മാധ്യമങ്ങളിലെ മുസ്ലിമും മുസ്ലിംകളുടെ മാധ്യമങ്ങളും

മാധ്യമങ്ങളിലെ മുസ്ലിമും മുസ്ലിംകളുടെ മാധ്യമങ്ങളും

ഇന്ത്യയില്‍ മുസ്ലിംകളുടെ മീഡിയാ പ്രതിനിധാനം പരിതാപകരമാണ്. ഇതിനേക്കാള്‍ കഷ്ടമാണ് മീഡിയാ ഉടമസ്ഥതയില്‍ അവര്‍ക്കുള്ള ഓഹരി. മീഡിയക്ക് മേല്‍ മുസ്ലിംകള്‍ക്ക് പ്രസ്താവ്യമായ യാതൊരു പിടുത്തവും ഇല്ല എന്നതാണ് സത്യം. വടക്കേ ഇന്ത്യയില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള നിരവധി ഉര്‍ദു പത്രങ്ങള്‍ ക്രമേണ അടച്ചു പൂട്ടുകയോ അവയുടെ പ്രചാരം ഗണ്യമായി കുറയുകയോ ചെയ്തു… ടി.വി ചാനലില്‍ ഉടമസ്ഥതയും മുസ്ലിംകള്‍ക്ക് ഇനിയും ഉണ്ടായി വന്നിട്ടു വേണം… നിലവില്‍ അവരുടെ ഉടമസ്ഥതയിലുള്ള ഏതാനും ടി.വി ചാനലുകള്‍ തന്നെ അവയുടെ സമയത്തിന്‍റെ കൂടിയ പങ്കും മതവിഷയങ്ങള്‍ക്കാണ് നീക്കിവെക്കുന്നത്. സമുദായം നേരിടുന്ന സാമൂഹിക സാന്പത്തിക പ്രശ്നങ്ങള്‍ അവ വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ല (നിഗര്‍ അത്വാഉല്ല, ഇന്ത്യന്‍ മുസ്ലിംകളും മീഡിയയും).

