ആം ആദ്മി ആവാന്‍ എന്തെളുപ്പം!

ആം ആദ്മി  ആവാന്‍ എന്തെളുപ്പം!

എഴുത്തുകാരി സാറാ ജോസഫ്, ആദിവാസി ഗോത്രമഹാ സഭാ നേതാക്കളായ സി കെ ജാനു, എം ഗീതാനന്ദന്‍, വി.എസ് അച്യുതാനന്ദന്‍െറ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം കെ എം ഷാജഹാന്‍, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഒ അബ്ദുല്ല തുടങ്ങിയവര്‍ ഒരേ ലക്ഷ്യവുമായി ഒരു വേദിയില്‍ സംഗമിച്ചുവെന്ന് സങ്കല്‍പിക്കുക. ലക്ഷ്യസ്ഥാനത്തെത്താനുള്ള വഴികളെക്കുറിച്ച് ഗൗരവമേറിയ ഒരു ചര്‍ച്ചക്ക് അവസരം വന്നാല്‍ എന്തായിരിക്കും അവിടെ അരങ്ങേറാന്‍ പോകുന്ന ആശയസംഘട്ടനം? ഒരാള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം സ്വീകരിക്കാന്‍ രണ്ടാമതൊരാള്‍ സന്നദ്ധമാവുമോ? ഏതെങ്കിലുമൊരു വിഷയത്തില്‍ ഇവര്‍ക്ക് സമവായത്തില്‍ എത്തിച്ചേരാന്‍ കഴിയുമോ? വാഗ്വാദം മൂക്കുംതോറും സ്വാഭാവികമായും ബഹിര്‍ഗമിക്കുന്ന മേത്തരം ഈഗോകള്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയാല്‍ ആര്‍ക്കെങ്കിലും പിടിച്ചുവെക്കാന്‍ കഴിയുമോ? ആശയവൈരുധ്യങ്ങളുടെയും വിരുദ്ധ കാഴ്ചപ്പാടുകളുടെയും സ്വഭാവവൈജാത്യങ്ങളുടെയും പ്രക്ഷുബ്ധതക്കിടയില്‍ സ്റ്റേജ് ഇടിഞ്ഞുപൊളിഞ്ഞു വീണു എന്നു വന്നാല്‍ പോലും ആരെങ്കിലും വിട്ടുകൊടുക്കാന്‍ തയാറാവുമെന്ന് കരുതാനാവുമോ? ഇല്ല എന്നായിരിക്കും മറുപടി. ഈ മറുപടിയില്‍നിന്നാണ് ആം ആദ്മി പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ ഇന്ദ്രജാലത്തിന്‍െറ കേരളഎഡിഷന്‍െറ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ആശകളും പങ്കുവെക്കുന്നത്.

ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഇക്കാലത്ത് മാവേലി സ്റ്റോറിന്‍െറയോ ബീവറേജസ് കോര്‍പ്പറേഷന്‍െറ ചില്ലറ വില്‍പന ഔട്ട്ലെറ്റിന്‍െറയോ മുന്നിലെ ക്യൂവിനെ തോല്‍പിക്കുന്ന ക്യു കാണാന്‍ പറ്റുമോ? ജനുവരി 14ന് കോഴിക്കോട് മാനാഞ്ചിറയുടെ ഓരത്തും സിവില്‍ സ്റ്റേഷന്‍െറ സമീപത്തുമൊക്കെയായി കോര്‍പ്പറേഷന്‍ പരിധിയിലെ നാല്‍പത് സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടത്തിന്‍െറ നീണ്ടനിര പ്രത്യക്ഷപ്പെട്ടത് ആം ആദ്മി പാര്‍ട്ടിയില്‍ ചേരാനുള്ള ആവേശത്തിന്‍െറ ഭാഗമായിരുന്നു. ജീവിതത്തിലൊരിക്കലും നമ്മുടെ തലമുറക്ക് കാണാന്‍ കഴിയാതിരുന്ന കാഴ്ച. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ കുടുംബസമേതം കാറില്‍വന്നിറങ്ങുന്ന കാഴ്ച അത്യപൂര്‍വമാണ്. എന്താണ് ഈ പ്രഹേളികയുടെ പൊരുള്‍? ആം ആദ്മി ഇന്ന് പലര്‍ക്കും ഒരു പാര്‍ട്ടിയുടെ പേരല്ല, ഒരു സ്വപ്നത്തിന്‍െറ പ്രതീകമാണ്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത സ്വീകാര്യതയും വശ്യതയും ആപ് നേടിയെടുത്തപ്പോള്‍ ഭ്രാന്തമായ ഒരാവേശത്തേടെ അതിനെ പുല്‍കാന്‍ ജനം ആവേശം കാട്ടുകയാണ്. ദല്‍ഹിയില്‍ നാമത് കണ്ടതാണ്. മുംബൈയിലും ബങ്കളുരുവിലുമൊക്കെ ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളോടും അതിന്‍െറ നേതാക്കളോടും അവര്‍ മുന്നോട്ടുവെക്കുന്ന വഞ്ചനാപരവും കപടവുമായ നയനിലപാടുകളോടുമുള്ള ഒരു കാലഘട്ടത്തിന്‍െറ പ്രതികാരമാണ് പുതിയൊരു കൂട്ടായ്മയില്‍ അണിചേരാന്‍ സാമാന്യജനത്തിന് പ്രേരകശക്തിയാവുന്നത്. ചെത്തിമിനുക്കി ചിന്തേരിട്ട പ്രത്യയശാസ്ത്രമൊന്നും അരവിന്ദ് കെജ്രിവാളിന്‍െറയും പ്രശാന്ത് ഭൂഷന്‍െറയും പാര്‍ട്ടി ഇതുവരെ മുന്നോട്ടുവെച്ചിട്ടില്ലെങ്കിലും നാറുന്ന രാഷ്ട്രീയഭരണ വ്യവസ്ഥിതി പൊളിച്ചുപണിയണമെന്ന ഉത്ക്കടമായ ആഗ്രഹം വെച്ചുപുലര്‍ത്തുന്ന ഒരു സംഘമാണിവരെന്ന് ഇതിനകം തെളയിച്ചിട്ടുണ്ട്. സമര്‍പ്പണമനോഭാവമുള്ള, സാമൂഹിക സേവനം സപര്യയായി എടുക്കാന്‍ തയാറുള്ള വ്യക്തികള്‍ക്ക് കണ്ണി ചേരാന്‍ പറ്റുന്ന ഒരു പരീക്ഷണമാണിതെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാവില്ല. എന്നാല്‍, കേരളത്തില്‍ കണ്ട ഒരു സവിശേഷത, യുവാക്കളോ ടെക്നോക്രാറ്റുകളോ ഇതുവരെ അരാഷ്ട്രീയവാദം കൊണ്ടുനടന്ന പ്രമുഖരോ അല്ല, ഏതെങ്കിലും പാര്‍ട്ടിയോട് ഇതുവരെ ആഭിമുഖ്യം പുലര്‍ത്തിയവരും പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളപ്പെട്ടവരും പാര്‍ട്ടിയോട് ഈര്‍ഷയുള്ളവരും പാതിരാനേരത്ത് മതില്‍ചാടി രക്ഷപ്പെട്ടവരും ആട്ടിയോടിക്കപ്പെട്ടവരുമൊക്കെയാണ് ആം ആദ്മിയുടെ പുത്തന്‍ തൊപ്പി തലയിലിടാന്‍ ഔല്‍സുക്യം കാണിക്കുന്നത് എന്നതാണ്. പത്രമാപ്പീസുകളിലേക്ക് തങ്ങളുടെ ചിത്രവും ബയോഡാറ്റയും മെയില്‍ ചെയ്ത് ചില ഡോക്ടര്‍മാരും വക്കീലന്മാരുമൊക്കെ സ്വയം വിളംബരം ചെയ്യുകയാണ് തങ്ങള്‍ ആം ആദ്മി ആവാന്‍ പോവുകയാണെന്ന്. ആം ആദ്മി പാര്‍ട്ടിയില്‍ അംഗമായാല്‍ നാളത്തെ അരവിന്ദ് കെജ്രിവാളോ പ്രശാന്ത് ഭൂഷണോ ആവുക ക്ഷിപ്രസാധ്യമാണെന്ന് ഇക്കൂട്ടര്‍ തെറ്റിദ്ധരിച്ചതുപോലെ. ഒരു കാര്യം മാത്രം ഇവര്‍ മനസ്സിലാക്കുന്നില്ല, ആം ആദ്മി പാര്‍ട്ടി ദല്‍ഹി പിടിച്ചത് ഒരു ബന്പര്‍നറുക്കെടുപ്പിലൂടെയല്ല.

ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി വിജയം എവിടെയും നിഷ്പ്രയാസം ആവര്‍ത്തിക്കാമെന്ന അബദ്ധധാരണ രാഷ്ട്രീയത്തെക്കുറിച്ച് അശേഷം വിവരമില്ലാത്തതു കൊണ്ടാവാനേ തരമുള്ളൂ. അതുമല്ലെങ്കില്‍ ഇന്ദ്രപ്രസ്ഥത്തിന്‍െറ മനസ്സ് മാറ്റിപ്പണിയാന്‍ അരവിന്ദ് കെജ്രിവാളും സംഘവും നടത്തിയ തീവ്രപരീക്ഷണത്തെക്കുറിച്ച് യഥാവിധി ഉള്‍ക്കൊള്ളാത്തതു കൊണ്ടാവണം. അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ച അഴിമതിവിരുദ്ധ പ്രസ്ഥാനം 2012 ഒക്ടോബര്‍ രണ്ടിനു ഒരു രാഷ്ട്രീയ മൂവ്മെന്‍റായി ഭാവപ്പകര്‍ച്ച ഏറ്റുവാങ്ങിയപ്പോള്‍ ആരും കരുതിയിരുന്നില്ല ലോകം തന്നെ സാകൂതം വീക്ഷിക്കുന്ന ഒരു പരീക്ഷണമുഖം അത് തുറക്കുമെന്ന് . അണ്ണയുമായും ബാബ രാംദേവുമായും വിട പറഞ്ഞ കെജ്രിവാളും സംഘവും 2012 ആഗസ്റ്റ് 13നു കോണ്‍ഗ്രസ് ഹഠാവോ ദേശ് ബച്ചാവോ (കോണ്‍ഗ്രസിനെ തൂത്തെറിയൂ, രാജ്യത്തെ രക്ഷിക്കൂ ) എന്ന മുദ്രാവാക്യം മുഴക്കി വന്‍ റാലി നടത്തിയപ്പോള്‍ ആരും നിനച്ചില്ല ദല്‍ഹിയിലെ രാംലീല മൈതാനി ഒരു ദിവസം സാധാരണക്കാരന്‍െറ രാജ്ഭവനായി മാറുമെന്നും കെജ്രിവാള്‍ എന്ന പഴയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തലസ്ഥാനത്തിന്‍െറ മുഖ്യമന്ത്രിയായി അവിടെ സത്യപ്രതിജ്ഞ ചെയ്യുമെന്നും. അഴിമതി തടയുന്നതിന് ജനലോക്പാല്‍ രൂപവല്‍കരിക്കണമെന്ന അണ്ണാശിഷ്യന്മാരുടെ അഭ്യര്‍ഥന കേട്ട ഭാവം കാണിക്കാത്ത മന്‍മോഹന്‍ സിങ്ങിന്‍റെ അടുത്ത് പ്രതിഷേധത്തിന്‍െറയും നിരാഹാരത്തിന്‍റെയും ഗാന്ധിയന്‍ മാര്‍ഗത്തിന് പുല്ലുവില ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയം കൊണ്ട് രാഷ്ട്രീയത്തെ നേരിടുകയേ നിര്‍വാഹമുള്ളൂ എന്ന് ഉപദേശിച്ചത് ജസ്റ്റ്ീസ് വി.ആര്‍. കൃഷ്ണയ്യര്‍ അടക്കമുള്ള ഇരുപത്തിമൂന്ന് വ്യക്തിത്വങ്ങളാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട രാഷ്ട്രീയനേതൃത്വത്തിനു മുന്നില്‍ സമര്‍പ്പണബോധമുള്ള ഈ യുവനിര ആരോഗ്യം പാഴാക്കരുതെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ പുതുക്കിപ്പണിത് അധികാര പങ്കാളിത്തം ഉറപ്പാക്കാന്‍ പോംവഴി കണ്ടെത്തുകയാണ് വേണ്ടതെന്നും നിര്‍ദേശിച്ചുകൊണ്ട് ഈ വ്യക്തിത്വങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവന അടിവരയിട്ടത് തുടര്‍പോരാട്ടം എന്ന ആശയത്തിനാണ്

