കേരളം കാവിയില്‍ കുളിരുമാറ്റുന്നുണ്ടെങ്കില്‍

കേരളം കാവിയില്‍  കുളിരുമാറ്റുന്നുണ്ടെങ്കില്‍

നാല്‍പത് വര്‍ഷമായി സിപിഎമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വര്‍ക്കല ഏരിയ കമ്മിറ്റി അംഗവും ലോക്കല്‍ കമ്മിറ്റിയിലെ ഏതാനും അംഗങ്ങളും ഈയിടെ ബി.ജെ.പിയില്‍ ചേരുകയുണ്ടായി. എന്തുകൊണ്ട് പാര്‍ട്ടി വിട്ടു എന്ന് ചോദിച്ചപ്പോള്‍ സ്വകാര്യസംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത് ഏരിയകമ്മിറ്റി സെക്രട്ടറിയടക്കമുള്ള മുസ്ലിം നേതാക്കള്‍ നായന്മാര്‍ക്കെതിരെ നടപടി എടുക്കുന്നുവെന്നാണ്. ഇതുവരെ ഇടതുചിന്താഗതിയുമായി നടന്ന താങ്കള്‍ക്ക് എങ്ങനെ വര്‍ഗീയ കക്ഷിയായ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ മനസ്സ് വന്നു എന്ന തുടര്‍ചോദ്യത്തിനു അദ്ദേഹം നല്‍കിയ മറുപടി, സിപിഎമ്മുകാരുടെ ഭീഷണിയുണ്ടെങ്കില്‍ ബി.ജെ.പിക്കല്ലാതെ തന്നെ രക്ഷിക്കാന്‍ കഴിയില്ല എന്നാണ്. 

സമീപകാലം വരെ ഒരു കമ്യൂണിസ്റ്റുകാരന് ഹിന്ദുത്വരാഷ്ട്രീയം പുല്‍കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ ആ അറപ്പ് മാറിക്കിട്ടിയിരിക്കുന്നു. ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവ് ഒ.കെ വാസുമാസ്റ്റര്‍ക്ക് സി.പി.എമ്മിലേക്ക് ചേക്കേറാമെങ്കില്‍ എന്തുകൊണ്ട് മറിച്ചും ആയിക്കൂടാ എന്ന് പലരും ചോദിച്ചുതുടങ്ങി. എന്നല്ല, ചെങ്കൊടി താഴെവെച്ച് കാവി എടുത്തുപുതക്കാന്‍ യാതൊരു സങ്കോചവുമില്ലാത്ത മനോഘടനയിലേക്ക് സഖാക്കള്‍ മാറിക്കൊണ്ടിരിക്കയാണ്. അതിന്‍റെ പ്രതിഫലനമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. സി.പി.എം കോട്ടകളില്‍ പോലും അപൂര്‍വമായ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. അതിനു ആനുപാതികമായി ബി.ജെ.പിയുടെ വോട്ടില്‍ വര്‍ധനയുണ്ടായപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ സത്യസന്ധമായ വിലയിരുത്തലിനു സന്നദ്ധമായില്ല. ന്യൂനപക്ഷ വോട്ട് ഐക്യമുന്നണിക്ക് ഏകോപിതമായി ഒഴുകിയത് കൊണ്ടാണ് വിജയപ്രതീക്ഷയുള്ള ഇടതുസ്ഥാനാര്‍ഥികള്‍ പോലും തോറ്റുപോയതെന്ന് ജില്ല, സംസ്ഥാനതലങ്ങളിലെ അവലോകന യോഗങ്ങള്‍ക്ക്ശേഷം മാധ്യമങ്ങളോട് പറയാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ വിമുഖത കാട്ടിയില്ല. മോഡിതരംഗത്തില്‍ പാര്‍ട്ടിയുടെ പരന്പരാഗത വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടായെന്നും ഇടതുപക്ഷ മതേതര ചേരി ചരിത്രത്തിലൊരിക്കലുമില്ലാത്ത വെല്ലുവിളി നേരിടുകയാണെന്നും സത്യസന്ധമായി തുറന്നുപറഞ്ഞ്, രക്ഷാകവചം തീര്‍ക്കാന്‍ മതേതര വിശ്വാസികളെ ഒന്നിച്ചുഅണിനിരത്തുകയാണ് വേണ്ടിയിരുന്നത്.

