ഇത് മുത്തുനബി(സ്വ)യുടെ ജന്മമാസമാണല്ലോ. വിശ്വാസികൾ മുഴുവൻ വലിയ സന്തോഷത്തിലാണ്. ഒരുകാര്യം തീർച്ചയാണ്. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങൾ കുട്ടികളുമുണ്ട്. ഓർക്കുമ്പോൾ കണ്ണ് നനയുകയും മനസ്സ് നിറയുകയും ചെയ്യുന്നു. എത്രയെത്ര അനുഭവങ്ങളാണ് തിരുജീവിതം ഞങ്ങൾ കുട്ടികൾക്കു സമ്മാനിച്ചത്.
പ്രസിദ്ധമായ ആ പാട്ടില്ലേ? ”തലഅൽ ബദ്‌റു” എന്ന് തുടങ്ങുന്ന പാട്ട്. അത് നിങ്ങളൊക്കെ എത്രയോ തവണ കേട്ടതാണെന്ന് എനിക്കറിയാം. പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പാട്ടാണെന്നും അറിയാം. എന്നാൽ ആരാണ് അത് പാടിയതെന്ന് അന്വേഷിച്ചിട്ടുണ്ടോ? ആരുടെ സന്തോഷമാണ് ആ പാട്ടിലൂടെ ഒഴുകുന്നത്? കുട്ടികളാണ് ആ പാട്ടുപാടിയത്. ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന ഗായകസംഘം ഒരേ വികാരത്തോടെ പാടിയ പാട്ട്. അവരുടെ അളക്കാനാവാത്ത നബിസ്‌നേഹമാണ് ആ വരികളിലൂടെ പരന്നൊഴുകിയത്. മുത്തുനബി മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ട വിവരം അവർക്കറിയാം. മദീനക്കാർ വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്. കാത്തിരിപ്പു പൊറുക്കാനാവാതായപ്പോൾ അവർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തിരുനബിയെ കാണാൻ വൈകുന്നതിലുള്ള പൊറുതികേട് മുതിർന്നവർക്കു മാത്രമല്ല ഉണ്ടായിരുന്നത്. കുട്ടികൾക്കുമുണ്ടായിരുന്നു. അവിടുന്ന് വരാനിടയുള്ള വഴിയേ മൂത്തവർ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ആ കുസൃതിക്കൂട്ടവും അവർക്കൊപ്പം പുറപ്പെട്ടു. അവർ കാണാൻ പോകുന്നത് സമാനതകളില്ലാത്തത്ര മഹാനായ ഒരാളെയാണെന്ന് അവർക്കറിയാം. അതുകൊണ്ട് ഉള്ളതിൽ മുന്തിയ ഉടുപ്പുകളുമണിഞ്ഞാണ് അവർ ഇറങ്ങിയത്. തിരുനബിയെ കാണുമ്പോൾ സന്തോഷപ്പെരുക്കം കൊണ്ട് മനസ്സു നനയുമെന്ന് അവർക്കറിയാം. അണപൊട്ടിയൊഴുകുന്ന വികാരത്തെ പാട്ടുകൊണ്ടല്ലാതെ നിയന്ത്രിക്കാനാവില്ലെന്നും തോന്നിയിരിക്കാം. അതിനാൽ പാട്ടിന്നു താളം പിടിക്കാനുള്ള തമ്പോറും കയ്യിലേന്തിയാണ് അവർ പുറപ്പെട്ടത്. കുറേ ദൂരം ചെന്നുനോക്കിയിട്ടും കാണായ്കയാൽ അവർക്ക് ദിവസങ്ങളോളം നിരാശരായി തിരിച്ചുപോരേണ്ടി വന്നു. എന്നിട്ടുമവർ നിത്യേനയുള്ള പുറപ്പാട് നിർത്തിയില്ല. ഒടുവിൽ ഒരുനാൾ അവർ കണ്ടുമുട്ടുക തന്നെ ചെയ്തു. നീണ്ട യാത്രകൊണ്ട് തളർന്ന മുത്തുനബിയെയും സിദ്ദീഖുൽഅക്ബറിനെയും സനിയ്യതുൽ വിദാ കുന്നുകളിൽ വെച്ചാണ് അവർ കാണുന്നത്. അപ്പോൾ അവരുടെ മനസ്സ് സന്തോഷം കൊണ്ട് പൊറുതിമുട്ടിപ്പോയി. കരളലിഞ്ഞുപോയി. സന്തോഷത്തിന്റെ നദി പാട്ടായി പുറത്തേക്കൊഴുകി. തമ്പോറിൽ താളം പിടിച്ചുകൊണ്ട് ഒരേ ശ്രുതിയിൽ അവർ പാടി:
