ഒരു ദേശത്തിന്‍റെ വാസ്തുശില്‍പ പൈതൃകമെന്നത് ആ നാടിന്‍റെ സാംസ്കാരികവും ചരിത്രപരവുമായ പാരന്പര്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്. വാസ്തു പൈതൃകത്തെക്കുറിച്ചുള്ള പഠനം ഇന്നലെയിലെ ആചാരാനുഷ്ഠാനങ്ങളെയും നാടിന്‍റെ ഉല്‍പത്തിയെയും അറിയാനുള്ള മികച്ച ഉപാധിയായി ഗണിക്കപ്പെടുന്നു.
അതു കൊണ്ടു തന്നെ ചരിത്രകാരന്മാര്‍ ഏറെ ആശ്രയിക്കുന്നതും ഈ പൈതൃകത്തെ തന്നെയാണ്. വാസ്തുശില്‍പ പൈതൃകങ്ങളുടെ പിന്‍ബലത്തില്‍ കേരളത്തിലെ മധ്യകാല മുസ്ലിം സാംസ്കാരികകേന്ദ്രമായ കോഴിക്കോട്ടെ കുറ്റിച്ചിറയുടെ കഴിഞ്ഞ കാലത്തെപ്പറ്റിയുള്ള വായനയാണ് ഡോ. കസ്തൂര്‍ബ എ കെയുടെ കുറ്റിച്ചിറ എ മിഡീവല്‍ മുസ്ലിം സെറ്റില്‍മെന്‍റ് ഓഫ് കേരള എന്ന കൃതി.
അതുല്യമായ നഗരാസൂത്രണവും കെട്ടിട വിതാനവും മറ്റു സംവിധാനങ്ങളും കുറ്റിച്ചിറയെ എങ്ങനെ സന്പുഷ്ടമാക്കുന്നുവെന്നും നിര്‍മിതികളില്‍ മുസ്ലിം വ്യാപാര സമൂഹത്തിന്‍റെ ദേശാടനങ്ങള്‍ എത്രമാത്രം പ്രതിഫലിക്കുന്നുവെന്നും കണ്ടെത്താന്‍ ഈ പഠനം സഹായിക്കുന്നുണ്ട്. അറേബ്യന്‍ കരകൗശല ശൈലിയും ആസൂത്രണവും കുറ്റിച്ചിറയുടെ മതസാമൂഹിക സാന്പത്തിക മണ്ഡലങ്ങളില്‍ വരുത്തിയ കാതലായ മാറ്റവും ഇതിനകത്തുണ്ട്. അക്കാലത്തെ കേരളത്തിലെ ഇതര വാണിജ്യ കേന്ദ്രങ്ങളെക്കാള്‍ അഭിവൃദ്ധി സര്‍വ്വ മേഖലകളിലും കുറ്റിച്ചിറക്കുണ്ടെന്ന് ഗ്രന്ഥകാരി കണ്ടെത്തുന്നു.
