അഖിലലോക പത്നിമാരേ, പ്രതികരിക്കുവീന്‍

ഒരാളുണ്ട്; അയാള്‍ക്ക് അയാളെ പറ്റി വലിയ മതിപ്പാണ്. ഭാര്യയെപ്പറ്റി കടുത്ത പുഛവും.

കേരളീയ രാഷ്ട്രീയത്തിന്‍റെ ഉള്‍പിരിവുകള്‍ മുതല്‍ ആഗോള വിലക്കയറ്റത്തിനു പിന്നിലെ ബ്ലാക്കിക്കോണമി വരെയുള്ള സര്‍വസംഗതികളും വിമര്‍ശനബുദ്ധ്യാ നോക്കിക്കാണുന്ന ദാര്‍ശനികപ്രതിഭയാണ് താനെന്നാണ് അയാളുടെ വിചാരം. അര അളവോളം അതു ശരിയുമാണ്. അതല്ല കാര്യം. തന്നെ കെട്ടിയവള്‍ ഒന്നിനും കൊള്ളാത്ത ഒരു പീക്കിരിയാണെന്ന ധാരണ അയാളില്‍ മൂടുറച്ചു പോയിരിക്കുന്നു. പ്രഭാഷണം, ചര്‍ച്ചകള്‍, മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയാണ് തന്‍റെ ആള്‍ക്കൂട്ടയിടങ്ങള്‍ എന്ന് അയാള്‍ക്കറിയാം. പെണ്ണുകാണല്‍, നിശ്ചയം, കല്ല്യാണം, വീടുകൂടല്‍, പള്ളികാണല്‍, കെര്‍പ്പത്തക്കാരം, ഇരുപത്തെട്ടുകുളി, നാപ്പോളി… എന്നിവയാണ് തന്‍റെ പത്നീരത്നം പങ്കെടുക്കുന്ന പൊതുമണ്ഡലങ്ങള്‍ എന്നും കൃത്യമായി അയാള്‍ മനസ്സിലാക്കി വച്ചിരിക്കുന്നു. കലാകൗമുദി, ഭാഷാപോഷിണി ദിനപത്രങ്ങളിലെ എഡിറ്റോറിയലുകളും വിദേശ വാര്‍ത്തകളും നോന്പുതുറക്കുന്ന ആര്‍ത്തിയോടെ വായിക്കുന്ന അയാള്‍ പെണ്‍മാസികകളിലെ പാചക വിശേഷങ്ങളും ചരമകോളം ഏറ്റുസെഡും പൂങ്കാവനത്തിലെ കുഞ്ഞാപ്പുകോളവും വിസ്തരിച്ചു വായിക്കുന്ന അവളെ ചെരിഞ്ഞുനോക്കി ശ്രദ്ധിക്കും. അന്നേരം അയാളില്‍ പുച്ഛത്തിന്‍റെ സോപ്പുപത പതഞ്ഞു തൂവും.

ഈ ഭര്‍ത്താവില്ലേ, അദ്ദേഹം എന്‍റെ ഒരകന്ന സുഹൃത്താണ്. പക്ഷേ, ഭാര്യ മഹ്റമായ ഒരടുത്ത ബന്ധുവാണ്. ഇയ്യിടെയായി അവന്‍റെ വെറുപ്പിക്കുന്ന ഈ കംപ്ലയ്ന്‍റ് പറച്ചില്‍ ച്ചിരി കൂടിയിരിക്കുകയാണ്. ഇവിടെ ആരെ മുന്തിക്കണം? സംശയമില്ലല്ലോ, രക്തബന്ധം തന്നെ. മാത്രവുമല്ല, ആ കല്യാണത്തിനു പിന്നിലെ വഴികാട്ടി ഞാനാണ്. അപ്പോള്‍, അയാള്‍ ഓരോരോ സ്വഭാവദൂഷ്യം എണ്ണിപ്പറഞ്ഞ് അവളെ ഒറ്റപ്പെടുത്തുന്പോള്‍, പരോക്ഷമായി ചെളിതെറിക്കുന്നത് എന്‍റെ മേലില്‍ കൂടിയല്ലേ? ഈ കൊള്ളരുതാത്തവളെ നീയല്ലേ എന്‍റെ മേല്‍ വച്ചു കെട്ടിയത് എന്നാണല്ലോ അതിന്‍റെയൊരു അര്‍ത്ഥശരം. മറ്റുള്ളവരെ കുറ്റം പറയുന്നത് നമുക്ക് എത്രയും ആനന്ദിക്കാം. പക്ഷേ, ഒരാള്‍ പരോക്ഷമായെങ്കിലും നമ്മളെ കുറ്റം പറയുന്നത് സഹിക്കാനാകുമോ നമുക്ക്? ഇവനൊരു പണികൊടുത്തിട്ട് തന്നെ കാര്യം.

