സദ്ദാം ഹുസൈനെതിരെയുള്ള യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ അന്നത്തെ യു എസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്യു ബുഷ് അല്പം വൈകിയപ്പോള്‍ ദി എകണോമിസ്റ്റ്’ വാരിക ചോദിച്ചു: ഇനി ആരെയാണ് കാത്തിരിക്കുന്നത്? ബുഷ് പിന്നീട് താമസിപ്പിച്ചില്ല. പിറ്റേ ആഴ്ച തന്നെ ബാഗ്ദാദിനു നേരെ ടോമാ ഹാക് മിസൈലുകള്‍ തൊടുത്തുവിട്ടു. തീഗോളങ്ങള്‍ ചക്രവാളത്തെ ചുവപ്പിക്കുന്നതു കണ്ട് അര്‍മാദിച്ച യു എസ് പ്രതിരോധ സെക്രട്ടറി റൊണാള്‍ഡ് റംസ്ഫെഡ് മാധ്യമ പ്രവര്‍ത്തകരോട് പിറ്റേന്ന് രാവിലെ ചോദിച്ചു: ഇന്നലെ ബഗ്ദാദിന്‍റെ ചക്രവാളങ്ങള്‍ കണ്ടില്ലേ? ചുട്ടു പഴുത്ത അന്തരീക്ഷത്തില്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുന്നതു കണ്ട് സദ്ദാമും അനുയായികളും പേടിച്ചു വിറച്ചിട്ടുണ്ടാവുമെന്നുറപ്പ്. ലോകത്തിന് ഇതൊരു പാഠമാണ്.
ഒരു പതിറ്റാണ്ടിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ 2013 സെപ്റ്റംബര്‍ മൂന്നിന് ചെങ്കടലോരത്തെ ജിദ്ദയില്‍ നിന്നിറങ്ങുന്ന സഊദി അറേബ്യയുടെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങിലൊന്നായ സൗദി ഗസ്റ്റ്’ മുഖപ്രസംഗത്തിലൂടെ ചോദിച്ചു: സിറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ വളരെ വളരെ വൈകിയില്ലേ? ആരെയാണ് അമേരിക്ക കാത്തിരിക്കുന്നതെന്ന്.
രണ്ടര വര്‍ഷമായി അറബ് ഇസ്ലാമിക ഭരണത്തലവന്മാരുടെ അന്തഃപുരങ്ങളില്‍ അടക്കിപ്പിടിച്ചു കേട്ട സ്വരമാണ് ഈ ജിഹ്വയിലൂടെ മുഴങ്ങിക്കേട്ടത്. സിറിയക്കെതിരെ യുദ്ധമുഖം തുറന്ന് മേഖല വീണ്ടും കലുഷിതമാക്കുന്നത് മഹാ അബദ്ധമാണെന്നും ഇറാഖില്‍ സദ്ദാമിനെതിരെ അന്നെടുത്ത തീരുമാനത്തിന്‍റെ പാപത്തില്‍ നിന്ന് ഇതുവരെ നാം മുക്തരായിട്ടില്ലെന്നും പറഞ്ഞ് ബ്രിട്ടീഷ് പാര്‍ലമെന്‍റ് യുദ്ധത്തിനെതിരെ വോട്ടു ചെയ്തു മനുഷ്യത്വത്തിന്‍റെ ജനകീയാരവം മുഴക്കിയ ശുഭ മുഹൂര്‍ത്തത്തിലാണ് അറബ്ലോകം യുദ്ധക്കൊതി മൂത്ത് വന്‍ശക്തികളുടെ വാലിന് തീ കൊളുത്താന്‍ ശ്രമിച്ചതെന്നോര്‍ക്കണം! സുന്നി ഷിയ പക്ഷപാതിത്വത്തിന്‍റെ അഴുകിയ മനസ്സുകളില്‍ നിന്നൊഴുകുന്ന പ്രതികാരവാഞ്ചയല്ലാതെ, ബശ്ശാറുല്‍ അസദിന്‍റെ സ്വേച്ഛാധിപത്യത്തോടും ക്രൂരതയോടുമുള്ള ആത്മാര്‍ത്ഥ വിയോജിപ്പാണ് ഈ യുദ്ധാവേശത്തിന് പിന്നിലെന്ന് ആരും അവകാശപ്പെടുമെന്നു തോന്നുന്നില്ല.