ഹിന്ദുത്വ പാര്‍ട്ടിയിലേക്കാണ് കമ്യൂണിസ്റ്റുകാര്‍ അല്ലെങ്കില്‍ സ്വാഭാവികമായും കമ്യൂണിസ്റ്റാവേണ്ട ചെറുപ്പക്കാര്‍ കൂട്ടം കൂട്ടമായി കൂട് കൂട്ടുന്നതെന്ന യാഥാര്‍ഥ്യം പിണറായി വിജയനെയോ പന്ന്യന്‍ രവീന്ദ്രനെയോ അലോസരപ്പെടുത്തുന്നില്ലെങ്കിലും , മതേതര ചേരിയെ ഈ മാറ്റം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള വിവാദം സൃഷ്ടിച്ച സംഘര്‍ഷവും അഴിമതി ആരോപണവും അച്ചടക്കനടപടിയുമൊക്കെ സി.പി.ഐയുടെ ആഭ്യന്തരകാര്യമായി പ്രാഥമികമായി നമുക്ക് വിലയിരുത്തിത്തള്ളാമെങ്കിലും ആത്യന്തികമായി നോക്കുന്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അപചയം മതേതര വിചാരധാരക്കാണ് പോറലേല്‍പിക്കുന്നത്.

കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി. അതിന്‍റെ നേതാക്കളിലും അണികളിലും 85ശതമാനത്തിനു മുകളില്‍ ഹിന്ദുക്കളാണ്. പ്രത്യേകിച്ചും അവര്‍ണരായ ഈഴവരും തീയരുമൊക്കെ. ഈ വിഭാഗത്തെ നോട്ടമിട്ടാണ് ബി.ജെ.പി അതിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതും ആക്രമണോല്‍സുക പ്രചാരണങ്ങളുമായി മുന്നോട്ടുപോകുന്നതും. രാജ്യം മുഴുവന്‍ മാറിച്ചിന്തിക്കുന്പോള്‍ കേരളം മാത്രം വേറിട്ടുനില്‍ക്കണമെങ്കില്‍ അതിനുമാത്രം ശക്തമായ പ്രത്യയശാസ്ത്ര അടിബലവും പ്രസ്ഥാനിക കെട്ടുറുപ്പുമുള്ള കക്ഷികളുടെ സക്രിയമായ ഇടപെടലുകളുണ്ടാവണം. ഏതുപാര്‍ട്ടിക്കാണ് ആ അടിബലം അവകാശപ്പെടാനുള്ളത്? പരസ്പരം പോരടിക്കുകയും താന്‍പ്രമാണിത്തത്തിന്‍റെ ബലിക്കല്ലില്‍ സംഘടനാ അച്ചടക്കം ലംഘിക്കുകയും ഭൗതികാസക്തിയുടെ കുത്തൊഴുക്കില്‍ പ്രത്യയശാസ്ത്രപ്രതിബദ്ധത കളഞ്ഞുകുളിക്കുകയും ചെയ്യുന്ന ഇടതുപാര്‍ട്ടികളില്‍ പുതുതലമുറക്ക് വാഗ്ദാനം ചെയ്യാന്‍ എന്തു ആശയമാണുള്ളത്?

