ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ചന്ദ്രിക രാഹുലിനെത്തൊടുമ്പോൾ ജനാധിപത്യത്തിന് സംഭവിക്കുന്നത്

ഒരു സമൂഹം സാംസ്കാരികമായ പതനം അഭിമുഖീകരിക്കേണ്ടിവരുന്പോള്‍ ആദ്യമായി വിസ്മരിക്കുക അവരുടെ വേരുകളും പൈതൃകങ്ങളുമാണെന്ന് ചരിത്രകാരനായ ആഷ്ഗേറ്റ്സ് പറയുന്നുണ്ട്. ഇന്നലെകളെക്കുറിച്ചുള്ള വിസ്മൃതി ഇന്നിന്‍റെ അവഹേളനങ്ങളെ വാങ്ങിവെക്കാനും നാളെയെക്കുറിച്ചുള്ള ശുഭചിന്തകള്‍ കൈവെടിയാനും ഒരു ജനതയെ നിര്‍ബന്ധിക്കുമത്രെ. വേരുകള്‍ മറന്ന മനുഷ്യന്‍ ജീവഛവങ്ങളായി മാറുക എളുപ്പമാണ്.

വേരുകളെയും പൈതൃകങ്ങളെയും കുറിച്ച് ചിന്തിച്ചുപോയത് ചന്ദ്രിക എത്തിപ്പെട്ട അവസ്ഥ കണ്ടപ്പോഴാണ്. കേരളത്തില്‍ സര്‍വ്യോ മുസ്ലിംലീഗിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നത് 1937ല്‍ ആണെങ്കില്‍ അതിനു വര്‍ഷങ്ങള്‍ക്കു മുന്പെ തന്നെ ചന്ദ്രിക എന്ന പ്രസിദ്ധീകരണം അതിന്‍റെ ദൗത്യം ആരംഭിച്ചിരുന്നു. തലശ്ശേരിയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ നേടിയെടുത്ത രാഷ്ട്രീയ ചിന്തകളാണത്രെ ഒരു പത്രം ആരംഭിക്കേണ്ടതിലേക്ക് ചില നേതാക്കളെ ചിന്തിപ്പിച്ചത്. മുഹമ്മദ് സത്താര്‍ സേട്ട് കെ എം സീതിസാഹിബ് എ കെ കുഞ്ഞിമായന്‍ഹാജി സി കെ പി മമ്മുക്കേയി തുടങ്ങിവരായിരുന്നു ഇത്തരമൊരു ജിഹ്വയുടെ പിറവിക്കു ധൈഷണികവും സാന്പത്തികവുമായ പിന്‍ബലം നല്‍കിയത്. ഒരു പതിറ്റാണ്ട് മുന്പ് തുടങ്ങിയ അല്‍അമീന്‍ എന്ന പത്രം രംഗത്തുള്ളപ്പോള്‍ തന്നെയാണ് ചന്ദ്രികയെന്ന പ്രതിവാരപത്രം ഉയിര്‍കൊള്ളുന്നത്. 1938 ആയപ്പോഴേക്കും ദിനപത്രമായി മാറിയതില്‍ നിന്നു തന്നെ സമുദായം ചന്ദ്രികയെ ഏതുവിധം നെഞ്ചിലേറ്റി എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിന്നീട് ഈ പത്രം കോഴിക്കോട്ടേക്ക് പറിച്ചു നട്ടതോടെ വളര്‍ച്ചയുടെ പുതിയ പടവുകള്‍ പിന്നിട്ടു. യുവാക്കളിലെ കര്‍മാഗ്നിയെ ഊതിക്കത്തിക്കാന്‍ ആ പത്രത്തിനു സാധിച്ചതുകൊണ്ടാണ് യുവാവായ സിഎച്ച് മുഹമ്മദ് കോയയെപ്പോലുള്ളവരില്‍ നാല്‍പതുകളില്‍ ചന്ദ്രികയില്‍ ജോലി ചെയ്യണമെന്ന ആഗ്രഹം വളര്‍ത്തിയത്. സിഎച്ചിന്‍റെ സതീര്‍ഥ്യനായിരുന്ന പ്രഫ. ടി അബ്ദുല്ല ഒരു അനുഭവം പങ്കുവെച്ചത് ഓര്‍ത്തുപോവുകയാണ്. സായാഹ്നങ്ങളില്‍ കോഴിക്കോട് വൈഎംസിഎ റോഡിലൂടെ നടന്നുപോകുന്ന കാലം. ചന്ദ്രികക്ക് മുന്നിലെത്തുന്പോള്‍ സിഎച്ച് കുറേ നേരം അങ്ങോട്ട് നോക്കിനില്‍ക്കുമായിരുന്നുവത്രെ. എന്താണ് ഇത്ര നോക്കാന്‍ മാത്രം അവിടെ എന്നു ചോദിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ സിഎച്ച് നല്‍കിയ മറുപടി ഇതാണത്രെ: നോക്കിക്കോ. നാളെ ഞാന്‍ ഈ പത്രത്തിന്‍റെ എഡിറ്ററാവും.

