ന്യൂ ജനറേഷന്‍

ന്യൂ ജനറേഷന്‍

അല്ലാഹു അക്ബര്‍, അല്ലാഹുഅക്ബര്‍… പുതിയ പുലരി ചിറകു വിരിച്ചുപറക്കാറായി. പള്ളിയില്‍ നിന്നു സുബ്ഹി ബാങ്കുയര്‍ന്നു.
ആഇശുത്ത ഞെട്ടി ഉണര്‍ന്നു. പുതിയ മുസ്ലിയാരുട്ടികളില്‍ ആരോ ആണെന്നു തോന്നുന്നു ബാങ്ക് വിളിക്കാരന്‍. എന്തൊരു ഇന്പം. ചിലര്‍ ബാങ്ക് കൊടുക്കുന്നതു കേട്ടാല്‍ മരിച്ചുപോയ പ്രിയപ്പെട്ടവരെപ്പറ്റി ഓര്‍മവരും. ഈ ഭൂമിയില്‍ ഇനിയൊരിക്കലും അവരെ കാണാന്‍ കഴിയില്ലെന്ന ചിന്ത മനസ്സിനെ അലട്ടും. പടച്ചവന്‍റെ നിശ്ചയങ്ങളില്‍ പടപ്പുകള്‍ക്കെന്ത് എന്ന എളിമ നിറഞ്ഞ ചോദ്യം വേദനയകറ്റും.
മോഹിക്കുന്നതെന്തും പറഞ്ഞ വില കൊടുത്തും, വില പേശിയും സ്വന്തമാക്കി അതിന്‍റെ ഉടയോനായി അഹങ്കരിച്ചു നടക്കുന്ന മനുഷ്യന്‍. ഒരു വട്ടമെങ്കിലും ചിന്തിക്കുന്നുണ്ടോ ഏത് നിമിഷവും നഷ്ടപ്പെടുന്ന തന്‍റെ ജീവനെപ്പറ്റി? തനിക്കേറ്റവും വിലപ്പെട്ട ആ ജീവന്‍റെ ഉടയോനാവാന്‍ തനിക്കൊരിക്കലും കഴിയില്ലെന്ന്? ഏതുവില കൊടുത്തും തനിക്കത് സ്വന്തമാക്കാന്‍ കഴിയില്ലെന്ന്. അവസാനം എല്ലാറ്റിനും ഉടയോനായവന്‍റെ മുന്നില്‍ മരണം എന്ന മൂന്നക്ഷരം കൊണ്ട് കീഴടങ്ങുന്പോഴായിരിക്കാം, താന്‍ എത്രമാത്രം വിഡ്ഢിയായിരുന്നുവെന്ന് അഹങ്കാരിക്കു ബോധം ഉണ്ടാവുന്നത്.
ചിന്തിച്ചിരുന്നാല്‍ നേരം പോവുന്നതറിയില്ല. ആയിശുത്ത വേഗം എണീറ്റു. ഭര്‍ത്താവിനെ തട്ടിവിളിച്ചു.

ആഇശുത്താടെ ഭര്‍ത്താവ് അടുത്തുള്ള എല്‍ പി സ്കൂളിലെ മാഷാണ്. ആര്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റക്കാരന്‍. ആ ഇഷ്ടം ആയിശുത്താക്കും നാട്ടുകാര്‍ കൊടുത്തിട്ടുണ്ട്. നല്ല വിദ്യാഭ്യാസവും വായനശീലവും ഉള്ള സ്ത്രീ. മറ്റുള്ളവരുടെ നന്മയില്‍ സന്തോഷിക്കുന്നവര്‍. പള്ളി കുറച്ച് ദൂരത്താണെങ്കിലും മാഷ് നടന്നുപോയി നിസ്കരിക്കാറാണ് പതിവ്. ഈയിടെയായി നായശല്യം കൂടുതലാണ്. പേയിളകിയ ഒരെണ്ണം സുബ്ഹി നിസ്കാരം കഴിഞ്ഞുവരുന്ന മൂന്നാലുപേരെ കടിച്ചതില്‍ പിന്നെ സുബ്ഹിക്ക് പള്ളിയില്‍ പോക്ക് നിര്‍ത്തി.