മതേതര ഇന്ത്യ (കേരളം വിശേഷിച്ചും ) ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘും (ആര്‍എസ്എസ്) ബിജെപി അടക്കമുള്ള അതിന്‍റെ പോഷക ഘടകങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളി കഴിഞ്ഞ 66വര്‍ഷമായി നാം കൊണ്ടുനടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടിനെ പാടെ നിരാകരിക്കുകയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയാല്‍ ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കാനുള്ള ബുദ്ധിശൂന്യത അവര്‍ കാണിക്കുമെന്ന് എല്ലാവരും ഊഹിച്ചതാണ്. പക്ഷേ, അതിനപ്പുറത്തേക്കാണ് കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുന്നത്. മോഡിയെയും അദ്ദേഹം കൊണ്ടുനടക്കുന്ന രാഷ്ട്രീയത്തെയും വെറുത്തപ്പോഴും അദ്ദേഹത്തിന്‍റെ കൈയില്‍ കേന്ദ്രഭരണം എത്തിയാല്‍ ഋതുപ്പകര്‍ച്ചയുടെ നല്ല മാറ്റങ്ങള്‍ പ്രതീക്ഷിച്ചവരുണ്ടായിരുന്നു. വികസനത്തിലൂന്നിയ നല്ല ഭരണവും സാന്പത്തിക അഭിവൃദ്ധിയുടെ പുതിയൊരു പ്രഭാതവും പുലരുമെന്നാണ് പലരും കണക്കുകൂട്ടിയിരുന്നത്. കാര്യങ്ങള്‍ മുന്നോട്ടുപോയത് വിപരീതദിശയിലാണ്. മന്‍മോഹന്‍ സിങ്ങിന്‍റെ പത്തുവര്‍ഷത്തെ ദുര്‍ഭരണത്തിന്‍റെ തുടര്‍ച്ചയായല്ലാതെ ഏതെങ്കിലും രംഗത്ത് കാതലായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ സാധിച്ചിട്ടില്ല. ജനജീവിതം കൂടുതല്‍ ക്ലേശഭരിതമാക്കുന്ന തീരുമാനങ്ങളാണ് കൈകൊണ്ടത്് . അതേസമയം, ഹിന്ദുത്വയുടെ ആപദ്കരമായ വര്‍ഗീയ പരിപാടികള്‍ ഭ്രാന്തമായ ആവേശത്തോടെ നടപ്പാക്കിത്തുടങ്ങുന്നത് കാണാതിരിക്കാനാവില്ല. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മേഖലകളൊക്കെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമാണ് ആസൂത്രിതമായി നടക്കുന്നത്. അരുണ്‍ജെയ്റ്റ്ലി അവതരിപ്പിച്ച മോഡിസര്‍ക്കാരിന്‍റെ ആദ്യബജറ്റിന്‍റെ ഊന്നല്‍ പോലും ഹിന്ദുത്വ അജണ്ടയിലായിരുന്നു. ഗംഗയുടെ ശുദ്ധീകരണത്തിനും കശ്മീര്‍ പണ്ഡിറ്റുകളുടെ പുനരധിവാസത്തിനും പുണ്യ സരസ്വതിക്കായുള്ള അന്വേഷണത്തിനുമൊക്കെയാണ് ശതകോടികള്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായ നേപ്പാളില്‍ കാവിവേഷത്തില്‍ എഴുന്നള്ളിയ പ്രധാനമന്ത്രി മോഡി പശുപതി ക്ഷേത്രത്തിനു 25കോടി രൂപ ദാനം ചെയ്തത് പൊതുഖജനാവില്‍നിന്ന് എടുത്താവാനേ തരമുള്ളൂ. ഒരു മതേതര രാഷ്ട്രത്തിന്‍റെ തലവന്‍ രാജ്യത്തിനു പുറത്തുള്ള ഒരു പ്രത്യേകമതവിഭാഗത്തിന്‍റെ ആരാധനാലയത്തിനു വാരിക്കോരി നല്‍കുന്നതിലെ അനൗചിത്യം കാണാതെപോവരുത്. കുംഭമേള ഉദ്ഘാടനം ചെയ്യാന്‍ പ്രഥമരാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് അലഹബാദിലേക്ക് പുറപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അതിനെ എതിര്‍ത്തത് മതേതരത്വത്തിനു അത് കോട്ടം തട്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍, ഇന്ന് മതേതരത്വം എന്ന പദം തന്നെ അÇീലകരമായി തോന്നിത്തുടങ്ങിയിരിക്കുന്നു. കാര്‍ഗിലില്‍ ഇന്ത്യന്‍ പട്ടാളത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വൈകാരിക മൂര്‍ച്ഛ കൈവരിച്ചത് എങ്ങനെയെന്ന് ജന്മഭൂമിവിവരിക്കുന്നത് കാണുക സൈനിക ഉദ്യോഗസ്ഥരുമായി സംവദിച്ച നരേന്ദ്രമോഡി സൈനികരുടെ സേവനങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരഭരിതനായി. പ്രസംഗത്തിനൊടുവില്‍ പ്രധാനമന്ത്രി ചൊല്ലിക്കൊടുത്ത ഭാരത് മാതാകീ ജയ്, വന്ദേമാതരം മന്ത്രങ്ങള്‍ സൈനികാംഗങ്ങള്‍ ദിഗന്തം പൊട്ടുമാറ് ഏറ്റുചൊല്ലി. രാജ്യസ്നേഹമല്ല,മതവികാരമാണ് അവിടെ വിജ്രംഭിച്ചതെന്ന് പാര്‍ട്ടിജിഹ്വ പറഞ്ഞില്ലെന്ന് മാത്രം.

