ആകെ ഒരു മകളല്ലേയുള്ളൂ. കല്ല്യാണം അങ്ങനെയങ്ങ് ചെറുതാക്കാന്‍ വയ്യല്ലോ. പിന്നെ ഇക്കാലത്ത് കല്ല്യാണം ചെറുതാക്കിയാലും ചീത്തപ്പേരാണ്. പിശുക്ക് കൊണ്ടാണെന്ന് ആളുകള്‍ പറയും.
കല്ല്യാണത്തിനു ക്ഷണിക്കാന്‍ വന്നതാണ് ഒരു പിതാവ്. നാടിളക്കുന്ന കല്ല്യാണമാണെന്നു കേട്ടതുകൊണ്ടാണ് വലിയ പരിപാടിയാണോ എന്നു ചോദിച്ചത്. അതിനു കിട്ടിയ മറുപടിയാണിത്.
പാവം! പിശുക്കനെന്ന ചീത്തപ്പേര് വരാതിരിക്കാനാണത്രെ. ആഴ്ചകള്‍ക്കു മുന്പു തുടങ്ങി പന്തല്‍ നിര്‍മാണം. അന്പന്പോ എന്നാരും പറയുന്ന പടുകൂറ്റന്‍ പന്തല്‍. ഇല്ലാത്ത സൗകര്യങ്ങളില്ല. മുകളിലും വശങ്ങളിലും ചെയ്ത അലങ്കാരപ്പണികളും മറ്റും കണ്ടാല്‍ കണ്ണഞ്ചിപ്പോകും.
തലേന്നു രാത്രി തന്നെ ഒരു പെരും കല്ല്യാണം ഉണ്ടായിരുന്നു. ചിക്കന്‍ ബിരിയാണിയും അതു പറ്റാത്തവര്‍ക്ക് മറ്റെന്തോ ബിരിയാണിയും. തലേന്നല്ലേ, അതുമതി എന്നു വച്ചു. ഗാനമേളയുമുണ്ടായിരുന്നു പാതിരാ കഴിഞ്ഞും. ദൂരെ നിന്നു കൊണ്ടുവന്ന വലിയ പാര്‍ട്ടിയാണ്. ആളു കൂടാതിരിക്കുമോ? കൂടുന്നവര്‍ക്ക് വേണ്ടതൊക്കെ കൊടുക്കാതിരിക്കാനാവുമോ? ചീത്തപ്പേര് വരില്ലേ?
എല്ലാവര്‍ക്കും വേണ്ടതു കിട്ടി.
കല്ല്യാണ ദിനത്തില്‍ പിന്നെ പറയണോ?
കാടക്കും ആടിനുമിടയിലെ തിന്നാവുന്ന ജീവികള്‍ ഏകദേശമെല്ലാം റെഡി. പച്ചക്കറിയന്മാര്‍ക്ക് ഒരു ഭാഗം. സാധാ ചോറും നോണ്‍വെജ് വിഭവങ്ങളുമായി മറ്റൊന്ന്. പിന്നെ പ്രധാനഭാഗം വിവിധ ബിരിയാണികളും കബ്സയും മന്തിയുമെന്തൊക്കെയോ പിന്നെ വേറെയും.
അവിടെ ഇരുന്നു തിന്നാനും ഇരന്നു തിന്നാനും (അതിനു ബുഫെ എന്നുപേര്) സൗകര്യം. പ്രധാന ഭക്ഷണം കഴിഞ്ഞ് കൈ കഴുകിയ ശേഷം തിന്നാന്‍ കെട്ടിത്തൂക്കിയ പഴക്കുലകള്‍. പച്ചക്കറികള്‍ കൊണ്ട് ആന മുതല്‍ മയില്‍ വരെ കലാ രൂപങ്ങള്‍. സ്വദേശിയും വിദേശിയുമായ പഴവര്‍ഗങ്ങള്‍. കട്ടന്‍ചായ, ഖഹ്വ, ഐസ്ക്രീം, മിഠായി, ജിലേബി മൂന്നു നിറങ്ങളില്‍.
