പഴയ പാഠപുസ്തകത്തില്‍ നിന്നാണ്. പാതയോരത്തൊരു കുട്ടി നില്‍പ്പുണ്ടായിരുന്നു. അവന് യതീമായിരുന്നു. അന്ന് പെരുന്നാളാണ്. അന്നേരം പള്ളിയിലേക്ക് നടന്നു വരികയായിരുന്നു മുഹമ്മദ്മുസ്തഫാ(സ്വ). ആ കുഞ്ഞു കണ്ണുകളിലെ നനവും നോവും അവിടുന്നു കണ്ടു. അറിഞ്ഞു. കാലടികള്‍ പതുങ്ങി. അവന്റെ ചാരെയണഞ്ഞു. അനാഥന്, പെരുന്നാളുകള്‍ നിഷേധിക്കപ്പെട്ടവന്, വിരുന്നുകള്‍ വിലക്കപ്പെട്ടവന്‍. തിരുമേനി(സ്വ) അവനെ മാറിലേക്കണച്ചുകൂട്ടി. ഖല്‍ബിന്റെ കൂട്ടില്‍ എവിടെയോ കൊളുത്തുകള്‍ അഴിഞ്ഞു വീഴുന്നതും കാലം കുത്തിയൊഴുകി കാല്ക്കീഴില് വന്നു വീണുടയുന്നതും അവിടുന്നറിഞ്ഞു.
അഖബാ മരുഭൂമിയില്‍ രണ്ട് കുരുന്നു കൈകള്‍ ഉമ്മുഐമന്റെ കയ്യില്‍ തൂങ്ങി മണല്‍ക്കടല്‍ താണ്ടുകയാണ്. തൊട്ട് പിറകില്‍ യതീമാകുക എന്നതിന്റെ അര്‍ത്ഥം രണ്ടാം വട്ടം പഠിപ്പിച്ച ഉമ്മയുടെ ഖബ്ര്‍. അതിലേക്ക് വാരിയിട്ട മണല്‍തരികള്‍ നെഞ്ചിലെവിടെയോ ഉതിര്‍ന്നു വീഴുന്നതിന്റെ കിരുകിരുപ്പ് അവിടുന്നറിയുന്നുണ്ടായിരുന്നു. വിറക്കുന്ന കൈകള്‍ ഇളംപൈതലിനെ അലിവോടെ കോരിയെടുത്ത് മാറിലേക്കിട്ടു. പ്രവാചകന് (സ്വ) അവനെയുമെടുത്ത് വന്ന വഴിയെ തിരിഞ്ഞു നടന്നു. പ്രിയ പത്നി ആഇശ(റ)യുടെ കതകില്‍ മുട്ടി. ആഇശാ ഇതാ പെരുന്നാളതിഥി. ഇവനെ കുളിപ്പിക്കൂ. പുതുവസ്ത്രങ്ങളണിയിക്കൂ. സുഗന്ധം പുരട്ടൂ. ഞങ്ങള്‍ പള്ളിയിലേക്ക് പോകട്ടെ.
ആഇശ അവനെ കുളിപ്പിച്ചു. ഉടുപ്പിച്ചു. സുഗന്ധം പുരട്ടി. വിരുന്നൂട്ടി. പ്രിയതമന്റെ കൈകളിലേക്ക് കൊടുത്തു. അവിടുത്തെ തോളിലേറി അവന് പള്ളിയിലേക്ക് യാത്രയായി. സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയ ജേതാവിനെപ്പോലെ.
ദീന് വിതക്കപ്പെട്ട നന്മയാണ്. നന്മ മാത്രമേ അത് കൊയ്യൂ. അറുപത്തിമൂന്ന് കൊല്ലത്തെ പ്രവാചക ജീവിതത്തെ മക്കയിലെ പതിമൂന്നും മദീനയിലെ പത്തുമായി പകുത്ത് പഠിക്കുന്ന അക്കാദമിക മതത്തിന് ഈ കര്‍മ്മത്തിന്റെ അര്‍ത്ഥം തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അനന്തമായ താത്വിക ചര്‍ച്ചകള്‍ മാത്രമായി ദീനിനെ പരിമിതപ്പെടുത്തുന്ന വാശിക്ക് ഈ കൃത്യത്തിന്റെ അര്‍ത്ഥം എന്നെങ്കിലും മനസ്സിലായിക്കൊള്ളണമെന്നുമില്ല. എന്തെന്നാല്‍ ദീന് ജീവിതമാണെന്ന് അറിയാനവര് കൂട്ടാക്കുന്നില്ല.
