അയാളിപ്പോള്‍ ആകെ മാറിപ്പോയിരിക്കുന്നു. ആളുകള്‍ ഓര്‍ക്കുന്നതും ഓര്‍ക്കാത്തതുമായ കടങ്ങള്‍ കൊടുത്ത് തീര്‍ത്തിരിക്കുന്നു. പഴികേള്‍ക്കേണ്ടി വന്നവരെ തേടിപ്പിടിച്ച് കെടുവാക്കുകള്‍ക്ക് മാപ്പുചോദിച്ചിരിക്കുന്നു. ദുന്‍യാവിലെ ബാധ്യതകളില്‍ നിന്നെല്ലാം വിമുക്തനായിരിക്കുന്നു. മനസ്സ് സ്വാതന്ത്ര്യത്തിന്‍റെ രുചിയറിയുന്നു. അപ്പോള്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടണമെന്ന ആശയവസാനിക്കുന്നു. ഏതാള്‍ക്കൂട്ടത്തിലും ശ്രദ്ധിക്കപ്പെടണമെന്ന താല്പര്യത്തോടെ അണിഞ്ഞിരുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുപോകുന്നു. ഒരു കഷ്ണം വെള്ള ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്തിരിക്കുന്നു. ആഴിയിലെ ജലകണം കണക്കെ വേര്‍തിരിച്ചറിയാനാവാത്ത വേഷം ധരിക്കുന്നു. എല്ലാ അതിരുകളില്‍ നിന്നും ഉമ്മുല്‍ ഖുറാ ഉന്നം വെച്ച് നീങ്ങുന്ന തീര്‍ത്ഥാടക പ്രവാഹങ്ങളിലൊന്നില്‍ അലിഞ്ഞുചേരാന്‍ പാകമായിരിക്കുന്നു. ഇന്നലെയോളം താലോലിച്ചിരുന്ന സ്വപ്നങ്ങളേയല്ല ഇപ്പോള്‍ അയാള്‍ കാണുന്ന കിനാക്കള്‍. ആത്മാവ് അറ്യേയുടെ ആകാശത്ത് വട്ടമിട്ടു പറക്കുകയാണ്. ആസകലം മാറിപ്പോയ അയാള്‍ ഇക്കാലമത്രയും ചുമന്നുനടന്ന പേരിന് ഇനി പ്രസക്തിയില്ലെന്ന് വേണ്ടപ്പെട്ടവര്‍ തന്നെ വിധിയെഴുതിയിരിക്കുന്നു. ഇപ്പോള്‍ അയാള്‍ ഹാജിയാണ്. പൂര്‍ണ്ണമായും പുതിയൊരസ്തിത്വം.
എങ്ങനെ സംഭവിച്ചു ഈ രൂപമാറ്റം? ഈ ഭാവപരിണാമം? നാടും നാട്ടുകാരും മിഴിച്ചുനിന്നേക്കാം. ഹാജി പക്ഷേ അതൊന്നും അറിയുന്നേയില്ല. ഒരങ്കലാപ്പുമുണ്ടാക്കാത്തത്ര സ്വാഭാവികമായാണ് അയാളില്‍ ഈ മാറ്റങ്ങള്‍ സംഭവിച്ചത്. ഒരു വിളിയാളത്തിലാണ് തുടക്കം. കേള്‍വിപ്പുറത്ത് ആരുമാരും ഇല്ലാത്ത മരുഭൂമിയിലെ വിജനതയില്‍ നിന്ന് ഉയര്‍ന്ന വിളിയാളം. ആറായിരം ആണ്ടുകള്‍ക്കപ്പുറത്തു നിന്ന് പുറപ്പെട്ട ഒരു വിളിയാളം. ചരിത്രത്തിന്‍റെ വിശ്രാന്തികളിലോ വിഭ്രാന്തികളിലോ വിശ്രമിക്കാതെ, വേവലാതിപ്പെടാതെ കാലത്തിലൂടെ ഒഴുകിക്കൊണ്ടേയിരുന്ന വിളിയാളം.
മലകളും താഴ്വരകളും കടന്ന് അത് പരന്നൊഴുകി. മരുഭൂമിയും മരുപ്പച്ചയും കാടും കടലും കടന്നൊഴുകി. ഭൂമിയുടെ ഗോളാകാരത്തിന്‍റെ വിദൂരതകളില്‍ സന്ധിച്ച് വിളിയാളം വൃത്തം പൂണ്ടു. ദൂരവും നേരവും താണ്ടി വിശ്വാസികളില്‍ ചിലരെ ഓരോ ആണ്ടിലും തഴുകി ആ വിളി ഒഴുകി. അതിനാല്‍ ഒരാണ്ടില്‍ പോലും ആ ക്ഷണം സ്വീകരിക്കപ്പെടാതെ പോയിട്ടില്ല. അറബികളും അനറബികളും ഉമ്മുല്‍ഖുറായില്‍ എത്താതിരുന്നിട്ടില്ല. ആ അദൃശ്യസന്ദേശം ആത്മാവില്‍ തൊട്ട് വിളിച്ചപ്പോള്‍ സന്തോഷപ്പെരുപ്പത്താല്‍ തണ്ടുലഞ്ഞുപോയി. അസ്തിത്വത്തിന്‍റെ അടിവേരുകളില്‍ നിന്ന് ഉരുവം കൊണ്ട ശബ്ദത്തിലാണ് അയാള്‍ വിളി കയ്യേറ്റ് ലബ്ബൈക’ പറഞ്ഞത്. അവിശ്വസനീയ വേഗത്തിലാണ് പിന്നീട് അയാളില്‍ രാസപരിണാമങ്ങള്‍ സംഭവിച്ചത്. ഇനിമുതല്‍ അയാള്‍ ഒരു നാട്ടുകാരനുമല്ല. ഒരിടത്തും അയാള്‍ക്ക് സ്വസ്ഥനാവാന്‍ കഴിയില്ല. ഉമ്മുല്‍ ഖുറായിലേക്ക് ഒഴുകുന്ന ആശിഖീങ്ങളുടെ പ്രവാഹത്തില്‍ അറിയപ്പെടാത്ത ഒരാള്‍ മാത്രം.