കുടുംബക്കാരി ആയതു കൊണ്ടു പറയുകയല്ല; മിടുക്കിയാണവള്‍. നല്ല ദീനീചിട്ടയുണ്ട്; തികഞ്ഞ തന്‍റേടവും. പഠിക്കാന്‍ മോഹമുണ്ടായിരുന്നുവെങ്കിലും ബിരുദപഠനം പാതിവഴിയിലെത്തിയിരിക്കെ വിവാഹം കഴിഞ്ഞതിനാല്‍, അതു നിന്നു പോയി. കുട്ടികള്‍ വഴിവഴിയായി ഒന്ന്, രണ്ട്, മൂന്ന് ഇങ്ങ് പോന്നു. പക്ഷേ, അതിനിടെ സ്വന്തമായി എഴുതി ഡിഗ്രി കൈക്കലാക്കിയ അവള്‍ ഡിസ്റ്റന്‍സായി പി ജി ഫസ്റ്റ് ഇയറും പാസ്സായി. സെക്കന്‍റ്ഇയറിന് വായിക്കുന്ന മുറക്ക് അവള്‍ നെറ്റിനും പ്രിപ്പയര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. കുഞ്ഞാപ്പുവിനെ കൈവിട്ട് നജീസ് മഹ്ഫൂസിനെയും മന്‍ഫലൂത്തിയെയും ത്വാഹാ ഹുസൈനെയും ഇംറാനുല്‍ ഖൈസിനെയുമൊക്കെ വായിക്കുന്നതും ആസ്വദിക്കുന്നതും കണ്ടുള്ള കണ്ണുകടിയാണ്, ഈയ്യടുത്തായി കടുത്തുവന്ന കംപ്ലെയ്ന്‍റ് വാര്‍ച്ചയുടെ കാരണമെന്ന് എനിക്കു മനസ്സിലാകായ്കയല്ല.

ഒരു ദിവസം അവനെ കുട്ടികള്‍ക്കൊപ്പമാക്കി എങ്ങോട്ടെങ്കിലും തടിയെടുക്കുക. ഇതായിരുന്നു ഞാനവള്‍ക്കു പറഞ്ഞു കൊടുത്ത ഗൂഢതന്ത്രം. നിങ്ങള്‍ക്കതു കേട്ടിട്ട് ഒരു പുച്ഛച്ചിരി വരുന്നുണ്ടാവും. അല്ലേ? എങ്കില്‍ സംഭവിച്ചതു കേള്‍ക്ക്!
എന്നും പലജാതിത്തിരക്കഭിനയിച്ചു കൊണ്ട്, കുടുംബഭാരങ്ങളുടെ ദിനസരികളില്‍ നിന്ന് തലവെട്ടിച്ച് രക്ഷപ്പെടുന്ന അയാളെ ഒരുദിവസം അവള്‍ ശരിക്കും വെട്ടിലാക്കി. മിടുക്കിയാണവള്‍ എന്ന് നേരത്തെ ഞാന്‍ പറഞ്ഞിരുന്നല്ലോ.

