ഏതു ഭാഷയിലാവട്ടെ കാര്യങ്ങള്‍ നേരെ ചൊവ്വെ തുറന്നു പറയുന്നതല്ല കവിത പ്രാസമൊപ്പിച്ച് കുറെ പദങ്ങള്‍ വിന്യസിച്ചത് കൊണ്ടും കവിതയാവില്ല കവികള്‍ ഭാവനകള്‍ വിളന്പുന്നവരാണ് സ്വപ്നങ്ങള്‍ വില്‍ക്കുന്നവരാണ് ഉര്‍ദുവില്‍ സപ്നോ കാ സൗദാഗര്‍’ എന്ന് പറയും യാതൊരു ലുബ്ധുമില്ലാതെ ഭാവനയെ കെട്ടഴിച്ചു വിടുന്ന അവതരണവും പദങ്ങളിലെ കൃത്യതയുമാണ് ഒരു കവിയുടെ കഴിവിന്റെ അളവുകോല്‍ പൂര്‍വകാല അറബികള്‍ക്ക് കവിതയിലുണ്ടായിരുന്ന അഭിരുചി പ്രസിദ്ധമാണ് അവരെപ്പോലെ കാവ്യാഭിരുചിയുള്ള മറ്റൊരു സമൂഹം ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
കവിതയില്‍ അഭിരുചിയും ആസ്വാദന ശക്തിയുമുള്ളവര്ക്കേ ആ പുഷ്പമഞ്ജരിയുടെ സൗന്ദര്യം ആസ്വദിക്കാനാവൂ കാവ്യവാസന ഒരളവോളം നൈസര്‍ഗികമാണ് കഠിനാധ്വാനത്തിലൂടെ അത് പോഷിപ്പിക്കാം പക്ഷേ ഉണ്ടാക്കിയെടുക്കാനാവില്ല സമൃദ്ധമായ പദസഞ്ചയ (ഢീരമയൗഹമൃ്യ)ത്തോടൊപ്പം ഭാവനയുടെ സൂക്ഷ്മതയെ കൃത്യമായി മനസ്സിലാക്കുന്നവര്‍ക്കേ ഒരു കവിതയെ അതിന്റെ രസച്ചരട്’ പൊട്ടാതെ സമര്‍ത്ഥമായി പറഞ്ഞവസാനിപ്പിക്കാനാവൂ ചാരുതയാര്‍ന്ന മോഹനകാവ്യങ്ങളിലൂടെ അറബ് സാഹിത്യത്തിലെ മഹാരാജാക്കന്മാരും റോള്മോഡലുകളുമായ ഇംറുല്ഖൈസും ലബീദും ഫറസ്ദഖുമൊക്കെ ഇവിടെയാണ് വിജയിച്ചത് അവര്‍ മനുഷ്യരോടെന്ന പോലെ മരുഭൂമിയോടും നക്ഷത്രങ്ങളോടും മാന്പേടയോടും പൂന്പാറ്റയോടും പൂക്കളോടും സംസാരിച്ചു
ലൈലായ മിന്കുന്ന അം ലൈലാ മിനല്‍ ബശരി? എന്നു മാന്‍പേടയോട് ചോദിക്കുന്പോഴും ഉഖബ്ബിലു ദല്ജിറാദ വദല്ജിദാറ! എന്നു പാടി സ്നേഹഭാമിനിയായ ലൈലയില്‍ ലയിക്കുന്പോഴും ഹാദല്ലദീ യഅ്രിഫുല്ബത്വ്ഹാഉ വത്വ്അതഹു എന്നു പരിചയപ്പെടുത്തുന്പോഴുമൊക്കെ ആ ശൈലി പ്രകടമാണ്.
ഭാഷയുടെ തന്പുരാക്കന്മാരായ കവികള്‍ നേരിടുന്ന വെല്ലുവിളി ഒട്ടും ചെറുതല്ല ഭാഷയില്‍ അവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ (അറബിയില്‍ ളറൂറത്’ എന്ന ആനുകൂല്യം) അനുവദിക്കപ്പെട്ടതിന്റെ പശ്ചാത്തലം അതാണ് പ്രാമാണികരായ കവികള്‍ക്ക് ഭാഷയിലെ പതിവുരീതികളെ പൊളിച്ചെഴുതാന്‍ മാത്രമല്ല പുതിയ പദങ്ങള്‍ സൃഷ്ടിക്കാന്‍ പോലും മറ്റാരുടേയും അനുമതിക്ക് കാക്കേണ്ടതില്ല അറബിയിലെ ഇംറുല്ഖൈസും പേര്‍ഷ്യനിലെ ജലാലുദ്ദീന്‍ റൂമിയും മലയാളത്തിലെ കുഞ്ചന്‍ നന്പ്യാരുമൊക്കെ കവിതയുമായി കുതിച്ചോടുന്പോള് ഭാഷ അവര്‍ക്കു പിന്നാലെ ഓടുകയായിരുന്നു അവരുടെ വാക്കാണ് ആധികാരികം അവരുടെ പ്രയോഗമാണ് ഭാഷാനിയമം.
