പ്രണയ ജീവിതമാവാം

പ്രണയ ജീവിതമാവാം

വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാനവനെ കണ്ടപ്പോഴുള്ള രൂപമൊന്നുമല്ല ഇന്നവനുള്ളത്. അവനേറെ വ്യത്യസ്തനായിരിക്കുന്നു. ഇപ്പോഴും അന്നത്തെ അവന്‍റെ സംസാരവും നടപ്പും മനസ്സിലുണ്ട്. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു അവന്ന്. തെറ്റായ ജീവിത വഴികള്‍ അവനെ അത്തരത്തിലാക്കി. ഏറെ മോഹിപ്പിച്ച പെണ്‍കുട്ടിയും വിട്ടകന്നു. അവള്‍ക്കു വേണ്ടിയാണ് വീടും നാടും കുടുംബവും സൗഹൃദങ്ങളുമൊക്കെ ഒഴിവാക്കിയത്. ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട അവന്‍ നൈരാശ്യത്തിന്‍റെ കവിതയെഴുതിയും ലഹരിക്ക് അടിമപ്പെട്ടുമാണ് കാലം കഴിച്ചിരുന്നത്. തീര്‍ത്തും ഭ്രാന്തമായിരുന്ന ജീവിതം.

ഇന്നവനേറെ മാറി. മാറ്റത്തെക്കുറിച്ച് അവന്‍ പറഞ്ഞു. കഴിഞ്ഞ റമളാന്‍ അവസാന അവസാന ദിനങ്ങളിലെ ഏതോ ഒരു രാത്രി അവന്‍ പാര്‍ക്കുന്ന നഗരത്തിലെ ഒരു പള്ളിയില്‍ കയറാനിടയായി. അപ്പോള്‍ അവിടെ തൗബ നടക്കുന്നു. അവനും അതില്‍ കണ്ണി ചേര്‍ന്നു. കരഞ്ഞൊഴുകിയ കണ്ണുനീരില്‍ മാറ്റത്തിന്‍റെ പുതിയൊരു മുകുളം പൊട്ടി. ഇത്രയും നീചനായ എന്‍റെ ദോഷങ്ങള്‍ പാടെ പൊറുക്കുന്ന അല്ലാഹുവിനെ എന്തുകൊണ്ട് മനസ്സില്‍ ധ്യാനിച്ചുകൂടാ…? അങ്ങനെ അവന്‍ തന്‍റെ പ്രേമഭാജനമായി അല്ലാഹുവിനെ മനസ്സില്‍വെച്ചു. അത്ഭുതകരമായ മാറ്റമാണ് പിന്നീട് കണ്ടത്. ഇലാഹീ പ്രണയത്തില്‍ ആര്‍ദ്രമായ ആ മനസ്സില്‍ ജീവിതത്തിന്‍റെ എന്നോ നഷ്ടപ്പെട്ടുപോയ തളിരുകള്‍ മുതിര്‍ന്ന് പൂവിട്ടു. അല്ലാഹുവിലൂടെ എങ്ങോ മറഞ്ഞിരുന്ന നാടും കൂട്ടുകാരും കുടുംബവും അവന്‍ വീണ്ടെടുത്തുകഴിഞ്ഞു. ആത്മീയോല്ലാസം നിറഞ്ഞ ഒരു ജീവിതവും.
അല്ലാഹുവിനെ പ്രണയിക്കുന്നുണ്ടോ? നമുക്ക് ഓര്‍ത്ത് പേടിക്കാന്‍ മാത്രമുള്ളതല്ല അല്ലാഹു. സ്നേഹത്തോടെ ഓര്‍ക്കാന്‍ കൂടിയുള്ളതാണ്. നമ്മുടെ ജീവിതത്തിന്‍റെ മുഴുവന്‍ സംവിധാനങ്ങളും ഉണര്‍ത്തിയൊരുക്കി തന്നവനോട് ആകാശ മേലാപ്പും ഭൂമിയുടെ തൊട്ടിലും കെട്ടി താരാട്ട് ചൊരിയുന്നവനോട് പുഴകളും കിളികളും നല്‍കി നമ്മെ കൊതിപ്പിച്ചവനോട് എല്ലാത്തിനുമപ്പുറം വിശ്വാസത്തിന്‍റെ തണല്‍ നല്‍കി അനുഗ്രഹിച്ചവനോട് പ്രണയമല്ലേ സത്യമായും മനസ്സില്‍ മിടിക്കേണ്ടത്?

