അല്ലാഹുവില്‍ നിന്ന് മനുഷ്യനിലേക്ക് ആവശ്യമായ സന്ദേശങ്ങള്‍ കൈമാറിയിട്ടുള്ള ഒരു ഇടനിലക്കാരന്‍ എന്ന അര്‍ത്ഥത്തിലാണ് ചിലരെങ്കിലും നബി(സ്വ)യെ കാണുന്നത്. ഇതിലപ്പുറം യാതൊരു തരത്തിലുള്ള അസാധാരണത്വവുമില്ല എന്ന രീതിയിലാണ് അവരുടെ വായന വികസിക്കുന്നത്. ഈ വായനയനുസരിച്ച് ഈ കേവലാര്‍ത്ഥത്തിനപ്പുറത്തേക്ക് ചിന്തിക്കുന്നത് പോലും ഒരപരാധമായാണ് വിലയിരുത്തിപ്പോരുന്നത്. വളരെ ഇടുങ്ങിയ ഒരു കാഴ്ചപ്പാടാണ് ഈ വായന സമൂഹത്തിലുണ്ടാക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാനാവും.
അല്ലാഹു ആരാണ്, അല്ലാഹുവിന്റെ ദൂതന്‍ ആരായിരിക്കും എന്നീ രണ്ട് ചോദ്യങ്ങളെ യുക്തിപരമായെങ്കിലും സമീപിക്കാത്തതിന്റെ എല്ലാ ദോഷങ്ങളും ഈ വീക്ഷണത്തിനുണ്ട്. അന്തര്‍ദേശീയ ബന്ധങ്ങളുള്ള ഒരു കമ്പനി ഏതെങ്കിലും ഒരു രാജ്യത്തേക്ക് അതിന്റെ ഒരു ബ്രാന്‍ഡ് അമ്പാസിഡറെ പറഞ്ഞയക്കുമ്പോള്‍ അയാള്‍ക്കുള്ള യോഗ്യതകള്‍ തന്നെ അമ്പരപ്പിക്കുന്നതായിരിക്കും. ബുദ്ധിപരമായി മാത്രമല്ല, ശാരീരികമായിപ്പോലും ഒട്ടേറെ സവിശേഷതകളുള്ള ആളുകളെയാണ് കമ്പനികള്‍ ബ്രാന്‍ഡ് അമ്പാസിഡര്‍ പദവിയില്‍ ഇരുത്തുന്നത്. ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ്, പുതിയ കാര്യങ്ങള്‍ പറയാനുള്ള കഴിവ്, ആളുകളെ നവീകരിക്കാനുള്ള കഴിവ്, അയാളെ കണ്ടാല്‍ തന്നെ കമ്പനി ഉദ്ദേശിക്കുന്ന ടാര്‍ഗറ്റിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീക്കാന്‍ തക്ക രീതിയിലുള്ള ശരീര ഭാഷ ഇതൊക്കെ അത്തരമൊരാളുടെ സവിശേഷതയായിരിക്കും. വര്‍ത്തമാനകാല ലോകത്ത് നമ്മള്‍ കാണുന്ന ഈയൊരു ഭൗതിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചു പോലും നന്നായി ചിന്തിച്ചു വിലയിരുത്താത്ത ഒരു സമൂഹത്തില്‍ നിന്നേ നേരത്തെ പറഞ്ഞതുപോലുള്ള ഇടുങ്ങിയ വീക്ഷണങ്ങള്‍ വരികയുള്ളൂ. ലോകം തുറന്നും പരന്നും ചിന്തിക്കാന്‍ ശ്രമിക്കുമ്പോള്‍ അടച്ചും ഇടുങ്ങിയുമുള്ള ചിന്തകളുമായാണ് ഇത്തരമാളുകള്‍ അല്ലാഹുവിന്റെ സന്ദേശവാഹകനെ വിലയിരുത്തിക്കളയുന്നത്.
അല്ലാഹുവിന്റെ ദാസ്യത്തിലേക്കു ആദ്യമായി സൃഷ്ടിക്കപ്പെട്ട പ്രഭാവത്തിന്റെ ഉടമയാണ് സന്ദേശവാഹകനായ റസൂല്‍. ഈ ബിന്ദുവില്‍ നിന്നുകൊണ്ട് തുറന്ന കാഴ്ചപ്പാടോടെ റസൂലിനെ വായിക്കുന്ന ചിന്തകളുടെ ആമുഖമാണ് ഈ കുറിപ്പ്.
മൂന്ന് ഘട്ടങ്ങളായിട്ടാണ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രകാശനം നടക്കുന്നത്.
1 – നൂര്‍ മുഹമ്മദിയുടെ സൃഷ്ടിപ്പ്
അല്ലാഹു മാത്രമുള്ള അവസ്ഥ. പരിമാധികാരിയായ അവന്‍ സൃഷ്ടിപ്പ് ഉദ്ദേശിക്കുന്നു. ഇല്ലായ്മയില്‍ നിന്ന് ചിലതിനെ ഉണ്ടാക്കുകയാണ്. അങ്ങനെ ഉണ്ടാവുന്ന ആദ്യത്തെ സൃഷ്ടി ഏതാണ്? അതത്രെ നൂറു മുഹമ്മദി. മുഹമ്മദ് എന്ന നബിനായകരുടെ വെളിച്ചം.