”ത്വലഅൽബദ്‌റു അലൈനാ
മിൻ സനിയ്യാതിൽ വിദാഇ
വജബശ്ശുക്‌റു അലൈനാ
മാ ദആ ലില്ലാഹി ദാഈ”
അങ്ങനെ മതിമറന്നു പാടി സ്വീകരിച്ചപ്പോൾ പ്രിയപ്പെട്ട നബി ചെയ്തതെന്താണെന്നറിയുമോ? ഒരംഗീകാരം പോലെ നേരെ ആ പാട്ടുകൂട്ടത്തിന്റെ ചാരത്തേക്ക് ചെല്ലുകയായിരുന്നു. പിന്നെ വല്ലാത്തൊരു ചോദ്യം ചോദിച്ചു. ”നിങ്ങൾക്കെന്നോട് ഇഷ്ടമാണോ” എന്ന്. അപ്പോൾ സന്തോഷം സഹിക്കാനാവാതെ ആ ഇളമുറക്കാർ വിതുമ്പിപ്പോയിട്ടുണ്ടാകണം. അവരുടെ മറുപടി ഒറ്റസ്വരത്തിലായിരുന്നു: ”ഞങ്ങൾക്കു വല്ലാത്ത സ്‌നേഹമാണു നബിയേ.” അതു കേട്ടപ്പോൾ പുന്നാരനബി തിരിച്ചുപറഞ്ഞതു കേൾക്കുമ്പോഴേ അവിടുന്ന് കുട്ടികളോട് കാണിച്ച സ്‌നേഹം ശരിക്കും മനസ്സിലാവുകയുള്ളൂ: ”ഞാൻ നിങ്ങളെയും സ്‌നേഹിക്കുന്നു, സത്യം” എന്ന തിരുമൊഴിയായിരുന്നു മറുപടി. അതുകേട്ട് നിറയുകയായിരുന്നു അവർ. അതാണ് കുട്ടികൾക്ക് മുസ്വ്ത്വഫാ നബി കൽപിച്ച വില. അതുമതിയല്ലോ ഈ ദിനം ഞങ്ങൾക്ക് സന്തോഷം പകരാൻ.
പല സ്വഹാബിമാരും മുത്തുനബിയെ കുട്ടിക്കാലത്തേ കണ്ടവരാണ്. അവർ കുഞ്ഞുകാലാനുഭവങ്ങൾ ഒരുപാട് പറയുന്നുണ്ട്. അവരിലൊരാളാണ് അനസ്(റ). ചെറിയ കുട്ടിയായിരുന്നു അബൂതൽഹ(റ) നബിക്കു സമ്മാനിച്ച അനസ്. പത്തുകൊല്ലത്തോളം അദ്ദേഹം നബിയോടൊപ്പമുണ്ടായിരുന്നു. കുട്ടിയായിരുന്ന കാലത്തെ ഒരു കഥ പറയുന്നുണ്ട് അനസ്(റ). ഒരിക്കൽ നബിതങ്ങൾ ഒരിടം വരെ പോയിവരാനായി അനസ്(റ)നെ അയച്ചു. അദ്ദേഹം അങ്ങാടിയിലെത്തിയപ്പോൾ എല്ലാം മറന്ന് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളെയാണ് കണ്ടത്. കുട്ടിയായ അനസും അവർക്കൊപ്പം കൂടി. യാത്രയിലാണെന്ന കാര്യം മറന്നുപോയി. നബിതങ്ങൾ അങ്ങാടിയിലെത്തുമ്പോൾ ഒരു വഴിക്കയച്ച അനസ് മതിമറന്ന് കളിച്ചുകൊണ്ടിരിക്കുകയാണ്. അത്രക്കു നിരുത്തരവാദപരമായി പെരുമാറിയാൽ എന്താണു സംഭവിക്കുക. എന്നാൽ നബിതങ്ങൾ ഒന്നും പറഞ്ഞില്ല. മാത്രമല്ല, അനസിനെ കൈയോടെ പിടികൂടുമ്പോൾ നബിതങ്ങളുടെ മുഖത്ത് വിരിഞ്ഞു നിന്നിരുന്നത് നിറഞ്ഞ പുഞ്ചിരിയായിരുന്നു.
