ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഡല്‍ഹി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പറുദീസ

ഇന്ത്യയിലെ ഏറ്റവും മികച്ച ബിരുദ കോഴ്സുകള്‍ കൊണ്ടനുഗ്രഹീതമാണ് ഡല്‍ഹി യൂണിവേഴ്സിറ്റി. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ നൂറുകണക്കിന് ഡിഗ്രി കോഴ്സുകളാണ് ഡിയുവിന്‍റെ വിവിധ കോളേജുകളിലുള്ളത്. നിലവാരമുള്ള അധ്യാപനവും മികച്ച അക്കാദമിക സൗകര്യങ്ങളും കൊണ്ട് ഇന്ത്യയിലെ ഏറ്റവും നല്ല സര്‍വ്വകലാശാല എന്ന ഖ്യാതി ഇപ്പോള്‍ ഇന്ത്യയുടെ ഓക്സ്ഫഡ് എന്നറിയപ്പെടുന്ന ഡല്‍ഹി യൂണിവേഴ്സിറ്റിക്കാണുള്ളത്. ഡിയുവിലെ വിവിധ ബിരുദ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി ജൂണ്‍ 16.

ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശന മാനദണ്ഡങ്ങള്‍ തീര്‍ത്തും ലളിതമാണ്. മറ്റ് കേന്ദ്ര സര്‍വ്വകലാശാലകളിലേതു പോലെ ഇവിടെ പ്രവേശന പരീക്ഷയില്ല (ചുരുക്കം ചില പ്രൊഫഷണല്‍ കോഴ്സുകള്‍ക്കൊഴികെ). പ്ലസ്ടുവിന് ലഭിച്ച മൊത്തം മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനം നല്‍കുന്നത്. അറുപത് ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച ഏതൊരു വിദ്യാര്‍ത്ഥിക്കും ഡിയുവില്‍ അപേക്ഷ സമര്‍പ്പിക്കാം. അതേ സമയം, ഉയര്‍ന്ന ശതമാനം മാര്‍ക്കുള്ളവര്‍ക്ക് ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ എഴുപത്തിയെട്ട് ഡിഗ്രി കോളജുകളില്‍ ഏറ്റവും മികച്ച കോളജില്‍ തന്നെ അഡ്മിഷന്‍ നേടിയെടുക്കാം.

കേരളത്തിലെ പ്രവേശന മാനദണ്ഡങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയമില്ലാത്ത കട്ട് ഓഫ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രവേശനം. ഉദാഹരണത്തിന്, ഡിയുവിലെ ഏറ്റവും മികച്ച കോളജുകളിലൊന്നാണ് സെന്‍റ് സ്റ്റീഫന്‍സ് കോളജ്. ഇവിടെ പ്ലസ്ടുവിന് 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നത്. അതേസമയം, 8090നിടയില്‍ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന കോളജുകളും ഇവിടെയുണ്ട്. 7080, 6070 ശതമാനങ്ങളാണെങ്കിലും ചില കോളജുകളില്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞാല്‍ ആദ്യ പ്രവേശന പട്ടിക പുറത്തിറക്കും. ഈ ഷോട്ട്ലിസ്റ്റില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ നിശ്ചിത ദിവസം കഴിഞ്ഞാല്‍ രണ്ടാമത് പ്രവേശന പട്ടിക പ്രസിദ്ധീകരിക്കും. ഇങ്ങനെ മൊത്തം പത്ത് പ്രവേശന പട്ടികകള്‍ ഡിയു പുറത്തു വിടും. ഈ പത്ത് പ്രവേശന പട്ടികയിലേതെങ്കിലും ഒന്നില്‍ പ്രവേശനം ലഭിച്ചിരിക്കും.

