ഈ കുറിപ്പ് എഴുതാനിരിക്കുന്പോള്‍ പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ഒന്പത് ഘട്ട പ്രക്രിയകള്‍ പൂര്‍ത്തിയാവുകയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയുമാണ്. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നുവെങ്കില്‍ യഥാര്‍ഥത്തില്‍ ആര്‍.എസ്.എസ് അതിന്‍െറ ആവിര്‍ഭാവ കാലം തൊട്ട് നെഞ്ചിലേറ്റുന്ന ഹിന്ദുരാഷ്ട്രം എന്ന സ്വപ്നമാണ് സഫലമാവുന്നത്. മുന്പ് എ ബി വാജ്പേയി അഞ്ചുവര്‍ഷം രാജ്യം ഭരിച്ചത് പോലെയാവില്ല മോഡിയുടെ അധികാരാരോഹണം. അധികാരത്തോട് തങ്ങള്‍ക്ക് യാതൊരു പ്രതിപത്തിയുമില്ലെന്നും ഹിന്ദുസമാജത്തിന്‍െറ സാമൂഹികവും സാംസ്കാരികവുമായ ഉല്‍ക്കര്‍ഷമാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യമെന്നും ആവര്‍ത്തിക്കാറുള്ള സംഘ്നേതൃത്വത്തിന്‍െറ ഉള്ളിന്‍െറയുള്ളില്‍ അധികാരമോഹം ഉറഞ്ഞുകിടക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്താന്‍ മുസ്ലിം രാജ്യമായി സ്വയം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇന്ത്യയെ ഹിന്ദുരാജ്യമായി പരിവര്‍ത്തിപ്പിക്കണമെന്ന്് സ്വാതന്ത്ര്യലബ്ധി തൊട്ട് സംഘ്പരിവാരം ആവശ്യപ്പെടുന്നുണ്ടായിരുന്നു. അതിനു തടയിട്ടത് മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവുമായിരുന്നു. ഗാന്ധിജിയുടെ ജീവനെടുത്തത് തന്നെ തങ്ങളുടെ സ്വപ്നപദ്ധതി തകര്‍ത്തതിന്‍െറ പേരിലായിരുന്നുവല്ലോ.
1996ല്‍ പതിമൂന്നു ദിവസം മാത്രം അധികാരത്തിലിരുന്ന് ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ കയറിക്കൂടിയ കാലസന്ധിയില്‍, വിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ എതിരാളികള്‍ക്കെതിരെ കത്തിക്കയറവെ വാജ്പേയി പറഞ്ഞു ഞങ്ങള്‍ക്ക് സ്വന്തമായി ഭൂരിപക്ഷം കിട്ടട്ടെ, അപ്പോള്‍ ഞങ്ങളുടെ അജണ്ട നടപ്പാക്കുക തന്നെ ചെയ്യും. അതുകേട്ട് സി.പി.ഐ തലവന്‍ ഇന്ദ്രജിത് ഗുപ്ത ചാടി എഴുന്നേറ്റ് പറഞ്ഞൂ പൂച്ച പുറത്ത് ചാടിയിരിക്കുന്നു. വാജ്പേയി ആര്‍എസ്എസിന്‍െറ മുഖൗത്ത (മുഖംമൂടി )ആയിരുന്നുവെങ്കില്‍ മോഡി മുഖം തന്നെയാണ്. മോഡി ആരാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ജനം അദ്ദേഹത്തിനു വോട്ട് നല്‍കിയിരിക്കുന്നത്. ഭദ്രമായ ഭരണം സാധ്യമാണെന്ന് ബോധ്യം വരുന്ന നിമിഷം ഒരു മറയുമില്ലാതെ യഥാര്‍ഥ മോഡി രംഗപ്രവേശം ചെയ്യുമെന്ന് തന്നെയാണ് കരുതേണ്ടത്. അപ്പോള്‍ ഹിന്ദുത്വ അജണ്ടകള്‍ ഓരോന്നായി പുറത്തെടുത്ത് നടപ്പാക്കിത്തുടങ്ങും പുറമെ ആര്‍ക്കും സംശയം തോന്നാത്തവിധം. പേരിന് ഏതെങ്കിലും മുസ്ലിംനാമധാരിയെ കുഞ്ചികസ്ഥാനത്ത് അവരോധിക്കാനും അതിനു മീഡിയവഴി വന്‍ പ്രചാരണം നല്‍കാനും മറക്കില്ല. പുതിയ കാബിനറ്റ് സെക്രട്ടറിയായി നിലവിലെ യു പി ചീഫ് സെക്രട്ടറിയും 1978ബാച്ചിലെ ഐ എ എസ് ഓഫീസറുമായ ജാവിദ് ഉസ്മാനിയെ നിയമിക്കുമെന്ന് എക്സിറ്റ്പോള്‍ ഫലം വന്ന ഉടന്‍ ഒരു ബി ജെ പി നേതാവ് വെളിപ്പെടുത്തിയത് ഇതിന്‍െറ ഭാഗമാണ്. തങ്ങള്‍ മുസ്ലിം വിരുദ്ധര്‍ അല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതീകാത്മകമായ ഇത്തരം ഗിമ്മിക്കുകള്‍ പലതും പ്രതീക്ഷിക്കാം. ഗാര്‍ഡിയന്‍ പത്രത്തിന്‍െറ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് അഭ്യസ്തവിദ്യനായ ഒരു മോഡിഭക്തന്‍ ഓര്‍മിപ്പിച്ചത് ഇങ്ങനെ മോഡി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ മുസ്ലിംകളെ തീയിട്ടുകൊല്ലാനൊന്നും പോകുന്നില്ല. തന്നെ സ്നേഹിക്കും പോലെ ഇന്ത്യയിലെ മുസ്ലിംകളെയും സ്നേഹിക്കുന്നു എന്ന് മാലോകരെ ബോധ്യപ്പെടുത്താന്‍ വരുന്ന അഞ്ചുവര്‍ഷവും അദ്ദേഹം ചെലവാക്കാനും പോകുന്നില്ല. കാരണം, അദ്ദേഹത്തിനു വേറെ പണിയുണ്ട്. കോണ്‍ഗ്രസ് തകര്‍ത്തെറിഞ്ഞ ഇന്ത്യയെ പാളത്തില്‍ കയറ്റുകയാണത്രെ അദ്ദേഹത്തിന്‍െറ മുന്നിലുള്ള മുഖ്യദൗത്യം.
മോഡിയുടെ അധികാരാരോഹണത്തെ വിദേശികള്‍ പോലും ആശങ്കയോടെ കാണുന്നത് വിഭാഗീയതയില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്, കഴിഞ്ഞതെല്ലാം മറന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രധാനമന്ത്രിയായി ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കണ്ടെത്താന്‍ കഴിയാത്തതു കൊണ്ടാണ്. ഇനി മോഡിക്ക് മാനസാന്തരം സംഭവിച്ചാല്‍ പോലും സംഘ്പരിവാര്‍ അദ്ദേഹത്തെ എല്ലാ പൗരന്മാരെയും ഒരേ കണ്ണോടെ കാണുന്ന സദ്ഭരണം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യം ശേഷിക്കുന്നുണ്ട.് വാജ്പേയി സര്‍ക്കാര്‍ അഞ്ചുവര്‍ഷം ഭരിച്ചിട്ടും ആര്‍ എസ് എസ് അജണ്ട സാക്ഷാത്കരിക്കപ്പെടാതെ പോയതിന് തക്കതായ കാരണങ്ങളുണ്ട്. തന്‍െറ സിരകളിലൂടെ ഒഴുകുന്നത് സംഘ് രക്തമാണെന്ന് ആണയിടുന്പോഴും വാജ്പേയിയില്‍ മനുഷ്യപ്പറ്റിന്‍െറ ഈര്‍പ്പം ഉണങ്ങാത്ത ഒരു കവിഹൃദയത്തിന്‍െറ താളം കേള്‍ക്കാമായിരുന്നു. ഇരുപത്തിനാല് കക്ഷികളുടെ പിന്തുണക്കാലുകളില്‍ നില്‍ക്കുന്ന സര്‍ക്കാരിനെ മുന്നോട്ടു നയിച്ച അദ്ദേഹം ആരെയും പിണക്കാതെ ഒരു ഞാണിന്മേല്‍ കളി ഭംഗിയായി പൂര്‍ത്തിയാക്കുകയായിരുന്നു. സംഘ് അജണ്ട