അറേബ്യന്‍ കാവ്യനിയമങ്ങള്‍ മുഴുവന്‍ മേളിച്ച അനശ്വരവരികളിലൂടെ അറബിക്കവിതയുടെ ആധുനിക മുഖമായിരുന്ന മൗലാനാ തിരൂരങ്ങാടി ബാപ്പു മുസ്ലിയാര് തന്റെ 85ാം വയസില്‍ (2014 ഓഗസ്റ്റ് 21ന്) നമ്മെ വിട്ടുപിരിഞ്ഞത് ഇനി പെട്ടെന്നാര്‍ക്കും പ്രാപിക്കാനാവാത്ത വലിയൊരു സിംഹാസനം ശൂന്യമാക്കിയാണ് കവിതയുടെ സാധ്യതകളെ നൂറുശതമാനവും ഉപയോഗപ്പെടുത്തിയതാണ് ഉസ്താദിന്റെ വിജയം വയലാര്‍ രാമവര്‍മയുടെ ഭാഷയില്‍ പറഞ്ഞാല്‍ വിഷയവ്യത്യാസമനുസരിച്ച് പദങ്ങളെ റോസാദളങ്ങളാക്കാനും മൂര്‍ച്ചയേറിയ കുപ്പിച്ചില്ലുകളാക്കാനും അപൂര്‍വസിദ്ധിയുള്ള അറബി കാവ്യസാമ്രാട്ട് ഇന്നും ഉസ്താദിന്റെ വരികള്‍ സ്വന്തം സന്പാദ്യം പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ധാരാളം മധുര മനോഹരവും ഭാവനാ സന്പന്നവുമായ ഉസ്താദിന്റെ സൃഷ്ടികളെ വിലയിരുത്തുവാനും ആസ്വദിക്കുവാനും അറബി ഭാഷയില്‍ നല്ല പിടിപാടും ആസ്വാദന ശക്തിയും ആവശ്യമാണ് അറബി കാവ്യസാഹിത്യത്തിന്റെ മൂര്‍ച്ചയും മാധുര്യവും എത്രയാണെന്ന് വര്‍ത്തമാന കാലത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് ഉസ്താദിന്റെ പ്രത്യേകത അറബിക്കവിതയില്‍ എന്ത് സംശയമുണ്ടെങ്കിലും അതിന്റെ ആയുസ് ബാപ്പു ഉസ്താദിനെ കാണുന്നത് വരെയെന്ന ധാരണ ഇനി മിഥ്യയാണ് ഇല്ല ഉസ്താദിന് ഒരിക്കലും ബദലില്ല ഇംറുല്‍ഖൈസ് തുടങ്ങി പ്രാമാണിക അറബിക്കവികളുടെ പ്രയോഗങ്ങളും അലങ്കാരങ്ങളും അവരുടെ നൂറുക്കണക്കിന് വരികളും ഇരുന്ന ഇരുപ്പില്‍ നിന്നുദ്ധരിക്കാന്‍ മെമ്മറിപവറുള്ള’ മറ്റൊരു ബാപ്പു മുസ്ലിയാര് ഇനി മലയാളത്തിലില്ല മാ അദ്റാക മന് അസദുല്ലാ?’ എന്നു ചോദിച്ച് ഹംസ (റ)നെ പരിചയപ്പെടുത്താനും തന്റെ അഭിവന്ദ്യ ഗുരുനാഥന് വെല്ലൂര്‍ അബൂബക്ര് ഹള്റതിനെയും അദ്ദേഹം വഹിച്ച ബാഖിയാത് പ്രിന്‍സിപ്പല്‍ പദവിയെയും പ്രശംസിച്ച് ഹാദാ അബൂബകരിന് വതില്‍ക ഖിലാഫതുന്‍’ എന്ന അലങ്കാരപ്രയോഗം കണ്ടെത്താനും ഇനി പെട്ടെന്നാര്‍ക്കും കഴിയില്ല ഉസ്താദ് എഴുതിയ ഓരോ അനുശോചന കവിതകളും (മര്സിയ) നോക്കൂ അവ വായിച്ചു തീരുന്പോള് കണ്ണുകള്‍ നിറഞ്ഞു തുളുന്പും അത്രയ്ക്കു ഹൃദയത്തെ അലിയിക്കാന്‍ ആ കവിതകള്‍ക്കു ശക്തിയുണ്ട് സന്തോഷവും സങ്കടവും ഭക്തിയും ശക്തിയും വഴിഞ്ഞൊഴുകുന്ന ഭാവനാ സന്പന്നമായ ആ വരികള്‍ ഇനി നാം കേള്‍ക്കില്ല.
