തറാവീഹിന് പള്ളിയിലേക്ക് വന്നതായിരുന്നു ഞാന്‍. ചെരുപ്പഴിക്കാന്‍ തുടങ്ങിയപ്പോള്‍ സുജൂദിലേക്കടുക്കുന്നവരുടെ കാല്‍മുട്ടുകള്‍ നിലത്ത്മുട്ടുന്ന ഒച്ച; അറബന മുട്ടുന്നതു പോലെ. അതു ശ്രദ്ധിച്ച് ഒരല്പനേരം പടിയില്‍ തന്നെ നിന്നു. ജമാഅത്ത് നഷ്ടപ്പെട്ടാലോ എന്നു പേടിച്ച് വുളൂ എടുത്തു; ഉമ്മ പറഞ്ഞ പോലെ ഒരുവിധം കാക്കക്കുളി തന്നെ. സ്വഫിലെത്തിയപ്പോള്‍ ഇശാഇന്റെ അവസാന റക്അത്ത്. തുണി സ്വല്പം ഉയര്‍ത്തി തക്ബീര്‍ കെട്ടാന്‍ ഒരുങ്ങവെ ഒരു സുഗന്ധക്കാറ്റ് വന്നു തലോടി. ഫോറിന് ബോഡിസ്പ്രേയുടെ വാസനയല്ല; നിമിഷങ്ങള്‍ക്കു ശേഷം പണ്ടെന്നോ നന്നായി ആസ്വദിച്ച ആ സുഗന്ധത്തിന്റെ പേര് ഞാന്‍ ഓര്‍ത്തെടുത്തു; ജന്നാത്തുല്ഫിര്ദൗസ്.
ഒന്നാമത്തെ സ്വഫില്‍ മൊല്ലാക്കയുടെ വലതുഭാഗത്തായി നില്ക്കുന്ന തൂവെള്ള വസ്ത്രധാരിയെ കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നാതിരുന്നില്ല. നിസ്കാരം കഴിഞ്ഞയുടനെ എനിക്ക് ആളെ പിടികിട്ടി. എന്നെ അഞ്ചാംക്ലാസ് പൊതു പരീക്ഷക്കിരുത്തിയ പന്തല്ലൂര്‍ ഉസ്താദ്. ചുറുചുറുക്കാര്‍ന്ന ആ മുഖം ഒന്ന് കാണേണ്ടതു തന്നെ. ഓത്തു കഴിഞ്ഞയുടനെ ചെറുപ്രായത്തില്‍ തുടങ്ങിയ ദീനീ സേവനത്തിന് ഒരുപാട് കമ്മിറ്റികള്‍ ശന്പളം കൊടുത്തിരിക്കുന്നു. അതുപോലെയായിരുന്നില്ല ഞങ്ങളുടെ നാട്ടില്‍. ഇവിടെ ഉസ്താദ് ഒരു മഹാന് തന്നെയായിരുന്നു. ഒന്നാം ക്ലാസില്‍ ചെറിയൊന്നില് ചേര്‍ന്ന കുരുന്നുകള്‍ കരഞ്ഞ് തിമര്‍ത്തപ്പോള്‍ തഞ്ചത്തില്‍ നാരങ്ങാമിഠായി നല്കി അവരുടെ കരച്ചില് നിര്‍ത്തിയ ഉസ്താദ്. ഇപ്പോഴും ഉസ്താദിന് ഇവിടെ നിന്നു കൂടെ എന്ന് ഞാനാലോചിച്ചു. ഉസ്താദ് ചൂരല്‍ പിടിക്കുന്നതു കാണുന്പോള്‍ തന്നെ ഞങ്ങള്‍ വിറകൊള്ളും. അങ്ങനെ ഉസ്താദിനെയും, കൂടെയുള്ള ചൂരലിനെയും കണ്ടു കണ്ട് ഞാന്‍ പഠിച്ചു. പക്ഷേ, എന്തുചെയ്യാന്‍; അഞ്ചാം ക്ലാസിലെ പൊതുപരീക്ഷ കഴിഞ്ഞപ്പോള്‍ ഉസ്താദ് പിന്നെ നാട്ടില്‍ നിന്നില്ല. മറ്റെവിടേക്കോ പോയി. ഉപ്പയുടെ മരണവും ഉമ്മയുടെ ചികിത്സയും കൂടി ഉസ്താദിനെ ദുഃഖിപ്പിച്ചിരിക്കാം. അല്ലെങ്കില്‍ ഉസ്താദെന്തിനു സ്ഥലം മാറിപ്പോകണം? കമ്മിറ്റിയും കടുംപിടുത്തക്കാര്‍ തന്നെ. ഒരന്‍പതു രൂപ പോലും കൂട്ടിക്കൊടുക്കില്ല.
