ആകാശച്ചെരിവില്‍ ചന്ദ്രനുദിച്ചു
തെരുവോരത്ത് ഫാനൂസ് തെളിഞ്ഞു
റമദാന്‍ ഇങ്ങെത്തി
റമദാന്‍ ഇങ്ങെത്തി
സയ്യിദ് ദര്‍വീശിന്‍റെ വരികള്‍ ഈണത്തില്‍ പാടി ഞങ്ങള്‍ കുഞ്ഞുങ്ങള്‍ നോന്പിന്‍റെ തലേന്ന് മുതിര്‍ന്നവര്‍ സമ്മാനമായി തന്ന ഫാനൂസുകള്‍ തൂക്കിപ്പിടിച്ച് അയലത്തെ വീടുകള്‍ കയറിയിറങ്ങും. ഹദ്യ കിട്ടുന്ന നാണയത്തുട്ടുകള്‍ ഒരുക്കൂട്ടി വെക്കും. അതില്‍ നിന്ന് വേണം പെരുന്നാളിന് ബലൂണുകള്‍ വാങ്ങാന്‍. ഒപ്പം മുസെഹറാത്തിക്കും സമ്മാനം കൊടുക്കണം. ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്നത് മുസെഹറാത്തി വന്ന് വിളിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ആര്‍ക്കും നോന്പ് പിടിക്കാനാവില്ലെന്നായിരുന്നു. യൂസുഫ് അല്‍ഖുറശി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ ഓര്‍മ്മകള്‍ നാട്ടിലേക്കും കുട്ടിക്കാലത്തേക്കും പറന്നു. അത്താഴം മൂട്ടുകാര്‍, ആന്ധ്രയില്‍ നിന്നു വന്ന് ഉര്‍ദുവില്‍ മനോഹരമായി ഗാനങ്ങളാലപിച്ച് ഞങ്ങളെ വിളിച്ചുണര്‍ത്തിയിരുന്ന നീളന്‍ തലേക്കെട്ടുകാര്‍.യൂസുഫ് ഞങ്ങളുടെ കമ്പനിക്ക് ക്ലീനിംഗ് പ്രൊഡക്ടുകള്‍ വിറ്റിരുന്ന ഒരു കന്പനിയുടെ മാനേജറാണ്.
നീളന്‍ ജല്ലാബിയയും തുര്‍ക്കിത്തൊപ്പിയും അണിഞ്ഞ് കയ്യില്‍ പിടിച്ച ഫാനൂസിന്‍റെ വെളിച്ചത്തില്‍ നിര്‍ഭയം ഓരോ വീടിന്‍റെ മുന്നിലുമെത്തി ദഫ് കൊട്ടി വീട്ടുകാരന്‍റെ പേര് ഈണത്തില്‍ വിളിച്ച് വീട്ടുകാരെയുണര്‍ത്തി മുസെഹറാത്തി അടുത്ത വീട്ടിലേക്ക് പോകും. ഗ്രാമത്തിലെ ഓരോ വീട്ടുകാരന്‍റെ പേരും അയാള്‍ക്ക് ഹൃദിസ്ഥമായിരുന്നു. അയാളുടെ പാട്ടുകള്‍ കേട്ടാണ് ഞങ്ങള്‍ കുട്ടികള്‍ സയ്യിദ് ദര്‍വീശിന്‍റെ വരികള്‍ ഈണത്തില്‍ പാടാന്‍ പഠിച്ചത്.
യൂസുഫ് യാത്ര പറയാന്‍ വന്നതാണ്. ഇത്തവണ സ്വന്തം വണ്ടിയിലാണ് നാട്ടിലേക്ക്; കുടുംബവുമൊത്ത് റോഡ് മാര്‍ഗ്ഗം.
ജോര്‍ദാനും അഖബയും മറിച്ചു കടന്ന് നൈലിന്‍റെ കാറ്റേറ്റ് കൈറോയില്‍ നിന്ന് നൂറു കിലോമീറ്ററപ്പമുള്ള ഗ്രാമത്തിലേക്ക് യാത്ര പോകുന്നത് എനിക്കെന്‍റെ മനക്കണ്ണില്‍ ഇപ്പഴേ കാണാം.
ശര്‍ഖിയ്യയില്‍ ഫാകൂസ് പട്ടണത്തിനരികില്‍ മന്‍ശിയ്യയാണയാളുടെ ഗ്രാമം.തണുത്ത കാറ്റേല്‍ക്കാന്‍ വിന്‍ഡോ താഴ്ത്തി വെക്കുന്പോള്‍ കാറ്റടിച്ച് കുട്ടികള്‍ക്ക് അസുഖം പിടിക്കുമല്ലോ എന്ന് ഉമ്മു അബ്ദുല്ല പരിഭവം പറയുന്നത് എനിക്കപ്പഴേ കേള്‍ക്കാനാവും.
