സിഎച്ചിനെ പിരിച്ചയക്കുമ്പോള്‍ മുസ്ലിംലീഗില്‍ സംഭവിക്കുന്നത്

സിഎച്ചിനെ പിരിച്ചയക്കുമ്പോള്‍ മുസ്ലിംലീഗില്‍ സംഭവിക്കുന്നത്

സി.എച്ച് മുഹമ്മദ് കോയ മൂന്നുപതിറ്റാണ്ടുകള്‍ക്ക് ശേഷവും ഓര്‍മകളില്‍ ജ്വലിച്ചുനില്‍ക്കുന്നത് പല കാരണങ്ങളാലാണ്. താന്‍ ഏറ്റെടുത്ത ദൗത്യം സത്യസന്ധമായും ഭംഗിയായും നിര്‍വഹിക്കാന്‍ അദ്ദേഹം കാട്ടിയ ആത്മാര്‍ഥത ഏറെ ശ്രദ്ധേയമായിരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്‍െറ ഉന്നമനം സി.എച്ചിന്‍െറ ജീവിതലക്ഷ്യമായിരുന്നു. കൈപുണ്യമുള്ള ഒരു ഭിഷഗ്വരനെ പോലെ തന്‍െറ സമുദായത്തിന്‍െറ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞ് രോഗം കണ്ടെത്തുകയും ചികില്‍സ നിര്‍ദേശിക്കുകയും ചെയ്ത ക്രാന്തദര്‍ശിയായിരുന്നു അദ്ദേഹം. ഒരു നേതാവിനു വേണ്ട സകല ഗുണങ്ങളും അദ്ദേഹത്തില്‍ സമ്മേളിച്ചിരുന്നു. തള്ളക്കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പരുന്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ കാട്ടുന്ന ജാഗ്രതയാണ് ശത്രുക്കളില്‍നിന്ന് മുസ്ലിം സമൂഹത്തെ രക്ഷിക്കാന്‍ ദശാസന്ധികളില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്. സി.എച്ച് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് കേരളീയ മുസ്ലിം സമൂഹം ഇന്നും ആഗ്രഹിച്ചുപോകുന്നത് വെറുതെയല്ലെന്നര്‍ത്ഥം.

സി.എച്ച് ആരായിരുന്നുവെന്ന് പുതുതലമുറക്ക് വ്യക്തമായ ധാരണ ഉണ്ടാവണമെന്നില്ല. “പിന്നാക്കത്തിന്‍െറ കാവടി ചുമന്ന് എത്രനാള്‍ നിങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് ചോദിച്ചുകൊണ്ട്, “മക്കളേ പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്ന് ഉദ്ഘോഷിച്ച സി.എച്ചിന്‍െറ വാക്ധോരണി ഒരു കാലഘട്ടത്തിന്‍െറ ഉണര്‍ത്തുപാട്ടായിരുന്നു. വിദ്യാഭ്യാസം, ആഭ്യന്തരം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കി എന്ന് പറയുന്നില്ലെങ്കിലും അവിടങ്ങളിലെല്ലാം തന്‍െറ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായ വിദ്യാഭ്യാസ മന്ത്രി ആരെന്ന് ചോദിച്ചാല്‍ ആര്‍ക്കും രണ്ടുവട്ടം ആലോചിക്കാതെ പറയാന്‍ കഴിയും സി.എച്ച് മുഹമ്മദ് കോയ എന്ന്.