അങ്ങാടിയില്‍ അന്‍പത് ദിര്‍ഹമിന് വില്ക്കാന് വച്ച ഉരുപ്പടി പണിക്കാരന് പത്ത് ദിര്‍ഹം കൂട്ടിവിറ്റതറിഞ്ഞപ്പോള് കടപൂട്ടി വാങ്ങിയവനെ തിരഞ്ഞുപോയ ദീന് ഒരു പക്ഷേ, നമുക്ക് അപ്രാപ്യമായിരിക്കും. കാരണം ഉടുപ്പിന്റെ വെണ്മയും പൈജാമയുടെ ഇറക്കവും സംസാരിക്കുന്നതില്‍ കൂടുതല്‍ അത് ദീനിനെക്കുറിച്ച് സംസാരിക്കുകയും ദീനിനെ സാക്ഷ്യപ്പെടുത്തുകയും ചെയ്യും. എന്നാല്‍ വില്ക്കാന് വച്ച മുതലിന് രാവിലെ സ്വന്തം ഭാര്യയെക്കൊണ്ട് വില പറയിപ്പിച്ചിട്ട്, കാലത്ത് ഇത്രപറഞ്ഞിട്ട് കൊടുക്കാത്ത ഭൂമിയാണ് എന്ന് മാര്‍ക്കറ്റ് വിലയിടുന്ന കണ്കെട്ടു വിദ്യ വിശ്വാസിയില്‍ നിന്ന് പ്രതീക്ഷിച്ചു കൂടാത്തതാണ്. നാല്പത് വര്‍ഷം പ്രവാചകന് ജീവിച്ചത് നിസ്കാരത്തെക്കുറിച്ചോ നോന്പിനെക്കുറിച്ചോ സക്കാത്തിനെക്കുറിച്ചോ എന്തെങ്കിലും പറഞ്ഞോ പഠിപ്പിച്ചോ ആയിരുന്നില്ല. ഹിറയില് നിന്ന് പരിഭ്രാന്തനായെത്തുന്ന ഭര്‍ത്താവിനെ ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ) സമാശ്വസിപ്പിക്കുന്നത് നമുക്ക് കേള്‍ക്കാമല്ലോ. പരിഭ്രമിക്കാതെ, താങ്കളുടെ രക്ഷിതാവ് താങ്കളെ കൈവെടിയുകയില്ല. അങ്ങ് അഗതികള്‍ക്കാഹാരം നല്കുന്നു, അനാഥകളെ താങ്ങുന്നു, അതിഥിയെ സല്ക്കരിക്കുന്നു, അമാനത്തുകള്‍ സൂക്ഷിക്കുന്നു; അബലരെ സംരക്ഷിക്കുന്നു. അത്തരമൊരാളെ അല്ലാഹു എങ്ങനെ കുഴക്കും? അഭിവന്ദ്യ മാതാവ് നബി തിരുമേനിയുടെ ജീവിതത്തെ നിര്വചിക്കുകമാത്രമായിരുന്നില്ല; എന്നേക്കും സൂക്ഷിക്കാനുള്ള വിശ്വാസത്തില്‍ തന്റെ മക്കള്‍ക്കുള്ള സാന്ത്വനവും കല്പനയും കൂടിയായിരുന്നു അത്. കാരണം നബിയുടെ ഹൃദയം വാര്ത്തെടുക്കപ്പെട്ടത് ഖുര്‍ആനിലായിരുന്നു. അവിടുത്തെ ജീവിതം ഖുര്‍ആനായിരുന്നുവെന്ന് ആഇശ (റ)യും സാക്ഷ്യപ്പെടുത്തുന്നുവല്ലോ.
അനാഥയെ പരിഗണിക്കാതെയും അഗതിയെ ഊട്ടാന്‍ പ്രേരിപ്പിക്കാതെയും മതത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവനെ ഖുര്‍ആന്‍ (സൂറ.മാഊന്‍) സൂചിപ്പിച്ചപ്പോള്‍ തന്നെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്ക് പ്രയാസമുണ്ടായില്ല. തങ്ങളുടെ ഭാരങ്ങളിറക്കിവെക്കുകയും ബന്ധനത്തിന്റെ ചങ്ങലകള്‍ അറുത്തുമാറ്റുകയും ചെയ്യുന്ന നബിയെ തിരിച്ചറിയാനും അവര്‍ക്ക് പ്രയാസമുണ്ടായില്ല. ഒടുവില്‍ സൂറത്തുല്‍ ബലദില്‍, ബന്ദിയെ സ്വതന്ത്രനാക്കിയും വിശപ്പാളുന്ന നാളില്‍ ബന്ധുവായ അനാഥയുടെയും മണ്ണു പുരണ്ട അഗതിയുടെയും പശിയടക്കിയും ചെങ്കുത്തായ മലന്പാത ചവിട്ടിക്കയറി സ്രഷ്ടാവായ അല്ലാഹുവിനുള്ള കടം വീട്ടാന്‍ കല്പിക്കപ്പെട്ടു. അന്നേരം, വീട്ടുകാര്‍ക്ക് അല്ലാഹുവിനെയും അവന്റെ നബിയെയും മാത്രം ബാക്കിയാക്കി മറ്റ് സകലതും ചാക്കിലാക്കി തിരുസന്നിധിയില്‍ കൊണ്ടു വെക്കാനും അവര്‍ക്ക് മടിയുണ്ടായില്ല. തഹജ്ജുദ് കഴിഞ്ഞ് സുബ്ഹിക്ക് പുറപ്പെടും മുന്‍പെ, ആലംബമില്ലാത്ത നിസ്സഹായതയില്‍ മദീനയിലെ ഗ്രാമപ്രാന്തങ്ങളില്‍ കഴിയുന്ന ഏകാകികളായ ശയ്യാവലംബികളുടെ കോളാന്പിയും ശൗചപാത്രങ്ങളും വൃത്തിയാക്കാന്‍ അബൂബക്കറും(റ) ഉമറും (റ) മറ്റനേകം സഹാബികളും ഇറങ്ങിപ്പുറപ്പെട്ടതങ്ങനെയാണ്.