സിഎച്ച് അങ്ങനെ ചന്ദ്രികയുടെ സബ്എഡിറ്ററും ചീഫ് എഡിറ്ററുമൊക്കെയായി. ജനകീയാടിത്തറ ദുര്‍ബലമായിരുന്ന മുസ്ലിംലീഗിനെ കെട്ടിപ്പടുക്കാനും സമുദായത്തിന് ആത്മവിശ്വാസം പകരാനും ചന്ദ്രികയുടെ താളുകള്‍ പ്രയോജനപ്പെടുത്താനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം കേള്‍വിയും കേള്‍പ്പോരുമില്ലാത്ത ഒരു ജനതയില്‍ ആവേശം സന്നിവേശിപ്പിച്ചു. മുസ്ലിംലീഗിനെതിരെയുള്ള അസ്ത്രങ്ങളെ നിഷ്പ്രഭമാക്കാനും തന്‍റെ ശുഷ്ക്കമായ ഭാഷയെ പരിപോഷിപ്പിക്കാനും വരണ്ട ശൈലിയെ ഉന്മിഷിത്താക്കാനും ആ നേതാവ് ആഹോരാത്രം ശ്രമിച്ചു. മുസ്ലിംലീഗ് ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ചരിത്രസന്ധിയായിരുന്നു അത്. അസ്പൃശ്യരായിക്കഴിഞ്ഞ പ്രസ്ഥാനത്തെ ഇലകൂട്ടി പോലും തൊടാന്‍ കോണ്‍ഗ്രസോ അവരുടെ നേതാക്കളോ തയാറാവാതിരുന്ന വേദനാജനകമായ കാലഘട്ടം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കേരളത്തില്‍ ആദ്യമായി കാലുകുത്തിയപ്പോള്‍ മുസ്ലിം ലീഗിനെതിരെ നടത്തിയ പരിഹാസം മുസ്ലിംലീഗിന്‍റെ നെഞ്ചത്താണ് ചെന്നുതറച്ചത്. മുസ്ലിംലീഗ് ചത്തകുതിരയല്ലേ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ സിഎച്ച് ചന്ദ്രികയിലൂടെ ആണത്തമുള്ള മറുപടി നല്‍കി: അല്ല ഉറങ്ങിക്കിടക്കുന്ന സിംഹമാണ് എന്ന്. അതുകേട്ട ലീഗണികള്‍ കോരിത്തരിച്ചു. പച്ചപ്പതാക കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കാന്‍ ദൃഢനിശ്ചയമെടുത്തു. മന്നത്ത് പത്മനാഭനെപ്പോലുള്ള സമുദായ നേതാക്കള്‍ നായര്‍സമൂഹത്തെ മേല്‍ഗതിയിലേക്ക് നയിക്കാന്‍ വിജ്ഞാനത്തിന്‍റെ രാജപാത തെരഞ്ഞെടുക്കുന്നതുകണ്ട് ആവേശം പൂണ്ട സിഎച്ച് പിന്നാക്കത്തിന്‍റെ കാവടി വലിച്ചെറിയൂ എന്നും പഠിക്കൂ പഠിക്കൂ വീണ്ടും പഠിക്കൂ എന്നും ആഹ്വാനം ചെയ്തത് തന്‍റെ പ്രിയപ്പെട്ട ജിഹ്വയിലൂടെയായിരുന്നു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന മുഹമ്മദ് ഗനിയെ കാലിക്കറ്റ് വാഴ്സിറ്റി വൈസ്ചാന്‍സലറാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സിഎച്ച് തീരുമാനിച്ചപ്പോള്‍ ഈ ഗനി ആര്. എന്നു ചോദിച്ച് സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവര്‍ എതിര്‍പ്പുമായി വന്നു. അപ്പോള്‍ സങ്കുചിതമായി ചിന്തിക്കുന്നവരുടെ വായ അടപ്പിക്കുംവിധം ധീരമായ മുഖപ്രസംഗമെഴുതാന്‍ അന്നത്തെ പത്രാധിപര്‍ വി സി അബൂബക്കറിന് ധ്യൈം പകര്‍ന്നത് ചന്ദ്രിക കരുത്തായിരുന്നു.

