നിസ്സഹായരുടെ അവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ആര്‍ക്കുവേണ്ടി? സന്പന്നര്‍ക്കായി ദരിദ്രരുടെ കിടപ്പാടങ്ങള്ക്കുമുകളിലൂടെ മണ്ണുമാന്തിയന്ത്രം നഖങ്ങളാഴ്ത്തുന്പോള് വേദനിക്കുന്നതാര്ക്കാണ്? ഒരുഭാഗത്ത് വികസനവും മറുഭാഗത്ത് ഇരകളുടെ വിലാപവും എന്നത് നല്ലപ്രവണതയല്ല. വികസനം എല്ലാവര്ക്കും സംതൃപ്തി നല്കുന്നതായിരിക്കണം. അതില്‍ ഇരയും വേട്ടക്കാരനുമെന്ന തോന്നലുണ്ടാകരുത്. അതേസമയം, കാലത്തിനൊത്ത വികസനമെന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനുവിലങ്ങുനില്ക്കുന്നവരും വഴിമുടക്കികളും ആരായിരുന്നാലും എതിര്‍പ്പുയരുന്നതും സ്വാഭാവികം.
എന്നാല്‍ ഇതിന്നിടയില്‍ വികസനത്തിനായി വിലകൊടുക്കേണ്ടി വരുന്നൊരു സമൂഹമുണ്ടെന്ന് എല്ലാവരും മനസ്സിലാക്കണം. അവരെ മുഖവിലയ്ക്കെടുക്കാന്‍ പൊതുസമൂഹവും തയാറാകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്പോള്‍ പലതും നഷ്ടപ്പെടുന്നവരാണവര്‍. പരന്പരാഗതമായോ പൈതൃകമായോ കിട്ടിയതോ കാലങ്ങളായി സ്വരൂക്കൂട്ടിയതോ ആയവ കൈമോശം വരുന്പോള്‍ ജീവിതത്തോടുതന്നെ വിരക്തി തോന്നുന്നവര്‍. സമൂഹത്തോടു തന്നെ പകയുളവാക്കുന്നവര്. കൈത്താങ്ങും ആശ്വാസവും പ്രതീക്ഷിക്കുന്നവരെ ഒറ്റപ്പെടലിന്റെ തുരുത്തിലേക്കും വിഭ്രാന്തിയുടെ വിഷാദത്തിലേക്കും ആട്ടിയോടിക്കാതെ സമൂഹത്തിന്റെ ഭാഗമാക്കി നിര്‍ത്താന്‍ കഴിയേണ്ടതാണ്.
നാടുമുഴുവന്‍ റോഡ്വത്ക്കരിച്ചെങ്കിലും ദേശീയപാതാ വികസനത്തിനായുള്ള സ്ഥലമെടുപ്പ് സര്‍വെയുടെ ഘട്ടം തീര്‍ത്തും സ്വകാര്യമായി തുടരുകയാണ്. ദേശീയപാതയ്ക്കരികിലുള്ള കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്നവരുടെ ആധിയില്‍ പങ്കുചേരുന്നതിന്റെ ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചത് ഇത്തരത്തില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് വിപണിവില ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നാണ്. 30 മീറ്ററിലൊതുക്കിയുള്ള ദേശീയപാതാ വികസനത്തിന് അംഗീകാരം ലഭ്യമല്ലാത്തതിനാല്‍ 45 മീറ്റര്‍ കണ്ടെത്തികൈമാറാന് സംസ്ഥാനം നിര്‍ബന്ധിതമായിരിക്കുന്നു എന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ദേശീയതലത്തില്‍ നടക്കുന്ന പാതവികസനത്തിന് സംസ്ഥാനഫോര്മുല ഫലിക്കില്ലെന്ന് വെളിപ്പെട്ടുകഴിഞ്ഞു. കേന്ദ്രം രൂപപ്പെടുത്തിയത് മേല്‍ത്തട്ടില്‍ നിന്നു താഴോട്ടെത്തും. സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. നിരാകരിക്കുന്നതിലൂടെ വന്‍പദ്ധതി കേരളത്തിനു നഷ്ടമാകും. സ്വീകരിക്കുന്പോഴാകട്ടെ എതിര്‍പ്പുകള്‍ രൂക്ഷമാകുകയും ചെയ്യും. അതൊഴിവാക്കുന്നതിനായാണ് വിപണിവിലയെന്ന ന്യായമായ ആവശ്യത്തിന് മുഖ്യമന്ത്രിയും അടിവരയിടുന്നത്. പൊതുമരാമത്ത് വകുപ്പും ഗതാഗതവകുപ്പും മുഖ്യമന്ത്രിയുടെ നിലപാടിനോട് ഐക്യപ്പെടുമെങ്കിലും നഷ്ടപരിഹാരത്തിന്റെ വിഷയത്തില്‍ എത്രമാത്രം കാര്യക്ഷമമാകും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
