നബിതിരുമേനി(സ) ജീവിച്ചിരുന്നുവെങ്കിൽ ഇന്നത്തെ ലോകത്തിന്റെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിച്ചേനെ എന്ന് നെപ്പോളിയൻ ബോണാപാർട് ( 1769-1821 ) പറഞ്ഞത് രണ്ടുനൂറ്റാണ്ട് മുമ്പാണ്. ഇന്നത്തെ പോലെ ഇസ്‌ലാമിനെ കുറിച്ചോ തിരുനബി മാഹാത്മ്യത്തെ കുറിച്ചോ യൂറോപ്പിന് ധാരണയോ ബോധ്യമോ ഇല്ലാത്ത ഒരു കാലഘട്ടത്തിൽ. മൈക്കൽ ഹാർട്ട് ലോകത്തിന്റെ ഗതി നിർണയിച്ച നൂറ് വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്തപ്പോൾ പ്രഥമ സ്ഥാനം നബിതിരുമേനിക്ക് നൽകിയത് വ്യക്തമായ കാരണങ്ങൾ നിരത്തിയാണ്. മുത്തു നബിയെ പോലെ മാനവകുലത്തിന്മേൽ സ്വാധീനം ചെലുത്തിയ മറ്റൊരു നേതാവിനെ തന്റെ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഭൗതികവും ആത്മീയവുമായ മണ്ഡലങ്ങളിൽ ഒരുപോലെ തിളങ്ങാൻ സാധിച്ച മറ്റൊരു നേതാവിനെ കാണാൻ കഴിയില്ലെന്ന് മൈക്കൾ ഹാർട്ട് അടിവരയിട്ടപ്പോൾ അദ്ദേഹത്തിന് ലോകത്തോട് ഒരു സത്യം വിളിച്ചുപറയാതിരിക്കാൻ കഴിഞ്ഞില്ല; വർത്തമാനകാല ലോകം മൈക്കൾ ഹാർട്ടിന്റെ നിരീക്ഷത്തോട് പൂർണമായി യോജിക്കുമോ എന്ന് സംശയമാണ്. അത്തരക്കാരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാരണം, ഒരു മതം എന്ന നിലയിൽ ഇസ്‌ലാം മാത്രമല്ല, വിശുദ്ധ ഖുർആനും നബിതിരുമേനിയുമെല്ലാം ഇന്ന് ലോകത്തിനു മുന്നിൽ വിചാരണ ചെയ്യപ്പെടുകയാണ്. അത്തരമൊരു വിചാരണ അനിവാര്യമാക്കുന്ന തരത്തിലുള്ള അന്തരീക്ഷമാണ് ഇസ്‌ലാംവിരുദ്ധർ സൃഷ്ടിച്ചുവെച്ചിരിക്കുന്നത്. തുറന്ന മനസ്സോടെയല്ല നമ്മുടെ കാലഘട്ടം നബിതിരുമേനിയുടെ വ്യക്തിത്വത്തെ പോലും പരിശോധിക്കുന്നത്. പക്ഷേ കടുത്ത മുൻവിധിയെ തട്ടിത്തകർക്കും വിധം ഇസ്‌ലാമിന്റെ തനത് ജൈവചൈതന്യവും നബിതിരുമേനിയുടെ വ്യക്തി മഹാത്മ്യവും ലോകത്തിനു മുന്നിൽ പലവിധത്തിൽ ഇന്ന് അനാവൃതമാകുന്നുണ്ട് എന്നത് സന്തോഷത്തിനു വക നൽകുന്നു. പണ്ഡിതനും പാമരനും നിരീശ്വരവാദിയും സന്ദേഹവാദിയുമെല്ലാം ഇസ്‌ലാമിനെ കുറിച്ച് പഠിക്കാൻ മുന്നോട്ടുവരുന്ന കാഴ്ച, മറ്റു മതങ്ങളുമായുള്ള താരതമ്യപഠനത്തിന് വഴിതെളിക്കുക മാത്രമല്ല, മുഹമ്മദ് മുസ്തഫ (സ്വ)സാക്ഷാത്കരിച്ച സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ ലോകവിപ്ലവത്തിന്റെ പ്രഭാവം അടയാളപ്പെടുത്താനും പ്രയോജനപ്പെടുകയുമാണ്. നബിതിരുമേനി(സ) പുതുയുഗപ്പിറവിയെ മാടിവിളിച്ച, മാനവരാശിയുടെ നിഖിലമേഖലകളിലും വിശദമുദ്രകൾ പതിപ്പിച്ച അപൂർവ വ്യക്തിത്വമായിരുന്നു. കാലത്തെ കൈക്കുമ്പിളിലൊതുക്കിയ നൂറ് മഹാരഥന്മാരുടെ പട്ടിക തയാറാക്കിയപ്പോൾ ഒന്നാമനായി എത്തിയത് അതുകൊണ്ടാണ്.
