ഞാന്‍ എവിടെയും കുടുങ്ങൂല, എനിക്കെന്റെ റബ്ബ് മതി. അവന് എന്നെ കാക്കും…’
അറഫാ ദിനം കഴിഞ്ഞെത്തിയ പെരുന്നാള്‍ ദിവസം. ഹാജിമാര്‍ മുസ്ദലിഫയില്‍ രാപാര്‍ത്ത് മിനായിലേക്ക് ഒഴുകുകയാണ് .മിനയില്‍ നിന്ന്, ആദ്യദിവസത്തെ കല്ലേറ് കഴിഞ്ഞു ഹറമിലേക്കും എത്തിത്തുടങ്ങി .വിശുദ്ധ ഹറമില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഒന്ന്.
മക്ക രിസാലസ്റ്റഡി സര്‍ക്കിള്‍ തുടങ്ങിവച്ച വളണ്ടിയര്‍കോര്‍ ദേശീയതലത്തില്‍ ഏകീകരിച്ചു മിനയില്‍ സേവനം തുടങ്ങിയ ആദ്യവര്‍ഷം .
രണ്ടാം ബാച്ച് വളണ്ടിയര്‍ സംഘത്തെ മിനായിലെ നിശ്ചിത പോയന്റുകളില്‍ ഇറക്കി തിരിച്ചു വളണ്ടിയര്ക്യാന്പില് എത്തുന്പോള്‍ രാവിലെ 11 മണി. ഏതാനും വളണ്ടിയര്‍മാരേ ക്യാന്പില്‍ അപ്പോള്‍ ഉള്ളൂ. മര്‍കസ് ഹജ്ജ് സംഘം താമസിക്കുന്ന ബില്‍ഡിംങ്ങില്‍ എ പി ഉസ്താദും കൂടെ കുറച്ചു പ്രവര്‍ത്തകരും മിനായില്‍ നിന്ന് കല്ലേറ് നിര്‍വ്വഹിച്ചു ഒന്നാം തഹല്ലുലായി വിശ്രമിക്കാനായി എത്തിയിട്ടുണ്ട്.
ഉസ്താദ് വളണ്ടിയര്‍ ടീമിനെ എന്തോ അറിയിക്കാനായി അടുത്തേക്ക് വിളിപ്പിച്ചു. റൂമിലേക്ക് കടന്നു ചൊല്ലുന്പോള്‍, ഉസ്താദ് ദിക്ര് ചൊല്ലിക്കൊണ്ടിരിക്കുകയാണ്. തുറാബ് തങ്ങളും നാസര്ഹാജിയും കൂടെയുണ്ട്. ആകെയൊരു മ്ലാനത.
എ .പി ഉസ്താദ് പതുക്കെ പറഞ്ഞു തുടങ്ങി
താജുല്‍ഉലമ ഇന്നലെ മുസ്ദലിഫയില്‍ നിന്നു മിനയിലേക്ക് പുറപ്പെട്ടതാണ്. ട്രാഫിക് ജാം കാരണം വഴി തിരിച്ചു വിട്ട വാഹനം മസ്ജിദുല്‍ഹറാമിന് പരിസരത്താണ് എത്തിയത്. തങ്ങളുടെ ആവശ്യപ്രകാരം തവാഫിനും സഅ്യിനും വേണ്ടി ഹറമിനു സമീപം ഇറങ്ങി. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ കിട്ടിയ വീല്‍ചെയര്‍ വാടക നിശ്ചയിച്ചു കൂടെയുള്ള ഖാദിമീങ്ങള്ക്കൊപ്പം ഹറമിലേക്ക് നീങ്ങി. ഇരച്ചുവന്ന ഏതോ രാജ്യക്കാരായ ഹാജിമാരുടെ കൂട്ടത്തില്‍പെട്ടു, ഖാദിമീങ്ങളില്‍ നിന്ന് തങ്ങള്‍ ഒറ്റപ്പെട്ടു. സുബ്ഹി മുതല്‍ തിരയുകയാണ് .താജുല്‍ഉലമയെ ഏറെ നേരമായി കാണാതായിട്ടുണ്ടെന്ന വിവരം ഇപ്പോഴാണ് കിട്ടുന്നത് . ഇതു വരെ കണ്ടെത്തിയിട്ടില്ല. ഉടനെ നിങ്ങള്‍ ഹറമിലേക്ക് പോകണം. ഹറമില്‍ അവര്‍ കുറെ തിരഞ്ഞിട്ടുണ്ട്. അടുത്ത ആശുപത്രികളിലും അന്വേഷിക്കണം. ഇഹ്റാമില്‍ ആയതിനാല്‍ തിരിച്ചറിയാന്‍ കാര്യമായ രേഖകളൊന്നും തങ്ങളെ കൈയിലില്ല..’
ഒരു പതര്‍ച്ച അനുഭവപ്പെടുന്നതു പോലെ. ശരീരത്തിനു ഭാരം കുറയുന്നു. വാക്കുകള്‍ പുറത്തുവരാനാവാത്ത വിധം തൊണ്ട വരളുന്നു.