ഇന്ത്യയില്‍ മുസ്ലിം പത്രപ്രവര്‍ത്തനത്തിന് ഏതാണ്ട് ഒന്നേമുക്കാല്‍ നൂറ്റാണ്ടിലേറെക്കാലം പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാല്‍, 1822 മാര്‍ച്ച് 27നാണ് ആദ്യത്തെ ഉര്‍ദു വാരികയായ ജാമെ ജഹാന്‍ നുമാ, മുന്‍ഷി സദാസുഖ്ലീന്‍റെ പത്രാധിപത്യത്തില്‍ ബംഗാളില്‍ നിന്ന് പ്രസിദ്ധീകരണമാരംഭിച്ചത്. അതു കഴിഞ്ഞ് കൃത്യം കാല്‍ നൂറ്റാണ്ട് തികഞ്ഞ വര്‍ഷമാണ് മലയാള പത്രരംഗത്തിന്‍റെ തുടക്കം. 1847ജൂണ്‍ മാസത്തില്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്ന് ബാസല്‍ മിഷന്‍ ബംഗ്ലാവിലായിരുന്നു പ്രഥമ മലയാള പത്രത്തിന്‍റെ ജനനം. പേര് രാജ്യസമാചാരം. ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ടായിരുന്നു പത്രാധിപര്‍. ക്രിസ്ത്യന്‍ മതാശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു സ്ഥാപിത താല്‍പര്യം. തുടര്‍ന്ന് ഈയൊരു ലക്ഷ്യത്തോടെ നിരവധി പത്രമാസികകള്‍ ബ്രിട്ടീഷുകാര്‍ പ്രസിദ്ധീകരിച്ചു. ഇവയില്‍ പലതും തനി വര്‍ഗീയതയുടെ വിഷം ചീറ്റുന്നവയായിരുന്നു. ഇന്നത്തെ പോലെ തന്നെ അന്നും ഇസ്ലാം തന്നെയായിരുന്നു പ്രതിസ്ഥാനത്ത്. ഇസ്ലാമിക ചരിത്രവും സന്പന്നമായ പൈതൃകവും വികലമായി ചിത്രീകരിക്കുക ക്രൈസ്തവ/ബ്രിട്ടീഷ് പത്രങ്ങളിലെ പതിവ് സ്വഭാവമായിരുന്നു. ഗുണ്ടര്‍ട്ട് എഴുതിയ മുഹമ്മദ് ചരിത്രം എന്ന ഗ്രന്ഥം നബി സ്വയെ അപകീര്‍ത്തിപ്പെടുത്തിയതും ആഇശ റയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ചതും അക്കാലത്ത് കോളിളക്കം സൃഷ്ടിച്ചു. ഇത്തരം കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാനുള്ള വേദി എന്ന നിലയിലാണ് മുസ്ലിംകള്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഒരര്‍ത്ഥത്തില്‍ പ്രതിരോധവും ചെറുത്തുനില്‍പ്പുമാണ് എക്കാലത്തും മുസ്ലിം പത്രപ്രവര്‍ത്തനത്തിന്‍റെ മുഖമുദ്ര. ഉത്തരേന്ത്യയില്‍ ആരംഭകാലത്ത് ഉറുദു ഭാഷയിലൂടെയാണ് ഈ പ്രതിരോധം നിര്‍വഹിച്ചതെങ്കില്‍ കേരളത്തിലത് അറബിമലയാളത്തിലൂടെയായിരുന്നു എന്ന വ്യത്യാസം മാത്രം. മന്പുറം സയ്യിദ് അലവിക്കോയ തങ്ങളുടെ ഹിദായത്തുല്‍ഇഖ്വാന്‍ ആണ് തുടക്കം. തുടര്‍ന്ന് സനാഉല്ല മക്തി തങ്ങളുടെ തുഹ്ഫത്തുല്‍അഖ്യാര്‍ വഹിദായത്തുല്‍ അശ്റാര്‍ അടക്കം നിരവധി അറബിമലയാള പത്രമാസികകള്‍ പ്രസിദ്ധീകരിച്ചു. അക്കാലത്ത് അറബിമലയാളത്തില്‍ ബൈബിള്‍ മുതല്‍ ലഘുലേഖകള്‍ വരെ ബ്രിട്ടീഷ് ക്രൈസ്തവ പാതിരിമാര്‍ പ്രസിദ്ധീകരിക്കുകയും അറബിമലയാള പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. അറബിമലയാള പ്രസിദ്ധീകരണങ്ങളുടെ വായനാ സമൂഹം മുസ്ലിംകള്‍ ആയിരിക്കെ, പാതിരിമാര്‍ക്കും അനുയായികള്‍ക്കുമുള്ള മറുപടികള്‍ എത്രത്തോളം അമുസ്ലിംകള്‍ക്കിടയില്‍ എത്തിയിരിക്കാമെന്നത് ഊഹിക്കാവുന്നതാണ്. കുരിശുയുദ്ധത്തിന്‍റെ ഹാംങോവര്‍ വിട്ടുമാറാത്തവരെ പ്രതിരോധിക്കുക എന്നത് മുഖ്യ അജണ്ടയായിരിക്കെ തന്നെ, ഖണ്ഡന ലേഖനങ്ങള്‍ അറബിമലയാളത്തിലാവുന്നത് അത്രമേല്‍ ഫലപ്രദമാണോ എന്ന ചിന്തയും അന്നത്തെ പണ്ഡിതന്മാരെ അലട്ടിയിരുന്നു. ആദ്യകാല മലയാള(മുസ്ലിം) പത്രങ്ങളെപ്പറ്റി പരിമിതമായ അറിവുകള്‍ മാത്രമേ നമ്മുടെ മുന്പിലുള്ളൂ. പൊതുവെ കേരളീയ പത്രപ്രവര്‍ത്തന ചരിത്രം പറയുന്പോള്‍ ആദ്യകാല മലയാള(മുസ്ലിം) പത്രങ്ങളെ പറ്റിയോ മീഡിയാ പ്രതിനിധാനങ്ങളെക്കുറിച്ചോ വിസ്തരിച്ചു പറയുന്നതായി കണ്ടിട്ടില്ല. കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച ഭാഷാ ഗദ്യ സാഹിത്യ ചരിത്ര(വാള്യം2)ത്തില്‍ ഇങ്ങനെ കാണാം 1878 ഏപ്രില്‍ മാസം മുതല്‍ കൊച്ചിന്‍ ആര്‍ട്സ് ആപ്പീസില്‍ നിന്നും കേരള ദീപകം എന്നൊരു പത്രം ഖാദിര്‍ഷാ ബാപ്പു എന്നൊരു മുസ്ലിം നടത്തിയിരുന്നതായി കാണുന്നു. ഒരുവേള, കേരള മുസ്ലിം സമുദായത്തിലെ ആദ്യത്തെ മലയാള പത്രം അതായിരിക്കണം.

