഖ്യാനിക്കപ്പെടുന്നത് എങ്കില്‍ ഈ പ്രഭാവം മുളയിലേ നശിക്കും. മറിച്ച് പൊറുതിമുട്ടിയ അടിസ്ഥാന ജനവിഭാഗത്തിന്റെ, ക്രോണി ഭരണത്താല്‍ മടുത്ത മധ്യവര്‍ഗത്തിന്റെ, വെറുപ്പിന്റെ കീര്‍ത്തനങ്ങള്‍ നിരന്തരം കേട്ട് രാജ്യത്തിന്റെ നിലവാരത്തകര്‍ച്ചയില്‍ ഓക്കാനം വന്ന മനുഷ്യരുടെ, ഏകാധിപത്യത്തെ വെറുക്കുന്ന മനുഷ്യരുടെ, ശ്വാസം മുട്ടിയ സര്‍വകലാശാലകളുടെ, അഭയമറ്റ ന്യൂനപക്ഷങ്ങളുടെ ഉണര്‍വായും അന്തിമപ്പിടച്ചിലായും ആണ് മനസ്സിലാക്കുന്നതെങ്കില്‍ വലിയ മാറ്റങ്ങളിലേക്ക് രാജ്യം നടക്കും. അത്തരമൊരു ഏകോപനത്തിനുള്ള ത്രാണിയാണ് പ്രതിപക്ഷത്തിന് വേണ്ടത്. ആ ഏകോപനത്തോടുള്ള സഹിഷ്ണുതയാണ് കോണ്‍ഗ്രസ് കാണിക്കേണ്ടത്.

ചൂണ്ടുവിരൽ/ കെ കെ ജോഷി

You must be logged in to post a comment Login