ഹാജി യാത്ര പുറപ്പെടുകയാണ്. ഉറ്റവരും ഉടയവരും യാത്രയാക്കുകയാണ്. അവര്‍ യാത്രാമംഗളങ്ങള്‍ നേരുന്നുണ്ട്. ആരോഗ്യത്തോടെ തിരിച്ചെത്താനായി ആലിമീങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്. യാത്രയാക്കാന്‍ ഒത്തുചേര്‍ന്നവര്‍ ഉള്ളുരുകി ആമീന്‍ പറയുന്നുണ്ട്. അകത്തേക്ക് നോക്കിയിരിക്കുന്ന ഹാജി ആ പ്രാര്‍ത്ഥനക്ക് മാത്രം ആമീന്‍ പറയുന്നതില്‍ അല്പം അലസനാണ്. നാലു പതിറ്റാണ്ടിനപ്പുറം ഒരു നോന്പുകാലത്ത് ഉപ്പാപ്പയും ഉമ്മാമയും ഹജ്ജിനു പോയത് അവ്യക്തമായ ഓര്‍മ്മയിലുണ്ട്. അവര്‍ ട്രങ്കുപെട്ടിയില്‍ അടുക്കിയൊതുക്കി വെക്കുന്ന വസ്തുക്കളിലൊക്കെയും തന്‍റെ കുഞ്ഞിക്കണ്ണുകള്‍ കൗതുകത്തോടെ മേഞ്ഞുനടന്നിട്ടുണ്ട്. കൂട്ടത്തിലാരോ പെട്ടിക്കടിയില്‍ കരുതലോടെയെടുത്തു വെച്ച കഫന്‍പുടവ തന്‍റെ കണ്ണില്‍ ആണ്ടുപതിഞ്ഞിട്ടുണ്ട്. ഹാജി കൈയില്‍ കരുതേണ്ട അവശ്യവസ്തുക്കളിലൊന്ന് കഫന്‍തുണിയാണെന്ന് അയാള്‍ അന്നേ പഠിച്ചുവെച്ചിട്ടുണ്ട്. ഹാജിമാരെ മാനസികമായി തയ്യാറാക്കുന്ന ക്ലാസുകളിലൊന്നിലും അതിനെക്കുറിച്ച് ആരും പരാമര്‍ശിച്ചിട്ടേയില്ല. കൂടെക്കൊണ്ടുപോകേണ്ട വസ്തുക്കളുടെ പട്ടിക അച്ചടിച്ചുതന്നതിലും കഫന്‍പുടവ ഉള്‍പ്പെട്ടിട്ടില്ല. തനിക്കുവേണ്ടി ഒരുക്കിയ പെട്ടിയില്‍ അതാരും എടുത്ത് വെച്ചിട്ടുമില്ല. എന്നു കരുതി കുഞ്ഞുന്നാളില്‍ കണ്ടുപഠിച്ച കാര്യം വേണ്ടെന്നുവെയ്ക്കാനാവുമോ? ഉറ്റവരും ഉടയവരും കാണാതെ, പൂര്‍ണ്ണാരോഗ്യത്തോടെ തിരിച്ചുവരാനായി പ്രാര്‍ത്ഥിക്കുന്നവരുടെ കണ്ണില്‍ പെടാതെ ഒരു കഫന്‍പുടവയെടുത്ത് ഹാജി മനസ്സില്‍ മുഷിയാതെ സൂക്ഷിച്ചിട്ടുണ്ട്. പാപക്കറകള്‍ മുഴുക്കെ കഴുകിക്കളഞ്ഞ പതിനായിരങ്ങളാല്‍ മസ്ജിദുല്‍ ഹറമില്‍ വെച്ച് കണ്ണും കരളും നിറഞ്ഞ് ഒരു പ്രാര്‍ത്ഥന കിട്ടുന്ന മയ്യിത്താകുന്നത് വലിയ സൗഭാഗ്യം തന്നെയല്ലേ. അതിനാല്‍ ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള പ്രാര്‍ത്ഥനക്ക് സ്വകാര്യമായ ഒരു ഭേദഗതിയോടുകൂടിയാണ് അയാള്‍ ആമീന്‍ പറഞ്ഞത്. തിരിച്ചുവരാനാണ് വിധിയെങ്കില്‍ ആരോഗ്യത്തോടെയാവട്ടെ’ എന്ന്. അല്ലെങ്കില്‍ ഖൈറായത് സംഭവിക്കട്ടെ’ എന്നും.
