ഈ കുഞ്ഞിനോട് എന്തിനീ ക്രൂരത?

ഈ കുഞ്ഞിനോട്  എന്തിനീ ക്രൂരത?

വെറും പതിനൊന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പൊരിവെയിലത്ത് കെട്ടിത്തൂക്കി പറപ്പിക്കുന്നു. ഭയപ്പെട്ട കുഞ്ഞാകട്ടെ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ഉയര്‍ന്നു പറക്കുന്നതിനിടയില്‍ കുഞ്ഞിന്‍റെ നിലവിളി കേള്‍ക്കുന്പോള്‍ മാതാപിതാക്കളുടെ മുഖത്ത് മകള്‍ ചന്ദ്രനില്‍ കാലുകുത്തിയ പ്രതീതി. താഴെ നില്‍ക്കുന്ന ജനം കയ്യടിക്കുന്നു. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞിനെ പട്ടംപോലെ പറത്തുന്ന രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ജില്ലാപോലിസ് മേധാവിയും, മാധ്യമസംഘങ്ങളും, സിനിമാ നടനുമൊക്കെ എത്തിയിരിക്കുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണം. അങ്ങനെ പതിനൊന്നാം മാസത്തില്‍ അറുപതടി ഉയരത്തില്‍ പരാഗ്ലൈഡിങ്ങ് നടത്തിയ കുഞ്ഞ്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടാലെന്താ, കണ്ണുനീര്‍ മുഖത്തുവീണാലെന്താ, റെക്കോര്‍ഡ് ഉറപ്പായിരിക്കുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചിലാണ് ഈ കെട്ടിത്തൂക്കി പറത്തല്‍ നടത്തിയിരിക്കുന്നത്. കുഞ്ഞിനെ പാരച്യൂട്ട് പോലുള്ള കുടയുടെ അറ്റത്ത് ബന്ധിപ്പിച്ചശേഷം ജീപ്പോടിച്ച് കുട ഉയര്‍ത്തുകയായിരുന്നു. എങ്ങാനും പിഴച്ചുപോയാല്‍ ഒരു ജീവന്‍ അവിടെതീരും. കുഞ്ഞിന്‍റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടിട്ടുപോലും ഒരു വിഷമവും തോന്നാതിരുന്ന അധികൃതര്‍ സംഭവം വിവാദമായതോടെ മാതാപിതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു. നമ്മുടെ തടി നോക്കേണ്ടത് നമ്മുടെ കാര്യം. അതുകൊണ്ട് കിടക്കട്ടെ ഒരുകേസ്, അത്രേള്ളൂ. മനുഷ്യാവകാശകമ്മിഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുപോലൊരു പറക്കല്‍ നടത്തിയ കണ്ണൂര്‍ കലക്ടര്‍ പയ്യാന്പലം ബീച്ചില്‍ നെഞ്ചടിച്ചുവീണത് വാര്‍ത്തയായിരുന്നു. അതോടെ അവിടുത്തെ പരിപാടി പൂട്ടിക്കെട്ടി..

ആരാന്‍റെ കുഞ്ഞ് ഇതില്‍ നിനക്കെന്താ ഇത്ര സൂക്കേട് എന്ന കൈകഴുകല്‍ പല്ലവി ഇവിടെ പറയാന്‍ പറ്റുമോ. സ്വമേധയാ പ്രതികരിക്കാന്‍ കഴിയാത്തവരുടെ കാര്യത്തില്‍ സമൂഹവും നിയമവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.. കുഞ്ഞുങ്ങളോട് ക്രൂരത ചെയ്യുന്ന വിവരമില്ലാത്ത മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പിഞ്ചുകുഞ്ഞിനെ കെട്ടിത്തൂക്കി പൊരിവെയിലത്ത് അറുപതടി ഉയരത്തില്‍ പറത്താന്‍ സമ്മതിച്ച ആ അമ്മയെ തിരുത്തേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്. വിവരമില്ലായ്മയോ, വിവേകമില്ലായ്മയോ എന്തുതന്നെ ആയാലും പേരും പ്രശസ്തിയുമാണ് ഈ പറപ്പിക്കലിനു പിന്നിലുള്ള ലക്ഷ്യമെന്നു വ്യക്തം. ക്ഷണിച്ചുവരുത്തിയ മാധ്യമ സംഘങ്ങള്‍ക്ക് മുന്നിലാണ് ഈ ക്രൂരത അരങ്ങേറിയത്. കുഞ്ഞിനോടു ക്രൂരതകാട്ടിയും ക്യാമറകണ്ണിലൂടെ ആളാവാനുള്ള മാനസികവൈകൃതമാണ് ഇവിടെ നടന്നിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് ഇത്തരം കാടത്തങ്ങള്‍ ചെയ്യുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍പാടുള്ളതല്ല. കുടുംബം പുലര്‍ത്താനും മാതാപിതാക്കളെ സഹായിക്കാനും ജോലിചെയ്യാന്‍ ഇറങ്ങുന്ന കുട്ടികളെ ബാലപീഡനമെന്ന ഉമ്മാക്കികാണിച്ച് പിന്തിരിപ്പിക്കുന്പോള്‍, കുഞ്ഞുങ്ങളോടുള്ള ഇമ്മാതിരി ക്രൂരതകള്‍ എല്ലാവരുംകൂടി കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാതിരുന്നുകൂടാ. ഉയരത്തില്‍നിന്നും കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കുന്പോഴും മുഖത്തു ചിരിയുമായി താഴെ നില്‍ക്കുന്ന മാതാപിതാക്കളുടെ മാനസികസംതൃപ്തി പഠനവിധേയമാക്കെണ്ടതും മരുന്നുകണ്ടുപിടിക്കേണ്ടതുമായ അസുഖമാണ്. കുഞ്ഞിന്‍റെ ദയനീയമായ കരച്ചില്‍ പോലും മാതാപിതാക്കളില്‍ ആനന്ദം പകരുന്ന അവസ്ഥ ഉണ്ടാക്കുന്പോള്‍ സ്ഥിതി ഭീകരം തന്നെയാണ്.. ഇതിനു സാക്ഷ്യം വഹിച്ച പ്രമുഖര്‍ അവരുടെ അജ്ഞത കൊണ്ടായിരിക്കണം പരിപാടിയെ നിരുത്സാഹപ്പെടുത്താതിരുന്നത്.

