വായന വെറുതെയാക്കല്ലേ!

വായന വെറുതെയാക്കല്ലേ!

പരീക്ഷയുടെ ബെല്ലടിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പക്ഷേ നമ്മുടെ പഠന മേശയില്‍ കിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുന്പോള്‍ വയറ്റില്‍ ഒരാന്തല്‍. ഇത്രയധികം ടെക്സ്റ്റുബുക്കുകള്‍ എങ്ങനെയാ വായിച്ചു തീര്‍ക്കുക? ഈ ചിന്ത ഒരു ഭീഷണിയായി പിടികൂടുന്പോള്‍ പഠനമുറി വൃത്തിയാക്കിയും, ദീര്‍ഘകാലമായി വിളിക്കാത്ത സുഹൃത്തുക്കള്‍ക്ക് ഫോണ്‍ വിളിച്ചും ഇമെയിലുകള്‍ വെറുതെ ചെയ്തും ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തും നാം നമ്മുടെ പഠനം നീട്ടിക്കൊണ്ടു പോകുന്നു.

പഠനം പലര്‍ക്കും ഒരു വെല്ലുവിളിയാകുന്നത് വായന ചതുര്‍ത്ഥിയാകുന്നതു കൊണ്ടാണ്. ചെറിയ ക്ലാസുകളില്‍ ഉച്ചത്തില്‍ വായിക്കാനും ചിത്രങ്ങള്‍ നോക്കി വായിക്കാനും ശീലിച്ചവരാണ് നാം. ഉച്ചത്തില്‍ ശരിയായി വായിക്കുന്ന പ്രവണത മുതിര്‍ന്ന ക്ലാസുകളിലെത്തുന്നതോടെ ഇല്ലാതാവുന്നു. വായനയുടെ പുതിയ പ്രക്രിയ എങ്ങനെയായിരിക്കണമെന്ന അറിവ് മുതിര്‍ന്ന കുട്ടികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും. വ്യത്യസ്തവും കനപ്പെട്ടതും വായന നിര്‍ബന്ധവുമായ ടെക്സ്റ്റ് ബുക്കുകളിലൂടെ എങ്ങനെ നീന്തി കരകയറണമെന്നും ടെക്സ്റ്റുബുക്കുകള്‍ എങ്ങനെ വിലയിരുത്തണമെന്നും വായിക്കേണ്ടവയെ എങ്ങനെ സൂക്ഷ്മമായി തെരഞ്ഞെടുക്കണമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.

വര്‍ധിച്ചു വരുന്ന ഡിജിറ്റല്‍ സങ്കേതങ്ങളിലും പരസ്പരം കണ്ണിചേര്‍ത്ത ഇലോകത്തിലും ഫലപ്രദമായി വായിക്കുവാനും അര്‍ത്ഥങ്ങളറിയുവാനുമുള്ള കഴിവ് നേടുകയെന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. പക്ഷേ, മിക്ക വിദ്യാര്‍ത്ഥികള്‍ക്കും വായന എന്താണര്‍ത്ഥമാക്കുന്നതെന്ന ധാരണ ഇല്ലാത്തതിനാല്‍ കഴിവുറ്റ വായനക്കാരാകാന്‍ കഴിയുന്നില്ല.

ടെക്സ്റ്റുബുക്കുകള്‍
ടെക്സ്റ്റുബുക്കുകളില്‍ നിന്നു വിവരങ്ങള്‍ അടര്‍ത്തിയെടുക്കാനുള്ള ഒരുപാധിയാണ് വായന. ടെക്സ്റ്റുബുക്കുകളിലെ വിവരങ്ങളും വസ്തുതകളും സ്വന്തം മനസ്സില്‍ കുത്തിനിറക്കാനുള്ള ഒരു പരോക്ഷ മാര്‍ഗമാണ് വായനയെന്നും പറയാം. സംഭാഷണത്തെയും എഴുത്തിനെയും അപേക്ഷിച്ച് വായനയെ ഒരു നിര്‍ജ്ജീവമായ പ്രവൃത്തിയായാണ് പലപ്പോഴും വിദ്യാര്‍ത്ഥികള്‍ വിലയിരുത്തുന്നത്. പറയുന്നതും ലിഖിതവുമായ വസ്തുതകളെ സ്വായത്തമാക്കുന്നതില്‍ ശ്രവണ ശേഷിക്കും വായനാ ശേഷിക്കും പ്രത്യേക സ്ഥാനമാണുള്ളത്. എന്നാല്‍, വായനയെ പരമാവധി ഫലവത്താക്കാന്‍ അതിനെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയും മനോഭാവവും മാറ്റണമെന്നാണ് വിദ്യാഭ്യാസ വിചക്ഷണരായ മോര്‍ട്ടിമര്‍ ആഡ്ലറും ചാള്‍സ് വാന്‍ഡോറെനും പറയുന്നത്. വായനയെപ്പറ്റിയുള്ള തങ്ങളുടെ ക്ലാസിക്കല്‍ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ശരിയായ രീതിയില്‍ സമീപിക്കുന്പോള്‍ വായന സജീവമായ ഒരു ആത്മാനുഭവ പ്രക്രിയയായി മാറുന്നത് കാണാം.

