ആദ്യപുലര്‍ച്ചയില്‍/ മഞ്ഞുതുള്ളികളുടെ ഇക്കിളിപ്പെടുത്തലില്‍/ ഒരു വിരല്‍ ഛായയുമായി/ ഇന്നലെയുടെ തോര്‍ത്തുമുണ്ടുകളെകൊണ്ട്/ തോള് മറച്ച്/ തുറിക്കുന്ന ഞരമ്പുമായി/ വിതുമ്പുന്ന ഹൃദയവുമായി/ അകലെ/ മാടിവിളിക്കുന്ന പാടവഴിയിലേക്ക്/ തുനിഞ്ഞുനടക്കുന്ന/ ഒരു സ്നേഹനിലാവ്/ ഉപ്പ (ഉപ്പ)
ഈ വരികള്‍ക്ക് പഴയകാല മുസ്ലിം കൈരളിയുടെ ജീവിതത്തിന്റെ ചവര്‍പ്പുണ്ട്. ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ തീര്‍ത്തും അസ്തമിച്ചു കഴിഞ്ഞ ഒരു ചിത്രം. ‘ഉപ്പ ഒരു പ്രതീകമാണ്. വെറുമൊരു പ്രതീകം. കൈരളിയുടെ മതവേര്‍തിരിവിന് പഴുതില്ലാത്ത, പ്രത്യേകിച്ച് മുസ്ലിം സമൂഹത്തിന്റെ കഥപറയുന്ന നമ്മുടെ പഴയ പാടക്കാഴ്ചകളെ സ്മരിപ്പിക്കുന്ന ഒരു ചിത്രം. ജീവിതത്തിന്റെ ഗോവണികള്‍ കയറാന്‍ പാടുപെടുന്ന, ദാരിദ്യ്രവും പ്രയാസവും ഉള്‍കൊണ്ട/ സഹിച്ച ഒരു സമൂഹത്തിന്റെ ചരിത്രം. ഇവരിലേക്ക് ഇസ്ലാമികാവേശം കുടികൊണ്ടതില് പഴയ പാതിരാ വഅളുകള്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. സൂര്യനെക്കാള്‍ മുമ്പെഴുന്നേറ്റ് ഉടയവനെ നമിച്ച് ഒരുപാട് നീറുന്ന നൊമ്പരക്കഥകളുടെ ഭാണ്ഡവുമായി തന്നെ പ്രതീക്ഷിച്ചു നില്ക്കുന്ന പാടത്തേക്കുള്ള പുറപ്പാട്. പിന്നെ അവരുടെ ജീവിതം അവിടെയാണ്; സൂര്യന് മടങ്ങും വരെ… തനിക്കും തന്റെ ഉറ്റവര്‍ക്കും വേണ്ടിയുള്ള വെപ്രാളത്തില്‍ എല്ലാം മറക്കും, വിശപ്പ് പോലും. ഒരു പക്ഷേ, അതിന് കീഴ്പെടും.
കുടിലിന്റെ ചുമര്പറ്റി ജീവിക്കുന്ന പ്രിയപത്നിയെയും പശിയെ കൂടപ്പിറപ്പായി കാണുന്ന മക്കളെയും വീണ്ടുമൊരു വിഷമക്കഥയറിയിക്കാതെ ജീവിച്ചതിന്റെ പൂര്‍വകാല ചിത്രം ഓര്‍മകളില്‍ നമുക്കുണ്ട്. അവരന്ന് ദൈവപ്രീതിയും ശുദ്ധ സംസ്കാരവും ഉള്കൊണ്ടത് പാതിരാ വഅളുകളിലൂടെയായിരുന്നു. അവിടെയായിരുന്നു അവര്‍ക്കുള്ള ദുഖങ്ങള്‍ക്ക് അറുതി വരുത്താനുള്ള അഭയകേന്ദ്രം. പിന്നെയുള്ളത് അവരുടെ പ്രവിശാലമായ പാടവും അവര്‍ ധരിച്ച തോര്‍ത്തും തുമ്പയും. അവകളോടവര് ആകുലതകളെകുറിച്ച് ഞൊടിഞ്ഞു കൊണ്ടേയിരിക്കും. അവര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. ‘ശുദ്ധ’ പ്രയോഗങ്ങളില്ലാത്ത, പാതിരാവഅളുകള്. മദ്രസ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവരുടെ മാനസങ്ങളില്‍ സംസ്കാരത്തിന്റെയും അനുഷ്ഠാന കര്‍മങ്ങളുടെയും ഊര്‍ജവും സൌന്ദര്യവും നടുനിവര്‍ത്തിയത് ഈ വഅളുകളായിരുന്നു. അതുകൊണ്ടാണ് അന്ന് നാല്പത് ദിവസം തുടര്‍ച്ചയായി നടന്ന വഅള് പ്രോഗ്രാമുകള്‍ നമ്മുടെ സമൂഹം കണ്ടത്. അതിനുവേണ്ടി മൈലുകള്‍ താണ്ടാനുള്ള മാനസിക സന്നദ്ധതയും അവര്‍ക്കുണ്ടായിരുന്നു. തല്‍ഫലമായി ഇസ്ലാമിനെതിരെ വന്ന കാപട്യമുഖങ്ങള്ക്കിവിടെ സല്‍ക്കാരങ്ങളോ വരവേല്പോ തീരെ ഇല്ലായിരുന്നു. പറഞ്ഞു വന്നത്, കൈരളിയുടെ വഅളുകളോടുള്ള സമീപനവും താല്പര്യവും കുറഞ്ഞിരിക്കുന്നു. ഇസ്ലാമിക പൈതൃകത്തില്‍ മികച്ചു നിന്ന വഅളുകള്‍ എടുക്കപ്പെട്ടാല്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ മുഖത്തിന് കളങ്കമേല്‍ക്കും. അതിനാല്‍ സംഘടനാ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ വഅളുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് നാമാണ്. അതിനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തമമായ അവസരമാണ് സാഹിത്യോത്സവ്. തീര്‍ത്തും പകുതിയിലധികം ശതമാനമുള്ള മുതഅല്ലിമുകളിലൂടെ വഅള് മത്സരം വിജയം കാണുമെന്നുറപ്പാണ്. ബൌദ്ധികമായി ഉയര്‍ന്ന സമൂഹത്തിനാവശ്യമായതും ഉതകുന്നതുമായ രീതിയില്‍ എങ്ങനെ വഅള് പറയണമെന്നും അതുമായി ചേര്‍ന്നു കിടക്കുന്ന ചിട്ടവട്ടങ്ങള്‍ എന്തൊക്കെയെന്നും കണ്ടെത്തി ഇനിയുള്ള സാഹിത്യവേദികളെ സമ്പുഷ്ടമാക്കുമ്പോള്‍ തീര്‍ത്തും ജനശ്രദ്ധയാകര്‍ഷിക്കുന്നതായി വേദികള്‍ രൂപപ്പെടും. നമുക്ക് നഷ്ടപ്പെട്ട വഅളിന്റെ ആത്മീയാനുഭൂതി വിദ്യാഭ്യാസ വിചക്ഷണരിലൂടെ കണ്ടെത്താനും കഴിയും.
മുര്‍ഷിദ് മുഹമ്മദ്, വെള്ളമുണ്ട
You must be logged in to post a comment Login