ദുബൈയില്‍ കുടുംബസമേതം താമസിക്കുന്ന സുഹൃത്തിന്‍െറ മകള്‍ക്ക് വിവാഹാലോചനയുമായി എന്‍െറ ബന്ധുവിനെ സമീപിച്ചപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നത് വീട്ടകത്തുനിന്നായിരുന്നു. വിദ്യാഭ്യാസവും മതനിഷ്ഠയുമുള്ള കുടുംബമായതുകൊണ്ട്് പ്രൊപോസല്‍ പരിഗണിക്കാവുന്നതേയുള്ളൂവെന്ന് സുഹൃത്ത് ആവേശത്തോടെ പറഞ്ഞപ്പോഴേക്കും ഗൃഹനായിക അകത്തുനിന്ന് എതിര്‍പ്പിന്‍െറ സ്വരമുതിര്‍ത്തു ഗള്‍ഫില്‍ പഠിച്ചുവളര്‍ന്ന പെണ്‍കുട്ടിയാണെങ്കില്‍ നമുക്ക് വേണ്ടാ എന്ന് അറുത്തുമുറിച്ചു പറയുന്നത് കേട്ടപ്പോള്‍ സ്തബ്ധനായി സുഹൃത്തിനെ നോക്കി. അകത്തുനിന്ന് വിശദീകരണം ഉടനടി വന്നു ഗള്‍ഫില്‍ പഠിച്ചുവളര്‍ന്ന കുട്ടികള്‍ക്ക് ഒരു കുന്തോം അറിയില്ല. ഫ്ളാറ്റിന്റുള്ളില് കെട്ടിയിട്ടു വളര്‍ത്തുന്നതുകൊണ്ട് മനുഷ്യന്മാരോട് പെരുമാറാന്‍ പോലും പഠിക്കൂലാ. നമ്മുടെ നബീസൂന്െറ മോന്‍െറ ഗതി എന്‍െറ മോനും ഉണ്ടാവേ? തൊലി വെളുപ്പും പൊണ്ണത്തടിയും കൊണ്ട് എന്താ കാര്യം?
പ്രവാസികളുടെ മക്കളെക്കുറിച്ച് ഇങ്ങനെയും ചില ധാരണകള്‍ സ്ത്രീകള്‍ക്കിടയില്‍ പരന്നിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ ഉത്തരം മുട്ടി. വിവിധ രാജ്യത്തെ ജനങ്ങളുമായി ഇടപഴകാനും അവരുടെ ജീവിതം കണ്ടുപഠിക്കാനും അവസരം കിട്ടുന്ന കുട്ടികള്‍ എങ്ങനെ ഇപ്പറയുംവിധം മന്ദബുദ്ധികള്‍ ആവും? ഏതോ ചില അപവാദങ്ങള്‍ എടുത്തുകാട്ടി ഗള്‍ഫ് പെണ്‍കിടാങ്ങളെ മൊത്തം ഇകഴ്ത്തിക്കെട്ടുന്നത് ശരിയാണോ? സൗദിയില്‍ ഈ ലേഖകനു കാണാന്‍ കഴിഞ്ഞ കുട്ടികളെല്ലാം സ്മാര്‍ട്ടാണ്. മാത്രമല്ല, നല്ല മതബോധം കൊണ്ട് ഒരു കുടുംബത്തിനോ പ്രദേശത്തിനോ വെളിച്ചം വിതറാന്‍ മാത്രം പ്രാപ്തരാണെന്നും തോന്നിയിട്ടുണ്ട്. സുഹൃത്തിന്‍െറ ഭാര്യ നടത്തിയ കമന്റുകളില്‍ വല്ല കഴന്പുമുണ്ടോയെന്ന് മുപ്പതുവര്‍ഷം കുവൈത്തില്‍ കഴിഞ്ഞ ഒരു പ്രവാസി സുഹൃത്തിനോട് ചോദിച്ചപ്പോള്‍ ഗള്‍ഫില്‍ ജീവിച്ചുവളര്‍ന്ന തന്‍െറ പെണ്മക്കളുടെ കാര്യത്തില്‍ താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ അദ്ദേഹം നിരത്തി. കുട്ടികള്‍ പുറമേക്ക് വളരെ സ്മാര്ട്ടായിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ ജീവിതവുമായി ഇണങ്ങിപ്പോവാന്‍ അവര്‍ക്ക് വല്ലാതെ പ്രയാസപ്പെടേണ്ടിവരുന്നു. കടമെടുത്ത ഭാഷയിലായിരിക്കും പലപ്പോഴും സംസാരിക്കുക. ദൈനംദിന ഇടപെടലുകളില്‍ എവിടെയൊക്കെയോ പിഴക്കുന്നു. മറ്റുള്ളവര്‍ക്ക് കൃത്രിമത്വം തോന്നുന്ന പെരുമാറ്റം ചിലപ്പോള്‍ ദാന്പത്യപ്പൊരുത്തക്കേടിനു പോലും വഴിവെക്കുന്നു.