ഫളാലത്തുബിന്‍ ഉമൈര്‍! മക്ക കീഴടക്കിയ ശേഷം കഅ്ബ ത്വവാഫ് ചെയ്യുകയായിരുന്നു അപ്പോഴാണ് നബി തിരുമേനി അയാളെ കണ്ടത്. നബിയെ ചതിയില്‍ വധിക്കാനെത്തിയതാണ്. നബിക്കത് മനസ്സിലാകുന്നു.
ആരാണിത് ഫളാലത്തോ
അതെ നബിയേ
നിന്‍റെ മനസ്സിലെന്തോ ഒളിപ്പിച്ചിട്ടുണ്ടല്ലോ?
ഇല്ലല്ലോ ഞാന്‍ ദിക്ര്‍ ചൊല്ലുകയാണ്.
നബി(സ) ചെറുതായൊന്ന് മന്ദഹസിച്ചു. എന്നിട്ട് പറഞ്ഞു മോനേ മതി അല്ലാഹുവിനോട് മാപ്പിരക്കുക. റസൂല്‍ (സ) ഫളാലത്തിന്‍റെ നെഞ്ചില്‍ കൈവെച്ച് തടവിക്കൊടുത്തു.
അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്…. ഫളാലത്ത് ഒറ്റനിമിഷംകൊണ്ട് അടിമുടി മാറി. മനസ്സില്‍ അല്ലാഹുവിനോടുള്ള പ്രണയം നിറഞ്ഞുതുളുന്പി.
ഈ അനുഭവം കഴിഞ്ഞ് ഫളാലത്ത് വീട്ടിലേക്കുള്ള വഴിയിലാണ്. വഴിയില്‍ കാമുകി അദ്ദേഹത്തെ വിളിച്ചൂ ഫളാലത്ത് വാ നമുക്കല്‍പ്പം സംസാരിക്കാം
അയാള്‍ അവളെ തിരിഞ്ഞു നോക്കിയതേയില്ല. അല്ലാഹുവിനോടും ഇസ്ലാമിനോടുള്ള പ്രണയം ഉള്ളില്‍ നിറഞ്ഞാല്‍ മറ്റുള്ള എന്തിനോടും ഇല്ല എന്ന് പറയും എന്നു കവിത ചൊല്ലി അദ്ദേഹം നടന്നകന്നു (ഇബ്നു കസീറിന്‍റെ വിവരണം)

മറ്റെന്തിനേക്കാളും അല്ലാഹുവും റസൂലും നമുക്ക് പ്രിയപ്പെട്ടവരാവുന്നത് വരെ നമ്മുടെ ഈമാന്‍ പൂര്‍ണ്ണമാവില്ല എന്നാണ് റസൂലിന്‍റെ പാഠം. അല്ലാഹുവിനോട് നമുക്ക് പ്രണയമുണ്ടോ എന്നറിയാന്‍ എന്താണു വഴി? അതിന് വളരെ ലളിതമായ ഒരു മാര്‍ഗമുണ്ട്. ആരാധനകളോട് നമ്മുടെ മനോഭാവം നോക്കിയാല്‍ മതി. അല്ലാഹു മനസ്സില്‍ നിറഞ്ഞാല്‍ ചെയ്യുന്ന ആരാധനകള്‍ മധുരാനുഭവമായി മാറും. ആ പ്രണയം രക്തത്തിലലിഞ്ഞാല്‍ നമ്മളാകെ മാറും.

