കടല്‍ കടഞ്ഞെടുക്കുക

sargavedhi‘സ്വാതന്ത്യ്രത്തിനു
തൊട്ടുശേഷം വരെ
വര്‍ഷാവസാനമാണ്
തിളച്ചവെയില്‍ ക്യാംപസുകളില്‍ വന്ന്
സമരപ്പന്തല്‍ കെട്ടി
പഠിപ്പു മുടക്കിയിരുന്നത്.
എഴുപതുകള്‍ക്കു ശേഷം
വെയില്‍ മുഖ്യധാരയില്‍
മുഖം കാണിച്ചു തുടങ്ങി…

  സൈനുല്‍ ഇര്‍ഷാദ് അയച്ചു തന്ന ‘വെയില്‍ രാഷ്ട്രീയം’ എന്ന കവിതയുടെ ആദ്യവരികളാണിവ. സൈനുവിന് ഗൌരവമായ ഒരു വിഷയം പറയാനുണ്ടായിരുന്നു. എന്നാല്‍ അതിന് ‘കവിത’തന്നെ തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല. കവിത വരി വെട്ടിയൊതുക്കിയ ലേഖനമല്ല. ഒരു ലേഖനത്തെ ഇടിച്ചു പിഴിഞ്ഞെടുത്ത സത്ത് പോലെയാണ് കവിത. ഒരു ശരീരത്തിനുള്ളിലെ മനസ്സും ഒരു പടികൂടി ഉയര്‍ന്ന് ആത്മാവുമൊക്കെ പോലെയാണ് കവിത. കടല്‍ കടഞ്ഞെടുത്ത ഉപ്പാണ് കവിതയെന്ന് ഒഎന്‍വി.

  വാച്യാര്‍ത്ഥത്തെക്കാള്‍ വ്യംഗ്യാര്‍ത്ഥമാണ് അനുവാചകനെ കവിതയുമായി പ്രണയത്തിലാക്കുന്നത്. ചിലതൊന്നും തുറന്നു പറയേണ്ട കാര്യമില്ല; ഒന്ന് ധ്വനിപ്പിക്കുകയേ വേണ്ടൂ. വാക്കുകളുടെ നേരിട്ടുള്ള അര്‍ത്ഥത്തെക്കാള്‍ വരികള്‍ക്കിടയില്‍ വായിക്കാവുന്ന അര്‍ത്ഥമുണ്ടെങ്കില്‍ അതിനെ ‘ധ്വനി’ എന്നാണ് പറയുന്നത്.
“തുണചെയ്തു ഭവാനെനിക്കപാരം
ഗുണവാനെന്നതുമങ്ങു കാട്ടിയല്ലോ!”
ഈ വരികള്‍ ഒരു ശത്രുവിനോടാണ് പറയുന്നതെങ്കില്‍ ഇതിന്റെ അര്‍ത്ഥമെന്താവും?

  എഴുത്തുകാരന്റെ ധ്വനി അനുവാചകനില്‍ മറ്റൊരു ധ്വനിയായി മാറിയെന്നും വരാം. ജാബിര്‍ പൂനൂരില്‍ നിന്നും ചങ്ങാതിക്കു വിചിത്രമായ ഒരു ധ്വനിപ്രശ്നമുണ്ടായി. ‘നീമാത്രം മതി’ എന്ന കവിത (ലക്കം 1023)യെ പ്രകീര്‍ത്തിച്ചുകൊണ്ട് അത് ‘ചെറിയ വാക്കുകളില്‍ വലിയ (മഹത്തായ) കാര്യങ്ങള്‍ പറയുന്നു’ എന്ന് ചങ്ങാതി എഴുതി. എന്നാല്‍ ജാബിറിന് ധ്വനിച്ചത് ‘ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പറയാന്‍ പാടില്ല’ എന്ന് ചങ്ങാതി പറഞ്ഞു എന്നാണ്. അങ്ങനെ ജാബിര്‍ ചങ്ങാതിയെ വിമര്‍ശിച്ചു കൊണ്ട് ഒരു കത്തെഴുതി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ…

  ധ്വനി എന്താണെന്ന് മനസ്സിലായില്ലേ? സൈനുവിന് നല്ല ഭാഷയുണ്ട്. ആശയമുണ്ട്. സൃഷ്ടി ഏത് രൂപത്തിലാവണമെന്ന തീരുമാനമെടുക്കുകയേ വേണ്ടൂ.
മതവിഷയങ്ങള്‍ എങ്ങനെ സര്‍ഗാത്മക രചനക്ക് ഉപയോഗപ്പെടുത്താം എന്ന അന്വേഷണത്തില്‍ നിന്നുണ്ടായ ചില രചനകളാണ് ഇത്തവണ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടെയുണ്ട്
ചങ്ങാതി.

വര്‍ത്തമാനം

പോയ കാലമോര്‍ത്ത്
വര്‍ത്തമാനം അസൂയപ്പെടുകയാണ്
ഒപ്പം അസ്തിവാരം ചതഞ്ഞ രോദനവും.
ഇന്നലെവരെ പകലോന്‍
പടിഞ്ഞാറന്‍ ചക്രവാളത്തിലൂടെ,
ഉള്‍ക്കടലില്‍ മുങ്ങിയത്
വിശുദ്ധിയുടെ, സമൃദ്ധിയുടെ
സംഹാര ഭാണ്ഡവുമായാണ്.
ഇന്നത്തെ പേമാരിക്ക്
നിറം- ചെഞ്ചായമാണ്;
മന്ദമാരുതന്ന്
പച്ചമാംസത്തിന്റെ ഗന്ധവും.
എങ്കിലും വര്‍ത്തമാനം
അഹങ്കരിക്കുകയാണ്
ഇനി ‘ഭാവി’ വരാനുണ്ടല്ലോ!!!