സി.എച്ചുമായി അടുത്ത് ഇടപഴകിയവരും നേരിട്ടറിയുന്നവരും അയവിറക്കുന്ന ഓര്‍മകള്‍ ആ വ്യക്തിത്വത്തിന്‍െറ പൊലിമ തുറന്നുകാട്ടിത്തരുന്നു. അദ്ദേഹത്തെ പോലെ കേരളീയ മുസ്ലിം സമൂഹത്തെ സ്നേഹിച്ച രാഷ്ട്രീയ നേതാവ് വേറെ ഉണ്ടോ എന്ന് സംശയമാണ്. എന്നാല്‍, ഒരിക്കലും പൊതുസമൂഹത്തില്‍ അദ്ദേഹം മുസ്ലിം പക്ഷപാതിയോ വര്‍ഗീയവാദിയോ ആയി ചിത്രീകരിക്കപ്പെട്ടിട്ടില്ല. കന്‍മഷമേതുമില്ലാത്ത മനസ്സും ആത്മാര്‍ഥമായ ചുവടുവെപ്പുകളും സ്വന്തത്തെ കുറിച്ചുള്ള വേവലാതിയില്ലായ്മയും വിമര്‍ശനത്തിനോ അധിക്ഷേപത്തിനോ പഴുത് നല്‍കിയില്ല എന്നതാണ് അതിനു കാരണം.

വിദ്യാഭ്യാസപരമായി പരിതാപകരമാംവിധം പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ലക്കുവേണ്ടി അദ്ദേഹം നടത്തിയ അക്ഷീണയത്നം ആരുടേയും മുഖം ചുളിപ്പിച്ചില്ല. മലപ്പുറത്ത് നല്ല നിരത്തുകളല്ല, എല്‍.പി സ്കൂളുകളാണ് ആദ്യം വേണ്ടതെന്ന് പറഞ്ഞ് എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങള്‍ തുറക്കാന്‍ മുന്നിട്ടിറങ്ങിയ ആ മനീഷി കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആസ്ഥാനം മലപ്പുറം ജില്ലയില്‍ ആവണമെന്ന് ശഠിച്ചതിനു പിന്നില്‍ ഇരുട്ടില്‍തപ്പുന്ന ഒരു ജനതക്ക് വിജ്ഞാനവെളിച്ചം കാട്ടാനുള്ള ഒരു സമുദായപരിഷ്കര്‍ത്താവിന്‍െറ അടങ്ങാത്ത മോഹമുണ്ടായിരുന്നു. ആ മോഹത്തിന്‍െറ സാഫല്യമാണ് മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവും സാന്പത്തികവുമായ ഇന്ന് കാണുന്ന മുന്നേറ്റത്തിന്‍െറ നിദാനം. പൊതുസമൂഹം പോലും അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിന്‍െറ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കോളമിസ്റ്റുമായ ഡോ. ഡി.ബാബുപോള്‍ സി.എച്ചിനെ അനുസ്മരിക്കുന്നിടത്ത് കുറിച്ചിട്ടത് ഇങ്ങനെ സി.എച്ച് പ്രഗല്‍ഭനായ മന്ത്രിയായിരുന്നു. മുസ്ലിം താല്‍പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാവാം. എന്നാല്‍, വിദ്യാഭ്യാസത്തെ കുറിച്ചും മുസ്ലിം സമുദായത്തിന്‍െറ ആധുനീകരണത്തെ കുറിച്ചും സി.എച്ചിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 1967ല്‍ അദ്ദേഹം സ്വീകരിച്ച നടപടികള്‍ മലപ്പുറത്തും ഇതര മലബാര്‍ ജില്ലകളിലും വിദ്യാഭ്യാസത്തിന്‍െറ നവയുഗം തുറക്കാന്‍ സഹായിച്ചു. (സി.എച്ച് ഉപഹാരം പേജ് 45) .