ഇഷ്ടപ്പെടുന്ന ഒരാള്‍ക്കുവേണ്ടി എന്ത് ചെയ്യുന്നതും ആഹ്ലാദകരമായിരിക്കും. വാക്കും പ്രവര്‍ത്തിയും ആലോചന പോലും! ചെയ്യുന്ന പ്രവൃത്തി ഒരു ഭാരമായും ക്ലേശമായും അനുഭവപ്പെടുന്നുവെങ്കില്‍ അതിന്‍റെ അര്‍ത്ഥം ആര്‍ക്കുവേണ്ടിയാണോ ആ പ്രവര്‍ത്തി ചെയ്യുന്നത് അയാളോട് നമുക്ക് സ്നേഹമില്ല എന്നുതന്നെയാണ്. അവന്‍റെ ശിക്ഷ ഭയന്നോ അവനില്‍ നിന്ന് വല്ലതും പ്രതീക്ഷിച്ചോ മാത്രമായിരിക്കുമത്. ആ ജോലിയില്‍ ഒരു ആസ്വാദ്യതയുമുണ്ടാവില്ല.

പ്രണയത്തിന്‍റെ ഏറ്റവും രസകരമായ അനുഭവം സംസാരമാണ്. നിസ്കാരം അല്ലാഹുവുമായുള്ള സംസാരമാണ്. അഞ്ച് നേരത്തെ ഈ നിസ്കാരം നമുക്കെങ്ങനെ തോന്നുന്നു എന്ന് നോക്കി നമ്മുടെ പ്രണയത്തിന് കാപട്യത്തിന്‍റെ കലര്‍പ്പുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

അടിസ്ഥാന വിശ്വാസമായ തൗഹീദില്‍ പോലും അല്ലാഹുവുമായുള്ള പ്രണയത്തെ കണ്ടു ജ്ഞാനികള്‍. എല്ലാ പ്രണയത്തിനും ഒരു സ്വാര്‍ത്ഥതയുണ്ട്. ഒരേ ഒരാളെയേ അതു പൊറുപ്പിക്കൂ. പങ്കാളിത്തം പ്രണയത്തെ തകര്‍ക്കും. മറ്റൊന്തൊക്കെ പൊറുത്ത് കൊടുത്താലും പ്രണേതാക്കള്‍ അത് പൊറുക്കില്ല.

ദിവ്യത്വം (ഉലൂഹിയ്യത്) മറ്റൊരാള്‍ക്ക് കൂടി സമ്മതിക്കുന്നത്. അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അല്ലാഹുവെ പ്രണയിച്ച് ഉയര്‍ന്നവരാണ് സൂഫികള്‍. ജീവിതലക്ഷ്യം സ്വര്‍ഗ പ്രവേശവും നരക മുക്തിയും മാത്രമല്ല എന്നവര്‍ ഉള്ളാലെ അറിഞ്ഞു. അല്ലാഹുവിനെ ഒരു നോക്ക് കാണുന്നത് (ലിഖാഅ്) മഹാ സാഫല്യമായി അവര്‍ കണ്ടു.
സുഫിനി റാബിഅതുല്‍ അദവിയ്യ (റ) ഇങ്ങിനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ നിന്‍റെ സ്വര്‍ഗത്തെ മോഹിച്ചാണ് ഞാന്‍ നിന്നെ ആരാധിക്കുന്നതെങ്കില്‍ നീ എന്നെ നരകത്തിലേക്ക് വലിച്ചെറിഞ്ഞോ. അതല്ല നിന്‍റെ നരകത്തെ പേടിച്ചാണെങ്കില്‍ നീ എന്നെ നരകത്തിലിട്ട് കരിച്ചോ. പക്ഷേ നിന്‍റെ ലിഖാഅ് മാത്രം കാത്തിരിക്കുന്ന എനിക്ക് നീ അതു മാത്രം നിഷേധിക്കരുതേ…

ഖുദ്സിയായ ഒരു ഹദീസിലൂടെ അല്ലാഹു പറഞ്ഞു എന്‍റെ അടിമ എന്നെപ്പറ്റി എങ്ങനെ വിചാരിക്കുന്നുവോ അതുപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുന്പോഴൊക്കെ ഞാനവന്‍റെ കൂടെയുണ്ടാവും (ബുഖാരി മുസ്ലിം).

സുഹൈല്‍ സ്വിദ്ദീഖി പൂങ്ങോട്

You must be logged in to post a comment Login