ക്ഷമിക്കണം, നിങ്ങളുടെ വയറിന്‍റെ കപ്പാസിറ്റിക്കുറവ് ആതിഥേയന്‍റെ കുറ്റമല്ല എന്ന് അവ മൗനമായി പറയുന്നു. വീഡിയോ ലൈറ്റും തലങ്ങും വിലങ്ങും മിന്നുന്ന ക്യാമറാ ഫ്ളാഷുമായി വെളിച്ച പ്രളയം.
ക്യാമറമാനും, സില്‍ബന്ധികളും കാക്കക്കണ്ണുകളുമായി ബൂട്ടിട്ട് വീട്ടില്‍ അകത്തും പുറത്തും വായുസഞ്ചാരം പോലെയാണ് നടപ്പ്. വീട്ടിലെ അംഗങ്ങള്‍ക്കുപോലും കടന്നുചെല്ലാന്‍ പാടില്ലാത്ത ഇടങ്ങള്‍ അവര്‍ക്കു നിരുപാധികം അനുവദിക്കപ്പെട്ടിരിക്കുന്നു.
സ്റ്റേജ് വലുതൊന്ന് സജ്ജീകരിച്ചിട്ടുണ്ട് അതില്‍ രണ്ടു സിംഹാസനങ്ങളും. അവിടെ എന്തൊക്കെയാണ് നടക്കാന്‍ പോകുന്നതെന്നറിയാന്‍ വരന്‍ വരണം. പശ്ചാത്തലത്തില്‍ ചിത്രം ദന്പതികളുടേത്. നികാഹ് പോലും കഴിഞ്ഞിട്ടില്ലെങ്കിലും എന്നോ ഭാര്യാഭര്‍ത്താക്കളായ പോലെയാണ് ചിത്രങ്ങള്‍. ഒരു നോട്ടമെന്ന അബദ്ധം ആര്‍ക്കും പറ്റുമല്ലോ. പിന്നെ ഉളുപ്പുള്ളവര്‍ നോക്കില്ല.
പറയാന്‍ വിട്ടതൊക്കെ നിങ്ങള്‍ സങ്കല്‍പിച്ചോളൂ. ഒന്നും കൂടുതലാവില്ല.
അതിരുവിട്ട കല്യാണങ്ങളിലൊന്നിന്‍റെ ചെറിയ ചിത്രമാണിത്. സമൂഹത്തില്‍ ഇവ്വിധം ഏറെ നടക്കുന്നുണ്ടിപ്പോഴും. എത്ര ബോധവത്കരണം നടത്തിയാലും ബോധമുണ്ടാകാത്തവര്‍ കുറെയുണ്ടാകുമല്ലോ.
നാം അവരെ ഭയപ്പെടുത്തുന്നു. പക്ഷേ, അതവര്‍ക്ക് വന്‍ വഴികേടിനെ മാത്രമാണ് വര്‍ദ്ധിപ്പിക്കുന്നത് എന്നു ഖുര്‍ആന്‍ പറഞ്ഞ കൂട്ടത്തില്‍ പെട്ടവര്‍.
പണം നല്‍കിയുള്ള പടച്ചവന്‍റെ പരീക്ഷണത്തില്‍ പരാജയപ്പെട്ടവരാണവര്‍. മകന്, മകള്‍ക്ക് ഒരു ഇണയെ നല്‍കുകയാണ് വിവാഹത്തിലൂടെ. അത് അല്ലാഹുവിന്‍റെ അനുഗ്രഹം. പണം ധൂര്‍ത്തടിച്ച് അതിന് നന്ദികേട് കാട്ടാമോ? ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു മിതമായ സദ്യ. അതുപോരേ ആഘോഷം?
രണ്ടു ശബ്ദങ്ങള്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടതാണ്. അനുഗ്രഹവേളയിലെ വാദ്യ സംഗീതവും ആപത്വേളയിലെ വിലാപവും എന്നു നബി(സ) പറഞ്ഞു.