1948ല്‍ പുതുക്കിപ്പണിത മുസ്ലിംലീഗ് പ്രസ്ഥാനത്തിനു അധികാരം കൈവരുന്നത് ഒട്ടേറെ തിരിച്ചടികള്‍ക്കു ശേഷം രണ്ടുപതിറ്റാണ്ടിനു ശേഷമാണ്. 67ലെ കമ്യുണിസ്റ്റ് മന്ത്രിസഭയില്‍ ഒരു ഇടം കിട്ടിയപ്പോള്‍ തന്നെ വിദ്യാഭ്യാസവകുപ്പ് വേണമെന്ന് ശഠിച്ചത് ഇവിടുത്തെ നായര്‍, ക്രിസ്ത്യന്‍ സമൂഹത്തോടൊപ്പം സാമൂഹികോല്‍ക്കര്‍ഷത്തിന്‍െറ പാതയിലൂടെ അതിദ്രുതം സഞ്ചരിക്കണമെങ്കില്‍ തന്‍െറ സമുദായത്തിനു കാലപ്രവാഹത്തിനിടയില്‍ വഴിവക്കിലെവിടെയോ നഷ്ടപ്പെട്ട വിദ്യ എന്ന അമൂല്യസന്പത്ത് വീണ്ടെടുക്കണമെന്ന അദമ്യമായ ആഗ്രഹം കൊണ്ടാണെന്ന് സി.എച്ച് തന്നെ പിന്നീട് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍െറ കാലഘട്ടത്തിലാണ് മലബാറില്‍ സ്കൂള്‍, കോളജ് തലങ്ങളില്‍ വിദ്യാഭ്യാസ വിപ്ലവത്തിനു തന്നെ നാന്ദികുറിക്കുന്നത്. വിജ്ഞാനം പരന്നൊഴുകുകയും അത് നിഷേധിക്കപ്പെട്ട ഒരു ജനതയിലേക്ക് പടര്‍ന്നുകയറണമെന്ന് അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്തു. മന്പാട് കോളജ് സ്ഥാപിതമായപ്പോള്‍ അവിടെ നല്ലൊരു ലൈബ്രറി സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന്‍െറ സ്വതസിദ്ധമായ ശൈലിയില്‍ ഒരാഹ്വാനം നടത്തി എല്ലാ പുസ്തകങ്ങളും മന്പാട്ടേക്ക് ഒഴുകട്ടേ. ഫാറുഖ് കോളജ് സന്ദര്‍ശിക്കുന്പോഴെല്ലാം ദക്ഷിണേന്ത്യയിലെ അലീഗഡ് മുസ്ലിം യൂനിവേഴ്സിറ്റിയായി അത് വളര്‍ന്നുയരുന്നതിനെ കുറിച്ചാണ് അദ്ദേഹം സ്വപ്നം കണ്ടത്.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ കുറിച്ച് പറയുന്പോള്‍ സി.എച്ച് വികാരഭരിതനാവുമായിരുന്നു. സര്‍വകലാശാല സ്ഥാപിതമായപ്പോള്‍ ആരായിരിക്കണം അതിന്‍െറ വൈസ്ചാന്‍സലര്‍ എന്ന ചര്‍ച്ച ഉന്നതതലങ്ങളില്‍ ചൂടുപിടിച്ചു. മുന്‍മുഖ്യമന്ത്രി സി.അച്ചുതമേനോന്‍ ഒരോര്‍മ്മകുറിപ്പില്‍ അയവിറക്കുന്ന വലിയൊരു പരമാര്‍ഥമുണ്ട്. മലബാറില്‍ സ്ഥാപിതമാകുന്ന പുതിയ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മുസ്ലിമാകണമെന്ന് സി.എച്ചിനു നിര്‍ബന്ധമുണ്ടായിരുന്നു. അതിനേക്കാള്‍ നിര്‍ബന്ധം അങ്ങനെ നിയമിക്കപ്പെടുന്ന ആള്‍ പ്രാപ്തനായ ഒരു അക്കാദമീഷ്യനും ഭരണകര്‍ത്താവും ആയിരിക്കണമെന്നതാണ്. കാലിക്കറ്റ് സര്‍വകലാശാലയെ കുറിച്ച് കേള്‍ക്കുന്ന മാത്രയില്‍ സി.എച്ച് വികാരവിജ്രംഭിതനാകുമെന്ന് അനുഭവസ്ഥര്‍ പറയാറുണ്ട്. “അത് എന്‍െറ സര്‍വകലാശാലയാണ് എന്ന് സി.എച്ച് ആവേശപൂര്‍വം പറഞ്ഞത് മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും കാലിക്കറ്റ് മുന്‍ വി.സിയുമായ ടി.എന്‍ ജയചന്ദ്രന്‍ അനുസ്മരിച്ചത് വായിച്ചിട്ടുണ്ട്.