ഇഖ്ബാല്‍! ഇത്തവണ തിരികെ വരുന്പോള്‍ ഞാന്‍ നിനക്കൊരു സമ്മാനം കൊണ്ടുവരും. എന്‍റെ അബ്ബ സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ഫാനൂസ്. നിന്‍റെ പുതിയ വീടലങ്കരിക്കാന്‍. ഒപ്പം നിന്‍റെ കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ രണ്ട് കുഞ്ഞ് ഫാനൂസുകളും.
പലപ്പോഴും തമാശക്ക്, അയാളെ ശുണ്ഠി പിടിപ്പിക്കാന്‍ ഈജിപ്തുകാരെ എനിക്കിഷ്ടമില്ലെന്ന് ഞാനയാളോട് പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ ചില ഈജിപ്തുകാരുടെ ശൈലി കാണുമ്പോൾ എനിക്കവരോട് ഇഷ്ടക്കേട് തോന്നാറുമുണ്ട്.
എല്ലാവരും ഒരുപോലെയല്ലെന്ന് അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറയും. നിങ്ങള്‍ ഇന്ത്യക്കാരെയും ഞങ്ങള്‍ക്ക് ഇഷ്ടമല്ല; അതിനെക്കാളേറെ അസൂയ തോന്നാറുണ്ട്. ഒരേ ഭാഷ സംസാരിക്കുന്നവരായിട്ടും ഇവിടുത്തുകാര്‍ ഞങ്ങളെക്കാള്‍ നിങ്ങള്‍ക്ക് നല്‍കുന്ന പരിഗണന. ഞങ്ങളുടെ അവസരംമുടക്കികളാണ് നിങ്ങള്‍ എന്ന തോന്നല്‍. എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു. അതുപോലെ ഒരുപാട് ഇന്ത്യക്കാരെ എനിക്കിഷ്ടമാണ്.
അയാള്‍ക്ക് ദ്യേം വരുന്നത് കാണാന്‍ നല്ല രസമാണ്.
പ്രകാശ ഗോപുരമായി വെളിച്ചം പൊഴിച്ചവരും വന്‍ മരങ്ങളായി തണല്‍ തന്നവരുമായി ഒരുപാട് ഈജിപ്ഷ്യന്‍ സൗഹൃദങ്ങള്‍ പതിറ്റാണ്ടു കാലത്തെ പ്രവാസത്തിനിടയില്‍ എന്‍റെ ജീവിതത്തിലേക്ക് കയറി വന്നിട്ടുണ്ട്. യൂസുഫ്, അശ്റഫ് സയ്യിദ്, മഹ്മൂദ് ശാഹീന്‍.
എക്സിറ്റില്‍ പോയ അശ്റഫ് ഇടക്കിടെ വിളിക്കാറുണ്ടായിരുന്നു. ഒരുദിവസം അവന്‍ പറഞ്ഞു: ഞാനിപ്പോ തഹ്രീര്‍സ്ക്വയറിലാണ്. വിപ്ലവത്തിന്‍റെ നടുവില്‍ നിന്ന്. ഫോണില്‍ അവന്‍റെ ബാക്കി വാക്കുകള്‍ പശ്ചാത്തലത്തിലെ മുദ്രാവാക്യത്തിലും ജനഘോഷയാത്രയുടെ ഇരന്പലിലും മുങ്ങിപ്പോയി.
മുര്‍സി തിരഞ്ഞെടുക്കപ്പെട്ട അന്ന് യൂസുഫ് മിഠായിയുമായാണ് വന്നത്. നിങ്ങള്‍ക്കെന്താണിത്ര സന്തോഷം എന്ന ചോദ്യത്തിന് അയാളുടെ മറുപടി കാല്‍പനികമായിരുന്നു. ഞങ്ങള്‍ക്കിനി സന്തോഷത്തോടെ ദീര്‍ഘശ്വാസമെടുക്കാം. രഹസ്യപ്പോലീസിനെ പേടിക്കാത്ത ഒരു പുതിയ പ്രഭാതം. പടിഞ്ഞാറിന്‍റെ കുശിനിപ്പണിയെടുക്കാത്ത, മതമൂല്യങ്ങളും മാനുഷികതയും വ്യക്തിസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന, ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന, സ്വന്തം ജനതയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന ഒരു പുതിയ ഭരണകൂടം. മുര്‍സിക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനാവും എന്ന പ്രത്യാശ അയാളുടെ മുഖത്ത് കാണാമായിരുന്നു.
ഏകാധിപത്യത്തിനു പകരം ജനാധിപത്യത്തിന്‍റെ കടന്നു വരവിനും ഈജിപ്തിനും അറബികള്‍ക്കും പുതിയ ദിശാബോധം നല്‍കാനും വിപ്ലവത്തിനാകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു.