ഖാദിര്‍ഷാ ബാപ്പുവിനെ പിന്നീട് നാം കാണുന്നത് മക്തി തങ്ങളുടെ സന്തതസഹചാരി എന്ന നിലക്കാണ്. ഖാദിര്‍ഷാ ബാപ്പു സാഹിബ് പ്രസിദ്ധ അറബി സാഹിത്യകാരനായിരുന്ന മൗലവി അബ്ദുല്‍കരീം ഹാജി സാഹിബിന്‍റെ ശിഷ്യനായിരുന്നു. കാക്കാ സാഹിബ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇദ്ദേഹമായിരിക്കണം കേരളത്തിലെ (മലയാളത്തിലെ) പ്രഥമ മുസ്ലിം പത്രപ്രവര്‍ത്തകന്‍. കേരള ദീപകം മുതല്‍ പരിഗണിച്ചാല്‍ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മലയാള മുസ്ലിം പത്രപ്രവര്‍ത്തന ചരിത്രം. എന്നിട്ടും തിരിഞ്ഞു നോക്കുന്പോള്‍ ഒരു ശൂന്യത അനുഭവപ്പെടുന്നതെന്തുകൊണ്ടാണ്? മുഖ്യധാരയില്‍ ഇപ്പോഴും വേണ്ടവിധം പ്രതിനിധാനങ്ങള്‍ ഉണ്ടാവുന്നില്ല എന്ന വസ്തുത അവശേഷിക്കുന്നതെന്തുകൊണ്ടാണ്? സ്വയം വിമര്‍ശനത്തിന്‍റേയും ചരിത്ര വിശകലനത്തിന്‍റേയും അനിവാര്യതയിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്.

രണ്ട്
പൊതു മണ്ഡലത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മുസ്ലിം ഉടമസ്ഥതയിലുള്ള പത്രം മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്‍റെ നേതൃത്വത്തില്‍ രൂപപ്പെട്ട അല്‍അമീന്‍ ആണ്. അക്കാലത്തെ ഏതു പത്രത്തേക്കാളും സ്വാതന്ത്ര്യ സമരത്തിന്‍റേയും ദേശീയ പ്രസ്ഥാനത്തിന്‍റെയും ശബ്ദമായിരുന്നു ആ പത്രം. സാമുദായികവും സവര്‍ണ ജാതീയവുമായ താല്‍പര്യങ്ങളാല്‍ നയിക്കപ്പെട്ടിരുന്ന അന്നത്തെ ദേശീയ പത്രങ്ങള്‍ക്ക് ഒരു ബദല്‍ ആയിരുന്നു അല്‍അമീന്‍. എന്നിട്ടും കടുത്ത സാന്പത്തിക പ്രയാസങ്ങളാല്‍ ആ പത്രം നിലച്ചുപോയി. കേരളീയരുടെ വിശിഷ്യാ മുസ്ലിംകളുടെ സാംസ്കാരിക ജിഹ്വയായി നില നില്‍ക്കേണ്ടിയിരുന്ന പത്രത്തിന്‍റെ സാധ്യതകള്‍ പോലും തിരിച്ചറിയുവാന്‍ പിന്നാലെ വന്നവര്‍ക്ക് സാധിച്ചില്ല.

യുവ മാധ്യമ ഗവേഷകനും വിമര്‍ശകനുമായ നുഐമാന്‍, ഈ പുസ്തകത്തിലൊരിടത്ത് (അല്‍അമീന്‍ മാധ്യമങ്ങളുടെ ചരിത്രത്തെ പ്രശ്നവത്കരിക്കുന്പോള്‍) ചൂണ്ടിക്കാട്ടിയതു പോലെ, എന്തു കൊണ്ടാണ് അല്‍അമീനിന്‍റെ നല്ലൊരു കോപ്പി പോലും സൂക്ഷിച്ചു വെക്കാന്‍ മലയാളികള്‍ക്ക് കഴിയാതെ പോയത്? കോഴിക്കോട്ടു നടന്ന കൊര്‍ദോവ പ്രദര്‍ശനത്തില്‍ വെച്ചു കണ്ട അബ്ദുറഹ്മാന്‍ മങ്ങാടിന്‍റെ ശേഖരത്തിലുള്ള കീറിപ്പറിഞ്ഞു തുടങ്ങിയ അല്‍അമീനിന്‍റെ ആ പഴയ കോപ്പി ഒരേ സമയം കേരളീയ മുസ്ലിംകളുടെ പ്രസിദ്ധീകരണ സംസ്കാരത്തിന്‍റെ പ്രൗഢിയും പ്രതാപവും അറിയിക്കുന്നതോടൊപ്പം തന്നെ കൈമോശം വന്ന ആ ചരിത്രത്തേയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