അല്ലെങ്കില്‍ ജനങ്ങളില്‍ ഭൂരിഭാഗത്തിനും പേയിളകിയ കാലമാണ്. ഇനി ആ കാര്യത്തില്‍ ആര്‍ക്കെങ്കിലും എന്തേലും കുറവുണ്ടേല്‍ ഇവറ്റകളുടെ ഒരുകടികൂടി കിട്ടിയാല്‍ മുഴുവനായിക്കോളും.
നിസ്കാരം കഴിഞ്ഞ് മാഷ് ഒന്നു കിടന്നു. കുറച്ചു കഴിഞ്ഞാല്‍ കൂട്ടുകാരന്‍ ജബ്ബാറ് വരും. രണ്ടുപേരും പോയി കവലയിലെ ചായക്കടയില്‍ നിന്നു ചായ കുടിക്കും. അത് പതിവാണ്.
ജബ്ബാര്‍ വരാന്‍ നേരമായി. ആയിശുത്ത അടുക്കളയില്‍ നിന്ന് വിളിച്ചു പറഞ്ഞു.

മാഷ് ചാരുകസേരയില്‍ വന്നിരുന്നു. അപ്പോഴേക്കും ആയിശുത്ത പുറത്തുപോയി പേപ്പര്‍ എടുത്തു വന്നു.
നമ്മുടെ ന്യൂജനറേഷന്‍ മുതല് എണീറ്റില്ലേ ആയിശാ?
നിങ്ങളവനെ എന്തിനാ കളിയാക്കുന്നെ?
ഞാനൊന്നും പറയുന്നില്ല, ആരേലും എന്തെങ്കിലും കാണിക്കുന്നത് നോക്കി നടക്ക്വാ, കുരങ്ങന്‍മാരെപ്പോലെ.

കുരങ്ങന്‍മാരെപ്പോലെയോ?
അതെ, കുരുങ്ങന്‍മാരാണല്ലോ ആരെങ്കിലും കാണിക്കുന്നത് കണ്ട് അതേ പോലെ കാണിക്കുന്നത്. ആണ്‍പിള്ളേര്‍ക്ക് ആണത്തം വേണം.
മകന്‍റെ പുതിയ ഹെയര്‍സ്റ്റൈല്‍ വാപ്പാക്ക് പിടിച്ചില്ല. രണ്ട് ദിവസമായി മകനുമായി മിണ്ടിയിട്ട് മാഷ്. അത് മനസ്സിലായപ്പോള്‍ ഉടന്‍ തന്നെ കടയില്‍ പോയി വെട്ടി ശരിയാക്കി മകന്‍. ഒരു ചെറിയ പിണക്കം കാണിച്ചാലേ അവനിത്തരം സംഗതികള്‍ ഒഴിവാക്കുകയുള്ളൂ.
കുറച്ചു കഴിഞ്ഞപ്പോള്‍ ബെല്ലടി കേട്ടു.
ആയിശാ, ജബ്ബാറ് വന്നു. ഞാന്‍ പോയിട്ടു വരാം. മാഷ് പുറത്തേക്കിറങ്ങി.