ജാബിര്‍(റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ? എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുന്നതിന് മുമ്പ് അല്ലാഹു ആദ്യമായി സൃഷ്ടിച്ച വസ്തുവിനെക്കുറിച്ച് എനിക്കൊന്ന് പറഞ്ഞു തന്നാലും. നബി(സ) പറഞ്ഞു: ജാബിറേ! എല്ലാ വസ്തുക്കള്‍ക്കും മുമ്പ് അല്ലാഹു സൃഷ്ടിച്ചത്, താങ്കളുടെ റസൂലിന്റെ പ്രകാശമാണ്. (അല്‍മവാഹിബുല്ലദുനിയ്യ: 1-46, അല്‍ഹദീഖതുന്നദിയ്യ 269)
2. അന്നൂറുല്‍മുഹമ്മദി
ആ അസാധാരണ വെളിച്ചത്തിന്റെ സഞ്ചാരപഥങ്ങള്‍ പവിത്രമായിരുന്നു. വിശുദ്ധരായ സ്ത്രീ-പുരുഷന്മാരിലൂടെയാണ് അതു വരുന്നത്. അവസാനം അബ്ദുല്ലാ – ആമിന ദമ്പതികളിലേക്ക് എത്തിച്ചേരുന്നത്‌വരെയുള്ളതാണ് അതിന്റെ സഞ്ചാര ഘട്ടം.
ആരും അറിയാതെയല്ല ഈ സഞ്ചാരം. ലോകം അതറിഞ്ഞു. കാലാകാലങ്ങളില്‍ ആ പ്രകാശം സംഭവലോകത്ത് കണ്‍തുറന്നു. വിവിധ നബിമാര്‍ വിവിധ കാലങ്ങളില്‍ വന്നു സന്മാര്‍ഗത്തിന്റെ ഒളിവ് തൂകി. അതാതുകാലം അത് അനുഭവിച്ചു. അവരൊക്കെയും അവസാന കാലത്ത് വരാനുള്ള നബി നായകനെ വാഴ്ത്തി. അടയാളങ്ങള്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ആ നായകനെ വിളിച്ചു. ആ പേരുച്ചരിച്ചു. അഭിമാനം കൊണ്ടു. കയ്‌പേറിയ അനുഭവങ്ങള്‍ക്ക് ആ മധുരം കൊണ്ട് ലേപനം ചെയ്തു.
3. തിരുപ്പിറവി
മഹദ് പ്രകാശനത്തിന്റെ മൂന്നാം ഘട്ടമാണ് ശാരീരികലോകത്തേക്കുള്ള പിറവി. റബീഉല്‍അവ്വല്‍ പന്ത്രണ്ടിന്നായിരുന്നു അത്.
പ്രകാശനത്തിന്റെ ദ്വയാക്ഷരം
‘നിശ്ചയം കാര്യം’ അവന്‍ അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ‘കുന്‍’ (ഉണ്ടാകൂ) എന്ന് പറയുക മാത്രമാകുന്നു. അപ്പോള്‍ അതുണ്ടാകുന്നു.” സൂറതു യാസീനിലെ എണ്‍പത്തിരണ്ടാം സൂക്തത്തിന്റെ ഹൃസ്വാംശമാണിത്. ‘കുന്‍’ എന്ന ദ്വയാക്ഷരം അല്ലാഹു സൃഷ്ടിപ്പിന്റെ നിമിത്തമായി നിശ്ചയിച്ചിരിക്കുകയാണ്.
കാലവും ദേശവും എല്ലാം അല്ലാഹുവിന്റെ സൃഷ്ടി ലോകത്തേക്ക് വരുന്നത് ‘കുന്‍’ എന്ന കല്‍പനയോടെയാണ്. അതിന് മുമ്പില്ല തന്നെ. എന്നാല്‍ ആദ്യമായി അല്ലാഹുവിന്റെ കല്‍പനയായിവരുന്നത് തിരുപ്രഭയാണെങ്കില്‍ നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ പ്രഭാവത്തിന്റെ പദവിയും മഹത്വവും എത്രയാണ്!
ആത്മജ്ഞാനികള്‍ക്ക് ഇതേപറ്റി ഏറെ വിശദീകരണങ്ങളും പഠനങ്ങളും ഉണ്ട്. അത് പകര്‍ത്തുന്നതിന് നമ്മുടെ ഭാഷക്ക് ഏറെ പരിമിതികളുണ്ട്.
കുന്‍ എന്നത് അറബി അക്ഷരമാലയിലെ കാഫ്, നൂന്‍ എന്നീ രണ്ട് അക്ഷരങ്ങള്‍ ചേര്‍ന്നതാണ്. ഇതിലെ കാഫ് എന്ന ആദ്യാക്ഷരം കലാമുല്ലാഹി അഥവാ അല്ലാഹുവിന്റെ വചനം ആണെന്നും ‘നൂന്‍’ നൂറു മുഹമ്മദി അഥവാ തിരുനബിയുടെ ഒളിവ് ആണെന്നും ആത്മജ്ഞാനികള്‍ വായിക്കുന്നു.
സൂറതുല്‍മാഇദയിലെ പതിനഞ്ചാമത്തെ ആയതിന്റെ സാരമിങ്ങനെയാണ്: ”നിസ്സംശയം, അല്ലാഹുവില്‍ നിന്നുള്ള ഒരു നൂറും (തിരുപ്രഭയും) പ്രദീപ്തമായ ഒരു ഗ്രന്ഥവും (ഖുര്‍ആന്‍) നിങ്ങളിലേക്ക് വന്നിരിക്കുന്നു.”
