ലാറ്റിനമേരിക്ക കാസ്ട്രോയുടെയും ഷാവേസിന്റെയും വാചാലതയെ മറികടന്നുകൊണ്ട് മറ്റൊരു സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ഷാവേസിനെ (കാസ്ട്രോയെയും) മറന്നേക്ക്. നേരെ ലാറ്റിനമേരിക്കയിലേക്കു നോക്കൂ. വിമോചന ദൈവസാസ്ത്രത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും
പരീക്ഷണ ഭൂമിയിലേക്ക്….
സിവിക് ചന്ദ്രന്
ഇനിയും ചുവപ്പോ എന്ന് അതിശയം കൂറി മൂക്കത്തു വിരല്‍വെക്കുമ്പോള്‍ ഇടതുപക്ഷക്കാര്‍ വിരല്ചൂണ്ടാറുള്ളത് ത്രിപുരയിലേക്ക്. കേരളത്തിലെയും ബംഗാളിലെയും കമ്യൂണിസമല്ല പക്ഷേ, ത്രിപുരയിലേത്. പിണറായി വിജയനും ബുദ്ധദേവ് ഭട്ടാചാര്യയുമല്ല മണിക് സര്‍ക്കാര്‍ – എന്നു പറഞ്ഞാലവര്‍ വിരല്‍ ചൂണ്ടും ലാറ്റിനമേരിക്കയിലേക്ക്. അതേ, കാസ്ട്രോയുടെ ക്യൂബയിലേക്ക്, ഷാവേസിന്റെ വെനിസ്വേലയിലേക്ക്… ആ ഷാവേസാണ് ഇക്കഴിഞ്ഞ ദിവസം വിടപറഞ്ഞത്.
എന്നാല്‍ കാസ്ട്രോയും ഷാവേസുമാണോ ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കുന്നത്? സിയാറ്റില്‍ മൂപ്പന്റേതാണ് ലാറ്റിനമേരിക്ക. (ഭൂമി വില്‍ക്കുകയും വാങ്ങുകയുമോ എന്ന് മറ്റേ അമേരിക്കന്‍ പ്രസിഡന്റിനെ നേരിട്ട പഴയ നാട്ടുമൂപ്പന്). അതുകൊണ്ടാണ് ലാറ്റിനമേരിക്കയിലെ അവസാനത്തെ സ്വേച്ഛാധിപതിയാണ് കാസ്ട്രോ എന്നു പറയാറുള്ളത്. കമ്യൂണിസ്റ് പാര്‍ട്ടിയല്ല ക്യൂബയില്‍ വിപ്ളവം നടത്തിയത്. നമ്മുടെ നക്സലൈറ്റുകളെ പോലുള്ള ഒരു പിടി സാഹസികര്‍ നടത്തിയ വിപ്ളവം അവിടെ കമ്യൂണിസ്റ് പാര്‍ട്ടിക്കു കൂടി എതിരായിരുന്നു. പിന്നീടവര്‍ കമ്യൂണിസ്റുകളായി മാറിയപ്പോള്‍ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യത്തിന്റെ സംഘടനാ രൂപം പതിവുപോലെ മറ്റൊരു സ്റാലിനെ സൃഷ്ടിക്കുകയായിരുന്നു.
ഷാവേസാണ് കാസ്ട്രോയെ അക്ഷരാര്‍ത്ഥത്തില്‍ പിന്തുടര്ന്നത്. ലാറ്റിനമേരിക്കയിലെ മറ്റു രാഷ്ട്രത്തലവ•ാര്‍ (ബൊളീവിയയും നിക്കരാഗ്വയും മെക്സിക്കോയും അര്‍ജന്റീനയും ചിലിയും പെറുവും ഗ്വാട്ടിമാലയും മറ്റും) തനതായ ഒരു സോഷ്യലിസത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ ആ ശ്രമങ്ങളെ പരമ്പരാഗതമായ കമ്യൂണിസ്റ് പാറ്റേണിലേക്കു വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുകയാണ് ഷാവേസ് എന്ന വിമര്‍ശനം ശക്തമാണ്. ഉദാഹരണമായി പാശ്ചാത്യമായ അര്‍ത്ഥത്തില്‍ ‘മതേതര’മല്ല ലാറ്റിനമേരിക്ക. വിമോചന ദൈവശാസ്ത്രത്തിലൂടെ മാത്രമേ അതിന്റെ വിപ്ളവ സ്വപ്നങ്ങള്‍ക്ക് വെളിപ്പെടാനാവൂ. മതം കേന്ദ്ര സ്ഥാനത്തുള്ള ഒരു സമൂഹത്തിന് മതത്തെയും രാഷ്ട്രത്തെയും വേര്‍തിരിക്കാനാവില്ല, വെള്ളം കടക്കാത്ത അറകളായി. അതുകൊണ്ടൊരു മതേതര രാഷ്ട്രീയം അസാധ്യമാണ് ലാറ്റിനമേരിക്കയില്‍. മറ്റ് ദേശീയ രാഷ്ട്രത്തലവ•ാരെപ്പോലെ, എന്നാല്‍ ഷാവേസിന്നത് മനസ്സിലായില്ല.