കുറ്റിച്ചിറയുടെ വാസ്തു പൈതൃകസന്പന്നതയിലൂടെ കടന്നു പോവുന്ന കൃതി അഞ്ച് അധ്യായങ്ങളായാണ് പുരോഗമിക്കുന്നത്. തിളക്കമാര്‍ന്ന ഭൂതകാലം അന്വേഷിച്ചറിയുന്ന ആദ്യാധ്യായം അതിന്‍റെ ചരിത്ര പശ്ചാത്തലത്തിലേക്കും കാലാന്തരങ്ങളിലുണ്ടായ അതിന്‍റെ വികാസത്തിലേക്കുമുള്ള എത്തിനോട്ടമാണ്. സാമൂതിരിയുടെ ഭരണാധിപത്യത്തിനു കീഴില്‍ കേളികേട്ടിരുന്ന കോഴിക്കോട്, വിദേശ വാണിജ്യ വ്യാപാര സംഘങ്ങളുടെ ഇടത്താവളമായിരുന്നു. അറേബ്യന്‍ സംഘങ്ങളുടെ സ്വഭാവ പെരുമാറ്റ രീതികളില്‍ ആകൃഷ്ടനായ സാമൂതിരി, വ്യാപാര പ്രമുഖരെ തന്‍റെ കോവിലകത്തേക്ക് സ്വീകരിച്ചാനയിക്കുമായിരുന്നു. അതുപോലെ മലയാളക്കരയിലെ ഉന്നത കുടുംബങ്ങളില്‍ നിന്ന് അറബികള്‍ക്ക് വിവാഹം ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഇടിയങ്ങര, പരപ്പില്‍, തെക്കേപ്പുറം എന്നിങ്ങനെ ഇഷ്ട പ്രദേശങ്ങളില്‍ അവര്‍ക്ക് താമസസൗകര്യമൊരുക്കി. ഈയൊരു ആതിഥ്യാഭിരുചിയും നയതന്ത്രജ്ഞതയും കുറ്റിച്ചിറക്കും പരിസരദേശങ്ങള്‍ക്കും പുതിയൊരു സംസ്കാരം പകര്‍ന്നു നല്‍കി. പുതുകുടുംബങ്ങളുടെ ജീവിത ശൈലിയും മത സാന്പത്തിക സാമൂഹ്യ രംഗങ്ങളിലെ അവരുടെ ഇടപെടലും സാമൂഹ്യ മാറ്റത്തിന് കാരണമാകുന്നത് ഈ കാലയളവിലാണ്. ഈ കൂടിച്ചേരലിന്‍റെ അനന്തരഫലമായി തുടര്‍വര്‍ഷങ്ങളില്‍ ഒട്ടേറെ വാസസ്ഥാനങ്ങളും വാണിജ്യകേന്ദ്രങ്ങളും രൂപപ്പെട്ടു. കൊപ്രബസാറും വലിയങ്ങാടിയുമൊക്കെ അക്കാലത്ത് മലബാറില്‍ കീര്‍ത്തികേട്ട വ്യവസായ കേന്ദ്രങ്ങളായി വളര്‍ന്നു വരുന്നതങ്ങനെയാണ്.
കുറ്റിച്ചിറയുടെ പൊതുജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാനാവാത്ത പൊതുകുളം നഗരാസൂത്രണത്തിലെ മികച്ച മാതൃകകളിലൊന്നാണ്. വാസസ്ഥലങ്ങളുടെയും പൊതുനിര്‍മിതികളായ പള്ളി, മദ്രസ തുടങ്ങിയവയുടെയുമെല്ലാം സംഗമസ്ഥാനത്ത് നിര്‍മിക്കപ്പെട്ട ഈ ചിറ അവിടുത്തെ പൊതുജീവിതത്തില്‍ തെല്ലൊന്നുമല്ല സ്വാധീനം ചെലുത്തിയത്. പള്ളിയെയും കുളത്തിനെയും ചാരിക്കടന്നു പോവുന്ന റോഡുകളും അതിന്‍റെ ഇരുവശങ്ങളിലും ഉയര്‍ന്നു വന്ന വ്യാപാര സ്ഥാപനങ്ങളും പാഠശാലകളുമൊക്കെ മുസ്ലിം സാംസ്കാരികതയുടെ അതുല്യമാതൃകകളായി.
മുസ്ലിം വാസകേന്ദ്രങ്ങളുടെ പരിണാമങ്ങളെ അടുത്തറിയുന്ന Evolution Of Kuttichira Settlement എന്ന രണ്ടാം അധ്യായം നാഗരിക വ്യവസ്ഥിതിയുടെ സ്വാധീന ഘടകങ്ങളെക്കുറിച്ച് സംസാരിക്കുന്ന എട്ട് ഭാഗങ്ങളിലായാണ് സംവിധാനിച്ചിരിക്കുന്നത്.
