ഉള്ളിയും ഇശ്ഖും

ഉള്ളിയും ഇശ്ഖും

ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ്. എന്‍റെ അടുത്തിരിക്കുന്നത് ഒരു മദ്റസാ ഉസ്താദാണ്. ഞാന്‍ നോക്കുന്പോള്‍ അയാള്‍ തൈരില്‍ നിന്നു പച്ച ഉള്ളിക്കഷ്ണങ്ങള്‍ ശ്രദ്ധയോടെ നുള്ളിപ്പെറുക്കി സുപ്രയിലേക്കിടുകയാണ് നന്നേ ചെറിയ തരി പോലും!
ഇതെന്താ ഇങ്ങനെ? ഞാന്‍ പതിയെ ചോദിച്ചു.
അയാള്‍ വളരെ പതുക്കെ പറഞ്ഞു
എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട്.
ആ മറുപടി എനിക്കു പോരായിരുന്നു. ഞാന്‍ വീണ്ടും ചോദിച്ചു
എന്തുകൊണ്ട്?
ശബ്ദം താഴ്ത്തി അയാള്‍ പറഞ്ഞു
അല്ലാഹുവിന്‍റെ ഹബീബിന് ഇഷ്ടമില്ലാതിരുന്നതുകൊണ്ട്!
ആ മറുപടി എനിക്കു മതിയാകുന്നതായിരുന്നു. എന്‍റെ പാത്രത്തില്‍ നിന്നു പച്ച ഉള്ളിത്തണ്ടുകള്‍ ഞാനും പെറുക്കിയെടുത്തു പുറത്തേക്കിട്ടു. ഇനിമേലില്‍ ഉപയോഗിക്കില്ലെന്നു മനസ്സിലുറപ്പിക്കുകയും ചെയ്തു.
വറുത്തതിന്‍റെയും പൊരിച്ചതിന്‍റെയും പുറത്ത് അലങ്കരിച്ചു വച്ച, വട്ടത്തില്‍ അരിഞ്ഞ ഉള്ളി നല്ല ഇഷ്ടമായിരുന്നു.
മറ്റൊരിടത്തു ഭക്ഷണത്തിനിരുന്നപ്പോള്‍ അനുഭവം ആവര്‍ത്തിച്ചു. ഞാന്‍ ഉള്ളിക്കഷ്ണങ്ങള്‍ പെറുക്കിക്കളയുകയായിരുന്നു. അടുത്തിരുന്നുണ്ണുന്ന സഖാഫി സുഹൃത്ത് കാര്യം തിരക്കി. മുന്പുകേട്ട അതേ മറുപടി ഞാന്‍ ആവര്‍ത്തിച്ചു.
അല്ലാഹുവിന്‍റെ ഹബീബിന്ന് ഇഷ്ടമില്ലാത്തതുകൊണ്ട്.
തീന്‍ മേശക്കടുത്തുണ്ടായിരുന്ന ഒരാള്‍ ഇടപെട്ടു.
പച്ച ഉള്ളി കഴിക്കുന്നത് അല്ലാഹുവും റസൂലും ഹറാമാക്കിയിട്ടൊന്നുമില്ലല്ലോ. ഉള്ളി ഭക്ഷിച്ചവന്‍ പള്ളിയില്‍ കയറരുതെന്നു വച്ചു ഇങ്ങനെ ഹറാമാക്കണോ?
ഞാന്‍ പറഞ്ഞൊഴിഞ്ഞു
ഞാന്‍ ഹറാമാക്കാനൊന്നുമില്ല, എനിക്കിഷ്ടമില്ല. അതുകൊണ്ട് ഒഴിവാക്കുന്നു. ഒരു തര്‍ക്കത്തിനും താല്‍പര്യമില്ല.
ഇനി ഈ പെറുക്കുന്ന പണിയും ഒഴിവാക്കാമെന്നു അന്നു ഞാന്‍ കരുതി. വിളന്പണ്ട എന്നു പറഞ്ഞാല്‍ മതിയല്ലോ.
