എഡ്വേര്‍ഡ് സെയ്ദ്
2013 സപ്തംബര്‍ 25 എഡ്വേര്‍ഡ് സെയ്ദ് വിടപറഞ്ഞിട്ട് ഒരു ദശകം പിന്നിടുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട സമാനതകളില്ലാത്ത ധിഷണാശാലിയായിരുന്നു സെയ്ദ്. സാഹിത്യത്തെ ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും പരന്പരാഗത വിമര്‍ശന രീതികളില്‍ മൗലികമായ പൊളിച്ചെഴുത്ത് നടത്തി വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ യൂറോപ്യന്‍ എഴുത്തുകളിലെ പൗരസ്ത്യ വിരുദ്ധ ദര്‍ശനങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്ത മൗലിക പ്രതിഭയായിരുന്നു സെയ്ദ്. ഫലസ്തീനിയായിരുന്നു സെയ്ദ്. ഫലസ്തീനികളുടെ വികാരമറിഞ്ഞിരുന്നു. ജീവിതകാലം മുഴുവന്‍ പ്രവാസിയുമായിരുന്നു. അതിനാല്‍ സ്വന്തം ദേശത്ത് നിന്ന് പിഴുതെറിയപ്പെട്ട ഫലസ്തീനികളുടെ ചരിത്രവും സംസ്കാരവും സെയ്ദിന്‍റെ രചനകളില്‍ നിറഞ്ഞു നിന്നു. നിരന്തരമായ വഞ്ചനകളിലൂടെ ഫലസ്തീനികളുടെ ദേശം അപഹരിച്ച ഇസ്രയേല്‍ അമേരിക്ക ബ്രിട്ടന്‍ അച്ചുതണ്ടിന്‍റെ ഒരുമയിലെ അÇീലതയെക്കുറിച്ച് സെയ്ദ് എഴുതി ലോകമെങ്ങുമുള്ള സത്യസന്ധമായ ചരിത്രാന്വേഷകരും അക്കാദമീഷ്യന്മാരും ആ വിടയുടെ വിടവ് സൃഷ്ടിച്ച ശൂന്യതയെക്കുറിച്ച് ഇപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുന്നു. സെയ്ദിന്‍റെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ചുള്ള അന്വേഷണമാണീ ലേഖനം.
1935 നവംബര്‍ മൂന്നിന് ജറുസലമിലാണ് എഡ്വേര്‍ഡ് സെയ്ദിന്‍റെ ജനനം. പിതാവ് വാദിസെയ്ദ് ഒരു ഫലസ്തീനിയന്‍ ക്രിസ്ത്യന്‍ കുടുംബാംഗമാണ്. മാതാവ് ഹില്‍ദ സെയ്ദ്. നസ്റത്തില്‍ ജനിച്ച അവരുടെ മാതാവ് ലെബനീസ്കാരിയായിരുന്നു പിതാവ് ഫലസ്തീനിയും. 191719 കാലത്ത് അമേരിക്കന്‍ പട്ടാളത്തില്‍ സേവനം ചെയ്തതിനാല്‍ സെയ്ദിന്‍റെ പിതാവിനും കുടുംബത്തിനും യുഎസ് പൗരത്വവും ഉണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് 1919ല്‍ സെയ്ദിന്‍റെ പിതാവ് വാദിസെയ്ദ് കൈറോവില്‍ പലചരക്ക് കച്ചവടം തുടങ്ങി.