റഹീം മേച്ചേരിയുടെ കാലം വന്നപ്പോള്‍ ലീഗ്മുഖപത്രത്തിന്‍റെ രാഷ്ട്രീയ വീക്ഷണത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നു. ലീഗ് അണികള്‍ക്ക് മുന്പൊന്നുമില്ലാത്ത വിധം ആത്മവിശ്വാസം ചൊരിഞ്ഞു കൊടുക്കാന്‍ മേച്ചേരിയുടെ രാഷ്ട്രീയ അറിവുകള്‍ക്കും ഓര്‍മകള്‍ക്കും സാധിച്ചു. പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കെതിരെഅവര്‍ മുന്നണിയുടെ ഘടകകക്ഷിയാവട്ടെ അല്ലാതിരിക്കട്ടെ മുഖം നോക്കാതെ മറുപടി നല്‍കാനും ലീഗിന്‍റെ ഇസ്സത്ത് ഉയര്‍ത്തിപ്പിടിക്കാനും മേച്ചേരിയുടെ ശക്തമായ ഭാഷയും കുറിക്കുകൊള്ളുന്ന രാഷ്ട്രീയവാദങ്ങളും യുക്തിസഹമായ കാഴ്ചപ്പാടുകളും ചെറിയ പങ്കൊന്നുമല്ല വഹിച്ചത്. ചന്ദ്രികയില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ക്ക് മറുപടി പറയാന്‍ പി ഗോവിന്ദപിള്ളയെപ്പോലുള്ള പ്രഗത്ഭരെ സിപിഎമ്മുകാര്‍ക്ക് ഒരുക്കി നിര്‍ത്തേണ്ട സാഹചര്യം വന്നുപെട്ടതിനെക്കുറിച്ച് പിജി തന്നെ പിന്നീട് അനുസ്മരിക്കുകയുണ്ടായി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും ലീഗ് മുഖപത്രം വായിച്ചാലേ എ്യെജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയം മനസ്സിലാവൂ എന്ന അവസ്ഥയുണ്ടായി.

ആ ജിഹ്വയുടെ പതനം ഏത് തമോഗര്‍ത്തത്തിലാണ് എത്തിനില്‍ക്കുന്നത് എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടികളെക്കുറിച്ചുള്ള മുഖപ്രസംഗം ഉയര്‍ത്തിയ വിവാദം വിളിച്ചുപറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ദേശീയതലത്തില്‍ നേരിട്ട കോണ്‍ഗ്രസില്‍ റാഡിക്കലായ മാറ്റം അനിവാര്യമാണെന്ന് ഓര്‍മപ്പെടുത്തുന്ന ലീഗ്ജിഹ്വ കയ്പേറിയ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധതിരിച്ചുവിട്ടത് ഇങ്ങനെ: ആറു ദശാബ്ദം പിന്നിട്ട രാജ്യത്തിന്‍റെ ജനാധിപത്യചരിത്രത്തില്‍ 128 വര്‍ഷത്തെ പാരന്പര്യം കൈമുതലായ രാഷ്ട്രീയപ്പാര്‍ട്ടിയെ ജനം എന്തുകൊണ്ട് പൊരിവെയിലത്തു നിര്‍ത്തിയെന്നു ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതുണ്ട്. നേതൃത്വത്തിന്‍റെ രാജി ഗവണ്‍മെന്‍റിന്‍റെ നേട്ടങ്ങള്‍ എന്നിവ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ പതിവു പല്ലവികളും അതിനുള്ള സ്ഥിരം കുറിപ്പടികളും മാത്രം മതിയാകില്ല ഈ മുറിവുകളുണക്കുവാന്‍. ബിജെപിയെ പോലും ഞെട്ടിച്ച പതനമായിരുന്നു കോണ്‍ഗ്രസിന്‍റേത്. ഉപര്യുക്ത വാക്കുകള്‍ ഒരു ശരാശരി രാഷ്ട്രീയ അവലോകനത്തിന്‍റെ നാല്‍പത് മാര്‍ക്ക് പോലും അര്‍ഹിക്കാത്ത വിലയിരുത്തലായേ ആര്‍ക്കും തോന്നൂ. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിംലീഗിന് ഈ വിധം വിലയിരുത്തുന്നതിന് എല്ലാ അവകാശങ്ങളുമുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ക്ക്് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച ഒരു ദുരന്തത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ട ബാധ്യത പാര്‍ട്ടി പത്രത്തിനുണ്ട്. എന്നാല്‍ ഈ വരികള്‍ കാണേണ്ട താമസം കോണ്‍ഗ്രസുകര്‍ക്ക് ഹാലിളകി. അതിനു പ്രധാനകാരണം ഈ തിരിച്ചടികള്‍ക്കെല്ലാം ഉത്തരവാദിയായ പ്രചാരണത്തിന്‍റെ അമരത്തുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ്. മുഖപ്രസംഗം തുടരുന്നതിങ്ങനെ: ഒന്നാമതായി പ്രചാരണഘട്ടത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസിനു ഗുണം ചെയ്തില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ മനസ്സ് തൊടാനുള്ള രാഹുലിന്‍റെ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന വേളയില്‍ തന്നെ ഈ ഊരുചുറ്റലുകള്‍ മാത്രം മതിയായിരുന്നില്ല ഇന്ത്യയുടെ ആത്മാവ് തൊടാന്‍ എന്നു കൂടി അറിയണമായിരുന്നു.