പക്ഷേ, പുതിയ വികാസങ്ങള്‍ അയാളെ തളര്‍ത്തിക്കളഞ്ഞു. ഈജിപ്ത് ഇഖ്വാനികളുടെ മാത്രമല്ല. മുര്‍സിക്ക് കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. അയാള്‍ക്ക് ജനാധിപത്യമുണ്ടെന്നത് സത്യമാണ്. പക്ഷേ, വര്യേ വര്‍ഗത്തിന്‍റെ സ്വാധീനത്തെക്കുറിച്ച്… ചരിത്രത്തില്‍ നിന്ന് അയാള്‍ക്ക് വായിച്ചെടുക്കാമായിരുന്നു. റജബ് നല്ലൊരു മാതൃകയായിരുന്നു.
അബൂഅബ്ദില്ലാ, നിങ്ങള്‍ എനിക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം. പരസ്പരം കവിളുകള്‍ ചേര്‍ത്തു വച്ച് യാത്ര പറഞ്ഞിറങ്ങുന്പോള്‍ അയാള്‍ പതിവുപോലെ സന്തോഷവാനായിരുന്നില്ല.
ദിനങ്ങള്‍ കടന്നുപോയി. നൈലിന്‍റെ കരചുറ്റി യൂസുഫ് തന്‍റെ ഗ്രാമത്തിലെത്തിയിരിക്കും. ഈജിപ്ത് അപ്പോഴേക്കും പ്രതി വിപ്ലവത്തിന്‍റെ വഴിയില്‍ തിരിഞ്ഞു നടക്കുന്നതിന്‍റെ സൂചനകള്‍ കാണിച്ചു തുടങ്ങിയിരുന്നു. അതിനിടയില്‍ ഒരു ദിനം യുസുഫ് നാട്ടിലാണെന്ന ഓര്‍മ്മയില്ലാതെ ഒരു ഡെലിവറിക്കു വേണ്ടി അയാളുടെ മൊബൈലിലേക്ക് വിളിച്ചു.
നീ എനിക്ക് ഇവിടെയും ഇരിക്കപ്പൊറുതി തരില്ലേ ഇഖ്ബാല്‍? അയാളുടെ വലിയ ശബ്ദം നിറയെ സന്തോഷം പൊതിഞ്ഞിരിക്കുന്നു.
ടിവിയില്‍ കാണുംപോലെയല്ല. ഇവിടെയെല്ലാവരും സുഖമായിരിക്കുന്നു. യാത്രയും സുഖമായിരുന്നു. ഞാന്‍ മറന്നിട്ടില്ല. നിന്‍റെ വീടിനും കുഞ്ഞുങ്ങള്‍ക്കുമുള്ള ഫാനൂസുകള്‍ ഞാന്‍ കൊണ്ടു വരിക തന്നെ ചെയ്യും.
അറബ് ന്യൂസിന്‍റെ പൂമുഖത്ത് പിന്നെയും ഈജിപ്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സീസിയുടെ അന്ത്യശാസനം, മുര്‍സിയുടെ വീട്ടുതടങ്കല്‍, പുതിയ ഇടക്കാല ഭരണകൂടം, തെരുവിലെ വെടിയൊച്ചകള്‍ വിപ്ലവത്തിന്‍റെ വഴികളില്‍ പിന്നെയും ചോരപ്പൂക്കള്‍ പടര്‍ന്നു പൂത്തു. ഹുസ്നി മുബാറക് മൗനമായി പുഞ്ചിരിക്കുന്നുണ്ടാവണം.
പെരുന്നാളാശംസ അറിയിക്കാന്‍ യൂസുഫിന്‍റെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ അത് നിശ്ശബ്ദമായിപ്പോയിരിക്കുന്നു. വിപ്ലവത്തിന്‍റെ തുടക്കത്തില്‍ അശ്റഫിന്‍റെ ഫോണും ഇതുപോലെ നിശ്ശബ്ദമായിപ്പോയതാണല്ലോ എന്ന് ഒരു ഞെട്ടലോടെ ഞാനോര്‍ത്തു.
എങ്കിലും എനിക്കുറപ്പുണ്ട്; എല്ലാ പ്രതിസന്ധികളുടെയും ഇടയിലൂടെ വണ്ടിയോടിച്ച് എന്‍റെ മക്കള്‍ക്കുള്ള ഫാനൂസുകളുമായി യൂസുഫ് തിരികെയെത്തുക തന്നെ ചെയ്യും.
ഉമ്മുദ്ദൂനിയയുടെ സമ്മാനവുമായി.
ഇഖ്ബാല്‍ വെളിയങ്കോട്
You must be logged in to post a comment Login