പടിയിറങ്ങുന്പോള്‍ ഹാജിയുടെ ചുണ്ടുകള്‍ വിതുന്പുന്നുണ്ട്. ആരെയെങ്കിലും പിരിയുന്നതിലുള്ള വേവലാതി കൊണ്ടല്ല കരച്ചില്‍ വരുന്നത്. നിര്‍വ്വഹിക്കാന്‍ പോകുന്ന കാര്യത്തിന്‍റെ മഹത്വം മനസ്സുകൊണ്ട് താങ്ങാനാകാതെ പോകുന്നു. അത് ആത്മാവിനെ വല്ലാതെ ഉലയ്ക്കുന്നു. ഒരു വിറയലായി ശരീരത്തില്‍ പടരുന്നു. ഉച്ചരിക്കുന്ന വാക്കുകള്‍ വ്യക്തമാകാതെ പോകുന്നു. മനസ്സ് പതറിപ്പോകുന്ന വേറൊരു കാര്യം കൂടിയുണ്ട്. ഹറം ശരീഫിലേക്ക് കൂടെ കൊണ്ടുപോകാന്‍ വേണ്ടപ്പെട്ടവര്‍ ഏല്പിച്ച ഭാണ്ഡക്കെട്ടിന്‍റെ ഭാരമാണത്. അല്ലാഹുവിന്‍റെ അതിഥിയാണെന്നറിഞ്ഞപ്പോള്‍ ആളുകള്‍ ഓടിയടുക്കുകയായിരുന്നു. ഓരോരുത്തരും കാത്തിരിക്കുകയായിരുന്നു, ഒറ്റക്കു തന്നെ കാണാന്‍. ഇരുചെവിയറിയാതെ വേവലാതികള്‍ പറയാന്‍. കരഞ്ഞും കണ്ണ്തുടച്ചും ശ്വാസം തടഞ്ഞും ഒരുവിധം പറഞ്ഞൊപ്പിക്കുകയായിരുന്നു അവര്‍. അല്ലാഹുവിന്‍റെ ക്ഷണം കിട്ടിയില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലൊരിക്കലും തന്നോട് പറയാനിടയില്ലാത്ത കാര്യങ്ങള്‍. എത്രയെത്ര ഉന്നതരാണ് തന്‍റെ മുന്പില്‍ തളര്‍ന്നുവീണത്. കോട്ടും സ്യൂട്ടുമുള്ളവര്‍, കാറും കോപ്പുമുള്ളവര്‍. വീണുടഞ്ഞ്കിടക്കുന്ന ജീവിതത്തിന്‍റെ ആവിപറക്കുന്ന അനുഭവങ്ങള്‍. കഥയും കഥാപാത്രങ്ങളും പരസ്പരം മാറിപ്പോകാന്‍ മാത്രമുണ്ട് അവ.
അല്ലാഹുവിന്‍റെ അതിഥികളെ സ്വീകരിക്കാന്‍ മത്സരിക്കുകയാണ് ആളുകള്‍. അവര്‍ക്ക് അന്നം കൊടുക്കാന്‍, എച്ചിലെടുക്കാന്‍, നഖവും മുടിയും മുറിച്ചുകൊടുക്കാന്‍, കുളിക്കാനുള്ള വെള്ളം ചൂടാക്കിക്കൊടുക്കാന്‍… എന്തിനും ഏതിനും ആളുകള്‍ ഒരുക്കമാണ്. ഒരൊറ്റക്കാര്യമേ അവര്‍ പ്രതീക്ഷിക്കുന്നുള്ളൂ. ഹാജിയുടെ പ്രാര്‍ത്ഥന. ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ ദൂരദിക്കില്‍ നിന്നുവന്ന ഒരു ന്യായാധിപന്‍റെ മുഖം മായാതെ കിടപ്പുണ്ട് അയാളുടെ ഓര്‍മ്മയില്‍. വാദിയുടെയും പ്രതിയുടെയും വക്കാലത്തുമായി വന്ന് വക്കീലന്മാര്‍ നിരത്തുന്ന വാദമുഖങ്ങള്‍ കേട്ട് വിധി പറയുന്ന ന്യായാധിപന്‍. അയാളും കുടുംബവും തങ്ങളുടെ വക്കാലത്ത് ഏല്പിക്കാന്‍ കണ്ടെത്തിയത് ഹാജിമാരെയാണ്. അല്ലാഹുവിന്‍റെ അതിഥിയായപ്പോഴാണ് അവന്‍റെ ദര്‍ബാറിന്‍റെ മഹിമ ഹാജി അറിയുന്നത്. അങ്ങോട്ട് പരിഗണനക്ക് അയക്കപ്പെടുന്ന പരാതികളുടെ താപം തൊട്ടറിയുന്നത്.