എവിടെയും ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയമാണിത്. ഗള്‍ഫ് പ്രവാസം മൂന്നാം തലമുറയിലേക്ക് കടക്കുന്പോള്‍ എത്രയോ അഭ്യസ്തവിദ്യരും ബിസിനസ്സുകാരും സാന്പത്തിക ഭദ്രത കൈവരുന്നതോടെ ഭാര്യയെയും മക്കളെയും മരുഭൂമിയിലേക്ക് പറിച്ചുനടുന്നു. ഒരു ഗള്‍ഫുകാരനെ സംബന്ധിച്ചിടത്തോളം ജീവിതവിജയത്തിന്റെ ചെറിയൊരു അടയാളം കൂടിയാണ് കുടുബസമേതമുള്ള ജീവിതം. ഒരു പക്ഷേ പത്തുശതമാനം പേര്‍ക്കു മാത്രമേ ഇത്തരമൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയൂ. പക്ഷേ, ഇങ്ങനെ മറുനാട്ടില്‍ കുടുംബസമേതം ജീവിക്കുന്ന മാതാപിതാക്കള്‍ ആ ജീവിതം കൊണ്ട് തങ്ങളുടെ മക്കള്‍ക്ക് ചിലതു നഷ്ടപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയാതെ പോകുന്നു. നാട്ടുന്പുറത്തെ ജീവിതത്തിലൂടെ നമ്മുടെ കുട്ടികള്‍ ആര്‍ജിച്ചെടുക്കുന്ന കുറെ അറിവുകളുണ്ട്. ഒരു സര്‍വകലാശാലയില്‍ നിന്നും കിട്ടാത്ത ജീവിതാനുഭവങ്ങളാണവ. നാട്ടിന്‍പുറത്തെ ഒരു കുട്ടി വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്തുന്നതു വരെയുള്ള സമയം ജീവിതത്തെയാണ് കണ്ടുപഠിക്കുന്നത്. പുല്‍മേടുകളും വയലേലകളും ചെമ്മണ്‍പാതകളും ഊടുവഴികളും അവന്‍െറ/അവളുടെ ജീവിതഭാവനകളെ വികസിപ്പിക്കുകയും ശീലങ്ങളും വഴക്കങ്ങളും സന്നിവേശിപ്പിക്കുകയും ചെയ്യുന്നു. പ്രായത്തിന്‍െറ ഓരോ ഘട്ടത്തിലും ജീവിതപരിസരത്തുനിന്നും വീടകങ്ങളില്‍നിന്നും സുഹൃദ്വലയത്തില്‍നിന്നും അവര്‍ നുകര്‍ന്നെടുക്കുന്ന അനുഭവമധുരങ്ങളാണ് അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും ചിന്തയെ ഉന്മിഷത്താക്കുന്നതും. ഗള്‍ഫ് കുട്ടികള്‍ക്ക് അനുഭവിക്കാന്‍ യോഗമില്ലാത്ത ഈ അനുഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ എന്താണ് പോംവഴിയെന്ന് ആരും ചിന്തിക്കാറില്ല. ജീവിതതാളപ്പിഴകളെ കൃത്രിമമാര്‍ഗങ്ങളിലൂടെ മറികടക്കാന്‍ ശ്രമിക്കുന്ന ഗള്ഫുകാര് പല കാര്യങ്ങളിലും കൂടുതല്‍ അപകടങ്ങളിലേക്കോ അബദ്ധങ്ങളിലേക്കോ ആണ് വഴുതിവീഴാറ്.