കിതാബ് എന്നെഴുതുമ്പോള്‍ ആദ്യാക്ഷരം അറബിയിലെ ‘കാഫ്’ ആണ്. നൂര്‍ എന്നതിലെ പ്രഥമാക്ഷരം ‘നൂന്‍’ എന്നും. ചേര്‍ത്തു വായിച്ചാല്‍ കുന്‍ എന്നു ലഭിക്കുന്നു.
മേല്‍ സൂക്തത്തിലെ നൂര്‍ എന്നതിന് മുഹമ്മദ് നബി (സ്വ)യുടെ പ്രഭ എന്നാണ് ഇബ്‌നു അബ്ബാസ്(റ) വ്യാഖ്യാനം നല്‍കിയത് (തന്‍വീറുല്‍മിഖ്ബാസ്-85). ഇതേ വ്യാഖ്യാനം എഴുതിയ ശേഷം ഇമാം ഖാസിന്‍ ഇതിനൊരു അനുബന്ധം ചേര്‍ക്കുന്നു. ഇരുളില്‍ വെളിച്ചമെന്നപോലെ മാര്‍ഗദര്‍ശനം നല്‍കുന്നവര്‍ എന്ന നിലയിലാണ് നബി(സ)യെ നൂര്‍ എന്ന് വിശേഷിപ്പിച്ചത്. (ഖാസിന്‍ 1/447) ഇമാം ബൈളാവിയും ഇതേ അര്‍ത്ഥം തന്നെയാണ് കല്‍പിക്കുന്നത്. (ബൈളാവി 1/418). ഇമാം സുയൂത്വി, ഇമാം നസഫി (മദാരിക് 1/276), ഇസ്മാഈല്‍അല്‍ഹിഖി (റൂഹുല്‍ബയാന്‍ 2/369) ഇമാം ഖുര്‍ത്വുബി, ശൗകാനി തുടങ്ങിയ പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കളൊക്കെ ഇക്കാര്യം രേഖപ്പെടുത്തിയതായിക്കാണാം.
സൂറതുല്‍ഖലമിലെ ഒന്നാമത്തെ സൂക്തം വിശദീകരിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത് (നൂന്‍) എന്നത് നബി(സ)യുടെ പേരുകളിലൊന്നാണെന്നാണ്. ഇബ്‌നു അസാക്കിറില്‍ നിന്ന് ഇമാം സുയൂത്വി(റ) ഈ ആശയം പകര്‍ത്തുന്നുണ്ട്. (2/15 അല്‍ഇത്ഖാന്‍).
നൂന്‍ എന്നതിന് മറ്റൊരു വ്യാഖ്യാനം നല്‍കിയിട്ടുള്ളത് ‘ഖലം’ എന്നാണ്. അപ്പോഴും നബി(സ)യുടെ മഹത്വമാണ് അത് വിളംബരം ചെയ്യുന്നത്. പ്രഥമസൃഷ്ടി ‘ഖലം’ ആയിരുന്നു എന്ന നിവേദനം (തിര്‍മിദി, അബൂദാവൂദ്, ബൈഹഖി, ത്വബ്‌റാനി, മസ്‌നദ് ത്വയാലിസി) കൂടി ചേര്‍ത്ത് വായിച്ചാല്‍ തിരുപ്രഭയുടെ ഒന്നാം സ്ഥാനത്തിന്റെ പ്രതിസ്ഫുരണമായി ‘ഖലം’ എന്ന മഹദ് സൃഷ്ടിയെ നാം അറിയുന്നതാണ്.
സൂറതുല്‍ഖദ്‌റില്‍ ‘നിശ്ചയം നാമിതിനെ അവതരിപ്പിച്ചു’ എന്ന സാരമുള്‍കൊള്ളുന്ന സൂക്തത്തിലെ, അല്ലാഹുവിന്റെ കലാം എന്നത് കൊണ്ട് കാല ദേശങ്ങളുടെ സൃഷ്ടിപ്പിനുമുമ്പുള്ള ഒരു അവതരണത്തെയാണ് ഉദ്ദേശിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ട്. അതനുസരിച്ച് ‘ഫജ്‌റിന്റെ ഉദയസ്ഥാനം’ എന്നത് തിരുപ്രഭയുടെ അവതരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലാഹുവിന്റെ ‘വചനം’ ലോകത്തിന് പ്രകാശിപ്പിക്കുന്ന അവതരണ കേന്ദ്രമാണ് തിരുനബി(സ) എന്നര്‍ത്ഥം.