അന്നൊരു ഹര്‍ത്താല്‍ ദിനമായിരുന്നു. അയാള്‍ക്കെങ്ങോട്ടും പോകാനില്ല. പോകാനുമാകില്ല. തന്‍റെ കുട്ടിക്കാലത്തെ കൂട്ടുകാരി പെറ്റു കിടക്കുകയാണെന്നും, സുഹൃത്തുക്കളെല്ലാം ഇന്ന് കുട്ടിയെ കാണാന്‍ വരുന്നുണ്ടെന്നും, ഇന്നൊരു ദിവസം പ്ലീസ്, പ്ലീസ് ഇവിടെ നില്‍ക്ക്, ഞാനൊന്ന് പോയി വരാമെന്നും കെഞ്ചിപ്പറഞ്ഞ് അവള്‍ അയാളെ മലര്‍ത്തി വീഴ്ത്തി. ഈ മട്ടുകാര്യങ്ങള്‍ക്ക് പുറത്തുപോവുന്നതില്‍ വലിയ വിരോധം അയാള്‍ക്കില്ല. കാരണം, ഇതിനൊക്കെയല്ലേ അവള്‍ പോകൂ എന്നോര്‍ത്ത് ആ പരപുച്ഛത്തിന്‍റെ ഉള്‍സുഖമനുഭവിക്കാന്‍ ഇഷ്ടമാണയാള്‍ക്ക്.

അവളുടെ പരിശോധനയില്‍ നിന്നും, അയാളുടെ ഏറ്റുപറച്ചിലില്‍ നിന്നു പിന്നീടു മനസ്സിലാക്കിയെടുത്ത കാര്യങ്ങളാണ് ഇനി പറയാന്‍ പോവുന്നത്. തുടര്‍ന്നെന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ക്കതില്‍ നിന്നു പിടിച്ചെടുക്കാനാകും.

ഒരു ആര്‍ത്തിക്കാരനാണയാള്‍. കാലത്തേ പുറപ്പെട്ടുപോയതിനാല്‍ നാസ്തയൊന്നും കാര്യമായി ഉണ്ടാക്കിയിരുന്നില്ല. മലബാര്‍ ബ്രഡിന്‍റെ രണ്ടുമൂന്ന് സമചതുരങ്ങള്‍ വെറുങ്ങനെ വാട്ടിയതും, ഉടഞ്ഞ ഒരു മുക്കാല്‍ കഷ്ണം പ്ലം കേക്കും, കപ്പ വറുത്തതിന്‍റെ പായ്ക്കറ്റില്‍ നിന്ന് കുടഞ്ഞിട്ടു കൊടുത്ത പൊട്ടു പൊടിയും അതായിരുന്നു അന്നത്തെ പ്രഭാതശാപ്പാട്. പക്ഷേ, അവള്‍ വന്ന് തിരഞ്ഞു നോക്കുന്പോള്‍, ഒന്ന് രണ്ട് ചെന്പഴുക്കാ തക്കാളികള്‍, ഒരഞ്ച് പത്ത് അണ്ടിപ്പരിപ്പുകള്‍, പാല്‍പ്പൊടി ഡബ്ബിയില്‍ നിന്ന് ഒന്നര സെന്‍റീമീറ്റര്‍, ഒരു നാടന്‍ കോഴിമുട്ട എന്നിവ കാണ്‍മാനില്ലായിരുന്നു. കുട്ടികളാരും തൊടില്ല, ഷുവറാണ്. ചെറുതുകളല്ലേ. മൂപ്പര്‍ കട്ടടിച്ചതു തന്നെ. ഇഷ്ടന് വേണമെങ്കില്‍ ഹോര്‍ലിക്സ് പാലുതിളപ്പിച്ച് ഇളക്കിക്കുടിക്കാമായിരുന്നു. പക്ഷേ ഗ്യാസടുപ്പ് തുറക്കാന്‍ പേടിച്ചിട്ട് (മടിച്ചിട്ടും) ഹോര്‍ലിക്സ് പൊടി നിറച്ച കോപ്പയില്‍ പച്ചപ്പാല്‍ പൊട്ടിച്ചൊഴിച്ച്, തണുതണുത്ത ഹോര്‍ലിക്സ് കഞ്ഞിയാണ് ശാപ്പാട്ടുരാമന്‍ കോരിക്കുടിച്ചത്, ഹും!

