റമളാന്‍റെ തണലത്ത്

റമളാന്‍റെ തണലത്ത്

ശഅ്ബാന്‍ മാസത്തിന്‍റെ അവസാന നിമിഷങ്ങള്‍. റമളാന്‍ വരുന്നതിന്‍റെ സന്തോഷവും ആഹ്ലാദവും സ്വഹാബത്തിന്‍റെ മുഖങ്ങളില്‍ കാണും. അവര്‍ തിരുറമളാനിനെ എങ്ങനെ വരവേല്‍ക്കണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കെയാണ് തിരുനബി(സ്വ)യുടെ പ്രൗഢപ്രഭാഷണം. സ്വഹാബത്തിന്‍റെ കണ്ണുകളെല്ലാം തിരുനബിയുടെ മുഖത്തേക്ക്. മുത്ത്നബി(സ്വ)യുടെ ഓരോ വാക്കും ആവാഹിക്കാന്‍ ഹൃദയം തുറന്നുപിടിച്ചിരിക്കയാണവര്‍…

ജനങ്ങളേ… ബറകതുള്ള മാസമിതാ തണല്‍വിരിക്കാന്‍ പോകുന്നു.അതില്‍ ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠതയുള്ള ഒരു രാത്രിയുണ്ട്. ഈ മാസം അല്ലാഹു നിങ്ങള്‍ക്ക് നോന്പ് നിര്‍ബന്ധചര്യയും രാത്രി നിസ്ക്കാരം ഐഛിക കര്‍മവുമാക്കിയിരിക്കുന്നു. ഈ മാസത്തില്‍ ആരെങ്കിലും ഒരു നന്മയോടടുത്താല്‍ അവന്‍ ഒരു നിര്‍ബന്ധചര്യ വീട്ടിയവനെപ്പോലെയാണ്. ഒരു നിര്‍ബന്ധചര്യ വീട്ടിയവനോ, എഴുപത് നിര്‍ബന്ധചര്യകള്‍ വീട്ടിയവനെപ്പോലെയും.ഇത് ക്ഷമയുടെ മാസമാണ്, സഹനത്തിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ല. മുസ്ലിംകള്‍ക്കിത് സമത്വത്തിന്‍റെയും അഭിവൃദ്ധിയുടെയും മാസം. ഒരാളെ നോന്പു തുറപ്പിച്ചാല്‍ അവന് പാപമോചനവും നരക സംരക്ഷണവും ലഭിക്കും. നോന്പുകാരന്‍റെ അതേ കൂലി തുറപ്പിച്ചവന്നും ലഭിക്കുന്നു, അവന്‍റെ കൂലിയില്‍ ഒരു കുറവുമില്ലാതെ.

ഇതു കേട്ട സ്വഹാബത്ത് ചോദിച്ചു ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇങ്ങനെ നോന്പുതുറപ്പിക്കാന്‍ സാധിക്കില്ലല്ലോ? തിരുനബി(സ്വ) പറഞ്ഞു“നിങ്ങള്‍ ഈത്തപ്പഴം കൊണ്ടോ ഒരിറക്ക് വെള്ളം കൊണ്ടോ പാല്‍ കൊണ്ടോ നോന്പുതുറപ്പിച്ചാല്‍ പോലും അല്ലാഹു നിങ്ങള്‍ക്ക് ഈ പ്രതിഫലംനല്‍കും.ഈ മാസത്തിന്‍റെ ആദ്യം കാരുണ്യത്തിന്‍റെയും മധ്യം പാപമുക്തിയുടെയും അവസാനം നരകമോചനത്തിന്‍റെയും ദിനങ്ങളാണ്.നിങ്ങള്‍ ഈ മാസത്തില്‍ നാലു കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവിന്‍.അതില്‍ രണ്ടു കാര്യങ്ങളിലൂടെ നിങ്ങള്‍ നാഥനെ തൃപ്തിപ്പെടുത്തും.മറ്റേ രണ്ടു കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ സാധ്യവുമല്ല. നിങ്ങളുടെ നാഥനെ തൃപ്തിപ്പെടുത്തുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് ശഹാദത് കലിമയാണ്. രണ്ട് പാപമോചനത്തേട്ടവുമാണ്.നിങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാവാത്ത കാര്യങ്ങളില്‍ ഒന്ന് നിങ്ങള്‍ അല്ലാഹുവിനോട് സ്വര്‍ഗം ചോദിക്കലാണ്. രണ്ട് നരകത്തില്‍ നിന്ന് കാവല്‍ തേടലുമാണ്.നിങ്ങള്‍ ഒരു നോന്പുകാരനെ വയറുനിറപ്പിച്ചാല്‍ അല്ലാഹു നിങ്ങളെ എന്‍റെ ഹൗളില്‍ നിന്ന് കുടിപ്പിക്കുന്നതുമാണ്.