തൊട്ടപ്പുറം ഇരുന്നു കൊണ്ട് ഒരു പണ്ഡിതന്‍ ഈ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു, അയാളും ഇടപെട്ടു
റസൂലുല്ലാഹിക്ക് ഇഷ്ടമില്ലായിരുന്നു എന്നു പറഞ്ഞാല്‍ അതാണു മറുപടി. അതു മഹബ്ബത്താണ്. ഇശ്ഖിനു മസ്അല ഉണ്ടാക്കേണ്ട.
എന്നിട്ട് അദ്ദേഹം ഒരു സംഭവം പറഞ്ഞു
മഹാനായ ഒരു സൂഫീപണ്ഡിതന്‍ രാവിലെ ഇളം വെയിലിലിരുന്നു നഖം വെട്ടുകയായിരുന്നു. വഴിയെ പോയ ഒരാള്‍ ചോദിച്ചു
ബുധനാഴ്ചയാണോ നഖം മുറിക്കുന്നത്? റസൂലുല്ലാക്ക് അതിഷ്ടമില്ലായിരുന്നു എന്നറിഞ്ഞുകൂടേ? സൂഫി പറഞ്ഞു അതൊരു ളഈഫായ (ദുര്‍ബലമായ) ഹദീസല്ലേ? വഴിപോക്കന്‍ അയാളുടെ വഴിക്കു പോയി.
വലിയ ആശിഖും ഭക്തനുമായിരുന്നു സൂഫി. നബി(സ)യെ ഇടയ്ക്കിടെ സ്വപ്നത്തില്‍ ദര്‍ശിക്കാന്‍ മാത്രമുണ്ടായിരുന്നു ഇശ്ഖ്. ആയിടെയായി ഈ സൗഭാഗ്യം നഷ്ടപെട്ടു! സൂഫീപണ്ഡിതന്‍ പരിഭ്രാന്തനായി. കാരണം മനസ്സിലാകാതെ അദ്ദേഹം സങ്കടപ്പെട്ടു. കുറെ കഴിഞ്ഞ് ഒരുനാള്‍ അതാ സ്വപ്നത്തില്‍ വീണ്ടും ആരന്പപ്പൂവായ റസൂല്‍!
സൂഫി കേണു
എന്തിന് ഈ സാധുവിനെ ഉപേക്ഷിച്ചു. എന്തപരാധം ചെയ്തു ഞാന്‍!
താങ്കള്‍ ബുധനാഴ്ച നഖം മുറിച്ചില്ലേ?
അവിടുത്തേക്ക് അതിഷ്ടമില്ലെന്ന് പറയുന്ന ഹദീസ് ഞാന്‍ അറിഞ്ഞതാണ്, പക്ഷേ, അതു ളഈഫായ ഹദീസാണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ പ്രഭോ!
ദുര്‍ബലമാകാം, എന്നാലും എനിക്കിഷ്ടമല്ലായിരുന്നു എന്നു നീ കേട്ടില്ലേ? സൂഫിക്കു മറുപടിയില്ലായിരുന്നു.
കഥ കേട്ടുകഴിയുന്പോഴാണു ഞാന്‍ കാണുന്നത് എന്‍റെ അടുത്തിരുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഖാഫി സുഹൃത്ത് തര്‍ക്കം മതിയാക്കി ഉള്ളിക്കഷ്ണം പെറുക്കിക്കളയുകയാണ്.
എനിക്കു തോന്നി ഇതാണ് ഈമാന്‍.
ഇയ്യിടെ സമസ്ത പ്രസിഡണ്ടിന്‍റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണത്തിനിരുന്നു. എന്‍റെ അടുത്തിരുന്ന ഉമര്‍ മേല്‍മുറിയെ തോണ്ടി ഞാന്‍ കാണിച്ചു കൊടുത്തു.
ബിരിയാണിക്കൊപ്പം കൊണ്ടുവച്ച തൈരില്‍ പച്ചയുള്ളിയുടെ പൊടിപോലുമില്ല. പകരം കക്കരി.
നൂറുല്‍ഉലമയുടെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഉമറിനോടു ഞാനിക്കഥ പറഞ്ഞു.