പന്ത്രണ്ടുവയസ്സ് വരെയുള്ള കുട്ടിക്കാലത്തെ സെയ്ദ് വിശേഷിപ്പിക്കുന്നത് വിവിധ ലോകങ്ങള്‍ക്കിടയിലെ ജീവിതം എന്നാണ്. ഫലസ്തീനിലും ഈജിപ്തിലുമായി കഴിഞ്ഞ ഈ ദിനങ്ങളെക്കുറിച്ച് പില്‍ക്കാലത്ത് Between Words : A Memior എന്ന ഓര്‍മക്കുറിപ്പില്‍ അദ്ദേഹം എഴുതി സെയ്ദ് പോലുള്ള ഒരു സാധാരണ അറബി നേരത്തെ, എന്‍റെ പേരിനു മുന്പില്‍ എഡ്വേര്‍ഡ് എന്ന ഇംഗ്ലീഷ് പദം ചേര്‍ത്തത് അക്കാലത്തെ വെയ്ല്‍സിലെ രാജാവ് എഡ്വാര്‍ഡ് എട്ടാമനെ അമ്മ അഗാധമായി ഇഷ്ടപ്പെട്ടിരുന്നു എന്നതിനാലാണ്. സങ്കീര്‍ണമായ വിദ്യാര്‍ത്ഥി കാലമായിരുന്നു എന്‍റേത്. ഈജിപ്തിലെ സ്കൂളില്‍ പഠിക്കുന്ന ഒരു ഫലസ്തീനി, അവന്‍റെ ആദ്യനാമം ബ്രിട്ടീഷ് സ്വഭാവമുള്ളത്, പാസ്പോര്‍ട്ടോ അമേരിക്കയുടേതും. സത്യത്തില്‍ പറയാന്‍ അക്കാലത്ത് എനിക്ക് കൃത്യമായൊരു ഐഡന്‍റിറ്റി ഉണ്ടായിരുന്നില്ല. എന്‍റെ പ്രാദേശിക ഭാഷ അറബിയായിരുന്നുവെങ്കിലും സ്കൂളിലെ ഭാഷ ഇംഗ്ലീഷായിരുന്നു. എന്‍റെ പ്രഥമ ഭാഷ ഏതാണെന്ന് എനിക്കൊരിക്കലും മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല. ആദ്യമായി പഠിച്ചത് കൈറോയിലെ അമേരിക്കന്‍ സ്കൂളിലായിരുന്നു പിന്നീട് വിദ്യാഭ്യാസത്തിന്‍റെ ബ്രിട്ടീഷ് മാതൃക പിന്തുടരുന്ന വിക്ടോറിയ കോളജിലും.
കടുത്ത യാഥാസ്ഥിതിക ശീലങ്ങള്‍ പുലര്‍ത്തുന്ന വിക്ടോറിയന്‍ സ്വഭാവക്കാരനായിരുന്നു സെയ്ദിന്‍റെ പിതാവ്. മകനില്‍ അച്ചടക്കം, പഠനം, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഗുണങ്ങള്‍ മാത്രം അദ്ദേഹം ഇഷ്ടപ്പെട്ടു. ഒഴിവു സമയങ്ങളില്‍ സെയ്ദ് സഹപാഠികള്‍ക്കൊപ്പം കളിക്കുന്നതു പോലും പിതാവിന്‍റെ വീക്ഷണത്തില്‍ അപരാധമായിരുന്നു. അതിനാല്‍, പഠനം കഴിഞ്ഞാല്‍ പുസ്തകങ്ങളായി സെയ്ദിന്‍റെ കൂട്ടുകാര്‍ വിശേഷിച്ചും നോവലുകളുടെ പാരായണം സെയ്ദിന് വലിയ താല്‍പര്യമായിരുന്നു. ഡാഫോ, ചാള്‍സ് ഡിക്കന്‍സ്, റുഡാള്‍ഡ് ക്ലിപ്പിംഗ് തുടങ്ങിയവരുടെ ഏതാണ്ടെല്ലാ കൃതികളും ചെറുപ്രായത്തിലദ്ദേഹം അടുത്തറിഞ്ഞു. മാത്രമല്ല, സംഗീതവും ഹരമായി. കുട്ടിക്കാലത്ത് എല്ലാ ഞായറാഴ്ചയും ബി ബി സി റേഡിയോ സംപ്രേഷണം ചെയ്തിരുന്ന ക്ലാസിക്കല്‍ സംഗീത പരിപാടി മുടങ്ങാതെ ശ്രവിക്കാറുണ്ടായിരുന്നു. പിതാവിന്‍റെ കര്‍ക്കശ സ്വഭാവത്തെ പില്‍ക്കാലത്ത് വിശേഷിപ്പിച്ചത് Puritanical and Hypocritical എന്നാണ്.
പിതാവിന്‍റെ തീരുമാനപ്രകാരം 1951ല്‍ സെയ്ദ് ബ്രിട്ടനിലെത്തി പഠനം പുനരാരംഭിച്ചു പിന്നീട് അമേരിക്കയിലും. 1957 പ്രിജ്സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും 1964ല്‍ ഹോവാര്‍ഡില്‍ നിന്ന് പിഎച്ച്ഡിയും കരഗതമാക്കി. 1963ല്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ താരതമ്യ സാഹിത്യ വിഭാഗത്തില്‍ അധ്യാപകനായി നിയമിതനായത് മുതല്‍ ജീവിതാവസാനം വരെ സെയ്ദിന്‍റെ അക്കാദമിക ജീവിതം മുഖ്യമായും കൊളംബിയ യൂണിവേഴ്സിറ്റിയിലായിരുന്നു.
സെയ്ദിന്‍റെ രാഷ്ട്രീയം
നിശ്ശബ്ദനും ശാന്തനുമായി കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയ അധ്യാപകനായി 1963 മുതല്‍ സേവനം ചെയ്ത എഡ്വേര്‍ഡ് സെയ്ദിന് രാഷ്ട്രീയമായ ഉണര്‍വ്വും സജീവതയും ഉണ്ടാക്കിയ സംഭവമായിരുന്നു 1967ലെ ഫലസ്തീനു നേരെയുള്ള ഇസ്രയേല്‍ അക്രമണം. ആ സംഭവം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ആസകലം മാറ്റം വരുത്തി. 1994ല്‍ താരിഖ്അലി സെയ്ദുമായി നടത്തിയ ദീര്‍ഘമായൊരു സംഭാഷണത്തില്‍ ചോദിക്കുന്നു സെയ്ദ്, താങ്കള്‍ താരതമ്യേന സാഹിത്യത്തില്‍ മികച്ചൊരു പ്രൊഫസര്‍ ആയി കൊളംബിയയില്‍ തുടരുന്പോഴാണല്ലോ നിങ്ങളുടെ അക്കാദമിക് സ്വഭാവത്തില്‍ രണ്ടാമതൊരു ഘട്ടം രൂപം കൊള്ളുന്നത്. അതേക്കുറിച്ച് വിശദീകരിക്കാമോ?
സെയ്ദിന്‍റെ മറുപടി ഇങ്ങനെ എനിക്ക് ഈജിപ്തുമായി ആത്മബന്ധമുണ്ട്. ഫലസ്തീന് നിലനില്പില്ലാതായതിനാല്‍ എന്‍റെ കുടുംബം ഭാഗികമായി ഈജിപ്തിലും ലബനാനിലുമായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. പക്ഷേ, എനിക്ക് കുടുംബത്തില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. കാരണം ഞാനവിടെ അമേരിക്കയിലായിരുന്നുവല്ലോ. ഞാന്‍, എന്‍റെ ജോലി എന്നതില്‍ കവിഞ്ഞ് 1967വരെ എനിക്ക് വ്യക്തിപരമായി വേറെ വികാരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ 1967ലെ ആറുദിന യുദ്ധം തുടങ്ങിയപ്പോള്‍, എനിക്ക് ചുറ്റുമുള്ളലോകം കീഴ്മേല്‍ മറിഞ്ഞു. ഞാന്‍ മനസ്സിലാക്കിയ ലോകം ആ നിമിഷം അവസാനിച്ചു. കുറേ വര്‍ഷമായി ഞാന്‍ അമേരിക്കയിലാണ്. പക്ഷേ, അന്ന് മുതല്‍ അറബികളുമായി മാനസികമായ വലിയൊരടുപ്പം എനിക്കകത്ത് വികസിച്ചു. പിന്നീട് 1970കളോടെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി. ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്‍റെ ഭാഗവുമായി.