അല്‍അമീനില്‍ ജോലി ചെയ്തവരും അല്‍അമീന്‍ ഓഫീസില്‍ കിടന്നുറങ്ങിയവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അഥവാ വിദൂരമായൊരു കാലത്തെ കഥയല്ല അല്‍അമീന്‍ എന്നു ചുരുക്കം. എന്നിട്ടും അല്‍അമീനിന്‍റെ മുഴുവന്‍ കോപ്പികളും പോകട്ടെ, ഏതാനും പ്രതികള്‍ പോലും സൂക്ഷിച്ചുവെക്കുവാനുള്ള ദീര്‍ഘദൃഷ്ടി ഇല്ലാതെ പോയി എന്നതു തന്നെ ഒരു സൂചകമാണ്. ഇതേ ലേഖനത്തില്‍ നുഐമാന്‍, സാമൂഹിക ശാസ്ത്രജ്ഞനായ അഷിതോഷ് വാര്‍ഷ്നിയുടെ ശ്രദ്ധേയമായൊരു നിരീക്ഷണം ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാക്ഷരതാ നിരക്കുള്ള മുസ്ലിം സമൂഹമാണ് മലബാറിലെ മാപ്പിളമാര്‍. ഏറ്റവുമധികം മാധ്യമസാന്ദ്രതയുള്ള മുസ്ലിം സമൂഹവും ഇതു തന്നെ. യൂറോപ്പിലെയും അമേരിക്കയിലെയും ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ജീവിക്കുന്ന മുസ്ലിംകള്‍ വായിക്കുന്നതിനേക്കാള്‍ പത്രപ്രസിദ്ധീകരണങ്ങള്‍ കോഴിക്കോട് നഗരത്തിലെ മുസ്ലിംകള്‍ വായിക്കുന്നുണ്ട്.

ഈ നിരീക്ഷണം ശരിയായിരിക്കാം. ഇത്രയേറെ വായനാ ശീലമുണ്ടായിട്ടും എന്തുകൊണ്ട് അതിന്‍റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കുന്നില്ല?. വായിക്കുന്ന സമൂഹം ചിന്തിക്കുന്ന സമൂഹമായിരിക്കുമെന്നും (ഠവശിസശിഴ ടീരശല്യേ) ചിന്തിക്കുന്ന സമൂഹം പ്രതികരിക്കുന്ന, ചലനാത്മകവും സര്‍ഗാത്മകവുമായ സമൂഹമായിരിക്കുമെന്നും പറയാറുണ്ട്. അത്തരത്തിലുള്ള ഒരു ധൈഷണിക സമൂഹമാവാന്‍ കോഴിക്കോട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ വായനയുടെ പ്രതിഫലനം പലരീതിയില്‍ ഇല്ലെന്നല്ല. ഉദാഹരണമായി, മതസംഘടനകള്‍ നടത്തുന്ന ആനുകാലികങ്ങളാണ് കോഴിക്കോട്ടു നിന്നിറങ്ങുന്നവയിലേറെയും.

ഇതേ സമയം, വിഷയവൈവിധ്യമുള്ള സര്‍ഗാത്മകവും ധൈഷണികവുമായ ഔന്നത്യത്തെ മുന്‍നിര്‍ത്തിയുള്ള ആനുകാലികങ്ങള്‍ തുലോം കുറവാണ്. ഗവേഷണ ജേര്‍ണലുകള്‍ ഇല്ലെന്നു തന്നെ പറയാം. കോഴിക്കോട്ടെ സന്പന്നമായ വായനാ സംസ്കാരത്തില്‍ ഇത്തരത്തിലുള്ള ആനുകാലികങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ചരിത്രം മറ്റൊന്നായേനെ.

