മുടി മുറിച്ചാല്‍ തഹല്ലുലായി. അഥവാ ഇഹ്റാമില്‍ പ്രവേശിച്ചതോടെ നിഷിദ്ധമായിരുന്ന കാര്യങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുന്നതോടെ ശരീഅത്തിന്‍റെ തേട്ടം പോലെ ഇനി ചെയ്യാമെന്നായി. ചുംബനം, വിവാഹം, സുഗന്ധം ഉപയോഗിക്കല്‍,തലയിലോ താടിയിലോ എണ്ണ തേക്കല്‍, മുടി മുറിക്കല്‍, നഖം വെട്ടല്‍,പുരുഷന്‍ തല മറക്കല്‍, ചുറ്റിത്തുന്നിയ വസ്ത്രം ധരിക്കല്‍, സ്ത്രീ മുഖം മറക്കല്‍ തുടങ്ങിയവയെല്ലാം ഇഹ്റാം കൊണ്ട് നിഷിദ്ധമാകുന്ന കാര്യങ്ങളാണ്.
തഹല്ലുലായ ഉടനെ റൂമില്‍ ചെന്ന് സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് ഫ്രഷായി. ഇനിയും ഉംറ ചെയ്യണം. ഉംറ ആവര്‍ത്തിക്കുന്നത് പുണ്യമാണ്. ഹറമില്‍ ഉള്ളവര്‍ ഹറമിന് പുറത്ത് പോയി വേണം ഇഹ്റാം ചെയ്യാന്‍. രാവിലെത്തന്നെ തന്‍ഈമില്‍ പോവാന്‍ ശട്ടം കെട്ടി. മസ്ജിദുല്‍ഹറാമില്‍ നിന്ന് ആറര കിലോമീറ്റര്‍ അകലെ വടക്ക് ഭാഗത്താണ് തന്‍ഈം. ഹിജ്റ ഒന്പതാം വര്‍ഷം ആഇശാ ബീവി (റ) ഇവിടെ വെച്ചാണ് ഇഹ്റാം ചെയ്തത്. ഇവിടെ ഒരു പള്ളിയുണ്ട്. ഈ പള്ളി മസ്ജിദു ആഇശാ എന്നും അറിയപ്പെടുന്നു. ഇപ്പോള്‍ പതിനായിരം പേര്‍ക്ക് ഒന്നിച്ച് നിസ്കരിക്കാന്‍ കഴിയുന്ന വിധം പള്ളി വിശാലമാക്കിയിട്ടുണ്ട്.
തന്‍ഈമിലേക്ക് ടാക്സി വിളിക്കാമെന്ന് വെച്ചു. അശ്കറലി സഖാഫിയും എഞ്ചിനീയര്‍ മുഹമ്മദും കൂടെയുണ്ട്. ടാക്സി വിളിക്കുന്പോള്‍ ഒരു പാകിസ്ഥാനിയും കൂടെക്കൂടി. അദ്ദേഹവും ഇഹ്റാം ചെയ്യാന്‍ പോവുകയാണ്. ഞങ്ങള്‍ ഇഹ്റാമിന്‍റെ വേഷത്തിലായിരുന്നു. തന്‍ഈമില്‍ വസ്ത്രം മാറ്റാന്‍ അസൗകര്യമാകുമോ എന്ന് കരുതിയാണ് നേരെത്തെ വസ്ത്രം മാറ്റിയത്. പാകിസ്ഥാനിയുടെ കയ്യില്‍ ഒരു കവറുണ്ടായിരുന്നു. ഇഹ്റാമിന് ധരിക്കാനുള്ള വസ്ത്രമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കുളിക്കാനും വുളൂഅ് ചെയ്യാനും വസ്ത്രം മാറ്റാനുമെല്ലാം അവിടെ സൗകര്യമുണ്ടെന്ന് അദ്ദേഹം സംസാരത്തിനിടെ പറഞ്ഞു. ഇടക്ക് ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഒരു കടയിലേക്ക് കയറിച്ചെന്നു. ഭീമന്‍ കട്ടിപ്പത്തിരി പോലെയുള്ള വിഭവങ്ങള്‍ പാകം ചെയ്തുകൊണ്ടിരിക്കുന്ന കടയായിരുന്നു അത്. അദ്ദേഹം രണ്ടെണ്ണം വാങ്ങി. ഒന്ന് വണ്ടിയില്‍ വെച്ചു. ഒന്ന് ഞങ്ങള്‍ക്ക് നേരെ നീട്ടി അക്ല്‍ തിന്നോളൂ എന്ന് പറഞ്ഞു.