എന്തായി, ജബ്ബാറേ ഇന്നലെ ജ്യേഷ്ഠനെ കാണാന്‍ പോയിട്ട്?
ഇക്കാടെ കാര്യം ആകെ കഷ്ടത്തിലാ മാഷേ! ജ്യേഷ്ടത്തി മരിച്ചപ്പോള്‍ മോനുക്കും മരുമോള്‍ക്കും ഇക്ക ഭാരമായി. മിനിഞ്ഞാന്ന് ബന്ധുക്കളില്‍ ചിലരെല്ലാം കൂടി ഒരു തീരുമാനത്തിലെത്തി; ഇക്കാനെക്കൊണ്ട് ഒരു നിക്കാഹ് ചെയ്യിച്ചാലോന്ന്. അതിന് മകന് സമ്മതമല്ല. അങ്ങനെ ഒരുത്തിയെ ഇങ്ങോട്ട് കെട്ടി എടുത്താല്‍ തന്‍റെ തനി സ്വഭാവം കാണുംന്നാ അവന്‍റെ വെല്ലുവിളി. ഈ വയസ്സുകാലത്ത് ഉള്ള എടങ്ങേറ് തന്നെ ധാരാളം. ഇനി പുതിയൊരു എടങ്ങേറ് കാശ് കൊടുത്ത് മേടിക്കണ്ടാന്ന് ഇക്കയും. തുണീം കുപ്പായൊമൊക്കെ ഇക്ക തന്നെയാ കഴുകുന്നെ. ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അറിയാതെ ആ കണ്ണുകള്‍ നിറഞ്ഞു. അവര്‍ക്കുണ്ടാക്കുന്നതിന്‍റെ ഒരോഹരി നേരമാവുന്പോള്‍ മേശപ്പുറത്ത് വെക്കും. അതും ദേ, ചോറ് എന്നും പറഞ്ഞ് മേശപ്പുറത്ത് പാത്രം കൊണ്ട് ഒരു കുത്താ. അത് കൊടുക്കുന്നതിന് തന്നെ ആ പെണ്ണുന്പിള്ള വാപ്പാനെ നോക്കുന്നതിന്‍റെ കണക്ക് നാടുനീളെ പറഞ്ഞു നടക്ക്വാ.

ഇക്കാനെ ഇങ്ങോട്ട് കൊണ്ടു പോരാമായിരുന്നില്ലേ ജബ്ബാറിന്? മാഷ്ക്കറിയില്ലെ വീട്ടിലെ കാര്യം? മോന്‍റെ കെട്ട്യോള് പാത്രം കുത്തല് ഇവിടെ തുടങ്ങും. ഇന്നാള് സമത്വത്തിനായ് അണിനിരക്കാം എന്നു പറഞ്ഞ് കുറെ പെണ്ണുങ്ങള് ഒരു നോട്ടീസും കൊണ്ട് വീട്ടില്‍ വന്നിരുന്നു. കാലങ്ങളായി വീട്ടിനുള്ളില്‍ സമത്വത്തിന് താഴെ കിടക്കുന്ന കുറെ പുരുഷന്മാരുണ്ടിവിടെ. അവര്‍ക്കു വേണ്ടി ആരാ മക്കളേ അണിനിരക്കാന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒരു ചിരി.
അതൊക്കെ പോട്ടെ. ഇക്കാടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കണ്ടേ?
എനിക്കൊന്നുമറിയില്ല മാഷേ. പോരാന്‍ നേരത്ത് ഇക്ക പറയാ, ആ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാറിനെ ഒന്നുപോയി കാണണംന്ന്. എന്തിന്നാന്ന് ചോദിച്ചപ്പോള്‍ ഇക്ക പറയാ..