ഇന്തോഅറബ് മിശ്ര സംസ്കാരത്തിന്‍റെ ആദ്യതലമുറയാണ് കോയമാരെന്ന് അറിയപ്പെടുന്നത്. പ്രധാനമായും അക്കാലത്തെ വാണിജ്യ മേഖലയുടെ കടിഞ്ഞാണ്‍ പിടിച്ചിരുന്ന ഇവരാണ് കോഴിക്കോടിന്‍റെ സമകാലിക പ്രതാപത്തില്‍ മുഖ്യപങ്കുവഹിച്ചതെന്നു പറയാം. കുറ്റിച്ചിറക്ക് അധ്യാത്മികവും ഭൗതികവുമായ ഛായ നല്‍കിയതും ഇവര്‍ തന്നെ.
വെളിച്ചവും വായുവും ലഭ്യമാക്കുന്നതോടൊപ്പം സ്വകാര്യതയെ കൂടെ സമന്വയിപ്പിച്ച രീതിയിലായിരുന്നു കുറ്റിച്ചിറയിലെ ഗൃഹനിര്‍മാണം. കേരളത്തിലെ പുരാതന തറവാടുവീടുകളുടെ സവിശേഷതയും മുസ്ലിം തച്ചുശാസ്ത്രവും ഒത്തുചേരുന്ന ഗൃഹങ്ങള്‍ വാസ്തു പൈതൃകത്തിന്‍റെയും പൗരാണികതയുടെയും ഉത്തമോദാഹരണങ്ങളാണ്. കൈറോ, ബാഗ്ദാദ്, കൊര്‍ദോവ എന്നീ മുസ്ലിം സാംസ്കാരിക കേന്ദ്രങ്ങളില്‍ കാണപ്പെട്ടിരുന്ന ഖാസിസന്പ്രദായം അറേബ്യന്‍ വ്യാപാരികള്‍ വഴി കുറ്റിച്ചിറയിലുമെത്തി. മതകാര്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതിനപ്പുറം അക്കാലത്തെ ജനസമൂഹത്തിന്‍റെ പ്രശ്ന പരിഹാരങ്ങളില്‍ അവസാന വാക്കായിരുന്നു ഖാസിമാര്‍.
കുറ്റിച്ചിറക്കാരുടെ സാമൂഹ്യജീവിതവും അവിടുത്തെ വാസ്തുശൈലിയെ സ്വാധീനിക്കുകയുണ്ടായി. മാട്രിലീനിയന്‍ സന്പ്രദായത്തിലൂടെ നിലവില്‍ വന്ന കൂട്ടുകുടുംബങ്ങളായിരുന്നു കുറ്റിച്ചിറയിലേത്. അതിനാല്‍ തന്നെ ഒട്ടേറെ അറകളും പൊതുസ്ഥാപനങ്ങളും ഉള്‍ക്കൊണ്ടായിരുന്നു അക്കാലത്തെ തറവാട്ടു വീടുകളുടെ നിര്‍മാണ രീതി; തറവാടുകളുടെ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്നവരാകട്ടെ കാരണവര്‍ എന്നറിയപ്പെടുന്ന മുതിര്‍ന്ന അംഗവും. അറകളുടെ വിന്യാസവും സജ്ജീകരണവുമെല്ലാം അംഗങ്ങളുടെ പ്രായവും പുതുമുഖത്വവും പരിഗണിച്ചായിരുന്നു ക്രമീകരിച്ചിരുന്നത്. ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രതിഫലനമെന്നോണം വിശ്രമത്തിനും അതിഥിസല്‍ക്കാരത്തിനും വേണ്ടി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത ഇടങ്ങളും പണികഴിപ്പിച്ചിരുന്നു. യഥാക്രമം സെനാന മാര്‍ദുന എന്നിങ്ങനെയായിരുന്നു അവ അറിയപ്പെട്ടിരുന്നത്. പ്രാര്‍ത്ഥനക്കും കര്‍മങ്ങള്‍ക്കും വേണ്ടി നിര്‍മിക്കപ്പെട്ട പ്രത്യേക സ്ഥാനങ്ങളും തറവാടുവീടുകളുടെ സവിശേഷതയായിരുന്നു.