സമ്മതിക്കാം, വായിക്കും കക്ഷി, നന്നായി വായിക്കും. അതിലും പക്ഷേ, ആര്‍ത്തിയാണ്. ഒരു നനച്ചുകുളി കഴിച്ച്, പുറത്ത് ഈസിച്ചെയറില്‍ വന്നിരുന്ന് വിസ്തരിച്ചൊന്ന് വായിച്ചുകളയാം എന്നായിരുന്നു മൂപ്പന്‍റെ വിചാരം. ഉമര്‍ ഖയ്യാമിന്‍റെ റുബാഇയ്യാത്ത്, ഓര്‍ഹാന്‍ പാമുക്കിന്‍റെ ദ മ്യൂസിയം ഓഫ് ഇന്നസന്‍സ്, ചുള്ളിക്കോടിന്‍റെ ചിദംബര സ്മരണ, കെഇഎന്നിന്‍റെ ചെമ്മീനിലെ സംഘര്‍ഷങ്ങള്‍, മുരളീധരന്‍ മൂലക്കാടിന്‍റെ നല്ല അച്ഛനാവാം എന്നിങ്ങനെ ഒരുകൂട്ടം പുസ്തകങ്ങള്‍ ഹാജരാക്കി വച്ചിട്ടുണ്ട്. ഇതില്‍ അവസാനം പറഞ്ഞ പുസ്തകം ചങ്കും കൈകാലുകളും അറുത്ത് വലിച്ചെറിഞ്ഞ ലഗോണ്‍ കോഴിയെപ്പോലെ മുറ്റത്തൊരു കോണില്‍ ചപ്പിക്കിടക്കുന്നതായാണ് വന്നു കേറിയപ്പോള്‍ അവള്‍ കണ്ടത്. അതെന്തു കൊണ്ടായിരിക്കാം എന്ന് തുടര്‍ വിശദീകരണത്തില്‍ നിന്ന് നിങ്ങള്‍ക്ക് കണ്ടുപിടിക്കാനായേക്കും.

റുബാഇയ്യാത്ത് മലര്‍ത്തി, അസ്വാദനം ആരംഭിച്ചിട്ട് അധികമായില്ല. തൊട്ടിലില്‍ ഒരിളക്കം. അതു പിന്നെയും ഇളകി. ആട്ടി ഉറങ്ങിപ്പോയിരുന്ന ഇളങ്കൊച്ച് ഒച്ചവെച്ചണരുക തന്നെയാണ്. അല്ല ആ ഉണര്‍ച്ച ഒരു കരച്ചിലായി വളരുകയാണ്. മെല്ലെ ആട്ടിനോക്കി. ഇല്ല, കരച്ചില്‍ ഒരലര്‍ച്ചയായി കുത്തിപ്പടരുകയാണ്. ഉടന്‍ അയാള്‍ക്കൊരാശയം ഓടി. സാഹകിസമാണ്. അഥവാ പാട്ട്!!! ജനിച്ചിട്ടിന്നുവരെ ഒരു സ്റ്റേജിലും അരവരിപാട്ടുപാടിയിട്ടില്ലാത്ത അയാള്‍ പല രീതികളില്‍, പല ഈണങ്ങളില്‍ പലതരം താരാട്ടുപാട്ടുകള്‍ മാറിമാറിപ്പാടി. ഉദ്ദിഷ്ടഫലം ഉണ്ടായില്ലെങ്കിലും, മറ്റൊരു കാര്യം സംഭവിച്ചു. പാട്ടിന് എത്രത്തോളം ഈണമാറ്റം നടത്തിയോ, എത്രമേല്‍ ഒച്ചകൂട്ടിയോ അതിനനുസരിച്ചു അതിന്‍റെ കരച്ചിലിന്‍റെ ഒച്ചയും കൂടിക്കൂടിവന്നു. ഈണവും മാറിക്കൊണ്ടേയിരുന്നു. ഒടുക്കം അതിന് ശ്വാസം കിട്ടാതാവുകയും, നെഞ്ചടപ്പ് വരികയും, കണ്ണ് തുറിക്കുകയും ചെയ്തു.