ഇമാം ഖസ്ത്വല്ലാനി എഴുതുന്നു: അല്ലാഹു സൃഷ്ടിക്കാനും അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനുമുദ്ദേശിച്ചപ്പോള്‍ മുഹമ്മദീയ യാഥാര്‍ത്ഥ്യത്തെ വെളിപ്പെടുത്തി. ഏകത്വത്തിന്റെ സ്വയംപര്യാപ്തതയില്‍ നിന്നായിരുന്നു അത്. മുഹമ്മദീയ യാഥാര്‍ത്ഥ്യത്തില്‍ നിന്നു ഉപരിലോകവും, അധോലോകവും തുടങ്ങി എല്ലാം സംവിധാനിച്ചു. ശേഷം നുബുവ്വത്തിന്റെ അറിയിപ്പും രിസാലത്തിന്റെ സുവിശേഷവും നല്‍കി. അപ്പോള്‍ ആദം (അ) പോലും പിറവിയെടുത്തിട്ടുണ്ടായിരുന്നില്ല. അഥവാ ആത്മാവിന്റെയും ശരീരത്തിന്റെയും ഇടയിലായിരുന്നു. തുടര്‍ന്ന് നൂറു മുഹമ്മദി മലക്കുകളുടെ ലോകത്തെ സംവിധാനിക്കുന്നതിന് നിമിത്തമായി. എല്ലാ സത്തകളില്‍ നിന്നും ഏറ്റവും ഉയര്‍ന്നതാണ് തിരുനബി(സ)യുടേത്. (ആശയസംഗ്രഹം: മവാഹിബ്)
നബിമാരുടെ ലോകത്തെ ചക്രവര്‍ത്തി നബി(സ)യാണ്. മറ്റു നബിമാരെല്ലാം പ്രതിനിധികളായി ഓരോ ജനതയില്‍ പ്രബോധനദൗത്യം നിര്‍വഹിച്ചവരാണ്. (ഇമാം നബ്ഹാനി, ജവാഹിറുല്‍ബിഹാര്‍ 1-11)
സൂറതുല്‍അന്‍ആമിലെ 163-ാം സൂക്തത്തിലെ ‘മുസ്‌ലിംകളിലെ ഒന്നാമന്‍, ആദ്യ മുസ്‌ലിം’ എന്നൊക്കെ ആശയമുള്ള വാചകത്തെ വ്യാഖ്യാനിച്ചു കൊണ്ട് പ്രധാനികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞതിങ്ങനെ: ആന്തരികാര്‍ത്ഥത്തില്‍ ആദ്യത്തെനബി തിരുദൂതര്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്. ‘സൃഷ്ടിപ്പില്‍ ആദ്യനബിയും നിയോഗത്തില്‍ അവസാന നബിയും ഞാനാകുന്നു’ എന്ന ഹദീസ് ഇതിനുപോല്‍ബലകമായി പണ്ഡിതന്മാര്‍ ഉദ്ധരിച്ചതായികാണാം. (ഇബ്‌നുകസീര്‍ 3/470) പ്രമുഖ കേരളീയ സ്വൂഫി ജ്ഞാനി ഉമര്‍ ഖാളി(റഹ്) ഈ ആശയം പകര്‍ന്നു തരുന്നുണ്ട്. മേല്‍ ആശയതലങ്ങളെയെല്ലാം ഇമാം ബൂസ്വീരി തന്റെ പ്രസിദ്ധ കാവ്യമായ ബുര്‍ദയുടെ വരികള്‍ക്കിടയില്‍ അതിമനോഹരമായി പരിചയപ്പെടുത്തുന്നു.
ഇമാം അഹ്മദ് മുസ്‌നദിലും ഇമാം ദാരിമി സുനനിലും ഉദ്ധരിച്ച ഹദീസിന്റെ ആശയമിങ്ങനെ : ‘മൂസാ നബി(അ) ജീവിച്ചിരിക്കുകയാണെങ്കില്‍ എന്നെ പിന്‍പറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല.’ ചില നിവേദനങ്ങളില്‍ ഈസാനബിയെയും പരാമര്‍ശിച്ചതായി കാണാം. സൂറുതു ആലുഇംറാനിലെ എണ്‍പത്തൊന്നാമത്തെ സൂക്തത്തില്‍ അല്ലാഹു നബിമാരോട് കരാര്‍ വാങ്ങിയതിനെ പരാമര്‍ശിക്കുന്നു. അവരുടെ കാലത്ത് നബി(സ)യുടെ നിയോഗമുണ്ടായാല്‍ തിരുനബിയില്‍ വിശ്വസിക്കുകയും സഹായിക്കുകയും വേണമെന്നാണ് ആ സൂക്തത്തിന്റെ സന്ദേശം.
ഓരോ നബിമാര്‍ക്കും പുണ്യ നബി(സ)യോടുള്ള വിധേയത്വമാണ് ഖുര്‍ആന്‍ പകര്‍ന്നുനല്‍കുന്നത്. പുണ്യറസൂല്‍ (സ)ക്ക് നല്‍കിയ ആത്മീയമായ ഉന്നതിയുടെ നേര്‍രേഖകളാണ് ഇവയെല്ലാം പങ്കുവെക്കുന്നത്. കേവലമായ ഭാഷാഖ്യാനങ്ങള്‍ക്ക് വഴങ്ങിത്തരാത്ത ആന്തരിക തലങ്ങള്‍ ഈ വിഷയത്തിന്റെ പ്രത്യേകതയാണ്.
സാധാരണ ഗതിയില്‍ ഒരു ചരിത്രപുരുഷനെ പരിചയപ്പെടുംപോലെ അവിടെ ജനിച്ചു, ഇവിടെ വളര്‍ന്നു, ഇന്ന വയസ്സില്‍ വിയോഗമുണ്ടായി. എന്ന ചരിത്രവായനയല്ല തിരുനബിയെക്കുറിച്ച് നടക്കേണ്ടത്. അതിനപ്പുറം തിരുനബി വ്യക്തിത്വത്തിന്റെ വ്യത്യസ്ഥ തലങ്ങളെ അറിഞ്ഞ് മറ്റൊരാള്‍ക്കും അവകാശപ്പെടാനാകാത്ത ഉന്നതമായ അവിടുത്തെ വ്യക്തി വിശേഷത്തെയാണ് നാം വായിക്കേണ്ടത്.