ദീര്‍ഘമായ യാത്രയും രാജ്യാന്തര പരിശോധനകളും കഴിഞ്ഞ് ശരീരം അവശമായിരുന്നു ഹാജി ഹറമിലെത്തുന്പോള്‍. എങ്കിലും അവ്യാഖ്യേയമായ ഒരാവേശം ആത്മാവില്‍ അലതല്ലുന്നുണ്ടായിരുന്നു. ആറാം നൂറ്റാണ്ടിലെ ആ ഇരുപത്തിമൂന്നാണ്ടുകള്‍ മാത്രം നീളമുള്ള കാലത്തിന് എത്രയാളുകള്‍ക്കുള്ള ജീവിതമാതൃക സമ്മാനിക്കാനാകും? എത്ര കാലത്തേക്കുള്ള മാതൃകാനുഭവങ്ങള്‍ സമ്മാനിക്കാനാകും? ഏതൊക്കെ നാട്ടുകാര്‍ക്ക് വഴികാട്ടാനാകും? പിറക്കുന്നത് ഏതുകാലത്തുമാകട്ടെ, പുലരുന്നത് ഏതുനാട്ടിലുമാകട്ടെ, വരാനിരിക്കുന്ന മുഴുവനാളുകളും ഉദാത്തജീവിത മാതൃക തേടേണ്ടത് കാല്‍നൂറ്റാണ്ടിന്‍റെ പോലും നീളമില്ലാത്ത ആ കാലത്തു നിന്നാണ്. ഇസ്ലാം പൂര്‍ണമായും സംഭവിച്ച കാലം. അല്ലാഹു തെരഞ്ഞെടുത്ത കാലം. ഒരു സമൂഹത്തെയും തെരഞ്ഞെടുത്തു അല്ലാഹു. മുത്ത്നബിയും സ്വഹാബിമാരും അടങ്ങുന്ന കൊച്ചുസമൂഹം. അവരാണ് എല്ലാവര്‍ക്കും മാതൃക. അവരിലൂടെയാണ് ഇസ്ലാം സംഭവിച്ചത്. ഇതിനെല്ലാം വേദിയായി ഒരു ചെറിയ സ്ഥലത്തെയും തെരഞ്ഞെടുത്തു അല്ലാഹു. ആ മണ്ണിലാണ് ഹാജി ഇപ്പോഴുള്ളത്. ആ കാലത്തിന്‍റെ ഓര്‍മ്മകളാണ് അയാളുടെ ഉള്ളില്‍ അലയടിക്കുന്നത്. ഇരുപത്തിമൂന്നാണ്ടിന്‍റെ നാള്‍വഴികള്‍ കൊണ്ട്, ആ ചെറിയ സമൂഹം, പതിനാല് നൂറ്റാണ്ടുകാലമായി നാടായ നാട്ടിലെങ്ങുമുള്ള മനുഷ്യര്‍ക്ക് വഴിയും വെളിച്ചവുമായി ജ്വലിച്ചുനില്ക്കുന്ന ഇതിഹാസം രചിച്ച മണ്ണാണിത്. ഇതേ മണ്ണിലേക്കാണ് ആറായിരം ആണ്ടുകള്‍ക്കപ്പുറത്തു നിന്ന് ഖലീലുല്ലാഹി തന്നെ ക്ഷണിച്ചത്. ചരിത്രം ഓര്‍മ്മകളായി ഉണര്‍ന്നുവരുന്പോള്‍ കോരിത്തരിപ്പുണ്ടാകുന്നു ഉടലാകെ. കഅ്ബാലയം കാണാന്‍, ഒന്ന് വലയം ചെയ്യാന്‍, മൂലയില്‍ വെച്ച കറുത്ത കല്ലൊന്ന് ചുംബിക്കാന്‍, കില്ല പിടിച്ച് പൊട്ടിക്കരഞ്ഞ് പ്രാര്‍ത്ഥിക്കാന്‍, ഈ മണ്ണും വിണ്ണും ഒരുക്കിത്തന്നവന്നു മുന്പില്‍ സുജൂദില്‍ വീഴാന്‍ ഹാജിയുടെ മനസ്സ് കുതിക്കുകയായിരുന്നു.
മസ്ജിദുല്‍ഹറാമിന്‍റെ ചുമര്‍വിടവിലൂടെ കഅ്ബാശരീഫ് കണ്ടപ്പോള്‍ കരഞ്ഞുപോയി ഹാജി. എത്ര കാലമായി കണ്ണീരും കയ്യുമായി പടച്ചതന്പുരാനോട് ഒന്ന് കാണിച്ചുതാ അല്ലാഹ്’ എന്ന് പറയാന്‍ തുടങ്ങിയിട്ട്. എത്രയെത്ര പേരാണ് ഇപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നത്. എന്തെല്ലാം തടസ്സങ്ങളുണ്ടായിരുന്നു തന്‍റെ മുന്പില്‍. എല്ലാം നീ നീക്കിത്തന്നല്ലോ. എന്നെ നീ ഇങ്ങെത്തിച്ചുവല്ലോ. കണ്ണാലെ കണ്ടിട്ടും വിശ്വാസം വരുന്നില്ലല്ലോ അല്ലാഹ്. പരമകാരുണ്യമേ സ്തുതി, സ്തുതിക്കുമേല്‍ സ്തുതി. സര്‍വ്വസ്തുതിക്കും അര്‍ഹന്‍ നീ മാത്രം.