ഉള്ളി ഭക്ഷിച്ചാല്‍ പള്ളിയില്‍ പ്രവേശിക്കരുത് എന്ന ഹദീസ് ധാരാളം കേട്ടിട്ടുണ്ട്. ഹദീസിന്‍റെ വിശദാംശങ്ങള്‍ കണ്ടിരുന്നില്ല.
നൂറുല്‍ഉലമയുടെ സഹാബത്തിന്‍റെ ആത്മവീര്യം എന്ന പുസ്തകത്തില്‍ അതാ കിടക്കുന്നു ഹദീസിന്‍റെ വിശദാംശങ്ങള്‍.
അബൂ അയ്യൂബുല്‍അന്‍സാരി(റ)ന്‍റെ ഭവനത്തിലാണല്ലോ നബി(സ) വിരുന്നുകാരനായി കടന്നു ചെന്നത്. നബി(സ)ക്ക് പല ഭാഗത്തു നിന്നും ഭക്ഷണത്തളികകള്‍ വരും. ഭക്ഷണത്തില്‍ ഒരു പങ്ക് അബൂഅയ്യൂബ്(റ)ന്‍റെ കുടുംബത്തിനു വേണ്ടി അവിടുന്നു ബാക്കി വയ്ക്കും.
ഭക്ഷണത്തളിക വീടിനകത്തുവന്നാല്‍ വീട്ടുകാരന്‍ തളിക ശ്രദ്ധയോടെ പരിശോധിക്കും. തിരുമേനി(സ) കൈവച്ച ഭാഗത്തു നിന്നു തന്നെ ഭക്ഷണമെടുത്തു കഴിക്കും. ബറകത്തിനു വേണ്ടി.
ഒരു ദിവസം അബൂഅയ്യൂബ്(റ) നബിയോടു പരാതിപ്പെട്ടു.
ഇന്നത്തെ ഭക്ഷണപാത്രത്തില്‍ അങ്ങയുടെ കയ്യടയാളം കാണാനായില്ല?
അവിടുന്നു പറഞ്ഞു
ആ ഭക്ഷണം ഞാന്‍ തൊട്ടിട്ടില്ല. കാരണം അതില്‍ വേവിക്കാത്ത ഉള്ളി ചേര്‍ത്തിട്ടുണ്ട്. മലക്കിനെ മാനിച്ചാണിങ്ങനെ ചെയ്യുന്നത്. നിങ്ങള്‍ അത് ഉപയോഗിച്ചുകൊള്ളുക.
അപ്പോള്‍ നൂറുല്‍ഉലമയുടെ തീന്‍മേശയില്‍ പച്ച ഉള്ളി കാണാതിരുന്നത് വെറുതെയല്ല.
ജമാഅത്തില്‍ പങ്കെടുക്കുന്നവരും ജനങ്ങളുമായി ഇടപഴകുന്നവരും ഉള്ളി ഭക്ഷിക്കുന്നത് നബി(സ) വെറുത്തിരുന്നുവെന്ന് എം എ ഉസ്താദ് തുടര്‍ന്ന് എഴുതുന്നു. ഇതു കറാഹത്താണെന്നു ഫുഖഹാക്കള്‍ പറഞ്ഞതും ജമാഅത്തിന് വരാതിരിക്കാനുള്ള കാരണമായി എണ്ണിയതും ഈ ഹദീസിന്‍റെ ബലത്തിലാണെന്നും അദ്ദേഹം എഴുതുന്നുണ്ട്.
നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്നു പറഞ്ഞത് ബസല്‍ എന്ന ഉള്ളിയാണ്. ഈ ഉള്ളി ചെറിയുള്ളിയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഇറാഖിലോ മറ്റോ വിളയുന്ന ദുര്‍ഗന്ധമുള്ള ഉള്ളിയാണെന്നു മറ്റൊരു പക്ഷം.
ഈ തര്‍ക്കത്തിലൊന്നും കാര്യമില്ല. ഇത് ഇശ്ഖിന്‍റെ ബാബാണ്.

ഒ എം തരുവണ

You must be logged in to post a comment Login