ഗള്‍ഫ് മക്കള്‍ക്ക് പ്രധാനമായും നിഷേധിക്കപ്പെടുന്നത് കുടുംബബന്ധങ്ങളുടെ ഊഷ്മളതയാണ്. ഉമ്മയിലും ഉപ്പയിലും ഒന്നോ രണ്ടോ സഹോദരങ്ങളിലും പരിമിതപ്പെടുന്ന കുടുംബജീവിതത്തിന്‍െറ ഫ്ളാറ്റിലെ കുടുസ്സായ ലോകത്ത് പുതിയ തലമുറ ശ്വാസം മുട്ടിയാണ് ജീവിക്കുന്നതെന്ന് പലരും മനസ്സിലാക്കാറില്ല. സ്നേഹപ്രവാഹത്തിന്െറ വറ്റാത്ത ഉറവകളായ ഉപ്പാപ്പമാരും ഉമ്മാമമാരും അമ്മായിമാരുമെല്ലാം കുട്ടികളുടെ അവകാശങ്ങളും അഭയങ്ങളുമാണെന്ന സത്യം പോലും കൈമോശം വന്ന വിധത്തിലാണ് പലരും പെരുമാറാറ്. കുട്ടികളെ അവരുടെ അറുത്തുമാറ്റപ്പെട്ട വേരുമായി ബന്ധിപ്പിക്കാന്‍ എത്രപേര്‍ ഉല്‍സാഹം കാട്ടാറുണ്ട്? യഥാര്‍ഥത്തില്‍, അവധിക്കാലം ഈ ബന്ധങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായാണ് ഉപയോഗപ്പെടുത്തേണ്ടത്. കുടുംബബന്ധങ്ങളെക്കുറിച്ച് കുട്ടികളില്‍ ബോധമുണര്‍ത്താനും അടുത്തതും അകന്നതുമായ ബന്ധുക്കളുമായി കണ്ണിചേര്‍ക്കാനും പരാജയപ്പെടുന്പോള്‍ താന്‍ എല്ലാം നഷ്ടപ്പെട്ടവനായി മാറുകയാണെന്ന് ഗള്ഫുകാരനറിയാതെ പോകുന്നു. ഗള്‍ഫില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് തന്നെ മക്കളെയും കൊണ്ട്് ഊട്ടിക്കോ മൂന്നാറിലേക്കോ കൊടൈക്കനാലിലേക്കോ ടൂര്‍ പോകാന്‍ നിയ്യത്ത് ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികളുടെ മാനസികോല്ലാസമാണ് ലക്ഷ്യമിടുന്നതെങ്കില്‍ അവര്‍ക്കു തെറ്റി. ദുബൈ, കുവൈത്ത്, റിയാദ് പോലുള്ള വന്‍ നഗരങ്ങളും അല്‍ഐന്‍, സലാല, അബ്ഹ പോലുള്ള പ്രകൃതിരമണീയ മേഖലകളും ചുറ്റിക്കാണാന്‍ അവസരം ലഭിക്കുന്ന പ്രവാസിയെ നമ്മുടെ നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറെ മാലിന്യങ്ങളും സാന്പത്തിക ചൂഷണങ്ങളുമല്ലാതെ മറ്റെന്താണ് മാടിവിളിക്കുന്നത്. ഒഴിവുകാല പിക്നിക്കുകള്ക്കുപകരം കുടുംബ വേരിലേക്കുള്ള തിരിച്ചുപോക്കിനാവണം പ്രവാസികള്‍ പ്രാധാന്യം കല്പിക്കേണ്ടത്. തറവാട് മുറ്റങ്ങളില്‍ കളിച്ചും വീടകങ്ങളില്‍ സ്നേഹം നുകര്‍ന്നും നാടന്‍ വിഭവങ്ങള്‍ വിളന്പിയും മുത്തശ്ശിമാരുടെ മടിയിലേക്ക് തിരിച്ചുവിട്ടും പുതിയൊരു ലോകം പുതുതലമറുക്ക് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ ജീവിതമൂല്യങ്ങളിലേക്കും കുടുംബബന്ധങ്ങളുടെ ഈടുവെപ്പുകളിലേക്കും കുഞ്ഞുങ്ങള്‍ താനേ ലയിച്ചുചേരുമെന്നുറപ്പാണ്. നമ്മുടെ നാടിന്‍െറ സൗഭാഗ്യങ്ങള്‍ പരമാവധി അനുഭവവേദ്യമാക്കാനായിരിക്കണം കുഞ്ഞുങ്ങളുടെ അവധിക്കാലം നീക്കിവെക്കേണ്ടത്. സന്പന്നതയുടെ ജാടയല്ല, ലാളിത്യത്തിന്‍െറ തനിമയാവണം അവിടെ നിയന്ത്രിക്കേണ്ടത്. ഈ വിഷയത്തില്‍ പലപ്പോഴും പൊങ്ങച്ചക്കാരികളായ ഉമ്മമാരായിരിക്കും കുട്ടികളെ വഴിതെറ്റിക്കുന്നത്. മോന് ന്യൂഡില്സേ തിന്നൂ എന്ന് വീരസ്യം പറഞ്ഞ് നാടന്‍ വിഭവങ്ങള്‍ കഴിക്കുന്നതില്‍നിന്ന് നിരുല്സാഹപ്പെടുത്തുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. നാട്ടിന്പുറത്തു സുലഭമായ മാങ്ങയും ചക്കയുമൊക്കെ തിന്നുന്നത് ഗള്ഫുകാരന് കുറച്ചിലാണെന്ന് കരുതുന്ന പന്പരവിഡ്ഡികളും കുറവല്ല. ചക്ക തിന്നാത്തതിന്െറ കുറവ് തന്‍െറ മക്കളുടെ ശരീരവളര്‍ച്ചയില്‍ കാണാനുണ്ട് എന്ന് മനസ്സിലാക്കുന്പോഴാണ് ഉമ്മയുടെ യഥാര്‍ഥ സ്നേഹം പ്രകടമാവുന്നത്.
പുസ്തകങ്ങളും കന്പ്യുട്ടറുമായി ചങ്ങാത്തം കൂടിയുള്ള ഗള്‍ഫ് ജീവിതത്തിന്‍െറ പരമബോറില്നിന്ന് മോചനം തേടിയുള്ള യാത്ര കൂടിയാണ് കുട്ടികള്‍ക്ക് അവധിക്കാലം. മാനസികോല്ലാസത്തിനു പ്രയോജനപ്പെടുത്തേണ്ട ഈ ഇടവേളയിലും കുട്ടികളെ കരിയര്‍ ഗൈഡന്സിന്െറയും മറ്റും പേരില്‍ ഏതെങ്കിലും മുറിക്കകത്ത് പിടിച്ചുകെട്ടുന്നത് ക്രൂരതയാണ്. രണ്ടാഴ്ചത്തെ, അല്ലെങ്കില്‍ ഒരു മാസത്തെ അവധിക്കു നാട്ടില്‍ എത്തിയ ഉടന്‍ മക്കളെ ട്യൂഷനും ടെസ്റ്റിനും വിടുന്ന പരിപാടി അവരെ ദ്രോഹിക്കുന്നതിനു തുല്യമാണ്. അടുത്ത തവണ നാട്ടിലേക്കു വരാനുള്ള താല്പര്യം പോലും ഇല്ലാതാക്കാന്‍ ഈ ഏര്‍പ്പാട് വഴിവെച്ചുകൂടായ്കയില്ല. അവധിക്കാലത്ത് ഗൗരവമുള്ള ഒന്നിലും ഏര്‍പ്പെടരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. പ്രത്യുത, കുട്ടികള്‍ക്ക് പരമാവധി മാനസികോല്ലാസം നല്‍കാനും മരുക്കാട്ടിലെ ജീവിതത്തില്‍നിന്ന് പൂര്‍ണമായും വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭ്യമാക്കാനുമായിരിക്കണം ശ്രദ്ധിക്കേണ്ടത് എന്നേ ഉണര്‍ത്താനുള്ളൂ.
കാസിം ഇരിക്കൂര്‍
You must be logged in to post a comment Login