അപ്പോഴാണ് കാച്ചിച്ചൂടാക്കിവച്ച കുപ്പിപ്പാലിന്‍റെ കാര്യം ഓര്‍മവന്നത്. കരച്ചിലിന്‍റെ കുത്തൊഴുക്കിന് മുട്ടുശാന്തികിട്ടാന്‍, പാല്‍കുപ്പിയുടെ മുലക്കണ്ണ് അതിന്‍റെ വായില്‍ തിരുകി. കുഞ്ഞുതൊണ്ടയില്‍ പാല്‍കെട്ടിപ്പോവുകയും, മൂക്കിലൂടെ തള്ളിത്തൂവുകയും ചെയ്തു. ആയതുകൊണ്ട് മറ്റൊരു കാര്യമുണ്ടായി. ഹാ ഇവള്‍! ഇത്രവരെ ശ്രദ്ധിച്ചിരിക്കുന്നു. പാല്‍കുപ്പിവരെ റെഡിയാക്കിയാണ് പോയത് എന്ന പുകഴ്ത്തുചിന്ത ഇതോടെ മൂപ്പരുടെ മനസ്സില്‍ കോറി.

ഇതിനിടെ മറ്റൊരു കാര്യം നടന്നു. കോലായില്‍ പഞ്ഞിപ്പൂച്ചക്ക് മുത്തം കൊടുത്തും,മരക്കുതിരയില്‍ ഇരുന്നാടിയും കളിക്കുകയായിരുന്നു രണ്ടാങ്കൊച്ച് ചിന്നിക്കരഞ്ഞ് കൊണ്ടു പിച്ചവെച്ചടുത്തെത്തി. അവള്‍ തന്നിലേക്കടുക്കുന്തോറും മൂക്കിന്‍റെ അടപ്പൂരിപ്പോവുന്ന ഒരു നാറ്റവും പിന്തുടരുന്നുണ്ടായിരുന്നു. ഉപ്പാ, അപ്പീ, ഉപ്പാ അപ്പീ… എന്നിങ്ങനെ ചിണുങ്ങിവന്ന് മേല്‍കയറാന്‍ നോക്കുന്നു! നോക്കുന്പോള്‍ അവള്‍ നടന്നുവന്ന വഴിയിലെല്ലാം അപ്പി ലൈനു ലൈനായി കിടക്കുന്നു. ഓഫീസ് റൂമില്‍ ചടഞ്ഞിരുന്ന് എഴുതുകയും മയില്‍ ചിത്രത്തിന് കളര്‍ കൊടുക്കുകയും ചെയ്തിരുന്ന രണ്ടാം ക്ലാസുകാരിയും അന്നേരം അവിടെ ഓടിയെത്തി. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ഔഷധച്ചെടികളുടെ പത്തുപേരുകള്‍ ഇപ്പോള്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കണം. ഇല്ലെങ്കില്‍ നാളെ സിതാരാ മിസ്സ് അടിക്കുമത്രെ!

