ജന്മനാട് ഏതൊരാള്‍ക്കും ജീവനു തുല്യമാണ്. സ്വദേശം വിട്ട് പലായനം ചെയ്യുന്നതാവട്ടെ വേദനിപ്പിക്കുന്ന ദുരനുഭവവും. നാടിനും നാട്ടുകാര്‍ക്കും വേണ്ടി നിലകൊണ്ടവരാണെങ്കില്‍ പ്രയാസം കൂടും. അതുകൊണ്ടാണ് നബി(സ)ക്ക് വഹ്യ് വന്ന ആദ്യഘട്ടത്തില്‍ ഖദീജ(റ) അമ്മാവനായ വറഖതുബ-്നു നൗഫലിന്റെ അടുത്തേക്ക് നബി(സ)യെയും കൂട്ടി ചെന്നപ്പോള്‍ നബിയാണെന്ന് സാക്ഷ്യപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞത് നിങ്ങളെ സ്വദേശത്ത് നില്ക്കാന് അനുവദിക്കാത്തതിനാല്‍ പലായനം ചെയ്യേണ്ടി വരുന്പോള്‍ ഞാനുണ്ടെങ്കില് എനിക്ക് നിങ്ങളെ സഹായിക്കാമായിരുന്നു.”ഇതുകേട്ടപ്പോള്‍ ഉള്‍ക്കിടിലത്തോടെ നബി(സ)ചോദിച്ചു അവരെന്നെ പുറത്താക്കുമോ? പിന്നീടത് പുലര്‍ന്നു. ഹിജ്റ നബി(സ)യെ കൂടുതല്‍ വേദനിപ്പിച്ചു. കാരണം പലതാണ്. ഒന്ന് താല്കാലികമാണെങ്കിലും ജന്മനാടിനോട് വിട ചോദിക്കുന്നത് തന്നെ. കൂടാതെ സമൂഹത്തില്‍ കൈമാറിപ്പോന്ന ദുഷ്ചെയ്തികള്‍ പിഴുതെറിയാനും മദ്യാസക്തിയില്‍ നിന്ന് അവരെ അകറ്റാനും സഹോദരിമാര്‍ക്ക് സുരക്ഷിത ജീവിതം സൃഷ്ടിക്കാനും വേണ്ടി പ്രവര്‍ത്തിച്ചു വരുന്പോഴാണ് സ്വദേശം തന്നെ തള്ളിപ്പുറത്താക്കുന്നത്.
കുലമഹിമയാണ് അവരുടെ എല്ലാമെല്ലാം. അതിനുവേണ്ടി ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ അന്പെയ്ത്തും കുതിരസവാരിയും മറ്റ് യുദ്ധമുറകളും പഠിപ്പിച്ച് പരിശീലനം കൊടുക്കും. അത്തരമൊരു സമൂഹത്തിലേക്കാണ് നബി(സ) മറ്റൊരു മുദ്രാവാക്യവുമായി വരുന്നത് അമാനത്ത് അഥവാ വിശ്വസ്തത ആയിരുന്നു അത്. ഏതാനും നാളുകള്‍ കൊണ്ട് അല്അമീന് വിശ്വസ്തന് എന്ന അപരനാമം കിട്ടുകയും ചെയ്തു.
നാല്പത് വയസ്സ് വരെ മക്കയുടെ വേണ്ടപ്പെട്ടവരായി വളര്‍ന്ന നബി(സ) ചില ഹീനചലനങ്ങളെ നീക്കം ചെയ്യാന്‍ തന്ത്രപരമായി ബോധവല്‍ക്കരണം നടത്തിയതുകൊണ്ട് മാത്രമാണ് ജന്മനാട് വെള്ളവും വെളിച്ചവും വിലങ്ങിയത്. ഓരോ തറവാടിനും ഓരോ ദൈവം എന്ന രീതിയില്‍ വീതിച്ചെടുക്കുന്ന വിവരക്കേടില്‍ നിന്ന് സമൂഹത്തെ കരകയറ്റാന്‍ ശ്രമിച്ചതിനാല്‍ വര്‍ഷങ്ങളോളം അവശ്യവസ്തുക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി നബി(സ)യെയും വിശ്വാസികളെയും കഷ്ടപ്പെടുത്തി ജന്മനാട്. കഅ്ബക്കു മുന്നില്‍ ലോകത്തിന്റെ ഒരേയൊരു സ്രഷ്ടാവിനെ വണങ്ങിയതിന് അഴിച്ചുവിട്ട ശിക്ഷാ മുറകള്‍ മൃഗീയ സീമകളെപ്പോലും തകര്‍ത്തു. അനുചരന്മാരെ ക്രൂരപീഢനങ്ങള്‍ക്ക് വിധേയരാക്കിയിട്ടും മതിവരാതെ പലായനം തടഞ്ഞും, അഭയാര്‍ത്ഥികളായി ചെന്ന നാടുകളില്‍ ആക്ഷേപങ്ങള്‍ പറഞ്ഞുപരത്തിയും ആവുന്നിടത്തോളം ബുദ്ധിമുട്ടിച്ചു. ഒടുവില്‍ സംരക്ഷിക്കാമെന്ന ഉടന്പടിയോട് കൂടെ മദീനക്കാരുടെ ക്ഷണം ഉണ്ടായപ്പോഴും ഉടന്പടി മണത്തറിഞ്ഞ് പാലായനത്തിന് ഉടക്ക്വെച്ചു.