എന്നിട്ടും കാശുള്ള മുസ്ലിം ശാപത്തിനു വേണ്ടിയൊരുങ്ങുകയാണ് കല്ല്യാണ രാത്രിയിലെ ഗാനമേളയിലൂടെ.
പിശുക്കനെന്ന ചീത്തപ്പേര് വരാതിരിക്കാന്‍ കല്ല്യാണം കെങ്കേമമാക്കുന്നവര്‍ ഉദാരമതിയാകേണ്ട സത്കര്‍മങ്ങളില്‍ ഈ ജാഗ്രത കാട്ടാറില്ല. അഗതികളുടെയും അശരണരുടെയും കാര്യമോ ദീനീ സ്ഥാപനങ്ങളുടെ ആവശ്യങ്ങളോ വരുന്പോള്‍ ലുബ്ധ് കൊണ്ട് പേരെടുക്കാന്‍ ഇവര്‍ക്ക് മടിയുണ്ടാകില്ല.
വിവാഹാഘോഷം ഒരു സംഭവമായത് എന്നു മുതലാണ്? നമുക്കു പണക്കൊഴുപ്പേറിയതു മുതല്‍ എന്നാണുത്തരം.
നബി(സ)യുടെയും സ്വഹാബത്തിന്‍റെയും കാലത്തേക്ക് ഉത്തമ കാലത്തേക്ക് നോക്കൂ.
അനുചരന്മാരെയൊക്കെ പങ്കെടുപ്പിച്ച് നാടിളക്കിയൊരു കല്ല്യാണം നബി(സ)യുടെ ജീവിതത്തില്‍ ഉണ്ടായില്ല. നബി(സ)യുടെ നുബുവ്വത് ലബ്ധിക്കു മുന്പായിരുന്നു ഖദീജ(റ)യുമായുള്ള വിവാഹം. എന്നിട്ടും, വധു സന്പന്നയായിട്ടും വിവാഹം ആര്‍ഭാടമായില്ല.
സ്വഹാബികളുടെ സ്ഥിതിയും മറിച്ചല്ല. അബ്ദുറഹ്മാനുബ്നു ഔഫ്(റ) നബിസന്നിധിയില്‍ വന്നപ്പോള്‍ വസ്ത്രത്തില്‍ സുഗന്ധം. ഒരു പുതുമ തോന്നി അന്വേഷിച്ചപ്പോള്‍ ഞാന്‍ വിവാഹിതനായി നബിയേ എന്നു മറുപടി. നബിതിരുമേനിയെപ്പോലും അറിയിക്കാത്ത ആ വിവാഹം എത്ര ലളിതം!
പെരും കല്ല്യാണങ്ങളില്‍ ധൂര്‍ത്തിനു പുറമെ ആക്ഷേപാര്‍ഹമായ വേറെയും ചിലതുണ്ട്. ഉള്ളവന്‍റെ ശക്തിപ്രകടനമായ വിവാഹങ്ങള്‍ ഇല്ലാത്തവന്‍റെ മനസ്സിനെ വേദനിപ്പിക്കുന്നു. ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെട്ടവന്‍റെയും വിവാഹ സ്വപ്നം കരിഞ്ഞു തുടങ്ങിയ മകളുടെയും.
ഇസ്ലാം ചില വിലക്കുകള്‍ക്കെല്ലാം കാരണം പറഞ്ഞത് പാവങ്ങളുടെ മനസ്സ് മുറിപ്പെടുത്തുമെന്നാണ്. അവ ഒഴിവാക്കാന്‍ മുസ്ലിം ബാധ്യസ്ഥനുമാണ്.
എന്നിട്ടും പെരുകുന്ന പെരുംകല്ല്യാണങ്ങള്‍ക്ക് എന്തുണ്ട് ന്യായം?
സ്വാദിഖ് അന്‍വരി
You must be logged in to post a comment Login