ത്രിമാന വ്യക്തിത്വം
നബി(സ)യെ അറിയുമ്പോള്‍ മൂന്ന് തലങ്ങളിലുള്ള വ്യക്തി ഭാവങ്ങളെ നമുക്ക് കണ്ടെത്താനാവും.
1. മനുഷ്യരുമായി ഇടപെടുന്ന തലം.
2. മലക്കുകളുമായി സംവദിക്കുകയും സംഗമിക്കുകയും ചെയ്യുന്ന തലം.
3. അല്ലാഹുവുമായുള്ള ബന്ധത്തിന്റെ തലം.
ഇത് മൂന്നും മനസ്സിലാക്കുമ്പോഴാണ് നബി(സ)യുടെ വ്യക്തിത്വത്തിന്റെ പ്രാഥമിക തലമെങ്കിലും നമുക്ക് ഉള്‍കൊള്ളാനാവുക.
മാനവികമായ ഭാവം
മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള നിയോഗം. നബി(സ) മനുഷ്യ വര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. രണ്ട് മനുഷ്യരുടെ ഉന്നതമായ കുടുംബജീവിതത്തില്‍ നിന്ന് പിറവിയെടുത്തതാണവിടുന്ന്. മനുഷ്യന്റെ വിചാര വികാരങ്ങള്‍, വ്യവഹാര മേഖലകള്‍, ധൈഷണിക പ്രഭാവങ്ങള്‍ ഇവകളെല്ലാം നിലനിര്‍ത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന മാനുഷിക ഭാവമാണത്. തതനുസൃതമായ ജീവിതഘടകങ്ങളെല്ലാം തിരുനബിയിലുണ്ട്. ഭക്ഷണം കഴിക്കുന്നു, പാനം ചെയ്യുന്നു, വൈവാഹിക ജീവിതം നയിക്കുന്നു തുടങ്ങിയുള്ള മാനുഷിക മണ്ഡലങ്ങളെ തിരുജീവിതത്തില്‍ നിന്ന് അവയുടെയെല്ലാം ഉദാത്ത മാതൃകയില്‍ തന്നെ നമുക്ക് വായിക്കാം.
പ്രബോധിത സമൂഹത്തിന്റെ കര്‍മപഥങ്ങളും വിചാര വികാരങ്ങളും അറിയാത്ത ഒരു പ്രബോധനവും ശാസ്ത്രീയമല്ല. മനുഷ്യനെ ഉദ്ബുദ്ധരാക്കാന്‍ വരുന്ന നേതാവ് മനുഷ്യരില്‍ നിന്നന്യമായാല്‍ പ്രബോധനം സാധ്യമാകില്ല. ആയതിനാല്‍ തിരുനബി(സ)യുടെ പ്രാതിനിധ്യത്തിന് പ്രാധാന്യം കല്‍പിച്ചു കൊണ്ട് അവയെല്ലാം ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തുന്നു. സൂറതുല്‍ബഖറയിലെ 151-ാമത്തെ സൂക്തത്തില്‍, നിങ്ങളില്‍ നിന്നുള്ള റസൂല്‍’ എന്നാണ് പരാമര്‍ശിക്കുന്നത്. പ്രബോധിതരെയും പ്രബോധകനെയും അനുരജ്ഞിപ്പിക്കുന്ന പ്രയോഗമാണിത്. സൂറതുത്തൗബയിലെ നൂറ്റിയിരുപത്തിയെട്ടാം സൂക്തത്തില്‍ ‘നിങ്ങളിലേക്ക് നിങ്ങളില്‍ നിന്നു തന്നെയുള്ള റസൂല്‍ ആഗതമായിരിക്കുന്നു’ വെന്നാണ് പ്രയോഗം.
മനുഷ്യന്റെ മാര്‍ഗദര്‍ശനം സമ്പൂര്‍ണമാക്കുന്നതിനായി നബി(സ)തന്റെ ജീവിത ചിട്ടകളിലെല്ലാം ഉത്തമമാതൃക പ്രായോഗിക തലത്തില്‍ അവതരിപ്പിച്ചു കാണിക്കുകയുണ്ടായി.
തിരുനബി(സ)യുടെ ജീവിത ചിട്ടകളില്‍ നിന്ന് അനുചരന്മാര്‍ അതിനെ സമ്പൂര്‍ണമായി ഏറ്റുവാങ്ങുകയും അവരുടെ ജീവിതത്തെ നബി ജീവിതത്തിന്റെ മാപിനികളായി മാറ്റുകയും ചെയ്തു. മാനവരിലേക്ക് വന്ന മനുഷ്യ പ്രതിനിധിയായ തിരുനബി(സ) മാനവിക ദര്‍ശനങ്ങളുടെയെല്ലാം ഉത്തമ ഭാവമായി അങ്ങനെ നമ്മുടെ മുമ്പില്‍ തെളിയുകയാണ്. മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളിലും ശ്രേഷ്ഠമാതൃകയായി തിരുനബി(സ) നിലനില്‍ക്കുന്നു.