ആ പോരാട്ടത്തിന്‍െറ പരിസമാപ്തിയാണ് ദല്‍ഹിയിലെ ഭരണസാക്ഷാത്കാരവും ദേശീയതലത്തില്‍ മേധാവിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാന്‍ ആര്‍ജിച്ച കരുത്തും. ആം ആദ്മി പാര്‍ട്ടിയുടെ എതിരാളികളും അനുകൂലികളും ഒരു പോലെ ചോദിക്കുന്നത് രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങളില്‍ പുതിയ പാര്‍ട്ടിയുടെ നയനിലപാടുകള്‍ എന്താണ് എന്നാണ്. ദേശീയരാഷ്ട്രീയത്തില്‍ കത്തി നില്‍ക്കുന്ന ഒട്ടേറെ സമസ്യകളെ കെജ്രിവാളും സംഘവും എങ്ങനെ സമീപിക്കുന്നു എന്ന ചോദ്യത്തിന് ഇവര്‍ സുവ്യക്തമായ മറുപടി നല്‍കുന്നില്ല എന്നത് ആശയതലത്തില്‍ ഇവര്‍ ഇനിയും ബഹുദൂരം മുന്നോട്ടുപോവാനുണ്ട് എന്നു തന്നെയാണ് എടുത്തു കാണിക്കുന്നത്. വിവിധ സമസ്യകളിലേക്ക് വിരല്‍ചൂണ്ടി അവക്ക് പ്രതിവിധി നിര്‍ദേശിക്കുന്നതിന് പകരം വ്യവസ്ഥിതിയെ മാരകമായി ബാധിച്ച ഒരു വലിയ രോഗം തൊട്ടുകാണിച്ച് അതിന്‍െറ ചികില്‍സ വിധിക്കുന്നതിലാണ് ഇവര്‍ സമയവും ഊര്‍ജവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു ഇംഗ്ലീഷ് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അരവിന്ദ് കെജ്രിവാള്‍ പാര്‍ട്ടിയുടെ മുഖ്യ അജണ്ടയിലൂന്നുന്നത് ഇങ്ങനെയാണ് അഴിമതി ജാതി, വര്‍ഗ, മത ചിന്തകളെ കടത്തിവെട്ടുന്നു. എല്ലാ മതില്‍ക്കെട്ടുകളും ഭേദിച്ച് അത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നു. രാഷ്ട്രീയമാര്‍ഗം ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്തിമലക്ഷ്യമല്ല. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗം മാത്രമാണ്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നത് അഴിമതിക്കെതിരായ പോരാട്ടത്തിന്‍െറ അന്ത്യമല്ല. വ്യവസ്ഥിതി മാറ്റാനുള്ള പ്രസ്ഥാനത്തിന്‍െറ ഭാഗം മാത്രമാണ്.