ഈ കുറിപ്പെഴുതുന്പോള്‍ പടഹധ്വനി അങ്ങകലെ നിന്നു കേട്ടു തുടങ്ങിയിട്ടേയുള്ളൂ. അല്‍പം വൈകിയാണെങ്കിലും യുദ്ധമുറപ്പാണ്. ബ്രിട്ടീഷ് ജനത പിന്തുണച്ചില്ലെങ്കിലും ബറാക് ഒബാമ മറ്റൊരു യുദ്ധമുഖം തുറക്കാന്‍ യുദ്ധതിയ്യതി കുറിച്ചിട്ടത് അറബികളുടെ ആവേശത്തിലാണ്. സിറിക്കെതിരെ യുദ്ധം നടത്തേണ്ടത് അറബ് ഇസ്ലാമിക ലോകത്തിന്‍റെ നിലനില്പിന്‍റെ പ്രശ്നമാണെന്ന നിലയില്‍ സംഭവഗതികളെ സങ്കീര്‍ണ്ണമാക്കിയതിലും നാം നമ്മെ തന്നെ ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തട്ടെ. യുദ്ധം അല്‍പം വൈകിയതിന് പരാമൃഷ്ട മുഖപ്രസംഗം ധ്വനി കടുപ്പിച്ചെഴുതി:
എന്നാല്‍ അമേരിക്ക അലയടിക്കുന്ന ലോകാഭിപ്രായം സഊദിയുടെ നേതൃത്വത്തിലുള്ള അറബ് ലോകത്തിന്‍റെ പോലും അവഗണിച്ചും അസദിനെയും അദ്ദേഹത്തിന്‍റെ പിന്നില്‍ അണിനിരന്ന ഗുണ്ടകളെയും അവരുടെ പാട്ടിനുവിട്ടു. അസദിനെതിരെ പൊരുതുന്ന ഫ്രീ സിറിയന്‍ ആര്‍മിക്ക് അത്യാവശ്യമായി വേണ്ടി വരുന്ന ആയുധസഹായങ്ങള്‍ എത്തിക്കാന്‍ അവര്‍ വിമുഖത കാട്ടി. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ശരണാലയമാകുന്ന ബഫര്‍ സോണുകള്‍ സ്ഥാപിക്കുന്നത് സ്പോണ്‍സര്‍ ചെയ്യാന്‍ മടിച്ചു നിന്നു. തീര്‍ച്ചയായും അമേരിക്ക ഒന്നും ചെയ്തില്ല. പ്രതിപക്ഷത്തെ ഒന്നായി നിറുത്താന്‍ പോലും കഴിയാതെ മധുരവാക്കുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു.
ഈ രോഷപ്രകടനം ഉള്‍വഹിക്കുന്ന മോഹഭംഗത്തിന്‍റെ നിദാനം വ്യക്തമാണ്. ഭീമാകാരമായൊരു യുദ്ധം ആരംഭിക്കുന്നതില്‍ നിന്ന് അമേരിക്ക അറച്ചു നില്‍ക്കുന്നുണ്ട്. ധാര്‍മിക കാരണങ്ങളാലല്ല; മറിച്ച് അവരുടെതായ താല്‍പര്യങ്ങളുടെയും സമ്മര്‍ദങ്ങളുടെയും സ്വാധീനത്താല്‍. സന്ദര്‍ഭം ഒത്തുവന്നപ്പോള്‍ ചോറ്റു പട്ടാളത്തെ വിട്ടു സിറിയയെ പിടിക്കാനും ബശ്ശാര്‍ അല്‍ അസദിനെ വകവരുത്താനും അങ്കിള്‍സാമിനും കൂട്ടര്‍ക്കും ആവേശം കുറഞ്ഞുപോയത് ഇറാനിലോ ഇറാഖിലോ ലിബിയയിലോ പോലെ വന്‍ എണ്ണ നിക്ഷേപമില്ലാത്ത രാജ്യമാണ് സിറിയ എന്നതു കൊണ്ടു തന്നെ. രണ്ടാമതായി ബശ്ശാര്‍ ഡമസ്കസില്‍ തുടരുന്നിടത്തോളം ഇസ്രയേലിന്‍റെ നില ഭദ്രമാണ്. നിരുപദ്രവകാരിയായ ശത്രുവാണദ്ദേഹം. അതുകൊണ്ടു തന്നെ സ്റ്റാറ്റസ്കോ തെറ്റിക്കാതിരിക്കുന്നതിനോടാണ് വാഷിംഗ്ടണ്‍ തെല്‍അവീവ് അച്ചുതണ്ടിനു താല്‍പര്യം. അസദിന്‍റെ തിരോഭാവം സിറിയയുടെ രാഷ്ട്രീയഭൂമിക ഏത് ദിശയിലേക്കാണ് വഴിതിരിച്ചു വിടുക എന്ന കാര്യത്തില്‍ പടിഞ്ഞാറന്‍ യജമാനന്മാര്‍ക്ക് ഉത്കണ്ഠയുണ്ട്. തുണീഷ്യയില്‍ അന്നഹ്ദയും ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡുമാണ് പകരക്കാരായി എത്തിയതെങ്കില്‍ അതിന്‍റെ സിറിയന്‍ പതിപ്പായ ഇസ്ലാമിസ്റ്റുകളോ അല്ലെങ്കില്‍ അല്‍ഖാഇദയോട് സാമ്യമുള്ള അല്‍നുസ്റ പോരാളികളോ ആയിരിക്കും അസദിന്‍റെ സിംഹാസനത്തില്‍ അവരോധിക്കപ്പെടുക എന്ന സാധ്യത പോലും പടിഞ്ഞാറ് ഭയക്കുന്നുണ്ട്. പിന്നെന്തിന് അമേരിക്കന്‍ സൈനികരെ ബലി കൊടുക്കാനും യുഎസ് ഖജനാവു കാലിയാക്കാനും മെനക്കെടണം എന്ന ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം കാത്താണ് യുദ്ധപ്രഖ്യാപനം വൈകിച്ചത്. മധ്യധരണ്യാഴിയില്‍ നങ്കുരമിട്ട യുഎസ് യുദ്ധക്കപ്പലില്‍ നിന്ന് ബാലിസ്റ്റിക് മിസൈലുകള്‍ വിട്ട് സിറിയയുടെ യുദ്ധശാലകളും മര്‍മപ്രധാനകേന്ദ്രങ്ങളും ഹ്രസ്വകാല ആക്രമണത്തിലൂടെ തകര്‍ത്തെറിയുക എന്ന തന്ത്രത്തിലൂന്നിയ ഒരു യുദ്ധം ആരംഭിക്കുന്നതിനു മുന്പ് തന്നെ അത്തരമൊരു സൈനിക ഓപ്പറേഷന്‍റെ ചെലവുമുഴുവന്‍ അറബ് രാജ്യങ്ങള്‍ വഹിക്കുമെന്ന് ഉറപ്പു കിട്ടേണ്ടതുണ്ട്. മുന്പ് ഹെന്‍ട്രി കിസ്സിംഗര്‍ പരസ്യമായി പ്രഖ്യാപിച്ചതു പോലെ അറബ് മക്കള്‍ പരസ്പരം ചോരചിന്തി കണക്കുതീര്‍ക്കുന്ന യുദ്ധങ്ങള്‍ക്കല്ലാതെ അമേരിക്കന്‍ ഖജനാവിലെ പണംകൊണ്ട് യു.എസ് പൗരന്മാരുടെ ജീവന്‍ ബലി കൊടുത്തുള്ള ഒരു യുദ്ധത്തിന് പ്രസക്തിയോ ന്യായീകരണമോ ഇല്ലെന്ന് വൈറ്റ്ഹൗസും പെന്‍റഗണുമൊക്കെ കണക്കുകൂട്ടുന്നുണ്ടാവണം.
