ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റ 2004ലെ പൊതുതിരഞ്ഞെടുപ്പിന്റെ പിറ്റേന്ന്, ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവെന്ന ആഗോളവത്കരണത്തിന്റെ അപ്പോസ്തലനടക്കം തകര്‍ന്നുവീഴുകയും ഇടതുപിന്തുണയോടെ ഒരു യുപിഎ സര്‍ക്കാര്‍ അധികാരമേല്ക്കുമെന്നുറപ്പാകുകയും ചെയ്തു. ഈ വാര്‍ത്ത ഓഹരിക്കന്പോളക്കാരെയും ഫിക്കി തുടങ്ങിയ മൂലധന സ്ഥാപനങ്ങളെയും വല്ലാത്ത ഉത്കണ്ഠയിലാഴ്ത്തിയതിന്റെ ഫലമായി ഓഹരിക്കന്പോളം ഇടിഞ്ഞു തകര്‍ന്നു. ഓഹരി സൂചിക രണ്ടായിരത്തിനടുത്തെത്തി. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റെടുത്ത പിറ്റേന്ന് ധനമന്ത്രിയായ പി ചിദംബരം പാഞ്ഞെത്തിയത് മുംബെയിലെ ഓഹരിക്കന്പോളത്തിന്റെ കേന്ദ്രമായ ദലാല്‍ തെരുവിലേക്കാണ്. അവിടെ ആശങ്കാകുലരായിരിക്കുന്ന കുത്തകകളെയും ഊഹക്കച്ചവടക്കാരെയും ആശ്വസിപ്പിക്കാനായിരുന്നു തിടുക്കത്തിലുള്ള ആ യാത്ര. 1947 ആഗസ്റ്റ് 15ന് രാവിലെ ദില്ലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മധുരപലഹാര വിതരണം നടത്തി സ്വാതന്ത്ര്യമാഘോഷിക്കുന്പോള് സ്വാതന്ത്ര്യത്തിന്റെ നായകനായ മഹാത്മാഗാന്ധി പഞ്ചാബിലും ബംഗാളിലും വിഭജനം സൃഷ്ടിച്ച കലാപങ്ങളിലെ ദുരിതബാധിതര്‍ക്കിടയില്‍ ആശ്വാസം പകര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. പുതിയ ചിദംബരം ഗാന്ധിമാര്‍ പോകുന്നത് ദരിദ്രര്ക്കിടയിലേക്കല്ല, മറിച്ച് ദലാല്‍ (ദല്ലാള്‍) തെരുവിലേക്കാണ്. ഇടതുപക്ഷത്തിനു ഭരണപങ്കാളിത്തം കിട്ടിയാല്‍ സാന്പത്തിക പരിഷ്കാരങ്ങളുടെ വേഗത കുറയില്ലെന്ന ഉറപ്പ് നല്‍കാനാണ് ചിദംബരം അവിടെ ചെന്നത്. ചിദംബരം വാക്കു പാലിച്ചു. എല്ലാ പരിഷ്കാരങ്ങളും മുന്നോട്ടു കൊണ്ടുപോയി.
ഇപ്പോള്‍ സമാനമായ മറ്റൊരു അവസ്ഥയാണ്. വരുംവര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്നു. ഒരുവശത്ത് ആഗോള കോര്‍പ്പറേറ്റുകളുടെ ഇഷ്ടതോഴനായ നരേന്ദ്രമോഡിയെന്ന വികസനപുരുഷന് ഇന്ത്യ പിടിച്ചടക്കാന്‍ രാമരഥയാത്രയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. ചിദംബരത്തിന് ബിജെപിയൊന്നും പ്രശ്നമല്ല. അത്തരം രാഷ്ട്രീയത്തിലൊന്നും താല്പര്യവുമില്ല. എന്‍ഡിഎ മന്ത്രിസഭയില്‍ ടിയാന് അംഗമായിരുന്നിട്ടുമുണ്ട്. എന്നാല്‍ അതല്ലല്ലോ കോണ്‍ഗ്രസിന്റെ അവസ്ഥ. ജനങ്ങളോട് ഇന്നത്തെ അവസ്ഥക്കു ന്യായീകരണം നല്കാന് അവര്‍ക്കു ബാധ്യതയുണ്ട്. പ്രത്യേകിച്ചും ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള വിലക്കയറ്റവും ദുരിതങ്ങളും വ്യാപിക്കുന്പോള്‍. കേവലം ഭക്ഷ്യസുരക്ഷാ നിയമം കൊണ്ട് തിരിച്ചു പിടിക്കാന്‍ കഴിയുന്നതല്ല, യുപിഎക്കു നഷ്ടപ്പെട്ട വിശ്വാസ്യത.