കേരളത്തിന്റെ പ്രത്യേക സാമൂഹിക സാന്പത്തിക അവസ്ഥയില്‍ വിപണിവില എന്നത് വളരെ കൂടിയതായിരിക്കും. കൂടിയവില ലഭ്യമായാല്‍ പോലും അതു കിട്ടിവരുന്പോഴേക്കും ആ വിലയ്ക്ക് മറ്റൊരു ഭൂമികിട്ടുമോ എന്നതും പ്രശ്നമാണ്. ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ വില മുകളിലേക്ക് കുതിക്കുന്നതാണ് നമ്മുടെ സാന്പത്തിക ചുറ്റുപാട്. ഈ ഭൂ ക്ഷാമത്തിന്നിടയിലാണ് നിലവിലുള്ള വിമാനത്താവളത്തിന്റെ റണ്‍വേ വികസിപ്പിക്കുന്നതിനും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി നൂറുകണക്കിന് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതും അതിനായി കുടിയൊഴിപ്പിക്കുന്നതും.
14 ജില്ലകളുള്ള കേരളത്തില്‍ തിരുവനന്തപുരം, നെടുന്പാശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലും അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയുടെയും തമിഴ്നാടിന്റെയും കേരളത്തോട് ചേര്‍ന്നുകിടക്കുന്നത് എന്നുപറയാവുന്ന മംഗലാപുരത്തും കോയന്പത്തൂരും വിമാനത്താവളങ്ങളുണ്ട്. ഇതിനുപുറമെയാണ് കണ്ണൂരിലും പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും വയനാട്ടിലെ ചിക്കല്ലൂരിലും പുതിയ വിമാനത്താവളങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം. ഇതില്‍ ആറന്മുളയില് മാത്രമാണ് കോടതി ശക്തമായി ഇടപെട്ടതും തടസ്സം നിന്നതും.
ഒരു ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് സ്ഥാപിക്കുന്പോള്‍ അത് നിലവിലുള്ള വിമാനത്താവളങ്ങളില്‍ നിന്നും കുറഞ്ഞത് 150 കിലോമീറ്റര്‍ അകലെയായിരിക്കണം എന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്പോഴാണ് കേവലം 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രം ഭൂവിസ്തൃതിയുള്ള കേരളത്തില്‍ മൂന്നുവിമാനത്താവളങ്ങള്കൂടി ഉയര്‍ത്താന്‍ തീരുമാനിക്കുന്നത്. രണ്ടേകാല്‍ ജില്ലകള്‍ക്ക് ഒരു എയര്‍പോര്‍ട്ട് എന്ന ആകാശയാത്രയുടെ സമവാക്യം രൂപപ്പെട്ടതിന്റെ അനൗചിത്യം പ്രബുദ്ധകേരളത്തില്‍ ചര്ച്ചചെയ്യപ്പെടുന്നേയില്ല.
താല്‍ക്കാലികമായി നിര്‍മ്മാണം തടഞ്ഞെങ്കിലും ആറന്മുളയിലെ വിമാനത്താവളത്തിലേക്ക് തിരുവനന്തപുരത്തുനിന്ന് 93 കിലോമീറ്ററും കൊച്ചിയില്‍ നിന്നു 96 കിലോമീറ്ററും ദൂരമേയുള്ളൂ. കണ്ണൂരിലും വയനാട്ടിലെ ചിക്കല്ലൂരിലും വരാനിരിക്കുന്ന വിമാനത്താവളങ്ങളിലേക്ക് കരിപ്പൂരില്‍ നിന്നു യഥാക്രമം 120, 104 കിലോമീറ്ററുകളാണുള്ളത്. കോഴിക്കോട്, നെടുന്പാശ്ശേരി വിമാനത്താവളങ്ങള്‍ തമ്മില്‍ 160 കിലോമീറ്റര്‍ ദൂരമാണുള്ളത്. റോഡ് ദൂരമാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. വിമാനത്താവളങ്ങള്‍ തമ്മില്‍ കണക്കാക്കുന്നത് ആകാശദൂരമായതിനാല് അകലം ഓരോ വിമാനത്താവളങ്ങള്‍ തമ്മില്‍ ശരാശരി 3840 കിലോമീറ്റര്‍ കുറയുമെന്നര്‍ത്ഥം.