അറബ് വസന്തം’ എന്ന രാഷ്ട്രീയ ഋതുപ്പകര്‍ച്ചയുടെ ദശാസന്ധിയില്‍ തുണീഷ്യയിലും ഈജിപ്തിലും യമനിലും ലിബിയയിലുമൊക്കെ മാറ്റത്തിന്‍റെ മുല്ലപ്പൂ’ വിപ്ലവം ആഞ്ഞുവീശിയ ഒരു ഘട്ടത്തിനൊടുവില്‍ 2011 മാര്‍ച്ചിലാണ് സിറിയന്‍പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരെ ജനകീയ പോരാട്ടം ആരംഭിക്കുന്നത് . ഈ പോരാട്ടത്തിന് അറബ് സുന്നി ലോകത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. സഊദി അറേബ്യയും ഖത്തറും തുര്‍ക്കിയുമൊക്കെ ആളും അര്‍ത്ഥവും നല്‍കി പ്രതിപക്ഷസഖ്യത്തെ രണാങ്കണത്തിലിറക്കിയപ്പോള്‍ തന്‍റെ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് സ്വന്തം പ്രജകളെ പട്ടാളബൂട്ടുകൊണ്ട് കൊന്നൊടുക്കുകയായിരുന്നു ബശ്ശാര്‍. ലിബിയന്‍ സേച്ഛാധിപതി മുഅമ്മര്‍ ഖദ്ദാഫി തെരുവില്‍ മരിച്ചുവീഴുന്നതു വരെ ആക്രോശിച്ചത് പോലെ അല്‍ഖാഇദ അടക്കമുള്ള ഭീകരവാദികളാണ് തനിക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നതെന്ന് പറഞ്ഞ് കബന്ധങ്ങള്‍ കുന്നുകൂട്ടാന്‍ ആ മനുഷ്യന്‍ അത്യാര്‍ത്തി കാണിച്ചു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ ശക്തികള്‍ പ്രതിപക്ഷ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബശ്ശാറിന്‍റെ കഥ എളുപ്പത്തില്‍ കഴിക്കാന്‍ കഴിയും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, രണ്ടര വര്‍ഷത്തിനിടയില്‍ ഒരു ലക്ഷം പേര്‍ക്കു ജീവന്‍ ത്യജിക്കേണ്ടി വന്നിട്ടും ഉമവിയ്യ ഖിലാഫത്തിന്‍റെ ആസ്ഥാനവും ഇസ്ലാമിക നാഗരികതയുടെ തിരുശേഷിപ്പുകളും നശിച്ചതല്ലാതെ അസദിന്‍റെ ഏകാധിപത്യത്തിന് ഊനം തട്ടിക്കാന്‍ സാധിച്ചില്ല. പ്രതിപക്ഷത്തെ അനൈക്യവും ഏകോപനമില്ലായ്മയുമായിരുന്നു അടിസ്ഥാന ദൗര്‍ബല്യം. അറബിപണം കൊണ്ടു വാങ്ങിയ ആയുധങ്ങള്‍ക്ക് റഷ്യയുടെ അത്യാധുനിക ആയുധങ്ങളോട് കിടപിടിക്കാന്‍ കഴിയില്ലായിരുന്നു. ജിഹാദി ഭീകരവാദികളുടെ കൈകളിലേക്ക് ആയുധം ചെന്നെത്തുന്നതിലൂടെ മുന്പ് അഫ്ഗാനിസ്ഥാനില്‍ താലിബാനില്‍ നിന്നും അല്‍ഖാഇദയില്‍ നിന്നുമുണ്ടായ അനുഭവങ്ങള്‍ക്ക് സമാനമായതായിരിക്കും സംഭവിക്കാനിരിക്കുന്നതെന്ന വിലയിരുത്തല്‍ പടിഞ്ഞാറിന്‍റെ ആവേശം കെടുത്തി. സഊദിയും തുര്‍ക്കിയും ഖത്തറുമെല്ലാം പലവിധ സമ്മര്‍ദതന്ത്രങ്ങളും പയറ്റിയെങ്കിലും സൈനിക നടപടിക്കെതിരായ റഷ്യയുടെയും ചൈനയുടെയും ഉറച്ച നിലപാട് അമേരിക്കയൂടെ ചുവടുവെപ്പുകളുടെ ഉത്സാഹം നശിപ്പിച്ചു. അതിനിടയിലാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 21ന് ഡമസ്ക്കസിലെ പ്രാന്ത പ്രദേശത്ത് രാസായുധ പ്രയോഗത്തില്‍ 14000ലേറെ പേര്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ സഖ്യം ആരോപണമുന്നയിച്ചത്. കുറെ കുഞ്ഞുങ്ങള്‍ കഫന്‍പുടവയില്‍ കിടക്കുന്ന ഹൃദയഭേദകമായ ചിത്രം ബശ്ശാര്‍ അല്‍ അസദിനെതിരെ ലോകസമൂഹത്തിന്‍റെ രോഷമുയരാന്‍ കാരണമാക്കിയത് സ്വഭാവികം. യു എന്‍ അയച്ച പരിശോധകര്‍ ദമാസ്കസില്‍ എത്തിയ അതേസമയം തന്നെ, രാസായുധം പ്രയോഗിച്ച് സ്വയം പ്രതിക്കൂട്ടില്‍ കയറാന്‍ മാത്രം വിഢ്ഢിയല്ല അസദ് എന്നിരിക്കെ ഗൃഹപാഠം നന്നായി നടത്തി തയാറാക്കിയ തിരക്കഥയാവുമതെന്നാണ് നിഷ്പക്ഷമതികള്‍ വിശ്വസിക്കുന്നത്. യു എന്‍ രക്ഷാസമിതിയില്‍ സൈനിക നടപടിക്കുള്ള പ്രമേയം എത്തിയാല്‍ റഷ്യയും ചൈനയും വീറ്റോ ചെയ്യുമെന്നുറപ്പായതിനാല്‍ രാസായുധത്തിന്‍റെ മറവില്‍ പശ്ചിമേഷ്യയില്‍ മറ്റൊരു യുദ്ധത്തിന് കര്‍ട്ടണ്‍ ഉയര്‍ത്തുക തന്നെ പരമലക്ഷ്യം.