നന്നേ ചെറുപ്പത്തിൽ മുത്തുനബിയോട് സഹവസിക്കാൻ അവസരം ലഭിച്ച വേറൊരാൾ ഉസാമ ബിൻ സൈദ് (റ)വാണ്. അദ്ദേഹത്തിന്റെ അനുഭവം എഴുതിവെക്കപ്പെട്ടിട്ടുണ്ട്. നബി(സ) ഹസൻ(റ) വിനെ ഒരു കാലിന്മേൽ കയറ്റിയിരുത്തി. മറ്റേതിൽ ഉസാമയെയും ഇരുത്തി. അതിനു ശേഷം അവരെ രണ്ടു പേരെയും ചേർത്തുപിടിച്ചണച്ചു. ആ കഥ ബുഖാരിയിൽ വായിക്കാം. സ്വന്തം മക്കൾക്ക് പ്രത്യേക പരിഗണന. മറ്റുള്ളവർക്ക് അവഗണന. അതായിരുന്നില്ല നബിതങ്ങളുടെ രീതിയും നീതിയും. എല്ലാ കുട്ടികൾക്കും ഒരേ പരിഗണനയായിരുന്നു തിരുനബിയുടെ മുമ്പിൽ. ആയിശ (റ) നമുക്ക് പറഞ്ഞു തരുന്ന ഒരു കഥയുണ്ട്. വാത്സല്യപൂർവം എടുത്തിരുത്തിയ കുട്ടി മുത്തുനബിയുടെ മടിയിൽ മൂത്രമൊഴിച്ച സംഭവം. എന്നിട്ടും മുഷിയാത്ത മനസ്സായിരുന്നു അവിടുത്തേത്.
നബിതങ്ങളുടെ തിരുശരീരം കുട്ടികളുടെ കളിത്തട്ടായിരുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? വസ്തുത അതാണ്. മുത്തുനബിയുടെ മുതുകിൽ പ്രവാചകത്വത്തിന്റെ ഒരു മുദ്രയുണ്ടായിരുന്നല്ലോ. ഖാലിദുബ്‌നു സൈദ് (റ)ന്റെ കുഞ്ഞുമോൾ കളിക്കാൻ കണ്ട കരു ആ മുദ്രയായിരുന്നു. അവളുടെ കളി കണ്ടിട്ട് പിതാവിന് സഹിച്ചില്ല. അദ്ദേഹം മകളെ ശാസിച്ചു. നബിതങ്ങൾ ഖാലിദ്(റ)വിനോട് പറഞ്ഞതെന്താണെന്നോ? അവളെ വെറുതെ വിട്ടേക്കൂ, അവൾ കളിക്കട്ടെ എന്നായിരുന്നു.