മുഹമ്മദ് മുസ്തഫ (സ ) തൗഹീദിന്റെ അമര സന്ദേശം തന്റെ കാലഘട്ടത്തിന് കൈമാറിയ ദൈവദൂതനായിരുന്നു. മദീന ആസ്ഥാനമായി രൂപം കൊണ്ട ഭരണകൂടത്തിന്റെ ഭരണാധികാരിയായിരുന്നു. ആ രാജ്യത്തിന്റെ സൈനിക മേധാവിയായിരുന്നു. പ്രബോധകനായിരുന്നു. തത്വചിന്തകനായിരുന്നു. പരിഷ്‌കർത്താവായിരുന്നു. ഭരണനൈപുണി തെളിയിച്ച സ്‌റ്റേറ്റ്മാൻ ആയിരുന്നു. നല്ല പ്രസംഗകനായിരുന്നു. അനാഥകളുടെ നാഥനായിരുന്നു. അടിമകളുടെ രക്ഷകനും മോചകനുമായിരുന്നു. സ്ത്രീവിമോചകനായിരുന്നു. നല്ല പിതാവും നല്ല ഭർത്താവും നല്ല ഗൃഹനാഥനുമായിരുന്നു. മികച്ച നയതന്ത്രജ്ഞനും പാടവം തെളിയിച്ച ലോകഭരണാധികാരിയുമായിരുന്നു. ഏതെങ്കിലും രംഗത്ത് നബിതിരുമേനി പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തപ്പെടുത്തിയിട്ടില്ല. മറ്റേതെങ്കിലും ഭരണാധികാരിയെ പോലെ താൻ ജീവിച്ച കാലഘട്ടത്തിൽ ഏതെങ്കിലും ജനവിഭാഗം തിരുമേനിയുടെ വ്യക്തിത്വത്തിൽ പോരായ്മ കണ്ടെത്തിയതായി ചൂണ്ടിക്കാണിച്ചതായും നമ്മുടെ മുന്നിൽ പ്രമാണങ്ങളില്ല. കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ആ നിധികുംഭത്തിന് മുന്നിൽ റോമാ, ഗ്രീക്ക്, പേർഷ്യൻ സാമ്രാജ്യങ്ങൾ തകർന്നടിഞ്ഞത് ആയുധബലത്തിലോ മുഷ്‌ക്കിന്റെ കരുത്തിലോ ആയിരുന്നില്ല. രക്തം ചൊരിഞ്ഞും കബന്ധങ്ങൾ കുന്നുകൂട്ടിയും രാജ്യാതർത്തികൾ വികസിപ്പിക്കുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രമായിരുന്നില്ല നബി(സ്വ) പരീക്ഷിച്ചത്. വാൾത്തലപ്പ് കൊണ്ടുള്ള മതപ്രചാരണമോ സർവനാശം വിതച്ചുള്ള സാമ്രാജ്യവികാസമോ മുത്തുനബി(സ്വ) ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് ‘ഇസ്‌ലാമിക് സ്‌റ്റേറ്റ് ‘ ഭീകരരുടെ പേരിൽ മതത്തെ പ്രതിക്കൂട്ടിൽ കയറ്റിനിർത്താൻ ശ്രമിക്കുന്നവർ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്. ഇരുപത്തിമൂന്ന് വർഷത്തെ തിരു ജീവിതത്തിനിടയിൽ ശത്രുക്കളുമായി മൊത്തം എൺപത്തിയൊന്ന് ഏറ്റുമുട്ടലുകൾ നടന്നുവെന്നാണ് ചരിത്രരേഖകൾ പറയുന്നത്. ഇതിൽ ഇരുപത്തിമൂന്ന് എണ്ണത്തിൽ നബിതിരുമേനി നേരിട്ടു ഭാഗവാക്കായി. മക്കാനിവാസികളോടും ഖുറൈശികളോടും മാത്രമല്ല, പ്രാക്തന അറേബ്യൻ സമൂഹവുമായും ജൂതരുമായും റോമൻ സാമ്രാജ്യവുമായെല്ലാം