ഇന്ത്യകണ്ട അതുല്യനായ ചിത്രകാരന് രാജാരവിവര്‍മയെ ചിത്രകാരന്മാരിലെ രാജാവ് രാജാക്കന്മാരിലെ ചിത്രകാരന് എന്നു വിശേഷിപ്പിക്കാറുള്ളതുപോലെ ബാപ്പു ഉസ്താദിനെ പണ്ഡിതന്മാര്ക്കിടയിലെ കവി കവികള്‍ക്കിടയിലെ പണ്ഡിതന് എന്നു വിശേഷിപ്പിക്കാം ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധ സര്‍വകലാശാലയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു)യുടെ അറബി വിഭാഗത്തില്‍ ഉസ്താദിന്റെ കവിതകളെക്കുറിച്ച് ഗവേഷണ പഠനം നടന്നത് ശ്രദ്ധേയമാണ്.
സമസ്ത’യുടെ ആദ്യകാല സെക്രട്ടറി മര്‍ഹൂം പറവണ്ണ കെ പി എ മുഹ്യിദ്ദീന്‍കുട്ടി മുസ്ലിയാരുടെ മകനും ഈജിപ്ത് ജാമിഉല്അസ്ഹറില് ദീര്‍ഘകാലം പഠിച്ച് ബിരുദം നേടി പിന്നീട് നൈജീരിയയില്‍ ജോലിയും ചെയ്തിരുന്ന മൗലവി ബശീര്‍ അഹ്മദ് അസ്ഹരി (മരണം 2005 ജൂണ്‍ 25) ബാപ്പു ഉസ്താദിന്റെ അടുത്ത സുഹൃത്തായിരുന്നു അവര്‍ പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ ഒരേ കാലത്ത് സീനിയര്‍ ജൂനിയര്‍ വ്യത്യാസത്തില്‍ പഠിച്ചവരാണ് അറേബ്യയിലെ ഒട്ടുമിക്ക സാഹിത്യകാരന്മാരെയും നയതന്ത്രജ്ഞന്മാരെയും അദ്ദേഹത്തിന് നേരിട്ട് പരിചയമായിരുന്നു 1987ല്‍ അറബ് സാഹിത്യത്തില്‍ നോബേല്‍ സമ്മാനം ലഭിച്ച ഈജിപ്തിലെ നജീബ് മഹ്ഫൂളും എ്യെരാഷ്ട്ര സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബുത്രൂസ് ബുത്രൂസ് ഗാലിയും അവരില്‍പ്പെടും ഞാന്‍ തലക്കടത്തൂരില് ബാപ്പു ഉസ്താദിന്റെ ദര്സില് പഠിക്കുന്പോള്‍ ബശീര്‍ അസ്ഹരി ഉസ്താദിനെ സന്ദര്‍ശിക്കാനെത്തി ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം മലയാളത്തേക്കാള്‍ കൂടുതല്‍ ഒഴുക്കന്‍ അറബിയിലാണ് ഉസ്താദുമായി സംസാരിച്ചത് ഫലസ്തീന് പ്രശ്നത്തിന് പരിഹാരം നിര്‍ദേശിച്ച് സൗദിയിലെ റാബിത്വ’ തയാറാക്കിയ ഫോര്‍മുല മാര്‍പ്പാപ്പയുമായി ചര്‍ച്ചചെയ്യാന്‍ വത്തിക്കാന്‍ സന്ദര്‍ശിച്ച പ്രതിനിധി സംഘത്തില്‍ അദ്ദേഹം പോയതും മാര്‍പ്പാപ്പയെ കണ്ടതും മറ്റും വിവരിച്ചു പള്ളിയില്‍ വെച്ച് ഞങ്ങള്‍ മൂന്നുപേരും ഉച്ചഭക്ഷണം കഴിക്കുന്പോള്‍ അദ്ദേഹത്തിന്റെ ചില വീക്ഷണങ്ങളോട് ഉസ്താദ് വിയോജിച്ചതും ഓര്‍ക്കുന്നു ഭക്ഷണം കഴിച്ച് ബശീര്‍ അസ്ഹരി ഉസ്താദിനോട് ചോദിച്ചു നിങ്ങളുടെ പുതിയ കവിതകള്‍ വല്ലതുമുണ്ടോ? ഉസ്താദ് ചില കവിതകള്‍ കാണിച്ചു