എന്തു തന്നെയായാലും അര ഡസണ്‍ പത്രങ്ങളും പല രീതിയില്‍, പല രൂപത്തില്‍ മലയാളികളെ സ്വാധീനിക്കുന്ന നൂറുകണക്കിന് ആനുകാലികങ്ങളും കേരളത്തില്‍ നിന്ന് മുസ്ലിംകള്‍ പ്രസിദ്ധീകരിക്കുന്നുവെന്നത് (ഒരര്‍ത്ഥത്തില്‍) ഉയര്‍ന്ന സാക്ഷരതയുടേയും പ്രബുദ്ധതയുടേയും ദൃഷ്ടാന്തമാണ്. അതേ സമയം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ പരിതാപകരമാണെന്ന യാഥാര്‍ത്ഥ്യം വസ്തുനിഷ്ഠ കണക്കുകളുടെ അടിസ്ഥാനത്തില്‍ നുഐമാന്‍ ഈ കൃതിയില്‍ സമര്‍ത്ഥിക്കുന്നുണ്ട്. സിറ്റിസെന്‍ കെയിനിനെയും തേടി ഉറുദു മാധ്യമങ്ങള്‍ എന്ന ലേഖനത്തില്‍, ഉര്‍ദു പത്രങ്ങളുടെ ഇന്നത്തെ അവസ്ഥ വരച്ചു കാട്ടുന്നുണ്ട് ഗ്രന്ഥകാരന്‍. ഒരു പക്ഷേ, ഈ വിഷയമായി മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും നല്ല പഠനങ്ങളിലൊന്നാണിത്. ഉര്‍ദു ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട മികവു പുലര്‍ത്തിയിരുന്ന ഒട്ടേറെ പത്രങ്ങളും ആനുകാലികങ്ങളും ഒരു കാലത്തുണ്ടായിരുന്നു. നെഹ്റു അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചിരുന്ന പത്രങ്ങള്‍ പോലും അക്കൂട്ടത്തിലുണ്ട്. ഇത്തരം പത്ര പ്രസിദ്ധീകരണങ്ങളുടെ പതനം, കേവലം ഉറുദു ഭാഷയോടുള്ള പുതു തലമുറയുടെ പുറം തിരിഞ്ഞ സമീപനം കൊണ്ട് മാത്രം സംഭവിച്ചതല്ല. രാജ്യത്തെ മുസ്ലിംകളുടെ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക, വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി പഠനവിധേയമാക്കേണ്ട കാര്യം കൂടിയാണിത്. സാംസ്കാരിക മൂലധനം(ഈഹൗേൃമഹ ഇമുശമേഹ) എന്നത് സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ട കാര്യമാണല്ലോ. അതു കൊണ്ടു തന്നെ ഉറുദു പത്രങ്ങളുടെ തകര്‍ച്ചയെന്നത് മുസ്ലിംകളുടെ പിന്നോക്കാവസ്ഥയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യേണ്ടതുണ്ട്. ഉറുദു പത്രങ്ങളുടെ ഇന്നത്തെ അവസ്ഥ പഠനവിധേയമാക്കുന്ന ലേഖനം നുഐമാന്‍ അവസാനിപ്പിക്കുന്നത് ജെഫ്രിയുടെ അഭിപ്രായത്തോടു കൂടിയാണ് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം തകര്‍ച്ചയിലല്ല ഉറുദു പത്രങ്ങളെന്ന് തീര്‍ച്ചപ്പെടുത്താനായിട്ടില്ലെന്നാണ് ജെഫ്രി പറയുന്നത്. വരിസംഖ്യയില്‍ നിന്നു മാത്രം വരുമാനം കണ്ടെത്തുന്ന പല ഉറുദു പത്രങ്ങളും രാജ്യത്തുണ്ട്. മുസ്ലിംകള്‍ക്കിടയിലെ മധ്യവര്‍ഗവല്‍കരണത്തെ പ്രിന്‍റ് മുതലാളിത്തം ഇനിയും വേണ്ടത് പോലെ ഉപയോഗപ്പെടുത്തിയിട്ടില്ല എന്നും അതുകൊണ്ടുതന്നെ, ഒരു മര്‍ഡോക്കിന് ഉര്‍ദു മാധ്യമങ്ങളെ രക്ഷിക്കാന്‍ തീര്‍ച്ചയായും കഴിയും എന്നുമാണ് അദ്ദേഹത്തിന്‍റെ ശുഭാപ്തി വിശ്വാസം.

മര്‍ഡോക്ക് കാത്തു രക്ഷിക്കുന്ന ഉറുദു മാധ്യമലോകം എവ്വിധമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇന്ത്യയിലെ മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ എത്രമേല്‍ പ്രതിഫലിപ്പിക്കുവാന്‍ അതിനു കഴിയും? ഫലത്തില്‍, ലാഭകേന്ദ്രിതമായ മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായിരിക്കും അവയുടെ നിലപാടുകള്‍.

അതിഭീകരമായ പിന്നോക്കാവസ്ഥ നേരിടുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ സാമൂഹിക, വിദ്യാഭ്യാസ, സാന്പത്തികാവസ്ഥയെ മാറ്റിമറിച്ചാലേ പത്രങ്ങള്‍ അടക്കമുള്ള സാംസ്കാരിക മൂലധനങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുവാന്‍ സാധിക്കുകയുള്ളൂ.
മൂന്ന്

യുവ മാധ്യമ ഗവേഷകനായ നുഐമാന്‍ രിസാല വാരികയിലെ തന്‍റെ പംക്തിയില്‍ (സിഗ്നിഫയര്‍) പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മീഡിയേഷന്‍സ്. അതു കൊണ്ടു തന്നെ ഏതെങ്കിലും ഒറ്റ വിഷയത്തില്‍ ഒതുങ്ങുന്നതല്ല ഇതിലെ പ്രതിപാദ്യ വിഷയങ്ങള്‍. കേരളീയവും ദേശീയവും അന്തര്‍ദേശീയവുമായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളുടെ വിശിഷ്യാ മുസ്ലിം മീഡിയയുടെ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോവുന്നതും നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കുന്നതുമാണ് ഇതിലെ പല ലേഖനങ്ങളും. സൂക്ഷ്മതലത്തില്‍ പൊതുബോധം രൂപപ്പെടുത്തുന്നതും മുസ്ലിം മാധ്യമങ്ങള്‍ പോലും ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്നതുമെല്ലാം ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്.

