പെരുന്നാള്‍ ആഘോഷിക്കാനുള്ളതാണ്. ആര്‍ക്ക്? ഒരു മാസക്കാലം അന്ന പാനീയങ്ങള്‍ വെടിഞ്ഞും വികാര വിചാരങ്ങളെ നിയന്ത്രിച്ചും രാത്രി കാലങ്ങളില്‍ അല്ലാഹുവിന് സുജൂദ് ചെയ്തും ഖുര്‍ആന്‍ ഓതിയും റമളാന്‍ മാസത്തെ നിറഞ്ഞ മനസ്സോടെ വരവേറ്റവര്‍ക്കു തന്നെ. അവര്‍ ദാനധര്‍മങ്ങളും സകാതും യഥാവിധി വീട്ടി. പള്ളികളില്‍ സമയം ചെലവഴിച്ചു. റമളാന്‍അതിഥിയെ വരവേറ്റുവെന്നു മാത്രമല്ല, നന്നായി യാത്രയയക്കുകയും ചെയ്തവരാണവര്‍.
പെരുന്നാളിലെ പ്രധാന ആഘോഷങ്ങളിലൊന്ന് തക്ബീറാണ്. ചന്ദ്രപ്പിറവി ദൃശ്യമായതു മുതല്‍ അല്ലാഹുവെ വാതോരാതെ വാഴ്ത്താന്‍ വിശ്വാസികള്‍ക്ക് ധൃതിയായി. അല്ലാഹുവിന്ന് മനസ്സു കൊടുത്തവര്‍ക്ക് ഈ തക്ബീര്‍ മധുരാനുഭവങ്ങളാണ്. ആ അനുഭവത്തിന്‍റെ ഉച്ചസ്ഥായിയാണ് പെരുന്നാള്‍ നിസ്കാരം. പെരുന്നാള്‍ നിസ്കാരത്തില്‍ ഇമാം തക്ബീറതുല്‍ഇഹ്റാം ചൊല്ലുന്നതുവരെയാണ് തക്ബീറുണ്ടാവുക.
വിശ്വാസികളുടെ മനസ്സുനിറയുന്ന നോന്പുകാലം നന്നായി കൊണ്ടുപോവാന്‍ ഉതവി കിട്ടിയതിനുള്ള നന്ദിയാണ് പെരുന്നാള്‍. ഈ സന്തോഷം മറ്റാര്‍ക്കും നല്‍കാനാവില്ല എന്നത് വിശ്വാസിക്ക് അനുഭവമായി മാറിക്കഴിഞ്ഞു. ആ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് വിശ്വാസി അല്ലാഹുവിന്‍റെ മഹത്വം വിളിച്ചോതുന്നത്. ആ സന്തോഷം ഇരട്ടിപ്പിക്കുന്നതാണ് മലക്കുകളുടെ സാന്നിധ്യം. ഫിത്വ്ര്‍ ദിനമായാല്‍ മലക്കുകള്‍ വഴിയോരങ്ങളില്‍ ഇറങ്ങി നില്‍ക്കും. കടന്നു പോകുന്ന മുസ്ലിംകളോട് പറയും: “”മുസ്ലിംകളേ നിങ്ങളുടെ നാഥന്‍റെ കനിവിന്നരികെ ചേര്‍ന്നു പോവുക; അവന്‍ സല്‍കര്‍മ്മങ്ങള്‍ക്കു ഭാഗ്യം നല്‍കുന്നവനാണ്. അര്‍ഹമായ പ്രതിഫലം തരുന്നവനുമാണ്. നിങ്ങളോടവന്‍ രാത്രി നിസ്കരിക്കാന്‍ പറഞ്ഞു. നിങ്ങള്‍ നിസ്കരിച്ചു. വ്രതമെടുക്കാന്‍ കല്പിച്ചു. നിങ്ങളതു ചെയ്തു.” ഈ ആശംസാവാക്കുകള്‍ ഓര്‍ത്താണവര്‍ പള്ളിയിലേക്ക് പോവുന്നത്. നിസ്കാരം കഴിഞ്ഞു വരുന്പോള്‍ മലക്കുകള്‍ പിന്നെയും ആശംസിക്കും: “നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. സന്തോഷത്തോടെ വീട്ടില്‍ പോവുക.’