സാമ്പത്തിക പ്രതിസന്ധി എന്ത്?
ഇന്ത്യ ഒരു വലിയ സാന്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നു പറയുന്പോള്‍ എല്ലാവരും നേരിടുന്ന പ്രതിസന്ധി ഒന്നല്ലെന്നു നാം തിരിച്ചറിയണം. മന്മോഹന് ചിദംബരം അലുവാലിയ തുടങ്ങി നരേന്ദ്രമോഡി വരെയുള്ളവരുടെ പ്രശ്നം ഓഹരിക്കന്പോളത്തകര്ച്ചയും രൂപയുടെ മൂല്യശോഷണവും മറ്റുമാണ്. ഒപ്പം ജിഡിപി വളര്‍ച്ചാ നിരക്കിലുണ്ടായ വന്‍ ഇടിവും. അതെല്ലാം വഴി അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ ഏജന്റുമാരായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന റേറ്റിംഗ് സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ സന്പദ് വ്യവസ്ഥയില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നതിനെക്കുറിച്ചും ഇക്കൂട്ടര്‍ക്ക് കടുത്ത ആശങ്കയുണ്ട്!
എന്നാല്‍ ഇന്ത്യാരാജ്യത്തെ നൂറ്റിഇരുപത് കോടി ജനങ്ങളില്‍ ഒരു ശതമാനത്തിനുപോലും ഉല്കണ്ഠയില്ലാത്ത വിശകലനങ്ങളാണിവ എന്നതാണ് സത്യം. ഓഹരിക്കന്പോള സൂചിക കേവലം ഒരു പോയിന്റ് (ഇപ്പോഴത് 18,000നുമീതെയാണ്) ആയാലും 99 ശതമാനം ജനങ്ങളെയും അതൊരു തരത്തിലും ബാധിക്കില്ല. അതുപോലെ തന്നെയാണ് വളര്‍ച്ചാ നിരക്ക് കുറയുന്നതും. ഈ വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ (ഏപ്രില്‍ജൂണ്‍) വളര്‍ച്ചാ നിരക്ക് കേവലം 4.4 ശതമാനം മാത്രമാണ്. യഥാര്‍ത്ഥ മേഖലയിലെ വളര്‍ച്ച 2.7 ശതമാനവും വ്യവസായ ഉല്പാദന മേഖലയിലേത് (നെഗറ്റീവ്) 1.2 ശതമാനവും ആണ്. മൊത്തം ദേശീയോത്പാദനത്തിന്റെ അഞ്ചിലൊന്നുപോലും വരാത്ത കാര്‍ഷിക മേഖലയിലെ വളര്‍ച്ചയെക്കുറിച്ച് അലുവാലിയ മാര്‍ക്ക് (ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്‍) ഒരു വേവലാതിയുമില്ല. അതിന് പത്ത് ശതമാനം വളര്‍ച്ചയുണ്ടായാലും മൊത്തം വളര്‍ച്ച കേവലം രണ്ട് ശതമാനമേ കൂടൂ. എന്നാല്‍ അന്‍പത് ശതമാനം വരുന്ന സേവന മേഖല പത്ത് ശതമാനം വളര്‍ന്നാല്‍ മൊത്ത വളര്‍ച്ചയില്‍ അഞ്ച് ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടാകും! അതുകൊണ്ടാണ് നെല്‍പാടങ്ങളൊക്കെ നികത്തി പ്രത്യേക സാന്പത്തിക മേഖലകള്‍ മുതല്‍ വിമാനത്താവളങ്ങളും ഗോള്‍ഫ് കോഴ്സുകളുമുണ്ടാക്കണമെന്ന് അലുവാലിയ പറയുന്നത്. തെങ്ങിന് മണ്ടയില്‍ വികസനം വരില്ലെന്ന് ഇടതുപക്ഷ വ്യവസായ മന്ത്രിയും ഒരിക്കല്‍ പറഞ്ഞു. നെടുന്പാശ്ശേരിയില്‍ പാടം നികത്തി വിമാനത്താവളവും