ഈ വരികള്‍ കാണേണ്ട താമസം കോണ്‍ഗ്രസുകാരുടെ രാജഭക്തിയും നെഹ്റുകുടുംബ പ്രേമവും അണപൊട്ടിയൊഴുകി. പിന്നെ നാം കാണുന്നത് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലൂടെയുള്ള അധിക്ഷേപ അപഹാസ്യ പ്രസരണമാണ്. മെയ് 22ന്‍റെ മുഖപ്രസംഗത്തിന്‍റെ ശീര്‍ഷകം തന്നെ ലീഗിന്‍റെ സപ്തനാഡികളെയും വരിഞ്ഞു മുറുക്കുന്നതായിരുന്നു: ഓതിക്കനെ ഓത്തു പഠിപ്പിക്കരുത് ലീഗിനെ കൊച്ചാക്കാനും പാണക്കാട് തങ്ങളെ അവമതിക്കാനും മുഖപ്രസംഗത്തില്‍ പ്രയോഗിച്ച ചില വാചകങ്ങള്‍ എടുത്തുദ്ധരിക്കട്ടെ: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ഒരു റോളും ഇല്ലാതിരുന്ന മുസ്ലിംലീഗ് ഗ്യാലറിയിലിരുന്ന് കളി ഉപദേശിക്കുകയാണ്… മലപ്പുറത്തെ സെവന്‍സ് ഫുട്ബോളില്‍ അടിയെടാ ഗോള്‍ എന്ന് അട്ടഹസിക്കുന്നത് പോലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കളിന്യായം പറയാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിരവധി വേനലും വറുതിയും കണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വീഴ്ച തിരുത്തി വീണ്ടും തിരികെവരാന്‍ കോണ്‍ഗ്രസിന് മുസ്ലിംലീഗിന്‍റെ എന്‍ട്രന്‍സ് കോച്ചിംഗോ പാര്‍ട്ടി മുഖപത്രത്തിന്‍റെ ഹോം ട്യൂഷനോ ആവശ്യമില്ല. മുസ്ലിം ജനസംഖ്യ ഇരുപത്തഞ്ച് ശതമാനത്തോളമുള്ള പശ്ചിമബംഗാളിലും യുപിയിലും ഒരു പഞ്ചായത്ത് അംഗത്തെപ്പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്ത മുസ്ലിംലീഗ് കേരളമാണ് ഇന്ത്യ എന്ന ധാരണ തിരുത്തണം. തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ പരുക്ക് മാറ്റാനുള്ള ചികിത്സയും ചികിത്സകരും കോണ്‍ഗ്രസില്‍ തന്നെയുണ്ട്. മുസ്ലിംലീഗിന്‍റെ മന്ത്രവാദമോ യൂനാനി ചികിത്സയോ ആവശ്യമില്ല… വ്യക്തികേന്ദ്രീകൃതമല്ലാത്ത ഒരു പാര്‍ട്ടിയെ ചൂണ്ടിക്കാട്ടാന്‍ ലീഗ് പത്രത്തിനു സാധിക്കുമോ? പാണക്കാട്ടെ ആത്മീയ നേതൃത്വമല്ലേ ലീഗിന് നിത്യഹരിതം പകരുന്നത്?…. നൂറ്റിയിരുപത്തിയെട്ട് കൊല്ലത്തെ കോണ്‍ഗ്രസിന്‍റെ ചരിത്രം അത്തരം മതപാഠങ്ങളുടെ ബൃഹത്സഞ്ചയമാണ്. ഓതിക്കനെ ഓത്ത് പഠിപ്പിക്കാനും ആശാന് അടവ് പറഞ്ഞു കൊടുക്കാനുമുള്ള പ്രത്യയശാസ്ത്ര സന്പത്ത് തങ്ങള്‍ക്കില്ലെന്ന് ലീഗിലെ ജ്ഞാനോപദേശികള്‍ മനസ്സിലാക്കണം.