പൂക്കാലം
ബറകത് എന്ന അറബി പദത്തിന് നമാഅ്,സിയാദത്ത് (വളര്‍ച്ച) എന്നൊക്കെ അര്‍ത്ഥം കല്‍പ്പിക്കാവുന്നതാണ്. വന്ദ്യരായ സജ്ജാജ് (റ) പറയുന്നു ‘ഇത് മുബാറകായ ഗ്രന്ഥമാകുന്നു’ എന്ന ഖുര്‍ആനിക വിശേഷണത്തില്‍ അല്‍മുബാറക് എന്നതിന് വര്‍ദ്ധിച്ച നന്മകളുള്‍ക്കൊള്ളുന്നത് എന്നാണ് വിവക്ഷ.ഈ വിവക്ഷ പരിഗണിച്ചാല്‍ റമളാന്‍ മാസം എല്ലാ അര്‍ഥത്തിലും അതിമഹത്തായ നന്മകള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു മനസ്സിലാക്കാം.

സഹനം
റമളാനിനെ സഹനത്തിന്‍റെ മാസമായി തിരുനബി പരിചയപ്പെടുത്തി. ഇതെങ്ങനെ? വിശപ്പിന്‍റെ വിളി ഉയര്‍ത്തുന്ന ചില പാഠങ്ങളുണ്ട്. ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ ക്ഷുത്തടക്കാന്‍ വകയില്ലാതെ കത്തിയാളുന്ന വയറുമായി ദിനരാത്രങ്ങള്‍ ഞെരുങ്ങിയൊടുക്കുന്ന ജീവിതങ്ങളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓര്‍മ്മപ്പെടുത്തലുകളാണത്. കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെ ശീതീകരിച്ച മുറിയിലെ ചാരുകസേരകളിലിരുന്ന് ഏന്പക്കം വിട്ട് സാധുസംരക്ഷണത്തിന്‍റെ സാധ്യതകളെക്കുറിച്ച് തിസീസുകളെഴുതുന്ന ബുദ്ധിജീവികള്‍ക്ക് സാധ്യമാവാത്ത വിപ്ലവമാണ് നോന്പ് നിര്‍വചിക്കുന്നത്. വിശപ്പിന്‍റെ കടലില്‍ മുങ്ങിത്താഴുന്നവര്‍ക്ക് കരയില്‍ നിന്ന് കയറിട്ടു കൊടുക്കാതെ വയര്‍ നിറച്ചുണ്ണുന്നവരെ കടലിലിറക്കികൊണ്ട് ഇസ്ലാം ഇത് സാധിക്കുന്നു, വ്രതത്തിലൂടെ.

വിശപ്പാണ് മനുഷ്യനെ സക്രിയനാക്കുന്നത്.വിശപ്പ് തന്നെയാണ് അവനെ അക്രമിയാക്കുന്നതും.വിശപ്പിന്‍റെ പൂരണത്തിനുവേണ്ടി മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുന്നു.അത് അവിഹിതമായിക്കൂടാ.അതിന് ഭോഗതൃഷ്ണകളെ നിയന്ത്രിക്കാന്‍ ശീലിക്കണം. അതെ, വ്രതം കവചമാണ്.തിന്മയില്‍ നിന്നുള്ള കവചം. വിശപ്പ് ദേഹത്തെ ദേഹിക്ക് കീഴ്പ്പെടുത്തുന്നു. ദേഹത്തിന്‍റെ മോഹങ്ങള്‍ അത് കരളുന്നു.തിന്മയുടെ ഉറവകള്‍ അവിടെ വരളുന്നു.അങ്ങനെ തിരുനബിപഠിപ്പിച്ച ജിഹാദുന്‍അക്ബര്‍ മനുഷ്യ സാധ്യമായി. അത് മൂലം സഹനത്തിന് സ്വര്‍ഗമല്ലാതെ പ്രതിഫലമില്ലെന്ന തിരുനബിയുടെ അധ്യാപനത്തിന്‍റെ പൊരുളും നമുക്ക് മനസ്സിലാവുന്നു. സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും പ്രിതീകമായ ബദ്ര്‍ യുദ്ധം നടന്നതും ഈ ധന്യ മാസത്തിലാണെന്നത് ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ്.