നടപ്പാക്കണമെന്ന് നേതൃത്വത്തില്‍നിന്ന് ശാഠ്യമുണ്ടായപ്പോഴെല്ലാം അധികാരം വലിച്ചെറിഞ്ഞു കാശിക്കു പോകുമെന്ന് ഭീഷണി മുഴക്കി. വശീകരിക്കാനും ഭീഷണിപ്പെടുത്താനും സ്വന്തമായി സംഘങ്ങളുണ്ട് എന്നതാണ് കുങ്കുമക്കൂടാരത്തിന്‍െറ കരുത്ത്. അയോധ്യ പ്രശ്നം ആളിക്കത്തിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് എന്ന അക്രമിക്കൂട്ടത്തെയാണ് ആര്‍.എസ്.എസ് അന്ന് ഉപയോഗിച്ചിരുന്നത്. ബദല്‍ സാന്പത്തിക പദ്ധതിയെ ക്കുറിച്ച് ഗീര്‍വാണം മുഴക്കാനും സ്വദേശി കാന്പയിന്‍ നടത്തി വ്യവസായികളെയും കുത്തകളെയും കൂടെ നിര്‍ത്താനും സ്വദേശി ജാഗരണ മഞ്ചും സദാ രംഗത്തുണ്ടായിരുന്നു. വിദ്യാര്‍ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് വാജ്പേയിയെ നികമ്മ (കഴിവുകെട്ടവന്‍ ) എന്ന് അവഹേളിച്ചപ്പോള്‍ സംഘ് നേതൃത്വം മൗനം കൊണ്ട് അംഗീകാരം നല്‍കുകയായിരുന്നു. ധനമന്ത്രി യശ്വന്ത് സിന്‍ഹയെ അനര്‍ഥമന്ത്രി എന്ന് വിളിച്ച് അപമാനിക്കാന്‍ ജാഗരന്‍ മഞ്ചിന് ധൈര്യം പകര്‍ന്നത് മറ്റാരുമായിരുന്നില്ല.
ഗുജറാത്ത് ഇന്ത്യക്ക് നഷ്ടപ്പെട്ടത് ഭരണകൂട മെഷിനറിയുടെ മോഡിഫിക്കേഷന്‍ വഴിയായിരുന്നു. അവിടെ പോലിസും പട്ടാളവും കോടതിയും കോളേജും വിപണിയും മാധ്യമങ്ങളും വര്‍ഗീയവത്കരിക്കപ്പെട്ടു. പേരും മതവും വേഷവും നോക്കിയാണ് ഇന്ന് ബ്യൂറോക്രസിയും പൊലിസും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര ഭരണകൂട മെഷിനറിയെ അമ്മട്ടില്‍ ഹിന്ദുത്വവത്കരിക്കാനുള്ള കുറുക്കുവഴികള്‍ എന്തൊക്കെയെന്ന് ആര്‍ എസ്് എസ് നേതൃത്വത്തെ ആരും പഠിപ്പിച്ചുകൊടുക്കേണ്ട ആവശ്യമില്ല. രണ്ടാം ഹിന്ദുത്വഭരണത്തില്‍ സംഭവിക്കാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം അതായിരിക്കും. അതിന്‍െറ പ്രതിഫലനങ്ങള്‍ അനുഭവഗോചരമാവാന്‍ വര്‍ഷങ്ങള്‍ എടുത്തെന്ന്് വന്നേക്കാം. പട്ടാളം മുതല്‍ പാര്‍ലമെന്‍റ് വരെ പുതിയ മാനസികാവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന അവസ്ഥ അത്യന്തരം ആപദ്കരമായിരിക്കും. 1977ല്‍ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ എ ബി വാജ്പേയിയും എല്‍ കെ അദ്വാനിയും ഭാരതീയ ജനസംഘത്തിന്‍െറ ഉത്തരീയം വലിച്ചെറിഞ്ഞ് പുതിയ പാര്‍ട്ടിയില്‍ ലയിച്ചാണ് മന്ത്രിസഭയില്‍ അംഗത്വം ഉറപ്പിച്ചത്. വാര്‍ത്താവിതരണ വകുപ്പാണ് അദ്വാനി ചോദിച്ചുവാങ്ങിയത്. പി ടി ഐ, യു.എന്‍.