ഒരു ഉള്‍വിളി പോലെ ഞാന്‍ ഉസ്താദിനോട് പറഞ്ഞു ഇന്‍ശാഅല്ലാഹ്. തങ്ങളെ കൂട്ടിയേ ഞങ്ങള്‍ തിരിച്ചു വരൂ. ഉസ്താദ് ദുആ ചെയ്താല്‍ മതി…’
താജുല്‍ഉലമയെ കാണാനില്ലെന്ന വിവരം അറിഞ്ഞത് മുതല്‍ പ്രാര്ഥനയോടെയിരിക്കുന്ന ഉസ്താദിന് വാക്കുകൊടുത്ത് ഞങ്ങള്‍ ഹറമിലേക്കു നീങ്ങി.
മിനയില്‍ നിന്ന് കൂലംകുത്തി ഒഴുകിയെത്തിയ ചെറുതും വലുതുമായ ഹാജിമാരുടെ സംഘങ്ങളെ വകഞ്ഞുമാറ്റി ഹറമിന്റെ പരിസരത്തെത്താന്‍ ഏറെ സാഹസപ്പെട്ടു. ഹറമിലേക്കു കടക്കാന്‍ യുണിഫോമിലുള്ള ഞങ്ങളെ ഹറമിലെ കാവല്‍ പോലീസുകാര്‍ സമ്മതിക്കുന്നില്ല. അകം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഒരു വിധം പറഞ്ഞൊപ്പിച്ച് അകത്തു കടന്നു. എല്ലാവരും ഇഹ്റാമിലായതിനാല് വെള്ളവസ്ത്രത്തിലാണ്. തിരിച്ചറിയാന്‍ ഏറെ പ്രയാസം പ്രായം ചെന്നവരെ പ്രത്യേകിച്ചും. ക്ഷീണിച്ചു കിടക്കുന്നവര്‍, നിസ്കാരത്തിലും , ഖുര്‍ആന്‍ ഓത്തിലും കഴിച്ചു കൂട്ടുന്നവര്‍. പലപ്രാവശ്യം ഓരോ നിലയിലും അരിച്ചു പെറുക്കി. സഫയിലും മര്‍വയിലും ഓരോ തൂണിനു ചുറ്റും, ചുമരരികിലും, മതാഫിലും. ഹറംമുറ്റത്തും, ബാത്ത്റൂമിലും. ദൂരെ നിന്ന് പ്രതീക്ഷയോടെ അടുത്തെത്തി നോക്കുന്പോള്‍ മറ്റേതോ രാജ്യക്കാരനായ പ്രായംചെന്ന ഹാജി. ഞങ്ങള്‍ തിരയുന്ന ആളല്ലെന്നറിയുന്പോള് അവരുടെ നിഷ്കളങ്കമായ പുഞ്ചിരി.
തങ്ങളെ കൈവിട്ടത് മുതല്‍ തളര്‍ന്നു കലങ്ങിയ മനസ്സുമായി സന്തത സഹചാരി ഇബ്രാഹിം ഹാജി അന്വേഷിക്കാത്ത ഇടങ്ങളില്ല. സമീപത്തുള്ള ആശുപത്രികളിലും അന്വേഷണം നടത്തി.
ളുഹ്റും, അസ്റും, മഗ്രിബും കഴിഞ്ഞു. പ്രതീക്ഷകളുടെ നാന്പുകള് ഒന്നൊന്നായി കരിഞ്ഞു വീണു. വിവരങ്ങളന്വേഷിച്ചു വരുന്ന വിളികള്‍ക്ക്, താജുല്‍ഉലമയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന മറുപടി പറയേണ്ടി വന്നത് ഞങ്ങളെ സങ്കടപ്പെടുത്തി. താജുല്‍ഉലമ കൂടെയില്ലാത്ത ഒരു പകല്‍ കഴിഞ്ഞു പോയി. എന്നാലും ഞങ്ങളെ എവിടെയോ കാത്തിരിക്കുന്ന ഉള്ളാളത്തെ ഉപ്പാപ്പയുടെ പൂമുഖം മനസ്സിനകത്ത് പ്രതീക്ഷ തന്നു.
ഇശാ വാങ്ക് കൊടുക്കാന്‍ ഇനി രണ്ടു മിനിറ്റു ബാക്കി . ബാബു ഇസ്മാഈലിനുനേരെ കഅ്ബക്ക് അഭിമുഖമായി ദിക്ര് ചൊല്ലി സ്വഫ്ഫില്‍ തേജസ്വിയായ ഒരാള്‍ ഇരിക്കുന്നു. ഉള്ളാളത്തെ ദര്സില് സബ്ഖിന് ഇരിക്കുന്ന അതേ രൂപത്തില്‍ രണ്ടു കൈയും നിലത്ത് ഊന്നിയിട്ടുണ്ട്. ആദ്യം കണ്ടത് ഉസ്താദിന്റെ ശിഷ്യന്‍കൂടിയായ പ്രവര്ത്തകന്. വര്‍ഷങ്ങളോളം ഇല്മ് പകര്‍ന്ന ഉസ്താദിന്റെ ഇരുത്തം മനസ്സിലുള്ള അരുമശിഷ്യന് ലക്ഷങ്ങള്‍ക്കിടയില്‍ ദൂരെ നിന്ന് ഉസ്താദിനെ തിരിച്ചറിയാനായി.