അറബികളുടെ ആതിഥ്യ മര്യാദയെക്കുറിച്ച് മുന്പേ കേട്ടിരുന്നു. പക്ഷേ ഡ്രൈവര്‍മാര്‍ പോലും സല്‍ക്കരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. തിരുനബി പഠിപ്പിച്ച സംസ്കാരത്തിന്‍റെ ഉദാത്തമായ മാതൃകകള്‍ കാലം നീളെ ചെല്ലും തോറും അറേബ്യയില്‍ നശിച്ചുകൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. എന്നാല്‍ കാലങ്ങളെ അതിജീവിച്ച് ഇന്നും ചില പുണ്യങ്ങള്‍ അവശേഷിക്കുന്നു… ആതിഥ്യ മര്യാദ അതില്‍ പ്രധാനമാണ്. ഭക്ഷണ സംസ്കാരവും സാഹോദര്യവും ഇതില്‍പെട്ടതാണ്. എന്നാല്‍ അധിനിവേശത്തിന്‍റെ വിഷ നാന്പുകള്‍ എല്ലാ രംഗത്തും പതിയെ പൊതിയുന്നുണ്ട് എന്ന് ആശങ്കപ്പെടാതിരിക്കാനാവില്ല.
ഞങ്ങളുടെ പാകിസ്ഥാനീ സുഹൃത്ത് ഒരു ഗൈഡിനെപ്പോലെ പെരുമാറി. കുളിക്കാനും വുളൂചെയ്യാനുമുള്ള സ്ഥലം കാണിച്ചു തന്നു. പെട്ടെന്ന് വരണമെന്ന് നിര്‍ദ്ദേശിച്ചു. ഇഹ്റാമിന് വേണ്ടി കുളിക്കുന്നതും ശരീരത്തില്‍ സുഗന്ധം പൂശുന്നതും സുന്നത്താണ്. വെളുത്ത രണ്ട് വെള്ളത്തുണിഉടുക്കാനും പുതക്കാനുംഉപയോഗിക്കുന്നതും സുന്നത്ത് തന്നെ. ഇഹ്റാം ചെയ്താല്‍ അടിവസ്ത്രം,ബനിയന്‍ തുടങ്ങിയ ചുറ്റിത്തുന്നിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലല്ലോ.
ശുദ്ധീകരണം കഴിഞ്ഞ് പള്ളിയില്‍ കയറി തഹിയ്യത് നിസ്കരിച്ചു. രാവിലെയായിരുന്നു യാത്ര. അതിനാല്‍ തഹിയ്യത് നിസ്കാരം കഴിഞ്ഞ് ഇഹ്റാമിന്‍റെ രണ്ട് റക്അത് സുന്നത്തും നിസ്കരിച്ചു. ഇഹ്റാം ചെയ്തു.
നവൈതുല്‍ ഉംറത വ അഹ്റംതു ബിഹാ ലില്ലാഹി തആലാ… ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്….
മനസ്സില്‍ തേന്‍മഴ പെയ്ത കുളിര്‍മ്മ… കൈകള്‍ റബ്ബിലേക്കുയര്‍ന്നു. ഹൃദയം അലയുകയാണ്..