ഗോള്‍ഫ് ക്ലബ്ബും ഉണ്ടാക്കി. എന്റെ കയ്യില്‍ പണം കായ്ക്കുന്ന മരമില്ല എന്നു പറഞ്ഞത് നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. (എന്നാല്‍ ഒരു പ്രകൃതിസത്യം അദ്ദേഹം അറിഞ്ഞില്ല. ഈ ഭൂമിയിലെ ഏതാണ്ടെല്ലാ വിഭവങ്ങളും സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജം ശേഖരിച്ച് മരമായി വളരുന്ന സസ്യസമൂഹത്തിന്റെ ഫലമായുണ്ടായതാണ് എന്നതാണത്. എന്തായാലും കഴിഞ്ഞ വര്‍ഷം രണ്ടക്ക വളര്‍ച്ചാ നിരക്കെന്നു വീന്പടിച്ചിട്ട് അതിന്റെ പാതി (അഞ്ച് ശതമാനം) പോലുമുണ്ടായില്ല. (4.8 ശതമാനം) ഈ വര്‍ഷം അത്രക്കുമുണ്ടാവാന് സാധ്യതയില്ല.
എന്താണ് ഈ പറയുന്ന തകര്‍ച്ചകള്‍ക്കു കാരണമാകുന്നത്? ഇന്ത്യ ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമാണെന്നു ഭരണഘടന പറയുന്നുണ്ട്. അതായത് പുറത്തു നിന്നുള്ള മറ്റാരുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ സര്‍ക്കാറിന് തീരുമാനമെടുക്കാന്‍ കഴിയണം. പക്ഷേ, ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ (മുന്‍പു ഭരിച്ചവരും 1991 മുതല്‍ വിശേഷിച്ചും) ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങള്ക്കപ്പുറം പുറത്തു നിന്നുള്ളവരുടെ താല്പര്യങ്ങള്ക്കും തിട്ടൂരങ്ങള്‍ക്കും അനുസരിച്ചാണ് രാജ്യത്തെ നയങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇന്ത്യയുടെ ധനക്കമ്മിയും ബജറ്റ്കമ്മിയും കുറയ്ക്കണം എന്നത് അവരുടെ ആവശ്യമാണ്. കോടിക്കണക്കിനു പട്ടിണിക്കാരുടെ കിണ്ണത്തില്‍ അല്പം കഞ്ഞിവെള്ളം നല്കാന് വേണ്ടി ഭക്ഷ്യസുരക്ഷാ നിയമം (എത്രഫലപ്രദമെന്നതു മറ്റൊരു കാര്യം) പാസാക്കുന്പോള്‍ അതിനുവേണ്ടി വരുന്ന ചെലവ് (1,20,000 കോടി രൂപ ഇതിന്റെ തൊണ്ണൂറു ശതമാനത്തിലധികം ഇപ്പോള്‍ തന്നെ മുടക്കുന്നതാണ്; അധികച്ചെലവല്ല) രാജ്യത്തെ ധനക്കമ്മി വര്‍ദ്ധിപ്പിക്കുമെന്ന് ആധിപിടിച്ച് കന്പോളത്തില്‍ കൈകാലുകളിട്ടടിച്ച് പരിഭ്രാന്തിസൃഷ്ടിക്കുകയാണിവര്. ഇന്ത്യയുടെ ജനകീയസഭ പാസാക്കി നടപ്പിലാക്കാന്‍ തീരുമാനിച്ച ഒരു നയം അബദ്ധമാണെന്ന് പറയുന്ന ഈ വിദഗ്ധര്‍ ആണ് നമ്മുടെ നയങ്ങള്‍ തീരുമാനിക്കുന്നതെന്നര്‍ത്ഥം. ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ ഉടനെ രൂപയുടെ മൂല്യമിടിവിലും ഓഹരിവിലയിടിവിലും സര്‍വ്വകാല റെക്കോഡുണ്ടായി. പാവപ്പെട്ടവനു നല്കുന്ന ഈ ഇളവിന്റെ പലമടങ്ങ് നികുതിയിളവുകളും മറ്റുമായി ഇന്നാട്ടിലെ കോര്‍പറേറ്റുകള്‍ക്കു നല്‍കിയിട്ടുമുണ്ട്. ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെ വില വാണം പോലെ ഉയര്‍ന്നു പോകാന്‍ അനുവദിക്കുന്പോഴും ആര്‍ക്കും മനോവേദനയില്ല. അഴിമതിയെന്ന ഓമനപ്പേരില്‍ നടക്കുന്ന കൊള്ളകളുടെ കണക്കുകള്‍ നമുക്കറിയാം. ഭക്ഷ്യ സബ്സിഡിക്കു നല്‍കേണ്ടി വരുന്നതിന്റെ മൂന്നിരട്ടിയെങ്കിലുമാകും ഒരൊറ്റ അഴിമതിയിലൂടെ നമുക്കു നഷ്ടമാകുന്നത്. സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിലക്കയറ്റം ഉണ്ടാകുന്പോഴും പ്രധാനമന്ത്രിയും കൂട്ടരും ഒരു മന്ത്രം പോലെ ആവര്‍ത്തിക്കുന്നു സാന്പത്തിക പരിഷ്കരണത്തില്‍ പുറകോട്ടില്ല എന്ന്. കാരണം വ്യക്തം. ഭരണകര്‍ത്താക്കള്‍ക്ക് കേവലം തിരഞ്ഞെടുപ്പുകാലത്തു മാത്രമേ ജനങ്ങളെ ആവശ്യമുള്ളൂ. ബാക്കികാലത്തെല്ലാം ഇവരുടെ കൂറും കടപ്പാടും മുന്‍പു പറഞ്ഞ അന്താരാഷ്ട്ര (സ്വദേശി) മൂലധന ശക്തികളോടും അവരുടെ ഏജന്റുമാരോടുമാണ്.
എന്താണ് ഈ മൂലധനശക്തികളുടെ താല്പര്യം? ഭരണകൂടങ്ങള്‍ പറയുന്നത് ഇവരുടെ സഹായമുണ്ടെങ്കിലേ ഇവിടെ വികസനം ഉണ്ടാകൂവെന്നാണ്. അതുകൊണ്ടാണ് എല്ലാ സര്‍ക്കാറുകളും മത്സരിച്ച് മൂലധന സൗഹൃദക്കാര്‍ ആകുന്നത്. ഇവരുടെ മൂലധനം എന്നു പറയുന്നത് ഓഹരിക്കന്പോളത്തിലും നാണയക്കന്പോളത്തിലും വരുന്ന ഹ്രസ്വകാല ചൂതാട്ടമൂലധനമാണ്. ഏതു നിമിഷത്തിലും വിദേശ നാണയത്തില്‍ തന്നെ പിന്‍വലിക്കാവുന്ന ഒന്ന്. നമ്മുടെ ഓഹരിക്കന്പോളത്തിന്റെ വ്യാപാരത്തില്‍ സിംഹഭാഗവും ഇവരാണ് നടത്തുന്നത്. ഇവരുടെ വരവും പോക്കുമാണ് ഓഹരിസൂചി നിര്‍ണയിക്കുന്നത്. ഇവര്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്ന വിദേശനാണ്യമാണ് നമ്മുടെ കൂടിയ വിദേശനാണ്യശേഖരം ആയി പലരും ഉയര്‍ത്തിക്കാട്ടിയത്. ആ ശേഖരം ഒറ്റയടിക്കില്ലാതെയായി. അതോടെ അന്താരാഷ്ട്ര വ്യാപാരത്തിനാവശ്യമായ വിദേശനാണ്യ അക്കൗണ്ടില്‍ ഇന്ത്യ വന്‍ കമ്മിയിലായി. (കറന്റ് അക്കൗണ്ട് കമ്മി എന്നു പറയും). ഈ കമ്മി തന്നെയാണ് ഡോളറിന്റെ വിനിമയമൂല്യം ഉയര്‍ത്തുന്നതും. രൂപകൊടുത്ത് ഡോളര്‍ വാങ്ങാന്‍ കൂടുതല്‍ പേര് വരുന്നു. ഡോളര്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്നു കൊണ്ടു പോകുന്നു. ഇത്തരമൊരു ഊഹമൂലധനത്തെ വിശ്വസിച്ച് ഇന്ത്യപോലൊരു രാജ്യത്തെ 120 കോടി വരുന്ന ജനങ്ങളുടെ ജീവിതം രൂപപ്പെടുത്തുന്നതു ശരിയോ? ഇതാണ് കാതലായ ചോദ്യം. ഈ പ്രതിഭാസം ഇന്ത്യയില്‍ മാത്രമല്ല. വികസ്വരരാഷ്ട്രങ്ങളിലെ പ്രധാനികളായ ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തുര്‍ക്കി തുടങ്ങിയവര്‍ക്കും ഇതേ പ്രതിസന്ധിയുണ്ട്. എമര്‍ജിംഗ് ഇക്കോണമി എന്ന ഓമനപ്പേരിട്ട് ഇന്ത്യയെയും മറ്റും വിളിക്കുന്പോള്‍ അതില്‍ രോമാഞ്ചം കൊള്ളുന്നവരുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ ചതിയുണ്ടെന്ന സത്യം വലിയ തകര്ച്ചകള് നേരിടുന്പോഴേ തിരിച്ചറിയൂ. അര്‍ജന്റീനയടക്കമുള്ള പല രാജ്യങ്ങളും ഇതിന്റെ തീവ്രത ഗുരുതരമായി അനുഭവിച്ചവരാണ്.
ഊഹക്കന്പോളത്തില് ലോകത്തെവിടെ മുടക്കിയാല്‍ പെട്ടെന്നു ലാഭം കിട്ടുമെന്നു നോക്കിയിരിക്കുന്നവരാണ് ഈ ഓഹരി നാണയ കന്പോളക്കളിക്കാര്. 2008ല്‍ ആരംഭിച്ച മാന്ദ്യം മറികടക്കാന്‍ യുഎസ് എടുത്തുവരുന്ന ചികിത്സാ നടപടികള്‍ (സര്‍ക്കാര്‍ പണം കന്പോളത്തിലിറക്കല് തന്നെ) പതുക്കെ കുറയ്ക്കുന്നുവെന്ന സൂചന വന്നു. ഈ സപ്തംബര്‍ 17,18 തിയ്യതികളില്‍ യുഎസ് റിസര്‍വ്വ് ബാങ്കായ ഫെഡറല്‍ റിസര്‍വ്വിന്റെ നയപ്രഖ്യാപനം വരും. അതോടെ യുഎസ് കന്പോളത്തില്‍ കൂടുതല്‍ ലാഭമുണ്ടാകുമെന്നു കരുതിയാണ് ഇപ്പോള്‍ വന്‍തോതില്‍ ഓഹരിവിറ്റ് ഇവര്‍ പണവുമായി പോയത്. കന്പോള വിദഗ്ധനും എച്ച്ഡിഎഫ്സിയുടെ ചെയര്‍മാനുമായ ദീപക് പരേഖ് പറയുന്നത് വരുന്ന പതിനെട്ട് മാസക്കാലമെങ്കിലും നമ്മുടെ ഈ സ്ഥിതി തുടുരുമെന്നതാണ്.
ഇത്ര ഗുരുതരാവസ്ഥയില്‍ ഇന്ത്യയുടെ നിര്‍ണായക സ്ഥാനത്ത് ആരാണ് വരുന്നത്? റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നു സുബ്ബറാവു സപ്തംബര്‍ നാലിന് ഒഴിയുകയും തല്‍സ്ഥാനത്ത് ഡോ. രഘുരാജന്‍ വരികയും ചെയ്തു. അന്താരാഷ്ട്ര നാണയനിധിയുടെ പ്രധാന സാന്പത്തികകാര്യ വിദഗ്ധനായിരുന്നു ഇദ്ദേഹം. തന്നെയുമല്ല ധനമന്ത്രിയുടെ പ്രധാന സാന്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തു നിന്നാണ് ഇദ്ദേഹം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആകുന്നത്. തീര്‍ച്ചയായും മന്മോഹന് ചിദംബരം സംഘക്കാരന്‍ തന്നെ. തന്റെ കയ്യില്‍ യാതൊരുവിധ മാന്ത്രിക വടികളുമില്ല എന്ന പ്രഖ്യാപനമാണ് ടിയാന് ആദ്യം തന്നെ നടത്തിയത്. എന്നാല്‍ ഉദാരീകരണ നയങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ ഇവരെല്ലാം പറഞ്ഞത് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള മാന്ത്രികവടിയാണിത് എന്നായിരുന്നു.