ഇവിടെയാണ് കിടപ്പാടങ്ങള്‍ മണ്ണിട്ടുമൂടി, ജീവിതങ്ങള്‍ക്കും അസ്ഥിത്തറകള്ക്കും മുകളില്‍ വിമാനത്താവളങ്ങള്‍ പണിതുയര്‍ത്തുന്നത്. അതിന്നായി കുന്നുകളിടിക്കുന്നത്. വയലുകളും ജലാശയങ്ങളും നികത്തുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥതന്നെ തകര്‍ക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം നോക്കിയല്ല, പണച്ചാക്കുകളുടെ ആവശ്യം നോക്കിയാണ് വന്പന് വികസനങ്ങള്‍ നടക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാം.
ഓരോ വികസനപദ്ധതി രൂപപ്പെടുന്പോഴും അതിനെതിരെ വിമര്‍ശങ്ങളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. 2004ലെ എക്സ്പ്രസ് ഹൈവെ ഇതിനുദാഹരണമാണ്. എതിര്‍പ്പുകള്‍ ചിലതിന്റെയൊക്കെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു വന്നപ്പോള്‍ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. സര്‍ക്കാര്‍ പിന്മാറുകയായിരുന്നു എന്നര്‍ത്ഥം. വീണ്ടും അത് പൊടിതട്ടിയെടുക്കുവാനുള്ള ശ്രമങ്ങളുണ്ടായി. നിര്‍ദ്ദിഷ്ട എക്സ്പ്രസ് ഹൈവേ വന്നാലും ദേശീയപാത വികസിപ്പിക്കുമായിരുന്നു. 120 140 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് എക്സ്പ്രസ് ഹൈവേയും സാധാരണ വാഹനങ്ങള്‍ക്ക് ദേശീയ,സംസ്ഥാനപാതയും എന്നതായിരുന്നു പരോക്ഷ നിലപാട്. അങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ നികത്തുന്നതിന്റെ എത്രയോ ഇരട്ടി നിലം കേരളത്തില്‍ നികത്തപ്പെടുമായിരുന്നു. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലാപത്തിനും ശക്തിയേറുമായിരുന്നു.
വികസനത്തിന്റെ ശക്തിയും സാന്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള കൂട്ടിക്കിഴിക്കല്‍ പരാക്രമങ്ങളും നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഭൂമിയില്‍ സ്വന്തം പൈതൃകമടക്കം അന്യാധീനപ്പെടുന്നവരുടെ കണക്കെടുപ്പ് ആരും നടത്താറില്ല. വികസനത്തിനായി ജീവന്പൊലിയുന്നവരെക്കുറിച്ചും ചിന്തയില്ല. വികസനമാകുന്പോള് ആരെങ്കിലുമൊക്കെ വിലകൊടുക്കേണ്ടിവരുമെന്ന സാമാന്യ കാഴ്ചപ്പാടാണ് ഇവിടെ ആധിപത്യം നേടുന്നത്.
സാന്പത്തിക വളര്‍ച്ചയ്ക്കായുള്ള വെട്ടിപ്പിടിക്കലില്‍ സ്വന്തം താല്പര്യങ്ങള് അവരെ വേട്ടക്കാരാക്കുന്പോള് ഇവര്‍ക്കുമുന്നില്‍ ഇര എന്ന ഒന്നുണ്ട്. നിസ്സഹായരാണവര്‍. സ്വയംരക്ഷയ്ക്കായി ഒരു കവചം പോലുമില്ലാത്തവര്‍. ഇവരെ കുടിയിറക്കി കേരളത്തിലെ വായുവും മണ്ണും ജലവും മലിനമാക്കി വ്യാവസായിക ഭൂമിയാക്കി (ഗതാഗത വ്യവസായം) ഇവിടം മാറ്റുന്പോള്‍ ഇവിടത്തുകാര്‍ എവിടേക്കു പോകുമെന്നുമാത്രം ആരും മൊഴിയാറില്ല. നിലനില്പ്പിന്നായി അവര്‍ നടത്തുന്ന സമരങ്ങളും വിജയിക്കാറില്ല.