വീക്ഷണം അങ്ങേയറ്റംവരെ ചെന്നു. അതും ഒരു തെരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഊണും ഉറക്കവുമൊഴിച്ച് ലീഗ് പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്തു വിയര്‍പ്പ് തുടച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍. നിര്‍ഭാഗ്യവശാല്‍ നമുക്ക് കാണേണ്ടിവന്നത് ആത്മാഭിമാനവും ആത്മബോധവും നഷ്ടപ്പെട്ട ഒരുകൂട്ടം നേതാക്കള്‍ രാഷ്ട്രീയമിത്രങ്ങളുടെ ചവിട്ടേറ്റ് പിടയുന്പോഴും അവരുടെ കാലുകളില്‍ നമ്രശിരസ്കരായി വീഴുന്നതും തൃക്കാലിണകളില്‍ സുജൂദ് ചെയ്യുന്നതുമാണ്. മുസ്ലിംലീഗിനെ കിട്ടാവുന്ന വാക്കുകള്‍ മുഴുവന്‍ ഉപയോഗിച്ച് ഇകഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടും അതില്‍ അശേഷം കുണ്ഠിതപ്പെടാതെ പാര്‍ട്ടി ചെയ്തത് പാര്‍ട്ടി ജിഹ്വ ചെയ്തത് ആര്‍ക്കും പൊറുക്കാനാവാത്ത അപരാധമാണ് എന്ന് സ്വയം സമ്മതിച്ചു കൊണ്ട് അപരാധം ചെയ്തവരെ വെറുതെ വിടില്ല എന്നൊരു പ്രഖ്യാപനമാണ്. കോണ്‍ഗ്രസുകാരെ തൃപ്തിപ്പെടുത്താനുള്ള പൗരുഷമില്ലാത്ത ഈ നിലപാട് കണ്ട് ലീഗണികള്‍ ഞെട്ടി. ഇന്ദ്രപ്രസ്ഥത്തിലുള്ള പാര്‍ട്ടി അഖില്യോ അധ്യക്ഷന്‍ പാണക്കാട്ടേക്ക് ധൃതിപിടിച്ച് വിമാനം കയറാന്‍ മാത്രം വലിയ അപരാധമാണത്രെ ചന്ദ്രിക നിരുപദ്രകരമായ ആ മുഖപ്രസംഗത്തിലൂടെ ചെയ്തത്. ലീഗ് ഉന്നതതലയോഗം ചേര്‍ന്ന ശേഷം കോണ്‍ഗ്രസിനെതിരെ അക്ഷരം നിരത്തിയ എഡിറ്റര്‍മാര്‍ക്ക് എതിരെ കടുത്ത നടപടി എടുക്കാന്‍ പോവുകയാണെന്ന് ഇ അഹമ്മദ് വികാരഭരിതനായി പറഞ്ഞു. പണ്ട് ശ്രീമതി ഇന്ദിരാഗാന്ധി തോറ്റന്പിയപ്പോള്‍ പോലും തങ്ങള്‍ കമാ എന്ന് ഉരിയാടിയിട്ടില്ലെന്നും വിധേയത്വത്തിന്‍റെയും ദാസ്യത്തിന്‍റെയും ആ പാരന്പര്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമുള്ള ഉറച്ച സന്ദേശമാണ് എണ്‍പതിന്‍റെ നിറവിലും ഇ അഹമ്മദ് ചന്ദ്രികയിലിരിക്കുന്നവര്‍ക്ക് കൊടുത്തത്.

പാര്‍ട്ടി നേതാക്കളുടെ ചിരിക്കുന്ന മുഖങ്ങള്‍ മുറതെറ്റാതെ പ്രസിദ്ധീകരിക്കാനുള്ള ഒരു അങ്ങാടിച്ചുമര് എന്നതിലപ്പുറം പത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന് ന്യൂസ്റൂം എന്നോ മനസ്സിലാക്കിവച്ചിട്ടുണ്ട്. ഈ കടമ പത്രാധിപന്മാര്‍ ഭംഗിയായി നിറവേറ്റുന്ന കാലത്തോളം ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസുകാരെ തണുപ്പിക്കാന്‍ വേണ്ടി മാത്രമാണ് മീഡിയക്കു മുന്നില്‍ നേതാക്കള്‍ ഗീര്‍വാണങ്ങള്‍ മുഴക്കിയത്.

ശാഹിദ്

You must be logged in to post a comment Login