നോന്പുകാലത്തെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍ പാപ്പിനിപ്പാറയില്‍ നിന്ന് ആരംഭിക്കുന്നു. കുന്നുകളാല്‍ ചുറ്റപ്പെട്ട ഏറനാടന്‍ ഗ്രാമമാണ് പാപ്പിനിപ്പാറ. ഇപ്പോള്‍ ആ ഗ്രാമത്തിന്റെ ഘടനയൊക്കെ മാറി. എന്റെ കുട്ടിക്കാലത്ത് തീര്‍ത്തും കാര്‍ഷികഗ്രാമമായിരുന്നു അത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. കുന്നുകളിലെ പറങ്കിമാവുകളെ ഞങ്ങള്‍ ആശ്രയിച്ചു. കുന്നുകളില്‍ തട്ടുതട്ടായി കൃഷിയിടങ്ങള്‍. അത് പൂട്ടി ഉരുളന്‍ കല്ലുകള്‍ എടുത്തുമാറ്റി വേണം കൃഷി ചെയ്യാന്‍. കപ്പ മുഖ്യകൃഷി. പക്ഷേ, മോടന്‍ എന്ന കരനെല്ലും നന്നായി വിളഞ്ഞു. ചാമയും എള്ളുമൊക്കെ കൃഷി ചെയ്തു. മുഖ്യകര്ഷകര് മുസല്മാന്മാരായിരുന്നു. കൊങ്ങന്‍ വെള്ളം വന്നുനിറഞ്ഞ് വളക്കൂറുള്ളതായി മാറിയ വയലുകളില്‍ നിറയെ കൃഷിയുണ്ടായിരുന്നു. അവിടെയും മുസ്ലിം കര്‍ഷകരായിരുന്നു കൂടുതലും. അവര്‍ എരുമകളെ വളര്‍ത്തി. കാളകളെയും പോത്തുകളെയും വളര്‍ത്തി. എരുമപ്പാല് മഞ്ചേരി അങ്ങാടിയിലെ ചായക്കടകളിലെത്തിക്കും. ആറേഴു നാഴിക നടന്നുപോണം. നന്നേ പ്രഭാതത്തില്‍ നിറഞ്ഞ പാല്‍പ്പാത്രങ്ങളുമായി അവര്‍ പോവും. ദരിദ്രരായ ഈ കര്‍ഷകരുടെ നോന്പാണ് എന്റെ മനസ്സിലുള്ളത്. ദാരിദ്ര്യത്തിലും അവര്‍ നോന്പുകാലത്തെ പ്രാര്‍ത്ഥനാ പൂര്‍വ്വം വരവേറ്റു. ആരോഗ്യപൂര്‍ണമായ ഒരു ലാളിത്യം അവര്‍ ജീവിതത്തിലുടനീളം നിലനിര്‍ത്തി. നോന്പുകാലം ഭക്ഷ്യമേളകളായിരുന്നില്ല. ഇപ്പോള്‍ എല്ലാറ്റിനും ധൂര്‍ത്താണ്. അതിസന്പന്നത നോന്പുകാലത്തിന്റെ പ്രാര്‍ത്ഥനാപൂര്‍ണമായ നിശ്ശബ്ദതകളെ ഇല്ലാതാക്കുകയാണ്.
നോന്പുകാലം പത്തിരിക്കാലമായിരുന്നു എന്നോര്‍ക്കുന്നു. മണ്‍ചട്ടിയില്‍ ചുട്ടെടുക്കുന്ന അരിപ്പത്തിരി. നോന്പുകാലത്തിന്റെ തയ്യാറെടുപ്പുകളിലൊന്ന് അരി പൊടിച്ചു വെക്കലാണ്. ഉരലിലിട്ട് അരിയിടിക്കുന്ന ശബ്ദം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ആലുംകുന്നിലെ റേഷന്‍കടയില്‍ പച്ചരിക്കായി ക്യൂ കാണാം. എല്ലാവരും റേഷന്‍കടകളെ ആശ്രയിച്ചിരുന്നു മുസ്ലിംകളും ദളിതരും ഉയര്‍ന്ന ജാതിക്കാരുമൊക്കെ. റേഷന്‍ കടയില്‍ പച്ചരി വന്നില്ലെങ്കില്‍ സങ്കടമാവും.