ആദ്യം അപ്പിക്കുട്ടിയെ താങ്ങിക്കൊണ്ടുപോയി ബാത്റൂമില്‍ നിര്‍ത്തി, തിരിച്ചുവന്ന് കരഞ്ഞു കരഞ്ഞ് വശംകെട്ട കരച്ചിലുമേശിരിയെ ഒരുവിധം പൊക്കിയെടുത്തു. പാട്ടൊന്നും പാടാതെ പുറത്ത് കൊട്ടുക മാത്രം ചെയ്ത് മുറ്റത്തേക്ക് പോയി. പൂവിനെയും പൂന്പാറ്റയെയും കാട്ടിക്കൊടുത്തപ്പോള്‍, മഹാത്ഭുതം, അത് കരച്ചില്‍ നിര്‍ത്തി! അതിന്‍റെ മുഖത്ത് സൂര്യനുദിച്ചു. അതിന്‍റെ കവിളിലെ നുണക്കുഴികള്‍ പിന്നെയും തെളിഞ്ഞു. പക്ഷേ, അത് കര്‍ക്കിടക മാസത്തിലെ കള്ളവെയില്‍ പോലെയായിരുന്നു. കറുത്തകാര്‍മേഘങ്ങള്‍ അതിന്‍റെ മുഖത്ത് വീണ്ടും ഉരുണ്ടുകൂടി. ഇടിയും മിന്നലും കാറ്റും കോളുമുള്ള ഒരു തോരാമഴപോലെ വീണ്ടും അതുച്ചത്തില്‍ തുടങ്ങി. വല്ല കടന്നലെങ്ങാനും കുത്തിയതുപോലുള്ള പെരുങ്കരച്ചില്‍. അതിനിടെ അതോര്‍മ വന്നു: ബാത്റൂം. കൂട്ടത്തിലേക്ക് കുരുത്തം കെട്ടതാണ്, അവിടെ നിര്‍ത്തിയിട്ടുള്ള രണ്ടാമത്തേത്. കരച്ചിലിനെ ഷീറ്റുവിരിച്ച് നിലത്തു കിടത്തി. ബാത്റൂമിലേക്കോടി. നോക്കുന്പോള്‍, അത് ക്ലോസറ്റില്‍ കയ്യിട്ട് ആര്‍മാദിക്കുകയാണ്. മുന്പൊരിക്കല്‍ ഇങ്ങനെ ചെയ്തപ്പോള്‍ അയാള്‍ അതിന്‍റെ കൈക്കടിച്ചതാണ്.

അകെ മലിനമായ നിലം. കുനിഞ്ഞു നിന്ന് അതിനെ ഒരുവിധം കഴുകിക്കൊണ്ടിരിക്കുന്പോള്‍ പോക്കറ്റില്‍ നിന്ന് പേന, മൊബൈല്‍ ഫോണ്‍, സീസണ്‍ടിക്കറ്റ്, ചില്ലറപ്പൈസകള്‍ എന്നിവ ടണടണേന്ന് ഉതിര്‍ന്നു ചിതറി. കുട്ടിയെ തള്ളിമാറ്റി അവ കുനിഞ്ഞെടുക്കാന്‍ നേരത്ത് ഉടുതുണി ഊരി വീഴാനോങ്ങുകയും അതിന്‍റെ കീഴറ്റം തനി നജസു നിലത്ത് തട്ടിക്കുരുകയും ചെയ്തു. ദ്യേം കൊണ്ട് കോമരപ്പെട്ട അയാള്‍, അസമയത്ത് അനാവശ്യമായി അപ്പിയിട്ട അതിന്‍റെ നടുപ്പുറത്ത് ആഞ്ഞൊരടിയടിക്കാന്‍ ഓങ്ങിയപ്പോഴേക്കും വാതിലില്‍ തുരുതുരാ മുട്ട്. നോക്കുന്പോള്‍ മൂത്തത്. ഇപ്പം കിട്ടണം ഔഷധച്ചെടിയുടെ പേരുകള്‍. പുറമെ, ഒരു സംശയം കൂടി മാലികി ഒയ്മുദ്ദീന്‍ കഴിഞ്ഞാല്‍ പിന്നെന്താണ്?