വായിക്കുന്പോള്‍ വിവരങ്ങള്‍ മനസ്സിലേക്ക് ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും നമ്മള്‍ ഒരിക്കലും ഒരു അശ്രദ്ധനായ സ്വീകര്‍ത്താവായിക്കൂടാ. ആഡ്ലെറും വാന്‍ഡോറെനും ബേസ്ബോള്‍ കളിയിലെ കാച്ചറിനോടാണ് വായിക്കുന്നവനെ ഉപമിക്കുന്നത്. ഒരു ഗ്രസ്ഥത്തിലെ സന്ദേശം നമുക്ക് ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും ആ ഗ്രന്ഥത്തിന്‍റെ രചയിതാവിനെ മാത്രം ആശ്രയിച്ചല്ല. മറിച്ച്, നാം നമ്മുടെ മാനസികമായ കഴിവുകളെ എപ്രകാരം വിനിയോഗിക്കുന്നു എന്നതു കൂടി നോക്കിയാണ്. വായനകലയിലെ വിദഗ്ധരായ സ്റ്റെഫനിയും ഗൗഡ്വിസും ആശയം മനസ്സിലാക്കിയുള്ള വായനയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നതിന് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഗ്രഹിക്കാന്‍ പഠിക്കുക
പ്രഥമമായും പ്രധാനമായും മനസ്സിലാക്കേണ്ടത് കേവലം വാക്യങ്ങള്‍ മൊഴിയുന്നതല്ല വായന എന്നതാണ്. മുദ്രണം ചെയ്ത അക്ഷരങ്ങളെ ഡീകോഡിംഗ് ചെയ്യുന്നതു കൊണ്ട് വായന എന്ന പ്രക്രിയ നടക്കുന്നില്ല. ഗ്രഹിക്കാന്‍, മനസ്സിലാക്കി വിലയിരുത്താന്‍ പാകത്തില്‍ നമ്മുടെ വായന പരുവപ്പെടുന്നില്ലെങ്കില്‍ ആ വായന ആഴമില്ലാത്തതും ഉപരിപ്ലവവുമാണ്. രസതന്ത്ര പാഠപുസ്തകത്തിലെ ഒരു അധ്യായം നമുക്ക് തീരെ ദഹിക്കുന്നില്ല എന്ന് വെക്കുക, നാമെന്ത് ചെയ്യും? ഇവിടെ വായനാവിദഗ്ധര്‍ നമ്മോട് പറയുന്നതിതാണ് വായന തുടരുക, എല്ലാ വാക്കുകളുടെയും അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍ കൂടി ആ അധ്യായം വായിച്ചു മുഴുവനാക്കുക. രണ്ടാമതൊരിക്കല്‍ കൂടി വായിക്കുന്പോള്‍ അതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത വര്‍ധിക്കുന്നതായി കാണാം.