സോഷ്യലിസ്റ് നിര്‍മ്മാണം റഷ്യന്‍ മോഡലോ ചൈനീസ് മോഡലോ അല്ലെങ്കില്‍ ഇനിയും സങ്കല്പത്തില് മാത്രമുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ് മോഡലോ ആവണമെന്നില്ല. അതുകൊണ്ട് തദ്ദേശീയവും തനതുമായ ഒരു ലാറ്റിനമേരിക്കന്‍ മാതൃകയാണ് ലാറ്റിനമേരിക്കയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടവിടെ ഒരു കഞ്ചാവ് കൃഷിക്കാരന് പ്രസിഡന്റാവാനാവുന്നു. (കഞ്ചാവ് കൃഷികൊണ്ട് ജീവിക്കുന്ന ഒരു സമൂഹത്തിന് കഞ്ചാവ് കൃഷിക്കാരനല്ലാതെ മറ്റാര് പ്രസിഡന്റ്?)
ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ ഭരണകൂടങ്ങളാണ് വ്യത്യസ്തമായൊരു പങ്കാളിത്ത ജനാധിപത്യം പരീക്ഷിക്കുന്നത്. ബജറ്റ് തയ്യാറാക്കുന്നതിനു മുമ്പ് അവര്‍ വ്യാപാരി വ്യവസായികളോടല്ല സംസാരിക്കുക, കൃഷിക്കാരോടും ഗ്രാമീണരോടും തൊഴില്‍ രഹിതരോടും അവരുടെ സംഘടനകളോടുമാണ്. തിയറ്റര്‍ പോലും ലാറ്റിനമേരിക്കയില്‍ പങ്കാളിത്ത നാടക വേദിയാണ്. നാടകത്തിന്റെ പകുതിയേ നാടക സംഘം അവതരിപ്പിക്കൂ. നാടകം പൂര്‍ത്തിയാക്കേണ്ടത് പ്രേക്ഷകരാണ്. ജനാധിപത്യത്തില്‍ പകുതി പങ്കേ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്ക്കുള്ളൂ. ജനാധിപത്യം ജനപ്രതിനിധികളുടേതല്ല, ആത്യന്തികമായി ജനങ്ങളുടേതാണ്, ജനങ്ങളുടേതാണ് അവസാനവാക്ക്.
അതുകൊണ്ട് ഭരണം പ്രാഥമികമായും പിന്തുടരുന്നത് ലോകബാങ്ക് കല്പനകളെയല്ല, നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ അജണ്ടയെയാണ്. ഭൂരഹിതര്‍ ഭൂമി പിടിച്ചെടുക്കുന്ന പ്രസ്ഥാനം വ്യാപകമാണ് ലാറ്റിനമേരിക്കയില്‍. സര്‍ക്കാര്‍ ഈ പ്രസ്ഥാനത്തെ പിന്തുടരുന്നു, പൂരിപ്പിക്കുന്നു. ഭരണവും സമരവുമെന്നത് സര്‍ക്കാര്‍ തന്നെ നടത്തുന്ന പ്രതീകാത്മകമായ സമരാഭാസമല്ല, മറിച്ച് ജനകീയ സമരങ്ങള്‍ക്കു നേരെ കണ്ണും കാതും തുറക്കലാണ്. അങ്ങനെയാണ് സര്‍ക്കാര്‍ ജനകീയ സര്ക്കാരാവുന്നത്. കേരള-ബംഗാള്‍ ഇടതുപക്ഷ സര്‍ക്കാരുമായി ഈ ലാറ്റിനമേരിക്കന്‍ പാഠങ്ങളെ താരതമ്യപ്പെടുത്തി നോക്കുക. ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടിസിപേറ്ററി ബജറ്റിങ്, ഇന്റര്‍ ബജറ്റിങ്, ഗ്രീന്‍ ബജറ്റിങ് തുടങ്ങിയ ചില പദങ്ങള്‍ ഡോ. തോമസ് ഐസക്ക് ആവര്‍ത്തിച്ചത് മാത്രമാണ് ഇന്ത്യന്‍ ഇടതുപക്ഷം പഠിച്ച ലാറ്റിനമേരിക്കന്‍ പാഠം!
ലാറ്റിനമേരിക്കയില്‍ നടക്കുന്നതെന്ത് എന്നു മറച്ചു പിടിക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കാസ്ട്രോയും ഷാവേസും. ഒമ്പതുമണിക്കൂര്‍ വരെ നീണ്ട ടെലിവിഷന്‍ പ്രഭാഷണങ്ങളിലൂടെ ഷാവേസ് കേവലമായ അമേരിക്കന്‍ വിരുദ്ധതയുടെ വാചാലനായ വക്താവാകുകയായിരുന്നു. അമേരിക്കയുടെ മൂക്കിനു കീഴേ കിടക്കുന്ന ഭൂഖണ്ഡം എന്ന നിലയില്‍ ഈ യുഎസ് വിരുദ്ധത പ്രധാനമാണ്, എന്നാലത് കേവലമല്ല. ലാറ്റിനമേരിക്ക കാസ്ട്രോയുടെയും ഷാവേസിന്റെയും വാചാലതയെ മറികടന്നുകൊണ്ട് മറ്റൊരു സോഷ്യലിസം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ്. ഷാവേസിനെ (കാസ്ട്രോയെയും) മറന്നേക്ക്. നേരെ ലാറ്റിനമേരിക്കയിലേക്കു നോക്കൂ. വിമോചന ദൈവസാസ്ത്രത്തിന്റെയും പങ്കാളിത്ത ജനാധിപത്യത്തിന്റെയും പരീക്ഷണ ഭൂമിയിലേക്ക്….
You must be logged in to post a comment Login