വാച്ചില്ലാത്ത കാലമായിരുന്നു അത്. നിഴലുനോക്കി സമയമളക്കണം. രാത്രി അതുപറ്റില്ല. പള്ളികളിലെ മുട്ടിനുവേണ്ടി ഞങ്ങള്‍ കാതോര്‍ത്തു. നകാരം എന്നൊക്കെ പറയുന്ന ചര്മ്മവാദ്യമാണത്. പള്ളികളിലെ മുട്ട്കേട്ട് ഹിന്ദുക്കളും സമയം ക്രമീകരിക്കുന്ന ഉദാരത സാമുദായികമായ ഇഴയടുപ്പത്തിന്റെ ഭാഗമായിരുന്നു. സമൂഹനോന്പുതുറകളൊന്നും അന്നില്ല. കാര്യസ്ഥന് അലവ്യാക്ക ഒരു ദിവസം നോന്പുതുറക്കാന് വിളിക്കും. പോത്തിറച്ചിയൊന്നും കഴിക്കാത്ത ഞങ്ങള്‍ക്കായി പ്രത്യേകം ഭക്ഷണമുണ്ടാവും. മോഡേണ്‍ ബ്രഡ് പുറത്തുവന്ന കാലമായിരുന്നു അത്. പത്തിരിക്കു പുറമെ അതുമുണ്ടാവും. മൂക്കില്‍ തങ്ങിനില്‍പ്പുണ്ട് ആ ഗന്ധങ്ങള്‍ ഇപ്പോഴും. രാത്രിയില്‍ മുസ്ലിം കുടുംബങ്ങളില്‍ നിന്ന് മതപ്രസംഗം കേള്‍ക്കാനുള്ള യാത്രകളുണ്ട്. സ്ത്രീകളും കുട്ടികളും ഒക്കെയുണ്ടാവും. കുന്നിറന്പിലൂടെ ചൂട്ടുകള്‍ വരിവരിയായി നീങ്ങും.
നോന്പ് കാലത്ത് മുസ്ലിംകള് വയല്‍പ്പണി ചെയ്തിരുന്നത് അത്ഭുതമായിരുന്നു എനിക്ക്. അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള അധ്വാനം. ജപമാലയിലെ ഓരോ മുത്തും നീങ്ങുന്നതുപോലെ കൈക്കോട്ടിന്റെ ചലനം. കൃഷിയും പ്രാര്‍ത്ഥനയായിരുന്നു അവര്‍ക്ക്. പ്രാര്‍ത്ഥനയില്‍ നിന്ന് കായ്ച്ചിറങ്ങുന്ന പാവലും, കോവലും, വെണ്ടയും, പയറും… അന്നപാനീയങ്ങള്‍ വെടിഞ്ഞ് അവര്‍ വയലില്‍ പണിയെടുക്കുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ട്. വിശ്വാസമാണ് ശക്തി. അതുതന്നെ അന്നവും ജലവും. അവര്‍ നല്ല ആരോഗ്യമുള്ളവരായിരുന്നു.
പല കാരണങ്ങള്‍ കൊണ്ട് പരിക്കേറ്റ ശരീരത്തെ റിപ്പയര്‍ ചെയ്യുന്ന കാലമാണ് നോന്പ്. അടിഞ്ഞുകിടക്കുന്ന മേദസ്സുകളെ ഇല്ലാതാക്കല്‍. മനസ്സിനെയും റിപ്പയര്‍ ചെയ്യാം. ഒരാണ്ടിലെ ചെയ്തികളെ പുനഃപരിശോധിക്കാം. തിരുത്താം.