കാരുണ്യം
പരിശുദ്ധ റമളാന്‍ ഇലാഹീ കാരുണ്യത്തിന്‍റെ സുവര്‍ണകാലമാണെന്നു നബി(സ)യുടെ ഈ പ്രഭാഷണത്തില്‍ നിന്ന് നാം മനസ്സിലാക്കി. റമളാനെന്ന ഈ അനുഗ്രഹം വിശ്വാസികള്‍ക്ക് ആവേശവും ആഹ്ലാദവും സമ്മാനിക്കുന്നു. നബി(സ) റമളാന്‍ മാസത്തെ മൂന്നു പത്തുകളായി വിഭജിച്ച് ആദ്യ പത്ത് കാരുണ്യത്തിന്‍റേതായി വ്യക്തമാക്കിയിരിക്കുന്നു.ഇങ്ങനെ മറ്റു പല ഹദീസുകളിലും കാണാം.

മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസില്‍ പറയുന്നു “ആ മാസം ആഗതമായാല്‍ കാരുണ്യത്തിന്‍റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുന്നതാണ്. മറ്റൊരു നബിവചനം “റമളാന്‍ മാസത്തിലെ ആദ്യരാവില്‍ അല്ലാഹു, തന്‍റെ സൃഷ്ടികളെ പ്രത്യേകമായി നോക്കും. ഈ നോട്ടത്തില്‍ ഏതെങ്കിലും ദാസനെ അല്ലാഹു പരിഗണിച്ചുകഴിഞ്ഞാല്‍ പിന്നീടവന്‍ ഒരുകാലത്തും ശിക്ഷിക്കപ്പെടുന്നതല്ല.

ജാബിര്‍ബ്നു അബ്ദില്ല(റ)യില്‍ നിന്നു നിവേദനം ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം നബി(സ്വ) പറഞ്ഞു എന്‍റെ മുന്പ് ഒരു നബിക്കും നല്‍കാത്ത അഞ്ചുകാര്യങ്ങള്‍ റമളാന്‍ മാസത്തില്‍ എന്‍റെ സമുദായത്തെ പരിഗണിച്ച് അല്ലാഹു സമ്മാനിച്ചിരിക്കുന്നു. റമളാന്‍ മാസത്തിലെ പ്രഥമരാവ് ആസന്നമായാല്‍ അല്ലാഹു തന്‍റെ ദാസന്മാരിലേക്ക് കണ്ണയക്കും. ആ തിരുനോട്ടം ലഭിച്ചവര്‍ക്ക് പിന്നെ ശിക്ഷയില്ല.

അല്ലാഹുവിന്‍റെ കാരുണ്യവര്‍ഷത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.അല്ലാഹുവിന്‍റെ ഏറെ വൈശിഷ്ട്യമുള്ള വിശേഷണമായ റഹ്മത് ഈ മാസമാവുന്പോള്‍ ഏറെ വികസിക്കുകയാണ്. അല്ലാഹുവിന്‍റെ ഈ വിശേഷണം നാം നമ്മില്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. നമ്മുടെ ഉറ്റവര്‍, ഉടയവര്‍, അശരണര്‍, അനാഥര്‍, തുടങ്ങിയവര്‍ക്കു നേരെ കാരുണ്യത്തിന്‍റെ കണ്ണുകള്‍ തുറന്നു വെക്കേണ്ടതുണ്ട്. ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവര്‍ക്ക് ആകാശത്തിന്‍റെ അധിപന്‍ കാരുണ്യം ചൊരിയില്ല എന്ന തിരുനബി അധ്യാപനവും സുപരിചിതമാണല്ലോ.

പാപമുക്തി
പരിശുദ്ധ റമളാന്‍റെ രാപകലുകള്‍ പാപമോചനത്തിന്‍റെ വിലപ്പെട്ട നിമിഷങ്ങളാണ്. പാപമോചനത്തിന്‍റെ ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും കഴിയണം. നബി(സ്വ) പറഞ്ഞു അല്ലാഹുവിന്‍റെ നിയമങ്ങള്‍ അറിഞ്ഞ് അവ പാലിച്ചും ആവശ്യമായ വിഷയങ്ങള്‍ പരിഗണിച്ചും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്‍റെ പൂര്‍വ്വ പാപങ്ങള്‍ക്കത് പരിഹാരമാകുന്നതാണ്.