ഈ പുസ്തകത്തിലെ വിഷയ വൈവിധ്യത്തെ സൗകര്യാര്‍ത്ഥം നാലായി തിരിക്കാവുന്നതാണ്. ഒന്ന്, കേരളത്തിലെ മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍, അവയുടെ സാധ്യതകളും പരിമിതികളും, ചരിത്രപരവും സമകാലീനവുമായ അതിന്‍റെ അവസ്ഥ, അവ ഇനിയും താണ്ടേണ്ട വഴികള്‍ തുടങ്ങി മലയാളീ മുസ്ലിമിന്‍റെ വായനാ സംസ്കാരം വരെ ഈ ഗണത്തില്‍ പെടുന്ന ലേഖനങ്ങള്‍ പഠനവിധേയമാക്കുന്നുണ്ട്.

രണ്ട്, ദേശീയമാധ്യമങ്ങളുടെ അവസ്ഥ, ദേശീയ തലത്തില്‍ മുസ്ലിം മാധ്യമ പ്രതിനിധാനങ്ങള്‍ തുടങ്ങി ഉര്‍ദു പത്രങ്ങള്‍ക്ക് ഇന്നു സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരവസ്ഥകള്‍ വരെ വിശകലനം ചെയ്യുന്നു.

മൂന്ന്, അന്തര്‍ദേശീയ തലത്തില്‍ മാധ്യമങ്ങളുടെ വിശിഷ്യാ, മുസ്ലിം മാധ്യമ ലോകത്തിന്‍റെ വര്‍ത്തമാനാവസ്ഥയെന്തെന്ന് അന്വേഷണ വിധേയമാക്കുന്നു. ഇറാഖീ മാധ്യമങ്ങള്‍ വൈവിധ്യവും സംഘര്‍ഷങ്ങളും, മാറുന്ന ജനാധിപത്യവും മാധ്യമാധിപത്യങ്ങളും എന്നീ പ്രബന്ധങ്ങള്‍ ഈ ഗണത്തില്‍ എടുത്തു പറയേണ്ടതാണ്.

നാല്, സൈബര്‍ ഇന്‍റര്‍നെറ്റ് ലോകവുമായി ബന്ധപ്പെട്ട മാധ്യമലോകം, നവമാധ്യമങ്ങള്‍ അതിലെ ഇസ്ലാം മുസ്ലിം പ്രാതിനിധ്യം, അതിന്‍റെ സാധ്യതകളും അതിനെ വെട്ടിച്ചുരുക്കുന്ന അവസ്ഥകളും ഇവയെല്ലാം വിശകലനം ചെയ്യുന്നു. ഇവ കൂടാതെ സമീപകാലത്തായി, നമ്മുടെ സമൂഹത്തിലും മാധ്യമ ലോകത്തും പിടിമുറുക്കിയ ഫാസിസ്റ്റ് വര്‍ഗീയ സവര്‍ണ മേല്‍കോയ്മയെയും ഇരയാക്കപ്പെടുന്ന നിസ്സഹായരേയും നിശിത വിശകലനത്തിലൂടെ മീഡിയേഷന്‍സ് പഠന വിധേയമാക്കുന്നു. അപനിര്‍മാണത്തിന്‍റെ അനന്തസാധ്യതകളെ വിശകലനോപാധിയാക്കുന്ന നുഐമാന്‍റെ രീതി പലപ്പോഴും നാം കാണാതെ പോകുന്നു. മാറ്റിനിര്‍ത്തുന്ന പലതിനേയും തിളക്കമാര്‍ന്ന വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. കാന്തപുരവും വിഎസ്സും യാഥാസ്ഥിതികതയുടെ കീഴ്മേല്‍ മറിച്ചിലുകള്‍ എന്ന ഒന്നാമത്തെ ലേഖനത്തില്‍ തന്നെ വിശകലനത്തിന്‍റെ സൂക്ഷ്മതലത്തിലേക്ക് പോകുവാനുള്ള നുഐമാന്‍റെ കഴിവ് പ്രകടമാണ്. തിരുകേശവിവാദം മലയാള മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും വിവാദമാക്കുകയും ചെയ്തതാണ് ഇതിലെ പ്രമേയം. വിഷയത്തേക്കാളേറെ വിഷയം അവതരിപ്പിച്ച രീതിയും അതിനുപയോഗിച്ച രീതിശാസ്ത്രവുമാണ് എന്നെ ആകര്‍ഷിച്ചത്. ലേഖനം തുടങ്ങുന്നതു തന്നെ ഇങ്ങനെ മറ്റൊരു തടിയന്‍റവിട നസീറിനെ പിടിച്ച പ്രതീതി ജനിപ്പിക്കുന്ന തരത്തിലായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ പൊതുവിലും ദൃശ്യമാധ്യമങ്ങള്‍ പ്രത്യേകിച്ചും എ.പി അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള, സുന്നികളിലെ ഒരു വിഭാഗം പ്രവാചകന്‍റേത് എന്നും മറ്റൊരു വിഭാഗം അല്ലെന്നും പ്രചരിപ്പിക്കുന്ന തിരുകേശത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ കൈകാര്യം ചെയ്തത്… തുടര്‍ന്ന് ലേഖകന്‍ വിഷയത്തിന്‍റെ അകക്കാന്പിലേക്ക് ഇറങ്ങിപ്പോകുന്ന രീതി വായനക്കാരെ പിടിച്ചുനിര്‍ത്തി തുടര്‍വായനക്ക് പ്രേരിപ്പിക്കുന്നതാണ്.