നോന്പ് ദിവസങ്ങള്‍ ഞങ്ങളും എണ്ണിയിരുന്നു. അത് ഇരുപത്തിയേഴാം രാവ് വരാന്‍ വേണ്ടിയാണ്. അയല്പക്കത്തെ മുസ്ലിംവീടുകളില് നിന്ന് നെയ്യപ്പം വരുന്ന ദിവസമാണത്. തേക്കിലയില്‍ പൊതിഞ്ഞു കെട്ടി അവരത് കൊണ്ടുവരും. നെയ്യപ്പത്തിന്റെ ഗന്ധം കൂടിയാണ് എനിക്ക് നോന്പ് കാലം. പ്യൂപ്പക്കുള്ളിലെന്ന പോലെ പ്രാര്ത്ഥനാപൂര്ണമായി ഒരു മാസം. പിന്നെ പെരുന്നാളിലേക്ക് വര്‍ണ്ണച്ചിറകുകള്‍ വിടര്‍ത്തി ഒരു പറക്കല്‍. പ്രാര്‍ത്ഥനയുടെ പുണ്യമാണത്.
നോന്പുമാസത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ചാക്രികതയാണ്. പ്രപഞ്ചം ചലനാത്മകമാണെന്നു ബോധ്യപ്പെടുത്തുകയാണ് ഓരോ നോന്പും ഓരോ പെരുന്നാളും. ഋതുചാക്രികതയിലൂടെ അത് മാറി മാറി വരും. മറ്റ് മതക്കാരുടെ ആഘോഷങ്ങള്‍ ഒരേ ഋതുവിലാണ് സംഭവിക്കുക. നോന്പും പെരുന്നാളും അങ്ങനെയല്ല. അത് വസന്തവും ശിശിരവും ഗ്രീഷ്മവും വരിഷവുമൊക്കെ തൊട്ടുപോകും. നോന്പെടുക്കുന്നവരില് ഹിന്ദുക്കളുടെ എണ്ണവും കൂടിവരുന്നുണ്ട്. ബഹുസ്വര സമൂഹത്തില്‍ ഇത് വളരെ നല്ലതാണ്. വെറുപ്പിന്റെ ഭാഷയെ സ്നേഹം കൊണ്ട് മറികടക്കാന്‍ സാധിക്കും. രാഷ്ട്രീയമായി മേല്‍ക്കൈ നേടാനും അധികാരം പിടിച്ചടക്കാനുമായി ധ്രുവീകരണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവരുടെ കാലമാണിത്. അതിനെ ചെറുക്കാതെ ഭാരതം മുന്നോട്ടു പോവില്ല.
മനുഷ്യന് ഭൗതിക ജീവിയല്ല. അപ്പം കൊണ്ട് മാത്രം എല്ലാം പരിഹരിക്കപ്പെടുകയുമില്ല. വിശപ്പും, ദാരിദ്ര്യവും, അവഗണനയുമൊക്കെ പ്രശ്നം തന്നെയാണ്. അത് പരിഹരിച്ചാലും ആന്തരിക ശൂന്യതയും വിശപ്പുമൊക്കെ നിലനില്ക്കും. അതിനും പരിഹാരം തേടണം. ഉള്ളിലേക്കുള്ള തിരിഞ്ഞുനോക്കലാണ് ആത്മീയത. മനുഷ്യര്‍ സ്വയം തിരുത്തുന്നതാണ് എല്ലായ്പ്പോഴും നല്ലത്. പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം തേടലാണ് പ്രാര്‍ത്ഥന. എന്റെ മുസ്ലിം സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനകള്‍ എനിക്കും ശക്തിപകരട്ടെ.
പി സുരേന്ദ്രന്
You must be logged in to post a comment Login