ഈ മൂലധനശക്തിയുടെ താല്പര്യമനുസരിച്ച് ധനകമ്മി കുറയ്ക്കാനെന്ന പേരില്‍ സാമൂഹ്യ സേവന സുരക്ഷാ ചുമതലകള്‍ സര്‍ക്കാര്‍ കയ്യൊഴിയുകയാണ്. ജിഡിപിയില്‍ ഇരുപത് ശതമാനം മാത്രമുള്ള കാര്‍ഷിക മേഖല, അറുപത് ശതമാനത്തിലേറെ മനുഷ്യര്‍ക്ക് ജീവനോപാധിയാണ്, മഹാഭൂരിപക്ഷത്തിനും ഭക്ഷണം, പോഷകാഹാരം തുടങ്ങിയവ ലഭ്യമാക്കുന്ന മേഖലയാണ് തുടങ്ങിയ പരിഗണനയൊന്നും ഇവര്‍ക്കില്ല. വിലക്കയറ്റത്തെപറ്റി ഗീര്‍വാണമടിക്കുന്ന ഇടതു വലതുപക്ഷങ്ങള്‍ തുറന്നു പറയാത്ത ചില സത്യങ്ങളുണ്ട്.
പ്രകൃതിയിലെ വിഭവങ്ങളാണ് ഇന്ന് ഏറ്റവും വലിയ പരിമിതി. ജലവും വായുവും മണ്ണും ഇന്ന് വളരെയേറെ കന്പോളവത്കരിക്കപ്പെട്ടിരിക്കുന്നു. മൂലധനസമ്മര്ദ്ദം ഇവക്കുമേല്‍ കൂടുന്നു. ഈ വിഭവങ്ങളെ സംരക്ഷിക്കാന്‍ നിയമങ്ങളുണ്ട്. പക്ഷേ, മൂലധനം വരണമെങ്കില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാണ് അതിന്റെ വക്താക്കള്‍ പറയുന്നത്. അതായത് പ്രകൃതി വിഭവ വിനിയോഗത്തിന് മൂലധന നിയമങ്ങളാകണം ബാധകമാക്കേണ്ടത്; പ്രകൃതി നിയമങ്ങളല്ല. ഇത്തരം വികസനങ്ങള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഇന്നു ലോകമെങ്ങും പല രീതിയില്‍ കാണുന്നു. അത് ആഫ്രിക്ക മുതല്‍ അട്ടപ്പാടിവരെയുള്ള പട്ടിണി മരണങ്ങളാകാം, സിറിയയിലെ യുദ്ധങ്ങളാകാം, പ്രകൃതിക്ഷോഭങ്ങളാകാം, കുടിയൊഴിക്കലുകളാകാം, വിലക്കയറ്റവും ക്ഷാമവുമാകാം, സാംസ്കാരിക തകര്‍ച്ചയാകാം, ഹിംസാത്മക പ്രതികരണങ്ങളാകാം… ഇതൊക്കെയായാലും ഈ ദിശയില്‍ തന്നെ മുന്നോട്ടു പോകുമെന്നു വാശിപിടിക്കുകയാണ് ഭരണകര്‍ത്താക്കള്‍.