എന്നാല്‍ ഇറാഖിലും അഫ്ഗാനിനുമെതിരായ സൈനിക നീക്കത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ബ്രിട്ടന്‍റെ മലക്കംമറിച്ചില്‍ ഒബാമയെ ഞെട്ടിച്ചത് സിറിയയുടെ ചക്രവാളത്തില്‍ നിന്ന് യുദ്ധഭീഷണി ഒഴിഞ്ഞു മാറുകയാണോ എന്ന ആശ്വാസ ചിന്തകള്‍ക്കു പോലും ഒരുവേള അവസരമൊക്കി. ബുഷ് ടോണിബ്ലെയര്‍ കൂട്ടുകെട്ട് ഒരു പതിറ്റാണ്ടു മുന്പ് പടച്ചുവിട്ട യുദ്ധഭ്രാന്തിന് ശമനമുണ്ടായത് സാമാധാനകാംക്ഷികളെ സന്തോഷിപ്പിച്ചു. ഏതു നിമിഷവും അത്ലാന്‍റിക് കടലില്‍ നിന്ന് സിറിയയിലേക്ക് മിസൈലുകള്‍ പാഞ്ഞടുക്കും എന്നു കണക്കുകൂട്ടിയവരുടെ ഭീതി മെല്ലെ മെല്ലെ അകലാന്‍ തുടങ്ങിയപ്പോഴേക്കും അറബ് ലോകത്തുനിന്ന് യുദ്ധത്തിനായി മുറവിളി ഉയര്‍ന്നു. ഇതുകേട്ട പലരും സ്വയം ചോദിച്ചുപോയി; എപ്പോഴാണ് നാം ഇത്രക്കും യുദ്ധക്കൊതിയന്‍മാരായത്? സഊദി വിദേശകാര്യമന്ത്രി യുദ്ധ പ്രചാരണത്തിനായി പല തലസ്ഥാനനഗരികളും സന്ദര്‍ശിച്ചു. അറബ് മാധ്യമങ്ങള്‍ അസദിന്‍റെ ചോരക്കായും സിറിയക്കാരുടെ പകലറുതിക്കായും ന്യായങ്ങള്‍ നിരത്തി കുറ്റപത്രങ്ങള്‍ തയാറാക്കി. ബര്‍ട്രാന്‍റ് റസല്‍ യുദ്ധത്തെക്കുറിച്ച് പറഞ്ഞു വച്ചതാണ് അപ്പോള്‍ ഓര്‍മ്മ വന്നത്: War Does not Determine Who is Right Only Who Is Left ആരാണ് ശരി എന്നല്ല യുദ്ധം തീരുമാനിക്കുന്നത്; മറിച്ച് ആരൊക്കെ ബാക്കിയായി എന്നതാണ്.