സി.എച്ചിനെ കുറിച്ച് അല്‍പം നീട്ടിപ്പറഞ്ഞത് വിദ്യാഭ്യാസവകുപ്പിന്‍െറ അമരത്ത് ഇപ്പോഴുള്ള മുസ്ലിംലീഗ് മന്ത്രി അബ്ദുറബ്ബിനെ കുറിച്ച് കൂടുതല്‍ പറയാതിരിക്കാനാണ്. എല്ലാവര്‍ക്കും സി.എച്ച് ആകാന്‍ കഴിയില്ല. ചരിത്രത്തിലെ അപൂര്‍വപ്രതിഭാസങ്ങളിലൊന്നാണത്. എന്നാല്‍, സാമാന്യ പ്രാപ്തി വെച്ച് കൂടുതല്‍ പറയിപ്പിക്കാതെയും വകുപ്പ് കുളം തോണ്ടാതെയും കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍ സാധിക്കാത്തവിധം മുസ്ലിംലീഗ് നേതൃദാരിദ്ര്യം അനുഭവിക്കുകയാണെന്ന് പറഞ്ഞുകൂടാ. ഒരുതരം അരാജകത്വം പ്രൈമറി തലം തൊട്ട് സര്‍വകലാശാലകള്‍ വരെ അരങ്ങുതകര്‍ക്കുന്നുണ്ട്. ആരാണ് പാര്‍ട്ടിയുടെയും മന്ത്രിയുടെയും ഉദ്ദേശ്യശുദ്ധിയെ കരിവാരിത്തേക്കുന്നതും അട്ടിമറിക്കുന്നതും എന്നാണറിയാത്തത്. നിര്‍ണായക വിഷയങ്ങളില്‍ എടുക്കുന്ന ഒരു തീരുമാനവും ബുദ്ധിപൂര്‍വമോ ദീര്‍ഘവീക്ഷണത്തോടെയോ അല്ല എന്നതിന്‍െറ മുന്തിയ ഉദാഹരണമാണ് പ്ലസ്ടു വിഷയത്തിലുണ്ടായിട്ടുള്ള വിവാദങ്ങളും ആരോപണങ്ങളും. മലബാര്‍ മേഖലയില്‍ പ്ലസ്ടുവിനു വേണ്ടത്ര സീറ്റുകളില്ലാത്തത് കൊണ്ട് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍പഠനം അസാധ്യമാകുമെന്നതിനാല്‍ കൂടുതല്‍ പ്ലസ്ടു സ്കൂളുകളും ബാച്ചുകളും തുടങ്ങണമെന്ന നിരന്തരമായ ആവശ്യത്തിനു മുസ്ലിംലീഗും വകുപ്പ്മന്ത്രിയും പരിഹാരം കണ്ടപ്പോള്‍ സംഭവിച്ചത് എന്താണെന്ന് ഇവിടെ വിശദീകരിക്കേണ്ടതില്ല. ഇതിനകം പ്ലസ്ടു സീറ്റുകള്‍ മിച്ചമായി കിടക്കുന്ന തെക്കന്‍ കേരളത്തിലേക്കാണ് ഭൂരിഭാഗം പുതിയ സ്കുളുകളും അനുവദിക്കപ്പെട്ടത്. അതും ചോദിക്കാത്തവര്‍ക്കും ആവശ്യമില്ലാത്തവര്‍ക്കും വേണ്ടേ വേണ്ട എന്ന് മുഖത്ത് നോക്കി പറയുന്ന എന്‍.എസ്.എസ് മാനേജ്മെന്‍റിനു വരെ കിട്ടി. പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തില്‍ പുതിയ സ്കൂള്‍ എന്ന യാന്ത്രികവും അശാസ്ത്രീയവുമായ മാനദണ്ഡം സ്വീകരിക്കുന്പോള്‍ അതിന്‍െറ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ആരും മന്ത്രിയെ ബോധ്യപ്പെടുത്തിയില്ലെ? അവസാനം വീണിടത്തുനിന്ന് എഴുന്നേറ്റുനില്‍ക്കാനുള്ള ശ്രമത്തില്‍ ലീഗ് മേധാവിത്ത കേന്ദ്രങ്ങളില്‍ പുതിയ സ്കൂളുകളും ബാച്ചുകളും തുടങ്ങാന്‍ തീരുമാനിച്ചു. അതോടെ, എല്ലാം കുഴഞ്ഞുമറിഞ്ഞ പരുവത്തിലായി എന്ന് മാത്രമല്ല, വ്യാപകമായ അഴിമതിയെ കുറിച്ചുള്ള കഥകളും പുറത്തുവരാന്‍ തുടങ്ങി. ഓരോ ജില്ലയിലും യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് കോഴയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി പത്രം ഓഫീസുകളിലേക്ക് കയറിച്ചെല്ലുന്നത്. ശര്‍ക്കര കുടത്തില്‍ കൈയിട്ടുവാരാന്‍ അവസരം ലഭിക്കാത്ത നിര്‍ഭാഗ്യവാന്മാരായിരിക്കാം നിരാശ പൂണ്ട് സഹപ്രവര്‍ത്തകരുടെ അഴിമതികഥകളുടെ ഭാണ്ഡവുമായി മാധ്യമങ്ങളെ സമീപിച്ചത്.