അത് സൂക്ഷിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിങ്ങളെങ്ങാനും ഈജിപ്തിലാണെങ്കില്‍ അഹ്മദ് ശൗഖിയുടെ അമീറുശ്ശുഅറാ’ പട്ടം നിങ്ങള്‍ക്കു ലഭിച്ചേനെ! സൈന്‍! ഈ വരികള്‍ക്കു മുന്പില് ശൗഖിയ്യാത്ത് ഒന്നുമല്ല” ഇമാം അബൂഹനീഫ(റ)യുടെ നുഅ്മാനിയ്യ കാവ്യത്തിന് ഉസ്താദ് എഴുതിയ സുദീര്‍ഘമായ തഖ്മീസ് നോക്കിയാണ് ബശീര്‍ അസ്ഹരി ഇപ്പറഞ്ഞത്.
26 വര്‍ഷം മുന്‍പ് ഉസ്താദ് ഞങ്ങള്‍ക്ക് ജംഉല്‍ജവാമിഅ്’ ആവേശത്തോടെ ക്ലാസെടുക്കുകയാണ് ഒന്നാം വാല്യം 265ാം പേജില്‍ പദങ്ങളും (ലഫ്ള്) അവയുടെ അര്‍ത്ഥവും (മഅ്നാ) സംബന്ധിച്ച ചര്‍ച്ചയില്‍ വലാ യുശ്തറത്വു മുനാസബതുല്ലഫ്ളി ലില്മഅ്നാ’ എന്നു തുടങ്ങുന്ന ഇബാറതില്‍ മലയാളത്തില്‍ കൃത്യമായി എഴുതാന്‍ കഴിയാത്ത ആള്ഗാഗ്’ എന്ന പദത്തെക്കുറിച്ച് വിശദീകരിച്ച് ഉസ്താദ് വേറെ വിഷയത്തിലേക്ക് കടന്നു അക്കാലത്ത് ഞാന്‍ ഉസ്താദില്‍ നിന്ന് ഇശാ കഴിഞ്ഞ് ബാനത് സുആദ് ബുര്‍ദ റസാനത് വെല്ലൂര്‍ അബൂബകര്‍ ഹള്റത4ിനെക്കുറിച്ച് ഉസ്താദ് രചിച്ച മര്സിയത് എന്നീ കവിതകള്‍ പഠിക്കുന്നുണ്ട് അവ കൃത്യമായി എഴുതി ഇന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട് അന്ന് രാത്രി എനിക്ക് കവിത ക്ലാസെടുക്കുന്പോള്‍ കവിതയായിരുന്നില്ല വിഷയം അന്ന് ജംഉല്ജവാമിഇല്പറഞ്ഞ ലഫ്ളും മഅ്നയും തമ്മിലുള്ള ബന്ധമായിരുന്നു നാലു രാത്രികള്‍ നീണ്ട ആ ചര്‍ച്ചയില്‍ നിന്നാണ് ഉസ്താദിന്റെ അറബി ഭാഷാ നൈപുണ്യം ഞാന്‍ ഗ്രഹിച്ചത് മനസ്സിലുള്ള ആശയം അതിന്റെ മൂല്യം ചോരാതെ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ അറബി ഭാഷയോടൊപ്പം നില്ക്കുന്ന മറ്റൊരു ഭാഷയും ഇല്ലെന്ന് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ ഉസ്താദ് ബോധ്യപ്പെടുത്തി അത് ഖുര്‍ആന്റെ ഭാഷയുടെ പ്രത്യേകത കൂടിയാണെന്നാണ് ഉസ്താദിന്റെ കണ്ടെത്തല്‍ പ്രേമം അഥവാ അനുരാഗത്തിന് അറബിയില്‍ ഉപയോഗിക്കുന്ന ഇശ്ഖ് എന്ന പദം നോക്കൂ എന്തൊരു മധുരം! പദവും അര്‍ത്ഥവും തമ്മില്‍ എന്തെന്നില്ലാത്ത ബന്ധം അനുരാഗത്തിന് ഇശ്ഖിനേക്കാള് യോജിച്ച വേറൊരു പദം മറ്റൊരു ഭാഷയിലും കാണില്ല അറബി ഭാഷയ്ക്ക് ബദലില്ല മറ്റൊരു ഭാഷയോടും അതിന് പ്രത്യേക കടപ്പാടുമില്ല ഉര്‍ദു പണ്ഡിതന് കൂടിയായ ഉസ്താദ് തുടര്‍ന്നു ഉര്‍ദുവില്‍ നിരന്തരം കവിതകള്‍ എഴുതിയ അല്ലാമാ ഇഖ്ബാലിന് തന്റെ ദാര്‍ശനിക സത്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉര്‍ദു ഭാഷ പോരാതെ വന്ന സാഹചര്യത്തിലാണ് ഉര്‍ദുവിനേക്കാള്‍ ശക്തമായ പേര്‍ഷ്യന്‍ ഭാഷയില്‍ അസ്റാറെ ഖുദീ റുമൂസെ ബേഖുദീ എന്നീ കവിതകള്‍ എഴുതേണ്ടി വന്നത് മനുഷ്യന്റെ ഉന്നത വ്യക്തിത്വത്തിന്റെ തനിനിറമാണ് അവയില്‍ ഇഖ്ബാല്‍ വരച്ചുകാട്ടുന്നത് അദ്ദേഹത്തിന് അറബി ഭാഷയില്‍ നൈപുണ്യമുണ്ടായിരുന്നെങ്കില് അദ്ദേഹത്തിന്റെ മുഴുവന്‍ കവിതകളും ആ ഭാഷയിലായേനെ!.
90ല്‍പ്പരം വ്യാഖ്യാനങ്ങളുളള ബുര്‍ദ’ ക്ലാസെടുക്കുന്പോള്‍ ഇമാം ബൂസൂരി(റ)യെപ്പറ്റിയും ആ കവിതയെപ്പറ്റിയും ധാരാളം വിശദീകരിച്ചിട്ടുണ്ട് മന്ഖൂസ്’ മൗലിദിനെക്കുറിച്ച് സംസാരിക്കവെ ഉസ്താദ് പറഞ്ഞു നൂറുക്കണക്കിന് ഔലിയാക്കള്‍ ചൊല്ലിയ മൗലൂദാണത് അതു തന്നെയാണ് അതിന്റെ മഹത്വവും മേന്മയും സാഹിത്യത്തേക്കാള്‍ അതിന്റെ ബര്കതാണ് നാം പരിഗണിക്കേണ്ടത് എന്തിനേറെ മന്ഖൂസിന്റെ അവസാനത്തില്‍ ചേര്‍ത്ത ദൂആപോലും നിസ്സാരമാക്കരുത് അതും ധാരാളം മഹാന്മാര് പ്രാര്‍ത്ഥിച്ച ആത്മീയ ഔഷധമാണ്.
ഉസ്താദിന്റെ കവിതയില്‍ ആരെങ്കിലും തിരുത്ത് നിര്‍ദേശിച്ചതായി എന്നോട് പറഞ്ഞിട്ടില്ല പക്ഷേ ഒരു കാര്യം പറഞ്ഞിട്ടുണ്ട് അത് മര്‍ഹൂം വണ്ടൂര്‍ സദഖതുല്ലാ മൗലവി (നമ)യെക്കുറിച്ചാണ് ഉസ്താദിന്റെ വലിയ അമ്മാവന്റെ അടുത്ത സുഹൃത്തായ സദഖതുല്ലാ മൗലവി ഏകദേശം അറുപത് വര്‍ഷം മുന്‍പ് തിരൂരങ്ങാടിയില്‍ ഉസ്താദിന്റെ മേലാത്ത് തറവാട്ടില്‍ വന്നു അന്ന് യുവാവായിരിക്കെ ഉസ്താദ് രചിച്ച ഒരു കവിത സൂക്ഷിച്ചു വായിച്ച ശേഷം സദഖത്തുല്ലാ മൗലവി പറഞ്ഞു ബാപ്പൂ ഗദ്യവും പദ്യവുമൊക്കെ ശുഭകരമായ പദങ്ങളെക്കൊണ്ട് അവസാനിപ്പിക്കണം തീര്‍ന്നു അവസാനിച്ചു സമാപിച്ചു എന്നര്‍ത്ഥം വരുന്ന പദങ്ങളെക്കൊണ്ട് അവസാനിപ്പിക്കരുത്” ആ ഉപദേശം ഉസ്താദ് ലംഘിച്ചിട്ടേയില്ല ഉസ്താദിന് അറബി അക്ഷരങ്ങളില്‍ ഏറ്റവും പ്രിയം മീം’ ആയിരുന്നു മീം’ സ്നേഹമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്നേഹം ഉമ്മ അഥവാ മാതാവാണ് ഉമ്മയേക്കാള്‍ വലിയ സ്നേഹമില്ല ലോകത്തെ ഏതു ഭാഷയെടുത്താലും മാതാവിന് ഉപയോഗിക്കുന്ന പദത്തില്‍ മ’ ഉണ്ടാകും ഉമ്മും ഉമ്മയും മമ്മിയും അമ്മയും അമ്മച്ചിയും ഉമ്മച്ചിയും മദറും തുടങ്ങിയ ഉദാഹരണങ്ങള്‍ ധാരാളം.