അലതല്ലിയ സന്തോഷത്തിന് അതിരില്ല . ലോകം കീഴടക്കിയ പ്രതീതി. പിന്നെ ഒരു വരവേല്‍പ്പായിരുന്നു.
ആര്‍എസ്സി വളണ്ടിയര്‍മാരെ പുഞ്ചിരിയോടെ എതിരേറ്റ താജുല്‍ഉലമ എല്ലാവരുടെയും തലയില്‍ കൈവച്ചു ദുആ ചെയ്തു. ഒരു ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാത്ത ക്ഷീണം ആ മുഖത്ത് ഞങ്ങള്‍ കണ്ടില്ല. നിഷ്കളങ്കമായ പുഞ്ചിരിക്കും മാറ്റ് കുറവില്ല. ഇബ്രാഹീം ഹാജിയെ ചേര്‍ത്തു പിടിച്ചു ചോദിച്ചു നിങ്ങള്‍ പേടിച്ചോ? ഞാന്‍ എവിടെയും കുടുങ്ങൂലാ… എനിക്കെന്റെ റബ്ബ് മതി. അവന് എന്നെ കാക്കും.’
തവക്കുലിന്റെ കരുത്തുറ്റ പ്രഖ്യാപനം.!
ത്വവാഫും സഅ്യും കഴിഞ്ഞു ബാബു ഇസ്മാഈലിനു സമീപം എത്തിച്ചു വീല്‍ചെയര്‍ കാരന്പോയി’.
തങ്ങളുടെ വ്യക്തിപ്രഭാവം കണ്ടാവണം ഒരു പോലീസുകാരന് തങ്ങള്‍ക്ക് ഇരിക്കാന്‍ കസേര ഇട്ടു കൊടുത്തു. തങ്ങളുടെ ആവശ്യ പ്രകാരം പിന്നീട് മുന്നിലെ സ്വഫ്ഫില്‍ കൊണ്ടാ ക്കുകയായിരുന്നു.
താജുല്‍ഉലമയുടെ അവസാനത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളിലും തങ്ങള്‍ക്ക് ഖിദ്മത്ത് ചെയ്യാന്‍ ആര് എസ് സി വളണ്ടിയര്‍മാര്‍ക്ക് ഭാഗ്യമുണ്ടായി. കര്‍മ്മങ്ങള്‍ പരിപൂര്‍ണ്ണമായി ചെയ്യുക എന്നതാണ് താജുല്‍ഉലമയുടെ ശൈലി .ഹജ്ജ് കര്‍മ്മങ്ങളില്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്ന കല്ലേറ് പോലും വീല്‍ ചെയറില്‍ ഇരുന്നു താജുല്‍ഉലമ സ്വന്തമായാണ് നിര്‍വ്വഹിച്ചത്, ആരെയും എറിയാന്‍ എല്പ്പിച്ചില്ല.
മിനയില്‍ കല്ലേറ് കഴിഞ്ഞു തിരിച്ചു പോരുന്പോള്‍ ഒരു സഊദിപണ്ഡിതന് തങ്ങളുടെ അടുത്തേക്ക് ഓടിവന്നു കൈ ചുംബിക്കുന്നതും താജുല്‍ഉലമ ആ പണ്ഡിതന്റെ തലയില്‍ കൈവെച്ച് ആശീര്‍വദിക്കുന്നതും അഭിമാനത്തോടെ നോക്കിക്കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പണ്ഡിതനാണെന്നു സംഘാംഗങ്ങളോടു വിവരിക്കുന്നതും കേട്ടു .
എല്ലാ വര്‍ഷവും ഹജ്ജിനെത്തുന്പോള് മക്കയിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് കാണാനും ദുആ ചെയ്യിക്കാനുമുള്ള അവസരം തിരക്കിനിടയിലും തങ്ങള്‍ അനുവദിക്കാറുണ്ട്. സ്വലാത്തിന്റെ ഇജാസത് നല്‍കിക്കൊണ്ടാണ് തങ്ങള്‍ പ്രസംഗം അവസാനിപ്പിക്കാറുള്ളത്. ഉടനെ ഞങ്ങള്‍ ഉസ്താദിനെ വിളിച്ചു ഫോണ്‍ താജുല്‍ഉലമക്ക് കൊടുത്തു. അവര്‍ പരസ്പരം സന്തോഷം പങ്കിട്ടു.
ജലീല്‍ വെളിമുക്ക്
You must be logged in to post a comment Login