കേരളത്തിലെ വിലക്കയറ്റത്തിനു മറ്റുചില മാനങ്ങളുമുണ്ട്. ഡോളറിന്റെ വിലവര്‍ദ്ധനവ് കേരളത്തിന് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. മറ്റൊരു തരത്തില്‍ അതിന് ഒരേ സമയം ഗുണവും ദോഷവുമുണ്ട്. വിദേശമലയാളികളയക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനം. പിന്നെ കയറ്റുമതി വരുമാനവും. ഇതു രണ്ടും കൂടുന്നു. എന്നാല്‍ പെട്രോള്‍, ഡീസല്‍ അടക്കം എല്ലാറ്റിനും വിലവര്ദ്ധിക്കുന്പോള് അതിന്റെ ഭാരം മുഴുവന്‍ മനുഷ്യരിലും വരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ശേഷി ഉപയോഗിച്ച് ഇവയുടെയൊന്നും വില നിയന്ത്രിക്കാനാകില്ല. കാരണം ഇവയൊന്നും കേരളത്തില്‍ ഉണ്ടാക്കുന്നില്ല. എല്ലാം പുറത്തു നിന്നു വരണം. അവയുടെ വില പുറത്തുനിശ്ചയിക്കപ്പെടുന്നു. ഭക്ഷ്യവസ്തുക്കളുടെ കാര്യമാണ് ഏറ്റവും പ്രശ്നം. മറിച്ച് നമുക്കാവശ്യമുള്ള അരിയും പച്ചക്കറികളും പാലും മുട്ടയും ഇറച്ചിയും കേരളത്തിലുണ്ടാക്കുന്നുവെങ്കില് ആ ഉല്പന്നങ്ങള്ക്ക് ഉയര്‍ന്ന സബ്സിഡി നല്കി അവയെല്ലാം വിലകുറച്ചു വില്‍ക്കാനാകും. ഇപ്പോള്‍ നാം ഉല്പാദിപ്പിക്കുന്നത് നാണ്യവിളകളാണ്. അവക്ക് സബ്സിഡി നല്കുന്പോള് അതിന്റെ നേട്ടം വിദേശ ഉപഭോക്താക്കള്‍ക്കാണ്. മറിച്ച് നെല്ലിനും പച്ചക്കറിക്കുമാണ് സബ്സിഡി നല്കുന്നതെങ്കില് അതിന്റെ നേട്ടം നമുക്കാണ്. പക്ഷേ, നാം നമ്മുടെ പ്രാദേശിക ഉല്പാദന സാധ്യതകള്‍ മുഴുവന്‍ നശിപ്പിക്കുന്നു; വികസനത്തിന്റെ പേരില്‍.ഈ പ്രതിസന്ധി നേരിടാന്‍ എണ്ണ, സ്വര്‍ണ്ണം മുതലായവയുടെ ഉപഭോഗം കുറക്കണമെന്ന് മന്‍മോഹന്‍സിംഗ് പറയുന്പോള്‍ അതിലല്പം സത്യമുണ്ടെങ്കിലും അതൊരു സര്‍ദാര്‍ജി ഫലിതം കൂടിയാകുന്നു. ഇന്നത്തെ കന്പോള വ്യവസ്ഥ മുന്നോട്ടുവെക്കുന്ന ഉപഭോഗശൈലി നിലനില്‍ക്കുന്നതല്ലെന്ന് (സാന്പത്തികമായി മാത്രമല്ല, സാംസ്കാരികമായും പാരിസ്ഥിതികമായുമെല്ലാം) ഏറെക്കാലമായി ഇവിടെ പലരും പറയുന്നുണ്ട്. അനന്ത വികസനം (കെട്ടിടം, വാഹനം, റോഡ്, മരുന്ന്, ആഭരണം, ഊര്‍ജ്ജം എല്ലാം) അസാധ്യമാണ്. ഇതു നിയന്ത്രിക്കണമെന്നു പറയുന്നവരെ വികസന വിരുദ്ധരും പഴഞ്ചന്മാരുമായാണ് കണ്ടിരുന്നത്. അവരെ കടുത്ത ഭാഷയില്‍ പലരും ആക്ഷേപിച്ചു. എന്നാല്‍ എണ്ണവിലയും സ്വര്‍ണ വിലയും ഡോളര്‍ വിലയും കൂടുന്പോള്‍ മാത്രമേ മന്മോഹന്സിംഗിന് ഈ തോന്നലുണ്ടാകുന്നുള്ളൂ എന്നതാണ് പ്രശ്നം.