ഹിജ-്റക്കു അല്ലാഹുവിന്റെ സമ്മതം ലഭിച്ചപ്പോള്‍ രാത്രിയില്‍ ഒളിഞ്ഞും മറഞ്ഞുമാണ് പലായനം നടത്തിയത്. വഴിക്കുവെച്ച് ചിലര്‍ ക്രൂരമായി മര്‍ദ്ധിക്കപ്പെട്ടു. നബിയാവട്ടെ, വീടുവളഞ്ഞ ശത്രുക്കളില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് ഗുഹയില്‍ അഭയം തേടിയും ഇരുളില്‍ സഞ്ചരിച്ചുമാണ് മദീനയിലണഞ്ഞത്.
ഇങ്ങനെ ജന്മനാടിന്റെ തിരസ്കാരത്തിനിരയായി പലായനം ചെയ്തെത്തുകയും മറുനാട്ടില്‍ തുല്യതയില്ലാത്ത വരവേല്‍പ്പ് ലഭിക്കുകയും ചെയ്തൊരാളുടെ ആദ്യ പ്രസംഗം ശ്രദ്ധേയമാണ്. ഒരുവ്യക്തിയുടെ സഹനവും സഹിഷ്ണുതയും സംസ്കാരവും പക്വതയും ആദര്‍ശവും നിര്‍ണ്ണയിക്കപ്പെടുന്ന നിര്‍ണായക വേളയാണിത്. ഇലാഹീസന്ദേശം ലഭിച്ചയുടനെയുള്ള സംസാരവും വിടവാങ്ങല്‍ പ്രസംഗവും ഒരക്ഷരം പോലും വിട്ടുപോവാതെ ചരിത്രം കുറിച്ചെടുത്തപോലെ പലായനാനന്തരമുള്ള ആദ്യ വേദിയിലെ വാക്കുകളും ചരിത്രത്തിലുണ്ട്.
ജയില്‍ മോചിതരായ ശേഷവും അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട ശേഷവും ജനക്കൂട്ടം സ്വീകരണം ഏര്പ്പെടുത്തുന്പോഴും ചരിത്രത്തിലിടംപിടിച്ച നേതാക്കളുടെ വാക്കുകള്‍ ചരിത്രം ശ്രദ്ധിച്ചിട്ടുണ്ട്. ശത്രുക്കളുടെ തെറ്റുകുറ്റങ്ങള്‍ എടുത്ത് പറയാനും സ്വീകര്‍ത്താക്കളെ അനര്‍ഹമായി പുകഴ്ത്താനും ഈവേദികള് ഉപയോഗപ്പെടുത്തലാണ് പതിവ്. തിരുനബി(സ)യുടെ ആദ്യ ഖുത്വ്ബയിലെ വാക്കുകള്‍ മക്കയിലെ വരണ്ട ഹൃദയങ്ങളെയും അവരുടെ നീചത്വങ്ങളെയും നിലപാടുകളെയും ചൂണ്ടിക്കാട്ടാന്‍ ഉപയോഗിക്കാമായിരുന്നു. മദീനക്കാരെ വാനോളം പുകഴ്ത്താന്‍ ശ്രദ്ധിക്കാമായിരുന്നു. കൂടാതെ ജന്മദേശത്ത് നില്ക്കാന് അനുവദിക്കാത്തവരോടുള്ള വെറുപ്പും പകയും തീര്‍ക്കാമായിരുന്നു. എന്നാല്‍ നബി(സ) തികച്ചും വ്യത്യസ്തരായി. പ്രസംഗത്തിലെ ഓരോവാക്കും അവിടുത്തെ ലക്ഷ്യവും നിലപാടും വ്യക്തമാക്കുന്നതായിരുന്നു. ഇമാം ബൈഹഖി(റ) അത് ഉദ്ധരിച്ചത് നമുക്ക് ഇങ്ങനെ ചുരുക്കി വായിക്കാം ഓ ജനങ്ങളേ! നിങ്ങളെല്ലാവരും മരണം പ്രാപിക്കും. മരിച്ചു ചെന്നാല്‍ നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് ചോദിക്കും എന്റെ നബി നിന്റെ അടുക്കല്‍ വന്നില്ലേ?, ഞാന്‍ നിനക്ക് സന്പത്ത് തന്നില്ലേ?, നീ എന്താണ് പ്രതിഫലനാളിലേക്ക് കരുതിവച്ചത്? തത്സമയം ഇടതും വലതും തിരിഞ്ഞ് നോക്കും, ഒന്നും കാണുകയില്ല. മുന്നോട്ട് നോക്കും അപ്പോള്‍ നരകമല്ലാതെ മറ്റൊന്നും കാണാനാവില്ല. അതിനാല്‍ ഒരു ഈത്തപ്പഴത്തിന്റെ ചീള് കൊണ്ടെങ്കിലും നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെങ്കില്‍ അവരതു ചെയ്യട്ടെ, അത് കിട്ടിയില്ലെങ്കില്‍ നല്ല വാക്കുകള്‍ നല്കട്ടെ. കാരണം അതിന് പത്ത് മുതല്‍ എഴുപത് വരെ ഇരട്ടി പ്രതിഫലമുണ്ട്.” അല്ലാഹുവിനോടുള്ള തഖ്വയും മനുഷ്യരോടുള്ള സഹവര്‍ത്തിത്വവും വിളിച്ചോതുന്ന വാക്കുകള്‍.