മത്വാഫിലേക്കള്ള ഒതുക്കുകല്ലില്‍ ഇറങ്ങി നിന്ന് ഹാജി ചുറ്റുമൊന്ന് നോക്കി. പൂഴിയെറിഞ്ഞാല്‍ നിലത്തുവീഴാത്ത വിധം നിറഞ്ഞൊഴുകുന്ന ജനം. ആണും പെണ്ണും. പിതാക്കളുടെ ചുമലിലിരിക്കുന്ന കുട്ടികള്‍ മുതല്‍ ചക്രക്കസേരയില്‍ വിഷമിച്ചിരിക്കുന്ന വയോധികര്‍ വരെ. ദുന്‍യാവിലുള്ള എല്ലാതരം മനുഷ്യരും ഇടകലര്‍ന്ന ഒരു ജനസാഗരം. ആള്‍ക്കാര്‍ കഅ്ബാലയത്തിനു ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു, അണമുറിയാതെ. ഓരോ സമയത്തും ത്വവാഫ് പൂര്‍ത്തീകരിച്ചവര്‍ മത്വാഫില്‍ നിന്ന് കയറിക്കൊണ്ടിരിക്കുന്നു. അപ്പോഴൊക്കെയും മത്വാഫിലേക്ക് പുതിയവര്‍ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജീവിതത്തിലേക്കെന്ന പോലെ. കാലം അനുസ്യൂതം ഒഴുകുകയാണ്. മനുഷ്യര്‍ നിരന്തരം പിറക്കുകയും മരിച്ച് പിരിയുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാലത്തിന്‍റെയും ലോകത്തിന്‍റെയും കൊച്ചുപതിപ്പായി മാറുന്നു മത്വാഫ്.
ആകെക്കൂടി ഒരു വിഭ്രാന്തി. പ്രസംഗം കേട്ടും പുസ്തകം വായിച്ചും വീഡിയോ കണ്ടുമൊക്കെ സ്വരുക്കൂട്ടി വെച്ചിരുന്ന അല്പസ്വല്പം ഹജ്ജറിവ് അവസരമെത്തിയപ്പോള്‍ ആവിയായിപ്പോയി. സ്വസ്ഥനായി ഇരുന്ന് കേള്‍ക്കുന്നതുപോലെയോ സൗകര്യാനുസാരം വായിക്കുന്നതുപോലെയോ കാഴ്ചക്കാരനായി മാറിനിന്ന് കാണുന്നതുപോലെയോ അല്ലല്ലോ വിശ്വാസികളുടെ ഈ സഞ്ചയത്തില്‍ അലിഞ്ഞ് ത്വവാഫ് ചെയ്യുന്നത്. പാപം കഴുകാനെത്തിയ വിശുദ്ധമാനസരായ വിശ്വാസികളുടെ നിറസാന്നിധ്യം, ചരിത്രസ്മരണകള്‍ ഉള്ളിലുണര്‍ത്തുന്ന ഇരന്പങ്ങള്‍, ഹറംശരീഫിന്‍റെ പവിത്രത, സര്‍വോപരി കഅ്ബാലയത്തിന്‍റെ നടുക്കുന്ന ഗാംഭീര്യം, ഹജറുല്‍അസ്വദ്, മഖാമു ഇബ്രാഹീം, സംസംകിണര്‍… എന്‍റെ അല്ലാഹ്, നന്നേ ചെറിയ ഒരു വിസ്തൃതിക്കകത്ത് ഭൂമിയിലെ തന്നെ ഏറ്റവും പവിത്രങ്ങളായ സ്ഥലങ്ങളെ ചേര്‍ത്തുവെച്ച അല്ലാഹുവേ, അവയോരോന്നും അര്‍ഹിക്കുന്ന ആദരവോടെ പെരുമാറാന്‍ ഈ ദുര്‍ബലാത്മാവിന് കഴിയുമോ? കനം തൂങ്ങുന്ന മനസ്സും വിറയ്ക്കുന്ന ശരീരവുമായി കണ്ണുമടച്ച് ഒരൊറ്റ ഇറക്കം ഇറങ്ങുകയായിരുന്നു ഹാജി. സ്രഷ്ടാവായ അല്ലാഹു പടച്ച ഏതാണ്ടെല്ലാതരം മനുഷ്യരുടെയും സാന്നിധ്യമുള്ള ആ ഭക്തജന സാഗരത്തില്‍ മുങ്ങുകയായിരുന്നു അയാള്‍. ആകാശത്തേക്കുയരുന്ന പ്രാര്‍ത്ഥനാമന്ത്രങ്ങളില്‍ ലയിക്കുകയായിരുന്നു.