ഉമ്മ ആഇശാ എവിടെ വെച്ചായിരിക്കും ഇഹ്റാം ചെയ്തിട്ടുണ്ടാവുക? അന്ന് മുത്ത് നബിയോടൊപ്പം സ്വഹാബികള്‍ ഹജ്ജ് ചെയ്തപ്പോള്‍ ആഇശാ (റ) കൂടെയുണ്ടായിരുന്നല്ലോ. ആ സമയത്ത് ആഇശാ ബീവി (റ) ഋതുമതിയായിരുന്നു. അതുകൊണ്ട് ഹജ്ജിന്‍റെ കര്‍മ്മങ്ങളെല്ലാം മഹതി നിര്‍വ്വഹിച്ചുവെങ്കിലും ത്വവാഫ് ചെയ്യാന്‍ സാധിച്ചില്ല. ത്വവാഫിന് ശുദ്ധി നിര്‍ബന്ധമാണല്ലോ. പിന്നീട് ശുദ്ധിയായി ത്വവാഫ് നിര്‍വ്വഹിച്ചപ്പോള്‍ ആഇശാ ബീവി തിരുനബി (സ) യോട് ചോദിച്ചു: നിങ്ങള്‍ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചാണല്ലോ പോകുന്നത്? എനിക്ക് ഹജ്ജ് മാത്രമായി പോയല്ലോ…” ഇത് കേട്ടപ്പോള്‍ നബി (സ) അവരെ സഹോദരന്‍ അബ്ദുറഹ്മാന്‍ (റ)ന്‍റെ കൂടെ തന്‍ഈമിലേക്ക് പറഞ്ഞയച്ചു. മഹതി അവിടെ വെച്ച് ഇഹ്റാം ചെയ്യുകയും ഉംറ നിര്‍വ്വഹിക്കുകയും ചെയ്തു.
തന്‍ഈമിന് മറ്റൊരു കഥ കൂടി പറയാനുണ്ട്…
ഖുബൈബ് (റ) ന്‍റെ ചോരയുറ്റുന്ന കഥ. തങ്ങള്‍ക്ക് ഇസ്ലാം പഠിക്കാന്‍ കുറച്ച് പേരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് കൊടും വഞ്ചന നടത്തിയാണ് ഖുബൈബ് (റ) അടക്കമുള്ള സംഘത്തെ അള്ല്,ഖാറാ ഗോത്രക്കാര്‍ തിരുനബിയില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. അവര്‍ അദ്ദേഹത്തെ അന്നം പോലും കൊടുക്കാതെ ഉഖ്ബതുബ്നു ഹാരിസിന്‍റെ വീട്ടില്‍ ചങ്ങലക്കിട്ട് തടവറയില്‍ പാര്‍പ്പിച്ചപ്പോള്‍ അന്ന് അത്ഭുതകരമായ ഒരനുഭവമുണ്ടായി! മുന്തിരി കായ്ക്കാത്ത കാലമായിരുന്നു അത്. സ്വാദിഷ്ടമായ സ്വര്‍ഗീയ മുന്തിരി തടവറയില്‍ വെച്ച് അല്ലാഹു നല്‍കി; മര്‍യം ബീവിക്ക് ലഭിച്ചത് പോലെ. ഇതുകണ്ട മാരിയ എന്ന ഭൃത്യ ഇസ്ലാം സ്വീകരിച്ചു.
അവസാനം അവര്‍ ഖുബൈബിനെ കൊല്ലാന്‍ തീരുമാനിച്ചു. ആട്ടിയും തൊഴിച്ചും കൂക്കിവിളിച്ചും അവര്‍ ഘോഷയാത്രയായി ഖുബൈബിനെ കഴുമരത്തിലേക്ക് കൊണ്ടുപോയി.
നിന്നെ കൊല്ലാന്‍ പോവുകയാണ്. അവസാനമായി വല്ല ആഗ്രഹവും?”
രണ്ട് റക്അത് നിസ്കരിക്കാന്‍ അനുവദിക്കുമോ?” അതെ…”
പെട്ടെന്ന് നിസ്ക്കാരം പൂര്‍ത്തിയാക്കി… ഖുബൈബ് പറഞ്ഞു:
ഖുബൈബിന് മരിക്കാന്‍ ഭയമാണെന്ന് നിങ്ങള്‍ ആക്ഷേപം പറയുമോ എന്ന് ഭയന്നത് കൊണ്ടാണ് ഞാന്‍ പെട്ടെന്ന് നിസ്കരിച്ചത്. ”
രക്തസാക്ഷിത്വം വഹിക്കുന്നതിന് മുന്പ് രണ്ട് റക്അത് നിസ്കാരം ആദ്യമായി നിര്‍വ്വഹിച്ച വ്യക്തിയാണ് ഖുബൈബ്.