വ്യവസ്ഥിതിയുടെ മാറ്റമാണ് ആം ആദ്മി പാര്‍ട്ടി ഇന്ന് ആത്യന്തിക ലക്ഷ്യമായി എടുത്തിരിക്കുന്നത്. ഇവിടെയാണ് മറ്റു പരന്പരാഗത പാര്‍ട്ടികളില്‍നിന്ന് അവര്‍ വേറിട്ടുനില്‍ക്കുന്നത്. ജനപങ്കാളിത്തം ജനാധിപത്യത്തിന്‍െറ അനിവാര്യ ഘടകമാക്കി മാറ്റിയാണ് വ്യവസ്ഥിതിയെ പുതുക്കിപ്പണിയാന്‍ അവര്‍ ഭഗീരഥയജ്ഞം നടത്തുന്നത്. കോണ്‍ഗ്രസിനോ ബിജെപിക്കോ ഇടതുപക്ഷത്തിനോ ഇതുവരെ വിഭാവന ചെയ്യാന്‍ പറ്റാത്ത ഒരു ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഏറ്റവും ആധുനികമായ പ്രചാരണോപാധികള്‍ പുറത്തെടുത്തു എന്നതാണ് ആം ആദ്മിയെ ജനപ്രിയമാക്കുന്നതും ആന്ദോളനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമാക്കുന്നതും. മോഡിയുടെ കടന്നാക്രമണത്തെ പ്രതിരോധിച്ച ഈ തന്ത്രത്തിനു മുന്നില്‍ ബിജെപി ഇന്ന് വിറങ്ങലിച്ചുനില്‍ക്കുകയാണ്. പുറമേക്ക് ശകാരം ചൊരിയുന്നുണ്ടെങ്കിലും ആം ആദ്മിയുടെ താഴേതട്ടിലുള്ള പ്രചാരണ തന്ത്രങ്ങള്‍ തങ്ങളെ വിസ്മയപ്പെടുത്തി എന്ന് ഹിന്ദുത്വവാദികള്‍ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. ഇതുവരെ സജീവരാഷ്ട്രീയത്തില്‍ മുങ്ങിക്കുളിച്ച് ചെളി പുരണ്ടവരല്ലെങ്കിലും രാഷ്ട്രീയത്തെ നന്നായി അടുത്തറിഞ്ഞവരാണ് ആം ആദ്മിയുടെ അമരത്തിരിക്കുന്നത് എന്ന് തിരിച്ചറിയണം. അരവിന്ദ് കെജ്രിവാള്‍ എന്ന ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ലാസിന്‍റെ പ്രതിനിധി റവന്യൂ ഡിപ്പാര്‍ട്ടുമെന്‍റിലെ ജോലിക്കിടയില്‍ ബ്യൂറോക്രസിയില്‍ എന്താണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്ന് ആഴത്തില്‍ മനസ്സിലാക്കിയ ആളാണ്. വിവരാവകാശത്തിന്‍െറ ബലത്തില്‍ ജനാധിപത്യത്തിന് സുതാര്യത നേടിക്കൊടുക്കാന്‍ അദ്ദേഹം നടത്തിയ പോരാട്ടം നിസ്സാരമായിരുന്നില്ല. ആം ആദ്മിയെ ആധുനിക പ്രചാരണോപാധികള്‍ വഴി ശാസ്ത്രീയമായി ചലിപ്പിക്കാനും എതിരാളികള്‍ കുഴിച്ച കുഴികളില്‍ വീഴാതെ കൊണ്ടുപോകാനും യോഗേന്ദ്രയാദവ് എന്ന സിഫോളജിസ്റ്റിന്‍െറ കൈയിലുള്ള സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും കേരളത്തിലെ രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല. പ്രശാന്ത് ഭൂഷണ്‍ എന്ന, നൈപുണി തെളിയിച്ച സുപ്രീംകോടതി അഭിഭാഷകന്‍ എഴുപതുകളില്‍ ജയപ്രകാശ് നാരായണന്‍െറ സോഷ്യലിസ്റ്റ് വിപ്ലവവഴിയിലൂടെ രാഷ്ട്രീയം അഭ്യസിച്ച കരുത്തനാണ്. നിരന്തരമായ ഗൃഹപാഠത്തിലൂടെ , രാഷ്ട്രീയത്തെ ഒരിക്കലും സീരിയസ്സായി എടുക്കാത്ത ദല്‍ഹി മഹാനഗരത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങുന്നതുപോലെ നിസ്സാരമല്ല രാഷ്ട്രീയ അതിപ്രസരം കൊണ്ട് മനസ്സ് മുരടിച്ച കേരളത്തില്‍ ഇറങ്ങിക്കളിക്കുന്നത്. സാറാജോസഫോ ഷാജഹാനോ ജാനുവോ വിചാരിച്ചാല്‍ വിപ്ലവം സാര്‍ഥകമാകാന്‍ മാത്രം ഉര്‍വരതയുള്ളതല്ല കേരളത്തിന്‍െറ മണ്ണും രാഷ്ട്രീയ മനസ്സും. ജാനുവിന് താന്‍ ജീവിച്ചുവളര്‍ന്ന പഞ്ചായത്ത് വാര്‍ഡില്‍ ജയിച്ചുകയറാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ആ പരിമിതി പെട്ടെന്ന് വിട്ടുമാറിയെന്ന് കരുതാന്‍ നിവൃത്തിയില്ല.