നുഐമാന്‍ വേണ്ടത്ര പറയാതെപോയ ഒരു കാര്യം അനുബന്ധമായി സൂചിപ്പിക്കട്ടെ, ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടക്ക് മുഖ്യധാരായ്ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്. രാഷ്ട്രീയമെന്നോ കര്‍മശാസ്ത്രമെന്നോ അന്തരമില്ലാതെ. അതിന്‍റെ ലളിതമായ യുക്തി ഇതാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയടക്കം വായനക്കാരില്‍ നല്ലൊരു ശതമാനം മുസ്ലിംകളാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ മുസ്ലിം യുവതയാണ്. അതിനാല്‍ ഒരു ലക്കത്തില്‍ ഒരു ലേഖനമെങ്കിലും ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മാറ്റിവെക്കുന്ന മുഖ്യധാരാ മാസികകളുണ്ട്. ഒരു സ്വദേശീ മുസ്ലിമിന്‍റെ ലേഖനം കിട്ടിയില്ലെങ്കില്‍ ഒരു വിദേശീ എഴുത്തുകാരന്‍റെ പരിഭാഷയെങ്കിലും ഉള്‍പ്പെടുത്തും. മൗത്ത് പബ്ലിസിറ്റിയിലൂടെ മുസ്ലിം വായനക്കാര്‍ പ്രസ്തുത ലേഖനം വായിക്കുവാനായി മാസിക വാങ്ങുമെന്നാണ് സുഹൃത്തുകൂടിയായ പത്രാധിപര്‍ തമാശ രൂപേണ ഒരിക്കല്‍ പറഞ്ഞത്. രസകരമായ കാര്യം, വായനാ സമൂഹത്തെ തിരിച്ചറിയുവാനുള്ള ഉപാധികളിലൊന്ന് വായനക്കാര്‍ പത്രാധിപര്‍ക്കെഴുതുന്ന കത്തുകളാണ്.

അടുത്തകാലത്തായി നവമാധ്യമങ്ങളിലെ സജീവസാന്നിധ്യമായി മാറിയ സമൂഹമാണ് കേരളീയ മുസ്ലിംകള്‍. സ്റ്റേജിലും പേജിലും തുടര്‍ന്നിരുന്ന സംവാദങ്ങളും ആശയ സംഘട്ടനങ്ങളും ഇപ്പോള്‍ തകൃതിയായി അരങ്ങേറുന്നത് സൈബര്‍ ലോകത്താണ്. നുഐമാന്‍ സൂചിപ്പിച്ച പോലെ കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലെ കര്‍മശാസ്ത്രപരവും സംഘടനാപരവുമായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ കൊണ്ടും തര്‍ക്ക വിതര്‍ക്കങ്ങളെ കൊണ്ടും ശബ്ദമുഖരിതമാണ് സൈബര്‍ ലോകം. ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ അതിന്‍റെ മികച്ച ദൃഷ്ടാന്തമാണ്. അതേ സമയം ഇസ്ലാമിക വിഷയങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്ന ഇടങ്ങളും ഇന്ന് ഒട്ടേറെയാണ്. സൈബര്‍ ലോകത്തിന്‍റെ അനന്ത സാധ്യതകള്‍ ഉപയോഗിച്ച് ഭരണകൂടങ്ങളെപ്പോലും അട്ടിമറിക്കാമെന്നും വിപ്ലവങ്ങള്‍ നടത്താമെന്നും മധ്യേഷ്യന്‍ രാജ്യങ്ങളിലെ യുവത തെളിയിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ ഏറെ സാധ്യതകളുള്ള സൈബര്‍ നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ മലയാളികള്‍ വിജയിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഫേസ്ബുക്ക് അടക്കമുള്ള പോപ്പുലര്‍ നവമാധ്യമങ്ങള്‍ കൊച്ചു കൊച്ചു മാഞ്ഞാലം പറച്ചിലുകളുടെ രംഗവേദിയായി തുടരുകയാണ്.