ബാത്റൂമിന്‍റെ മറുപുറത്തു നിന്ന് ഒരൊച്ച കേട്ടതും അയാളുടെ ഉള്ളുകാളി. ഒരാണാന മൂത്രമൊഴിക്കും പോലെ ഗുളുഗുളു എന്നൊരു ശബ്ദമാണത്. ശ്രീമതി ഭാര്യ പടിയിറങ്ങിപ്പോകുന്പോള്‍ സ്നേഹത്തോടെ ഏല്‍പിച്ച ഒരേയൊരു പണിയുണ്ടായിരുന്നു; പത്തുമിനുട്ടു കഴിഞ്ഞാല്‍ മോട്ടോര്‍ ഓഫാക്കാന്‍. ഇപ്പോള്‍ പത്തല്ല, ഇരുപതല്ല, നൂറ്റിരുപതു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കും. സുബ്ഹാനല്ലാഹ്, ഓടിച്ചെന്ന് നോക്കുന്പോള്‍ പിന്‍ഭാഗം കുളമായിരിക്കുന്നു. അലക്കിച്ചിക്കിയ തുണിത്തരങ്ങള്‍ മാത്രമല്ല, നിലത്ത് ഉണങ്ങാനിട്ട വിറകുകളത്രയും വെള്ളം കുടിച്ച് വീര്‍ത്തിരിക്കുന്നു. അപമാനിതനായി, തിരിച്ചു വരുന്ന വഴിയായിരിക്കണം, മൂലക്കാടിന്‍റെ പുസ്തകം കണ്ണില്‍പെട്ടതും, എടുത്ത് വലിച്ചൊരേറ് കൊടുത്തതും. വീട്ടിനുള്ളാകെ അപ്പിമണത്താല്‍ വിങ്ങുന്നു. തൊണ്ടകാറും പോലുള്ള ഇളയതിന്‍റെ അലറിക്കരച്ചില്‍ കാണുന്പോള്‍ ഹൃദയം പിളരുന്നു. അടുക്കളയില്‍ ചെന്നപ്പോഴാണെങ്കില്‍ അവള്‍ വന്നിട്ടു കഴുകാം എന്നു വച്ച് അട്ടിക്കിട്ട പാത്രങ്ങളുടെയും അലക്കാനുള്ള ഈക്കു തുണികളുടെയും ശ്വാസം മുട്ടിക്കുന്ന വിങ്ങല്‍. ഒരുവിധം ബാത്റൂമില്‍ ചെന്ന് മേലാകെ വൃത്തികേടായി നില്‍ക്കുന്ന കുട്ടിയെ കഴുകിത്തുടച്ച് പുറത്തു നിര്‍ത്തി. വീണ്ടും ബാത്റൂമില്‍ കയറി കതകടച്ചു. ശേഷം അയാളൊരു പണി ചെയ്തു. രണ്ട് കൈപ്പത്തികളും മുഖത്ത് പതിച്ചുവച്ച് ഒരു പത്തുപതിനഞ്ചു മിനുട്ട് അയാള്‍ പൊട്ടിക്കരഞ്ഞു.

ഒരു ദിവസം, വെറും രണ്ടുമണിക്കൂര്‍ മക്കളെ കൊണ്ട് നടക്കാന്‍ തനിക്കാവുന്നില്ല. തന്‍റെ പത്നിയാണെങ്കില്‍ പൂപറിക്കുന്പോലെ അതു ചെയ്യുന്നു. പുറമെ നേരാനേരങ്ങളിലുള്ള പാചകം, കഴുകല്‍, അലക്കല്‍, തുടക്കല്‍, അടുക്കള കൃഷി, വിറകു ശേഖരണം, കോഴിവളര്‍ത്തല്‍, പുറമെ ഗര്‍ഭം, പേറ്, മുലകൊടുപ്പ്, അതിനും പുറമെ പി ജി എക്സാം, യുജിസി… പൊന്നേ നീയൊന്ന് വന്ന് കയറ്, ഞാന്‍ നിന്‍റെ കാലില്‍ വീഴാം… അയാളുടെ നെഞ്ച് പൊട്ടി. തൊട്ടതിനെല്ലാം കെട്ടിയവളോട് ചൂടാവുന്ന അയാളുടെ കല്ലുമനസ്സ് പിളര്‍ന്ന് പൊടിഞ്ഞു. അയാളില്‍ ഉറഞ്ഞ ആത്മമതിപ്പ് ആവിയായി പൊങ്ങിയകന്നു.