ആര്‍.എസ്.എസിന്‍റെ സ്വപ്നത്തിലേക്കുള്ള ഹിന്ദുരാഷ്ട്രത്തിലേക്ക് കുതിക്കുകയാണ് മതേതര ഇന്ത്യ. ദീനനാഥ് ബത്റ എന്ന വ്യാജചരിത്രകാരന്‍ ഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുന്ന തിരക്കിലാണ്. ഗുജറാത്തില്‍ പാഠപുസ്തകങ്ങളെ എങ്ങനെ വര്‍ഗീയവത്കരിച്ചു അതേ സ്വഭാവത്തില്‍ രാജ്യത്താകമാനം കാവിവത്കരണം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി തന്നെ പച്ചക്കൊടി കാട്ടിയിരിക്കുന്നു. സാംസ്കാരികവകുപ്പുകളുടെ അമരത്ത് ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരെ തിരുകിക്കയറ്റുകയാണ്. മുസഫര്‍നഗറില്‍ തെരഞ്ഞെടുപ്പിനു മുന്പ് നടത്തിയ പരീക്ഷണം വിജയപ്രദമായിരുന്നുവെന്ന് കണ്ടതോടെ, ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന എല്ലാ മേഖലകളിലും ഹിന്ദുമുസ്ലിം ധ്രുവീകരണത്തിനായി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയാണ്. ചാരം മൂടിക്കിടക്കുന്ന പ്രശ്നങ്ങള്‍ ഊതിക്കത്തിച്ച് ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമം വിജയിച്ചപ്പോഴാണ് സഹാറാന്‍പൂരില്‍ റമളാന്‍ അവസാനം മുസ്ലിംകളും സിഖുകാരും ഏറ്റുമുട്ടിയത്. മുപ്പത്തിയഞ്ചുശതമാനം മുസ്ലിംകളും 30ശതമാനം സിഖുകാരുമുള്ള പ്രദേശത്ത് പാര്‍ട്ടിക്ക് വേരോട്ടമുണ്ടാവാനും സിഖുകാരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരുവാനും വര്‍ഗീയകലാപം കൊണ്ട് സാധിക്കുമെന്ന് ഹിന്ദുത്വവാദികള്‍ കരുതുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തിരുവനന്തപുരം സന്ദര്‍ശനവേളയില്‍ ഇതു തുറന്നുപറഞ്ഞപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ തന്നെ നിഷേധവുമായി രംഗത്തുവരികയുണ്ടായി. 2002ല്‍ ഗുജറാത്തില്‍ നടത്തിയത് പോലുള്ള പരീക്ഷണത്തിലൂടെ മാത്രമേ മുസ്ലിംകളെ അടക്കിനിര്‍ത്താന്‍ കഴിയുള്ളൂവെന്നും ഭാരതമൊന്നാകെ അത് നടപ്പാക്കണമെന്നും ബി.ജെ.പി ദേശീയ നിര്‍വഹണ സമിതി അംഗം സി.ടി രവി തുറന്നുപറയുന്പോള്‍ മതേതര പക്ഷത്ത് ഒരിലയിളക്കവും കാണുന്നില്ല. നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാത്തവര്‍ പാകിസ്ഥാനത്തിലേക്ക് പോകട്ടെ എന്ന് തെരഞ്ഞെടുപ്പ് വേളയില്‍ മുന്‍ ബിഹാര്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്ങ് പുലന്പിയത് അന്ന് വിവാദമായതാണ്. ബീഹാറില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും കൂടുതല്‍ സീറ്റ് നേടാനും അതോടെ സാധിച്ചു. മുസ്ലിം എന്‍ജിനിയര്‍ തൊപ്പി ധരിച്ചതിന്‍റെ പേരില്‍ അദ്ദേഹത്തെ കൊന്നത് കഴിഞ്ഞ ജൂണിലാണ്.

ഇരുട്ടിലേക്കുള്ള ഈ പോക്ക് കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? ശക്തമായ ഒരു മതേതരചേരി കെട്ടിപ്പടുക്കാന്‍ ആശയാടിത്തറയും ജനകീയാടിത്തറയുമുള്ള പ്രസ്ഥാനങ്ങള്‍ ഇറങ്ങിത്തിരിക്കേണ്ട സമയം കഴിഞ്ഞു പോവുകയാണ്. അതേ സമയം പരിഷ്കൃത മനുഷ്യരുടെ ശൈലിയിലേക്ക് നാട്ടിലെ വര്‍ഗീയ രാഷ്ട്രീയത്തെ മാറിച്ചിന്തിപ്പിക്കാനുള്ള വഴിയും കണ്ടെത്തേണ്ടതുണ്ട്.

ശാഹിദ്

You must be logged in to post a comment Login