ഏറ്റുമുട്ടേണ്ടിവന്നു. ഈ പോരാട്ടം ശത്രുക്കളുടെ ജീവനെടുക്കാനായിരുന്നില്ല. പരമാവധി ജീവൻ നിലനിർത്താനാണ് നബി(സ്വ) അനുചരന്മാരോട് ആജ്ഞാപിച്ചത് . രാഷ്ട്രീയപരിവർത്തനവും സാമൂഹിക വിപ്ലവവുമായിരുന്നു ഇതിന്റെ അനന്തരഫലം. എന്നാൽ, രണ്ടുദശകങ്ങളോളം യുദ്ധം ചെയ്തിട്ടും മൊത്തം 1018പേർക്ക് മാത്രമാണ് ഇരുപക്ഷത്തുമായി ജീവൻ പോയത് എന്ന വസ്തുത പലരും വിസ്മരിക്കുകയാണ്. ഇങ്ങനെ കൊല്ലപ്പെട്ടവരിൽ 759പേർ അവിശ്വാസികളും 259പേർ സ്വഹാബികളുമായിരുന്നു . ഏറ്റവും ചുരങ്ങിയ മനുഷ്യനാശം കൊണ്ട് മൂന്ന് സാമ്രാജ്യങ്ങളെ മോചിപ്പിക്കുകയും പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്ത തിരുനബിയെ പോലുള്ള ഒരു സൈനിക തലവനെ ചരിത്രത്തിൽ എവിടെയെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ? മെസിഡോണിയയിലെ അലക്‌സാണ്ടറും മഹാനായ അശോകനും താർത്താരി തലവൻ ചെങ്കിസ്ഖാനും യൂറോപ്പിലെ ‘മഹാനായ’ ഫെഡറിക്കുമൊക്കെ ശവക്കൂമ്പാരങ്ങൾ സൃഷ്ടിച്ചല്ലേ ചരിത്രം മാറ്റിയെഴുതാൻ ശ്രമിച്ചത്?
ഭൂമുഖത്ത് ശാന്തിയും സമാധാനവും സ്ഥാപിച്ചത് തങ്ങളാണെന്നും എവിടെ ഇസ്‌ലാംമത വിശ്വാസികളുണ്ടോ അവിടെ കുഴപ്പവും രക്തച്ചൊരിച്ചിലുമാണെന്നും പ്രചരിപ്പിക്കുന്ന പാശ്ചാത്യ നാഗരികതയുടെ സമീപകാല ചരിത്രത്തിൽ യുദ്ധങ്ങളെ ഏതുവിധത്തിലാണ് കൊണ്ടാടിയതെന്ന് തുറന്നു പറയാൻ ആരെങ്കിലും ധൈര്യസമേതം മുന്നോട്ടുവന്നെങ്കിൽ. അഞ്ചുവർഷം നീണ്ടുനിന്ന ഒന്നാം ലോക യുദ്ധത്തിൽ (1914-1919 ) മൊത്തം മരിച്ചുവീണത് 3.46കോടി മനുഷ്യരാണത്രെ. ‘സമാധാനത്തിലേക്കുള്ള വഴി തേടിയുള്ള’ രണ്ടാം ലോകയുദ്ധത്തിൽ 2.31കോടി മനുഷ്യരുടെ കഥ കഴിച്ചു. 2.12കോടി മനുഷ്യർക്ക് പരിക്കേറ്റു. 45ലക്ഷം മനുഷ്യരെ കാണാതായി. ക്രൈസ്തവ വിഭാഗങ്ങൾ തമ്മിൽ രണ്ടു നൂറ്റാണ്ടുകളോളം പടവെട്ടിയ ഐറിഷ് പോരാട്ടത്തിൽ ദശലക്ഷക്കണക്കിനു ജീവനുകളാണ് പൊലിഞ്ഞത്. അൽജീരിയയിൽ ഫ്രഞ്ച് സൈന്യം അഞ്ചുലക്ഷം മനുഷ്യരെയാണ് കൊന്നത്. അശോകചക്രവർത്തി അഹിംസയുടെ പ്രബോധകനായത് നീണ്ട യുദ്ധപരമ്പരകൾക്ക് ശേഷം കലിംഗയുദ്ധത്തിൽ ലക്ഷത്തോളം ഭടന്മാർ പിടഞ്ഞുമരിച്ചപ്പോഴാണ്. പതിമൂന്നാം നൂറ്റാണ്ടിൽ താർത്താരി പടയോട്ടത്തിൽ മരിച്ചുവീണത് ലക്ഷക്കണക്കിന് നിരപരാധികളായിരുന്നു. 