ചോദ്യങ്ങളുന്നയിക്കുക
വായനക്കു ശേഷം ഒരു ഗ്രന്ഥത്തിന്‍റെയോ ഒരധ്യായത്തിന്‍റെയോ സംക്ഷിപ്തം ലഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ മനസ്സിന്‍റെ എല്ലാ ഗ്രഹണ ശേഷികളും തുറന്നുപിടിക്കുക. സജീവമായ വായന ബൗദ്ധികമായ വ്യായാമം ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. ടെക്സ്റ്റുബുക്കിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്താമെന്ന് വിചാരിക്കരുത്. വായനക്കാരന്‍റെ ഒരു പ്രധാന ഉത്തരവാദിത്വം ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്. ഒരു വിദ്യാര്‍ത്ഥിയെന്ന നിലക്ക് ഉത്തരം പറയുകയാണ് തന്‍റെ ബാധ്യത എന്ന ധാരണ തിരുത്തുക. പഠനത്തിന്‍റെ കാതലായ വശം കൂടുതല്‍ ചോദ്യങ്ങളുന്നയിക്കുക എന്നതാണ്. വായിച്ചുകൊണ്ടിരിക്കുന്പോള്‍ തന്നെ സ്വയം ചോദ്യങ്ങള്‍ ചോദിക്കുക. ആ ചോദ്യങ്ങള്‍ക്ക് ഒരു പക്ഷേ നിങ്ങളുടെ വായനാ പ്രക്രിയക്കിടയില്‍ തന്നെ ഉത്തരം ലഭിച്ചേക്കാം. ചോദിക്കുക എന്ന തന്ത്രമാണ് വായനക്കാരനെ മുന്നോട്ട് നയിക്കുന്നത് എന്നത്രെ വിദഗ്ദ മതം. ചോദ്യങ്ങളില്‍ ചിലതിന് ടെക്സ്റ്റ്് ബുക്കുകളില്‍ നിന്നു നേരിട്ട് ഉത്തരം ലഭിച്ചേക്കാം. എന്നാല്‍ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമ്മള്‍ അനുമാനിച്ചെടുക്കേണ്ടതാണ്. ഒരു പുസ്തകത്തിന്‍റെ അധ്യായങ്ങളില്‍ കാണാത്ത ചോദ്യങ്ങളാണോ നിങ്ങള്‍ ചോദിക്കുന്നത്? നിരാശരാകേണ്ടതില്ല. കൂടുതല്‍ അന്വേഷണത്തിന്‍റെയും പഠനത്തിന്‍റെയും ഭാഗമായി നിങ്ങള്‍ സ്വന്തം ജിജ്ഞാസയെ തട്ടിയുണര്‍ത്തിയിരിക്കുന്നു എന്നാണര്‍ത്ഥം. നിങ്ങള്‍ വായിക്കുന്നതിന്‍റെ സാധുതയെ നിങ്ങള്‍ തന്നെ ചിലപ്പോള്‍ ചോദ്യം ചെയ്തെന്നിരിക്കും. എന്തെങ്കിലും പ്രിന്‍റ് ചെയ്തെന്നു വെച്ച് അത് പൂര്‍ണ്ണമായും ശരിയാണെന്നും കൃത്യമാണെന്നും അര്‍ത്ഥമില്ല. ഇന്‍റര്‍നെറ്റില്‍ വിവരങ്ങളുടെ ഒരു ബൃഹത്കൂന്പാരം തന്നെ കാണപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ വസ്തുത കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. നെറ്റിലെ എല്ലാ സൈറ്റുകളിലും കൃത്യതയും കണിശതയും സത്യസന്ധതയും പുലര്‍ത്തുന്ന വസ്തുതകളല്ല പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്ങനെ വരുന്പോള്‍ ഗ്രന്ഥ കര്‍ത്താവ് തന്‍റെ നിലപാടുകളെ പിന്തുണക്കുന്നതിന് മതിയായ തെളിവുകള്‍ നല്‍കുന്നുണ്ടോ എന്ന് വായനക്കാരായ നാം ചോദിക്കണം.

ബന്ധങ്ങള്‍ കണ്ടെത്തുക
വായനയില്‍ ചോദ്യം ചെയ്യല്‍ പ്രക്രിയയോടൊപ്പം തന്നെ നടത്തേണ്ട മറ്റൊരു കാര്യം പാരസ്പര്യം കണ്ടെത്തലാണെന്ന് ഹാര്‍വിയും ഗൗഡ്വിസും പറയുന്നു. വായിക്കപ്പെടുന്ന ഗ്രന്ഥവും സ്വന്തവും തമ്മില്‍, മറ്റു ഗ്രന്ഥങ്ങളുമായി തട്ടിച്ചുകൊണ്ട്, ലോകവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, ഇങ്ങനെ സാധ്യമായ രൂപത്തിലെല്ലാം ഈ പരസ്പര ബന്ധപ്പെടുത്തല്‍ നടത്താവുന്നതാണ്. സ്വയം ഒരു ചിത്രീകരണം നല്‍കുന്ന ഗ്രന്ഥങ്ങളെ കഴിയുന്നത്ര വ്യക്തതയോടെ, നിങ്ങള്‍ വായിച്ചതിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുക. വിശദീകരണം ആവശ്യമായ ഭാഗങ്ങളെ ചിത്രീകരിച്ചു തന്നെ പഠിക്കുക.