ഹാജി കഅ്ബാലയത്തെ ചുറ്റാനാരംഭിച്ചു. തുടക്കം തൊട്ടേ കഅ്ബാലയം അതിനകത്തേക്ക് തന്നെ ആഞ്ഞു വലിക്കുന്നുണ്ടായിരുന്നു. ഓരോ ചുറ്റ് ചുറ്റുന്പോഴും അതിന് ശക്തി കൂടിക്കൂടി വന്നു. ആദ്യം ഒന്ന് തൊടണമെന്നേ തോന്നിയിരുന്നുള്ളൂ. പിന്നെ അതിന്നകത്ത് കടക്കണമെന്ന് വന്നു. കഅ്ബയുടെ ഭാഗമെന്ന് പ്രഖ്യാപിക്കപ്പെട്ട വളച്ചുകെട്ടിനകത്ത് കയറി നിസ്കരിച്ചും പ്രാര്‍ത്ഥിച്ചുമാണ് ആ ദാഹം തീര്‍ത്തത്. ഒടുക്കം ഒന്ന് ചുംബിക്കാതെ പറ്റില്ലെന്നായി. അടക്കാനാവാത്ത ആഗ്രഹം. അടുക്കാനാവാത്ത ആള്‍ത്തിരക്ക്. ഇതുപോലൊരു പരവശത ഹാജി തന്‍റെ ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. ഈ ആവേശത്തെ എങ്ങനെ തള്ളിപ്പറയും? അതിനുവേണ്ടി ചെയ്യുന്ന അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കും? വെള്ളിഫലകത്തിനകത്ത് പതിയ്ക്കപ്പെട്ട ഹജറുല്‍ അസ്വദ് ചംബിച്ച് തിരിച്ചുവരുന്പോള്‍ ഹാജി കരയുകയായിരുന്നു. അല്ലാഹ്; ഈ വിശുദ്ധമണ്ണില്‍ വെച്ച്, ഹജ്ജുകര്‍മ്മത്തില്‍ വ്യാപൃതനായിരിക്കെ, വിശ്വാസികളില്‍ ആരോടെങ്കിലും താന്‍ അന്യായം ചെയ്തുപോയോ? സാധ്യത വളരെ കൂടുതലാണ്. പൊറുക്കുക പടച്ചവനേ, കര്‍മ്മം കൊണ്ടോ വാക്കു കൊണ്ടോ വിചാരം കൊണ്ടോ വേദനിപ്പിച്ചുപോയ വിശ്വാസികള്‍ക്കെല്ലാം അവരുടെ പാപങ്ങളത്രയും പൊറുത്തുകൊടുക്കുക.
അല്ലാഹു തന്നെക്കൊണ്ട് ചുറ്റിക്കുകയായിരുന്നുവെന്ന് ഹാജിക്ക് തോന്നിയത് കുറച്ച് കഴിഞ്ഞിട്ടാണ്. ത്വവാഫ് കഴിയുന്പോഴേക്കും മനസ്സും തടിയും തളര്‍ന്നുപോയിരുന്നു. സുന്നത്ത് നിസ്കരിച്ച് കുറച്ചുനേരം പ്രാര്‍ത്ഥനയിലായി ഇരുന്നുപോയി. പുറം കാഴ്ചകള്‍ ഒഴിവാക്കാമെന്നു കരുതിയാണ് കണ്ണടച്ചത്. മനസ്സ് പ്രാര്‍ത്ഥനയില്‍ ഏകാഗ്രമാകാന്‍ അത്് സഹായിക്കുമല്ലോ. അപ്പോഴാണ് ഉള്‍ക്കാഴ്ചകള്‍, തന്നെ വേറെ വഴിക്ക് കൊണ്ടുപോകാന്‍ തുടങ്ങിയത്. ലോകത്തിലെ എല്ലാതരം മനുഷ്യരെയും സാക്ഷിയാക്കി ഏകനായ അല്ലാഹു തന്നെക്കൊണ്ട് ചുറ്റിക്കുകയായിരുന്നുവെന്ന് ഹാജിക്ക് തോന്നിയത് അപ്പോഴാണ്. മറ്റൊന്നിനോടും ബന്ധമില്ലാതെ തനിച്ചു നില്ക്കുന്ന കഅ്ബാലയമാണ് കേന്ദ്രം. സമാനതകളില്ലാത്ത കേന്ദ്രം. ഓരോ തവണ ചുറ്റുന്പോഴും തന്നിലേക്ക് ആഞ്ഞാഞ്ഞ് വലിച്ചുകൊണ്ടേയിരിക്കുന്ന കേന്ദ്രം. കറക്കത്തിന്‍റെ ആക്കവും തൂക്കവും ഏറുന്തോറും വിശുദ്ധമണ്ണില്‍ രണ്ടേരണ്ട് അസ്തിത്വങ്ങള്‍ മാത്രമേയുള്ളൂവെന്ന് ഹാജി അനുഭവിച്ചുതുടങ്ങി. ഒരേ കേന്ദ്രത്തിനു ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്ന, ലോകത്തിലെ എല്ലാതരം മനുഷ്യരുടെയും പ്രതിനിധികള്‍ ചേര്‍ന്ന പടപ്പുകളുടെ പരിമിതാസ്തിത്വമാണൊന്ന്. പിന്നെ പടച്ചതന്പുരാന്‍റെ പരിമിതികളില്ലാത്ത പൂര്‍ണ്ണാസ്തിത്വവും. കണ്ണും കാതുമെത്തുന്ന ദൂരത്തൊന്നും മൂന്നാമതൊരു മനുഷ്യന്‍ പോലുമില്ലാതെ വരണ്ടുകിടക്കുന്ന മരുഭൂമിയില്‍ പണ്ടൊരിക്കല്‍ രണ്ടേരണ്ട് അസ്തിത്വങ്ങള്‍ മാത്രമായിരുന്നല്ലോ ഉണ്ടായിരുന്നത്. കരുണാമയിയായ ഒരുമ്മയും മകനും മാത്രം. അതുപോലെ പരമകാരുണികനായ ഏകനായ അല്ലാഹുവും ഏകഭാവം പൂണ്ട അവന്‍റെ പടപ്പുകളും മാത്രം. അപരിമിതാസ്തിത്വത്തെ, അല്ലാഹുവിനെ കേന്ദ്രീകരിച്ചുതന്നെ കറങ്ങുന്ന ഒരു ജനതയുടെ ദൃശ്യോപമ. മത്വാഫിലേക്കുള്ള ഇറക്കം ഭൂമിയിലേക്കുള്ള പിറവിയാണെങ്കില്‍ ത്വവാഫ് തുടര്‍ജീവിതം തന്നെ. അത് ആദ്യന്തം അല്ലാഹുവിനെ മാത്രം കേന്ദ്രീകരിച്ചുള്ള കറക്കം. ഓരോ ചുവട് വെക്കുന്പോഴും അവനിലേക്കുള്ള ആകര്‍ഷണത്തിന് കരുത്തേറുന്നു. അകലാനാവാതെ, പിരിയാന്‍ കഴിയാതെ അല്ലാഹുവിനെ അനുഭവിക്കുന്ന വിശ്വാസി. ഹാജിയുടെ ആത്മാവില്‍ തൗഹീദിന്‍റെ രുചി. അകക്കണ്ണില്‍ അല്ലാഹുവിന്‍റെ സാന്നിധ്യം. ത്വവാഫ് ഹാജിയെ തൗഹീദ് അനുഭവിപ്പിക്കുകയായിരുന്നു. അടിമക്കുഞ്ഞിന് ദാഹിക്കുന്പോള്‍ മരുഭൂമി പിളര്‍ന്നും സംസം ഉറന്നുവരുമെന്ന് ബോധ്യപ്പെടുകയായിരുന്നു. കണ്ഠനാഡിയുടെ മിടിപ്പില്‍ അയാള്‍ അല്ലാഹുവിനെ അനുഭവിക്കുന്നു.
മിനയും അറഫയും മുസ്ദലിഫയും ഉരുക്കുന്ന അനുഭവങ്ങളാണ് ഹാജിക്ക് സമ്മാനിച്ചത്. വൃത്തികുറഞ്ഞവനായ നിന്‍റെ സഹോദരനെ കൂടെക്കൂട്ടാന്‍ കഴിയുമോ നിനക്ക് എന്ന് അല്ലാഹു ചോദിക്കുന്നതു പോലെ. പരുഷമായി പെരുമാറുന്ന തന്‍റെ അടിമയെ ഉള്‍ക്കൊള്ളാനാകുമോ എന്ന് പരീക്ഷിക്കുന്നതുപോലെ. ബുദ്ധി കുറഞ്ഞവനെ താങ്ങാനാകുമോ എന്ന് തെരക്കുന്നതുപോലെ. വഴിതെറ്റിപ്പോയവന്ന് വഴികാട്ടിയാകുവാന്‍ ആവശ്യപ്പെടുന്പോലെ. ഹാജറാബീവി ഇസ്മാഈല്‍(അ)മിന്നുവേണ്ടി വേവലാതിപ്പെട്ടതുപോലെ ഓരോ പടപ്പിനും വേണ്ടി തുടിക്കുമോ നിന്‍റെ ഹൃദയം? അസൗകര്യങ്ങളുടെ സാന്ദ്രതയില്‍ മിനായില്‍ പാര്‍ക്കുന്ന വേളയില്‍ താന്‍ നേരിട്ട പ്രയാസങ്ങളോരോന്നും ഈ ചോദ്യമാണ് ഹാജിയോട് ചോദിച്ചുകൊണ്ടേയിരുന്നത്. മത്വാഫില്‍ നിന്നനുഭവിച്ച ആത്മീയ ബന്ധം തുടരണമോ എന്ന പരീക്ഷണം. ഓരോ കര്‍മ്മവും അനുകൂല ഉത്തരമാക്കിത്തീര്‍ക്കാന്‍ കിണഞ്ഞ് പണിയെടുക്കുകയായിരുന്നു അയാള്‍. എതിരായി വന്നതിനെയെല്ലാം ജംറകളില്‍ ചെന്ന് എറിഞ്ഞോടിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ആരായിത്തീര്‍ന്നുവെന്ന് അറിയാനാണ് അയാളെ അല്ലാഹു അറഫയിലേക്കു ക്ഷണിച്ചത്. കൈകള്‍ അവനിലേക്കുയര്‍ത്തി കണ്ണും കാതും ആകാശലോകത്തേക്കയച്ച് കരഞ്ഞും കണ്ണീരുതിര്‍ത്തും പകലറുതിയോളം പ്രാര്‍ത്ഥിച്ചു. സകലനാട്ടുകാരും ഒരിടത്തൊരുമിച്ച് വിലപിച്ചു കൊണ്ട് സങ്കടങ്ങളാകെയും അല്ലാഹുവിലേക്ക് സമര്‍പ്പിച്ചു. കാലങ്ങളായി കെട്ടിപ്പേറിക്കൊണ്ട് നടന്നിരുന്ന പാപക്കറകളാകെയും ഉരുകിയൊലിച്ചുപോകുന്നത് അറഫയില്‍ വെച്ച് അയാളറിഞ്ഞു. ആത്മാവില്‍ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നത് മുസ്ദലിഫയിലെ രാപാര്‍പ്പിനിടയില്‍ കണ്ണാലെ കണ്ടു.