പേരക്കുട്ടികളായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സ്ഥിരം കളിസ്ഥലമായിരുന്നു തിരുനബിയുടെ തിരുശരീരം. അവർ തിരുദൂതരുടെ മുതുകിൽ കയറി കളിക്കുന്നതു കണ്ടപ്പോഴാണ് അങ്ങ് നല്ല കുതിരയാണെന്ന് ആരോ കളി പറഞ്ഞത്. കുതിരപ്പുറത്തേറിയവർ മികച്ച പോരാളികളുമാണെന്നായിരുന്നുവത്രെ ആ വാത്സല്യനിധിയുടെ പ്രതികരണം. കുട്ടികളെ ചുമലിലേറ്റുക മാത്രമല്ല, അവരെ പരസ്യമായി ചുംബിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്. അതു കണ്ട് സഹിക്കാൻ കഴിയാതെപോയ ഒരു ഇസ്തിരിമനസ്സുകാരൻ പറഞ്ഞുവത്രെ, എനിക്കു പത്തുമക്കളുണ്ട് ഞാനവരെയാരെയും ഒരിക്കലും ചുംബിച്ചിട്ടില്ല എന്ന്. എത്ര ഗൗരവമുള്ളതായിരുന്നുവെന്നോ അയാളോട് തിരുനബി പറഞ്ഞ മറുപടി. ‘കരുണയില്ലാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല’എന്ന കടുത്ത പ്രതികരണമായിരുന്നു അത്.
സുബ്ഹി നിസ്‌കാരത്തിന് ദീർഘമായി ഖുർആൻ ഓതുമായിരുന്നു നബി(സ). ഒരുദിവസം ആദ്യത്തെ റക്അതിൽ അറുപത് ആയതുകൾ ഓതി. രണ്ടാമത്തെ റക്അതിൽ പക്ഷേ നന്നേ ചെറിയ സൂറത്തു കൊണ്ട് പെട്ടെന്ന് അവസാനിപ്പിച്ചുകളഞ്ഞു ഓത്ത്. എന്തുകൊണ്ടാണ് അത്ര കുറച്ചോതി നിറുത്തിക്കളഞ്ഞത് എന്ന് അറിയാൻ ആകാംക്ഷയായി സ്വഹാബിമാർക്ക്. അവരുടെ ചോദ്യത്തിന് അവിടുന്ന് നൽകിയ മറുപടി കുഞ്ഞുങ്ങളോട് തിരുനബിക്കുണ്ടായിരുന്ന വാത്സല്യം വിളിച്ചോതുന്നതാണ്. ഒരു കൊച്ചുകുട്ടി കരയുന്നതു കേട്ടു. അതിനാലാണ് പെട്ടെന്ന് നിസ്‌കാരം പൂർത്തിയാക്കിയതെന്നായിരുന്നു മറുപടി.
നിസ്‌കാരവുമായി ബന്ധപ്പെട്ട കഥ ഇനിയുമുണ്ട്. പേരക്കുട്ടിയായ കുഞ്ഞു ഉമാമ കരഞ്ഞുകൊണ്ട് നിരങ്ങിനിരങ്ങി തിരുനബിക്കടുത്തെത്തി. അവിടുന്ന് നിസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ അവിടെയിരുന്ന് കരയട്ടെയെന്ന് കരുതി മുത്തുനബി നിസ്‌കാരം തുടർന്നുവെന്നാണോ നിങ്ങൾ കരുതുന്നത്. അല്ല, ആ കുഞ്ഞുമോളെ കൈകൾക്കിടയിൽ ചേർത്തുപിടിച്ച് നിസ്‌കാരം പൂർത്തിയാക്കുകയായിരുന്നു.
ഇത്രയൊക്കെ പോരേ ഞങ്ങൾ കുട്ടികൾക്ക് തിരുനബിയുടെ ജന്മദിനം ആഹ്ലാദകരമാകുവാൻ. അതുകൊണ്ട് അന്ന് മദീനക്കാരായ ആ കുട്ടികൾ പാടിയ പല്ലവി മനസ്സു നിറഞ്ഞ് നമുക്ക് ഏറ്റുപാടാം. ത്വലഅൽ ബദ്‌റു അലൈനാ / മിൻ സനിയ്യാതിൽ വിദാഇ / വജബശ്ശുക്‌റു അലൈനാ / മാ ദആ ലില്ലാഹി ദാഈ.
കെ അബൂബക്കർ
You must be logged in to post a comment Login