ഐ എന്നീ വാര്‍ത്താ ഏജന്‍സികളെ ലയിപ്പിച്ച് സമാചാര്‍ എന്ന പുതിയതൊന്ന് പടച്ചുണ്ടാക്കി. മര്‍മസ്ഥാനങ്ങളില്‍ സ്വന്തം ആള്‍ക്കാരെ തിരുകിക്കയറ്റി. ശാഖകളില്‍ കവാത്ത് പഠിച്ച അഭ്യസ്തവിദ്യരെ പത്രക്കാരുടെ പേരില്‍ രാജ്യത്തുടനീളം വിന്യസിച്ചു. രണ്ടരവര്‍ഷം കൊണ്ട് ജനതാപാര്‍ട്ടി ഭരണം നിലംപൊത്തിയെങ്കിലും അദ്വാനിയുടെ കര്‍മഫലം പിന്നീടുള്ള കാലത്താണ് സംഘ്കൂട്ടായ്മ കൊയ്തത്. എണ്‍പതുകളുടെ മധ്യത്തോടെ രാമജന്മഭൂമി പ്രക്ഷോഭം ദേശീയശ്രദ്ധയിലേക്ക് കൊണ്ടെത്തിച്ചത് തങ്ങള്‍ നിയമിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു. അവര്‍ സന്നദ്ധസേവകരെ പോലെ ആത്മാര്‍ഥമായി ദൗത്യം നിറവേറ്റി. ബാബരിമസ്ജിദ് നിശ്ശേഷം തകര്‍ക്കുന്നത് കണ്ട് പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിട്ടത് ഇക്കൂട്ടരായിരുന്നു. ഹിന്ദുത്വയുടെ ഇതുവരെയുള്ള വളര്‍ച്ചയും മോഡിയുടെ ഇക്കാണുന്ന അടിവച്ചടിവച്ചുള്ള മുന്നേറ്റവും ഒരു പരിധിവരെ ഈ ജനുസ്സില്‍പ്പെട്ട മീഡിയക്കാരുടെ ഒത്താശയോടെയാണ്.
ദല്‍ഹി ഭരണാസ്ഥാനം വര്‍ഗീയവത്കരിക്കുന്നതോടെ സംഭവിക്കാന്‍ പോകുന്ന ഭവിഷ്യത്ത് എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറമായിരിക്കും. ആര്‍.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാഷിസത്തോട് രാജിയാവാന്‍ എല്ലാവരും മാനസികമായി സന്നദ്ധമാവും എന്ന് മാത്രമല്ല, മതേതരത്വം എന്നത് അÇീലപദമായി ഗണിക്കുന്ന ചര്‍ച്ചകളും സംവാദങ്ങളുമാവും പിന്നീട് കാണേണ്ടിവരുക. മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്ത ശേഷം തന്നെ എത്രയോ പശുമാര്‍ക്ക് സെക്കുലറിസ്റ്റുകള്‍ക്ക് മാനസാന്തരമുണ്ടായി. എന്‍.ഡി.എക്ക് മന്ത്രിസഭ ഉണ്ടാക്കാന്‍ അംഗബലം കിട്ടുമെന്ന് കേട്ടപ്പോഴേക്കും പഴയ ബ്യൂറോക്രാറ്റ് തലവന്‍ ഡി. ബാബുപോള്‍ നിസ്സങ്കോചം എഴുതിപ്പിടിപ്പിച്ചത് കണ്ടില്ലേ? മുസ്ലിംകള്‍ പാകിസ്താന്‍ പക്ഷപാതികളാണെന്നും ബോംബുണ്ടാക്കുകയാണ് അവരുടെ ഇഷ്ടവിനോദമെന്നുമുള്ള പൊതുധാരണ ഭാരതത്തില്‍ പ്രബലമാണ്്. മുസ്ലിം ലീഗ് മുറുകെപ്പിടിക്കുന്ന ദേശഭക്തി പോലും സംശയിക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയത് അമുസ്ലിംകള്‍ മാത്രമല്ല എന്ന് പറയാതെ വയ്യ. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ന്യുനപക്ഷങ്ങളെ വേട്ടയാടുന്നത് ഇന്നത്തെ ഇന്‍റര്‍നെറ്റ് യുഗത്തില്‍ രഹസ്യമാക്കി വെക്കാവുന്നതല്ല. അറബ് വസന്തത്തിലും ഇറാന്‍െറ ആണവശേഷിയിലും ആവേശം കൊള്ളുന്ന ഭാരതീയ മുസല്‍മാനെ ഹിന്ദുഭൂരിപക്ഷം സംശയത്തോടെ വീക്ഷിച്ചപ്പോള്‍ ഒരു വ്യാഴവട്ടം പഴകിയ ഗോധ്ര അവരെ അലോസരപ്പെടുത്താതായി. (മാധ്യമം മേയ് 14, 2014). ഒരു സത്യക്രിസ്ത്യാനിയില്‍നിന്ന് ഇതിലുപ്പുറം എന്തു ആര്‍ എസ് എസ് ദാസ്യവും അവസരവാദ നീക്കവും നാം പ്രതീക്ഷിക്കണം.? ഇനി സംഭവിക്കാന്‍ പോകുന്നത് ബാബുപോള്‍മാരുടെയും ചേതന്‍ ഭഗതുമാരുടെയും മധുകിഷോര്‍മാരുടെയും മോഡി പ്രകീര്‍ത്തനങ്ങളും മതേതരത്തോടുള്ള അവജ്ഞാപ്രഖ്യാപനവുമായിരിക്കും. ശേഷിക്കുന്ന കോണ്‍ഗ്രസുകാരെയും ബി.ജെ.പിയിലേക്ക് ആട്ടിത്തെളിക്കാനും ആര്‍.എസ്.എസിനെ അഭിഷിക്തമാക്കാനും നിഷ്പ്രയാസം സാധിക്കുന്നതോടെ വിയോജിപ്പിന്‍െറയും എതിര്‍പ്പിന്‍െറയും സ്വരം താനേ ഇല്ലാതായിത്തീരും. അതോടെയാണ് ആര്‍ എസ് എസ് തങ്ങളുടെ യഥാര്‍ഥ അജണ്ട പുറത്തെടുക്കുന്നതും ഇന്ത്യയെ തങ്ങളുടെ വിഭാവനയിലുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതും.
ഒരു ഇസ്ലാമിക രാജ്യത്ത് അമുസ്ലിം പൗരന്‍ ദിമ്മി ആണ് സംരക്ഷിതന്‍. എന്നാല്‍, ഒരു ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലിമിന്‍െറ സ്ഥാനമെന്തായിരിക്കും? ആര്‍ഷഭാരത കാഴ്ചപ്പാടില്‍ ഒരു ഭൂപ്രദേശത്ത് രണ്ടു ജനവിഭാഗമേ ഉണ്ടാവൂ സവര്‍ണനും മ്ലേച്ഛനും. സര്‍സംഘ് ചാലകിന്‍െറ കണ്ണില്‍ ഏത് മുസ്ലിമും മ്ലേച്ഛരാണ്, തൊട്ടുകൂടാത്തവര്‍, അശുദ്ധര്‍! എവിടെനിന്നോ കയറിവന്നവര്‍! രണ്ടാംകിട പൗരന്മാരായേ ഇവരെ കാണേണ്ടതുള്ളൂവെന്ന് പഠിപ്പിച്ചത് ഗുരുജി ഗോള്‍വാള്‍ക്കറാണ്.
ഈ അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ സംഘ്നേതൃത്വം മുന്നോട്ടുവരുമോ എന്നതിനെ ആശ്രയിച്ചിരിക്കും മോഡിക്കു കീഴില്‍ ന്യൂനപക്ഷങ്ങളുടെ ഭാവി. ശക്തമായ പ്രതിപക്ഷം ഇന്ത്യയുടെ മതേതര പൈതൃകത്തെ കാത്തുസൂക്ഷിക്കാന്‍ ആര്‍ജവം കാണിക്കുകയാണെങ്കില്‍ ഒരു തരം ചെക്ക് ആന്‍റ് ബാലന്‍സ് കൊണ്ട് പൊടുന്നനവെയുള്ള വലിയൊരു അപകടം ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. മതേതര മൂല്യങ്ങള്‍ക്ക് വില കല്‍പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷങ്ങളുടെ സാംസ്കാരികവും വിശ്വാസപരവുമായ അവകാശങ്ങള്‍ക്കൊപ്പം സന്ദിഗ്ധഘട്ടങ്ങളിലെല്ലാം നിലകൊണ്ട സുപ്രീംകോടതിയും പ്രതീക്ഷക്ക് വക നല്‍കുന്നു. മോഡി വാഴ്ചയോട് എന്തായിരിക്കണം മുസ്ലിം സമൂഹത്തിന്‍െറ പൊതുവായ സമീപനം എന്ന വിഷയത്തില്‍ ആശയക്കുഴപ്പത്തിന്നവകാശമില്ല. ഭരണകൂടങ്ങളെയല്ല, ആശയങ്ങളെയാണ് എതിര്‍ക്കേണ്ടത് എന്ന അടിസ്ഥാനതത്വത്തിലൂന്നിയാവേണ്ടതുണ്ട് നമ്മുടെ സമീപനം.
ശാഹിദ്
You must be logged in to post a comment Login