നബി സ്നേഹം വഴിഞ്ഞൊഴുകുന്ന ബുര്‍ദ’ ക്ലാസെടുക്കുന്പോള്‍ ഉസ്താദ് ഒരു കാര്യം സൂചിപ്പിച്ചു ഇത് മദ്ഹുറസൂല്‍ (സ) ആണ് ഇതിനൊരു മറുവശമുണ്ട് അത് അല്ലാഹുവിനോടുള്ള ആദമ്യമായ സ്നേഹമാണ് അതാണ് സൂഫീ കവിതകളിലെ പ്രമേയം പ്രസിദ്ധ പേര്‍ഷ്യന്‍ സൂഫീകവി മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ മസ്നവിയും മറ്റും കുറെ മനഃപാഠമുള്ള ഉസ്താദ് ഇടക്കിടെ അവ ഉദ്ധരിക്കും സംസ്കാരങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കുമപ്പുറത്തേക്ക് പരന്നൊഴുകുന്ന മഹാ സമുദ്രമായിട്ടാണ് സൂഫീകവിതകളെ ഉസ്താദ് പരിചയപ്പെടുത്തിയത് സാധാരണക്കാര്‍ക്ക് അത് ഗ്രഹിക്കാന്‍ പ്രയാസമാണ് ആത്മീയാനുരാഗത്തെ സംബന്ധിച്ചും പരാശക്തിയുടെ (അല്ലാഹു) അനുഭൂതിയെ സംബന്ധിച്ചുമാണ് അവര്‍ പാടുന്നത് റൂമിയുടെ പ്രസിദ്ധമായ ഒരു പേര്‍ഷ്യന്‍ വരി നോക്കൂ.
ശാഇരീ ഗോയം ബഹ് അസ് ആബേഹയാത്’
അര്‍ത്ഥം ആബേഹയാത് അഥവാ അമൃതിനേക്കാള്‍ നല്ല കവിതയാണ് ഞാന്‍ പാടുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പിന്തിരിഞ്ഞു നോക്കുന്പോള്‍ ഉസ്താദില്‍ നിന്ന് ചില കവിതകള്‍ പഠിക്കണമെന്ന തീരുമാനമെടുത്ത നിമിഷം ജീവിതത്തിലെ ഏറ്റവും അനുഗ്രഹീത നിമിഷങ്ങളിലൊന്നായി ഞാന്‍ തിരിച്ചറിയുന്നു എത്ര ചൂട് പിടിച്ച സംശയവും ഉസ്താദിന്റെ സന്നിധിയിലെത്തുന്പോള് ഇളംകാറ്റുപോലെ ശാന്തമാകുന്നതും ഓര്‍ക്കുന്നു ജനിച്ചുവീണ ഉടനെയുള്ള കുഞ്ഞിന്റെ നിഷ്കളങ്കത നിറഞ്ഞ ഉസ്താദിന്റെ മുഖം നോക്കി ഓരോ സംശയങ്ങള്‍ ചോദിക്കുന്പോള്‍ ഉസ്താദിന്റെ പുഞ്ചിരിയില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ സ്നേഹവും നൈര്‍മല്യവും വിരിയുന്നതും ഞാന്‍ കാണുന്നു.
ഒ പി എം സയ്യിദ് മുത്തുക്കോയ തങ്ങള്‍
മലപ്പുറം ഖാസി
You must be logged in to post a comment Login