എണ്ണ ഇറക്കുമതിയെപ്പറ്റി കൂടി ചില കാര്യങ്ങള്‍. ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിസന്ധിക്കു പിന്നില്‍ ഒരു സാമ്രാജ്യത്വ അജണ്ടയുണ്ടെന്ന് ഇടതുപക്ഷം പോലും പറയുന്നില്ല. 2010 വരെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ രണ്ടാംസ്ഥാനത്തു നിന്നിരുന്നത് ഇറാനായിരുന്നു. 201112 കാലമായപ്പോഴേക്കും അതു കുറയ്ക്കാന്‍ യുഎസ്യൂറോപ്യന് യൂണിയന് സമ്മര്‍ദ്ദം വന്നു. 201112ല്‍ 18.1 ദശലക്ഷം ടണ്‍ ക്രൂഡാണ് നാം ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 201213ല്‍ അതു വീണ്ടും കുറഞ്ഞു. (ഏതാണ്ട് 26 ശതമാനം). സഊദി അറേബ്യ, കുവൈത്ത്, ഇറാഖ്, വെനിസ്വേല മുതലായ രാജ്യങ്ങളില്‍ നിന്നാണ് ബാക്കി ഇറക്കുമതി. ഇറാന്റെ എണ്ണ ഇറക്കുമതിക്ക് ഒരു വ്യത്യസ്തതയുണ്ട്. അന്താരാഷ്ട്ര നാണയക്കന്പോളത്തില് വിലക്കുകളുള്ളതിനാല്‍ ഇന്ത്യയില്‍ നിന്നു ഡോളര്‍ നല്‍കാതെ രൂപക്ക് തന്നെ എണ്ണ നല്‍കും ഇറാന്. കല്‍ക്കത്തയിലെ യുകെ ബാങ്കിലെ ഇറാന്റെ അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപയിട്ടാല്‍ മതി. അതായത് മറ്റു രാജ്യങ്ങളില്‍ നിന്നു വാങ്ങുന്നതു പോലെ ഡോളര്‍ നല്‍കേണ്ടതില്ല. ഇന്നത്തെ ഡോളര്‍ വിലയും കമ്മിയും പരിഗണിക്കുന്പോള്‍ ഇതുവളരെ പ്രധാനമാണ്. ഈ വര്‍ഷം പതിനൊന്ന് ലക്ഷം ടണ്‍ ക്രൂഡ് ഇറക്കുമതി ചെയ്താല്‍ 850കോടി ഡോളറിന്റെ വിദേശ നാണ്യം ഇന്ത്യക്കു ലാഭിക്കാം. തീരെ ഗതികെട്ടപ്പോള്‍ ഇക്കാര്യം എണ്ണ മന്ത്രാലയം തന്നെ തുറന്നു പറയുന്നു. പക്ഷേ യുഎസ് എന്ന വല്യേട്ടന്റെ സമ്മതം കിട്ടുമോ? നമുക്കോര്‍ക്കാം മുന്‍പ് ഇറാനില്‍ നിന്നു പാക്കിസ്ഥാന് വഴി വാതക പൈപ്പ്ലൈന് കൊണ്ടുവരാനുള്ള പദ്ധതി തയ്യാറായപ്പോള്‍ അതിന്റെ അടിത്തറ തോണ്ടിയത് യുഎസ് വിധേയത്വമാണ്. അതിനുവേണ്ടി വാദിച്ച മണിശങ്കരയ്യര്‍ ഇപ്പോഴെവിടെയെന്നാര്ക്കുമറിയില്ല!. ഗതികെട്ടാല്‍ ഇന്ത്യ ഇറാനില്‍ നിന്നും അധിക എണ്ണവാങ്ങും എന്നായിരിക്കുന്നു സ്ഥിതി. ഇതാണ് നമ്മുടെ പരമാധികാര സങ്കല്പം. ചുരുക്കത്തില്‍ ഇപ്പോള്‍ കാണുന്നത് താല്‍ക്കാലിക സാന്പത്തിക പ്രതിസന്ധിയല്ല; മറിച്ച് ഒരു ലോകം നേരിടുന്ന നയപ്രതിസന്ധിയാണ്, രാഷ്ട്രീയ പ്രതിസന്ധിയാണ്.
സി ആര് നീലകണ്ഠന്
You must be logged in to post a comment Login