അതേ സമയം, ഓണ്‍ലൈന്‍ മുസ്ലിമിനെ വിശകലനം ചെയ്യുന്ന ചില പഠനങ്ങളുടെ അവസ്ഥ/ പരിമിതി എന്തെന്ന് ഗ്രന്ഥകാരന്‍ തുറന്നു കാട്ടുന്നുണ്ട്. ഓണ്‍ലൈന്‍ മുസ്ലിംകള്‍ സുരക്ഷാ പ്രശ്നമാകുന്പോള്‍? എന്ന ലേഖനത്തില്‍. അതിന്‍റെ തുടക്കം ഇങ്ങനെ വിവിധ മുസ്ലിം തീവ്രവാദ സംഘടനകള്‍ അവരുടെ അക്രമാസക്തരായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കുന്നതിന് വേണ്ടി എങ്ങനെയാണ് പുതിയ വിവര സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തുന്നത് എന്ന ചോദ്യത്തെ ആസ്പദമാക്കിയാണ് 2001 സപ്തംബര്‍ പതിനൊന്നിന് ശേഷമുള്ള ഒട്ടുമിക്ക മാധ്യമ പഠനങ്ങളും മുസ്ലിംകളുടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ചിട്ടപ്പെടുത്തിയത്. തീവ്രവാദ സംഘടനകള്‍ വിവിധ ഓപ്പറേഷനുവേണ്ടി നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതെങ്ങനെയെന്നും, അതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എങ്ങനെയെന്നുമുള്ള വിവരങ്ങള്‍ തീവ്രവാദി അക്രമങ്ങളെ കുറിച്ചുള്ള അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളിലേയും പ്രധാനപ്പെട്ട ഒരു ഭാഗമായി കഴിഞ്ഞിട്ടുണ്ട്. നുഐമാന്‍ പറഞ്ഞ കാര്യങ്ങളുടെ ഭാഗമാണ് കേരളത്തിലെ ഇമെയില്‍ വിവാദം.

ഈ പുസ്തകം ഇനിയും തുടരേണ്ട മാധ്യമ വിമര്‍ശനത്തിന്‍റെയും വിശകലനത്തിന്‍റെയും തുടക്കത്തിന്‍റെ തുടക്കമാണ്. മുസ്ലിംപക്ഷത്തു നിന്നുള്ള ഇത്തരം വിമര്‍ശനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ മലയാളത്തില്‍ ഏറെയൊന്നും ഉണ്ടായിട്ടില്ല. ബഹുസ്വര സമൂഹത്തില്‍ അരികുവത്കരണ ത്തിന് വിധേയമാകുന്ന, നാവില്ലാതായി പോകുന്ന മുഴുവന്‍ സമൂഹങ്ങളില്‍ നിന്നും ഇത്തരം അന്വേഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെ മുപ്പത്തിയാറ് ആദിവാസി വിഭാഗത്തില്‍ നിന്ന് മാധ്യമങ്ങളോ മാധ്യമ പ്രവര്‍ത്തകരോ ഇതുവരെ ഉണ്ടായിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ലളിതമായി പറഞ്ഞാല്‍, പത്ര ചാനലുകള്‍ നടത്തി ലാഭം കൊയ്യുന്നതിനെപ്പറ്റിയല്ല, ഒരു ജനതയുടെ കണ്ണും കാതുമായി മാറേണ്ട മാധ്യമ മേഖലയെപ്പറ്റി കൂടുതല്‍ ആലോചിക്കുവാനുള്ള, അതിന്‍റെ അനന്ത സാധ്യതകളെ കണ്ടെത്തുവാനുള്ള അന്വേഷണത്തിന് തുടക്കം കുറിക്കുവാന്‍ മീഡിയേഷന്‍സ് പ്രചോദനമാകേണ്ടതുണ്ട്.

ഡോ. അസീസ് തരുവണ

You must be logged in to post a comment Login