മിക്കപ്പോഴും ഒരു നിഗമനത്തിലോ സന്ദേശത്തിലോ ആശയത്തിലോ എത്തിച്ചേരാന്‍ എഴുത്തുകാര്‍ വായനക്കാരന് അനുവാദം നല്‍കുന്നു. വായിച്ചുകൊണ്ടിരിക്കുന്പോള്‍, എന്താണ് മുഖ്യ ആശയം എന്ന് തീരുമാനിക്കുന്നതിനായി വിവരങ്ങളിലൂടെ സൂക്ഷ്മ പരിശോധന ചെയ്ത് വിശാലമായ ആശയങ്ങളെയും പിന്താങ്ങുന്ന വിശദാംശങ്ങളെയും നമ്മള്‍ വേര്‍തിരിക്കേണ്ടിയിരിക്കുന്നു. ഒരു ഭാഗം വായിച്ചു തീര്‍ത്ത ശേഷം എന്താണ് വായിച്ചതെന്ന് വിലയിരുത്തുന്നതിനായി നിങ്ങള്‍ അല്‍പസമയം വായന നിര്‍ത്തുന്നത് നന്നായിരിക്കും. വായിച്ച ഭാഗത്തിന്‍റെയോ അധ്യായത്തിന്‍റെയോ ഉള്ളടക്കം സ്വന്തം വാക്കുകളില്‍ വിവരിക്കുന്നത് വായിച്ചത് മനസ്സിലായിട്ടുണ്ടോ എന്നറിയാനുള്ള ഏറ്റവും നല്ല ഉപാധിയാണ്. മുന്‍പ് പഠിച്ച ചിലതുമായി വായിച്ചതിനെ ബന്ധപ്പെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? വ്യത്യസ്തമായ ടെക്സ്റ്റ് ബുക്കുകളില്‍ നിന്നുള്ള വിവരങ്ങള്‍ തമ്മില്‍ സങ്കലനം നടത്താന്‍ നിങ്ങള്‍ പ്രാപ്തനാണോ? എങ്കില്‍ നിങ്ങളുടെ വായന ആഴത്തിലുള്ളതും അപഗ്രഥനാത്മകവുമാണ്.

കുറിപ്പുകള്‍
വായിക്കുന്നതോടൊപ്പം കുറിപ്പുകള്‍ എഴുതിയെടുക്കുന്നതും വായനയെ സന്പന്നമാക്കും. പ്രധാന പോയിന്‍റുകള്‍ ഒരു കടലാസിലേക്കു എഴുതിയെടുക്കുന്നത് സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയായതിനാല്‍, മുഖ്യപദങ്ങളെ വൃത്തത്തിനകത്താക്കിയും പ്രധാന ഭാഗങ്ങള്‍ക്ക് നേരെ ഒരു ചിഹ്നം കൊടുത്തും, തുടര്‍ച്ചയായി വരുന്ന പോയിന്‍റുകള്‍ക്ക് നന്പര്‍ നല്‍കിയും പുസ്തകത്തിന്‍റെ മാര്‍ജിനില്‍ ചെറിയ കുറിപ്പുകളെഴുതിയും ഈ പ്രതിസന്ധി മറികടക്കാം. എന്നാല്‍ അപ്രകാരം ചെയ്യുന്പോള്‍ മനസ്സാന്നിധ്യമില്ലാതെ, പുസ്തക ഭാഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ടെക്സ്റ്റുബുക്കിലെ വിവിധ ഭാഗങ്ങളെ വിവിധ വേഗങ്ങളിലാണ് വായിക്കേണ്ടതെന്ന കാര്യവും ഓര്‍ക്കുക. കനപ്പെട്ട ഭാഗങ്ങള്‍ ദഹിക്കുന്നതിനായി വായനയുടെ വേഗം കുറക്കേണ്ടതുണ്ട്.

പക്വമതികളായ വായനക്കാര്‍ എന്ത് വായിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കുന്നവരാണ്. വിശ്വാസ്യതയില്ലാത്ത വെബ്സൈറ്റുകളും ഗുണനിലവാരമില്ലാത്ത പുസ്തകങ്ങളും വായിക്കാന്‍ വേണ്ടി സമയം കളയേണ്ടതില്ല. നമ്മുടെ കാഴ്ചപ്പാടുകള്‍ വിശാലമാക്കുന്ന, മാനസിക നിലവാരം ഉയര്‍ത്താനുപകരിക്കുന്ന വായനകളായിരിക്കണം നാം തെരഞ്ഞെടുക്കേണ്ടത്.

ഗ്രന്ഥകാരനുമായി നമ്മള്‍ നടത്തുന്ന ഒരു സംഭാഷണമെന്നാണ് ആഡ്ലറും ഡോറെനും വായനയെക്കുറിച്ചെഴുതുന്നത്. എന്നാല്‍ പരമപ്രധാനമായ വസ്തുത അവസാന വാക്ക് വായനക്കാരന്‍റേത് തന്നെയെന്നതാണ്.

കടപ്പാട് ദി ഹിന്ദു
ഉനൈസ് കല്‍പകഞ്ചേരി

You must be logged in to post a comment Login