ഒരു കാലത്ത് തങ്ങളുടേതായിരുന്നെങ്കിലും അന്യര്‍ പലവഴികളിലൂടെ ഭൂമി കൈവശപ്പെടുത്തിയാല്‍ അവിടേക്ക് കാല് കുത്താതിരിക്കാന്തക്ക കനത്ത കോടതിവിധികളുമായിട്ടായിരിക്കും പുത്തന്‍ കൈവശക്കാരെത്തുക. അവരെ പ്രതിരോധിക്കുന്നവരെ കോടതിയും ജയിലുമായി വഴിയില്‍ അലയാന്‍ വിടലായിരിക്കും സംഭവിക്കുക. മൂലന്പള്ളിയിലെ കണ്ണീരുണങ്ങാത്ത കദനകഥകള്‍ കേരളത്തിന് മറക്കാനാവില്ലല്ലോ. ജീവിക്കുന്ന വികസന രക്തസാക്ഷികളാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് കുടിയിറക്കപ്പെട്ട അവര്‍.
കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. പക്ഷേ, അത്തരം ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഭരണകൂടത്തിനുള്ള പങ്കും ഇതിനോട് ചേര്‍ത്തുവായിക്കണം. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന്നെതിരെ ചിലയിടങ്ങളില്‍ മാവോയിസ്റ്റ് പ്രതിരോധം ഉയരുന്നുണ്ടെന്ന് പൊലീസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പുനല്‍കിയിട്ടും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനത്തിന്നെതിരെയല്ല, മാവോയിസ്റ്റുകളെ പിടികൂടുവാനാണ് അധികൃതര്‍ താല്‍പ്പര്യം കാണിച്ചത്. നാല് പതിറ്റാണ്ടുമുന്‍പ് കേരളത്തിലടക്കം നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ലഭിച്ച ഒരന്തരീക്ഷം വളര്‍ന്നിരുന്നു. ഓരോ പ്രദേശത്തും അവിടുത്തുകാര്‍ തന്നെയായിരുന്നു നക്സലേറ്റ് പ്രവര്‍ത്തകരെ സംരക്ഷിച്ചിരുന്നത്. കാരണം ആ നാട്ടുകാര്‍ക്ക് ചില സംരക്ഷണം ആവശ്യമായിരുന്നു.
അരാഷ്ട്രീയതയും അരാജകത്വവും നടമാടിയ ആ കാലത്തിലേക്ക് നാടു തിരിച്ചുപോകാതിരിക്കാന്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ളവര്‍ക്ക്, ദളിതര്‍ക്ക്, ഇരകള്‍ക്ക്, എല്ലാം നഷ്ടപ്പെടുന്നവര്‍ക്ക് സംരക്ഷകരായി ഭരണകൂടമുണ്ടെന്ന് വെളിപ്പെടണം. വോട്ടെടുപ്പ് സമയത്ത് മാത്രമല്ല, ഒരുതാങ്ങ് ആഗ്രഹിക്കുന്ന നേരത്തും അവരോടൊപ്പം നില്ക്കാന് മുഖ്യധാരാ രാഷ്ട്രീയത്തിനാകണം. ജനാധിപത്യത്തില്‍ നിന്നു സമൂഹം വഴിമാറുന്നു എന്ന ഭീതിയായിരിക്കണം ഇന്ന് പൊതുസമൂഹത്തെ അസ്വസ്ഥമാക്കേണ്ടത്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന ചിന്തയും ഉയരണം.
ആഗോള സാന്പത്തിക നയങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ മേഖലയിലെ വികസനപ്രവര്‍ത്തനങ്ങളെല്ലാം പി പി പിയും (പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ്) ബി ഒ ടിയും (ബില്‍ഡ് ഓപ്പറേറ്റ് ആന്റ് ട്രാന്‍സ്ഫര്‍) ഒക്കെയാണ്. വികസനപ്രവര്ത്തനത്തിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കും. ഉടമസ്ഥത സ്വകാര്യമുതലാളിമാര്ക്കായിരിക്കുകയും ചെയ്യും. ദേശീയപാതകളുടെ വികസനകാര്യത്തിലും വിമാനത്താവള നിര്‍മ്മാണത്തിലും വികസനത്തിലും ഇതുതന്നെയാണ് സ്ഥിതി. എങ്കില്പിന്നെ കുടിയിറക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയെന്ന സാമാന്യനീതി പുലരണം. ദേശീയപാതയുടെ വികസനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഏത് തരത്തിലുള്ള കുടിയൊഴിപ്പിക്കല്‍ പദ്ധതികള്‍ക്കും മുന്‍പ് കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയുടെ പുനരധിവാസം ഉറപ്പുവരുത്തണം. മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടുള്ള വികസനമല്ല നടപ്പിലാക്കേണ്ടത്.
റസാഖ് പയന്പ്രോട്ട്
You must be logged in to post a comment Login