എന്നാല്‍ തിരുനബി(സ)ക്ക് ഈയൊരു ഭാവം മാത്രമേയുള്ളൂ എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. ഈയൊരു മേഖലയെ മാത്രം അറിഞ്ഞുകൊണ്ട് തിരുനബിയെ പഠിപ്പിക്കാനും വിലയിരുത്താനുമാണ് ചിലരൊക്കെ തുനിഞ്ഞത്. അതനുസരിച്ചുള്ള വീക്ഷണ കോണിലൂടെയാണ് ഇസ്‌ലാമിനെയും അവര്‍ വിലയിരുത്തിയത്. അതിനെ ‘ഇസ’ വല്‍ക്കരിച്ചതും കേവല യുഗപുരുഷനായി മാത്രം നബിയെ അവതരിപ്പിച്ചതും ഇത്തരത്തിലുള്ള വായനയുടെ പരിണിതിയാണ്. ഒരു വരട്ടു ഇസ്‌ലാമിനെയും ഹൃദയസ്പര്‍ശിയല്ലാത്ത ചില സംവിധാനങ്ങളെയും മതവത്കരിച്ച് ഭൗതിക പ്രസ്ഥാനങ്ങളുടെ ഓരം ചേര്‍ന്ന് ഇസ്‌ലാമിനെ നിര്‍ത്താനാണ് അവര്‍ക്ക് താല്‍പര്യം.
ചില ചര്യകളെയും ഉപദേശങ്ങളെയും ഉയര്‍ത്തിക്കാട്ടി ഇസ്‌ലാമിനെ അതില്‍ പരിമിതപ്പെടുത്തുകയും തിരുനബിയിലേക്ക് ജനങ്ങള്‍ അടുക്കുന്നതിനെ അവര്‍ തടയുകയും ചെയ്തു. നബി(സ)യുടെ വ്യക്തിത്വ ഭാവങ്ങളില്‍ താഴെപറയുന്നതു കൂടി നാം അറിയുക:
മലകൂത്തില്‍
ഭൂമിയില്‍ മനുഷ്യനോടൊപ്പം ജീവിക്കുമ്പോള്‍ തന്നെ മലക്കുകളുടെ ലോകവുമായി തിരുനബിക്ക് ഉയര്‍ന്ന ബന്ധവും അവിടെ വലിയ പദവിയും ഉണ്ട്.
ഇങ്ങനെയൊരു ബന്ധം നബി(സ)ക്കു അനിവാര്യമാണ്. കാരണം ഇലാഹീ സന്ദേശങ്ങള്‍ സ്വീകരിക്കുന്നത് മലക്കുകള്‍ വഴിയാണ്. അതിനാല്‍ ആ ലോകവുമായി പൊരുത്തപ്പെടുന്ന സവിശേഷമായ സിദ്ധിവിശേഷം അവിടുത്തേക്കുണ്ട്. എല്ലാ വസ്തുക്കളേക്കാളും ആദ്യം സൃഷ്ടിക്കപ്പെട്ടത് നബി(സ)യുടെ പ്രഭയാണെന്നതിനാല്‍ സര്‍വലോകങ്ങളെയും ഉള്‍വഹിക്കാനുള്ള ഗുണവിശേഷം റസൂലിന്നുണ്ടാവുക ന്യായവുമാണ്. മലക്കുകള്‍ തന്നെ നബി(സ)ക്ക് സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുകയാണെന്നാണ് ഖുര്‍ആനിക പാഠം. ആദരവിന്റെ പ്രകാശമാണല്ലോ സ്വലാത്തിന്റെ വര്‍ഷം.
മലക്കിനെ കാണുക, മലക്കുമായി സംസാരിക്കുക, മലക്കിനെ തിരിച്ചറിയുക എന്നീ മഹത്വങ്ങളെല്ലാം നബി(സ)യുടെ ബഹുമാന വ്യക്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്.
”ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ഞങ്ങള്‍ നബി(സ)യുടെ സമീപത്തിരിക്കുകയായിരുന്നു. അന്നേരം ഞങ്ങളിലേക്ക് ഒരാള്‍ കടന്നുവന്നു. നല്ല കറുത്ത മുടിയുള്ളയാള്‍, തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്നു, യാത്രാ ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഞങ്ങളില്‍ ഒരാള്‍ക്കും അദ്ദേഹത്തെ പരിചയവുമില്ല.
ചോദ്യോത്തരങ്ങള്‍ കഴിഞ്ഞ് മടങ്ങിയപ്പോള്‍ നബി(സ) ചോദിച്ചു:
ഉമര്‍, ആരാണീ ചോദ്യകര്‍ത്താവെന്ന് നിങ്ങള്‍ക്കറിയാമോ? ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിനും റസൂലിനും അറിയാം. നബി(സ)യുടെ പ്രതികരണം: അത് ജിബ്‌രീലാണ്; നിങ്ങള്‍ക്ക് ദീന്‍ പഠിപ്പിച്ചു തരാന്‍ വന്നതാണ്. (മുസ്‌ലിം, തിര്‍മുദി, അഹ്മദ്, നസാഈ, അബൂദാവൂദ്, ഇബ്‌നുമാജ)
മലക്കുകളുടെ ലോകത്തെ ക്രയവിക്രയങ്ങളില്‍ പങ്കാളിത്തവും നേതൃത്വവും നല്‍കാന്‍ കഴിയും വിധം ഉയര്‍ന്ന ഒരു വ്യക്തിഭാവം മാനുഷിക വ്യക്തിത്വത്തിനപ്പുറം നബിതങ്ങള്‍ക്കുണ്ടായിരുന്നു എന്നാണതിന്റെ സാരം. ഇത്തരം ഒരു തിരിച്ചറിവ് നബി(സ)യെക്കുറിച്ചുള്ള അറിവിന്റെ ഭാഗമാണ്.