1967ലെ ആ യുദ്ധത്തോടെ ഒരു ഫലസ്തീനി, ഒരു അറബി എന്ന സ്വത്വം സെയ്ദ് ആഴത്തില്‍ തിരിച്ചറിഞ്ഞു. അറബികളോടും അറേബ്യന്‍ ദേശങ്ങളോടുമുള്ള പടിഞ്ഞാറിന്‍റെ അസഹിഷ്ണുത അദ്ദേഹം മനസ്സിലാക്കി. ഫലസ്തീനില്‍, ജൂതര്‍ക്ക് അവിഹിതമായി ഇരിപ്പിടമൊരുക്കിയ ബ്രിട്ടന്‍റെയും അമേരിക്കയുടെയും വികലമായ രാഷ്ട്രീയ നയങ്ങളിലെ അശ്ലീലത സെയ്ദിനെ പ്രകോപിതനാക്കി. അഥവാ അന്നുവരെയുള്ള കാല്‍പനിക ജീവിതത്തിന്‍റെ ചെറിയ ലോകത്ത് നിന്നു സമരോത്സുകമായ പ്രതിരോധത്തിന്‍റെയും സ്വയം തിരിച്ചറിവിന്‍റെയും വിശാലമായ ഇടങ്ങളിലേക്ക് സെയ്ദിന്‍റെ ധൈഷണിക ജീവിതം വികസിക്കുകയായിരുന്നു, 1967 മുതല്‍.
1967ലെ അറബ് ഇസ്രയേല്‍ യുദ്ധത്തെ അമേരിക്കന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചതിലെ ശരികേടുകളെ സെയ്ദ് രൂക്ഷമായി അധിക്ഷേപിച്ചു. 1968ല്‍ എഴുതിയ The Arab Portrayed എന്ന ലേഖനത്തില്‍ മധ്യപൗരസ്ത്യ ദേശങ്ങളിലെ അറബികളെക്കുറിച്ച് കാലങ്ങളായി അമേരിക്കന്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വികലവും തെറ്റിദ്ധാരണ പരത്തുന്നതുമായ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെന്ന് സെയ്ദ് അപഗ്രഥിക്കുന്നു. (പടിഞ്ഞാറന്‍ മാധ്യമങ്ങളെയും, അതിനകത്തെ അറബ് പ്രതിനിധാനങ്ങളെയും കുറിച്ചുള്ള സെയ്ദിന്‍റെ ആദ്യലേഖനമായിരുന്നു ഇത്.)
ഫലസ്തീന്‍ ഒരു സ്വതന്ത്രരാജ്യമായിത്തീരുന്നത് കാണാന്‍ എഴുപതുകള്‍ മുതല്‍ സെയ്ദ് അഗാധമായി അഭിലഷിച്ചു. അതിന് വേണ്ടി രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പങ്കാളിയായി. 1977മുതല്‍ 1991വരെ ഫലസ്തീന്‍ നാഷണല്‍ കൗണ്‍സിലില്‍ സെയ്ദ് സ്വതന്ത്രാംഗമായിരുന്നു.
സത്യത്തില്‍ ഫലസ്തീന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍, സെയ്ദിനെ സംബന്ധിച്ചിടത്തോളം സ്വത്വത്തിലേക്കും സംസ്കാരത്തിലേക്കും ഉള്ള തിരിച്ചുപോക്കും, തിരസ്കൃതരും പീഡിതരുമായ സ്വജനതയുടെ അഭിമാനം സംരക്ഷിക്കാനുള്ള വലിയ ദൗത്യത്തിന്‍റെ ഭാഗവുമായിരുന്നു.After The Last Sky(അവസാനത്തെ ആകാശത്തിനുമപ്പുറം) എന്ന കൃതിയില്‍ സ്വത്വം നഷ്ടപ്പെട്ട ഫലസ്തീനിയുടെ വേദനകളാണ് സെയ്ദ് പറയുന്നത്. അതിലൊരിടത്ത് ഇങ്ങനെ കാണാം സ്വത്വം നാം ആര്, എവിടെ നിന്ന് വന്നു, നമ്മള്‍ എന്താണ് തുടങ്ങിയവ പ്രവാസത്തില്‍ വിശദീകരിക്കുക പ്രയാസകരമാണ്.