ഉള്ഹിയത്തിന്റെ ഇറച്ചി കരിച്ചും പൊരിച്ചും തിന്ന് തീരാഞ്ഞ് വാട്ടിയും ഉണക്കിയും ആഴ്ചകളോളം അലമാരകളിലും ശീതീകരണികളിലും സൂക്ഷിച്ചാലും തൊട്ടടുത്ത് വന്ന് താമസിക്കുന്ന ഒഡീഷയില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നുമെത്തിയ മുസ്ലിം സഹോദരന്മാരുടെ വാടക സത്രങ്ങളിലേക്കൊന്ന് കടന്നു നോക്കാത്ത പഞ്ചനക്ഷത്ര വെണ്‍മാടങ്ങള്‍ പണിതുകൂട്ടുന്ന സമുദായത്തെയോര്ത്താണ് പ്രവാചകന് ഖേദിച്ചത് ധനം നിങ്ങളെ തകര്‍ത്തുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു. നിങ്ങള്‍ ദരിദ്രരായിപോകുന്നതിനെക്കുറിച്ചെനിക്കാശങ്കയില്ല എന്ന്.
പാറക്കല്ലുകള്‍ പള്ളയില്കെട്ടി കിടങ്ങുകീറി സ്വയം രക്ഷിക്കേണ്ടിവന്ന അക്കാലത്ത്, മണല്വാരിപ്പൊത്തി പനയോലചീന്തി മേഞ്ഞ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന അന്ന്, നബി തിരുമേനി കാണുന്നത് കാണാന്‍ കഴിയാതിരുന്ന അനുചരവൃന്ദം ഇത് കേട്ട് അതിശയിച്ചു; തങ്ങള്‍ മുസ്ലിംകള്ക്ക് അങ്ങനെയൊരു കാലം വരുമോ എന്ന്. മഹാഭാഗ്യവാന്മാര്; പത്ത് സോമാലികളെ പോറ്റാനുള്ള ആഹാരം നമ്മുടെയൊക്കെ പാചകപ്പുരകള്‍ക്ക് പുറത്ത് ഓരോ വിരുന്നിന് ശേഷവും കുഴികുത്തി മൂടുന്നത് കാണാന്‍ അവരുണ്ടായില്ല. ഉടുക്കാനൊന്നും പുതക്കാനൊന്നുമായി ജീവിച്ച അവര്‍ക്ക്, മണിക്കൂറുകളില്‍ ഉടയാടകള്‍ പുതുക്കുന്ന, മാസത്തില്‍ കാറുകള്‍ മാറ്റുന്ന, നാലും അഞ്ചും ബംഗ്ലാവുകള്‍ കൈവശം വെക്കുന്ന നമ്മളെ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. ഇവിടെ വച്ച് മനസ്സിലാകാത്തതു കൊണ്ട് നാളെ പരലോകത്തും അവര്‍ നമ്മെ, അവരില്‍ പെട്ടവരായി തിരിച്ചറിയാന്‍ സാധ്യതയുണ്ടോ?
പ്രസംഗം പൊലിപ്പിക്കാനും, രോമകൂപങ്ങള്‍ എടുത്ത് പിടിപ്പിച്ച് പുളകമണിയിക്കാനും മാത്രമാണ് നമുക്ക് നമ്മുടെ പൂര്‍വ്വികരുടെ ചരിത്രം. മറ്റെല്ലാം നാം ശൈത്താന്റെ മക്കളെ ചാണിന് ചാണും മുഴത്തിനു മുഴവും പിന്തുടര്ന്ന് ജീവിച്ച് തീര്‍ക്കുന്നു. അങ്ങനെ ഒരു പെരുന്നാള്‍കൂടി വന്നു പോകുന്നു. ജൗളിക്കടയിലും മാടുചന്തയിലും തീന്മേശകളിലും പൊടിഞ്ഞു തീരുന്ന പണപ്പൊലിമയില് അപ്പുറം ഉള്ളിലൊന്നും തൊടാത്ത വരണ്ട മറ്റൊരു പെരുന്നാള്‍. പെരുന്നാള്‍ പതിപ്പുകള്‍ ഗതകാലത്തില്‍ മേഞ്ഞ് അയവെട്ടിത്തീര്ക്കുന്ന മറ്റൊരാണ്ടറുതി. പറയൂ സഹോദരാ, അതിലപ്പുറം ഈ ബലിപെരുന്നാള്‍ ദീനിന്റേതായി എന്ത് താങ്കള്‍ക്കും എനിക്കും കൊണ്ടുതരും.
അബ്ദുല്ല മണിമ
You must be logged in to post a comment Login