2001സെപ്റ്റംബർ 11നു ശേഷംലോകത്ത് ‘സമാധാനം ‘പുനഃസ്ഥാപിക്കാൻ’ വൻശക്തികളുടെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈന്യമിറങ്ങിയപ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞുമരിച്ചത്. ഇസ്‌ലാമിക ചരിത്രത്തിൽ എപ്പോഴെങ്കിലും ഇത്ര ഭീകരമായ മനുഷ്യക്കുരുതി കാണിക്കാൻ സാധിക്കുമോ? ഇല്ല. എന്നിട്ടും മറ്റു മതങ്ങളെ വാൾ കൊണ്ട് ഉന്മൂലനം ചെയ്യാൻ മുഹമ്മദിന്റെ അനുയായികൾ ശ്രമിച്ചുവെന്ന അപകടകരമായ ഒരാശയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായി ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബണ് വിലപിക്കേണ്ടിവന്നു. ഉറയിൽ നിന്ന് വാളൂരാതെ തന്നെ, അനുപമായ ധാർമിക വീര്യം കൊണ്ടാണ് തിരുനബി ലോകം കീഴടക്കിയതെന്ന് നിഷ്പക്ഷ ചരിത്രകാരന്മാർ തലകുലുക്കി സമ്മതിക്കുന്നുണ്ട്. ആ ധാർമിക ശക്തിയാണ് അധികാരം കൈവെള്ളയിൽ വന്ന നിർണായക നിമിഷത്തിൽ ശത്രുക്കളോട് വിശാലമായ മനുഷ്യത്വം കാണിക്കാൻ പ്രേരകമായത്. മക്കാ വിജയദിനത്തിൽ ലോകം ശ്രവിച്ച തിരുമൊഴി മാത്രം മതി തിരുനബിയുടെ ആർദ്രഹൃദയത്തിൽനിന്ന് പൊട്ടിയൊഴുകുന്ന സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും നീരുറവയുടെ മാധുര്യമറിയാൻ. ‘ഇന്നത്തെ ദിവസം ഒരു തരത്തിലുള്ള പ്രതികാരവും ഇല്ല. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്.’ ഇങ്ങനെ സ്വതന്ത്രരാക്കപ്പെട്ടവരിൽ അബൂസുഫ്‌യാന്റെ പത്‌നി ഹിന്ദും ഉൾപ്പെടും. ഉഹ്ദ് യുദ്ധത്തിൽ തിരുനബിയുടെ പിതൃവ്യൻ ഹംസ (റ) യുടെ ശരീരം കീറിമുറിച്ച്, ഭ്രാന്തമായ ആവേശത്തോടെ കരൾ പറിച്ചെടുത്ത് ചവച്ചുതുപ്പിയ സ്ത്രീയായിരുന്നു അവർ. തിരുനബിയെ ഇതുപോലെ വേദനിപ്പിച്ച സംഭവം ഉണ്ടായിരുന്നില്ല. എന്നിട്ടും സന്ദർഭം വന്നപ്പോൾ ശിക്ഷിക്കാനോ പകരം വീട്ടാനോ തയാറാവാതെ നിരുപാധികം മാപ്പ് നൽകാനാണ് അവിടുന്ന് സന്നദ്ധമായത്. കാരുണ്യത്തിന്റെ തിരുദൂതൻ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ആ പുണ്യാത്മാവിന് ചേരുക? എൺസൈക്ലോപീഡിയ ബ്രിട്ടാണിക്ക തിരുനബിയെ വരച്ചുകാട്ടുന്ന ഒരുവാചകമുണ്ട്. ദൈവദൂതന്മാരിലും മതവ്യക്തിത്വങ്ങളിലും ഏറ്റവും വിജയം വരിച്ചയാളാണ് മുഹമ്മദ്’.