പ്ലസ്ടു വിവാദം ഒരുഭാഗത്ത് കൊടുന്പിരിക്കൊള്ളുന്പോള്‍ സി.എച്ച് മുഹമ്മദ് കോയ “എന്‍െറ യൂനിവേഴ്സിറ്റി എന്ന് അഭിമാനപൂര്‍വം വിശേഷിപ്പിച്ച കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ്ചാന്‍സലറും യൂനിവേഴ്സിറ്റി ജീവനക്കാരും സിണ്ടിക്കേറ്റ് അംഗങ്ങളുമെല്ലാം ചേര്‍ന്നു പൊരിഞ്ഞ തല്ല് നടക്കുകയായിരുന്നു. ആഗസ്റ്റ് 18നു തിങ്കളാഴ്ച സിണ്ടിക്കേറ്റ് യോഗത്തില്‍ വി.സിയെയും പ്രോ.വി.സിയെയും കോണ്‍ഗ്രസ്ലീഗ് അംഗങ്ങള്‍ ചേര്‍ന്നു മര്‍ദിച്ചവശനാക്കി. സി.എച്ചിന്‍െറ യൂനിവേഴ്സിറ്റി ചരിത്രത്തിലേക്ക് മുഖംകെട്ട് കടന്നുകയറുന്നത് കണ്ട് ചിലരുടെയെങ്കിലും കണ്ണു നിറഞ്ഞു. കേരളത്തിലെ നാല് യൂനിവേഴ്സിറ്റകളുടെ തലപ്പത്ത് ഇരിക്കുന്നത് യോഗ്യത ഇല്ലാത്ത വി സിമാരാണെന്ന സംസാരം ഉന്നതവിദ്യാഭ്യാസമേഖലയുടെ ദയനീയമുഖം വരച്ചുകാട്ടുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി വി.സി നിയമനം തരപ്പെടുത്താന്‍ മാത്രം തരികിട കളിക്കുന്ന “വിദ്യാഭ്യാസവിചക്ഷണന്മാര്‍ വാഴുന്ന ഒരു നാട്ടില്‍ മുസ്ലിം ലീഗിന്‍റെ മന്ത്രി നയിക്കുന്ന ഒരു വകുപ്പ് ഇങ്ങനെയായിത്തീരുന്നത് ഒട്ടും ക്ഷന്തവ്യമല്ല. പാര്‍ട്ടി അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ മുസ്ലിം സമുദായത്തിന്‍റെ അഭിമാനമാണ് നഷ്ടപ്പെടുക.