നിലവിലെ വ്യവസ്ഥിതിയോടുള്ള അടങ്ങാത്ത രോഷമാണ് കുറ്റിച്ചൂല്‍ അഭിമാനപൂര്‍വം കൈയിലെടുക്കാന്‍ മധ്യവര്‍ഗത്തെ പ്രേരിപ്പിക്കുന്നത്. ദല്‍ഹിയിലെ പുതിയ ഭരണം ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുവിടര്‍ത്തി പറക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. തോറ്റു തുന്നം പാടിയ കോണ്‍ഗ്രസ് മാത്രമല്ല, മുപ്പതംഗങ്ങളുമായി ഏറ്റവും വലിയ പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി പോലും ഇടംവലം തിരിയാന്‍ കഴിയാതെ അന്ധാളിച്ചുനില്‍ക്കേണ്ടിവന്നത് ആം ആദ്മി നേതൃത്വം കാഴ്ചവെച്ച ആര്‍ജവമുള്ള തീരുമാനത്തിന്‍റെ മുന്നിലാണ്. നാല് അംഗങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഇന്ദ്രപ്രസ്ഥത്തില്‍ കാവിക്കൊടി ഉയര്‍ത്തിപ്പറപ്പിക്കാനും ഭരണസോപാനം പിടിച്ചെടുക്കാനും ഹിന്ദുത്വ ശക്തികള്‍ ചങ്കൂറ്റം കാണിക്കുമായിരുന്നു. കോണ്‍ഗ്രസിന്‍റെ എട്ടംഗങ്ങളില്‍നിന്ന് നാലുപേരെ കുതിരക്കച്ചവടം നടത്തി ഒപ്പിച്ചിരുന്നെങ്കില്‍ അധികാരം ഉറപ്പിക്കാന്‍ സാധിച്ചേനെ. അങ്ങനെ ചിന്തിക്കാനുള്ള മാനസിക അവസ്ഥയിലല്ല കെജ്രിവാളും സംഘവും രാഷ്ട്രീയത്തെ മാറ്റിപ്പണിതിരിക്കുന്നത്. അതുപോലെ തങ്ങളുടെ പിന്തുണ കേള്‍ക്കേണ്ട താമസം ആഹ്ലാദാതിരേകത്താല്‍ കെജ്രിവാള്‍ രാഹുലിനെ കെട്ടിപ്പുണരുമെന്ന് കരുതിയ കോണ്‍ഗ്രസുകാര്‍ക്കും ഞെട്ടേണ്ടിവന്നത് സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണ പതിച്ചുനല്‍കിയപ്പോള്‍ ജനഹിതം മാനിച്ചേ ആ വാഗ്ദാനം സ്വീകരിക്കുകയുള്ളുവെന്ന തത്ത്വാധിഷ്ഠിത നിലപാട് എടുത്തപ്പോഴാണ്. അധികാരമോഹികളാണ് ഇവരെന്ന പ്രചാരണത്തിനുള്ള സ്കോപ് തന്നെ അതോടെ ഇല്ലാതായി. അധികാരത്തിലേറിയ ഉടന്‍ കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതും വൈദ്യുതി നിരക്ക് പകുതി കണ്ടു കുറച്ചതും ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ വലിയ സംഭവങ്ങളാണ്. ഏറ്റവുമൊടുവിലായി ചില്ലറവില്‍പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കേണ്ടതില്ല എന്ന ധീരമായ തീരുമാനം നവ ഉദാരീകരണ നയത്തോടുള്ള പാര്‍ട്ടിയുടെ നിലപാട് എന്ത് എന്ന സി പി എം ജന.സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ചോദ്യത്തിനുള്ള മറുപടിയാണ്.
ആം ആദ്മി പാര്‍ട്ടി അഭിമതിയില്‍ മുങ്ങിത്താണുപോവുന്ന രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നീര്‍ക്കുമിളയുടെ ആയുസ്സേ അതിനുള്ളൂ എന്ന് വിധിക്കുന്നത് മാറ്റത്തെ ഭയപ്പെടുന്നവരാണ്. പുതിയ ആവേശം ചുമലിലേറ്റാന്‍ കേരളത്തില്‍ ആര്‍ക്കുണ്ട് അര്‍ഹത എന്ന ചോദ്യത്തിന് ഉത്തരം പലതുമാവാമെങ്കിലും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ഒളിത്താവളമല്ല അതെന്ന് ആര്‍ക്കും തെളിച്ചുപറയാനാവും.

ശാഹിദ്

2 Responses to "ആം ആദ്മി ആവാന്‍ എന്തെളുപ്പം!"

  1. Abu Muzammil  January 23, 2014 at 4:31 pm

    ഗഹനമായ ലേഖനം…..

  2. ധാർമിക വിപ്ലവം/MoralRevolution  January 26, 2014 at 7:08 am

    പക്ഷേ തുടക്കത്തിലുണ്ടായിരുന്ന ആവേശം ആപ്പുകാര്ക്ക് കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം….

You must be logged in to post a comment Login