വയസ്സുകാലത്ത് മക്കള്‍ തിരിഞ്ഞുനോക്കുന്നില്ലായെന്നു പരാതി പറയുന്നതിനു മുന്നോടിയായി; ഞാന്‍, എന്‍റെ ആയ കാലത്ത് എന്‍റെ മക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നതെന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും. അങ്ങോട്ടു കൊടുത്ത വേദനകള്‍ പലിശയടക്കം തിരിച്ചുകിട്ടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവും വേണ്ട. ചെറുപ്രായത്തില്‍ത്തന്നെ തുന്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാണ് ഉണ്ടാക്കുക.തല്ലി പഴുപ്പിക്കാതിരിക്കുക. മൂത്തു പാകമായി പഴുക്കട്ടെ.. ചെറുപ്രായത്തില്‍ ഇത്തരം സാഹസികപരിപാടികളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചാല്‍ അത് കുട്ടികളുടെ മാനസികനിലയെത്തന്നെ പ്രതികൂലമായി ബാധിക്കാന്‍ കാരണമായേക്കാം. ഇമ്മാതിരി കടുത്ത പ്രയോഗങ്ങള്‍ നടത്തി കല്പനാ ചൗളയേയും, സുനിത വില്യംസിനേയും സൃഷ്ടിക്കാമെന്ന് ഏതെങ്കിലും മാതാപിതാക്കള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സ്വാഭാവികമായ അവസ്ഥയില്‍തന്നെ വളര്‍ന്നുവരാന്‍ അവരെ അനുവദിക്കുക. നമ്മുടെ കണ്‍കണ്ട മാതൃകകളായ എ പി ജെ അബ്ദുള്‍കലാമും, കെ ആര്‍ നാരായണനുമൊക്കെ ഉയരങ്ങളിലേക്ക് പറയുന്നത് ചെറുപ്രായത്തില്‍ ആരും ഇങ്ങനെ പറത്തിയിട്ടല്ല. സാഹചര്യങ്ങളോട് പടവെട്ടി തനിയെ പറന്നവരാണ് അവര്‍. അവരെ മാതൃകകളാക്കി വളര്‍ന്നുവരാനാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. അല്ലാതെ നമ്മള്‍ അവരെ കെട്ടിത്തൂക്കി പറപ്പിക്കുകയല്ല വേണ്ടത്. അങ്ങനെ പറപ്പിച്ചാല്‍ അവര്‍ ഭയംകൊണ്ട് താഴെ നില്‍ക്കുന്നവരുടെ തലയില്‍ മൂത്രാഭിഷേകം നടത്താനാണ് കൂടുതല്‍ സാദ്ധ്യത. ചെറിയപ്രായത്തില്‍ കുട്ടികള്‍ക്ക് സ്നേഹവും, സംരക്ഷണവും, അവര്‍ ഇഷ്ടപ്പെടുന്നതരത്തിലുള്ള പ്രവര്‍ത്തികളും ചെയ്യാന്‍ അനുവദിക്കുക. മാതാപിതാക്കള്‍ പേരിനും, പ്രശസ്തിയ്ക്കും, സന്തോഷത്തിനും വേണ്ടി തങ്ങളുടെ കുരുന്നുകളെ ഏതെങ്കിലും തരത്തില്‍ ഇരകളാക്കുന്പോള്‍ അറിയാതെ നിങ്ങള്‍ അവര്‍ക്കു ശത്രുക്കളാവുകയാണ് ചെയ്യുന്നത്. ചെറുപ്രായത്തില്‍ നിങ്ങള്‍ അവരുടെ മനസ്സിലുണ്ടാക്കിയ ഭയവും, വിഹ്വലതകളും അവസാനകാലത്ത് വൃദ്ധസദനങ്ങളായും, ആട്ടിയിറക്കലുകളായും നിങ്ങളെ തേടിയെത്തും. അതുകൊണ്ട് മക്കളെ സ്നേഹിക്കുക, സംരക്ഷിക്കുക, സ്വാഭാവികമായി വളരാന്‍ അനുവദിക്കുക എന്നതില്‍ കവിഞ്ഞ് മക്കളോടുള്ള സ്നേഹം ഒരിക്കലും പ്രദര്‍ശനഭ്രാന്തായി മാറാതിരിക്കുക. മാറിയാല്‍ നിങ്ങള്‍ക്കുള്ള ചങ്ങല നിങ്ങളുടെ മക്കള്‍ത്തന്നെ പണിതെന്നിരിക്കും.

തുളസി

You must be logged in to post a comment Login