ത്വാഇഫിലേക്കെത്തിയപ്പോഴുള്ള വാക്കുകളും മറിച്ചായിരുന്നില്ല. ത്വാഇഫില്‍ തെരുവു മക്കളെ ഇളക്കി വിട്ടായിരുന്നു മര്‍ദ്ദനം. സുരക്ഷിതത്തിനായി പലായനം ചെയ്തെത്തിയ നബി(സ)യെ കല്ലെറിഞ്ഞു അന്നാട്ടിലെ മക്കള്‍. തിരുപാദങ്ങളില്‍ നിന്ന്്് രക്തമിറ്റി.
വാനലോകം ഞെട്ടിത്തരിച്ചസമയം. രണ്ട്്്് പര്‍വ്വതങ്ങള്‍ മറിച്ചിട്ട്്് ഈ ജനതയെ വകവരുത്തട്ടെയെന്ന് മലക്കിന്റെ അവസരോചിത ചോദ്യം. നബി(സ)യുടെ മറുപടിയാകട്ടെ സഹിഷ്ണുതയുടെയും സമൂഹം സന്മാര്ഗികളാകണമെന്ന അഭിലാഷത്തിന്റെയും ആഴം കാണിക്കുന്നതായിരുന്നു. അവരുടെ സന്താനങ്ങളില്‍ നിന്ന് അല്ലാഹുവിനെ ആരാധിക്കുന്നവരുണ്ടായേക്കാം എന്ന മറുപടിയിലെ കാഴ്ചപ്പാടിന്റെ ദൂരം അളന്നെടുക്കാനാവില്ല.
ഇതാണ് കരുത്ത്. പ്രകോപനങ്ങളും പ്രകീര്‍ത്തനങ്ങളും കൊണ്ട് ലക്ഷ്യ ബോധത്തെയോ സംസ്കാരത്തെയോ അട്ടിമറിച്ചിടാന്‍ അനുവദിക്കാത്ത ശക്തി. ഹസ്സാനുബ്നു സാബിത്ത് പാടിയ പോലെ അവിടുത്തെ മനക്കരുത്തിന്റെ വ്യാപ്തിക്കതിരില്ല. അതിന്റെ ചെറിയൊരു അടരിനു പോലും ഒരു യുഗത്തെ അതിവര്‍ത്തിക്കാനുള്ള കരുത്തുണ്ട്. മക്ക ഫത്ഹിന്റെ ദിനം ശത്രുക്കള്‍ പേടിച്ചരണ്ട ആടുകളെപ്പോലെ മുന്നില്‍ നിന്നപ്പോഴും മാപ്പരുളിയ മഹാവ്യക്തിത്വത്തിന്റെ സഹിഷ്ണുതയുടെ വലുപ്പവും ക്ഷമയുടെ കരുത്തും കണക്കാക്കാന്‍ ഏതളവുകോലാണ് നമ്മുടെ കയ്യിലുള്ളത്? ശത്രുപക്ഷത്തോടുള്ള പകയിലും ദേഷ്യത്തിലും എരിഞ്ഞു തീരുന്നവര്‍ക്ക് പാഠം ഏറെയുണ്ട് ഈ പ്രസംഗങ്ങളിലും നിലപാടുകളിലും
അബ്ദുല്ല അമാനി പെരുമുഖം
You must be logged in to post a comment Login