വണ്ടി ഓടിക്കുന്പോള്‍ മാത്രമല്ല, ഹെല്‍മെറ്റ് സ്ഥിരമായി വെച്ചോണ്ട് നടക്കാന്‍ ഒരു നിയമം ഉണ്ടായാല്‍ എന്നെപ്പോലത്തെ ഗതികെട്ട തന്താര്‍ക്ക് ഒരു കേടുംകൂടാതെ തല അവിടെ ഉണ്ടാവോലോന്ന്. ഞാന്‍ ഒരാള് മാത്രം സ്ഥിരമായി ഹെല്‍മെറ്റ് വെച്ചോണ്ട് നടന്നാല്‍, ഒരു കാരണം കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്നോനാ മോന്‍. അവന്‍ വാപ്പാക്ക് പ്രാന്തായെന്നും പറഞ്ഞ് പ്രാന്താസ്പത്രയില്‍ കൊണ്ട് ഇടോടാ എന്നെ? പറഞ്ഞത് തമാശയായിട്ടാണേലും അവസാനം ഇക്കപൊട്ടിക്കരഞ്ഞു. എന്ത് ചെയ്യാനാ മാഷേ അനുഭവിക്കല്ലാതെ. ഇക്കാനെ നോക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ മുതല്‍ എന്തിനാ അവന് എഴുതിക്കൊടുത്തെ?

ഒരു ലോണ്‍ ഉണ്ടായിരുന്നു. അവസാനം എന്തോ ബാക്കി വന്നപ്പോള്‍ ഇക്കാക്ക് അടക്കാന്‍ പറ്റാതായി. അവന്‍റെ പേരില്‍ സ്വത്ത് എഴുതിത്തന്നാല്‍ അവന്‍ അടച്ചു തീര്‍ത്തോളാന്ന് പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല. അങ്ങനെ പറ്റിയതാ. എന്താ മാഷേ ഒന്നും മിണ്ടാത്തെ? എന്താ ആലോചിക്കുന്നെ?
അല്ല, ഞാനാലോചിച്ചത് വേറൊന്നുമല്ല. നമ്മുടെ കാരണവന്മാര് ആരേലും അവരുടെ തന്തതള്ളമാരെ നോക്കാതിരുന്നിട്ടുണ്ടോ?
ഇല്ല, നമ്മളാരും അങ്ങനെ കണ്ടിട്ടുമില്ല. കേട്ടിട്ടുമില്ല.
അവരാരെങ്കിലും തന്തതള്ളാരെ നോക്കിയ കണക്ക് പറഞ്ഞു നടക്കുന്നത് നമ്മളാരെങ്കിലും കണ്ടിട്ടുണ്ടോ ജബ്ബാറേ?

ഇല്ല. മാഷേ.
അതാടോ അന്തസ്സ്. മനസ്സിലായോ ജബ്ബാറിന്.
എന്താണു മാഷെ ഇങ്ങനെ പറയാന്‍.
അല്ല ജബ്ബാറേ, ഒന്നു പറഞ്ഞ് രണ്ടാം വാക്കിന് ഞങ്ങളന്തസ്സുള്ളോരാന്ന് പറയുന്നത് കേള്‍ക്കാം എല്ലാരും. നമ്മുടെ പ്രവൃത്തിയിലൂടെ മറ്റുള്ളവര്‍ക്ക് തോന്നേണ്ടതാ അന്തസ്സ്. ലാഭത്തിന്‍റെ ഒരു കണക്കുമില്ലാതെ തന്തതള്ളാര് മക്കളെ വളര്‍ത്തി വലുതാക്കും. മക്കളോ, മറുവശത്ത് ലാഭത്തിന്‍റെ കണക്ക് ഉണ്ടായിട്ടും തന്തതള്ളാരെ തെരുവിലേക്കെറിയുന്നു. തള്ളിപ്പറയുന്നു. അവരെ നോക്കുന്നത് കൊട്ടിപ്പാടി നടക്കുന്നവര്‍ക്കും എന്ത് അന്തസ്സാടോ ഉള്ളത്? അവരും വളര്‍ത്തുന്നുണ്ടല്ലോ മക്കളെ. കണ്ടു പഠിക്കട്ടെ പിള്ളേര്. നാളെ അവര്‍ക്കും വരേണ്ടതല്ലേ ഇതൊക്കെ?
അവര്‍ സംസാരിച്ച് നടന്ന് ചായക്കട എത്തിയതറിഞ്ഞില്ല.

ഫൗസിയ കബീർ 

You must be logged in to post a comment Login