ആ വിജയം ഒരു വിദ്യാസമ്പന്നന്റെ മനോമുകുരത്തിൽ വിരിഞ്ഞ ചിന്തയുടെ ഫലശ്രുതിയായിരുന്നില്ല. സ്രഷ്ടാവിന്റെ നിയോഗമായിരുന്നു അത്. ഒരു നവസാമ്രാജ്യത്തിന്റെ നായകനായി കാലം അവരോധിച്ചിട്ടും എളിമയുടെയും ലാളിത്യത്തിന്റെയും ജീവിതം നയിച്ച് ലോകത്തിന് മുന്നിൽ വിസ്മയം അവതരിപ്പിച്ച ഒരു ചരിത്രപുരുഷന്റെ പ്രഭാപൂരിതമായ സമർപ്പിത പാതകൾ. കാരക്കയും വെള്ളവും കഴിച്ച്, പുൽപായയിൽ കിടന്നുറങ്ങി, രാവിന്റെ അന്ത്യയാമങ്ങളിൽ പോലും ജഗന്നിയന്താവിനോട് കരഞ്ഞ് പ്രാർഥിച്ച് മാനവരാശിക്കു മുന്നിൽ അതിനു മുമ്പ് കേട്ടിട്ടില്ലാത്ത ജീവിതം അവതരിപ്പിച്ച സാത്വികൻ. എണ്ണവറ്റിയ മൺചിരാതിന്റെ മങ്ങിയവെട്ടത്തിൽ നിന്നാണ് പ്രപഞ്ചത്തിനാകമാനം പ്രകാശം ചൊരിഞ്ഞ നക്ഷത്രം ഉദിച്ചുയർന്നതെന്ന് കേൾക്കുമ്പോൾ ഏത് ചരിത്രവിദ്യാർഥിയാണ് അമ്പരന്ന് പോവാതിരിക്കുക? റവ. ബോസ്‌ബെർത് സ്മിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: ‘രാഷ്ട്രത്തിന്റെയും പള്ളിയുടെയും തലവനായിരുന്നു അദ്ദേഹം. സീസറും പോപ്പും ഒരാളിൽ സന്ധിച്ചിരുന്നത് പോലെ. പക്ഷേ താൻ പോപ്പാണ് എന്ന അവകാശവാദം അദ്ദേഹത്തിൽനിന്നുണ്ടായില്ല. സീസറിന്റേത് പോലുള്ള സൈനികവ്യൂഹമോ സുരക്ഷാപട്ടാളമോ കൊട്ടാരമോ ഇല്ലാത്ത സീസർ. താൻ ദൈവിക ശക്തി കൊണ്ടാണ് ഭരിക്കപ്പെടുന്നതെന്ന് ആർക്കെങ്കിലും അവകാശപ്പെടാൻ സാധിക്കുമെങ്കിൽ മുഹമ്മദ് മാത്രമാണ് അതിനർഹൻ. സ്വകാര്യ ജീവിതത്തിലെ ലാളിത്യം പൊതുജീവിതവുമായി ഒത്തുപോകുന്നതായിരുന്നുവെന്ന് സാരം.
ആസുരതകൾ വാഴുന്ന ഈ ഘനാന്ധകാരത്തിൽ പ്രപഞ്ചത്തിന്റെ മുന്നിൽ വിളക്കുമാടമായി പ്രകാശം ചൊരിയാൻ ഒരു മാതൃക അനിവാര്യമായി വരുമ്പോൾ മുത്തുനബിയല്ലാതെ മറ്റാരുമില്ലെന്ന് ലോകത്തിന് ബോധ്യപ്പെടുത്തേണ്ട ബാധ്യത വിശ്വാസി സമൂഹത്തിനുണ്ട്. ആ ബാധ്യത നിറവേറ്റുന്നതിൽ നാം പരാജയപ്പെട്ടപ്പോഴാണ് ഭീകരവാദികളുടെ, അവിവേകികളുടെ നേതാവായി അവിടുന്ന് മാറ്റപ്പെടുന്നത്. തിരുനബി ഉപയോഗിച്ച കൊടിയടയാളം ഏന്തി നടന്നാണ് ഒരു കൂട്ടർ ഇന്ന് ഖിലാഫത്ത് സ്ഥാപിച്ചെന്നവകാശപ്പെട്ട മനുഷ്യരെ കൊന്ന് കാട്ടാളത്തം കാണിക്കുന്നതും. ഭരണകൂടത്തോട് പ്രതികാരം വീട്ടാൻ അല്ലലേതുമറിയാത്ത പൈതങ്ങളെ കൂട്ടക്കൊല ചെയ്യുന്ന താലിബാനികളും അവകാശപ്പെടുന്നത് തിരുനബിയുടെ തലപ്പാവും താടിയും മോടിയും തങ്ങളുടേതിൽനിന്ന് ഭിന്നമല്ല എന്നാണ്. ഇവരുടെയൊക്കെ കരാളഹസ്തങ്ങളിൽ നിന്ന് ആ ചരിത്രപുരുഷനെ നമുക്ക് രക്ഷിച്ചെടുത്തേ പറ്റു. സർവശക്തൻ അതിന് കരുത്ത് പകരട്ടെ.
ശാഹിദ്
You must be logged in to post a comment Login