പെരുന്നാളിന്ന് വിരുന്നു പോവുന്നതും വിരുന്നൂട്ടുന്നതും നബിക്കിഷ്ടമാണ്. പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും അങ്ങനെ തന്നെ. കുടുംബബന്ധം ചേര്‍ക്കുന്നതും പിണക്കമൊഴിവാക്കുന്നതും ഇണങ്ങുന്നതും നല്ലത് തന്നെ. അന്ന് നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി വരുന്നുകാരെ വേണ്ടവിധത്തില്‍ സല്‍ക്കരിക്കണം.
നോന്പിലെ ത്യാഗങ്ങള്‍ക്ക് ഒരറുതിയാണ് ഈദുല്‍ഫിത്വര്‍. ആ ത്യാഗം ചെയ്യാത്തവന് ഈ മധുരം തോന്നില്ല. ഈ സുന്ദര സുദിനത്തിന്‍റെ മറ്റൊരാഘോഷം സകാതുല്‍ഫിത്വ-്റാണ്. പെരുന്നാളുണ്ണാന്‍ വകയില്ലാത്ത ദരിദ്രര്‍ അന്നുണ്ടാവരുത്. അത്യാവേശത്തോടെയാണ് വിശ്വാസി ഫിത്വ്ര്‍ സകാതും കൊണ്ട് അവകാശികളുടെ വീട്ടില്‍ ചെല്ലുക.
അനുയോജ്യമായ പാര്‍പ്പിടം, ഒരു ജോടി വസ്ത്രം, തന്‍റെയും ആശ്രിതരുടെയും പെരുന്നാള്‍പകലും രാത്രിയുമുള്ള ഭക്ഷണം, നിലവിലുള്ള കടം എന്നിവ കഴിച്ചു മിച്ചമുള്ളവന്‍ തന്‍റെയും ആശ്രിതരുടെയും ഫിത്വ്ര്‍ സകാത്ത് കൊടുക്കണം. അതു പെരുന്നാള്‍ നിസ്കാരത്തിന് മുന്പു തന്നെ അവകാശികള്‍ക്കെത്തുകയും ചെയ്യണം. ഇതാണ് ഉത്തമമായ രീതി.
ചിലയിടത്ത് ഈദ് സൗഹൃദസദസ്സുകള്‍ ഉണ്ടാവും. പെരുന്നാളിന്‍റെ സന്ദേശങ്ങള്‍ കൈമാറും. നിലവിലുള്ള നാട്ടുസ്ഥിതികളെക്കുറിച്ച് ചര്‍ച്ചയാവാം. പിണക്കങ്ങളില്ലാത്ത നല്ല കാലത്തേക്ക് പോവാനുള്ള പ്രതിജ്ഞകളാവാം. ഇതിലപ്പുറം പാട്ടും കൂത്തും അനാവശ്യപ്പേക്കൂത്തുകളും കൊണ്ട് പെരുന്നാളിനെ ആഭാസമാക്കുന്നത് റമളാന്‍ ഭാഗ്യം കനിഞ്ഞിട്ടില്ലാത്ത ഹതഭാഗ്യരായ മനുഷ്യരുടെ സ്വഭാവമാണ്. അതിലേക്ക് മനസ്സ് ചായുന്നവനല്ല വിശ്വാസി. കാരണം അവന്ന് മലക്കുകളില്‍ പ്രധാനിയായ ജിബ്രീല്‍ (അ)ന്‍റെ ആശംസ കിട്ടിയിട്ടുണ്ടാവും. അത്തരക്കാര്‍ റമളാനോടെ ഒരു പുതുജീവിതം കെട്ടിപ്പടുക്കും. നന്മയുടെ ഹര്‍ഷ ഭാവങ്ങളായിരിക്കും അവരുടെ മനസ്സു നിറയെ. അവര്‍ക്ക് നേരിന്‍റെ വാടാമലരുകള്‍ സഹമനസ്സുകളിലേക്ക് സൗരഭ്യം ചൊരിഞ്ഞ് ജീവിക്കാം. ജനമനസ്സുകളിലെ തമസ്സകറ്റാനായി അവര്‍ ശ്രമിക്കും. സ്വമനസ്സിന്‍റെ സുസ്ഥിതിക്കു വേണ്ടി പ്രാര്‍ത്ഥനാ നിരതമായ ജീവിതം നയിക്കുകയും ചെയ്യും.
അഹ്മദ് നബീല്‍
You must be logged in to post a comment Login