കെ റബീഹ് തലപ്പാറ, മഅ്ദിന്‍ ദഅ്വ, പെരുമ്പറമ്പ്

തിരിച്ചുപോക്ക്

ഈലോക ജീവിമൊടുങ്ങുമ്പോള്‍
ഇഷ്ടങ്ങളൊക്കെയും പിരിയുന്നു.
ദുന്‍യാവിന്‍ പേരില്‍ മയങ്ങുമ്പോള്‍
ദുരിതങ്ങളേറെ പിറക്കുന്നു
ബന്ധങ്ങളൊക്കെ മുറിയുന്നു
ഒന്നെന്ന ഓര്‍മ്മകള്‍ ഒഴിയുന്നു.
ഒന്നാവേണ്ടവരനവധിയാകുന്നു
മറക്കല്ലേ മരണം കൂടെയുണ്ട്.
ഒറ്റക്കാവുന്ന നാളുമുണ്ട്
ഒന്നുമില്ലാതെ വന്നവരൊക്കെയും
ഒന്നുമില്ലാതെ പോകുമ്പോള്‍
ഒന്നും നമ്മുടേതല്ലല്ലോ
വിരുന്നു വന്നവരാണ് നമ്മള്‍
തിരിച്ച് പോവേണ്ടവരാണ് നമ്മള്‍
സല്‍കര്‍മ്മങ്ങളെപ്പോഴും കരുതുക
നാഥന്നടുത്തണയും മുമ്പ്
ജഅ്ഫര്‍ കാവനൂര്‍.

കണക്കെടുപ്പ്

അന്ന് ആ
നാളില്‍
അവര്‍ ചോദിക്കും
അതുമെന്നോട്:
ആ ചോദ്യമാണെങ്കില്‍
വാര്‍ദ്ധക്യത്തിനും
ബാല്യത്തിനും
വില നില്‍കുന്നില്ലത്രെ!
അലയടിച്ചുയരുന്ന
അനന്തമാം
ആഴിയില്‍
അകപ്പെട്ട ഒരു
ചെറു തോണിയെപ്പോലെ
ഞാനവിടെ
ഉഴറേണ്ടി വരും.
ചെറിയൊരു നയമ്പ്
കൊണ്ട് ഞാനെന്ത് ചെയ്യാനാണ്!
മണല്‍ക്കൂന കണക്കെ
നിരന്നു നില്‍ക്കുന്ന
ജനസാഗരത്തിനിടയിലെ
ഒരു ചെറുകക്ക മാത്രമാണ്
ഞാനവിടെ!
കര്‍ത്താവ് തന്നെയാണ്
ചോദ്യകര്‍ത്താവ്-
ഉലകത്തിന്നധിപന്‍.
ചോദ്യപേപ്പര്‍
ഇന്നും പരസ്യമാണെങ്കിലും
ഒത്തുതീര്‍പ്പാക്കാന്‍
ഒരുക്കിയ
ദിവസമായതിനാല്‍
ആര്‍ക്കും
മറുത്തൊന്നും പറയാന്‍
കിട്ടില്ല.
സല്‍കര്‍മമാണന്നത്തെ
അത്താണി.
നാഥാ… നീ
തെളിക്കേണമേ
നിന്‍ തിരുവീഥിയിലേക്ക്.

അശ്റഫ് കള്ളമല,
നുസ്റത്ത് ദഅ്വ കോളജ്

ഹൃദയരക്തം

പ്രവാചക പ്രേമം
മനസ്സിനകത്ത് പുതപ്പ് മൂടി
പുതച്ചുറങ്ങാന്‍ ഒരുമ്പെട്ടില്ല.
സകല ഭിത്തികളും ഇടിച്ചുടച്ച്
ഭൌമോപരിതലത്തിലൂടെ
സ്വതന്ത്രമായി അത് പരന്നൊഴുകി.
സമയം, സന്ദര്‍ഭം, കാലം
ഇവിടെ ഒഴുക്ക് വകഞ്ഞു മാറ്റി.
അലക്ഷ്യമായുള്ള ഒഴുക്കില്‍
മന്ദമാരുതന്‍ തഴുകിത്തലോടി
മദീനയുടെ തിരുമുറ്റത്ത് നിര്‍ത്തി.
ഓളങ്ങള്‍ അടക്കം പറഞ്ഞു:
ഇത് ഹൃദയരക്തം കൊണ്ടെഴുതിയ
പദക്കൂട്ടുകളില്‍ നിന്നും
കിനിഞ്ഞിറങ്ങിയ പ്രേമത്തിന്റെ
നീര്‍പ്പെയ്ത്തുകളില്‍ നിന്നുള്ള
നീരുറവകളാണ്.
സ്വലാഹുദ്ദീന്‍ കെ, കാരേപറമ്പ്.
ഡിഎംഐസി, കോടമ്പുഴ

You must be logged in to post a comment Login