അബൂസുഫ്യാനും വധശിക്ഷ കാണാനെത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന്‍റെ തൊട്ടുമുന്പായി അബൂസുഫ്യാന്‍ ചോദിച്ചു:
ഖുബൈബ്, ഒന്ന് ചോദിച്ചോട്ടേ… നീ വീട്ടില്‍ സുഖമായിരിക്കുകയാണെന്ന് സങ്കല്‍പിക്കുക. മുഹമ്മദ് ഞങ്ങളുടെ മുന്നിലും. അവന്‍റെ കഴുത്ത് ഞങ്ങള്‍ വെട്ടാനൊരുങ്ങുന്നു. ഇത് നിനക്ക് ഇഷ്ടമാണെന്ന് പറയാമോ? എന്നാല്‍…”
ഛെ! ഞാന്‍ എന്‍റെ വീട്ടില്‍ സുഖിച്ചിരിക്കെ മുത്ത് നബിയുടെ കാലില്‍ മുള്ള് തറക്കുന്നത് പോലും എനിക്കിഷ്ടമില്ലെടാ… ”
കുരിശ് ഉയര്‍ത്തപ്പെട്ടു. ഖുബൈബ് ക്രൂശിക്കപ്പെടാന്‍ പോകുന്നു. ദീര്‍ഘമായ ഒരു കവിത ചൊല്ലിയാണ് ഖുബൈബ് ശിക്ഷയെ അഭിമുഖീകരിച്ചത്. അതിന്‍റെ അവസാന ഭാഗത്ത് ഇങ്ങനെ കാണാം.
വലസ്തു ഉബാലീ ഹീന ഉഖ്തലു മുസ്ലിമാ
അലാ അയ്യി ശിഖിന്‍ കാന ലില്ലാഹി മസ്റഈ
എനിക്കൊരു പ്രശ്നവുമില്ല; ഞാന്‍ മുസ്ലിമായിട്ടാണല്ലോ കൊല്ലപ്പെടുന്നത്.
എവിടെയാണെങ്കിലും എന്‍റെ മൃത്യു അല്ലാഹുവിന് മാത്രം.
ഖുബൈബ് കുരിശിലേറ്റപ്പെട്ടു. ആ ശരീരം കഷ്ണം കഷ്ണമായി ഛേദിക്കപ്പെട്ടു. ആ ചുടുനിണം ഭൂമിയിലേക്ക് ഇറ്റിയിറ്റി വീണു.
ഇവിടെ വെച്ചാണ് ഇതൊക്കെയും സംഭവിച്ചത്. മുത്ത് നബിക്ക് വേണ്ടി ജീവന്‍ കൊടുത്ത ഖുബൈബിന്‍റെ ചോര കൊണ്ട് ചെഞ്ചായമണിഞ്ഞ മണ്ണ് ഇവിടെയെവിടെയോ ആയിരിക്കും. എത്രയെത്ര ഖുബൈബുമാര്‍…
ഖുബൈബുമാര്‍ ചെയ്തത് എനിക്ക് ചെയ്യാനായില്ല. അവരെയാരെയും ഞാന്‍ കണ്ടില്ല. അവരെ കണ്ടവരെയും കണ്ടില്ല. എങ്കിലും അവരുടെ വിയര്‍പ്പും ചോരയും ഇറ്റിയ, അവരുടെ തൃപ്പാദങ്ങള്‍ പതിഞ്ഞ മണ്ണിലൂടെ നടക്കാനെങ്കിലുമായല്ലോ… റളിയല്ലാഹു അന്‍ഹും….
മനസ്സ് പതിനാല് നൂറ്റാണ്ടുകള്‍ക്കപ്പുറം അലയുന്പോള്‍ ഒരുള്‍വിളി..ടാക്സി! പിന്നെ ഒരോട്ടമായിരുന്നു. ഇല്ല പാകിസ്ഥാനി വരുന്നേ ഉള്ളൂ. തിരിച്ച് ഹറമിലേക്ക്..
(തുടരും)
You must be logged in to post a comment Login