നിങ്ങളിത്രയും ക്ഷമിച്ചു വായിച്ച മുറക്ക്, ഒരു കാര്യം കൂടി പറയാം, ആണിന്‍റെയും പെണ്ണിന്‍റെയും സവിശേഷതകള്‍ പ്രതിപാദിക്കുന്ന വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. അവകളിലൊന്നില്‍ അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ വിശിഷ്ടമായി നല്‍കിയതിനെ നിങ്ങള്‍ വ്യാമോഹിക്കരുത് എന്നു പറയുന്നുണ്ട്. പ്രസ്തുത വചനത്തിന്‍റെ തഫ്സീറില്‍ ഇമാം റാസി (റ) ഒരു സ്വഹാബിയുടെ ചോദ്യവും ആയതിന് ത്വാഹാ റസൂലിന്‍റെ ഉത്തരവും നല്‍കുന്നുണ്ട്. ആണുങ്ങള്‍ ധര്‍മയുദ്ധത്തില്‍ പങ്കെടുത്തും മറ്റും മഹാപുണ്യങ്ങള്‍ വാരിക്കൂട്ടുന്നു. പെണ്ണുങ്ങള്‍ക്കിതിനൊന്നുമാവുന്നില്ല. അല്ല, ഈ ആണിന്‍റെയും പെണ്ണിന്‍റെയും ഉടയതന്പുരാന്‍ ഒറ്റ ഒരാള്‍ തന്നെയല്ലേ? അങ്ങ് ആണുങ്ങളിലേക്കും പെണ്ണുങ്ങളിലേക്കുമായി നിയോഗിതരായ റസൂലല്ലേ? (പിന്നെയെന്താ ഇങ്ങനെയൊരു വിവേചനം എന്ന് ധ്വനി)

പെണ്ണുങ്ങള്‍ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും മുലയൂട്ടുകളും കുട്ടികളെ വളര്‍ത്തുകയും ചെയ്യുക വഴി ആണുങ്ങള്‍ അടര്‍ക്കളത്തില്‍ അടരാടി വാങ്ങുന്ന പ്രതിഫലം അടങ്ങിയിരുന്നു കരസ്ഥമാക്കി. ഇതോടെ ആ മഹതി സംതൃപ്തയായി.
ഓര്‍ക്കണം. പെണ്ണ് ചില്ലറക്കാരിയല്ല. നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ പെണ്ണിനോട് ഏറ്റവും ഉചിതമായി വര്‍ത്തിക്കുന്നവനാണ് എന്ന് പറഞ്ഞ ആരംഭറസൂല്‍ അടുക്കളയില്‍ ഒത്താശപ്പണി ചെയ്തു കൊടുത്തിരുന്നു എന്നതറിയണം.
……
ചോദ്യം : ഇതില്‍ പറഞ്ഞ ഭര്‍ത്താവ് നിങ്ങളാണോ? നിങ്ങളില്‍ സംതൃപ്തയാണോ നിങ്ങളുടെ ഭാര്യ?

ഫൈസല്‍ അഹ്സനി ഉളിയില്‍

One Response to "അഖിലലോക പത്നിമാരേ, പ്രതികരിക്കുവീന്‍"

  1. Jafar  March 5, 2015 at 11:16 am

    Good!…………. Image of family life

You must be logged in to post a comment Login