ഇങ്ങനെ നിരവധി ഹദീസുകള്‍, റമളാനില്‍ അല്ലാഹുവിന്‍റെ മഗ്ഫിറത്തിന്(പാപമോചനം) അര്‍ഹരാവാന്‍ ആഹ്വാനം ചെയ്യുകയും മഗ്ഫിറത്ത് കരഗതമാക്കാന്‍ കഴിയാത്തവന്‍റെ അതി ദയനീയ പരാജയത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

നരക മോചനം
റമളാന്‍ മോചനത്തിന്‍റെ മാസമാണ്. മനുഷ്യന്‍ ഏറ്റവുമധികം കൊതിക്കേണ്ടത് നരകവിമുക്തിയാണ്. റമളാനില്‍ നരകമോചനത്തിന് അല്ലഹു ഏറെ അവസരം ഒരുക്കിയിരിക്കുന്നു. ഹാകിം, നസാഇ, തുര്‍മുദി(റ.ഹും) തുടങ്ങിയ പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ച ഒരു ഹദീസില്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട ്. അബൂഹുറയ്റ(റ)യില്‍ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു “ഈ മാസത്തില്‍ നരകവിമുക്തരാകേണ്ട ചിലര്‍ അല്ലാഹുവിന്‍റെ പരിഗണനയിലുണ്ട്. ഇത് (നരകമോചനം) റമളാനിലെ എല്ലാ രാവിലുമുണ്ടെന്നതാണ് വസ്തുത. റമളാനിന്‍റെ അവസാന ദിനങ്ങള്‍ നരകമോചനത്തിന്‍റെ പ്രത്യേക ദിനങ്ങളാണെന്ന് തിരുനബി(സ്വ) തന്‍റെ സ്വഹാബത്തിനു ഗൗരവത്തോടെ പഠിപ്പിച്ചതും ഇതുകൊണ്ടാണ്.

സമത്വം,അഭിവൃദ്ധി
മുസ്ലിം ഉമ്മത്തിന്നിത് അഭിവൃദ്ധിയുടെ മാസമാണ്.റമളാന്‍ ആഗതമായതോടെ അവന് നാഥന്‍ നല്‍കിയ സ്വത്തില്‍ നിന്ന് സന്മാര്‍ഗത്തില്‍ ചെലവഴിച്ച് തന്‍റെ ആത്മീയമായ ആസ്തി കൂട്ടിക്കൊണ്ടിരിക്കും മുസ്ലിം. നിര്‍ബന്ധ സ്വദഖയായും ഐഛിക സ്വദഖകളായും മുസ്ലിം നല്‍കുന്നതെന്തും ഇല്ലായ്മയുടെ കയത്തില്‍ മുങ്ങിയവന് വലിയൊരു ആശ്വാസമായി മാറുകയാണ്.ഈ വ്യവസ്ഥയിലൂടെ റമളാന്‍ പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ഗുണകരമാവുകയാണ്.

നോന്പുതുറ
ഏറെ പ്രതിഫലമുള്ളതാണ് നോന്പുതുറപ്പിക്കല്‍. സ്നേഹം സംവേദനം ചെയ്യപ്പെടുന്ന ഒത്തുകൂടലിന്‍റെ വേദികളാണ് നോന്പുതുറകള്‍. തനിക്കാവും വിധം ഭക്ഷണം നല്‍കിയോ, ഈത്തപ്പഴം നല്‍കിയോ,വെള്ളം നല്‍കിയോ, ഈ മഹാ പ്രതിഫലം ആര്‍ക്കും നേടാം. പക്ഷെ, ദുരഭിമാനങ്ങളുടെ ദുര്‍വ്യയമായി മാറുന്ന, മത നിയമങ്ങള്‍ പൊളിക്കുന്ന ആധുനിക നോന്പുതുറ രീതികള്‍ ഗൗരമായ ആത്മവിചാരണ അര്‍ഹിക്കുന്നു.

പ്രാര്‍ത്ഥന, ദിക്റ്
തിരുനബി(സ്വ) തന്‍റെ പ്രഭാഷണത്തിന്‍റെ അന്ത്യഭാഗത്ത് നാലു കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ പറഞ്ഞുവല്ലോ, അവ റമളാനിന്‍റെ മുഴുവന്‍ നിമിഷങ്ങളിലും നമ്മുടെ ചുണ്ടുകളെ സജീവമാക്കണം.ശഹാദത്ത് കലിമയാണ-് പ്രഥമം.രണ്ടാമത്തേത് പൊറുക്കലിനെ തേടല്‍.ഇവരണ്ടും സമന്വയിപ്പിക്കപ്പെട്ട ദിക്റാണല്ലോ നാമൊക്കെ റമളാനിന്‍റെ മുഴുവന്‍ പകലിരവുകളിലും ചൊല്ലാറുള്ള അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാ… എന്നു തുടങ്ങുന്ന ദിക്റ്.ഉമര്‍(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ ഇങ്ങനെ കാണാം നബി(സ്വ) പറഞ്ഞു “റമളാന്‍ മാസത്തില്‍ ദിക്റ് ചൊല്ലുന്നവന്‍ പാപങ്ങള്‍ പൊറുക്കപ്പെട്ടവനാകുന്നു. അതുപോലെ റമളാനില്‍ അല്ലാഹുവോട് ചോദിക്കുന്നവന്‍ നിരാശനാകുന്നതുമല്ല.