തറാവീഹ് കഴിയുന്പോള്‍ ഉസ്താദ് സ്വന്തം നിലക്ക് എണീറ്റുനിന്ന് പ്രസംഗിക്കുമെന്നായിരുന്നു എന്റെ ധാരണ. അങ്ങനെയുണ്ടായില്ല. പുതിയ കമ്മിറ്റി പ്രസിഡന്റ് ഉസ്താദിനെ സാദരം രണ്ടുവാക്കു സംസാരിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഉസ്താദ് മിന്പറിന്നടുത്തേക്കു വന്ന് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. പുണ്യങ്ങളുടെ പൂക്കാലത്തിലെ കൂലിയുടെ ഇരട്ടിക്കണക്ക് കൂട്ടി ഗണിച്ചപ്പോള്‍ എല്ലാവരും അന്തം വിട്ടിരിക്കണം! അവസാനം ഉസ്താദ് ദുആ ചെയ്തു. എല്ലാവരും എഴുന്നേല്ക്കാന് തിക്കും തിരക്കും കാണിക്കുന്പോഴും ഞാന്‍ സ്വപ്നത്തിലെന്നപോലെ അവിടെയിരിക്കുകയായിരുന്നു. ഉസ്താദിന്റെ രോഗിയായ ഉമ്മയെയും താമസിക്കുന്ന പഴയ വാടകവീടിനെയുമൊക്കെക്കുറിച്ചായിരുന്നു എന്റെ ചിന്ത. എന്തോ ഒരു മനോ ദുഃഖം. ഉസ്താദിന്റെ തുച്ഛമായ വരുമാനം കൊണ്ട് ഇതെല്ലാം എങ്ങനെ കഴിഞ്ഞു പോകുന്നു? എല്ലാം അറിയണമെന്നുണ്ട്. പക്ഷേ, എങ്ങനെ ചോദിക്കും ഞാന്‍. ഒരു വിദ്യാര്‍ത്ഥി മാത്രമല്ലേ..? മര്യാദകേടാവും. എല്ലാവരും എഴുന്നേറ്റു മിന്പറിന്റെ അടുത്തു നില്ക്കുന്ന ഉസ്താദിന്റെ അടുത്തു ചെന്ന് ഹസ്തദാനം ചെയ്ത് ചുരുട്ടിപ്പിടിച്ച സ്വദഖകള്‍ ഉസ്താദിനെ ഏല്പിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം തോന്നി.
ദാരിദ്ര്യം മണക്കാത്ത അത്തറിന്റെ സുഗന്ധവും പൂശി ഉസ്താദ് എവിടെയെല്ലാം കഴിഞ്ഞുകാണും. ഇപ്പോഴും ആ അത്തറ് വാസനിച്ചാല്‍ ഞാന്‍ തിരയും; ഇവിടെ എവിടെയെങ്കിലും എന്റെ ഉസ്താദുണ്ടോ? ദാരിദ്ര്യം മണക്കാത്ത അത്തറ് പൂശിയ ഉസ്താദ്.
ഫാഇസ് ചെറുവാടി
ബുഖാരി ദഅ്വ കോളജ്, കൊണ്ടോട്ടി
അല്ലാഹു എന്നും ഈ അനുഗ്രഹം നിലനിര്ത്തിതന്നു അനുഗ്രഹിക്കട്ടെ ഒപ്പം മരണംവരെയും സുന്നത്ത് ജാമാഅത്തില്‍ അടിയുറച്ചു നില്‍ക്കാനും ഭാഗ്യം തന്നു അനുഗ്രഹിക്കട്ടെ ആമീന്‍ .