ഫലസ്തീന്‍ പ്രശ്നത്തിന്‍റെ ചരിത്രവും അങ്ങനെയൊരു പ്രശ്നം കൃത്രിമമായി സൃഷ്ടിച്ചവരുടെ ലക്ഷ്യങ്ങളും വിശദീകരിച്ച് 1979ല്‍ സെയ്ദ് എഴുതിയ കൃതിയാണ് The Question of Palestine. ഫലസ്തീനില്‍ സംഭവിച്ചതിന്‍റെ ഇരകളായിത്തീര്‍ന്നവരുടെ നിസ്സഹായതയും വേദനയും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ നാടുകളിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യം ഈ ഗ്രന്ഥ രചനയിലൂടെ സെയ്ദിനുണ്ടായിരുന്നു. സിയോണിസത്തിന്‍റെ മനഃശാസ്ത്രത്തെ കൃത്യമായി തുറന്നുകാട്ടുന്നതോടൊപ്പം, ഗോള്‍ഡാമേയറുടെ ഫലസ്തീനികള്‍ നിലവിലില്ല എന്ന 1969ലെ വിവാദ പ്രസ്താവനയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളും, അതിലടങ്ങിയ അസംബന്ധങ്ങളും സെയ്ദ് വെളിച്ചത്തുകൊണ്ടുവന്നു. ഇതിന് പുറമെ ഫലസ്തീന്‍ പ്രശ്നത്തെ അപഗ്രഥിച്ച് The politics of Disposession (1994), Essays on Palestine in the Middle East Peace Process (1996), The End of the Peace Process Oslo and After (2000) തുടങ്ങിയ കൃതികളും സെയ്ദ് രചിച്ചിട്ടുണ്ട്.
ഇസ്രയേല്‍ സൈന്യത്തിനെ കല്ലെറിയുന്ന സെയ്ദിന്‍റെ ഫോട്ടോ ഏറെ വിവാദമായി. സെയ്ദ് വിഭാവനം ചെയ്യുന്ന ഫലസ്തീന്‍ വിമോചന രാഷ്ട്രീയം കേവലം, ധൈഷണികമായ വ്യവഹാരങ്ങളില്‍ മാത്രം പരിമിതമല്ലെന്നും, സ്വദേശത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ അവസാന ശ്വാസം വരെ പൊരുതുമെന്ന ഫലസ്തീനിയുടെ വികാരം അദ്ദേഹത്തിന്‍റെ അകത്ത് എഴുപതുകള്‍ മുതല്‍ ജ്വലിച്ചിരുന്നു വെന്നതിന്നും സാക്ഷ്യമായിരുന്നു ആ ചിത്രം. 2000 ജൂലൈ 3ന് രോഗാവസ്ഥയുടെ തീവ്രതയിലും, സ്വദേശം ഒന്നുകൂടെ കാണാന്‍ മകനോടൊപ്പം സെയ്ദ് സഞ്ചരിക്കുന്പോഴാണ് പടിഞ്ഞാറ് ഏറെ വിവാദമായ ആ ചിത്രം പകര്‍ത്തപ്പെട്ടത്. ലെബനാന്‍, ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ച ഇസ്രയേല്‍ പട്ടാളത്തിനെതിരെയുള്ള ആത്മരോഷത്തിന്‍റെ പ്രകടനമായിരുന്നു ആ കല്ലെറിയല്‍. ഈ സംഭവത്തിന്‍റെ പേരില്‍ കമ്മന്‍റെറി മാഗസിന്‍ ജേണലിസ്റ്റ് എഡ്വാര്‍ഡ് അലക്സാണ്ടര്‍ സെയ്ദിനെ അഭിസംബോധന ചെയ്തത് ഭീകര പ്രൊഫസര്‍ എന്നാണ്. പടിഞ്ഞാറന്‍ മാധ്യമങ്ങളില്‍ നിരപരാധികളായ ഫലസ്തീനികള്‍, ഭീകരരായി പ്രത്യക്ഷപ്പെടുന്നതിന്‍റെ രാഷ്ട്രീയത്തെ ഏറ്റവുമധികം എതിര്‍ത്ത സെയ്ദിനും അവസാനം ആ വിളിപ്പേര് ലഭിച്ചു എന്നത് ചരിത്രത്തിലെ കൗതുകമായിരിക്കാം.
(അവസാനിച്ചിട്ടില്ല)
ലുഖ്മാന്‍ കരുവാരക്കുണ്ട്
You must be logged in to post a comment Login