റമളാനില്‍ പ്രാര്‍ഥനക്ക് ഏറെ പ്രാധാന്യമുണ്ട്.അത് കൊണ്ടാണ് റമളാനില്‍ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേകം കല്‍പ്പിച്ചതില്‍, അല്ലാഹുവിനോടുള്ള തേട്ടങ്ങളെ തിരുനബി(സ്വ) എണ്ണിയത്. നബി(സ്വ) പറഞ്ഞു “നിങ്ങള്‍ക്കിതാ പുണ്യം നിറഞ്ഞ റമളാന്‍ വന്നണഞ്ഞിരിക്കുന്നു. ബറകതിന്‍റെ മാസമാണിത്. അല്ലാഹു ഈ മാസത്തില്‍ അനുഗ്രഹം വര്‍ഷിച്ചുകൊണ്ടിരിക്കും. പാപങ്ങള്‍ പൊറുത്തുകൊടുക്കും. ദുആഇന് ഉത്തരം ചെയ്യും. ഈ മാസത്തില്‍ നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു അല്ലാഹു പ്രത്യേക പ്രതിഫലം നല്‍കുന്നു. മാത്രമല്ല, നിങ്ങളെ മലക്കുകള്‍ക്ക് കാണിച്ചുകൊണ്ട ് അവന്‍ അഭിമാനം കൊള്ളുന്നതുമാണ്. അതോടെ മലക്കുകള്‍ നിങ്ങള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ അല്ലാഹുവിനു മുന്പില്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യം കാണിക്കും. ഇങ്ങനെയുള്ള പരിശുദ്ധ റമളാനില്‍ അല്ലാഹുവിന്‍റെ കാരുണ്യത്തെ തടയപ്പെട്ടവനത്രെ ഏറ്റവും വലിയ പരാജിതന്‍. മറ്റൊരു ഹദീസില്‍ നബിതങ്ങള്‍ പഠിപ്പിക്കുന്നു“മുന്നു വിഭാഗത്തിന്‍റെ പ്രാര്‍ഥന അല്ലാഹു തട്ടിക്കളയുന്നതല്ല. ഒന്ന് നോന്പുകാരന്‍. നോന്പ് തുറക്കുന്നതുവരെ അവന്‍റെ ദുആഇന് ഉത്തരമുണ്ട. രണ്ട നീതിമാനായ ഭരണാധിപന്‍. മൂന്ന് ആക്രമണവിധേയനായവന്‍”

പിന്നെ, എന്ത് കൊണ്ട് ?
ഓര്‍ക്കുക, അല്ലാഹു ദാസന്മാര്‍ക്കു റമള്വാനില്‍ എത്ര ഔദാര്യപൂര്‍വ്വവും ആദര പൂര്‍വ്വവുമാണ് പ്രതിഫലം നല്‍കുന്നത്? ഇത്രയും മാന്യമായ ഒരു രക്ഷകനെ അനുസരിക്കുന്നതില്‍ നാം വിമുഖരാകുന്നത് എന്തിന്? ഓഫറുകള്‍ക്ക് പിന്നാലെ ഓടുന്ന നവസമൂഹം എന്തുകൊണ്ട് ഇങ്ങനെയൊരു വലിയ ഓഫര്‍ കാലത്തെക്കുറിച്ച് ചിന്തിക്കുന്നില്ല? അതിന്ന് ഉത്സാഹം കാണിക്കുന്നില്ല? ഇവിടെയാണ് നബിവചനത്തിലെ ചോദ്യത്തിന്‍റെ പ്രസക്തി റമളാന്‍ ആഗതമായിട്ടും മനുഷ്യന്‍ തന്‍റെ പാപങ്ങള്‍ പൊറുപ്പിക്കാന്‍ അവസരം കാണുന്നില്ലെങ്കില്‍ ഇനിയെപ്പോഴാണവന്‍ അതിനവസരം കണ്ടെത്തുക.?

ഫൈസല്‍ അഹ്സനി രണ്ടത്താണി

You must be logged in to post a comment Login