Mosques at Kuttichira-Marvels in Timber Architecture എന്ന മൂന്നാം അധ്യായം പള്ളികളുടെ വാസ്തുപൈതൃകത്തെപ്പറ്റി ഏറെ വിവരങ്ങള്‍ നല്‍കുന്നു. കുറ്റിച്ചിറയിലെ മസ്ജിദുകളില്‍ കീര്‍ത്തികേട്ടത് മിസ്ക്കാല്‍പള്ളി, മുച്ചുന്തി പള്ളി, ജുമുഅ മസ്ജിദ് തുടങ്ങിയവയാണ്. കേരളീയ വാസ്തുപൈതൃകത്തിന്‍റെ തനത് സവിശേഷതകള്‍ സംഗമിക്കുന്ന ഈ പള്ളികളുടെ ശില്‍പസൗന്ദര്യം ഏറെ വിസ്മയകരമാണ്. പ്രാദേശിക കരകൗശല വിദഗ്ധര്‍ നിര്‍മിച്ച ഇവ കേരളത്തിലെ പരന്പരാഗത ആരാധനാലയങ്ങളുടെ നിര്‍മാണശൈലിയോട് സാദൃശ്യപ്പെട്ടിരിക്കുന്നു.
എഡി 1300നും 1340നും ഇടയില്‍ അറബി വ്യാപാരിയായ നഹൂദാ മിസ്കാല്‍ ആണ് മിസ്കാല്‍ പള്ളി നിര്‍മിക്കുന്നത്. ധാരാളം കപ്പലുകള്‍ സ്വന്തമായുണ്ടായിരുന്ന അദ്ദേഹം തന്‍റെ കടല്‍യാത്രകളുടെ സുരക്ഷിതത്വത്തിനു വേണ്ടി നേര്‍ന്ന നേര്‍ച്ചയാണ് ഈ പള്ളി. ഭൂരിഭാഗവും മരത്തടിയില്‍ നിര്‍മിച്ച, നാലുനിലകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇതിന്‍റെ നിര്‍മാണ വൈദഗ്ധ്യം അന്പരപ്പുളവാക്കുന്നതാണ്. കെട്ടിടത്തിന്‍റെ മുകളില്‍ ചെന്നു ചേരുന്ന കഴുക്കോല്‍ ക്കൂട്ടങ്ങള്‍ കോര്‍ത്ത മേല്‍ക്കൂരയും ചുറ്റുമുള്ള മരത്താഴികകളും കേരളത്തിന്‍റെ അതിപുരാതന വാസ്തുശൈലിയുടെ ഉദാത്ത മാതൃകയത്രെ. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ വാസ്കോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ബുക്കര്‍ക്കിന്‍റെ സൈനികാക്രമണത്തില്‍ മിസ്കാല്‍ പള്ളിക്ക് തീവെക്കുകയുണ്ടായി. ഈ കൊള്ളിവെപ്പിന്‍റെ മായാത്ത പാടുകളില്‍ ചിലത് ഇന്നും പള്ളിയുടെ മുകള്‍തട്ടില്‍ കാണാം.
കാലപ്പഴക്കത്തോടൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വം പള്ളികളില്‍ ഒന്നാണ് മുച്ചുന്തിപ്പള്ളി. അകം പള്ളിയില്‍ ഒറ്റത്തടിയില്‍ ആലേഖനം ചെയ്ത ചിത്രപ്പണികളും അവക്കിടയില്‍ കൊത്തിവച്ച ഖുര്‍ആന്‍ സൂക്തങ്ങളും ഇന്നും തെളിഞ്ഞു നില്‍ക്കുന്നു. ഒരു കാലത്ത് കോഴിക്കോട്ടുകാരുടെ മതസാമൂഹ്യ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന ആസ്ഥാനമാണ് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കുറ്റിച്ചിറയിലെ ജുമുഅത്ത് പള്ളി. അതാത് കാലങ്ങളിലെ സാമൂതിരിരാജാക്കന്മാരുടെ പ്രത്യേകശ്രദ്ധയും സഹായവും പള്ളിക്ക് ലഭ്യമായിരുന്നു. കോഴിക്കോട്ടെ ഖാസിമാരുടെ സ്ഥാനാരോഹണച്ചടങ്ങ് നടക്കുന്നതും ഇവിടെ തന്നെ. രണ്ടു നിലാമുറ്റങ്ങളോടു കൂടിയ അകംപള്ളി ഖുര്‍ആന്‍ വാക്യങ്ങളാലും ചിത്രാലങ്കാരങ്ങളാലും മനോഹരമാണ്. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്കരിക്കാവുന്ന ഇത്തരമൊരു പള്ളി അക്കാലത്ത് വേറെയില്ലെന്നു തന്നെ പറയാം.