ഇനി സുപ്രധാന തീയതികള്‍ ശ്രദ്ധിക്കാം. ജൂണ്‍ 16വരെ ഞായര്‍ ഒഴികെ രാവിലെ ഒന്പതിനും ഒന്നിനുമിടയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് www.du.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷ നല്‍കാം. ജൂണ്‍ 24ന് ആദ്യ പ്രവേശന പട്ടിക പ്രസിദ്ധപ്പെടുത്തും. ഇതില്‍ പ്രവേശനം ലഭിച്ചവര്‍ ജൂണ്‍ 26ന് ഉച്ചക്ക് ഒരു മണിക്ക് മുന്പായി ഫീസ് അടക്കണം (ഫീസിന്‍റെ വിശദ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്). താരതമ്യേന കുറഞ്ഞ ഫീസാണ് മിക്ക കോളജുകളിലും ഉള്ളത്. രണ്ടാമത്തെ ഷോട്ട്ലിസ്റ്റ് ജൂണ്‍ 27ന് പുറത്തുവിടും. ഇതില്‍ പ്രവേശനം നേടിയവര്‍ ജൂണ്‍ 30ന് മുന്പായി അതത് കോളജുകളില്‍ ഫീസ് അടക്കണം. ഇനിയുള്ള പ്രവേശന പട്ടിക പ്രസിദ്ധീകരിക്കുന്ന തീയ്യതികള്‍ മൂന്നാമത്തെ പ്രവേശന പട്ടിക ജൂലൈ 1 (ഫീസ് അടക്കേണ്ട അവസാന തീയ്യതി ജൂലൈ 3). നാലാമത്തെ പട്ടിക ജൂലൈ 4 (ഫീസ് അടക്കേണ്ട അവസാന തീയ്യതി ജൂലൈ 7). അഞ്ച് ജൂലൈ 8 (ജൂലൈ 11). ആറ് ജൂലൈ 11 (ജൂലൈ 14). ഏഴ്ജൂലൈ 14 (ജൂലൈ 16). എട്ട് ജൂലൈ 16 (ജൂലൈ 18). ഒന്പത് ജൂലൈ 18 (ജൂലൈ 19). പത്ത്ജൂലൈ 21 (ജൂലൈ 22).
ഇനി ഡിയുവിലെ ബിരുദ കോഴ്സുകളുടെ പ്രത്യേകതകള്‍ നോക്കാം. എല്ലാ വിഷയങ്ങളിലും നാലു വര്‍ഷത്തെ ബിരുദ കോഴ്സുകളാണ് ഡിയുവിലേത്. രണ്ടു വര്‍ഷം കഴിഞ്ഞ് പഠനം നിര്‍ത്തിയാല്‍ അസോസിയേറ്റ് ബക്കാലുറേറ്റ് ബിരുദം ലഭിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബക്കാലുറേറ്റ് ആവും. നാലുവര്‍ഷത്തെ മുഴുവന്‍ കോഴ്സ് പൂര്‍ത്തിയായാല്‍ ബക്കാലുറേറ്റ് വിത്ത് ഓണേഴ്സ് ഡിഗ്രി ലഭിക്കും.

കഴിഞ്ഞ അധ്യയന വര്‍ഷം മുതലാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നാല് വര്‍ഷത്തെ ബിരുദ കോഴ്സുകള്‍ ആരംഭിച്ചത്. ഇതനുസരിച്ച് ഡിഗ്രിക്ക് പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളും ആദ്യത്തെ രണ്ട് വര്‍ഷത്തിനുള്ളിലായി പതിനൊന്ന് ഫൗണ്ടേഷന്‍ കോഴ്സുകള്‍ ചെയ്യണം. ഇംഗ്ലീഷ്, ഹിന്ദി, മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജ് എന്നീ ഭാഷകളിലായി ഭാഷയും സാഹിത്യവും പഠിക്കണം. കൂടാതെ, ഐടി, മാനേജ്മെന്‍റ്, ഗവര്‍ണന്‍സ് ആന്‍റ് സിറ്റിസണ്‍ഷിപ്പ്, മനഃശാസ്ത്രം, കമ്യൂണിക്കേഷന്‍ ആന്‍റ് ലൈഫ് സ്കില്‍സ്, ജോഗ്രഫിക് ആന്‍ സോഷ്യോ ഇകണോമിക് ഡൈവേഴ്സിറ്റി, പരിസ്ഥിതിയും പൊതുജനാരോഗ്യവും, ബില്‍ഡിംഗ് മാത്തമറ്റിക്കല്‍ എബിലിറ്റി എന്നിവയും ഓരോ ബിരുദ വിദ്യാര്‍ത്ഥിയും പഠിച്ചിരിക്കണം. ലോകത്തെ വിദേശ യൂണിവേഴ്സിറ്റികള്‍ പിന്തുടരുന്ന സമഗ്ര ബിരുദ പഠനമാണ് നാലു വര്‍ഷത്തെ ഡിഗ്രി കോഴ്സുകളില്‍ ഡല്‍ഹി യൂണിവേഴ്സിറ്റി പഠിപ്പിക്കുന്നത്.

ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കോളജുകളും ഡിപ്പാര്‍ട്ടുമെന്‍റുകളും ഡല്‍ഹി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുകയാണ്. സൗത്ത് കാന്പസ്, നോര്‍ത്ത് കാന്പസ് എന്നിങ്ങനെ പ്രധാനമായും രണ്ട് കാന്പസുകളാണ് ഡിയുവിനുള്ളത്. കാന്പസ് അന്തരീക്ഷം തീര്‍ത്തും ക്രിയാത്മകമാണ്. സന്പന്നമായ ലൈബ്രറികളും വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തന പരിശീലനങ്ങളുടെ വൈവിധ്യവും ബിരുദ കോഴ്സ് കഴിഞ്ഞിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒന്നടങ്കം മാറ്റിയിട്ടുണ്ടാവും. ഇന്ത്യയുടെ വിദ്യാഭ്യാസ തലസ്ഥാനം കൂടിയായ ഡല്‍ഹിയിലെ വിവിധ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്താന്‍ ഡിയു വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. യൂണിവേഴ്സിറ്റി ലൈബ്രറി, രത്തന്‍ടാറ്റ ലൈബ്രറി, ലോ ഫാക്കല്‍റ്റി ലൈബ്രറി, ആര്‍ട്സ് ലൈബ്രറി തുടങ്ങിയവ ഇന്ത്യയില്‍ തന്നെ സുപ്രസിദ്ധമായ ലൈബ്രറികളാണ്. പതിനൊന്ന് ഹോസ്റ്റലുകളും ഇവിടെയുണ്ട്.

1992ല്‍ സ്ഥാപിതമാവുന്പോള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് മൂന്നു കോളജുകളേ ഉണ്ടായിരുന്നുള്ളൂ. സെന്‍റ് സ്റ്റീഫന്‍ കോളജ് (1881), ഹിന്ദു കോളജ് 1899), രാംജാസ് കോളജ് (1917) എന്നിവ ഡിയുവായി മാറുകയായിരുന്നു. കേവലം 750 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച ഡിയുവില്‍ ഇന്ന് റഗുലറായി മാത്രം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

കേരളത്തില്‍ ഒരു ബിരുദത്തിന് പ്രവേശനം ലഭിക്കണമെങ്കിലുള്ള വലിയ കടന്പകള്‍ ഒന്നുമില്ലാതെ, തീര്‍ത്തും ലളിതമായ പ്രവേശന മാനദണ്ഡങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥലത്തു തന്നെ ഡിഗ്രിക്ക് അഡ്മിഷന്‍ നേടിയെടുക്കാമെന്നതാണ് ഡിയുവിന്‍റെ പ്രത്യേകത. പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഡിയുവിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓരോ ബിരുദ കോളജിനും പ്രത്യേകം സൈറ്റുകളും ഉണ്ട്. ഡിയു നല്‍കുന്ന നൂറുകണക്കിന് ബിരുദ കോഴ്സുകള്‍ ആദ്യം പരിശോധിക്കുക. ഓരോ കോഴ്സിന്‍റെയും വിശദ വിവരങ്ങള്‍ സൈറ്റിലുണ്ട്. ഈ കോഴ്സുകളില്‍ അഭിരുചിക്കിണങ്ങിയ ഏറ്റവും ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്ത് അപേക്ഷ നല്‍കുക. മികച്ച അക്കാദമികാന്തരീക്ഷത്തിനു പുറമെ, ഓരോ വര്‍ഷവും ഉപരിപഠനത്തിനായി ഓക്സ്ഫഡ്, കാംബ്രിഡ്ജ്, ഹാര്‍വാര്‍ഡ് തുടങ്ങിയ മികച്ച സര്‍വ്വകലാശാലകളിലേക്ക് ഇന്ത്യയില്‍ നിന്ന് അഡ്മിഷന്‍ നേടുന്നവരില്‍ കൂടുതലും ഡിയുവില്‍ പഠിച്ചവരാണ്. കൂടാതെ സിവില്‍ സര്‍വീസ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുയോജ്യമായ കാന്പസാണ് ഡിയു. ഒബിസി വിഭാഗത്തിന് സംവരണവുമുണ്ട്.

യാസര്‍ അറഫാത്ത്

You must be logged in to post a comment Login