സാമൂഹിക പ്രവര്‍ത്തനം ഒരു ശ്രേഷ്ഠകര്‍മ്മമായിക്കാണുന്ന ഭരണകര്‍ത്താക്കളെ ഉണ്ടാക്കിയെടുക്കാനാണ് ലീഗ് ഇനി പണിയെടുക്കേണ്ടത്. സി.എച്ചിന്‍െറ കാലഘട്ടത്തില്‍ അത് അങ്ങനെയായിരുന്നു. പകരം അതു പച്ചയായ കച്ചവടമായിക്കാണുന്നവര്‍ നേതാക്കളുടെയോ അണികളുടെയോ ഇടയില്‍ ഉണ്ടാവുന്ന പ്രവണത നാളെ പാര്‍ട്ടിയെയും കൊണ്ടേ പോവൂ. യുവജന നേതാക്കളെ കുറിച്ച് വ്യാപകമായ അഴിമതി ആരോപണങ്ങള്‍ ഉയരുന്നു എന്ന് മുസ്ലിംലീഗ് നേതൃയോഗത്തില്‍ തലമുതിര്‍ന്ന ഒരു നേതാവ് പരിഭവം പറഞ്ഞപ്പോള്‍ “മിണ്ടാതെ ഇരിക്കാന്‍ പറഞ്ഞത് ശരിയാണെങ്കില്‍ സി.എച്ചിനോട് പാര്‍ട്ടി സലാം പറഞ്ഞു പിരിഞ്ഞു എന്ന് വിലയിരുത്തേണ്ടിവരും. അത്തരമൊരു ദുരന്തത്തിന്‍െറ വ്യാപ്തി സമുദായം പോലും വിശകലനം ചെയ്യുന്നില്ല എന്നത് മുസ്ലിംകേരളം നടന്നകന്ന ധാര്‍മികസദാചാര പതനത്തിന്‍െറ ആഴമാണ് അളന്നുകാട്ടുന്നത്.

എന്തുകൊണ്ട് ഇങ്ങനെയൊക്കെ എന്ന ചോദ്യത്തിനു ശാഹിദ് ഉത്തരം കണ്ടെത്തുന്നത് നേതൃനിലവാരത്തിലെ തകര്‍ച്ചയിലാണ്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖിതങ്ങള്‍, സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ബി.വി അബ്ദുല്ലക്കോയ, പി.എം അബൂബക്കര്‍ , എം.കെ അബ്ദുല്ലക്കോയ തുടങ്ങിയ ഘടാഘടിയന്മാര്‍ നേതൃനിര അലങ്കരിച്ച കോഴിക്കോട് ജില്ലയിലും സി.കെ.പി ചെറിയ മമ്മുക്കേയി, ഒ.കെ മുഹമ്മദ് കുഞ്ഞി, മഹ്മൂദ് ഹാജി തുടങ്ങിയ പ്രഗത്ഭ നിരയുടെ സ്ഥാനത്ത് ഇന്നിരിക്കുന്നവര്‍ മുന്‍കാല നേതാക്കളുടെ ജീവിതത്തില്‍ നിന്ന് പഠിച്ചു പെരുമാറാന്‍ തയ്യാറായില്ലെങ്കില്‍ തകര്‍ന്നു പോവുന്നത് മുസ്ലിം സമുദായത്തിന്‍റെ വലിയൊരു പ്രതീക്ഷയാണ്.

ശാഹിദ്

You must be logged in to post a comment Login