ഒരു സാധാരണ മനുഷ്യനില്‍ ഇങ്ങനെയൊരു തലം കാണാന്‍ കഴിയില്ല. വഹ്‌യ് സ്വീകരിക്കുന്നു എന്നു മാത്രം പറഞ്ഞാല്‍ മതിയാകില്ല. അതിനുമപ്പുറം വ്യക്തിത്വപരമായി മലക്കുകളുടെ ലോകത്തുള്ള ബന്ധങ്ങളുടെയും വ്യവഹാരങ്ങളുടെയും അര്‍ഹതയും യോഗ്യതയും കൂടി നാം അറിയുകയും സമ്മതിക്കുകയും വേണം.
ഇലാഹീ ബന്ധം
മനുഷ്യരുമായും മലക്കുകളുമായും തിരുനബി(സ)ക്കുള്ള ബന്ധത്തെക്കുറിച്ചാണിത്രയും പരാമര്‍ശിച്ചത്. തുടര്‍ന്നു പറയുന്നത് അല്ലാഹുവുമായി തിരുനബിക്കുള്ള പ്രത്യേകമായ ബന്ധത്തെകുറിച്ചാണ്. അല്ലാഹുവുമായി ഒരു പ്രത്യേക ബന്ധം മുര്‍സലുകള്‍ക്കെല്ലാമുണ്ട്. കാരണം, അല്ലാഹുവില്‍ നിന്നുള്ള സന്ദേശമാണവര്‍ ജനങ്ങള്‍ക്ക് കൈമാറിത്തരുന്നത്. സന്ദേശവാഹകന് സന്ദേശ സ്രോതസ്സുമായി ഒരു പ്രത്യേക ബന്ധം ഉണ്ടായിരിക്കുമല്ലോ. റസൂല്‍ എന്ന പ്രയോഗവും റസൂലിന്റെ ദൗത്യവും ഇത്തരം ഒരു ബന്ധത്തെ അനിവാര്യമാക്കുന്നു. അല്ലാഹു നിശ്ചയിച്ച ഉന്നത പദവികള്‍ നല്‍കി നിയോഗിച്ച ദൂതന്മാരാണ് മുര്‍സലുകള്‍. അവര്‍ക്കുള്ള ഇലാഹീ സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ദൗത്യമാണ് മലക്കുകളുടെ നേതാവായ ജിബ്‌രീല്‍(അ) നിര്‍വഹിക്കുന്നത്. പദവിയില്‍ അല്ലാഹുവിനോട് അടുത്തവരും അവന്റെയടുക്കല്‍ സ്ഥാനമുയര്‍ന്നവരും നബിമാരാണ്. ആ നബിമാരില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയുള്ളവരാണ് തിരുനബി(സ). തത്തുല്യമായ ഒരംഗീകാരം വേറെ ഒരാള്‍ക്കും ഇല്ല തന്നെ. ഇബ്രാഹീമുല്ലഖാനി, ജൗഹറതുത്തൗഹീദിലൂടെ നല്‍കുന്ന ആശയം ഇതു വ്യക്തമാക്കുന്നു.
നിരുപാധികം സൃഷ്ടികളിലുന്നതസ്ഥാനരായ്
തര്‍ക്കിക്കവേണ്ടത്, മുസ്തഫാ നബി തങ്ങളായ്.
അല്ലാഹുവിനോട് മറ്റാര്‍ക്കുമില്ലാത്തൊരു ബന്ധം നബി(സ)യ്ക്കുള്ളതാണ് അവിടുത്തെ ഏറ്റവും വലിയ മഹത്വവും അപദാനവും. വ്യക്തികള്‍, സ്ഥലങ്ങള്‍, കാലങ്ങള്‍ തുടങ്ങി ഏതിനുമപ്പുറമുള്ള ഉന്നതമായ പദവി നബി(സ)ക്ക് അല്ലാഹു നല്‍കിയെങ്കില്‍ അതിനെയെങ്ങനെയാണ് നാം സാധാരണവത്കരിക്കുക. സൃഷ്ടികളില്‍ ഏറ്റവും ഉന്നതര്‍ എന്നു പറഞ്ഞാല്‍ അതിനപ്പുറം സ്രഷ്ടാവേ ബാക്കിയുള്ളൂ എന്നാണല്ലോ സാരം.
അഹദില്‍ നിന്ന് അഹ്മദിലേക്കുള്ള മാറ്റമാണ് അല്ലാഹുവില്‍ നിന്ന് റസൂലിലേക്ക്. അഹദ് അല്ലാഹുവാണ്. അഹ്മദ് അല്ലാഹു ആദരിച്ച പുണ്യനബി(സ)യാണ്.
അല്ലാഹുവിന്റെ ഏകത്വത്തെ ബഹുത്വത്തിലേക്ക് ചേര്‍ക്കുന്ന ബന്ധമല്ല ഇത്. അവന്റെ ഏകത്വത്തെ സൃഷ്ടിജാലങ്ങള്‍ക്ക് സകലം അറിയിച്ചു കൊടുക്കുന്നതിന്റെ മഹത്വത്തെ പ്രകാശിക്കുന്ന ബന്ധമാണ്. അഹദിന്റെ അധികാരത്തെ അഹ്മദീയമായ കവാടത്തിലൂടെയാണ് ലോകം അറിയുന്നത്. അല്ലാഹുവുമായുള്ള നിലനില്‍ക്കുന്ന ഉയര്‍ന്ന ബന്ധത്തെ ഉണര്‍ത്താന്‍ തിരുമൊഴികള്‍ തന്നെയാണ് നമുക്ക് ആധാരം.