കുറ്റിച്ചിറയിലെ പരന്പരാഗത തറവാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് Traditional Tharawads at Kuttichira എന്ന നാലാം അധ്യായം. തറവാടു വീടുകളുടെ സവിശേഷതയും വിതാനവും വിവരിക്കുന്ന ഈ കുറിപ്പ്, തറവാടുകള്‍ എങ്ങനെ കുറിച്ചിറയുടെ സാമൂഹ്യ മണ്ഡലത്തെ സ്വാധീനിച്ചുവെന്ന് അടുത്തറിയുന്നു. ഉയര്‍ന്ന ചുറ്റുമതിലും പടിപ്പുരയോടുകൂടിയ കവാടവും മുഖ്യവീഥിയിലേക്കുള്ള ചെറുപാതകളും ഇത്തരം വീടുകളുടെ വിശേഷതയാണ്. ഒട്ടേറെ ചെറുറൂമുകളും ഇടനാഴികളും ഉള്‍ക്കൊള്ളുന്ന ഇവ നടുത്തളം എന്നോ നടുവകം എന്നോ അറിയപ്പെട്ടിരുന്ന ഭാഗത്തിന് ചുറ്റുമായിരുന്നു നിര്‍മിക്കപ്പെട്ടിരുന്നത്. ചിത്രങ്ങളും വിശുദ്ധസൂക്തങ്ങളും കൊത്തിവെക്കപ്പെട്ട മരത്തൂണുകളോടു കൂടിയ നീളത്തിലുള്ള പൂമുഖം, കുടുംബത്തിന്‍റെ അന്തസ്സിന്‍റെയും പ്രതാപത്തിന്‍റെയും അടയാളമത്രെ.
കുറ്റിച്ചിറയിലെ വാസക്രമീകരണം കേരളീയ മുസ്ലിംകളുടെ ജീവിതശൈലിയും മതാചാരവും ആദര്‍ശവുമെല്ലാം വെളിപ്പെടുത്തുന്നു. ആരാധന, ശുചീകരണം, ഭക്ഷണക്രമം, അധ്യാപനം, പഠനം തുടങ്ങി മുഖ്യ ആവശ്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഈ വാസക്രമസംവിധാനം പൗരാണിക സംസ്കാരങ്ങളുടെ മികവിനെ പ്രകടമാക്കുന്നവയാണ്.
മുസ്ലിം വാസ്തുപൈതൃകത്തിന്‍റെ സന്പന്നത വിളിച്ചോതുന്ന മികച്ചൊരു അവലംബകൃതിയാണിത്. ഒരു സമൂഹത്തിന്‍റെ നാഗരികവും സാംസ്കാരികവുമായ ഘടകങ്ങള്‍ അതിന്‍റെ ശില്‍പവൈദഗ്ധ്യത്തില്‍ എത്രമാത്രം പ്രകടമാകുന്നു എന്നത് ഇതിലെ താളുകളില്‍ നിന്ന് മനസ്സിലാക്കാനാവും. കേരളീയ മുസ്ലിംകളുടെ സാംസ്കാരികവും ചരിത്രപരവുമായ സാന്നിധ്യത്തിലേക്ക് വഴികാട്ടുന്ന ഈ ഗ്രന്ഥത്തില്‍ ആവശ്യത്തിന് ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.
മുബശ്ശിര്‍ എളാട്
You must be logged in to post a comment Login