ഹാജിക്കിപ്പോള്‍ ഏറ്റവുമടുത്ത തോഴന്‍ അല്ലാഹുവാണ്. ഏതു പരാതിയും അവനോട് പറയാം. എത്രയും സ്നേഹിക്കാം. എന്തും ചോദിക്കാം. കളിതമാശകള്‍ പോലും അവനിഷ്ടമാണ്. ഹൃദയത്തില്‍ അവനൊഴികെയില്ല മറ്റാരും. ലാ ഇലാഹ ഇല്ലല്ലാഹ്. അയാളിപ്പോള്‍ അല്ലാഹുവിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. മുത്ത്നബിയെ അറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ലോകമുസ്ലിംകളെ അറിയാനാരംഭിച്ചിരിക്കുന്നു. മനുഷ്യരാശിയെ അറിയാറായിരിക്കുന്നു. സകലസൃഷ്ടികളെയും അറിയാം. ഇവിടെ താനാരാണെന്നും അറിയാം. അല്‍ഹജ്ജു അറഫ. അങ്ങനെ കുറേ അറിവുകളാണ് ഹജ്ജ്. അറിഞ്ഞുതുടങ്ങിയ സ്ഥിതിക്ക് അല്ലാഹുവിന്‍റെ അതിഥിക്ക് തിരിച്ചുപോകാം. നാട്ടില്‍ ചെന്ന് പഠിപ്പ് തുടരാം.
ഇനി പിരിയേണ്ടിയിരിക്കുന്നു. മിഅ്റാജ് കഴിഞ്ഞ് മുത്ത്നബി വിശ്വാസികള്‍ക്കുള്ള സമ്മാനവുമായി മടങ്ങി വന്നതുപോലെ, ഹാജിക്കും ഹറമിലെ സമ്മാനങ്ങളുമായി മടങ്ങേണ്ടിയിരിക്കുന്നു. ഹറമിനോട് വിട. സഫയോടും മര്‍വയോടും വിട. കാണാന്‍ കഴിയാതെ പോയ സംസമിനോട് വിട. മത്വാഫിനോട് വിട. കഅ്ബാലയത്തോടും വിട. ഹജ്ജ് കഴിഞ്ഞപ്പോഴേ കനത്തുതുടങ്ങിയിരുന്നു മനസ്സ്. മുത്ത് നബിയുടെ നാടിനോട് വിടപറയാറായതിലുള്ള വേദന കാര്‍മേഘമായി കനത്തുനിന്നു. വിദാഇന്‍റെ ത്വവാഫ് കണ്ണീരിന്‍റെ ത്വവാഫായിരുന്നു. പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടുന്ന ഓരോയിടത്തും അവസാനമായി ഒരുവട്ടം കൂടി ചെന്നു. സുലഭമായിരുന്ന സംസം ഒരിക്കലൂടെ കുടിച്ചു. കണ്ട് കൊതിതീരാത്ത കഅ്ബാലയത്തില്‍ കണ്ണ് തറച്ചുപോയി. അതിനാല്‍ ചുവടുകള്‍ പുറകോട്ട് വെച്ചാണ് ഹാജി നടന്നത്. പള്ളിച്ചുമരുകള്‍ക്കിടയില്‍ കഅ്ബ മറഞ്ഞുതുടങ്ങുകയായി. മരിക്കുംമുന്പെ ഒരിക്കലൂടെ ഈ തിരുമുറ്റത്തെത്തിക്കണേ അല്ലാഹ് എന്ന് വിലപിക്കുകയായിരുന്നു മനസ്സ്. അപ്പോഴാണ് മുളചീന്തും പോലെ ഒരു കരച്ചില്‍ കേട്ടത്. കൂട്ടത്തിലുള്ള ഒരു വിശ്വാസിനി പിരിയുന്ന ഖേദം പെരുത്ത് പൊട്ടിക്കരഞ്ഞുപോയതാണ്. അതോടെ തകര്‍ന്നുപോയി എല്ലാ നിയന്ത്രണങ്ങളും. പിന്നെ കോരിക്കെട്ടിപ്പെയ്യുകയായിരുന്നു. പള്ളിച്ചുമരുകള്‍ക്കപ്പുറം കാണാതാകുന്നതിനു മുന്പെ കഅ്ബ കണ്ണില്‍ നിന്നു മറഞ്ഞത് കണ്ണീര്‍ തുളുന്പിനിന്നതുകൊണ്ടാണ്. ശ്വാസഗതി നേരെയാകുന്പോഴേക്കും ഹറമിന് പുറത്തെത്തിക്കഴിഞ്ഞിരുന്നു. അതില്‍ പിന്നീട് ഒറ്റ പ്രാര്‍ത്ഥന മാത്രം. ഹജ്ജും ഉംറയും നീ സ്വീകരിക്കണേ അല്ലാഹ്! കാലചക്രം ഒരു വൃത്തം പൂര്‍ത്തിയാക്കുന്പോഴും ശമിക്കാത്ത ഒരേഒരാഗ്രഹവും അതെ. ഒരിക്കലൂടെ ആ തിരുമുറ്റത്തെത്തിക്കണേ അല്ലാഹ്.
അര്‍സല്‍ വിദാദ്
You must be logged in to post a comment Login