ഞാനാരെയെങ്കിലും ഒരാത്മ മിത്രമാക്കിയിരുന്നെങ്കില്‍ (ഖലീല്‍) അത് അബൂബക്കറിനെയാകുമായിരുന്നു. പക്ഷേ, നിങ്ങളുടെയാള്‍ (തിരുനബി) അല്ലാഹുവിന്റെ ഖലീലാണ്. (ഹദീസ്) എന്റെ ഏറ്റവും ഉയര്‍ന്ന ബന്ധം അല്ലാഹുവില്‍ വിലയം തേടിയിരിക്കുകയാണ്. പിന്നെങ്ങനെയാണ് മറ്റൊരാളോട് അതിനുതുല്യം ഒരടുപ്പം കാണിക്കുക.
അല്ലാഹുവും റസൂലും തമ്മിലുള്ള അടുത്ത ബന്ധത്തെ വെളിപ്പെടുന്നതാണീ പരാമര്‍ശം. ഈയൊരു തലത്തില്‍ നിന്നാണ് ഖിബ്‌ലയുടെ നിര്‍ണയ ചരിത്രത്തെ നാം വായിക്കേണ്ടത്. നിസ്‌കാരം അല്ലാഹുവിനുള്ള ആരാധനയാണ്. അതില്‍ എങ്ങോട്ട് തിരിയണം എന്നത് അവന്റെ മൗലികമായ തീരുമാനത്തില്‍ പെട്ട കാര്യമാണ്. അഥവാ മനുഷ്യന്‍ അവനെ ആരാധിക്കുമ്പോള്‍ എങ്ങോട്ട് തിരിയണം എന്നാണല്ലോ തീരുമാനിക്കേണ്ടത്. ഇതില്‍ പോലും റസൂല്‍ (സ)യുടെ അഭീഷ്ടത്തെ അല്ലാഹു പരിഗണിച്ചതായി ഖിബ്‌ലമാറ്റ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. ഖുര്‍ആന്‍ പരാമര്‍ശിച്ച ഖിബ്‌ല നിര്‍ണയ സംഭവം നബി സ്‌നേഹത്തിന്റെ ഭാഗമായി ഉര്‍ദുകാവ്യത്തിന് അവതരിപ്പിക്കാന്‍ കഴിഞ്ഞതിങ്ങനെയാണ്:
അപ്‌നെ മഹ്ബൂബ് കോ യെ ഖുദാനെ കഹാ
തു ജോ ചാഹെ തൊ ഖിബ്‌ല, ബന്ദല്‍ ജായേഗാ…
ജോ ഹോ തേരീ റസാ
വോ ഹെ മേരീ റസാ…
അവന്റെ മഹ്ബൂബിനോട് അല്ലാഹ് പറഞ്ഞു: താങ്കളുടെ ആഗ്രഹത്തിനനുസൃതമായി ഖിബ്‌ല നിര്‍ണയിച്ചു തരാം. കാരണം താങ്കളുടെ പ്രിയമാണെന്റെ ആഗ്രഹം. (തങ്ങള്‍ പ്രിയപ്പെടുന്നത് ഞാനും പ്രിയപ്പെടുന്നു.)
ഇത്രമാത്രം ഉന്നതിയിലുള്ള പുണ്യ റസൂല്‍ (സ)ക്ക് അല്ലാഹുവുമായുള്ള മഹിതമായ ഒരു അടുപ്പത്തെ വകവെച്ചു കൊടുക്കാനെന്താണ് പ്രയാസം? അല്ലാഹുവുമായുള്ള ഉയര്‍ന്ന ബന്ധത്തിന്റെ തലമാണ് നബി(സ)യുടെ വ്യക്തിത്വത്തിന്റെയും ഏറ്റവും ഉയര്‍ന്ന തലം. കലിമതുത്തൗഹീദില്‍ റസൂലുല്ലാഹ്, എന്ന പദം നിര്‍ണയിച്ചു തന്നതിന്നു പിന്നിലും ഒരുപാട് സാരങ്ങളുണ്ട്. പ്രധാനമായും അല്ലാഹുവിലേക്ക് ചേര്‍ന്നു പറയുന്ന ഒരു പദവിയാണെന്നതാണ്. റസൂലുല്ലാഹ് എന്ന സ്ഥാനത്ത് മറ്റെന്തെങ്കിലും വിശേഷണങ്ങള്‍ പറഞ്ഞാല്‍ മതിയാകില്ലെന്നതാണ് ജ്ഞാനികള്‍ വെളിപ്പെടുത്തിയത്. തിരുനബി(സ)യുടെ ത്രിമാന വ്യക്തിത്വത്തെ വേണ്ടപോലെ അറിയുമ്പോഴാണ് പുണ്യനബിയെക്കുറിച്ചുള്ള അറിവ് കൃത്യവും അനന്യവുമായി മാറുന്നത്.
ഒരു പ്രതിഭയെന്നോ, ഉന്നതനെന്നോ പറഞ്ഞ് അവസാനിപ്പിക്കേണ്ടതല്ല നബി ജ്ഞാനത്തിന്റെ അനുസാരങ്ങള്‍.
മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
You must be logged in to post a comment Login