ഇനിയൊരു യുദ്ധമുണ്ടായാല്‍ പശ്ചിമേഷ്യയില്‍ ആരൊക്കെ ബാക്കിയുണ്ടാവുമെന്ന് ഇപ്പോള്‍ യുദ്ധപ്പെരുന്പറയടിക്കുന്ന രാജാക്കന്മാര്‍ക്കുപോലും പറയാന്‍ സാധിക്കില്ല. 1980നു ശേഷം ഇസ്ലാമിക ലോകത്തു നിന്നു യുദ്ധം ഒരിക്കലും വിട്ടുമാറിയിട്ടില്ല. 1980ല്‍ തുടങ്ങിയ ഇറാന്‍ഇറാഖ് യുദ്ധം ഒരു പതിറ്റാണ്ടോളം നീണ്ടു നിന്നു. യുദ്ധത്തിന്‍റെ യവനിക വീണു എന്നു കണ്ടപ്പോള്‍ അതുവരെ സദ്ദാമിനെ കരുവായി ഉപയോഗിച്ച അമേരിക്ക, കുവൈത്ത് ആക്രമിച്ചതിന്‍റെ പേരില്‍ ഇറാഖിനെതിരെ യുദ്ധം ആരംഭിച്ചു. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്‍റെ പൊടിപടലങ്ങള്‍ നീങ്ങുന്പോഴേക്കും സെപ്റ്റംബര്‍ 11ന്‍റെ പ്രേതങ്ങള്‍ മുസ്ലിം ലോകത്തെ കടന്നു പിടിച്ചു. ആദ്യം അഫ്ഗാനിസ്ഥാനും പിന്നീട് ഇറാഖും ഏകപക്ഷീയമായി ആക്രമിക്കപ്പെട്ടു. ഒരു ദശകത്തിലേറെ നീണ്ടു നിന്ന ഇറാഖ് യുദ്ധം സദ്ദാമിന്‍റെ ജീവനെടുത്തു എന്നു മാത്രമല്ല ഒരു നാഗരികതയെ കശക്കിയെറിഞ്ഞു. പരസ്പരം പൊരുതുന്ന ജനക്കൂട്ടങ്ങളുടെ പടനിലമാക്കി ഇറാഖിനെ നശിപ്പിച്ചു. ഈ കുറിപ്പെഴുതുന്പോഴും ബഗ്ദാദില്‍ സ്ഫോടനങ്ങള്‍ അന്തരീക്ഷത്തെ പിടിച്ചു കുലുക്കുകയാണ്. അറുപതു പേരാണ് ഇന്നലെ കുരുതികൊടുക്കപ്പെട്ടത്, അഫ്ഗാനില്‍നിന്ന് ഇതുവരെ വിദേശപട്ടാളം പിന്മാറിയിട്ടില്ല. അതിനിടയിലാണ് മറ്റൊരു യുദ്ധമുഖം കൂടി തുറക്കാന്‍ ബറാക് ഒബാമ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. യുദ്ധമില്ലാത്ത ഒരു കാലത്തെക്കുറിച്ച് അമേരിക്കക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ നിസ്സഹായരാണ്. എന്നാല്‍ രാസായുധത്തിന്‍റെ പേരിലുള്ള പടിഞ്ഞാറിന്‍റെ കാപട്യത്തെ ഒരിക്കലും മറച്ചുവെയ്ക്കാന്‍ കഴിയില്ല. ലോകത്ത് ഇന്നേവരെയുണ്ടായ രാസായുധ പ്രയോഗങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവര്‍ത്തിച്ചത് വന്‍ശക്തികളാണ്. വ്യാവസായികാടിസ്ഥാനത്തില്‍ മാരക വസ്തുക്കളും മാരക വാതകങ്ങളും ഉല്‍പാദിപ്പിക്കാനുള്ള കെല്‍പ് അവര്‍ക്കേയുള്ളൂ.
വിയറ്റ്നാമില്‍ ലക്ഷത്തോളം സിവിലിയന്മാരെ വാതകം തളിച്ചു കൊന്ന ക്രൂരത ആരും മറന്നിട്ടില്ല. ഇറാനില്‍ രാസായുധ പ്രയോഗം നടത്താന്‍ എല്ലാവിധേനയും ഇറാഖിന് സഹായസഹകരണങ്ങള്‍ നല്‍കിയത് അങ്കിള്‍സാമാണ്. കുര്‍ദുകള്‍ ഇറാനു പിന്തുണ നല്‍കി എന്നാരോപിച്ച് ആ വിഭാഗത്തിനെതിരെ സദ്ദാമിനെ ക്കൊണ്ട് രാസായുധ പ്രയോഗം നടത്തിച്ചതിനു പിന്നിലും അവര്‍ തന്നെ. എല്ലാറ്റിനുമൊടുവില്‍ സദ്ദാമിന്‍റെ കൈവശം കൂട്ട നശീകരണായുധമുണ്ടെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് 2003ല്‍ ഇറാഖിനെ ആക്രമിക്കുന്നത്. ഇതേ കള്ളം ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ആവര്‍ത്തിക്കുന്പോള്‍ അതേറ്റു പറയാന്‍ സദ്ദാമിന്‍റെ ആദര്‍ശബന്ധുക്കള്‍ നിരനിരയായി നില്‍പുണ്ട് എന്ന ലജ്ജാവഹമായ കാഴ്ചയാണ് ഈ യുദ്ധത്തെ കൂടുതല്‍ അശ്ലീലകരമാക്കുന്നത്.
ശാഹിദ്
You must be logged in to post a comment Login